2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

രാമപുരം കുറിഞ്ഞിക്കാവിലെ വനദുർഗ്ഗാക്ഷേത്രം



രാമപുരം കുറിഞ്ഞിക്കാവിലെ വനദുർഗ്ഗാക്ഷേത്രം

കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണു   രാമപുരം കുറിഞ്ഞിക്കാവിലെ വനദുർഗ്ഗാക്ഷേത്രത്തിൽ പുരാതനകാലം മുതൽ ഈ ആചാരം നടന്നുവരുന്നു. വ്രതം നോറ്റ പുരുഷന്മാരാണ് ദേവീപ്രിതിക്കായി ഇത് അനുഷ്ഠിക്കുന്നത്. പ്രധാന പ്രതിഷ്ഠ മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ വനദുർഗ്ഗ. ഉപദേവത അന്തിമഹാകാളൻ, ഐലക്ഷി എന്നീ പ്രതിഷ്ഠകളുമുണ്ട്.

ഇവിടെ കളമെഴുതുന്നത് ഐലക്ഷി ഭാവത്തിലുള്ള ഭഗവതിയുടെ രൂപമാണ്. അന്തിമഹാകാളനായ മഹാദേവന്റെ കണങ്കാൽ വെട്ടിയെടുത്ത് കൊടുവാളോടുകൂടി നടമാടുന്ന രൂപം. അസുരക്കൂട്ടങ്ങൾ കാമാതുരരായി ഭൂമിയിലെ സ്ത്രീകളെ കൂട്ടത്തോടെ പിച്ചിച്ചീന്തുന്നതു കണ്ട് ഉഗ്രകോപിണിയായ പാർവ്വതി അസുരന്മാരെ ഒന്നടങ്കം വാളിനിരയാക്കി. എന്നിട്ടും കോപം ശമിക്കാതെ ഭൂമിയിലെ പുരുഷന്മാരെയും ഒടുക്കിത്തുടങ്ങി! ഈ സർവ്വനാശം ഭയന്ന് ശിവൻ അന്തിമഹാകാള രൂപത്തിൽ ഭഗവതിയെ പ്രതിരോധിക്കാനായി എത്തുന്നു. പുരുഷനായ കാലാരിയെ പോലും ഭഗവതി വെറുതെ വിടുന്നില്ല. മഹാകാളന്റെ ഒരു കാൽ വെട്ടിമുറിച്ചെടുത്ത് കഴിഞ്ഞാണ് ഭഗവതിക്ക് കലിയടങ്ങുന്നത്. സ്വന്തം പ്രാണനാഥനെ പോലും തിരിച്ചറിയാത്ത ആ ഉഗ്രകോപമാണ് രൂപമായി കളത്തിൽ നിറയുന്നത്. ഭഗവതിയുടെ അനുഗ്രഹം തേടി കുടുംബത്തിലെ സ്ത്രീകളുടെ ആശീർവാദത്തോടെ പുരുഷന്മാർ താലമെടുക്കുന്നതിനും താലം തുള്ളുന്നതിനും സമകാലികലോകത്തെ അപച്യുതികൾക്കെതിരെയുള്ള സാംസ്കാരിക ബിംബമായി കാണാവുന്നതാണ്. പ്രകൃതിയോടും ഉർവ്വരതയോടുമുള്ള ആത്മീയമായ താദാത്മ്യപ്പെടലും പൂർവ്വികസ്മരണയുമൊക്കെ കാവുകളിലെ അനുഷ്ഠാനങ്ങൾക്കൊപ്പം ഇഴചേർന്നു നിൽക്കുന്നു. ഇതിലെ ചരിത്രപരവും സാമൂഹ്യപരവുമായ ഉള്ളടക്കം അന്വേഷണ വിധേയമാക്കേണ്ടതു തന്നെയാണ്.

കുറിഞ്ഞിക്കാവു സ്ഥിതിചെയ്യുന്നത് അതീവ പരിസ്ഥിതിലോലമേഖലയായ കോട്ടമലയുടെ താഴ്‌വരപ്രദേശത്താണ്. കരിങ്കൽ ഖനനം  നടത്തി വരു ന്നു .  പരിസ്ഥിതി നശീകരണഭീഷണി അതിജീവിച്ചാണ് ഈ പ്രദേശത്തെ ജനങ്ങൾ കഴിയുന്നത്.

ഇരുമ്പുയുഗത്തിലെ മനുഷ്യവാസത്തിന്റെ നിരവധി അടയാളങ്ങൾ പേറുന്ന പ്രദേശമാണിത്. കുറിഞ്ഞിക്കാവിലും പരിസരത്തുമായി കാണപ്പെടുന്ന പഴുതറകൾ (Dolmanoids) കോട്ടയം നാട്ടുകൂട്ടത്തിന്റെയും കോട്ടമല സംരക്ഷണ സമിതിയുടെയും ശ്രമഫലമായി കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തി പ്രാഥമികപഠനങ്ങൾ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

BC 3000 മുതൽ AD 200 വരെ നിലനിന്നിരുന്ന ഇരുമ്പുയുഗത്തിലെ മനുഷ്യവാസത്തിന്റെ അടയാളങ്ങളാണ് ഈ കല്ലറകൾ. 2000 വർഷമെങ്കിലും ഇവിടുത്തെ പഴുതറകൾക്ക് പഴക്കം കണ്ടേക്കാം. ഒരടിക്കു മേൽ കനമുള്ള കരിങ്കൽ ഫലകങ്ങൾ കൊണ്ട് കെട്ടിമറച്ച പഴുതറകളുടെ മുക്കാൽ ഭാഗവും മണ്ണിനടിയിലാണ് കാണപ്പെടുന്നത്. ഉയർന്ന കുന്നിൻപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇത്തരം കല്ലറകൾ പരന്ന പാറപ്പുറത്ത് കൽഫലകങ്ങൾ ഉയർത്തിവച്ച നിലയിലുള്ളതാണ് ഇവയെ മുനിയറ (Dolman) എന്നു പറയുന്നു. സമതല പ്രദേശങ്ങളിൽ പാതി മണ്ണിൽ താഴ്ന്ന നിലയിലുള്ളവയെ പഴുതറ (Dolmanoid) എന്നും പൂർണ്ണമായും മണ്ണിനടിയിലുള്ളവയെ Burial Cist എന്നും പുരാവസ്തു ഗവേഷകർ നാമകരണം ചെയ്തിരിക്കുന്നു. കുറിഞ്ഞിയിൽ കാണപ്പെടുന്നത് Dolmanoid Cist ആണ്.
മൂന്നാറിൽ മറയൂർ പ്രദേശത്ത് കാണപ്പെടുന്നവ മുനിയറകളാണ്. സമീപകാലത്ത് സാമൂഹ്യ ദ്രോഹികളാൽ ഈ മുനിയറകൾ നശിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മറയൂർ പ്രദേശത്തെ മുനിയറകളും കടനാട് പ്രദേശത്ത് കണ്ടെത്തിയ കല്ലറ (Cist) കളും കുറിഞ്ഞിപ്രദേശത്തെ പഴുതറകളും തുടർച്ചയായ ഒരേ മനുഷ്യസംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രാചീന മനുഷ്യൻ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നു. മരിച്ചവരുടെ ആത്മാവിനു നാശമില്ല എന്നും അവരുടെ ഭൗതിക ശേഷിപ്പുകൾ കല്ലറകളിൽവച്ച് സൂക്ഷിക്കുന്നത് പൂർവ്വികരുടെ ആത്മാവിന്റെ സ്വാധീനം തങ്ങൾക്ക് ഗുണകരമായി തീരുന്നതിന് ആവശ്യമായി അവർ കരുതിയിരുന്നു. ഒരു തരത്തിലുള്ള ദേവതാ സങ്കല്പങ്ങളും ഉടലെടുക്കാതിരുന്ന അക്കാലത്ത് മനുഷ്യന്റെ എല്ലാ ആചാരാനുഷ്ടാനങ്ങളും ഈ സ്മാരകങ്ങളെ ചുറ്റിപ്പറ്റിയാകാം നടന്നിരുന്നത്. കേരളത്തിൽ ഇതുവരെ തുറന്നു പരിശോധിച്ചിട്ടുള്ള കല്ലറകളിൽ നിന്നും ഇരുമ്പ് ആയുധങ്ങളുടെ അവശിഷ്ടങ്ങളും കല്ലുമാലകളും മൺപാത്രങ്ങളും ചില പാത്രങ്ങളിൽ സൂക്ഷിക്കപ്പെട്ട അസ്ഥിക്കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉള്ളിൽ നീണ്ട ഒരു കൽബഞ്ചും അറയുടെ വശത്തായി ഒരു ദ്വാരവും ഇവയിൽ കണ്ടേക്കാം. പരേതാത്മാക്കൾക്ക് യഥേഷ്ടം കയറി ഇറങ്ങുന്നതിനാണ് ഈ ദ്വാരങ്ങൾ ഇട്ടിരിക്കുന്നത്.
ഒരു കാവിൽ ഇത്തരത്തിൽ ഒരു ഡസൻ പഴുതറകൾ കാണപ്പെടുന്നത് അപൂർവതയാണ്. കുറിഞ്ഞിപ്രദേശമാകെ ആദിമമനുഷ്യവാസത്തിന്റെ ലക്ഷണങ്ങൾ കാണുന്ന പ്രദേശമാണ്. ഭൂപ്രകൃതി തന്നെ അതിന് അനുഗുണമാണ്. ഉയർന്ന കുന്നിൻപ്രദേശങ്ങളും ജലസ്വാധീനമുള്ള താഴ് വരകളും ഇരുമ്പുയുഗത്തിലെ സംസ്കാരസമ്പന്നരായ ഒരു ഗോത്രജനതയുടെ കുടിയേറ്റത്തിന് ഇടയാക്കിയിട്ടുണ്ട്.

മെഡിറ്ററേനിയൻ പ്രദേശത്തു നിന്ന് ആരംഭിക്കുന്ന ദ്രാവിഡ ജനതയുടെ ദേശാന്തര പലായനങ്ങളുടെ ഏതോ ചരിത്രസന്ധിയെയാണ് കാണപ്പെടുന്നവയിൽ ആദ്യത്തെ മനുഷ്യനിർമ്മിത സൃഷ്ടികൾ ആയി കരുതാവുന്ന ഈ സ്മാരകശിലകൾ ഉയർത്തിക്കാട്ടുന്നത്. പൂർവ്വിക ആരാധനയുടെ പാരമ്പര്യവഴികൾ മലയാളികൾക്ക് പകർന്നുകിട്ടിയത് ഇതിലൂടെയാകാം.

കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായി "കുറിഞ്ഞിക്കര കാവും" പരാമർശിക്കപ്പെടുന്നുണ്ട്. പിൽക്കാലത്ത് കാവുകൾ ക്ഷേത്രാരാധനാ സമ്പ്രദായത്തിലേയ്ക്ക് മാറിയപ്പോൾ കാവിന് ഇത്തരത്തിലുള്ള പ്രാധാന്യം കൈവന്നതാകാം. നിരവധി ആചാരാനുഷ്ടാനങ്ങൾ ഈ കാവുമായി ബന്ധപ്പെട്ട് ഉണ്ട്. പുരുഷന്മാർ ഏന്തുന്ന താലം അതിലൊന്നാണ്. പഴുതറകൾ കടന്ന് കാവിനുള്ളിൽ പ്രവേശിക്കുമ്പോൾ വനദുർഗ്ഗ ക്ഷേത്രം കാണാം. അപൂർവ്വമായ സസ്യലതാദികളോടു കൂടിയ കാവിൽ നിരവധി വൻവൃക്ഷങ്ങൾ കരിഞ്ഞുണങ്ങിയും വീണു ദ്രവിച്ചുമൊക്കെ കാണാം. വലിയ വള്ളികൾ പിണഞ്ഞു കയറിയ വൻവൃക്ഷങ്ങൾ! ഇഞ്ചവള്ളി പിണഞ്ഞു ചുറ്റിയാണ് മിക്ക മരങ്ങളും നാശത്തെ പ്രാപിക്കുന്നത്. ''കൽമാണിക്യം" അത്യപൂർവ്വ വൃക്ഷമാണ് ഈ കാവിന്റെ പ്രത്യേകത! മറ്റൊരിടത്തും ഈ വൃക്ഷം കാണപ്പെടുന്നില്ലത്രേ. ശിഖരങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.

നിർദ്ദിഷ്ട ശബരിപാതയ്ക്കായി പ്രാഥമിക സർവ്വേ നടത്തിയത് കാവിനുള്ളിലൂടെയാണ്. റെയിൽപാത വരുന്നതോടെ കാവ് നശിപ്പിക്കപ്പെടും എന്നതിൽ കുറിഞ്ഞി നിവാസികൾ ആശങ്കാകുലരാണ്. കോട്ടമല തുരന്നാണ് കാവിലേയ്ക്ക് പാത നിശ്ചയിച്ചിരിക്കുന്നത്. പാരിസ്ഥിതികമായി നിരവധി പ്രശ്നങ്ങൾ കോട്ടമലയുടെ നാശത്തോടെ ഉണ്ടാകും എന്നതുപോലെ തന്നെ പ്രാചീന മനുഷ്യസംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന കാവും തകർക്കപ്പെടും എന്നത് ഗൗരവതരമായി കാണേണ്ടതും മറ്റു പരിഹാരങ്ങൾ തേടേണ്ടതുമാണ്.

കടപ്പാട്