2018, ജൂലൈ 25, ബുധനാഴ്‌ച

ദത്താത്രേയമുനി



ദത്താത്രേയമുനി
പുരാണ പ്രസിദ്ധനായ ദത്താത്രേയന്‍ (ദത്തന്‍) അത്രി മഹര്‍ഷിക്ക് അനസൂയയില്‍ ജനിച്ച പുത്രനാണ്. ഇദ്ദേഹം മഹാവിഷ്ണുവിന്റെ അംശാവതാരമായിരുന്നു. ദത്താത്രേയന്റെ ജനനം സംബന്ധിച്ച് പുരാണകഥ നിലവിലുണ്ട്. ബ്രഹ്മാണ്ഡ പുരാണം പ്രസ്താവിക്കുന്ന ആ കഥ ഇപ്രകാരമാണ്.
പണ്ട് മാണ്ഡവ്യന്‍ (അണിമാണ്ഡവ്യന്‍) എന്നൊരു മുനിയുണ്ടായിരുന്നു. ഇദ്ദേഹം ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ മൗനവ്രതം അനുഷ്ഠിച്ചു പോരുന്ന അവസരത്തില്‍ കുറെ കള്ളന്മാര്‍ ആ വഴി കടന്നു പോവുകയുണ്ടായി. രാജകിങ്കരന്മാരെ ഭയന്നു പ്രാണരക്ഷാര്‍ത്ഥം സഞ്ചരിച്ചിരുന്ന കള്ളന്മാര്‍ തങ്ങളുടെ മോഷണ വസ്തുക്കള്‍ ആശ്രമപരിസരത്തുള്ള ഒരു ഒഴിഞ്ഞ മൂലയില്‍ നിക്ഷേപിച്ചു. മുനിയുടെ മഹത്വവും, ധ്യാനവും മനസ്സിലാക്കാന്‍ കഴിവില്ലാതെ പോയ രാജകിങ്കരന്മാര്‍ മുതല്‍ മോഷ്ടിച്ചതു മുനിയാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹത്തെ പിടിച്ചു കെട്ടി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. കള്ളനായ മുനിയെ ശൂലത്തില്‍ കയറ്റി വധിക്കാന്‍ രാജാവ് കല്‍പിച്ചു. കിങ്കരന്മാര്‍ ശിക്ഷ നടപ്പാക്കി. ഒരു വലിയ കുന്നിന്റെ പുറത്ത് ഒരു ശൂലം നാട്ടി മാണ്ഡവ്യനെ അതിന്റെ മുനയിലിരുത്തി. പ്രാണവേദന കൊണ്ടു പിടഞ്ഞു പിടഞ്ഞ് മുനി ശൂലത്തില്‍ തന്നെ കിടന്നു. ഈ കാലത്താണ് പതിവ്രതം ശീരോമണിയായ ശീലവതിയും, അവരുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സും ജീവിച്ചിരുന്നത്. ഒരിക്കല്‍ വേശ്യാഗൃഹത്തില്‍ പോകാന്‍ ആവേശം കൊണ്ട കുഷ്ഠരോഗിയായ ഭര്‍ത്താവിനെ ശീലാവതി ചുമലിലേറ്റി നടന്നത് അണിമാണ്ഡവ്യന്‍ അഥവ മാണ്ഡവ്യന്‍ എന്ന മുനി ശൂലമുനയില്‍ കിടന്നിരുന്ന സ്ഥലത്തു കൂടിയായിരുന്നു. ക്രൂരനും, വിടനുമായ ഉഗ്രശ്രവസ്സിനോട് മുനിക്കു പുച്ഛം തോന്നി.
മുനിശ്രേഷ്ഠനായ മാണ്ഡവ്യന്‍ ഉഗ്രശ്രവസ്സിനെ ശപിച്ചു. ”സൂര്യോദയത്തിന് മുമ്പ് ഉഗ്രശ്രവസ്സ് തലപൊട്ടി മരിയ്ക്കട്ടെ” എന്നായിരുന്നു ശാപം. ശാപം കേട്ട് ശീലാവതി കുണ്ഠിതപ്പെട്ടു. ‘അടുത്ത ദിവസം സൂര്യനുദിക്കയതെ പോകട്ടെ’ ശീലാവതിയും പ്രതിശാപം നല്‍കി. ശാപം ഫലിച്ചു. അടുത്തദിവസം സൂര്യനുദിച്ചില്ല. ലോകകാര്യങ്ങളെല്ലാം താറുമാറായി. ദേവന്മാര്‍ പരിഭ്രാന്തരായി. അവര്‍ ബ്രഹ്മാവിനെ അഭയം പ്രാപിചച്ചു. പക്ഷേ ലോകത്തെ രക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഭഗവാന്‍ ദേവന്മാരുമൊത്ത് കൈലാസത്തെത്തി ശ്രീപരമേശ്വരനെ വിവരം ധരിപ്പിച്ചു. പ്രശ്‌നം അവിടെയും പരിഹരിയ്ക്കപ്പെട്ടില്ല അവര്‍ വൈകുണ്ഠത്തെത്തി മഹാവിഷ്ണുവിനെ വിവരമറിയിച്ചു. വിഷ്ണു, ബ്രഹ്മാവും, ശിവനുമൊത്ത് കാര്യത്തിന്റെ ഗൗരവം വിലയിരുത്തി. ലോകത്തിനു നാശങ്ങളൊന്നും സംഭവിക്കുകയില്ല. ത്രിമൂര്‍ത്തികള്‍ ദേവഗണത്തിനു ഉറപ്പു നല്കി. അവര്‍ നല്‍കിയ ഉറപ്പിനെ മാനിച്ച് ദേവന്മാര്‍ പിന്തിരഞ്ഞു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ശീലാവതിയെ സമീപിച്ചു.
ശാപം പിന്‍വലിക്കാന്‍ അവര്‍ ദേവിയോട് ആവശ്യപ്പെട്ടു. പക്ഷേ ത്രിമൂര്‍ത്തികളുടെ ആവശ്യം ശീലാവതി ചെവികൊണ്ടില്ല. അവര്‍ ശീലാവതിയുടെ കൂട്ടുകാരിയായ അനസൂയയെ സമീപിച്ചു. ത്രീമൂര്‍ത്തികള്‍ കാര്യങ്ങളെല്ലാം വേണ്ടവിധത്തില്‍ അനസൂയയെ ധരിപ്പിച്ചു. ത്രിമൂര്‍ത്തികളുടെ ആവശ്യം നിറവേറ്റാന്‍ കൂട്ടാക്കിയ അനസൂയ ശീലാവതിയെ സന്ദര്‍ശിച്ച് അനുനയവാക്കുകള്‍ പറഞ്ഞ് ശാപം പിന്‍വലിപ്പിച്ചു. തുടര്‍ന്ന് അടുത്ത ദിവസം സൂര്യനുദിക്കുകയും, ലോകകാര്യങ്ങളെല്ലാം പഴയനിലയിലാക്കുകയും ചെയ്തു. സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അനസൂയയോട് എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു പ്രത്യേകമായി വരങ്ങളൊന്നും ആവശ്യമില്ലെന്നും ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി അവതരിക്കാന്‍ ആഗ്രഹമുണ്ടെന്നും ദേവി പറഞ്ഞു. അതനുസരിച്ച് ബ്രഹ്മാവ് ‘ചന്ദ്രന്‍’ എന്ന പേരിലും, വിഷ്ണു ‘ദത്താത്രേയന്‍’ എന്ന പേരിലും, മഹേശ്വരന്‍ ‘ദുര്‍വ്വാസാവ്’ എന്ന പേരിലും അനസൂയയുടെ സന്താനങ്ങളായി പിറന്നു.