ആദികുംഭേശ്വരര്‍ ക്ഷേത്രം
ബ്രഹ്മാവിന്റെ കുടം
കുംഭകോണം എന്ന് ഈ സ്ഥലത്തിനു പേരു വന്നതിനു പിന്നില്‍ വിചിത്രമായ ഒരു കഥയാണുള്ളത്. കുംഭരേശ്വര്‍ ക്ഷേത്രത്തില്‍ നിന്നാണ് കുംഭകോണത്തിന് ഈ പേരു ലഭിക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് ബ്രഹ്മാവ് ഭൂലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുടം അഥവാ കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നുവത്രെ. ഒരിക്കല്‍ ശിവന്റെ കോപം മൂലം ഉണ്ടായ, ഭൂമിയെ നശിപ്പിക്കുന്ന പ്രളയത്തില്‍ ഈ കുംഭം ഒഴുകി ഇന്ന് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. അങ്ങനെ കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ക്ഷേത്രത്തിനു ഈ പേര് ലഭിക്കുന്നത്.
ഒറ്റനോട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഏതു ക്ഷേത്രത്തിന്റെയും പ്രത്യേകതയാണ്. പ്രപഞ്ചത്തിന്റെ ഉല്പ്പത്തിയുമായും ആരംഭമായും ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ കുംഭകോണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ആദി കുംഭേശ്വരര്‍ ക്ഷേത്രം. പുണ്യനഗരമായ കാശിയോളം പ്രാധാന്യമുള്ള ക്ഷേത്രമാണ് കുംഭേശ്വരം. കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആദികുംഭേശ്വരര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍..
മഹാമഹം ഉത്സവം ബ്രഹ്മാവിന്റെ കുംഭം ഇവിടെ എത്തിയതിന്റെ ഓര്‍മ്മയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ആഘോഷമാണ് മഹാമഹം ഉത്സവം. 12 വര്‍ഷത്തിലൊരിക്കലാണ് ഇത് നടക്കുന്നത്.
മഹാമഹം ക്ഷേത്രക്കുളം മഹാമഹം ഉത്സവം നടക്കുന്ന സ്ഥലമാണ് മഹാമഹം ക്ഷേത്രക്കുളം. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമായ ഇവിടെ ഈ ഉത്സവത്തിന്റെ സമയത്ത് രണ്ട് മില്യണ്‍ ആളുകള്‍ വരെ എത്താറുണ്ട്. ഈ സമയത്ത് ഭാരതത്തിലെ പുണ്യനദികളെല്ലാം ഇവിടേക്ക് ഒഴുകി എത്തുന്നു എന്നൊരു വിശ്വാസവുമുണ്ട്
മഹാമഹത്തില്‍ പങ്കെടുക്കുന്ന 12 ക്ഷേത്രങ്ങള്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹത്തില്‍ 12 ക്ഷേത്രങ്ങളാണ് പങ്കെടുക്കുന്നത്. കാശി വിശ്വനാഥര്‍ ക്ഷേത്രം, കുംഭേശ്വരര്‍ ക്ഷേത്രം,സോമേശ്വരര്‍ ക്ഷേത്രം, നാഗേശ്വരര്‍ ക്ഷേത്രം, കഹാഹസ്തീശ്വരര്‍ ക്ഷേത്രം, ഗൗതമേശ്വര്‍ ക്ഷേത്രം,കോട്ടീശ്വരര്‍ ക്ഷേത്രം, അമൃതകലശനാഥര്‍ ക്ഷേത്രം, ബനാപുരീശ്വരര്‍ ക്ഷേത്രം, അഭിമുഖേശ്വരര്‍ ക്ഷേത്രം, കംഭട്ട വിശ്വനാഥര്‍ ക്ഷേത്രം, ഏകാംബരേശ്വര്‍ ക്ഷേത്രം എന്നീ 12 ക്ഷേത്രങ്ങളാണ് മഹാമഹത്തില്‍ പങ്കെടുക്കുന്നത്.
ശിവന്‍ നിര്‍മ്മിച്ച ശിവലിംഗം ശിവലിംഗത്തിന്റെ രൂപത്തില്‍ ശിവനെയാണ് ആദികുംഭേശ്വരനായി ഇവിടെ ആരാധിക്കുന്നത്. പാര്‍വ്വതിയെ മംഗളാംബികയായും ഇവിടെ ആരാധിക്കുന്നു. ശിവന്‍ സ്വയം നിര്‍മ്മിച്ച് ശിവലിംഗമാണ് ഇവിടെ ഉള്ളതെന്നാണ് വിശ്വാസം. അമൃത് മണ്ണിനോട് ചേര്‍ത്ത് നിര്‍മ്മിച്ചതാണ് ഇവിടുത്തെ ശിവലിംഗം. മറ്റ് ചില അപൂര്‍വ്വ കൂട്ടുകളും ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
നാല് ഏക്കറിലെ ക്ഷേത്രം കുംഭകോണം നഗരത്തിന് മധ്യത്തില്‍ നാല് ഏക്കറോളം സ്ഥലത്തായാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം മുപ്പതിനായിരം ചതുരശ്ര അടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
27 നക്ഷത്രങ്ങളും 12 രാശിയുമുള്ള ഒറ്റക്കല്ല് ഒട്ടേറെ വിസ്മയങ്ങളും അത്ഭുതങ്ങളും ഉള്ള ഒരു ക്ഷേത്രമാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം. അത്തരത്തില്‍ നിര്‍മ്മാണ വിസ്മയം കാണുവാന്‍ സാധിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ നവരാത്രി മണ്ഡപം. 27 നക്ഷത്രങ്ങളും 12 രാശിയും കൊത്തിയിരിക്കുന്ന ഒറ്റക്കല്ലാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം
കുംഭകോണത്തെ ഏറ്റവും വലിയ ക്ഷേത്രം നഗരത്തിനകത്തും പുറത്തുമായി ഏകദേശം നൂറ്റിഎണ്‍പതോളം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമാണ് കുംഭകോണം. നാലു ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 11 നിലകളും 128 അടി നീളവുമുള്ള കിഴക്കുഭാഗത്തുള്ള ഗോപുരമാണ് ഇവിടുത്തെ ഏറ്റവും വലിയ ഗോപുരം
ഒന്‍പതാം നൂറ്റാണ്ടിലെ ക്ഷേത്രം ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ചോള രാജാക്കന്‍മാരാണ് ഒന്‍പതാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പിന്നീട് തഞ്ചാവൂര്‍ നായക് എന്ന ഭരണാധികാരികളാണ് 16-ാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ രീതിയിലേക്ക് ക്ഷേത്രത്തെ വലുതാക്കി നിര്‍മ്മിച്ചത്
രാവിലെ അഞ്ച് മുതല്‍ വൈകിട്ട് ഒന്‍പത് വരെ രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ ഇവിടെ വ്യത്യസ്തമായ പൂജകള്‍ നടക്കും. ഉകാലപൂജകളാണ് അതിരാവിലെ ആരംഭിക്കുന്നത്
വിശ്വാസികളും ചരിത്രകാരന്‍മാരും വിശ്വാസികളെ കൂടാതെ ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരും ഇവിടെ എത്താറുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം പറയുന്ന ഈ ക്ഷേത്രനഗരം ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ്.
ക്ഷേത്രത്തിനുള്ളില്‍ നാല് ഏക്കര്‍ സ്ഥലത്തായി നിറഞ്ഞു നില്‍ക്കുന്ന ഈ ക്ഷേത്രം കാഴ്ചകളുടെ ഒരു സാഗരം തന്നെയാണ്. ഗോപുരങ്ങളും കവാടങ്ങളും കല്ലില്‍ കൊത്തിയ മണ്ഡപങ്ങളും കൊത്തുപണികളും നടപ്പാതകളുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്.
എത്തിച്ചേരാന്‍ തമിഴ്‌നാട്ടിലെ കുംഭകോണം നഗരമധ്യത്തിലാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു തൊട്ടടുത്തായാണ് സംരംഗപാണി ക്ഷേത്രവും വിശ്വനാഥ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂരില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.