പുത്തന്‍ ചിറയും അഷ്ടമിചിറയും
കേരളത്തില്‍ ചിറ എന്നവസാനിക്കുന്ന ഒട്ടേറെ സ്ഥലപ്പേരുകള്‍ കാണാം. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയും അഷ്ടമിചിറയും അവയിലൊന്നു മാത്രം.
പ്രാചീന കേരളത്തില്‍ ചിറകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. അന്ന് ഇവിടെ അധിവസിച്ചിരുന്നവരുടെ പാരിസ്ഥിതികാവബോധത്തിനും ഉയര്‍ന്ന സാങ്കേതിക ജ്ഞാനത്തിനും ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണവ. കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലുണ്ടായിരുന്ന ചിറകള്‍ ഗ്രീഷ്മകാലത്തേയ്ക്കാവശ്യമായ ജലം സംഭരിച്ചു നിര്‍ത്താനും, പടിഞ്ഞാറന്‍ ഭാഗങ്ങളിലേത് കൃഷിയിടങ്ങളിലേക്ക് ഉപ്പു വെള്ളം കടക്കാതിരിക്കാനും ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു.
പുത്തന്‍ ചിറയുടെ കാര്യത്തില്‍ , ഒരു പഴയ ചിറ അതിനടുത്ത് മുമ്പുണ്ടായിരുന്നുവെന്നതായി കരുതാം. എന്നാല്‍ പുതിയ ചിറ വന്നതോടെ അതിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെട്ട് ഇപ്പോള്‍ പേരു മാത്രം അവശേഷിക്കുന്നു. ആ പഴയ ചിറയുടെ തീരത്ത് ഒരു അഷ്ടമൂര്‍ത്തി ക്ഷേത്രം സ്ഥാപിക്കപ്പെട്ടതുകൊണ്ടെ കാലക്രമേണ ‘അഷ്ടമിച്ചിറ’ എന്നും അറിയപ്പെടാനായി എന്നു മാത്രം.
കൊടകര
കേരളം ഏറെക്കുറെ ചതുപ്പുനിലങ്ങളും ജലാശയങ്ങളും, നിബിഡവനങ്ങളും കൊണ്ട് അധിവാസയോഗ്യമല്ലാത്ത അതി പ്രാചീന ദശയില്‍ സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ‘കൊങ്ങുചേരന്മാര്‍ ’ എന്നറിയപ്പെട്ടിരുന്ന ദ്രാവിഡ ജനത പാലക്കാടന്‍ തുറസ്സിലൂടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പതുക്കെ പതുക്കെ വ്യാപിച്ചിരുന്നു. അന്നത്തെ അവരുടെ ഭാഷയില്‍ ‘പടിഞ്ഞാറ്’ എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന പദം ‘കുട’ എന്നായിരുന്നു. കുടക്, കുടമാളൂര്‍, കുടയത്തൂര്‍ മുതലായ സ്ഥലപ്പേരുകളിലും ഈ സൂചനയാകാം ഉള്ളത്. പടിഞ്ഞാറന്‍ കര എന്നര്‍ത്ഥത്തില്‍ ആദിദ്രാവിഡര്‍ പറഞ്ഞു പോന്നിരുന്ന ‘കുടകര’ പിന്നീട് ‘കൊടകരയായിത്തീര്‍ന്നു.
കാരൂര്‍, കരൂപ്പടന്ന, കറുകുറ്റി
ക്രമേണ കൊടകരയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ വാസയോഗ്യമായപ്പോള്‍ കൊങ്ങു ചേരന്മാര്‍ അവിടെ ആധിപത്യമുറപ്പിച്ചു. തൃശ്ശിനാപ്പിള്ളിക്കടുത്ത് കാവേരിതീരത്തുണ്ടായിരുന്ന തങ്ങളുടെ പഴയ ആസ്ഥാനത്തിന്റെ പേരായ ‘കരുവൂര്‍ ’ എന്നു തന്നെ പുതിയ പ്രദേശത്തിനും നാമകരണം ചെയ്തു. അത് കാലക്രമേണ കരൂര്‍ എന്നും കാരൂര്‍ എന്നും മാറിയിട്ടുണ്ടെന്നു മാത്രം. വിസ്തൃതമായ ഈ അധിവാസ കേന്ദ്രം പടിഞ്ഞാറ് കരൂപ്പടന്ന ( കരൂര്‍ പടനെയ്തല്‍ - നെയ്തല്‍ =സമുദ്രതീരം) വരേയും, തെക്കോട്ട് കറുകുറ്റി (കരൂര്‍ക്കുറ്റി - കുറ്റി=അതിര്) വരെയും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ മാളയായിരുന്നു അന്നത്തെ തുറമുഖം. ( സംഘസാഹിത്യത്തില്‍ പലവട്ടം പ്രത്യക്ഷപ്പെടുന്ന ‘മാന്തൈപ്പെരുന്തുറ’ യാണ് പിന്നീട് മാള എന്ന പേരില്‍ അറിയപ്പെട്ടത്).
വടമ, വൈന്തല,കുഴൂര്‍
കേരളത്തിലെ പ്രാചീന തുറമുഖങ്ങളുടെയെല്ലാം വടക്കു ഭാഗം ‘വടതലൈ’ എന്നാണറിയപ്പെട്ടിരുന്നത്. ഇന്നും വടുതല എന്നപേരില്‍ അത്തരം പ്രദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാന്തൈപ്പെരുന്തുറയുടെ വടക്കു ഭാഗം ‘വടമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു കിഴക്കുള്ള വിസ്തൃതമായ പാടശേഖരത്തിന്റെ തല ‘വയല്‍ത്തല’ (വയ്ത്തല-വൈന്തല). ഈ മാന്തൈപ്പെരുന്തുറയുടെ സമീപത്തായിരുന്നു ഉതിയന്‍ ചേരലാതന്റെ ആസ്ഥാനമായ ‘കുഴുമൂര്‍ ’ എന്ന് ‘പതിറ്റുപ്പത്തില്‍ ‘സൂചനയുണ്ട്. മാളക്കടുത്ത് ഇപ്പോഴും ‘കുഴൂര്‍ ’ എന്നറിയപ്പെടുന്ന സ്ഥലമുണ്ട്.
കൊമ്പൊടിഞ്ഞാമാക്കല്‍
ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊച്ചിയിലേയ്ക്കുള്ള യാത്രാ ഇടവേളയില്‍ ഒരു ആല്‍ മരത്തിന്റെ അടിയില്‍ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം യാത്ര തുടര്‍ന്ന അദ്ദേഹം തന്റെ ഉടവാള്‍ എടുക്കാന്‍ മറക്കുകയും ഭൃത്യന്മാരോട് അന്നു താന്‍ വിശ്രമിച്ചിരുന്ന കൊമ്പൊടിഞ്ഞ ആലിന്റെ അടുത്ത് നിന്ന് വാള്‍ എടുത്തുകൊണ്ടു വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഈ ആല്‍ വളരെ പ്രശസ്ഥമാകുകയും അതിനടുത്തുള്ള പ്രദേശം കൊമ്പൊടിഞ്ഞാമാക്കല്‍ എന്നറിയപ്പെടാനും തുടങ്ങി.
കടപ്പാട്
: 1989 ല്‍ പ്രസിദ്ധീകരിച്ച ഗ്രാമിക ഓണപ്പതിപ്പിലെ പ്രൊഫ. പി. നാരായണമേനോന്റെ ലേഖനത്തില്‍ നിന്നും പിന്നെ കുറെ കേട്ടു കേള്‍വികളും