2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

കോട്ടയം തളിയിൽ ക്ഷേത്രം




കോട്ടയം തളിയിൽ ക്ഷേത്രം 
പഴയ കോട്ടയം നഗരത്തിന്റെ തിലകക്കുറിയായി തളിക്കുന്നിന്റെ നിറുകയിൽ കൈലാസതുല്യമായി ശോഭിക്കുന്ന പുരാതന ക്ഷേത്രമാണ് കോട്ടയം തളിയിൽ മഹാദേവക്ഷേത്രം. വടക്കും തെക്കും പടിഞ്ഞാറും പ്രായേണ ചെരിവും കിഴക്കോട്ട് നിരപ്പുമായാണ് ഈ കുന്നിന്റെ ഘടന. പടിഞ്ഞാറുഭാഗത്തായി കുന്നിന്റെ പാദം സ്പർശിച്ച് ഗംഗാതുല്യയായ ഗൗണാനദി (മീനച്ചിലാർ) ഒഴുകുന്നു. കൈലാസത്തിൽ പശ്ചിമദിക്കിനെ ദർശനമാക്കി പരമേശ്വരൻ ഉപവിഷ്ടനായിരിക്കുന്നതു പോലെ തളിയിൽ ക്ഷേത്രത്തിലും ദേവൻ പശ്ചിമദർശനമായി ഭവിക്കുന്നു.
5-6 നൂറ്റാണ്ടുകളോടെ മലയാളദേശത്തെത്തിയ ആര്യബ്രാഹ്മണർ (നമ്പൂതിരിമാർ) തങ്ങളുടെ ബുദ്ധിപരമായ സ്വാധീനമുപയോഗിച്ച് നാടുവാഴികളെ വരുതിലാക്കുകയും കേരളത്തിലാകെ 32 ഗ്രാമങ്ങൾ സ്ഥാപിച്ച് ക്രമേണ ഭൂമി മേലുള്ള സ്വാധീനവുമുറപ്പിക്കുകയുമുണ്ടായി. ജാത്യാചാരങ്ങൾ അടിച്ചേൽപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയെ കേരളത്തിൽ നടപ്പിലാക്കാനും പ്രധാന അധികാരശക്തിയാകാനും അവർക്ക് മൂന്നോ നാലോ നൂറ്റാണ്ടുകൾകൊണ്ട് സാധിച്ചു.
ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരവാഴ്ചക്കാലത്ത് ചേരമാൻ പെരുമാൾ അഥവാ കുലശേഖര കോയിലധികാരികൾ എന്ന പദവിയോടെ ചക്രവർത്തിയെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ വാഴിക്കുന്ന ചടങ്ങ് മഹോദയപുരത്ത് ( കൊടുങ്ങല്ലൂർ) നടന്നിരുന്നു. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയ തളി എന്നീ തളികളിൽ ചേർന്ന ബ്രാഹ്മണ പണ്ഡിതന്മാർ ആയിരുന്നു പെരുമാളെ തെരഞ്ഞെടുത്തിരുന്നത്. അവരെ തളിയാർമാർ എന്നും അവരിൽ മുഖ്യനെ തളിയാതിരി എന്നും വിളിച്ചിരുന്നു. പതിനെട്ടു നാട്ടുരാജ്യങ്ങളെയും തങ്ങളുടെ വരുതിയിൽ നിർത്താനാണ് പ്രതിപുരുഷനായി പെരുമാളെ അവർ നിശ്ചയിച്ചത്. എന്നാൽ ചില പെരുമാക്കന്മാർ അവർക്ക് വിരുദ്ധമായ വിശ്വാസരീതികളിലേയ്ക്ക് പോയത് പെരുമാൾ വാഴ്ചയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ബ്രാഹ്മണരിൽ പ്രചോദനമുണ്ടാക്കി.
നാട്ടുരാജ്യങ്ങളിലുൾപ്പെട്ട ബ്രാഹ്മണഗ്രാമങ്ങളിൽ ശക്തികേന്ദ്രീകരിച്ച് അതത് നാട്ടുരാജ്യങ്ങളുടെ ആസ്ഥാനത്ത് തളിസ്ഥാനങ്ങൾ സ്ഥാപിക്കാൻ ശ്രമങ്ങളാരംഭിച്ചു. അങ്ങനെ അധികാര വികേന്ദ്രീകരണം സാധ്യമായതോടെ അവസാന ത്തെ പെരുമാളെ AD 1103ൽ പുറത്താക്കി ചക്രവർത്തിവാഴ്ച അവസാനിപ്പിച്ചു.
തളികൾ എന്നാൽ ക്ഷേത്രങ്ങൾ എന്നാണ് പൊതു അർത്ഥമെങ്കിലും തളികളുടെ ചരിത്രപരമായ പ്രത്യേകത ബ്രാഹ്മണ അധികാരസ്ഥാനങ്ങൾ എന്നതാണ്. തളികളുടെ സമീപത്തായി നമ്പൂതിരിഗൃഹങ്ങൾ ഉണ്ടാകണമെന്നില്ല. വേദശാസ്ത്ര പാരംഗദന്മാരായ തളിയാർമാർ ദീക്ഷ സ്വീകരിച്ച് തളികളിലെ ശാലകളിൽ വസിക്കുകയും കളങ്ങളിൽ ഇരുന്ന് വ്യവഹാര - വിചാരിപ്പുകൾ സാധ്യമാക്കിയും വന്നു. നാടുവാഴികൾ ഇവരുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് ഭരണം നടത്തി.
കൊടുങ്ങല്ലൂരെ നാങ്കുതളികൾ പതിനെട്ടര തളികളായി വികസിച്ചപ്പോൾ വെമ്പലനാട്ടിലെ കടുത്തുരുത്തിയിലും മുഞ്ഞു നാട്ടിലെ കോട്ടയത്തും ഓരോ തളികൾ സ്ഥാപിതമായി. പത്താം നൂറ്റാണ്ടിലോ പതിനൊന്നാം നൂറ്റാണ്ടിലോ ഇത് സംഭവിച്ചിട്ടുണ്ട്. കിടങ്ങൂർ, ഏറ്റുമാനൂർ ബ്രാഹ്മണ ഗ്രാമങ്ങളിലെ തളിയാർമാരാണ് കടുത്തുരുത്തിയിലെ വിചാരിപ്പുകാരെങ്കിൽ കുമാരനല്ലൂർ, കാടമുറി ഗ്രാമങ്ങളിൽ നിന്നുള്ള തളിയാർമാരായിരുന്നു കോട്ടയം തളിയിൽ ഉണ്ടായിരുന്നത്. അക്കാലത്ത് മുഞ്ഞനാട്ടു വാഴുന്ന ആദിച്ചൻകോതയ്ക്ക് ഭരണോപദേശം നടത്തിയിരുന്നത് കോട്ടയം തളിയിലെ തളിയാതിരി ആയിരുന്ന ഒരു ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആയിരുന്നു.തമ്പ്രാക്കൾ മുഞ്ഞിനാട്ട് വാഴുന്നവരുടെ സഹോദരിയെ സംബന്ധം ചെയ്തിരുന്നതായും വാമൊഴിചരിത്രമുണ്ട്.
ശിവക്ഷേത്രം എല്ലാ തളികളുടേയും ഭാഗമായിരുന്നു. ഭരണസംബന്ധമായ എല്ലാ തീരുമാനങ്ങളുടെയും തുല്യംചാർത്തൽ ക്ഷേത്രസന്നിധിയിൽവച്ച് ആയിരുന്നു. അക്കാലത്ത് മണ്ണ് മെഴുകി നിർമ്മിച്ച് ഓല മേഞ്ഞതായിരിക്കാം ശ്രീകോവിലും ശാലയും കളങ്ങളുമെല്ലാം. തളി സ്ഥാപിക്കപ്പെടുംമുമ്പ് ഇവിടെ ഒരു വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ തെക്കുംകൂർ രാജവംശം തങ്ങളുടെ ആസ്ഥാനം വെന്നിമലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റുന്നതോടെയാണ് കോട്ടയം തളി രാജകീയക്ഷേത്രമാകുന്നത്. അതിനു മുമ്പുതന്നെ ബ്രാഹ്മണരുടെ തളിസ്ഥാനം എന്തുകൊണ്ടോ അപ്രധാനമായി മാറുകയും അവർ തളി ഉപേക്ഷിച്ചു പോകുകയും ചെയ്തു. ആ സ്ഥാനത്താണ് തെക്കുംകൂർ എത്തി അധികാരം കയ്യാളുന്നത്.
AD 1410 നോടടുത്ത് തെക്കുംകൂറിലെ വീരകേരളവർമ്മ തളിക്ഷേത്രം ഇന്നു കാണുന്ന നിലയിൽ പുതുക്കിപ്പണിത് കോവിലകങ്ങൾ ക്ഷേത്രത്തിന്റെ വടക്കു കിടക്കുഭാഗങ്ങളിൽ നിർമിച്ച് ഭരണവാഴ്ച തുടങ്ങി. ആറന്മുള മുതൽ കാണക്കാരി വരെയും സഹ്യൻ മുതൽ വേമ്പനാട്ടു കായൽ വരെയും വിരിഞ്ഞുകിടന്ന ഭൂഭാഗമായിരുന്നു അന്നത്തെ തെക്കുംകൂർ രാജ്യം. അതിന്റെ തലസ്ഥാനം തളീക്കോട്ടയും. ക്ഷേത്രവും കോവിലകവും ഉള്ളിൽ വരുന്നതുപോലെ കുന്നിനു ചുറ്റും ആറു കൊത്തളങ്ങളോടുകൂടിയ കോട്ടയും തെക്കുംകൂർ രാജാവ് കെട്ടിപ്പടുത്തു. ക്ഷേത്രനിർമിതിയ്ക്കായി കൊടുങ്ങല്ലൂർനിന്ന് വരുത്തിയ മരയാശാരിമാരെ തിരുനക്കര സ്വാമിയാർ മഠത്തിനടുത്ത് വസിപ്പിച്ചു അവർ മഠത്തിങ്കൽ കുടുംബക്കാർ എന്നറിയപ്പെട്ടു. കൊട്ടാരം സ്ഥപതികൾ ഈ കുടുംബക്കാരായിരുന്നു. ഇടപ്പള്ളിയിൽനിന്നു വന്ന കല്പണിക്കാരാണ് ക്ഷേത്രനിർമ്മിതിയിൽ തങ്ങളുടെതായ പങ്ക് നിർവഹിച്ചത്. കിഴക്കേടത്ത്, നടുവിലേടത്ത് എന്നീ കുടുംബങ്ങളിലായി കാരാപ്പുഴ, പുത്തനങ്ങാടി, തൃക്കോതമംഗലം പ്രദേശങ്ങളിൽ ഇന്നും അവർ വസിക്കുന്നു.
AD 1419ൽ പൂഞ്ഞാർ രാജ്യം എലുക തിരിച്ച് എഴുതിക്കൊടുക്കുന്ന കരാർ തുല്യം ചാർത്തുന്നത് ക്ഷേത്രസന്നിധിയിൽ വച്ചാണ്. അതിൻ പ്രകാരം തിടനാടിന് കിഴക്കുള്ള തെക്കംകൂറിന്റെ അധികാരം പൂർണ്ണമായും പൂഞ്ഞാർ രാജവംശത്തിലേയ്ക്ക് മാറി.
പതിനഞ്ചാം നൂറ്റാണ്ടു മുതൽ AD 1750 വരെ കോട്ടയം ആസ്ഥാനമായി തുടർന്ന തെക്കുംകൂർ രാജവംശത്തിലെ പന്ത്രണ്ടോളം രാജാക്കന്മാരുടെ അരിയിട്ടു വാഴ്ച ചടങ്ങുകൾ ഈ ക്ഷേത്രത്തിലാണ് നടന്നത്.
തിരുവിതാംകൂറിലെ സൈന്യം രാമയ്യൻ ദളവയുടെയും ഡിലനായിയുടെയും നേതൃത്വത്തിൽ തളിക്കോട്ട കയ്യേറി രാജ്യം പിടിച്ചെടുത്തെങ്കിലും ക്ഷേത്രത്തെ നശിപ്പിച്ചില്ല. ക്ഷേത്രത്തോടു ചേർന്ന ഇടത്തിൽ കോവിലകങ്ങൾ ഇടിച്ചുനിരത്തി തീയിട്ടു.തെക്കുംകൂർ രാജാവും കുടുംബവും കോഴിക്കോട്ട് സാമൂതിരിയുടെ പക്കൽ അഭയം തേടിയെങ്കിലും പിൽക്കാലത്ത് തിരുവിതാംകൂറിലെ -ധർമ്മരാജാവ് ശേഷിച്ചവരെ തിരികെ വിളിച്ച് നട്ടാശ്ശേരിയിൽ കോവിലകം നിർമ്മിച്ച് കുടിയിരുത്തി. അവരുടെ പിൻഗാമികൾ ഇന്നും അവിടെ വസിക്കുന്നുണ്ട്.
തളിയിൽ ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറായിട്ടാണ് എന്ന് പറഞ്ഞുവല്ലോ. പടിഞ്ഞാറ് ദർശനമായ ശിവക്ഷേത്രങ്ങളുടെ പ്രതിഷ്ഠയ്ക്ക് ശക്തിയേറുമെന്ന് താന്ത്രികമതം! അതിനാൽ കുന്നിൻ മുകളിലോ കുഴിയിലോ ആയേ പടിഞ്ഞാറു ദർശനമായി ശിവക്ഷേത്രം വരാറുള്ളൂ ഏറ്റുമാനൂരിൽ നോക്കുക. ക്ഷേത്രം താഴ്ന്ന സ്ഥലത്താണ്. ദർശനം മുന്നിലെ ഭൂമിയിൽ തന്നെ പതിച്ചു നിർവീര്യമാകുന്നുവെന്ന് വിശ്വസിക്കുന്നു.
ഏറ്റുമാനൂരിലേ പോലെ കോട്ടയം തളിയിലും ബൃഹദാകാരമായ ശിവലിംഗമാണ് പ്രതിഷ്ഠ. അഘോരമൂർത്തി എന്ന സങ്കല്പം. മഹാതപസ്വി ആയതിനാൽ പാർവതി ഒപ്പമില്ല. എങ്കിലും ശ്രീചക്രം അടുത്തുതന്നെ പൂജിക്കപ്പെടുന്നു. ഗണപതിയും ശാസ്താവും ശ്രീകോവിലിൽ തന്നെ ഒപ്പമുണ്ട്. പ്രധാന ഉപദേവത തെക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ചെറുവള്ളിക്കാവിൽ ഭദ്രകാളിയാണ്. മഹേശപുത്രിയായ ചെറുവള്ളിക്കാവിലമ്മ ദാരുശില്പരൂപത്തിൽ ക്ഷേത്രസങ്കേതത്തിന്റെ അഗ്നികോണിലുള്ള ഉപദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പാളയത്തിൽ നിന്ന വരിക്കപ്ലാവിന്റെ കാതലിൽ നിർമ്മിച്ച ദേവീബിംബത്തിന് ചാന്താട്ടമാണ് പ്രധാനം.
പൊൻകുന്നത്തുനിന്നും മണിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രമാണ് ചെറുവള്ളി ക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം. തെക്കുംകൂർ രാജാക്കന്മാർ പല കാലഘട്ടങ്ങളിലായി അവിടെ നിന്നും നാന്ദകയിൽ ആവാഹിച്ച് വിവിധ "ഇടങ്ങളിൽ " പ്രതിഷ്ഠിച്ചാണ് മറ്റു ചെറുവള്ളിക്കാവുകളും വന്നത്.
തളിപ്പറമ്പു രാജരാജേശ്വര ക്ഷേത്രത്തിന്റെ രൂപസാന്ദശ്യം ശ്രീകോവിലിനുണ്ട്. ശ്രീകോവിലിനു ചുറ്റും ചുവർ ചിത്രങ്ങളാൽ അലംകൃതമാണ്. രാമായണ ദൃശ്യങ്ങൾ, മറ്റു ദേവീദേവന്മാർ എന്നീ ചിത്രീകരണങ്ങൾ കൂടാതെ ഗ്രാമീണ ദൃശ്യങ്ങൾ, ക്ഷേത്ര ചടങ്ങുകൾ എന്നിവയൊക്കെ ചുവർ ചിത്രങ്ങളിൽ കാണാം: മൂന്നു വശത്തും മൂന്നു ചിത്രകാരൻമാരാണ് വരച്ചിരിക്കുന്നത്. ഇവിടുത്തെ തനതായ ശൈലി" വേമ്പനാട് "ശൈലി എന്നാണ് അറിയപ്പെടുന്നത്. തൃക്കൊടിത്താനം, ആർപ്പുക്കര, മാങ്ങാനം ക്ഷേത്രങ്ങളുടെ ശൈലിയും ഇതു തന്നെയാണ്. ഇവിടെ നിന്നാണ് ഈ ശൈലി രൂപമെടുക്കുന്നത്. ചിത്രങ്ങൾ ഒട്ടുമുക്കാലും മാഞ്ഞ് നാശത്തോടടുക്കുകയാണ്. ഇത് സംരക്ഷിക്കാനായി ഒരു നടപടികളും ഒരു ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടല്ല. ക്ഷേത്ര ശ്രീകോവിലിന്റെ വടക്കേ ഭിത്തിയിൽ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരു മുഹമ്മദീയന്റെയും ആനപ്പുറത്ത് സഞ്ചരിക്കുന്ന ബൗദ്ധന്റെയും ചിത്രം ശ്രദ്ധയാകർഷിക്കുന്നു. അതുപോലെ തെക്കുംകൂർ രാജാവിന് ഉപദേശം നൽകുന്ന ശിവയോഗിയെ തെക്കേ ചുമരിലും വരച്ചിരിക്കുന്നതും കാണാം. കോട്ടയം ചെറിയപള്ളിയിൽ കാണുന്ന ചുവർചിത്രങ്ങളുടെ രചനയിൽ ഇവിടുത്തെ കലാകാരന്മാരുടെയും സാങ്കേതിക സഹായം ലഭിച്ചിരുന്നു.
ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി ആഴത്തിലുള്ള ഒരു കുളമുണ്ട്. കൊക്കരണി എന്ന ഈ കുളത്തിലേയ്ക്ക് പടവുകൾ ഉണ്ട്. പടവുകൾ താണ്ടി താഴെയെത്തിയാൽ പടിഞ്ഞാറുവശത്തായി തുരങ്കപ്പാതയുടെ മുഖം കാണാം. ഇപ്പോൾ അത് അടയ്ക്കപ്പെട്ടിരിക്കുന്നു. തെക്കുംകൂർ കാലഘട്ടത്തിൽ അടിയന്തിര ഘട്ടത്തിൽ രാജകുടുംബാംഗങ്ങൾക്ക് രക്ഷപെടാൻ നിർമ്മിച്ച ഈ തുരങ്കം നാലു ദിക്കിലേയ്ക്കും ജലാശയങ്ങളിലേയ്ക്ക് നീണ്ടുപോകുന്നതായി പണ്ടുള്ളവർ പറഞ്ഞു കേൾക്കുന്നു. ഇതുവരെയും പുരാവസ്തു പഠനങ്ങളൊന്നും നടന്നിട്ടില്ല.
ക്ഷേത്രത്തിനകത്ത് തന്നെയാണ് കൂത്തുമണ്ഡപം. രാജവാഴ്ചക്കാലത്ത് സ്ഥിരമായി ഇവിടെ കൂത്തു നടന്നിരുന്നു. തെക്കുംകൂർ രാജാവായ കേരളര് കോതവർമ്മര് AD1661ൽ നടയ്ക്കു വച്ച മിഴാവ് ഉപയോഗശൂന്യമാണെങ്കിലും സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഈ മിഴാവിൽ കുഞ്ചൻനമ്പ്യാർ വായിച്ചിട്ടുള്ളതായി കരുതുന്നു. ചെറുപ്പകാലത്ത് തെക്കുംകൂർ രാജാവിനെ മുഖം കാണിച്ച് നമ്പ്യാർ പൊതിയിൽ ചാക്യാർക്കൊപ്പം തിരുനക്കരയിലും തളിയിലും അടിയന്തിരക്കൂത്തിൽ സംബന്ധിച്ചിരുന്നതായും അക്കാലത്ത് കോടിമതയിലെ ഒരു നമ്പ്യാർ മഠത്തിലാണ് മഹാകവി താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.
വിഷുവിന് കൊടിയേറി പത്തു ദിവസമാണ് ഇവിടെ ഉത്സവം പത്താമുദയദിവസം വൈകിട്ട് ആറാട്ട്. താഴത്തങ്ങാടിയിലെ കളപ്പുരക്കടവിലാണ് ആറാട്ട്. ശിവരാത്രിയും പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. കൂടാതെ പ്രദോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
എല്ലാ ശിവക്ഷേത്രങ്ങൾക്കും സമീപം അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രം ഉണ്ടാകാറുണ്ട്. ഇവിടെയും അതുപോലെ തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രം അടുത്തായി സ്ഥിതി ചെയ്യുന്നു. ഗൗഡസാരസ്വത സമൂഹത്തിന്റെ ആരാധനാകേന്ദ്രമാണിത്. ഇവിടുത്തെ ഉത്സവം തളിയിലെ ഉത്സവകാലത്തു തന്നെ കൊടിയേറി പത്തു ദിവസമാണ്.