2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

അമരമ്പലം ശിവക്ഷേത്രം...മലപ്പുറം ജില്ല

 



അമരമ്പലം ശിവക്ഷേത്രം...

==========================



മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം..

"അമരന്‍മാരുടെ അമ്പലം" അഥവാ മരണമില്ലാത്ത ഋഷിമാരുടെ ആവാസകേന്ദ്രമായിരുന്ന അമ്പലം എന്ന അര്‍ത്ഥത്തിലാണ്, ഈ പ്രദേശത്തിന് അമരമ്പലം എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.എന്നാല്‍ നാശമില്ലാത്ത അമ്പലം എന്നര്‍ത്ഥം വരുന്നതു കൊണ്ടാണ് അമരമ്പലം എന്ന പേര് ലഭിച്ചതെന്ന വിഭിന്ന അഭിപ്രായവും നിലനില്ക്കുന്നുണ്ട് .എങ്കിലും ഒരു ദേശത്തിന്‍റെ പേര് തന്നെ ഈ ക്ഷേത്രനാമത്തില്‍ അറിയപ്പെടുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ഐതിഹ്യപെരുമയും ആചാരപെരുമയുമാണ് ഈ ക്ഷേത്രം അവകാശപ്പെടുന്നത്. ശിവന്‍റെ ഭൂതഗണങ്ങളാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ഒറ്റരാത്രി കൊണ്ടുതന്നെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കരുതി രാത്രിയുടെ ആദ്യ യാമത്തില്‍ ആരംഭിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ പുലര്‍ച്ചെ കോഴി കൂവുന്നതുവരെ നീണ്ടു നിന്നതായുമുള്ള കഥകളുണ്ട് നാട്ടില്‍.


കുലശേഖര രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി. നാലമ്പലത്തിനുള്ളിലെ പ്രധാന ശ്രീകോവിലിന്‍റെ ചുമരുകളില്‍ കൊത്തിയിട്ടുള്ള ശില്‍പ്പങ്ങളും കൊത്തു പണികളും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്‌. ഈ കാരണത്താല്‍ കുലശേഖര രാജാക്കന്മാരുടെ കാലഘട്ടമായ പതിനഞ്ചോ, പതിനാറോ നൂറ്റാണ്ടുകളിലായിരിക്കണം ഇതിന്‍റെ നിര്‍മ്മിതിയെന്നു വിശ്വസിക്കുന്നവരുമുണ്ട്‌ .

പടിഞ്ഞാട്ടു ദര്‍ശനവും കിഴക്ക് പുഴയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമരമ്പലം ശിവ ക്ഷേത്രം. പടിഞ്ഞാട്ടു മുഖമുള്ള ക്ഷേത്രത്തിനു പികിലായി കിഴക്ക് സഹ്യനില്‍നിന്നും ഒഴുകിയെത്തുന്ന കുതിരപ്പുഴ പുണ്യനദിയായ ഗംഗയ്ക്ക് സമാനമായി ഇതിലെ ഒഴുകിയെത്തുന്നു. അതിനാല്‍ ഈ നദിയിലെ സ്നാനം ഗംഗാ സ്നാനതിനു സമമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഈ പുഴയില്‍ നിന്നും എടുക്കുന്ന ജലമാണ് ഇവിടെ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.

ഒരു കാലത്ത്‌ കിടങ്ങഴിമന വകയായിരുന്ന ഈ ക്ഷേത്രം, നാലമ്പലത്തോടുകൂടിയ മഹാക്ഷേത്രമായിരുന്ന. എന്നാല്‍, ടിപ്പുവിന്‍റെ പടയോട്ടത്തിനു ശേഷം, ക്ഷേത്രം ചില നായര്‍ പ്രമാണിമാരുടെ കൈവശം വന്നു ചേരുകയും ചെയ്തു,മുന്നൂറു വര്‍ഷം മുന്‍പ് എടവണ്ണ കൊവിലകത്തു നിന്നുവന്ന ഇപ്പോഴത്തെ അമരമ്പലം കോവിലകം രാജാക്കന്മാരുടെ മുന്‍ഗാമികള്‍ ഈ നായന്മാരെ പരാജയപ്പെടുത്തി ക്ഷേത്രം തങ്ങളുടെ അധീനതയില്‍ വരുത്തുകയും ചെയ്തു.

കാലക്രമത്തില്‍ കോവിലകത്തിന്‍റെ മേല്‍നോട്ടത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു ക്ഷേത്ര ഭരണ ചുമതല ഏറ്റെടുത്തു.

ക്ഷേത്ര നടത്തിപ്പിനായി കോവിലകം ഏഴ് ഏക്കര്‍സ്ഥലം ഭരണസമിതിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

ചുറ്റമ്പലത്തിനുള്ളില്‍ കൊത്തുപണികളോട് കൂടിയ ചതുര ശ്രീകോവിലിനുള്ളില്‍ ഉഗ്ര മൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ കുടി കൊള്ളുന്നു.കൂടാതെ, ശങ്കരനാരായണമൂര്‍ത്തി ചൈതന്യവും, നരസിംഹമൂര്‍ത്തിചൈതന്യവും, ബ്രഹ്മരക്ഷസ്സ്, ഗണപതി, ഭഗവതി, അയ്യപ്പന്‍, എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ശിവരാത്രി ആഘോഷം തന്നെയാണ്ഇവിടെയും പ്രധാനം. ശൈവസാന്നിധ്യമായതിനാല്‍ പ്രദോഷ വ്രതത്തിനും വളരെ പ്രാധാന്യമുണ്ട്.മാസത്തിലൊരിക്കല്‍ അഖണ്ഡനാമയജ്ഞം ,വൃശ്ചിക മാസത്തില്‍ അയ്യപ്പ ഭക്തര്‍ നടത്തുന്ന അഖണ്ഡതനാമ നൃത്തവും ഇവിടെ നടക്കാറുണ്ട്...

പിതൃതര്‍പ്പണത്തിനു ഏറെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം..ശിവസന്നിധിയിലെ പുഴക്കരയിലെ പാറയില്‍ ക്ഷേത്ര ചൈതന്യം ദര്‍ശിക്കുന്ന ഭക്തര്‍ കുതിര പുഴയിലെ പിതൃതര്‍പ്പണം ഗംഗയിലെ തര്‍പ്പണത്തിനു തുല്യമാണെന്ന്‌ വിശ്വസിക്കുന്നു .

ശ്രീരുദ്രധാരയും, അഘോര പുഷ്പാഞ്ജലിയും ,മൃത്യുഞ്ജയ ഹോമവുമാണ് ഇവടെ പ്രധാന വഴിപാടുകള്‍. .,നാല്‍പ്പതിഒന്ന് ദിവസം തുടര്‍ച്ചയായി ശിവന് ശ്രീരുദ്രം ധാര ചെയ്‌താല്‍ മാറാത്ത വ്യാധി ഇല്ലെന്നാണ് വിശ്വാസം.

ഗതകാല ചരിത്രത്തിന്‍റെ ശേഷിപ്പുകളായി അമരമ്പലം കോവിലകവും ശിവക്ഷേത്രവും ഇന്നും നിലകൊള്ളുന്നു. ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയങ്ങള്‍ ഉണ്ടായിരുന്നുവത്രെ. അതില്‍ അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രവും വില്ല്വത്ത് ശിവക്ഷേത്രവും ഇന്നും നിലനില്‍ക്കുന്നു. വനവാസ കാലത്ത് പാണ്ഡവന്മാര്‍ ഇതുവഴി എത്തിയതായി വിശ്വാസമുണ്ട്.


ഓം നമ:ശിവായ