2018, ജൂലൈ 25, ബുധനാഴ്‌ച

ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ




അശ്വിനീദേവന്മാർ
ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ. ഒരാൾ ദസ്രനെന്നും മറ്റേ ആൾ നാസത്യനെന്നും അറിയപ്പെടുന്നു. അശ്വികളെന്നും നാസത്യന്മാരെന്നും അശ്വനീകുമാരന്മാരെന്നും ഇവരെ പറയാറുണ്ട്. വിശ്വകർമാവിന്റെ മകളായ സംജ്ഞയിൽ ഇരട്ടപെറ്റുണ്ടായ സൂര്യപുത്രന്മാരാണിവർ. സംജ്ഞ വിവാഹാനന്തരം സൂര്യതേജസ് സഹിക്കവയ്യാതെ തന്റെ സ്ഥാനത്തു തന്റെ രൂപത്തിൽ ഛായയെ നിർത്തി തപസ്സുചെയ്യാൻ പോയി. രഹസ്യം മനസ്സിലാക്കിയ സൂര്യൻ സംജ്ഞയെ അന്വേഷിച്ചു പുറപ്പെട്ടു; മേരുപാർശ്വത്തിൽവച്ച് അവളെ കണ്ടെത്തി. സംജ്ഞ പേടിച്ച് ഒരു പെൺകുതിരയുടെ രൂപം ധരിച്ച് ഓട്ടം തുടങ്ങി. സൂര്യൻ ഒരു ആൺകുതിരയുടെ രൂപത്തിൽ അവളെ അനുധാവനം ചെയ്തു. പെൺകുതിര ക്ഷീണിച്ച് തിരിഞ്ഞുനിന്നു. രണ്ടു കുതിരകളുടെയും ശ്വാസവായുക്കൾ തമ്മിൽ ഇടയുകയും തദ്ഫലമായി അശ്വരൂപിണിയായ സംജ്ഞ ഗർഭംധരിച്ച് അശ്വിനികളെ പ്രസവിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ ഉത്പത്തി സംബന്ധിച്ചുള്ള കഥ.
ഋഗ്വേദത്തിൽ ഇന്ദ്രനും അഗ്നിയും സോമനും കഴിഞ്ഞാൽ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയിട്ടുള്ളവരാണ് അശ്വിനീദേവന്മാർ. പ്രകാശത്തിന്റെ ദേവന്മാരായി ഇവർ അൻപതിൽപ്പരം സൂക്തങ്ങളിൽ പരാമൃഷ്ടരാകുന്നുണ്ട്. ഇവർ നിത്യയൗവനന്മാരും സൌന്ദര്യമൂർത്തികളുമാണ്. ഉഷസ്സിന് ആകാശത്തിൽ വഴിതെളിച്ചുകൊടുക്കുന്നത് ഇവരാണ്. മൂന്നു ചക്രങ്ങളുള്ള സുവർണരഥത്തിലാണ് ഇവരുടെ സഞ്ചാരം. പ്രജാപതിയോട് ആയുർവേദം പഠിച്ച് ദേവവൈദ്യൻമാരായിത്തീർന്ന ഇവരുടെ അത്ഭുത സിദ്ധികളെപ്പറ്റി ഇതിഹാസങ്ങളിൽ പല ഉപാഖ്യാനങ്ങളുമുണ്ട്. അന്ധനായ ച്യവന മഹർഷിക്ക് ഇവർ കാഴ്ചയുണ്ടാക്കിക്കൊടുത്തു; യവനാശ്വന്റെ ഉദരത്തിൽനിന്നും മാന്ധാതാവിനെ കീറിയെടുത്ത് ശസ്ത്രക്രിയാപാടവം വെളിപ്പെടുത്തി. സ്വപ്രഭാവം സംഹാരപരമായി പ്രയോഗിച്ചിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്. അശ്വിനി (തുലാ) മാസത്തിൽ ബ്രാഹ്മണർക്കു നെയ്യ് ദാനം ചെയ്താൽ സൌന്ദര്യം വർധിക്കുമെന്നും പന്ത്രണ്ടുമാസം നെയ്യ് അഗ്നിയിൽ ആഹുതി ചെയ്താൽ അശ്വിനികളുടെ ലോകം പ്രാപിക്കുമെന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു. പാണ്ഡുപത്നിയായ മാദ്രി ഇവരെ ധ്യാനിച്ചുവരുത്തി സമ്പാദിച്ച പുത്രൻമാരാണ് നകുലസഹദേവന്മാർ. അശ്വിനികൾ കേരളത്തിൽ ആലത്തൂർനമ്പിയുടെ ഇല്ലത്തിൽ വൈദ്യം പഠിക്കാനെന്ന വ്യാജേന താമസിച്ചതായി ഐതിഹ്യമുണ്ട്.