2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

ശ്രീപദ്മനാഭന്റെഇഷ്ടനിവേദ്യം ഉപ്പുമാങ്ങ .ഒരുവേറിട്ടകഥ

 




ശ്രീപദ്മനാഭന്റെഇഷ്ടനിവേദ്യം
ഉപ്പുമാങ്ങ 
==============================



ഒരുവേറിട്ടകഥ


ഘോരമായ ശബ്ദത്തോടെ ഇലിപ്പമരം രണ്ടായി സ്വാമിയാരുടെ മുന്നിൽ ഒടിഞ്ഞു വീണു. തെക്കു തിരുവല്ലതു തലവച്ചു, വടക്കു തൃപ്പാദപുരത്തേക്കു നീണ്ടു ആ വിശ്വരൂപം തന്റെ മുന്നിൽ ആയിരം സൂര്യതേജസ്സോടെ ആവിർഭവിക്കുമ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ പുലയി കൊടുത്ത തീനാളം എരിയുകയായിരുന്നു!

അദ്ദേഹം നിലവിളിച്ചു

" ശ്രീപദ്മനാഭാ! അഖിലഗുരോ ഭഗവൻ നമസ്തേ!"

ഇന്നും നമ്മളിൽ ഓരോരുത്തരും ആ സന്നിധിയിൽ അനുഭവിക്കുന്ന കാര്യമാണിത്! ശേഷം കണ്ണിമാങ്ങാ ചിരട്ടയിൽ നിവേദിച്ചതും, നിത്യവും ആദ്യ നിവേദ്യമായി അത് തുടരുന്നതും നമുക്ക് പരിചിതമായ കാര്യമാണ്.


ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേ കോണിലാണ് നിവേദ്യ മാങ്ങകൾ സൂക്ഷിക്കുന്നത്. എന്നാൽ ധർമരാജാവിനെ അത്ഭുതപ്പെടുത്തിയതും, ഐതീഹ്യമാലയിൽ പരാമര്ശിക്കപ്പെട്ടതുമായ ഉപ്പുമാങ്ങയുടെ കഥ താഴെ ചേർക്കുന്നു!


കഥ ഇങ്ങനെ....


കൊല്ലം തൊള്ളായിരത്തെഴുപത്തുമൂന്നാമാണ്ടു നാടു നീങ്ങിയ മഹാരാജാവു തിരുമനസ്സുകൊണ്ടു രാജ്യം വാണുകൊണ്ടിരിക്കുമ്പോൾ ഒരു മുറജപക്കാലത്ത് ഒരു ദിവസം നമ്പൂരിമാർ അത്താഴമുണ്ടുകൊണ്ടിരിക്കുന്ന സമയം അത്താഴത്തിന്റെ വെടിപ്പും കേമത്തവും കൊണ്ട് ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട്

"എടോ! എന്താ അത്താഴം കേമംതന്നെ, അല്ലേ? ഇങ്ങനെ മറ്റൊരു സ്ഥലത്തു നടക്കാൻ പ്രയാസമുണ്ട്. അങ്ങനെയല്ലോ?" - എന്നു ചോദിച്ചു. അപ്പോൾ മറ്റേ നമ്പൂരി, "അങ്ങനെ തന്നെ, അങ്ങനെതന്നെ, സംശയമില്ല. എങ്കിലും ആ പാണ്ടമ്പറത്തെ ഉപ്പുമാങ്ങയുടെ ഒരു ക‌ഷണം കൂടിയുണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി ജാത്യമായേനേ. ആ ഒരു കുറവേ ഉള്ളൂ" എന്നു പറഞ്ഞു. ആ സമയം തിരുമനസ്സുകൊണ്ടു കോവിലെഴുന്നള്ളി പ്രദക്ഷിണമായി പോവുകയായിരുന്നു. നമ്പൂരിമാർ തിരുമനസ്സിനെ കണ്ടില്ല. എങ്കിലും അവിടുന്ന് ഈ സംഭാ‌ഷണം കേൾക്കുകയും അതു പറഞ്ഞ നമ്പൂരി ഇന്നാരാണെന്നു മനസ്സിലാക്കുകയും ചെയ്തു.

അന്നു രാത്രിയിൽത്തന്നെ തിരുമനസ്സുകൊണ്ടു ഗൂഢമായി ഒരാളെ അയച്ചു പിന്നത്തെ മുറയായപ്പോഴേക്കും കോടൻഭരണിയിലെ ഉപ്പുമാങ്ങ വരുത്തി, ഒരു ദിവസം അത്താഴത്തിനു പുളി വിളമ്പിച്ചു. അവിടെ മുറജപംവകയ്ക്കായി പലവിധത്തിൽ ഉപ്പിലിട്ടിട്ടുള്ള മാങ്ങകൾ പുളി വിളമ്പിയ കൂട്ടത്തിലാണ് ഇതും വിളമ്പിയത്. കോടൻ ഭരണിയിലെ മാങ്ങ വരുത്തിയ കഥ യാതൊരുത്തരും അറിഞ്ഞിരുന്നുമില്ല. എങ്കിലും മേല്പറഞ്ഞ നമ്പൂരി ഈ മാങ്ങാ ക‌ഷണം എടുത്തു കഴിച്ച ഉടനെ "ഓഹോ ആ കുറവും തീർന്നു. എടാ യോഗ്യാ! നീ ഇവിടെ വന്നുചേർന്നോ?" എന്നു പറഞ്ഞത്ര.അപ്പോൾ അടുക്കലിരുന്ന വേറെ നമ്പൂരി "ഈ മാങ്ങ സാക്ഷാൽ കോടൻഭരണിയിലേതാണ്" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ആ സമയവും കോവിലെഴുന്നെള്ളീട്ടുണ്ടായിരുന്നതിനാൽ അതും കേട്ടു. കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടനെ ആ നമ്പൂരിയെ വരുത്തി, "അങ്ങേപ്പോലെ സ്വാദറിഞ്ഞു ഭക്ഷിക്കുന്നവർ ചുരുക്കമാണ്" എന്നും മറ്റും സന്തോ‌ഷപൂർവം കല്പിക്കുകയും നമ്പൂരിക്ക് ഒരു സമ്മാനം കൊടുത്ത് അയയ്ക്കുകയും ചെയ്തു.

ഇങ്ങനെയാണ് കോടൻഭരണിയുടെയും അതിലെ മാങ്ങയുടെയും വിശേ‌ഷം. ആ മാങ്ങ ഒരിക്കൽ കൂട്ടീട്ടുള്ളവർ അതിന്റെ സ്വാദ് ഒരിക്കലും മറക്കുകയില്ല. ആ കോടൻഭരണി ആ ഇല്ലത്ത് ഇന്നും ഇരിക്കുന്നുണ്ട്. അതിലെ മാങ്ങയ്ക്കുള്ള അനന്യസാധാരണമായ ആ വിശേ‌ഷം ഇന്നും കണ്ടുവരുന്നുമുണ്ട്.

പ്രതിഷ്ഠനന്തരം ഭഗവാന് ചിരട്ടയിൽ നിവേദിച്ച കണ്ണിമാങ്ങാ, അതിസമ്പന്നതയിലും ലാളിത്യത്തിന്റെ നന്മയുള്ള രുചിയുമായി ഇന്നും വിളങ്ങുന്നു!


കടപ്പാട്: Aswin Suresh