2018, ജൂലൈ 12, വ്യാഴാഴ്‌ച

പുരാതന ഭാരതത്തിന്റെ ശാസ്ത്രപ്പഴമ






പുരാതന ഭാരതത്തിന്റെ ശാസ്ത്രപ്പഴമ
നമ്മുടെ നാട്ടില്‍ പണ്ടു പ്രചാരത്തിലിരുന്ന കളരി മര്‍മ്മാണി ചികിത്സയും എടുത്തുപറയത്തക്കതാണ്. ഈ ചികിത്സാശാസ്ത്രം മര്‍മ്മ
പ്രയോഗങ്ങള്‍ എന്ന അഭ്യാസമുറയുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിരകളുടേയും ധമനികളുടേയും പേശികളുടേയും സന്ധികളാണ് മര്‍മ്മങ്ങള്‍.
''പ്രകാശം കിഴക്കുനിന്നും വരുന്നു'' പ്രസിദ്ധ ജര്‍മ്മന്‍ തത്വചിന്തകനായ 'മാക്‌സ് മുള്ളര്‍' അങ്ങനെ പറഞ്ഞത് സൂര്യോദയത്തെക്കുറിച്ചായിരുന്നില്ല. ഇന്ന്, ശാസ്ത്ര പുരോഗതിയുടെ ഉന്നത ശ്രേണിയില്‍ കയറിനില്‍ക്കുന്ന പാശ്ചാത്യ നാടുകള്‍ പിന്നിട്ട 'ഇരുണ്ട യുഗ'ങ്ങളില്‍ ലോകത്തിന് വെളിച്ചം പകര്‍ന്നു നല്‍കിയ പുരാതന ഭാരതത്തിന്റെ ശാസ്ത്രീയവും സാംസ്‌കാരികവും സാമൂഹ്യവുമായ എണ്ണമറ്റ സംഭാവനകളെ സൂചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്!
ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ മാത്രമല്ല, സംഗീത, കലാ, സാഹിത്യാദി സമസ്തരംഗങ്ങളിലും ഭാരതത്തിന്റെ സംഭാവന അതുല്യവും അമൂല്യവുമായിരുന്നു.
പില്‍ക്കാലത്ത് ലോകത്തു പ്രചരിച്ച പല കണ്ടുപിടുത്തങ്ങളുടേയും 'സൂക്ഷ്മവും' 'സ്ഥൂലവു'മായ രൂപം, സിന്ധുഗംഗാ സമതലത്തിലെ 'ദാര്‍ശനികന്മാരുടെ മനസ്സില്‍ രൂപം കൊണ്ടവയാണെന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ സത്യസന്ധമായി നിരത്താന്‍ കഴിയും. ഭാരതത്തിന്റെ സമഗ്രമായ അത്തരം സംഭാവനകളെക്കുറിച്ചുള്ള ചില സൂചനകള്‍ നല്‍കുക മാത്രമാണ് ഈ എളിയ ലേഖനംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്!
ഭാരതത്തിന്റെ വേദോപനിഷത്തുക്കളും ഇതിഹാസപുരാണാദികളും മേല്‍പ്പറഞ്ഞ സംഗതികള്‍ക്ക് ഉത്തമ നിദര്‍ശനങ്ങളാണ്.
'വേദം' അക്ഷരാര്‍ത്ഥത്തില്‍ തന്നെ 'സയന്‍സ്' ആണ്. 'വിദ്' എന്ന സംസ്‌കൃതധാതുവിന് 'അറിയുക' എന്നാണര്‍ത്ഥം. വേദം= അറിവ്! 'സയര്‍' എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥവും 'അറിയുക' എന്നുതന്നെയാണ്. സയന്‍സ്= അറിവ്.
നമ്മുടെ പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രസിദ്ധാന്തമായ 'മഹാസ്‌ഫോടന സിദ്ധാന്ത'ത്തെക്കുറിച്ച് 'ഋക്' വേദത്തിലും 'വിഷ്ണുപുരാണത്തിലും വ്യക്തമായ വസ്തുനിഷ്ഠമായ സൂചനകള്‍ നല്‍കുന്നുണ്ട്.
പ്രപഞ്ചത്തിന്റെയും മറ്റ് ജ്യോതിര്‍ഗോളങ്ങളുടേയും ഉത്ഭവം, സ്ഥാനം, ചലനം, അവ തമ്മിലുള്ള പരസ്പരാകര്‍ഷണം, അവ ഭൂമിയിലും ഇവിടുത്തെ സമസ്ത ചരാ ചരങ്ങളിലും ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് നമ്മുടെ ഋഷീശ്വരന്മാര്‍ തികച്ചും ബോധവാന്മാരായിരുന്നു.
ആധുനിക 'ജ്യോതിശാസ്ത്ര'ത്തിന്റെ പുരാതന ഭാരതീയ രൂപമായ 'ജ്യോതിഷം' ഈ വക കാര്യങ്ങളില്‍ സമ്പൂര്‍ണ്ണമായ അറിവാണ് പ്രദാനം ചെയ്യുന്നത്!
'പടിഞ്ഞാറന്‍' തത്വചിന്തകന്മാര്‍ ഭൂമി പരന്നതാണെന്നും വെളളത്തില്‍ പൊങ്ങിക്കിടക്കുന്നതാണെന്നും ആകാശം ഭൂമിക്കുമേല്‍ കമഴ്ത്തിവച്ച 'തളിക'പോലുള്ള വസ്തുവാണെന്നും ഉറച്ചു വിശ്വസിച്ചിരുന്ന കാലത്ത് ഭാരതത്തിലെ ജ്യോതിശാസ്ത്രജ്ഞര്‍ ഭൂമിയെക്കുറിച്ചും 'സൗരയൂഥത്തെ'ക്കുറിച്ചും തികച്ചും ശാസ്ത്രീയമായ വിവരങ്ങളാണ് രേഖപ്പെടുത്തിവച്ചിരിക്കുന്നത്!
ഭൂമി, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന 'കറങ്ങുന്ന' ഒരു ഗോളമാണെന്നും അത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടും സ്വയം പടിഞ്ഞാറുനിന്നും, കിഴക്കോട്ട് തിരിയുന്നതും കൊണ്ടുമാണ് 'രാപ്പകലു'കളും 'ഋതു'ക്കളും ഉണ്ടാകുന്നതെന്നും നമ്മുടെ 'വരാഹമിഹിരന്‍' 'ആര്യഭട്ടന്‍' തുടങ്ങിയ ഋഷീശ്വരന്മാര്‍ ഉറപ്പിച്ചു പറഞ്ഞു! മാത്രമല്ല; ഭൂമിയുടെ 'ഭാരം' പോലും കൃത്യമായി കണക്കു കൂട്ടിപ്പറഞ്ഞു; ആര്യഭട്ടന്‍!
ഭൂമിക്ക് ചന്ദ്രന്‍ കൂടാതെ മറ്റൊരു ചെറിയ 'ഉപഗ്രഹം' കൂടിയുണ്ടെന്ന് ആധുനിക ജ്യോതിശാസ്ത്രം കണ്ടെത്തിയത് എഴുപതുകളിലാണ്! എന്നാല്‍ ചന്ദ്രന് ഒരു 'സഹോദരി' കൂടി ഉണ്ടെന്ന് പുരാതന ജ്യോതിഷികള്‍ എഴുതിവച്ചിട്ടുണ്ട്! കൂട്ടത്തില്‍ പറയട്ടെ, ചന്ദ്രനെ കൂടാതെയുള്ള ഭൂമിയുടെ രണ്ടാമത്തെ ഉപഗ്രഹം 'സയര്‍' വലുപ്പത്തില്‍ ചെറുതായതിനാലും പകല്‍ ഉദിക്കുന്നതിനാലും നമുക്ക് ദൃഷ്ടിഗോചരമല്ല.
ഇന്ന് 'ആകര്‍ഷണ സിദ്ധാന്തം' കണ്ടുപിടിച്ചത് ഐസക് ന്യൂട്ട'നാണെന്നാണല്ലോ അറിയപ്പെടുന്നത്. എന്നാല്‍ 'ന്യൂട്ടണ്‍' ജനിക്കുന്നതിനും 800 വര്‍ഷം മുമ്പ് എ.ഡി. 11-ാം നൂറ്റാണ്ടിലെ ഭാരതീയാചാര്യന്റെ താഴെപ്പറയുന്ന 'ശ്ലോകം' ശ്രദ്ധിച്ചാല്‍ മതി.
''ആ കൃഷ്ട ശക്തീശ്ച മഹീതയായല്‍
ഖ സ്ഥം ഗുരു സ്വാഭിമുഖം സാ ശക്ത്യാ
ആകൃഷ്ട തേ തദ് പതതി വിഭാതീ''
അര്‍ത്ഥം: ''ആകര്‍ഷണ ശക്തിയോട് കൂടിയതാണീ ഭൂമി! അതിനാല്‍ ആകാശത്തു സ്ഥിതി ചെയ്യുന്ന ഗുരുവായ (ഭാരമുള്ള) യാതൊരു വസ്തുവും തനിക്കഭിമുഖമായി തന്റെ ശക്തികൊണ്ടാകര്‍ഷിക്കപ്പെടുന്നുവോ അതു വീഴുന്നതുപോലെ തോന്നുന്നു.''
വൈദ്യശാസ്ത്ര രംഗത്തും ഭാരതത്തിന്റെ സംഭാവന നിര്‍ണ്ണായകമായിരുന്നു. നമ്മുടെ 'ആയുര്‍വേദ'ത്തിന്റേയും 'പ്രകൃതി ചികിത്സ'യുടേയും മഹത്വം നമ്മെക്കാളധികം, വിദേശികള്‍ അംഗീകരിക്കുകയും ഗുണഭോക്താക്കളാകുകയും ചെയ്യുന്ന കാലമാണല്ലോ ഇത്! പാശ്ചാത്യ വൈദ്യശാസ്ത്രമായ 'അലോപ്പതി'യുടേയും'ഹോമിയോപ്പതി'യുടേയും ഉത്ഭവംപോലും ഇന്ത്യയിലാണെന്ന് കാണാം.
'സുശ്രുത മഹര്‍ഷിയുടെ 'സുശ്രുത സംഹിത' അടിസ്ഥാനപരമായി 'ഹോമിയോപ്പതി'യുടെ ഉത്ഭവത്തിന് വഴിതെളിച്ചപ്പോള്‍, 'അലോപ്പതി'യുടെ ജനയിതാവായ 'ഹിപ്പോക്രാറ്റീസി'ന് മരുന്നുകളേയും 'ചികിത്സ'യുടെ സാങ്കേതികതകളെയും പറ്റി അടിസ്ഥാനപരമായ വിവരം ലഭിച്ചതും ഭാരതത്തില്‍ നിന്നുതന്നെയാണ്.

'ഹിപ്പോക്രാറ്റീസി'ന്റെ ഗുരുവായ 'പൈതഗോറസ്സ്' ശ്രീബുദ്ധന്റെ കാലത്ത്, ഒരു'വ്യാഴവട്ടക്കാലം' ഇവിടെ താമസിച്ച്, ഭാരതീയ ശാസ്ത്രങ്ങള്‍ അഭ്യസിച്ച് 'ഗ്രീസി'ല്‍ അതു പടര്‍ത്തിയ മഹാനാണ്! അതിപുരാതനകാലത്തുതന്നെ കച്ചവടത്തിനായി ഭാരതത്തിലെത്തിയ 'അറബി'കളും ഭാരതീയ ശാസ്ത്രങ്ങള്‍ മദ്ധ്യപൂര്‍വ്വദേശത്ത് പ്രചരിക്കുവാന്‍ കാരണക്കാരായിട്ടുണ്ട്.
ചികിത്സാ ശാസ്ത്രത്തിന്റെ അനുബന്ധമായി വളര്‍ന്നു വികസിച്ച 'വിഷചികിത്സ'യിലും മാനസികരോഗ ചികിത്സയിലും 'മൃഗചികിത്സ'യിലും നമ്മുടെ പങ്ക് വളരെ വളരെ നിര്‍ണ്ണായകമാണ്!
'വിഷ'ങ്ങളെ 'സ്ഥാവര', 'ജംഗമ'ങ്ങള്‍ എന്ന് തരംതിരിച്ച ഭാരതീയ വിഷചികിത്സ, വിഷമുള്ള വസ്തുക്കളേയും ചെടികളേയും മരങ്ങളേയും വിഷജീവികളേയും വളരെ ശാസ്ത്രീയമായി തന്നെ തരംതിരിച്ചു പഠിക്കുകയും ഓരോ 'വിഷ' ലക്ഷണവും അവയ്ക്കുള്ള കൃത്യമായ മരുന്നുകളും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ആധുനിക മനഃശാസ്ത്രജ്ഞരുടെ മാര്‍ഗദര്‍ശിയായ 'ഫ്രോയ്ഡി'ന്റെ 'തത്വ'ങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന വൈദഗ്ദ്ധ്യം പുരാതന ഭാരതീയ മനഃശാസ്ത്ര ചികിത്‌സകര്‍ക്കുണ്ടായിരുന്നതായി കാണാം.
രോഗിയുടെ മുന്നില്‍ പെട്ടെന്ന് 'ഫണം' വിടര്‍ത്തിയ സര്‍പ്പത്തെയോ, ഒരു ഹിംസ്രമൃഗത്തെയോ ഒക്കെ പ്രദര്‍ശിപ്പിച്ചായിരുന്നുവത്രേ അന്ന്
ഷോക്ക് ചികിത്സ നടത്തിയിരുന്നത്. കൃത്രിമമായി ഉന്മാദം ഉണ്ടാക്കാന്‍ കഴിവുള്ള കായ്കളും (ഉദാ: ഉമ്മത്ത്), ചെടികളും പ്രത്യൗഷധമായും ചികിത്സയില്‍ ഉപയോഗിച്ചിരുന്നു.
മനഃശാസ്ത്രത്തിലെ കൗണ്‍സലിംഗ് ലോകത്താദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ഭഗവത്ഗീതയിലാണ്. 'മൃഗചികിത്സ' ഒരു ശാസ്ത്രമായി ആദ്യം ഉടലെടുക്കുന്നതും ഇവിടെയാണ്.
വീട്ടുമൃഗങ്ങള്‍ക്കും യുദ്ധാവശ്യത്തിനും യാത്രയ്ക്കുമൊക്കെ ഉപയോഗിക്കുന്ന കുതിര, ഒട്ടകം തുടങ്ങിയവകള്‍ക്കും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഇവിടെ നിലവിലുണ്ടായിരുന്നു.
ആനകളെപ്പറ്റിയും അവയുടെ ചികിത്സ, മര്‍മ്മങ്ങള്‍ എന്നിവയെപ്പറ്റിയുമൊക്കെ വിദഗ്ദ്ധവും വിശദവുമായി പ്രതിപാദിക്കുന്ന 'മാതംഗശാസ്ത്രം' എന്ന ഗ്രന്ഥം, ഈ വിഷയത്തില്‍ ലോകത്തുണ്ടായ ആദ്യത്തേയും അവസാനത്തേയും ഗ്രന്ഥവുമാണ്!
നാട്ടറിവുകളിലൂടെ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന നാടന്‍ ചികിത്സയും കേട്ടറിവുകളിലൂടെ ആദിവാസികള്‍ നടത്തുന്ന പച്ചമരുന്ന് ചികിത്സയും കുറ്റമറ്റതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
നമ്മുടെ നാട്ടില്‍ പണ്ടു പ്രചാരത്തിലിരുന്ന കളരി മര്‍മ്മാണി ചികിത്സയും എടുത്തുപറയത്തക്കതാണ്. ഈ ചികിത്സാശാസ്ത്രം 'മര്‍മ്മ'
പ്രയോഗങ്ങള്‍ എന്ന അഭ്യാസമുറയുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിരകളുടേയും ധമനികളുടേയും പേശികളുടേയും സന്ധികളാണ് മര്‍മ്മങ്ങള്‍.
ശരീരത്തില്‍ ഇത്തരം 108 മര്‍മ്മങ്ങള്‍ ഉണ്ട്. ഇവിടെ ഏല്‍ക്കുന്ന മുറിവുകളും മര്‍ദ്ദനങ്ങളും മരണമോ, അംഗവൈകല്യമോ ഉണ്ടാക്കാം. അതിനുള്ള ചികിത്സ ഇതൊന്നു മാത്രം! മര്‍മ്മ സ്ഥാനങ്ങളില്‍ സൂചികള്‍ തറയ്ക്കുന്ന ചൈനക്കാരുടെ 'അക്യുപംക്ചര്‍' ഇതിന്റെ മറ്റൊരു രൂപം മാത്രമാകുന്നു.
ആയുധ ശാസ്ത്രത്തിലും നമ്മുടെ പൂര്‍വ്വികര്‍ അദ്വിതീയരായിരുന്നു. ശസ്ത്ര (അമ്പ്) പ്രയോഗത്തെപ്പറ്റി പ്രതിപാദിക്കുവാന്‍ വേണ്ടി 'ധനുര്‍വേദം' എന്നൊരു പഞ്ചമവേദംപോലും ഉണ്ടാക്കിയവരാണവര്‍!
ഇന്നത്തെ കര, വ്യോമ, ഭൂഖണ്ഡാന്തര മിസൈലുകളുടെ പുരാതന രൂപമായിരുന്നില്ലേ ഇന്ത്യാക്കാരുടെ ഇതിഹാസ പുരാണങ്ങളിലെ 'ബ്രഹ്മാസ്ത്രവും' 'ആഗ്‌നേയാസ്ത്രവും മറ്റും! അന്ന് അത്തരം ആയുധങ്ങള്‍ പ്രയോഗിച്ചവര്‍ക്ക് അവ പിന്‍വലിക്കാനും കഴിയുമായിരുന്നു! ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാല്‍ വിക്ഷേപിച്ചിടത്തേക്ക് തിരിച്ച് എത്തുവാന്‍ പോന്നതായിരുന്നു അതിന്റെ സംവിധാനം!
(ആസ്‌ട്രേലിയയിലെ ആദിവാസികളുടെ ആയുധമായ 'ബൂമറാങ്ങ്' ഇന്നും ലക്ഷ്യവേധത്തിനുശേഷം അതയച്ച ആളുകളുടെ പക്കല്‍ തിരിച്ചെത്തുന്ന ലഘുവായ ആയുധമാണ്) നമ്മുടെ നാടന്‍ പാട്ടുകളിലെ വീരനായകന്മാരുടെ ആയോധന മുറയായ കളരിയെ വെല്ലാവുന്ന മറ്റൊരു അഭ്യാസ മുറ ഇന്നും ഉണ്ടോ?
പുരാതന ഭാരതീയരുടെ ശ്രദ്ധേയമായ മറ്റൊരു സംഭാവനയാണ് 'യോഗാഭ്യാസം'. ഇത് ഒരേസമയം തന്നെ വ്യായാമവും ചികിത്സയുമാണ്. മനുഷ്യശരീരത്തിന്റെ ബാഹ്യവും ആഭ്യന്തരവും മാനസികവുമായ ഒട്ടേറെ രോഗാവസ്ഥകള്‍ക്ക് ഫലവത്തായ ഒന്നാണ് യോഗ.
'ഹംയോഗ'ത്തിലെ നിരവധി 'ആസന'ങ്ങളിലൂടെ ധമനികളേയും സിരകളേയും പേശികളേയും ഊര്‍ജ്ജസ്വലമാക്കാനും ആന്തരാവയവങ്ങളുടെ കേടുകള്‍ തീര്‍ക്കാനും യോഗ ശാസ്ത്രത്തിന് കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.
ഇന്ന് ശബ്ദത്തിനും ശബ്ദത്തിന്റെ താളാത്മക രൂപമായ സംഗീതത്തിനും മനുഷ്യനിലെന്നല്ല സമസ്ത ചരാചരങ്ങളിലും പല പ്രേരണകളും ചെലുത്താന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ പുരാതന ആചാര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ വസ്തുതകള്‍ മനസ്സിലാക്കുകയും പ്രായോഗികമാക്കുകയും ചെയ്തിട്ടുള്ളവരാണ്.
അവര്‍ സംഗീതംകൊണ്ട് പ്രകൃതി പ്രതിഭാസങ്ങളെപ്പോലും നിയന്ത്രിക്കാന്‍ കെല്പുള്ളവരായിരുന്നു. നമ്മുടെ സംഗീത വിസ്മയത്തിലെ സപ്തസ്വരങ്ങളും അത്ഭുതകരമായ ശക്തിവിശേഷം പ്രദാനം ചെയ്യുന്ന രാഗങ്ങളും ലോക സംഗീതത്തിന് അപ്രാപ്യമായ തലങ്ങളിലാണിന്നും കുടികൊള്ളുന്നത്.
ശബ്ദ ഊര്‍ജ്ജത്തിന്റെ ചിട്ടപ്പെടുത്തിയ രൂപമായ മന്ത്രങ്ങള്‍ക്ക്, അനുഷ്ഠാനങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ചരാചരങ്ങളില്‍ പല ചലനങ്ങളും സൃഷ്ടിക്കാന്‍ കഴിയും
യാഗങ്ങളുടേയും യജ്ഞങ്ങളുടേയും ശാസ്ത്രീയത വിദേശികള്‍പോലും അംഗീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. ഭൗതിക ശാസ്ത്രം ഭാരതത്തിലെ പൂര്‍വ്വിക ധൈഷണികന്മാരുടെ ശാസ്ത്രത്തിലുള്ള നൈപുണ്യം മനസ്സിലാക്കി വരുന്നതേയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
കലാ, കായിക രംഗത്തെ നമ്മുടെ പൂര്‍വ്വസൂരികളുടെ സംഭാവനകള്‍ നിരുപമവും നിസ്തുലവും നിത്യാദരണീയവുമാണെന്ന് പറയാതെ വയ്യ. ഉദാഹരണമായി അഭിനയ ശാസ്ത്രം തന്നെ എടുക്കാം. ഭരതമുനിയുടെ നാട്യവേദം, നാട്യശാസ്ത്ര ഗ്രന്ഥം എന്നീ കൃതികള്‍ അഭിനയ കലാരംഗത്തെ ലോകത്തില്‍ ആദിമവും അടിസ്ഥാനപരവുമായ ഗ്രന്ഥങ്ങളാണ്.
പ്രചുര പ്രചാരം നേടിയ, ഭാരതീയ നൃത്ത, നാടകാദി ദൃശ്യാവിഷ്‌ക്കാരങ്ങള്‍ക്കെല്ലാം നിദാനം ഭരതമുനിയുടെ 'രസ'കല്പനയാണ്. നവരസങ്ങളുടെ വിസ്തൃതമായ പ്രയോഗമാനങ്ങള്‍ ആരെയും അത്ഭുത പരതന്ത്രരാക്കാന്‍ പോന്നതും സമ്പൂര്‍ണ്ണവുമാണ്.ദാമ്പത്യശാസ്ത്രമെടുത്തു പരിശോധിച്ചാല്‍ 'വാത്സ്യായന'ന്റേയും 'കൊക്കോക'ന്റെയും കൃതികളുടെ സത്തയെ വെല്ലാവുന്ന മറ്റൊരു കൃതി ലോകത്തില്‍ ഇന്നും ഇല്ലെന്ന് കാണാം. ഈ ആധുനിക കാലത്തുപോലും.
ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും നമുക്കുണ്ടായിരുന്ന അറിവ് അസൂയാവഹമായിരുന്നു. അശ്രദ്ധകൊണ്ട് നമുക്കുപോലും തിരിച്ചറിവ് നഷ്ടപ്പെട്ട എത്രയോ രാസപദാര്‍ത്ഥങ്ങള്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ പണ്ടുപയോഗിച്ചിരുന്നു.
ലോഹങ്ങളുടേയും കൂട്ടുലോഹങ്ങളുടേയും ധാതുക്കളുടേയും സംയോജനത്തില്‍ നമുക്കുണ്ടായിരുന്ന അവഗാഹമായ പാണ്ഡിത്യം ഇന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
'സാഞ്ചി'യിലും അശോകസ്തംഭങ്ങളിലും ഉപയോഗിച്ച ലോഹക്കൂട്ടുകള്‍ സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഇന്നും നശിക്കാതെ ആധുനിക ശാസ്ത്രത്തിന് അറിയപ്പെടാത്ത രഹസ്യമായി അവശേഷിക്കുന്നു. നമ്മുടെ ആറന്മുള കണ്ണാടിപോലെ എത്രയെത്ര അത്ഭുതങ്ങളുടെ രഹസ്യങ്ങള്‍ ഈ മണ്ണില്‍ ചിതറിക്കിടപ്പുണ്ട്.
ഊര്‍ജ്ജതന്ത്രത്തിലെ പുത്തന്‍ തിയറികളില്‍ പലതും നമ്മുടെ പുരാണേതിഹാസങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും പലയിടത്തും പ്രതിപാദിച്ചിട്ടുള്ളതായി കാണാം.
ഉദാഹരണമായിഭഗവത് ഗീതയിലെ
''ന സാതോ വിധതേ ഭാവോ
നഃ ഭാവോ വിധതേ സതോ''
എന്ന ശ്ലോകം തന്നെയെടുക്കാം- ''വസ്തുവിന് നാശമോ നിര്‍മ്മിതിയോ ഇല്ല. പുനഃസംവിധാനം മാത്രമേ ഉള്ളൂ..'' എന്ന ഫിസിക്‌സിലെ പ്രധാനപ്പെട്ട തിയറി തന്നെയാണ് അത് വ്യക്തമാക്കുന്നത്!
ഊര്‍ജ്ജത്തെ ദ്രവ്യമാക്കി മാറ്റാമെന്നും ദ്രവ്യത്തെ ഊര്‍ജ്ജമാക്കി മാറ്റാമെന്നും ശാസ്ത്രം പറയുന്നു. അല്ലാതെ ദ്രവ്യമോ, ഊര്‍ജ്ജമോ കൃത്രിമമായി സൃഷ്ടിക്കുവാന്‍ കഴിയുകയില്ല. പ്രകൃതിയില്‍ ഉള്ളതായ ഒന്നിനെ രൂപാന്തരം വരുത്താമെന്നല്ലാതെ ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഗീതയിലും ഉപനിഷത്തുകളിലും വേദാന്തങ്ങളിലും ഇക്കാര്യം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകം അണുവാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയത് സമീപകാലത്താണ്. അതുവരെ അടിസ്ഥാന ഘടകം 'കണിക'കളാണെന്നായിരുന്നു ശാസ്ത്രജ്ഞന്മാരുടെ ധാരണ. എന്നാല്‍ പുരാതന ഭാരതത്തിലെ ഋഷീശ്വരനായ 'കണാദന്‍' സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ 'ആറ്റം തിയറി' സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.
യവന ചിന്തകനായ 'ആര്‍ക്കിമിഡീസി'ന്റെ തത്വം അദ്ദേഹം കണ്ടുപിടിക്കുന്നതിനെത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതീയ ചിന്തകന്മാര്‍ കണ്ടെത്തുകയും പ്രായോഗികമാക്കുകയും ചെയ്തിട്ടുള്ളതാണ്! ആ തിയറിയുടെ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്യപ്പെട്ട ഉന്നത ഗുണനിലവാരമുള്ള 'ജലയാനങ്ങള്‍' ഇവിടെ ഉപയോഗത്തിലിരുന്നു! കരയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ മാത്രമല്ല ആധുനിക കാലത്തെ 'വിപ്ലവകര'മെന്ന് വിശേഷിപ്പിക്കുന്ന കണ്ടുപിടുത്തമായ ആകാശ വാഹനങ്ങളും നമ്മുടെ പൂര്‍വ്വികര്‍ക്ക് അന്യമായിരുന്നില്ല.
ഭരധ്വാജ മഹര്‍ഷിയുടെ യന്ത സര്‍വ്വസ്വം എന്ന ഗ്രന്ഥത്തില്‍ വായുമാര്‍ഗത്തില്‍ ചരിക്കുന്ന വാഹനങ്ങളുടെ ഘടനയെപ്പറ്റിയും നിര്‍മ്മാണരീതിയെപ്പറ്റിയും വ്യത്യസ്തങ്ങളായ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആകാശയാത്രയ്ക്കായി ചുടുവായു നിറച്ച ബലൂണുകളും ഗ്ലൈഡറുകളും എന്തിന്, യുദ്ധവിമാനങ്ങെളക്കുറിച്ചുപോലും അദ്ദേഹം വ്യക്തമായി രൂപകല്പന ചെയ്തിട്ടുണ്ട്.
ഗണിത ശാസ്ത്രത്തില്‍ അതുല്യമായ പാരമ്പര്യം തന്നെയുണ്ട് നമുക്ക് അവകാശപ്പെടാനായിട്ട്. ഗണിതശാസ്ത്രത്തിലെ മികവാണല്ലോ മറ്റെല്ലാ ശാസ്ത്രങ്ങളിലും ഭാരതത്തെ മുന്‍നിരയിലെത്തിച്ചത്.
ഗണിതശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നു പറയാവുന്ന പൂജ്യം (0) നമ്മുടെ പൂര്‍വ്വികരുടെ സംഭാവനയാണെന്ന് മാത്രമല്ല, അതിന്റെ ഉപജ്ഞാതാവ് മദ്ധ്യകേരളത്തില്‍ ജീവിച്ചിരുന്ന ആര്യഭട്ടന്‍ ആണെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇടനല്‍കുന്ന കാര്യമാണുതാനും. (ഈ മഹാ പ്രതിഭയുടെ പേരാണ് ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്- ആര്യഭട്ട)
അംഗ ഗണിതത്തിലും ബീജ ഗണിതത്തിലും നമ്മുടെ അടിസ്ഥാന തത്വങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ത്രികോണത്തിന്റെ കര്‍ണ്ണം ലഭിക്കുവാന്‍ പാദത്തിന്റേയും ലംബത്തിന്റേയും സ്‌ക്വയര്‍ തമ്മില്‍ കൂട്ടിയതിന്റെ സ്‌ക്വയര്‍ റൂട്ട് കണ്ടാല്‍ മതിയെന്ന പൈതഗോറസിന്റെ തിയറി,
അദ്ദേഹം ജനിക്കുന്നതിനും ആയിരത്താണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ കല്ലാശ്ശാരിമാര്‍ക്കുവരെ അറിയാവുന്നതായിരുന്നു. അവരിന്നും കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 'കണ' തിരിക്കുന്നത് ഈ തിയറിയുടെ അടിസ്ഥാനത്തിലാണ്.
'എഞ്ചിനീയറിംഗി'ലാണ് നമ്മുടെ വൈദഗ്ദ്ധ്യം ഏറെ തെളിഞ്ഞു കണ്ടത്. കാര്‍ഷിക, വ്യാവസായികാവശ്യങ്ങള്‍ക്കും ചെറുകിട കൈത്തൊഴില്‍കാര്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ട യന്ത്ര സാമഗ്രികളുടെ ലാളിത്യവും ഉപയോഗക്ഷമതയും ആരേയും ആശ്ചര്യപരതന്ത്രരാക്കാന്‍ പോന്നതായിരുന്നു.
ആ യന്ത്രസാമഗ്രികളാല്‍ ഉണ്ടാക്കപ്പെട്ട ഉല്പ്പന്നങ്ങളുടെ മേന്മയോ അപാരവും. റോമാ സാമ്രാജ്യത്തിലെ സുന്ദരിമാര്‍ക്കണിയാന്‍ ഇവിടെയുണ്ടാക്കി കയറ്റുമതി ചെയ്തിരുന്ന പട്ടുവസ്ത്രങ്ങള്‍ ആറു മടക്കായി ധരിച്ചാല്‍പോലും നഗ്നത മറയ്ക്കാന്‍ അപര്യാപ്തമായിരുന്നുവെന്ന് പറയുമ്പോളറിയാം ആ വസ്ത്രങ്ങളുടെ നൈര്‍മല്യവും അതുണ്ടാക്കിയവരുടെ വൈദഗ്ദ്ധ്യവും. ഇത്തരം ഒരു പട്ടുവസ്ത്രം ചുരുട്ടിയാല്‍ ഒരു പുല്ലാംങ്കുഴലില്‍ കൊള്ളിക്കാമായിരുന്നുവത്രെ.
തച്ചുശാസ്ത്രത്തിലെ മികവ് ഇന്നും നമുക്ക് പെരുമ നേടിത്തരുന്നവയാണ്. ഇന്ത്യയിലെ പുരാതന കെട്ടിടങ്ങളുടേയും ക്ഷേത്രങ്ങളുടേയും കോട്ടകൊത്തളങ്ങളുടേയും നിര്‍മ്മാണ വൈദഗ്ദ്ധ്യം അമ്പരപ്പിക്കുന്നതാണ്.
കൃത്യമായി വര്‍ഷത്തിലൊരിക്കല്‍ മകരസംക്രമ ദിനത്തില്‍ മാത്രം സൂര്യപ്രകാശം ശ്രീകോവിലിനകത്തെ വിഗ്രഹത്തില്‍ വന്നു പതിക്കത്തക്കവണ്ണം രൂപകല്പന ചെയ്തു നിര്‍മ്മിച്ച 'കോണാര്‍ക്ക്' സൂര്യക്ഷേത്രം, ഇക്കാലത്തുകൂടി ആര്‍ക്കും ചിന്തിക്കാന്‍പോലും കഴിയാത്ത നിര്‍മ്മാണ വൈദഗ്ദ്ധ്യമാണ് പ്രകടിപ്പിക്കുന്നത്.
അഹമ്മദാബാദിലുള്ള ഇളകുന്ന ഗോപുരം നിരവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രം. ആ ഗോപുരത്തിന്റെ മുകളിലുറപ്പിച്ചിരിക്കുന്ന ഒരു കല്ലില്‍ പിടിച്ച് ഉലച്ചാല്‍ കെട്ടിടം ആകെ ഇളകുന്നതായി കാണാം. (ഇത്തരം രണ്ട് ടവറുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം നിര്‍മ്മാണ രഹസ്യം മനസ്സിലാക്കുവാന്‍ വേണ്ടി ബ്രട്ടീഷ് ഭരണകാലത്ത് പൊളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല).
സിമന്റും മറ്റ് നൂതന നിര്‍മ്മാണ സാമഗ്രികളും കണ്ടുപിടിക്കുന്നതിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ലളിതമായ ചില കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നമ്മുടെ നാട്ടിലെ പടുകൂറ്റന്‍ ക്ഷേത്രങ്ങളും ഗോപുരങ്ങളും മറ്റും കാലത്തിന്റെ കുത്തൊഴുക്കിനേയും പ്രകൃതിയുടെ പേക്കൂത്തുകളേയും അതിജീവിച്ച് ഇന്നും ആധുനിക ശാസ്ത്രത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നിലനില്‍ക്കുന്നുണ്ട്.
ലോകത്തിലെ നിര്‍മ്മാണ ശാസ്ത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായത് നമ്മുടെ മഹാക്ഷേത്രങ്ങളുടെ കൂത്തമ്പലത്തിന്റെ പണിയാണ് എന്നു മനസ്സിലാക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.
ശില്പശാസ്ത്രത്തിലും ചിത്രകലയിലും നമ്മുടെ പാരമ്പര്യം അനുപമം തന്നെയാണ്. പ്രകൃതി ദത്തമായ നിറക്കൂട്ടുകള്‍ ഉപയോഗിച്ച് ക്ഷേത്ര ചുമരുകളിലും കൊട്ടാരക്കെട്ടുകളിലുമൊക്കെ മനോഹരമായ ചിത്രങ്ങള്‍ രചിച്ച അജ്ഞാതരായ മഹനീയ കലാകാരന്മാരുടെ വൈശിഷ്ട്യം നൂറ്റാണ്ടുകള്‍ക്ക് മായ്ക്കാന്‍ കഴിയാതെ ഇന്നും പാരമ്പര്യത്തിന്റെ പ്രഭതൂകി നമുക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു.
അജന്ത, എല്ലോറ ഗുഹാചിത്രങ്ങള്‍ സമ്പന്നമായ പ്രാചീന സംസ്‌കൃതിയുടെ തെളിവായി വിശ്വ സാംസ്‌കാരിക പണ്ഡിതന്മാര്‍ എടുത്തു കാട്ടുന്നവയാണ്.
ഖജൂരാഹോയിലും മഹാബലിപുരത്തും എലിഫെന്റാ ഗുഹകളിലും എന്നുവേണ്ട ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളുടെ കുംഭഗോപുരങ്ങളില്‍ പോലും ഭാരതീയ ശില്പകലയുടെവിസ്മയം കൂടികൊള്ളുന്നത്.
വിദേശികള്‍ അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കാണുന്നത് ശിലാശില്പങ്ങളില്‍ മാത്രമല്ല ദാരു, ദന്ത, വെങ്കല മാധ്യമങ്ങളിലും കളിമണ്ണില്‍
പ്പോലും നമ്മുടെ കരകൗശലം കനകം വിളയിച്ചിട്ടുണ്ട്. മൂന്നു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ചന്ദ്രഗുപ്തന്‍ പണിയിച്ച വിശാലമായ കൊട്ടാരം മുഴുവനും 'ദാരു' നിര്‍മ്മിതമായിരുന്നുവത്രേ.
നായാടിയും നാടോടിയും നടന്ന ആദിമ മനുഷ്യന്റെ സാമൂഹ്യപുരോഗതിയുടെ ഭാഗമായി കൃഷിയും, നാഗരികസംസ്‌കാരവും രൂപം കൊണ്ടതിന്റെ ചരിത്ര മുഹൂര്‍ത്തത്തിന് തെളിവായി സിന്ധുനദീ തടത്തിലെ മോഹന്‍ജെദാരോയും ഹാരപ്പയും വിരാചിക്കുന്നു.
സാംസ്‌കാരിക രംഗത്തും നമ്മുടെ പൈതൃകം നിര്‍ണ്ണായകമാണ്. പുരാതന ഭാരതീയര്‍ക്ക് വിദ്യാഭ്യാസത്തിലുണ്ടായിരുന്ന താല്പര്യം വ്യക്തമാക്കുന്നതാണ് നമ്മുടെ ഗുരുകുല വിദ്യാഭ്യാസ രീതി.
വിദ്യ അര്‍ത്ഥിക്കുന്നവര്‍ ഉത്തമരായ ഗുരുക്കന്മാരെ തിരഞ്ഞെടുത്ത് ഒട്ടനവധി വര്‍ഷങ്ങള്‍ ഗുരു ശുശ്രൂഷ ചെയ്ത് കൂടെ താമസിച്ച് ശാസ്ത്രങ്ങള്‍ അഭ്യസിച്ചിരുന്ന അന്നത്തെ വിദ്യാഭ്യാസരീതി, പ്രകൃതിയുമായി ഇണങ്ങിയതും, ജീവിതവിജയത്തിന് ഉതകുന്നതുമായിരുന്നു. ഈ ഭൂവിഭാഗത്തിലുദയം കൊണ്ട ജന സംസ്‌കൃതികളൊക്കെതന്നെ മനുഷ്യനെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ ബദ്ധശ്രദ്ധമായിരുന്നു.
അധിനിവേശക്കാരാല്‍ നശിക്കപ്പെട്ട ബീഹാറിലെ നളന്ദയും പഞ്ചാബിലെ തക്ഷശിലയും കോടാനുകോടി ബൃഹത്തായ ഗ്രന്ഥങ്ങളുടെ ശേഖരമുള്ള ലോകത്തിലെ ഏറ്റവും വിപുലവും പുരാതനവുമായ വിജ്ഞാനകേന്ദ്രങ്ങളായിരുന്നു.
നളന്ദ നശിപ്പിച്ച അക്ഷരവൈരികള്‍ അവിടെയുള്ള ഗ്രന്ഥങ്ങള്‍ വാരിക്കൂട്ടിയിട്ട് തീയിട്ടത് ആറുമാസം നിന്നു ജ്വലിച്ചുവത്രെ മുഴുവനും കത്തി ചാമ്പലാകുവാന്‍.
ലോകത്തിലെ ആദികാവ്യമായ രാമായണം തുടങ്ങി ലോകത്തിലെ ഏറ്റവും ബൃഹത്തായ കൃതിയായ മഹാഭാരതമടക്കം ഭാരതീയ സാഹിത്യ പാരാവാരം എത്രയോ ബൃഹത്തും സമ്പന്നവുമാണ്.
ഇവിടുത്തെ ശാസ്ത്ര, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളൊക്കെ തന്നെ കാവ്യ രൂപത്തിലാണ് വിരചിതമായിരിക്കുന്നത്. ലോകത്ത് ആദ്യമായി ഒരു ബാല സാഹിത്യ കൃതി- പഞ്ചതന്ത്രം- പിറവി കൊണ്ടതും ആയിരത്താണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തിലാണ്.
ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ സചിവോത്തമനായ ചാണക്യനാല്‍ എഴുതപ്പെട്ട ചാണക്യസൂത്രം രാഷ്ട്ര തന്ത്രജ്ഞത പ്രതിപാദിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥമാണെന്ന് മാത്രമല്ല ഇന്നും പ്രസക്തവുമാണ്. അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥമായ കൗടില്യന്റെ അര്‍ത്ഥശാസ്ത്രം അതു പ്രതിനിധാനം ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാന പ്രമാണവുമാണ്.
സാമൂഹ്യരംഗം എടുത്തു പരിശോധിച്ചാല്‍, ലോകത്തിന് ജനാധിപത്യ സംവിധാനം എന്നൊരു ഭരണ രീതി സംഭാവന ചെയ്തതും നമ്മുടെ പൂര്‍വ്വീകരാണെന്ന് കാണാം. ഗ്രീക്ക് നഗരങ്ങളിലെ ജനാധിപത്യ സംവിധാനം ഉരുത്തിരിയുന്നതിനും നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകം മുഴുവനും ചക്രവര്‍ത്തിമാരും നാടുവാഴികളും അടക്കിവാണിരുന്ന കാലത്ത്,
ഉത്തരേന്ത്യയിലുണ്ടായിരുന്ന വൈശാലി എന്ന ചെറുരാജ്യം അക്ഷരാര്‍ത്ഥത്തില്‍ തന്നെ തികഞ്ഞ ജനായത്ത ഭരണം ലോകത്തിന് മുമ്പില്‍ ആദ്യമായി കാഴ്ചവെച്ച് വിജയം കണ്ടത് മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ ഏറ്റവും വലിയ നാഴിക കല്ലാണ്.
ഈ എളിയ ലേഖനം ഉപസംഹരിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ സംഘടിത മതസിദ്ധാന്തങ്ങളും ഉദയം ചെയ്തിട്ടുള്ളത് ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമാണ്.
ഏഷ്യന്‍ രാജ്യങ്ങളായ മദ്ധ്യപൂര്‍വ്വേഷ്യയില്‍ യഹൂദമതവും ക്രിസ്തുമതവും അറേബ്യന്‍ മണലാരണ്യത്തില്‍ ഇസ്ലാമതവും ഏഷ്യയുടെ കിഴക്കന്‍ രാജ്യങ്ങളായ ചൈനയില്‍ കണ്‍ഫൂഷ്യന്‍ മതവും ഭാരതത്തില്‍ ഹൈന്ദവ, ബൗദ്ധ, ജൈന സംസ്‌കൃതികളും പിറവികൊണ്ടു.
കൊഴിഞ്ഞുവീണ ഇന്നലെകളുടെ നാള്‍വഴികളില്‍ അധിനിവേശക്കാരുടെ സാംസ്‌കാരികവും സാമൂഹ്യവുമായ കടന്നുകയറ്റം ഇടക്കാലത്ത് നമ്മുടെ വിസകനത്തിന്റെ എല്ലാ മേഖലകളിലും കരിനിഴല്‍ വീഴ്ത്തിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ വരുംകാലത്തിന്റെ വിഹായസ്സിലേക്ക് ഉറ്റുനോക്കുമ്പോള്‍ 'നാളെ'കള്‍ നമ്മുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ശാസ്ത്രീയവും സാമ്പത്തികവും സാമൂഹ്യവുമായ മേല്‍ക്കോയ്മയുടെ ഓജസ്സുള്ള ചിത്രമാണ് കാഴ്ചവയ്ക്കുന്നത്.
ജാതി, മതഭേദങ്ങളുടേയും വര്‍ണ്ണ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടേയും ദേശ, ഭാഷാ വേര്‍തിരിവുകളുടേയും തത്വശാസ്ത്രങ്ങളുടെ തരംതിരിവുകളുടേയും അതിര്‍വരമ്പുകള്‍ തല്‍ക്കാലം വിസ്മരിച്ച് നമുക്കൊന്നിച്ചു മുന്നേറാം. ഒരു പുതിയ ഇന്ത്യയ്ക്ക് വേണ്ടി. ഒരു നല്ല നാളേക്ക് വേണ്ടി...