2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പ്രാണദേവത



പ്രാണദേവത

പ്രജാപതിയുടെ മക്കളില്‍ ദേവന്മാരും അസുരന്മാരും പ്രബലരായിരുന്നു. ഈ രണ്ടു കൂട്ടരും ഒരു പിതാവിന്റെ മക്കളെങ്കിലും എന്നും പരസ്പരം എതിരിട്ടു പോന്നു. എന്തു കാര്യത്തിലും ഒരു കലഹം പതിവാണ്. ചെറിയൊരു അവസരം കിട്ടിയാല്‍ മതി. അന്യോന്യം പോരാട്ടം തുടങ്ങും. ഒന്നിലും ഒരു സ്വരച്ചേര്‍ച്ചയില്ല. എപ്പോഴും എതിരാണ്. പകയും വിദ്വേഷവുമുണ്ട്. സഹോദരങ്ങളെങ്കിലും എതിരാളികളായിപ്പോയി. കാലം കഴിയുന്തോറും ദേവാസുരന്‍മാരിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്നു. എങ്കിലും ദേവന്മാര്‍ എല്ലായിടത്തും ശാസ്ത്രാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ശാസ്ത്രവിധിയ്ക്കനുസരിച്ച് കര്‍മ്മജ്ഞാനങ്ങളാല്‍ ഭാവിതരായി പ്രവര്‍ത്തിച്ചതിനാല്‍ ദേവന്മാരില്‍ ധര്‍മ്മം വര്‍ദ്ധിച്ചു. അവര്‍ക്ക് ദിവ്യത്വം ഏറിവന്നു. അനുദിനം ഉത്കര്‍ഷമുണ്ടായി. സദ്ഗുണങ്ങള്‍കൊണ്ട് ദേവന്മാരില്‍ ദൈവീസമ്പത്ത് അധികരിച്ചു. മനുഷ്യര്‍ ദേവന്മാര്‍ ദേവന്മാരെ ആശ്രയിക്കാന്‍ തുടങ്ങി.

എന്നാല്‍ അസുരന്മാര്‍ അങ്ങനെയായിരുന്നില്ല. താല്ക്കാലിക വിജയം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനുവേണ്ടി മിക്കപ്പോഴും ശാസ്ത്രവിധിയെ നിഷേധിക്കേണ്ടി വന്നിട്ടുണ്ട് ധര്‍മ്മത്തെ വെടിയുകയും അധര്‍മ്മത്തിലൂടെ കര്‍മ്മങ്ങളെ അമുഷ്ഠിക്കുകയും ചെയ്യേണ്ടിവന്നു. ശാസ്ത്രവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അസുരന്മാരില്‍ അധര്‍മ്മം വര്‍ദ്ധിച്ചു. മിക്ക ദുര്‍ഗുണങ്ങളും അവര്‍ക്കുണ്ടായി. അവര്‍ ആശ്രയിച്ച മനുഷ്യരിലും ആസുരീസമ്പത്ത് നിറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് നിരന്തരം അധോഗതിയുണ്ടായി.
ക്രമേണ മനുഷ്യരില്‍ ദേവാസുരസ്വഭാവങ്ങള്‍ സാമ്യാവസ്ഥയില്‍ നിലനിന്നു.
കാലം കടന്നുപോയി. ദേവന്മാര്‍ എണ്ണത്തിലും ബലത്തിലും കുറവുള്ളവരായി. അതേസമയം അസുരന്മാരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. ബലത്തില്‍ ദേവന്മാരേക്കാള്‍ ശക്തരായി. എങ്കിലും ധാര്‍മ്മികവും ആത്മീയവുമായ ഒരു ദിവ്യശക്തി എപ്പോഴും ദേവന്മാര്‍ക്ക് സ്വന്തമായിട്ട് ഉണ്ടായിരുന്നു. അതിനാല്‍ ദേവന്മാരെ ചെറുത്തു നശിപ്പിക്കാന്‍ അസുരന്മാര്‍ക്ക് പൂര്‍ണ്ണമായി സാധിച്ചില്ല.
ഇരുകൂട്ടരും ലോകങ്ങള്‍ക്കുവേണ്ടി പരസ്പരം പോരാട്ടങ്ങള്‍ നടത്തിപ്പോന്നു.
ഒരിക്കല്‍ ദേവന്മാരെല്ലാം ഒത്തുകൂടി. എല്ലാവര്‍ക്കും ഒരേ ഒരു വിചാരം മാത്രം. എങ്ങനെയും അസുരന്മാരെ പരാജയപ്പെടുത്തണം. അവര്‍ അടുത്ത കാലത്തായി എണ്ണത്തിലും ശക്തിയിലും അഹങ്കരിക്കുകയാണ്. ലോകങ്ങളില്‍ അധാര്‍മ്മികത പെരുകുന്നു. ധര്‍മ്മത്തിന് നിലനില്പില്ല. എത്രയും വേഗംഅസുരഗണത്തെ നശിപ്പിക്കണം. പക്ഷേ എങ്ങനെ?
പല ഉപായങ്ങളും പലരും നിര്‍ദ്ദേശിച്ചു. നേരിട്ട് സര്‍വ്വ ശക്തിയും സംഭരിച്ച് യുദ്ധം ചെയ്യണമെന്നായിരുന്നു മിക്ക ദേവന്മാരും ആദ്യം അഭിപ്രായംപ്രകടിപ്പിച്ചത്. യുദ്ധത്തില്‍ അസുരന്മാരെ പരാജയപ്പെടുത്താനാവില്ലെന്ന് ദേവന്മാര്‍ക്ക് ബോധ്യമായി. അത്രയധികം വലിയ സൈന്യമാണ് അസുരന്മാരുടേത്. സാമര്‍ത്ഥ്യവും വര്‍ദ്ധിച്ചിരിക്കുന്നു.
“എണ്ണത്തിലും ശക്തിയിലും ദേവന്മാരായ നമ്മള്‍ അസുരന്മാരുടെ മുമ്പില്‍ അല്പന്മാരായിരുന്നു. അതിനാല്‍ ഇപ്പോള്‍ നമുക്ക് യജ്ഞയാഗാദികള്‍ അനുഷ്ഠിച്ച് അനുസരന്മാരെ പരാജയപ്പെടുത്തുക മാത്രമാണ് ഏകമാര്‍ഗ്ഗം.”
“ശരിയാണ്. ദിവ്യങ്ങളായ യജ്ഞത്തിന്റെ സഹായം കൊണ്ട് നമുക്ക് തീര്‍ച്ചയായും അസുരന്മാരെ നിശ്ശേഷം നശിപ്പിക്കാം. യജ്ഞത്തിന്റെ അപൂര്‍വ്വശക്തിക്കുമുമ്പില്‍ അസുരപ്പട പരാജയപ്പെടും.”
“എങ്കില്‍ ഏതു യജ്ഞമാണ് നാം അനുഷ്ഠിക്കേണ്ടത് എന്നു ചിന്തിക്കണം.”
“സ്വാഭാവികമായ കര്‍മ്മജ്ഞാനങ്ങള്‍ക്ക് പ്രാബല്യം കൊടുക്കണം. ജ്യോതിഷ്ടോമയാഗം തീര്‍ച്ചയായും അനുഷ്ടിക്കണം. കര്‍മ്മാംഗഭൂതമായ ഉദ്ഗീഥത്തില്‍ പ്രാണനെ കര്‍ത്താവായി ആശ്രയിക്കണം. ഉപാസനാ സഹിതമായ കര്‍മ്മത്തിന് ശക്തിയേറിയ ഫലമുണ്ടാകും. മന്ത്രജപമാകുന്ന കര്‍മ്മവും അനുഷ്ഠിക്കണം. ഈ മഹായജ്ഞത്തില്‍ ഉദ്ഗീഥത്തിലൂടെ നമുക്ക് അസുരന്മാരെ ജയിക്കാം.”
യജ്ഞം നിശ്ചയിക്കപ്പെട്ടു. ദേവന്മാര്‍ യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജ്യോതിഷ്ടോമയാഗം ആരംഭിച്ചു.
ദേവന്മാര്‍ വാഗഭിമാനിദേവതയെ യാഗവേദിയിയിലേക്ക് ക്ഷണിച്ചു വാക്കിനോട് ദേവന്മാര്‍ നിര്‍ദ്ദേശിച്ചു.
“വാഗ്ദേവതേ, ഈ യജ്ഞത്തില്‍ നീ ഞങ്ങള്‍ക്കുവേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം. ഇതു നിമിത്തം വാഗാദി ഇന്ദ്രിയങ്ങള്‍ ശുദ്ധമാകും. നിനക്കും ഞങ്ങളെപ്പോലെ ദേവത്വം ലഭിക്കും. ഈ യജ്ഞത്തിന്റെ പരിശുദ്ധി വാക്കാകുന്ന നിന്നില്‍ നിന്നുണ്ടാകട്ടെ. മന്ത്രങ്ങളുടെ വിശുദ്ധിയില്‍ ലോകങ്ങളെല്ലാംപവിത്രമാകട്ടെ. ആസുരതകള്‍ നശിക്കട്ടെ.”
ദേവന്മാരുടെ അപേക്ഷ വാഗ്ദേവത സ്വീകരിച്ചു.
“ശരി. അങ്ങനെയാകട്ടെ ഈ യാഗത്തിന്റെ വിജയം എന്നിലൂടെയുള്ള മന്ത്രങ്ങളുടെ ഉദ്ഗാനമായിരിക്കുമെന്നു വിശ്വസിക്കുക.” തികഞ്ഞ പരിശുദ്ധിയോടെ വാഗ്ദേവത യാഗത്തിന്റെ ഉദ്ഗാതാവായി. യാദവേദിയില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് പ്രവേശിച്ച വാഗ്ദേവത ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗാനം ആരംഭിച്ചു.
യാഗം നടത്തുന്നത് ആരാണോ അവര്‍ യാഗത്തിന്റെ ‘യജമാനന്‍’ എന്നറിയപ്പെടുന്നു. യാഗത്തിന്റെ പൂര്‍ണ്ണ ചെലവുകളും യജമാനന്റെ വകയാണ്. യാഗത്തില്‍ നിന്നുണ്ടാകുന്ന പ്രധാന ഫലവും യജമാനന് അനുഭവിക്കാനിടവരും.
യാഗത്തിന്റെ നടപ്പിന് നാലുവിധത്തിലുള്ള ആചാര്യന്മാരെ യജമാനന്‍ വരിക്കണം. ഹോതാവ്, ഉദ്ഗാതാവ്, അധ്വുര്യു, ബ്രഹ്മന്‍ എന്നിങ്ങനെയാണ് ആ നാലുവിധ ആചാര്യന്മാരും അറിയപ്പെടുന്നത്. ദേവതകളെ ഉദ്ദേശിച്ചു കൊണ്ടുള്ള വിശിഷ്ടദ്രവ്യങ്ങളുടെ ത്യാഗമാണ് യാഗത്തിന്റെ മുഖ്യകര്‍മ്മങ്ങളില്‍ പ്രാധാന്യമേറിയത്. യാഗത്തിലെ നാലുവിധ ആചാര്യന്മാര്‍ക്കും പ്രത്യേകം കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. യാഗത്തില്‍ വേദമന്ത്രങ്ങള്‍കൊണ്ട് ദേവതയെ ആഹ്വാനം ചെയ്യുകയാണ് ഹോതാവിന്റെ പ്രധാന ചുമതല. യജമാനനുവേണ്ടി യാഗദേവതകളെ ക്ഷണിക്കുകയും സ്തുതിക്കുകയും പ്രീതരാക്കുകയും ചെയ്യുവാന്‍ മന്ത്രങ്ങളെ ശസ്ത്രീയമായി ഉദ്ഗതാവ് ഗാനം ചെയ്യുന്നു. യാഗാഗ്നിയില്‍ ദ്രവ്യങ്ങളെ ഹോമിക്കുന്നത് അധ്വുര്യുവാണ്. ബ്രഹ്മന്‍ എല്ലാത്തിന്റേയും മേല്‍ നോട്ടം വഹിക്കുകയും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.
യാഗത്തില്‍ പ്രയോഗിക്കുന്ന മന്ത്രങ്ങളുടെ പരിശുദ്ധി ഉദ്ഗാതാവിനെ ആശ്രയിച്ചിരിക്കും. വര്‍ണ്ണങ്ങളെ (മന്ത്രങ്ങളെ)വേണ്ടുംവണ്ണം ഉച്ചരിക്കുവാന്‍ അസാധാരണമായ കഴിവ് ആവശ്യമാണ്. വാഗ്ദേവതയുടെ ഈ കര്‍മ്മം യാഗത്തിന്റെ ഫലസിദ്ധിയ്ക്ക് അനിവാര്യമാണ്.
ദേവന്മാരുടെ യാഗം പുരോഗമിച്ചപ്പോള്‍ അസുരന്മാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടായി. അവര്‍ ഓരോരോ ദുര്‍ന്നിമിത്തങ്ങളെ കണ്ടുതുടങ്ങി. വലിയ ഒരാപത്ത് തങ്ങള്‍ക്കു വരുന്നതായി എല്ലാവര്‍ക്കും തോന്നി. അപ്രതീക്ഷിതങ്ങളായ പല അപകടങ്ങളും അവര്‍ക്കിടയില്‍ സംഭവിച്ചു. ദേഹാസ്വാസ്ഥ്യം ഏവര്‍ക്കുമുണ്ടായി. മനോധൈര്യം കുറഞ്ഞു. ഇന്ദ്രിയങ്ങള്‍ക്ക് ബലക്ഷയമുണ്ടായി.
യാഗാഗ്നി ആസൂരീയഭാവങ്ങളെ ഛിന്നഭിന്നമാക്കിത്തുടങ്ങി. യജ്ഞധൂപം സര്‍വ്വലോകങ്ങളിലേയ്ക്കും പടര്‍ന്നു. വാഗ്ദേവതയുടെ ഉദ്ഗീതഗാനത്തില്‍ ദിവ്യദേവതകളുണര്‍ന്നു.
അസുരന്മാര്‍ പാരവശ്യത്തോടെ ഒന്നു ചേര്‍ന്നു. ദേവന്മാര്‍ യാഗം ചെയ്യുന്ന വിവരം അവരറിഞ്ഞു. അവര്‍ക്ക് ആധി മുഴുത്തു. ഏതു യാഗമാണ് ദേവന്മാര്‍ തങ്ങള്‍ക്കെതിരെ അനുഷ്ഠിക്കുന്നതെന്ന് അവര്‍ അന്വേഷിച്ചു കണ്ടെത്തി. അതോടെ അവര്‍ ഞെട്ടി. അങ്കലാപ്പായി !
“എത്രയും വേഗം യാഗം മുടക്കണം!” മുറവിളി കൂട്ടിക്കൊണ്ട് അസുരന്മാര്‍ ഓടിക്കൂടി.
“ഈ ഉദ്ഗാതാവിനെക്കൊണ്ട് ദേവന്മാര്‍ നമ്മളെ പരാജയപ്പെടുത്തും. അതിനുമുമ്പ് യാഗം മുടക്കണം. യാജ്ഞശാലആക്രമിച്ച് ഇപ്പോള്‍ തന്നെ എല്ലാം തച്ചുതകര്‍ത്തു നശിപ്പിക്കണം.” ആസുരീയഭാവങ്ങള്‍ ആര്‍ത്തട്ടഹസിച്ചു. അവര്‍ ഒരാക്രമണത്തിന് പുറപ്പെടാന്‍ തിടുക്കം കൂട്ടി. പക്ഷേ ചിലര്‍ അത് വിലക്കി.
“പാടില്ല. യാഗശാലയില്‍ അതിക്രമം കാട്ടിയാല്‍ യജ്ഞദേവത നമ്മോട് കോപിക്കും. ആ കോപാഗ്നി നമുക്ക് വിനയായിത്തീരും. അതിനാല്‍ നമുക്ക് ഉദ്ഗാതാവിനെ മാത്രം ആക്രമിച്ചാല്‍ മതി. വാഗ്ദേവതയെ വധിക്കാനാകുകയില്ല. പക്ഷേ മന്ത്രങ്ങളെ തെറ്റിക്കണം. മന്ത്രപ്രയോഗങ്ങള്‍ പിഴയ്ക്കണം.”
“അതുതന്നെ നല്ലത്. നാം നേരിട്ടു പുറപ്പെടുകതന്നെ.”
“പക്ഷേ ഉദ്ഗാതാവിനെ എങ്ങനെ പരാജയപ്പെടുത്താനാകും” അസുരന്മാര്‍ ആലോചിച്ചു.
ഉദ്ഗീഥത്തില്‍ പന്ത്രണ്ട് സ്തോത്രങ്ങളുണ്ട് ഇവയില്‍ ആദ്യത്തെ മുന്നു മന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ഫലം യാഗത്തിന്റെ യജമാനനു ലഭിക്കും. ബാക്കി ഒമ്പതു സ്തോത്രങ്ങളില്‍, ശോഭനമായി വര്‍ണ്ണങ്ങളെ ഉച്ചരിക്കുക എന്ന ഫലത്തെ ഉദ്ഗാതാവ് തനിക്കുവേണ്ടി ചെയ്യുന്നു. ഇങ്ങനെ സ്വാര്‍ത്ഥമായും പരാര്‍ത്ഥമായും രണ്ടു ഭാവനകള്‍ ഉണ്ട്. ഇതില്‍ വാഗ്ദേവതയ്ക്ക് സ്വാര്‍ത്ഥത്തിലുള്ള അധിക താല്പര്യത്തെ അസുരന്മാര്‍ മനസ്സിലാക്കി. വാഗ്ദേവത മന്ത്രങ്ങളെ ഉദ്ഗാനം ചെയ്യുമ്പോള്‍ അതിന്റെ ഫലം ദേവന്മാര്‍ക്കും വാഗ്ദേവതയ്ക്കും ഉപകാരപ്രദമാകുന്നുണ്ട്. ശക്തമായ ഒരു അനുഭവഫലം യാഗത്തിന്റെ യജമാനന്മാരായ ദേവന്മാര്‍ക്കുണ്ട്. അതേസമയം ഉദ്ഗാനത്തെ ശോഭനമായി ചെയ്തതിലുള്ള ഒരു മഹാഫലം വാഗ്ദേവതയ്ക്കുമുണ്ട്. അതില്‍ ഒരു സ്വാര്‍ത്ഥലാഭമുണ്ട്.
വാഗ്ദേവതയുടെ ഈ സ്വാര്‍ത്ഥതയെ കണ്ടറിഞ്ഞ അസുരന്മാര്‍ നേരിട്ടുവന്നു. സ്വാര്‍ത്ഥരൂപമായ പാപത്തെ മാര്‍ഗ്ഗമാക്കിക്കൊണ്ട് ഉദ്ഗാതാവായ വാഗ്ദേവതയെ ആക്രമിച്ചു. പാപത്തിന്റെ ഫലം വാഗ്ദേവതയ്ക്ക് വിനയായി. അഭിനിവേശം കൊണ്ട് പെട്ടെന്ന് ഉദ്ഗാനത്തില്‍ നിന്ന് ശ്രദ്ധ മാറി. അതോടെ വാക്കുകള്‍ തെറ്റി. മന്ത്രം പഴച്ചു. അര്‍ത്ഥം മാറി. വാഗ്ദേവതയ്ക്ക് തെറ്റുപറ്റിയതോടെ ഉദ്ഗീഥം ഗാനം ചെയ്യുന്നത് അര്‍ത്ഥശൂന്യമായി. യാഗം ഫലമില്ലാതെയാകുമെന്നായി. പാപബാധയേറ്റ് വാഗ്ദേവത യാഗശാലയില്‍ നിന്നകന്നു. പാപം കൊണ്ട് വാക്ക് അശുദ്ധമായി. അതുവരെ ഒന്നായിരുന്ന വാക്ക് പാപത്തിന്റെ ഫലമായി രണ്ടായി മാറി. വാക്കുകൊണ്ട് അസത്യവും സത്യവും പറയാമെന്നായി. വാക്കുകള്‍ക്കുണ്ടായ ദോഷമാണ് അസത്യം പറയുക എന്നത്. ജനങ്ങള്‍ അസത്യം പറയാന്‍ തുടങ്ങിയത് ഇങ്ങനെയാണ്.
യാഗം മുടങ്ങാതിരിക്കാന്‍ ദേവന്മാര്‍ വേഗം ഘ്രാണാഭിമാനി ദേവതയായ മൂക്കിനെ സമീപിച്ചു. ഉദ്ഗീതം ഗാനം ചെയ്യാന്‍ വാക്കിന്റെ അഭാവത്തില്‍ മൂക്കിനെയാണ് അവര്‍ കണ്ടെത്തിയത്.
“നീ വേഗം ഞങ്ങള്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം.” ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചു.
“അങ്ങനെയാകട്ടെ” – ഘ്രാണേന്ദ്രിയം ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
ഘ്രാണേന്ദ്രിയത്തിനും സ്വാര്‍ത്ഥതയുണ്ടായിരുന്നു. ഘ്രാണം നിമിത്തം ഉണ്ടാകുന്ന അനുഭവം ദേവന്മാര്‍ക്കും ശോഭനമായതിനെ ഘ്രാണിക്കുന്നതു കൊണ്ടുള്ള ഗുണം തനിക്കു മായിട്ടാണ് ഉദ്ഗീഥം ഗാനം ചെയ്തത്. പുതിയ ഉദ്ഗാതാവിനാല്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് അസുരന്മാര്‍ ഭയന്നു. അവര്‍ കൂട്ടമായി എത്തി. ഉദ്ഗാതാവിനെ പാപം കൊണ്ടാക്രമിച്ചു. സ്വാത്ഥലാഭമുണ്ടായിരുന്നു ഘ്രാണേന്ദ്രിയദേവതയ്ക്ക് പാപം ഏറ്റു. ഘ്രാണേന്ദ്രിയം ദുഷിക്കപ്പെട്ടു. പരിശുദ്ധമായ ഉദ്ഗീഥം ഗാനം ചെയ്യുന്നതില്‍ നിന്ന് ഘ്രാണേന്ദ്രിയം പിന്‍മാറ്റപ്പെട്ടു. അതിന്റെ ഫലമായി ഘ്രാണേന്ദ്രിയമായ മൂക്കിന് ദുര്‍ഗതി അനുഭവിക്കേണ്ടിവന്നു. അതുവരെ സുഗന്ധത്തെ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന മൂക്കിന് ദുര്‍ഗന്ധവും വിഷയമായി. ഭൗതിക ജ്ഞാനകര്‍മ്മത്തില്‍ ആസക്തിയും സ്വാര്‍ത്ഥതയും ഉണ്ടായതു കൊണ്ട് മൂക്കും അധഃപതിച്ചു. അതോടെ അസുരന്മാര്‍ക്ക് ആഹ്ലാദമായി. ദേവന്മാര്‍ ദുഃഖിച്ചു. എങ്കിലും അവര്‍ യാഗം തുടരാന്‍ കഠിനമായി പരിശ്രമിച്ചു. യാഗത്തില്‍ പുതിയ ഉദ്ഗാതാലവായിടടിരിക്കുക്കാന്‍ ചക്ഷുരഭിമാനിദേവതയായ കണ്ണിനെ ആശ്രയിച്ചു. അഭിമാനത്തോടു കൂടി ആ ചുമതല കണ്ണ് ഏറ്റെടുത്തു. യാഗത്തില്‍ ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
പുതിയ ഉദ്ഗാതാവായിട്ടിരിക്കുന്ന കണ്ണിനും സ്വാര്‍ത്ഥബുദ്ധിയുണ്ടെന്ന് അസുരന്മാര്‍ അറിഞ്ഞു. പാപം കൊണ്ടുള്ള അവരുടെ ആക്രമണത്തില്‍ കണ്ണിനും ഉദ്ഗാനം പിഴച്ചു. പാപമേറ്റ കണ്ണ് അധഃപതിച്ചു. വേണ്ടാത്തതിനെ കാണുകയെന്ന ദോഷം കണ്ണിനുണ്ടായി.
ഉദ്ഗീഥം ഗാനം ചെയ്യുന്നതിനുവേണ്ടി ഉദ്ഗാതാവിന്റെ സ്ഥാനത്തു വരുന്ന ഇന്ദ്രിയങ്ങള്‍ക്കെല്ലാം സ്വാര്‍ത്ഥതയുണ്ടെന്ന് അസുരന്മാര്‍ മനസ്സിലാക്കി. സ്വാര്‍ത്ഥലാഭത്തോടെ കര്‍മ്മജ്ഞാനയജ്ഞങ്ങളില്‍ ആചാര്യനായിട്ടിരുന്നാല്‍ അവര്‍ക്ക് പാപമുണ്ടാകും. ആ പാപത്തെ ഉപയോഗിച്ച് അവരെ ആക്രമിച്ചാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധി നഷ്ടമാകും. നന്മ നഷടമാകും. ഇന്ദ്രിയം ദുഷിക്കപ്പെടും. തിന്മയെപ്പറ്റിയുള്ള ബോധവും അനുഭവവും ഈ പാപം നിമിത്തമുണ്ടാകും.
കണ്ണിന്റെ അധഃപതനത്തോടെ ഉദ്ഗാതാവായി ശ്രോത്രാഭിമാനിദേവതയായ ചെവി സ്ഥാനമേറ്റെടുത്തു. പക്ഷേ അസുരന്മാരുടെ ആക്രമണത്തില്‍ പാപമേറ്റു ചെവി ദുഷിക്കപ്പെട്ടു. വേണ്ടാത്തത് കേള്‍ക്കാനുള്ള ദുര്‍ഗതി ചെവിയ്ക്കുണ്ടായി. തുടര്‍ന്ന് മനസ്സ്, ദേവന്മാര്‍ക്കുവേണ്ടി മന്ത്രങ്ങള്‍ ഉദ്ഗാനം ചെയ്തു. മനസ്സും അസുരന്മാരുടെ ആക്രമണത്തില്‍ പാരാജയപ്പെട്ടു. അനുചിതമായതിനെ സങ്കല്‍പിക്കുക എന്ന ദോഷം മനസ്സിന് വന്നുചേര്‍ന്നു.
തുടര്‍ന്ന് ദേവന്മാര്‍ ത്വക്കിനെ ഉദ്ഗാതാവായി പരീക്ഷിച്ചു നോക്കി. അസുരന്മാരുടെ പാപശമേറ്റ് ത്വക്കും ദുഷിച്ചു. ചൂട്, തണുപ്പ്, വേദന, മരവിപ്പ് എന്നീ അനുഭവഭേദങ്ങള്‍ ത്വക്കിനുണ്ടായി.
പാപസംസര്‍ഗ്ഗത്താലാണ് ഇന്ദ്രിയങ്ങളെല്ലാം ഇങ്ങനെ പരാജയപ്പെടുന്നതെന്ന് ദേവന്മാര്‍ മനസ്സിലാക്കി. അതിനാല്‍ യാതൊരു വിധത്തിലും സ്വാര്‍ത്ഥതയോ പാപബോധമോ ഏല്ക്കാത്ത ഒരു ദേവതയെ കണ്ടെത്താന്‍ ദേവന്മാര്‍ ശ്രമിച്ചു. എല്ലാത്തരത്തിലും പരിശുദ്ധനായ ഒരു ദേവത ആരാണ്? ആരെ ഉപാസ്യദേവതയായി ഉദ്ഗാനത്തിന് കണ്ടെത്താം. ദേവന്മാര്‍ വളരെ അന്വേഷിച്ചു. ഒടുക്കം അവര്‍ പ്രാണനെ കണ്ടെത്തി.
ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം പ്രാണന്‍ ചുമതലയേറ്റു. വാക്ക്,ചെവി,മനസ്സ്,ത്വക്ക് തുടങ്ങിയ ഇന്ദ്രിയ ദേവതകളെ ഉപാസിച്ച് പരാജയപ്പെട്ട ദേവന്മാര്‍ ആപത്മധര്‍മ്മം എന്ന നിലയില്‍ മുഖ്യപ്രാണനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. “അങ്ങനെയാകട്ടെ” എന്ന് സമ്മതിച്ച് മുഖ്യപ്രാണന്‍ ദേവന്മാര്‍ക്കുവേണ്ടി യാഗത്തില്‍ ഉദ്ഗാതാവായിട്ടിരുന്നു. ഉദ്ഗാഥം ഗാനം ചെയ്തു തുടങ്ങി. യാഗം തുടര്‍ന്നു.
ഈ ഉദ്ഗാതാവിനാല്‍ ദേവന്മാര്‍ തങ്ങളെ പരാജയപ്പെടുമെന്ന് അസുരന്മാര്‍ അറിഞ്ഞു. അവര്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് പതിവുപോലെ യാഗഭൂമിയിലെത്തി. മുഖ്യപ്രാണനേയും പാപം കൊണ്ട് ആക്രമിക്കാം എന്നവര്‍ വിചാരിച്ചു. സ്വന്തമായ ദോഷത്താല്‍ വാക്ക്, ചെവി, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ദേവതകള്‍ പാപം കൊണ്ട് ആക്രമിക്കപ്പെടുകയായിരുന്നു. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. അങ്ങനെതന്നെ മുഖ്യപ്രാണനെയും അസുരന്മാര്‍ എതിരിട്ടു. മുമ്പ് തങ്ങളുടെ ശ്രമം വിജയിച്ചിട്ടുള്ള അസുരന്മാര്‍ക്ക് ഇത്തവണ തെറ്റി. മുഖ്യപ്രാണന് സംസര്‍ഗ്ഗദോഷമോ സ്വാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. പാപബോധമോ പാപഫലമോ മുഖ്യപ്രാണനെ ബാധിച്ചിരുന്നില്ല. അതോടെ അസുരന്മാരുടെ ശ്രമങ്ങള്‍ വിഫലമായി. അവര്‍ പരിഭ്രാന്തിയോടെ കൂട്ടം ചേര്‍ന്നു. മുഖ്യപ്രാണനെ എങ്ങനെയും നശിപ്പിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. അത്ര കണ്ട് ശക്തവും പ്രബലവുമായിരുന്നു മുഖ്യപ്രാണന്റെ ഉദ്ഗാഥപ്രയോഗം.
യാഗത്തിനു ശക്തിയേറി. ദേവന്മാര്‍ മുഖ്യപ്രാണനെ ഉപാസിച്ചു. അസുരന്മാര്‍ക്ക് ക്ഷീണം സംഭവിച്ചു. അവര്‍ സര്‍വ്വശക്തിയും സംഭരിച്ച്, ആര്‍ത്തട്ടഹസിച്ചു. അത്യുഗ്രന്മാരായി യാഗശാലയിലെത്തി. മുഖ്യപ്രാണനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ദേവന്മാര്‍ക്ക് എതിരിടാന്‍ കൂടി കഴിഞ്ഞില്ല. അതിനുമുമ്പുതന്നെ അസുരന്മാര്‍ മുഖ്യപ്രാണനോടേറ്റുമുട്ടി സ്വയം പരാജയപ്പെട്ടു. ഒരു വലിയ കരിങ്കല്ലിലേയ്ക്ക് ശക്തിയോടെ വലിച്ചെറിയപ്പെട്ട മണ്ണാങ്കട്ട പോലെ അസുരശക്തി ഛിന്നഭിന്നമായി. മണ്ണാങ്കട്ട പൊടിയായി നശിക്കുന്നതു പോലെ അസുരസൈന്യം ചിതറിത്തെറിച്ചു. അവര്‍ നാനാഗതികളായി. തീരെത്തകര്‍ന്ന് നശിച്ചു തുടങ്ങി. മുഖ്യപ്രാണനോടേറ്റുമുട്ടിയ അസുരസൈന്യം നിശ്ശേഷം സ്വയം നശിച്ചു.
യാഗം സമംഗളം പൂര്‍ത്തിയായി. മുഖ്യപ്രാണനെ ഉപാസിച്ച് ദേവന്മാര്‍ ശക്തി കൈവരിച്ചു. അവര്‍ സ്വസ്വരൂപത്തെപ്രാപിച്ചു. പൂര്‍വ്വാധികം തേജസ്വികളും ശാന്തരുമായിത്തീര്‍ന്നു. അവര്‍ക്ക് അത്യധികം ആഹ്ലാദം അനുഭവപ്പെടാനിടയായി. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ദിവ്യശക്തിയും ക്ഷയിച്ചുകൊണ്ടിരുന്ന ദേവഭാവവും തിരിച്ചു കിട്ടിയതില്‍ ദേവന്മാര്‍ക്ക് ആശ്വാസമായി. എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തിയായി. ആസുരഭാവങ്ങള്‍ അപ്രത്യക്ഷങ്ങളായി! എങ്ങും ശാന്തി! സമാധാനം!! ആനന്ദം!!!
ആഹ്ലാദചിത്തരായി ദേവന്മാര്‍ ഒത്തു ചേര്‍ന്നു. അവര്‍ പറഞ്ഞു.
“നമ്മെ സകലപാപങ്ങളില്‍ നിന്നും വിമുക്തരാക്കി രക്ഷിച്ചത് മുഖ്യപ്രാണനാണ്.”
“നമ്മെ ദേവഭാവത്തോട് ചേര്‍ത്ത ദേവാദിദേവനാണ് അദ്ദേഹം!”
“അദ്ദേഹത്തോട് നാം സദാ കടപ്പെട്ടിരിക്കുന്നു. ഈ ഉപകാരം ആരും മറക്കരുത്.”
“അദ്ദേഹത്തോട് പ്രത്യുപകാരം ചെയ്യാന്‍ നമുക്ക് കഴിവ് പോരാ. എങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ട് നമിക്കണം.”
“ലോകത്തില്‍ നിസ്വാര്‍ത്ഥമായി ഉപകാരം ചെയ്തവനെ നാം സ്മരിക്കണം.”
ഉപകാരം സിദ്ധിച്ച ദേവന്മാര്‍ ഉപകര്‍ത്താവായ മുഖ്യപ്രാണനെ ഭക്ത്യാദരപൂര്‍വ്വം സ്മരിച്ചു. നന്ദി പറയുവാനും നമിക്കുവാനുമായി ദേവന്മാര്‍ തങ്ങളുടെ രക്ഷകനായ മുഖ്യപ്രാണനെ അന്വേഷിച്ചു. പക്ഷേ മുഖ്യപ്രാണനെ അവര്‍ക്ക് അവിടെയെങ്ങും കാണാനായില്ല!
“ആ മഹാത്മാവ് എവിടെയാണ്?” ദേവന്മാര്‍ അന്വേഷണമാരംഭിച്ചു. മുഖ്യപ്രാണന്‍ മുഖത്തിലുള്ള ആകാശത്തില്‍ യാതൊരു വിശേഷത്തെയും ആശ്രയിക്കാതെ സ്ഥിതിചെയ്യുന്നതിനായി അവര്‍ കണ്ടു പിടിച്ചു. വായുടെ ഉള്ളിലാണ് ആ മുഖ്യപ്രാണനെ അവര്‍ക്ക് കണ്ടെത്താനായത്.
“അയം ആസ്യേ!” (അവന്‍ വായിലാണ്) എന്ന് ദേവന്മാര്‍ ആര്‍ത്തുവിളിച്ചു. അതിനാല്‍ മുഖ്യപ്രാണന് ‘അയാസ്യന്‍’ എന്നു പേരുണ്ടായി. ഈ മുഖ്യപ്രാണന്‍ ആത്മാവാണെന്ന് ദേവന്മാര്‍ തിരിച്ചറിഞ്ഞു. എല്ലാ അംഗങ്ങളുടേയും സാരമായതിനാല്‍ ആത്മാവിനെ ‘ആംഗിരസ്’ എന്നും പറയുന്നു. ശരീരത്തില്‍ നിന്ന് പ്രാണന്‍ പോയാല്‍ അംഗങ്ങളെല്ലാം നിശ്ചലമാകും. അതിനാല്‍ എല്ലാത്തിന്റേയും സാരതത്ത്വം ആത്മാവാണ്. ദേവന്മാര്‍ക്ക് ആദ്യം അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതു കൊണ്ടാണ് അവര്‍ ആത്മാവിനെ മറന്ന് ഇന്ദ്രിയങ്ങളായ വാക്ക്, ചെവി, മൂക്ക്, മനസ്സ് എന്നിവകളെ രക്ഷകനായിക്കണ്ട് ഉപാസിച്ചത്. അതിനാല്‍ അവര്‍ക്ക് ലക്ഷ്യം നേടാനായില്ല. ഇന്ദ്രിയങ്ങളെ വിട്ട് മുഖ്യനായ പ്രാണനെത്തന്നെ ആത്മാവെന്ന നിലയില്‍ ഉപാസിക്കണമെന്നാണ് ഇതിന്റെ അര്‍ത്ഥം.
ഈ തത്ത്വം അറിയുന്നവന്‍ എല്ലാവരിലുംവെച്ച് ദിവ്യനായിത്തീരുന്നു. അവന്റെ ശത്രുക്കള്‍ നശിച്ചു പോകും. അവന് മരണം സംഭവിക്കില്ല. ആത്മാവിനെ അറിഞ്ഞവരില്‍ നിന്ന് മൃത്യു (മരണം) എപ്പോഴും ദൂരത്തിലായിരിക്കും. അതിനാല്‍ മുഖ്യപ്രാണന് ‘ദൂര്‍’ എന്ന പേര് പ്രസിദ്ധമായി ലഭിച്ചു. കാരണം, മരണം പ്രാണനില്‍ നിന്ന് ദൂരെയാണ്. പ്രാണന് മരണമില്ലെന്ന് സാരം.
വളരെ അന്വേഷണത്തിനുശേഷം ദേവന്മാര്‍ പ്രാണനെ കണ്ടെത്തി നമസ്ക്കരിച്ചു.
“അല്ലായോ വിശുദ്ധനായ ദേവാ! അവിടുത്തേയ്ക്കു നന്ദി. അങ്ങയുടെ വിശുദ്ധി ഞങ്ങളെ മരണത്തില്‍ നിന്ന് രക്ഷിച്ചു. വിഷയസംഗം കൊണ്ടുണ്ടാകുന്ന ദോഷമാണ് മരണമെന്ന് ഞങ്ങള്‍ ഇന്ന് അറിയുന്നു. വിഷയദോഷം കൊണ്ട് വാക്ക്, ചെവി, കണ്ണ്, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ഇന്ദ്രിയദേവന്മാര്‍ക്കെല്ലാം നാശം സംഭവിച്ചു. അവര്‍ പാപബാബയേറ്റ് ദുഷിച്ചുപോയി. അങ്ങ് അവരെ പാപവിമുക്തരാക്കി രക്ഷിച്ചാലും. അസുരന്മാരോടേറ്റു മൂട്ടി പാപം കൊണ്ടുള്ള ആക്രമണത്തില്‍ അവരെ മൃത്യു ബാധിച്ചിരിക്കുന്നു. രക്ഷിച്ചാലും!!”
“ദേവന്മാരുടെ അഭ്യര്‍ത്ഥന മുഖ്യപ്രാണന്‍ അംഗീകരിച്ചു. വാക്ക്, ചെവി, കണ്ണ്, മൂക്ക്, ത്വക്ക് തുടങ്ങിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ പ്രാണദേവത ഇല്ലാതാക്കി. ഇന്ദ്രിയദേവതമാരിലുണ്ടായിരുന്ന മൃത്യുവിനെ ദൂരെദൂരെ ദിക്കുകളുടെ അവസാനത്തില്‍ കൊണ്ടു പോയി അവിടെ സ്ഥാപിച്ചു.
ദേവന്മാരേ, ദിക്കുകളുടെ അന്ത്യത്തില്‍ ദൂരെയായി മരണത്തെ കൊണ്ടു ചെന്നാക്കിയിട്ടുണ്ട്. ആരും ദിക്കുകളുടെ അവസാനത്തില്‍ പോകരുത്. അവിടെയുള്ള ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യരുത്. ചെയ്താല്‍ നിങ്ങളെയെല്ലാം മരണം ബാധിക്കും. അവിടെ സ്ഥിതിചെയ്യുന്ന പാപരൂപമായ മരണം നിങ്ങളെ പ്രാപിക്കും. നിങ്ങള്‍ മരിക്കും.”
ഇത്രയും താക്കീതു നല്കിയിട്ട് പ്രാണദേവത ഇന്ദ്രിയങ്ങളില്‍ പ്രവേശിച്ചു. ഇന്ദ്രിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ നശിപ്പിച്ചു. അവരെ മരണത്തിനപ്പുറം എത്തിച്ചു.
ഇന്ദ്രിയദേവതകളെ ഓരോരുത്തരെയായിട്ടാണ് പ്രാണദേവത മരണത്തനപ്പുറം കടത്തിവിട്ടത്.
മരണത്തെ അതിജീവിച്ചപ്പോള്‍ വാക്ക് ദേവത അഗ്നിയായി പ്രശോഭിച്ചു. ഘ്രാണദേവത വായുവായിത്തീര്‍ന്ന് വീശിത്തുടങ്ങി. നേത്രദേവത ആദിത്യനായി തപിച്ചു. ശ്രോത്രദേവത ദിക്കുകളായി സ്ഥിതിചെയ്തു. മനസ്സ് ചന്ദ്രനായി പ്രകാശിച്ചു.
എല്ലാവരും മരണത്തില്‍ നിന്ന് വിമുക്തനായി. ഇതു പോലെ പ്രാണനെ ഉപാസിക്കുന്ന എല്ലാവരും മരണത്തില്‍ നിന്ന് മുക്തരായിത്തീരുമെന്ന് അരുളപ്പാടുണ്ടായി.
അതിനുശേഷം പ്രാണന്‍ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ (ആഹാരത്തെ) ദേവന്മാരോട് ആവശ്യപ്പെട്ടു.
അതുകേട്ട് ദേവന്മാര്‍ വല്ലാതെയായി. പ്രാണന് വിശപ്പും ദാഹവുമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രാണന്റെ വിശപ്പടക്കാന്‍ എന്താണ് ആഹാരമായി നല്കേണ്ടതെന്നും ദേവന്മാര്‍ക്ക് നിശ്ചയമില്ലായിരുന്നു.
വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളില്‍ കടന്നുകൂടിയതിനാലാണ് പ്രാണന് ഭക്ഷണം ആവശ്യമായി വന്നത്. ലോകത്തില്‍ പ്രാണികള്‍ക്ക് ആഹാരം ആവശ്യമാണ്. അന്നത്തെ കൂടാതെ ജീവശരീരത്തില്‍ പ്രാണന്‍ നിലനില്ക്കുന്നില്ല. പ്രാണന്‍ ആഹാരത്തെ ആവശ്യപ്പെട്ടത് തന്റേയും ഇന്ദിയങ്ങളുടേയും നിലനില്പിനു വേണ്ടിയായിരുന്നു. ലോകത്തില്‍ പ്രാണികള്‍ ഭക്ഷിക്കപ്പെടുന്നതെല്ലാം ഈ പ്രാണനെക്കൊണ്ടാണ്. അതായത് പ്രാണികളിലൂടെ ഭക്ഷിക്കുന്നത് അവയിലിരിക്കുന്ന പ്രാണനാണ്. പ്രാണന്‍ ഇങ്ങനെ ഭക്ഷിക്കുന്നത് ജീവികളുടെ നിലനില്‍പ്പിനാണ്. ആഹാരത്തില്‍ നിന്നാണ് ജീവികള്‍ക്ക് ശരീരം ഉണ്ടാകുന്നത്. അന്നത്തിന്റെ വികാരമായ ശരീരത്തില്‍ പ്രാണന്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തക്കുന്നത്. പ്രാണന്‍ ശരീരം വെടിഞ്ഞുപോയാല്‍ ഇന്ദ്രിയങ്ങള്‍ നിശ്ചലങ്ങളാകും.
തങ്ങളെ അസുരന്മാരില്‍ നിന്ന് രക്ഷിക്കുകയും ഇന്ദ്രിയ ദേവതകളെ മരണത്തില്‍ നിന്ന് വിമുക്തരാക്കുകയും ചെയ്ത പ്രാണദേവതയാണ് ആഹാരം ചോദിക്കുന്നത്. എന്തു നല്കണമെന്നറിയാതെ ദേവന്മാര്‍ വിഷണ്ണരായി നിന്നു. അപ്പോള്‍ പ്രാണന്‍ സ്വയമേവ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ ആദാനം ചെയ്തു തുടങ്ങി.
അപ്പോള്‍ ദേവന്മാരെല്ലാം വല്ലാതെ ഭയന്നു പോയി. വാഗാദിദേവതകള്‍ക്കു സംഭവിച്ചതു പോലെ സംസര്‍ഗ്ഗദോഷം പ്രാണദേവതയ്ക്കും ഉണ്ടാകുമോ എന്നവര്‍ സംശയിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രാണന് വിഷയസംഗദോഷമേറ്റില്ല. കാരണം പ്രാണന് സ്വാര്‍ത്ഥതയില്ല. ജീവികള്‍ക്കുവേണ്ടി മാത്രമാണ് പ്രാണന്‍ ഭക്ഷിക്കുന്നത്.
പ്രാണന്റെ വിശുദ്ധിയും ശക്തിയും ഉപാസ്യതയും വൈശിഷ്ട്യവും ദേവന്മാര്‍ക്ക് ബോധ്യമായി. അവര്‍ വിനയാന്വിതരായി. പ്രാണനോട് പറഞ്ഞു.
“പ്രഭോ, ലോകത്തില്‍ ആഹാരമായിട്ടുള്ളത് എത്രമാത്രമുണ്ടോ, അതെല്ലാം അങ്ങ് തനിക്കു വേണ്ടി കൈവശപ്പെടുത്തി. അങ്ങില്‍നിന്ന് വേറിട്ടൊരു അന്നത്തെ ഭക്ഷണമായി നല്‍കുവാന്‍ ഞങ്ങള്‍ കാണുന്നില്ല. അങ്ങ് ജീവികളില്‍ എവിടെയുമുണ്ട്. ഇനി ഞങ്ങളേയും അങ്ങ് അതില്‍ ഭാഗഭാക്കുകളാക്കിയാലും.”
അതു കേട്ട് പ്രാണന്‍ പറഞ്ഞു: “നിങ്ങള്‍ അന്നാര്‍ത്ഥികളാണെങ്കില്‍ എന്റെ ചുറ്റും അഭിമുഖമായിരിക്കുവിന്‍. എന്നില്‍ നിന്ന് വേറിട്ടുനിന്ന് ഇന്ദ്രിയങ്ങള്‍ക്കു ഭക്ഷിക്കാന്‍ സാധ്യമല്ല.”
“ശരി പ്രഭോ! അപ്രകാരം തന്നെയാകട്ടെ. ഇന്ദ്രിയങ്ങളായ ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വയ്യ അതിനാല്‍ അതിനാല്‍ അവിടത്തോട് ഞങ്ങളും ചേര്‍ന്നിരിക്കാം.”
ഇന്ദ്രിയദേവതകളെല്ലാം പ്രാണനു ചുറ്റും ഇരുന്നു. അതിനാല്‍ പ്രാണനാല്‍ ഭക്ഷിക്കപ്പെടുന്ന ആഹാരം കൊണ്ട് അവരും തൃപ്തനായിതീര്‍ന്നു. ഇങ്ങനെ ഇന്ദിയങ്ങള്‍ക്ക് പ്രാണന്‍ ആശ്രയമായി. ആഹാരം കൊണ്ട് കൊണ്ട് പ്രാണന് ശക്തിയേരുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കും ശക്തിയേറുന്നു അതിനാല്‍ ശരീരത്തില്‍ മുഖ്യനായിരിക്കുന്നത് പ്രാണനാണ്; ഇന്ദ്രിയങ്ങളല്ല.
ഈ തത്ത്വം അറിയുവാന്‍ ഇന്ദ്രിയങ്ങളെ ഉപാസിക്കുകയില്ല. ശ്രേഷ്ഠനായിത്തീരാന്‍ ആഗ്രഹിക്കുന്നവന്‍ എപ്പോഴും ഉപാസിക്കേണ്ടത് പ്രാണനെയാണ്. പ്രാണോപാസന ഏറ്റവും ശക്തിയേറിയതാണ്. പ്രാണനെ ആത്മാവായി ഉപാസിക്കുന്നവന്‍ ശ്രേഷ്ഠനും മറ്റെല്ലാവരേയും ഭരിക്കുന്നവനും അരോഗിയും ജ്ഞാനിയും ശക്തനും ആകുന്നു. എല്ലാവരും ഇങ്ങനെയുള്ളവനെ അനുവര്‍ത്തിക്കുന്നു.
ഏതെങ്കിലും ഒരവയവത്തില്‍ നിന്ന് പ്രാണന്‍ മാറി നിന്നാല്‍ ആ അവയവം ക്ഷീണിക്കും. ക്രമേണ ശോഷിക്കും. ഇന്ദ്രിയങ്ങളുടെ ശക്തി, പ്രാണന്റെ ശക്തിയാണ്.
ഈ പ്രാണന്‍ തന്നെയാണ് സാക്ഷാത് ബൃഹസ്പതി എന്നറിയപ്പെടുന്നത്. വാക്ക് തുടങ്ങിയവകളുടെ അധിപതി പ്രാണനാണ്. വാക്ക് ബൃഹതിയാണ്. ബൃഹതിയുടെ പതിയാണ് ബൃഹസ്പതി. വാക്കിനെ ബ്രഹ്മമായി ഉപാസിച്ചാല്‍ അതിന്റെ പതിയായ പ്രാണന്‍ ബ്രഹ്മണസ്പതിയാണ്.
യാഗത്തില്‍ ഉദ്ഗാനം ചെയ്യപ്പെടുന്ന സാമം പ്രാണന്‍ തന്നെയാകുന്നു. ‘സാ’ എന്നതു വാക്കും ‘അമ’ എന്നതു പ്രാണനുമാകുന്നു. ‘സാ’ എന്ന വാക്കും ‘അമ’ എന്ന പ്രാണനും ഒന്നു ചേര്‍ന്നതുകൊണ്ടാണ് ‘സാമ’ത്തിന് ‘സാമം’ എന്ന പേരുണ്ടായത്. അതിനാല്‍ യാഗത്തില്‍ ഉദ്ഗാതാവിനാല്‍ ഗീതം ചെയ്യപ്പെടുന്ന സാമമന്ത്രങ്ങള്‍ പ്രാണനായ ആത്മാവിനെ കാണിക്കുന്നവയാണ്. അതായത് ഈ പ്രാണന്‍ തന്നെ ഉദ്ഗീഥമാകുന്നു. ‘ഉത്’ എന്നാല്‍ പ്രാണനാണ്. ‘ഗീഥ’ എന്നതു വാക്കാകുന്നു. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുകയാല്‍ പ്രാണന്‍ തന്നെ. പ്രാണനും, പ്രാണനെ ആശ്രയിച്ചിരിക്കുന്ന വാക്കും ചേര്‍ന്നതാണ് ഉദ്ഗീഥം. അതിനാലാണ് യാഗത്തില്‍ ഉദ്ഗീഥത്തെ ഗാനം ചെയ്യാന്‍ പ്രാണദേവതയ്ക്കു കഴിഞ്ഞത്. ഈ തത്ത്വങ്ങളെല്ലാമറിഞ്ഞ് പ്രാണനെ ആത്മാവായി ഉപാസിക്കുവാന്‍ വിജയിക്കുന്നു. ശ്രേഷ്ഠനും തേജസ്വിയുമാകുന്നു.
ഓം തത് സത്
അവലംബം – ബൃഹദാരണ്യകോപനിഷത്ത്
കടപ്പാട് ശ്രേയസ്