നരനാരായണന്മാർ
ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രണ്ട് ഋഷിമാരാണ് നരനാരായണന്മാർ.ഇവർ ധർമദേവന്റെ പുത്രന്മാരാണ്. അനേകായിരം വർഷം ഇവർ ബദര്യാശ്രമത്തിൽ തപസ്സു ചെയ്തുവെന്നും ഇവരുടെ ഘോരതപസ്സ് കണ്ട് പരിഭ്രാന്തനായ ദേവേന്ദ്രൻ തപോവിഘ്നം വരുത്തുന്നതിനായി അപ്സരസ്സുകളെ അയച്ചുവെന്നും അപ്പോൾ നാരായണ മഹർഷി തന്റെ തുടയിൽനിന്ന് അതിസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ച് അപ്സരസ്സുകൾക്കും ദേവേന്ദ്രനും തന്റെ മഹത്ത്വം ബോധ്യപ്പെടുത്തിക്കൊടുത്തു എന്നും ദേവീഭാഗവതത്തിൽ പരാമർശം കാണുന്നു. മഹർഷിയുടെ ഊരുവിൽനിന്ന് ജനിച്ച സുന്ദരിക്ക് ഉർവശിഎന്ന പേര് ലഭിച്ചു.

നരനാരായണന്മാർ വിഷ്ണുവിന്റെ അംശമാണെന്നും കൃഷ്ണാർജുനന്മാർ ഇവരുടെ പുനർജന്മമാണെന്നുമാണ് മറ്റൊരു വിശ്വാസം. നാരായണമഹർഷിയുടെ കൃഷ്ണമായ (കറുപ്പുനിറമുള്ള) ഒരു കേശം ശ്രീകൃഷ്ണനായിജന്മമെടുത്തു എന്നു മഹാഭാരതം ആദിപർവത്തിൽ പറയുന്നു. നരനാരായണന്മാരിൽ നരൻ ശ്വേതവർണനും നാരായണൻ കൃഷ്ണവർണനും ആയിരിക്കുന്നുവെന്ന് പദ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.
ആയിരംവർഷം തപസ്സും ആയിരം വർഷം യുദ്ധവും ഇടവിട്ടു നടത്തി സഹസ്രകവചൻ എന്ന അസുരന്റെ 999 ചട്ടകൾ പൊട്ടിച്ചതിനുശേഷം അവസാനത്തെ ചട്ടയോടുകൂടിയ അവനെ നരനാരായണന്മാർ വധിച്ചതായി ഭാഗവതത്തിൽ കാണാം. പരമശിവന്റെ ത്രിശൂലം ദക്ഷയാഗത്തിൽ നാശം വിതച്ചശേഷം ശാന്തമാകാതെ നിന്ന സന്ദർഭത്തിൽ ബദര്യാശ്രമത്തിൽ തപസ്സുചെയ്തിരുന്ന നാരായണമഹർഷിയുടെ ഹുങ്കാരത്തിന്റെ ശക്തിയിൽ ശൂലം ശിവന്റെ കൈയിൽത്തന്നെ എത്തിയെന്നും അതിന്റെ താപംമൂലം ശിവന്റെ തടമുടി പുല്ലുപോലെ ഉണങ്ങിപ്പോയെന്നും മഹാഭാരതം ശാന്തിപർവത്തിൽ പറയുന്നു.