2018, ജൂലൈ 25, ബുധനാഴ്‌ച

ആപവന്‍ ഒരു പ്രാചീന മഹര്‍ഷി.




ആപവന്‍
ഒരു പ്രാചീന മഹര്‍ഷി.
ഒരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഈ മഹര്‍ഷിയുടെ ആശ്രമം അഗ്നിക്കു ആഹാരമായി നല്‍കി. കുപിതനായ ആപവന്‍ കാര്‍ത്തവീര്യര്‍ജ്ജുനനെയും, അഗ്നിയെയും ശപിച്ചു. തന്റെ ആശ്രമം നശിപ്പിക്കാന്‍ കാരണക്കാരനായ കാര്‍ത്തവീര്യനു നേര്‍ക്കായിരുന്നു ഉഗ്രശാപം. ”ദുഷ്ടനായ കാര്‍ത്തവീര്യാര്‍ജ്ജുനാ നിന്റെ ആയിരം കൈകളും പരശുരാമനാല്‍ ഛേദിക്കപ്പെടട്ടെ” എന്നായിരുന്നു ശാപം. ശാപം ഫലിച്ചു. പരശുരാമന്‍ ശ്രീപരമേശ്വരനില്‍ നിന്നു തനിക്കു ലഭിച്ച പരശു കൊണ്ട് കാര്‍ത്തവീര്യന്റെ ആയിരം കൈകളും അരിഞ്ഞുവീഴ്ത്തി അയാളെ വധിച്ചു.
ഇനി പരശുരാമാവതാരം കഥയിലേക്കു കടക്കാം.
പണ്ടൊരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അത്രിപുത്രനായ ദത്താത്രേയമുനിയെ തപസ്സു ചെയ്ത് ആയിരംകൈകള്‍ സമ്പാദിച്ചു. ഹേഹയവംശത്തിലെ സുപ്രസിദ്ധരാജാവായ കാര്‍ത്തവീര്യന്‍ നായാട്ടിനായി ഒരിക്കല്‍ നര്‍മ്മദാ നദീതീരപ്രദേശത്തു കടന്നു. പല സ്ഥലങ്ങളും ചുറ്റിത്തിരിഞ്ഞെത്തിയ ഇദ്ദേഹം അവിചാരിതമായിട്ടാണ് നര്‍മ്മദാ നദീതീരത്തു പ്രവേശിച്ചത്. അവിടെ ജമദഗ്‌നി മഹര്‍ഷി ഭാര്യയായ രേണുകയോടും, പരശുരാമന്‍ ആദിയായ പുത്രന്മാരോടുമൊപ്പം ആശ്രമം കെട്ടി താമസിച്ചിരുന്നു. നായാട്ടുകഴിഞ്ഞ് തളര്‍ന്നവശാനായ രാജാവ് ജമദഗ്‌നിയുടെ ആശ്രമത്തില്‍ കടന്നു. ഈ അവസരത്തില്‍ പരശുരാമന്‍ ആശ്രമത്തിലില്ലായിരുന്നു. അദ്ദേഹം തപസ്സിനായി മഹേന്ദ്രഗിരിയില്‍ പോയിരുന്നു. ആശ്രമപരിസരം കടന്നു അകത്തേക്കു കയറുന്നതിനിടയില്‍ കാര്‍ത്തവീര്യന്‍ അവിടെ നിന്നിരുന്ന കാമധേനുവിനെ കണ്ടു. അദ്ദേഹം കാമധേനുവിനെ തന്റെ അരികില്‍ വിളിച്ചു. കാമധേനു രാജാവിനും, അനുയായികള്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. (കന്നുകാലികളുടെ ആദി മാതാവാണ് ‘കാമധേനു” ദേവന്മാര്‍ക്കും, മുനിമാര്‍ക്കു ആവശ്യാനുസരണം പാല്‍ നല്കുന്ന കാമധേനു അത്ഭുതശക്തികളും സിദ്ധികളുമുള്ള ഒരു ദേവിയാണ്. കാമധേനുവില്‍ നിന്നാണ് ഇന്നു ലോകത്തില്‍ കാണപ്പെടുന്ന കന്നുകാലിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു പുരാണം പ്രസ്താവിക്കുന്നു).
മൃഷ്ടാനഭോജനശേഷം ആശ്രമം വിട്ടിറങ്ങിയ കാര്‍ത്തവീര്യന്‍ ജമദഗ്‌നി മഹര്‍ഷിയോട് കാമധേനുവിനെ തനിക്കായി ചോദിച്ചു. മഹര്‍ഷി അതിനു വിസമ്മതിച്ചു. ക്രൂരനായ കാര്‍ത്തവീര്യന്‍ കാമധേനുവിനെ ആശ്രമത്തില്‍ നിന്നു ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടുപോയി. ഇതറിഞ്ഞു സ്ഥലത്തെത്തിയ പരശുരാമന്‍ കാര്‍ത്തവീര്യനില്‍ കുപിതനായി. സംഹാരരുദ്രനെ പോലെ പ്രതികാരമൂര്‍ത്തിയായി തീര്‍ന്ന പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ തേടി മാഹിഷ്മതി നഗരത്തിന്റെ കവാടത്തില്‍ കടക്കുകയും, അയാളെ യുദ്ധത്തിനു വെല്ലുവിളിക്കുകയും ചെയ്തു. രാജാവായ കാര്‍ത്തവീര്യന്‍ വമ്പിച്ച സൈന്യസന്നാഹങ്ങളോടെ പുറത്തു വന്നു. തുടര്‍ന്ന് ഒരു മഹായുദ്ധം തന്നെ സംഭവിച്ചു. യുദ്ധത്തില്‍ പരശുരാമന്‍ പരശു എന്ന തന്റെ ദിവ്യായുധം കൊണ്ട് കാര്‍ത്തവീര്യനെ വധിച്ചു. അങ്ങനെ ഹേഹയരാജവംശത്തിലെ നടുംതൂണ് നിലം പതിച്ചു. രാമന്‍ വീണ്ടെടുത്ത കാമധേനുവുമായി ആശ്രമത്തിലെത്തി. അദ്ദേഹം അച്ഛനെ സമാധാനിപ്പിച്ചു. അന്നു മുതല്‍ കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ പകരം വീട്ടാന്‍ കാത്തു നടന്നു. ഒരിക്കല്‍ പരശുരാമന്‍ ആശ്രമത്തിലില്ലായിരുന്നു അവസരം നോക്കി കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ ആശ്രമത്തില്‍ കടന്ന ധ്യാനത്തിലുണ്ടായിരുന്ന ജമദഗ്‌നിയുടെ തല വെട്ടി കൊണ്ടുപോയി. ഈ വിവരമറിഞ്ഞു സ്ഥലത്തെത്തിയ പരശുരാമന്‍ വീണ്ടും പ്രതികാരമൂര്‍ത്തിയായി മാറി. തനിക്കും തന്റെ കുടുംബത്തിനും തുടക്കം മുതല്‍ ഒടുക്കംവരെ ദ്രോഹങ്ങള്‍ മാത്രം നല്‍കിയ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കുടുംബത്തോടല്ല മറിച്ച് അയാളുടെ വംശത്തോടാണ് രാമനു പക തോന്നിയത്. കുപിതനായ രാമന്‍ ഇരുപത്തിയൊന്നു പ്രാവശ്യം ലോകം മുഴുവന്‍ ചുറ്റി നടന്ന് കണ്ണില്‍കണ്ട ക്ഷത്രിയ രാജാക്കന്മാരെ മുഴുവനും കൊന്നൊടുക്കി. അവരുടെ രക്തചാലുകള്‍ ചേര്‍ന്നുണ്ടായതാണ് ‘സമന്തചഞ്ചകം’ എന്ന പുണ്യതീര്‍ത്ഥം.
പിതാവിന്റെ ആഞ്ജനിറവേറ്റാനായി ഒരിക്കല്‍ പരശുരാമന്‍ മാതാവായ രേണുകയെ ഗളച്ഛേദം നടത്തിയതായി ഒരു പുരാണ പ്രസ്താവനയുണ്ട്. ആ കഥ ഇപ്രകാരമാണ്.
ഒരിക്കല്‍ രേണുക പുണ്യജലം കൊണ്ടു വരുന്നതിനു വേണ്ടി നര്‍മ്മദാനദിയില്‍ ചെന്നു. അവിടെ സ്‌നാനം ചെയ്തു നിന്ന ‘ചിത്രരഥന്‍’ എന്ന ഗന്ധര്‍വ്വന്‍ ദേവിയുടെ കണ്ണില്‍പ്പെട്ടു. അദ്ദേഹത്തെ ഉറ്റുനോക്കി രേണുക എല്ലാം മറന്നു അല്‍പസമയം ഒരേനില്‍പുനിന്നുപോയി. ജ്ഞാനദൃഷ്ടിയില്‍ വിവരം ഗ്രഹിച്ച മുനി തിരിച്ചു ആശ്രമത്തിലെത്തിയ പത്‌നിയുടെ തല വെട്ടിക്കളയാന്‍ പുത്രന്മാരോടു ആവശ്യപ്പെട്ടു. എല്ലാവരും വിമുഖത കാണിച്ചു. പക്ഷേ പിതാവിന്റെ ആഞ്ജ കേട്ടമാത്രയില്‍ പരശുരാമന്‍ അമ്മയുടെ ഗളച്ഛേദം നിര്‍വ്വഹിച്ചു. സന്തുഷ്ടനായ പിതാവ് മകനോട് എന്തുവരം വേണമെന്നു ചോദിച്ചു. അമ്മയെ ജീവിപ്പിച്ചു തരണമെന്നു രാമന്‍ ആവശ്യപ്പെട്ടു. മുനി രേണുകയെ പുനര്‍ജീവിപ്പിച്ചു. നമ്മുടെ നാടായ കൊച്ചു കേരളത്തിന്റെ ഉല്‍പത്തിക്കു കാരണം രാമനാണ്. ആ കഥ കൂടി നോക്കാം.
ഭഗീരഥന്റെ തപസ്സിന്റെ ഫലമായി ഉത്തരഭാരതത്തില്‍ പതിച്ച ഗംഗാനദി കടലിലേക്കു ഒഴുകി ചേര്‍ന്നപ്പോള്‍ കടല്‍ കര കവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളെ മുവുവന്‍ മുക്കികളഞ്ഞു. കൂട്ടത്തില്‍ പുണ്യസ്ഥലമായ ഗോകര്‍ണ്ണത്തുള്ള ക്ഷേത്രവും മുങ്ങിപ്പോയി. ആ പരിസരങ്ങളില്‍ തിങ്ങി പാര്‍ത്തിരുന്ന മഹര്‍ഷിമാര്‍ പരശുരാമനെ സന്ദര്‍ശിച്ച് സങ്കടമറിയിച്ചു. രാമന്‍ ഒരു മുറം (ശൂര്‍പ്പം) കടലിലെറിഞ്ഞു. മുറം ചെന്നുവീണ പ്രദേശം വരെയുള്ള കടല്‍ മാറി ഗോകര്‍ണ്ണക്ഷേത്രം ഉള്‍പ്പെടെ കര തെളിഞ്ഞു കാണപ്പെട്ടു. അതാണ് ”കേരളം”. ശൂര്‍പ്പം അഥവ മുറം എറിഞ്ഞു നേടിയ നാടായതിനാല്‍ കേരളത്തിനു ”ശൂര്‍പ്പാരകം” എന്നൊരു പേരുകൂടി ലഭിച്ചു. പുരാണ പ്രസ്താവനകളെ ശരിക്കും വിലയിരുത്തിയാല്‍ ശൂര്‍പ്പം എറിഞ്ഞു നേടിയെന്നതിനെക്കാള്‍ മഴു (കോടാലി) എറിഞ്ഞു നേടി എന്നതിനാണു കൂടുതല്‍ പ്രാധാന്യം. പരക്കെ അറിയപ്പെട്ടിട്ടുള്ളതും. മഴുവുമായി ബന്ധപ്പെട്ട കഥയാണ്.
ക്ഷത്രിയ വിരോധിയായ തീര്‍ന്ന പരശുരാമന്‍ താന്‍ ചെയ്തു കൂട്ടിയ കൊടും പാപങ്ങളില്‍ നിന്നു രക്ഷനേടാനായി ഒരു മാര്‍ഗ്ഗം സ്വീകരിച്ചു. അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ബ്രാഹ്മണര്‍ക്കായി ഭൂമി ഉള്‍പ്പെടെ സകലതും ഏറ്റുവാങ്ങിയ കശ്യപന്‍ എത്രയും വേഗം ഭൂമി വിട്ടൊഴിയാന്‍ രാമനോടാവശ്യപ്പെട്ടു. കശ്യപാഞ്ജ ചെവികൊണ്ട രാമന്‍ ഭൂമി വിട്ടു. അദ്ദേഹം തനിയ്ക്കായി അല്‍പം സ്ഥലം സൃഷ്ടിക്കാന്‍ നിശ്ചയിച്ചു. അടുത്ത നിമിഷം പരശുരാമന്‍ അമ്പെയ്തു കടല്‍ മാറ്റി കര സൃഷ്ടിച്ചു. ആ ഭാഗമാണ് ”കേരളം”.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഉള്‍പ്പെടെയുള്ള ദുഷ്ടരാജാക്കന്മാരുടെ നിഗ്രഹമായിരുന്നു പരശുരാമാവതാര ലക്ഷ്യം. ആപവന്‍ എന്ന മുനി കാര്‍ത്തവീര്യനു നല്‍കിയ ”നിന്റെ ആയിരം കൈകളും പരശുരാമനാല്‍ ഛേദിക്കപ്പെടട്ടെ” എന്ന ഉഗ്രശാപവും രാമനു സഹായകമായി. മറ്റു അവതാരങ്ങളെ പോലെ തന്നെ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനും തന്റെ അവതാരലക്ഷ്യം കൃത്യമായി നിറവേറ്റി.