ഹരിപ്പാടിന്റെ ഐതീഹ്യം 'ഏകചക്ര' എന്ന നഗരം
================================================
മഹാഭാരത കഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു ഹരിപ്പാടിന്റെ ഐതീഹ്യം . മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്.കേരളചരിത്രത്തിൽപരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം.
ഹരി (വിഷ്ണു)യുടെ പാദം (ഹരിപാദം) എന്നത് ലോപിച്ചാണ് ഈ പ്രദേശത്തിന് ഹരിപ്പാട് എന്ന നാമം ലഭിച്ചത് എന്ന് സ്ഥലപുരാണം.
അരക്കില്ലം വെന്തപ്പോൾ വിദുരരുടെ സഹായത്താൽ രക്ഷപ്പെട്ട പാണ്ഡവരും കുന്തീദേവിയും പാഞ്ചാലീസ്വയംവരത്തിന് മുമ്പ് താമസിച്ചിരുന്ന ഏകചക്രനഗരി എന്ന ബ്രാഹ്മണ ഗ്രാമം ഹരിപ്പാട് ആയിരുന്നു എന്ന് പരക്കെ വിശ്വസിക്കുന്നു. ഇതിന് സഹായകരമായ സ്ഥലനാമങ്ങൾ ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നു .
ഏകചക്രയിലെ നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വളരെ പുരാതനവും പ്രശസ്തവുമാണ്. പാണ്ഡവർ പൂജിച്ചിരുന്ന വിഗ്രഹം ആണ് ഈ ക്ഷേത്രത്തിലെ ചതുർബാഹു വിഗ്രഹം എന്ന് ഭക്തർ വിശ്വസിക്കുന്നു. ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു ഈ ക്ഷേത്രം .
പാണ്ഡവർ കാവ് - വളരെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് പാണ്ഡവർകാവ് ക്ഷേത്രം . കുന്തീദേവി പ്രതിഷ്ഠിച്ച് പൂജിച്ചിരുന്നതാണ് ഈക്ഷത്രത്തിലേ പ്രതിഷ്ഠ. പാണ്ഡവ മാതാവായ കുന്തീ ദേവി ചെളികൊണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം.
തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം മേജര്‍ പാണ്ഡവര്‍കാവ് ദേവി ക്ഷേത്രം . മഹാഭാരതകാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത് . പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗാദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കുന്തി ദേവി ചെളി കൊണ്ട് നിര്‍മിച്ച വിഗ്രഹമാണ് ഇപ്പോഴും ഇവിടുത്തെ മൂല വിഗ്രഹം . പഞ്ചലോഹ നിര്‍മിതമായ ഗോളക കൊണ്ട് ആവരണം ചെയ്തു സംരക്ഷിച്ചു പൂജാദി കര്‍മങ്ങള്‍ നിര്‍വഹിച്ചു പോരുന്നു. കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിക്ക് പ്രതിഷ്ടാനന്തരം അന്ന് ഖാണ്ഡവ വനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കദളിപ്പഴം ആണ് ആദ്യമായി നിവേദിച്ചത് . ഇന്നും പാണ്ഡവര്‍കാവ് ദേവിയുടെ ഇഷ്ട വഴിപാട് കദളിപ്പഴം ആണ് .കൊടിയേറ്റ് ദിവസവും , പൂരം ആറാട്ട് ദിവസവും കുന്തീദേവിക്ക് മാതൃ സങ്കല്‍പ്പത്തില്‍ പുറത്തേക്ക് തൂവുന്ന ചടങ്ങ് ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇഷ്ടവരദായിനിയായ പാണ്ഡവര്‍കാവിലമ്മ സമസ്ത ജനങ്ങള്‍കും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു കൊണ്ട് മഐശ്വര്യ ദേവതയായി പരിലസിക്കുന്നു.!!
പഞ്ചപാണ്ഡവരാൽ നടത്തിയ പ്രതിഷ്ഠ - അതേ കാലഘട്ടത്തില്‍ തന്നെ , പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ടിച്ച മറ്റു 5 ക്ഷേത്രങ്ങള്‍ കൂടി മധ്യ തിരുവിതാംകൂറില്‍ ഉണ്ട് . അവ പാണ്ഡവരില്‍ മൂത്ത പുത്രനായ ധര്‍മപുത്രര്‍ പ്രതിഷ്ടിച്ച ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , ഭീമന്‍ പ്രതിഷ്ടിച്ച തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , അര്‍ജുനന്‍ പ്രതിഷ്ടിച്ച തിരുവാറന്മുള ക്ഷേത്രം , നകുലന്‍ പ്രതിഷ്ടിച്ച തൃക്കൊടിത്താനം , സഹദേവന്‍ പ്രതിഷ്ടിച്ച തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം തുടങ്ങി യഥാക്രമം പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഉച്ചപ്പൂജയ്ക് മുന്പായി പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴം നിവേദിച്ചു കഴിച്ചു പ്രാര്‍ഥിച്ചാല്‍ മാത്രമെ ദര്‍ശനക്രമം പൂര്‍ത്തിയാവുകയുള്ളൂ എന്നും അങ്ങിനെ ചെയ്‌താല്‍ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
ചെങ്ങന്നൂരിന് സമീപമുള്ള പാണ്ഡവൻപാറയും ഈ വിശ്വാങ്ങൾക്ക് ബലംനൽകുന്നു. ഹരിപ്പാടിന് സമീപമുള്ള ചെങ്ങന്നൂരിലാണ് വിസ്‌മയങ്ങളുണര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്. നഗരത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ, പ്രകൃതിയുടെ പച്ചപ്പിനു നടുവില്‍ കറുപ്പിന്റെ തലയെടുപ്പായി ഇതു കാണാം. അരക്കില്ലം വെന്തശേഷം അഞ്ജാതവാസ കാലത്ത് പഞ്ചപാണ്ഡവര്‍ കുന്തീയോടൊപ്പം ഈ പാറയില്‍ താമസിച്ചിരുന്നുവെന്നാണ് വിശ്വാസം.
ഭീമാകാരമായ പാറയ്‌ക്കു മുകളില്‍ എടുത്തുവച്ചതുപോലെ കാണപ്പെടുന്ന പടുകൂറ്റന്‍ ശിലാഖണ്ഡങ്ങള്‍ ആരിലും അത്ഭുതം ജനിപ്പിക്കും. വലിപ്പത്തിലും ആകൃതിയിലും വൈവിധ്യങ്ങളുള്ള ഇവയ്‌ക്ക് പറയാനൊത്തിരി കഥകളുണ്ട്.
താമരപ്പാറ - അരികിലുള്ള ശ്രീകൃഷ്‌ണക്ഷേത്രത്തിന്റെ പടവുകള്‍ കടന്ന് സഞ്ചാരികള്‍ക്കു പാറയിലേക്കു പ്രവേശിക്കാം. ക്ഷേത്രത്തിനു തൊട്ടു പിന്നില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന മൂന്നു ശിലകളുണ്ട്. ആദ്യത്തേതിനു താമരമൊട്ടിന്റെ ആകൃതി. രണ്ടാമത്തേതിനു പാതിവിരിഞ്ഞ താമരയുടെ രൂപം. ഒടുവിലത്തെ വന്‍ശിലയ്‌ക്ക് മുഴുവന്‍ വിടര്‍ന്ന താമരപ്പൂവിന്റെ മുഗ്‌ധസൗന്ദര്യം! താമരപ്പാറ എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.
തവളപ്പാറ - ഇനിയൊന്നു തിരിയുക. കുറച്ചപ്പുറത്ത് അടുക്കിവച്ചതുപോലെ നീണ്ടുരുണ്ട രണ്ടു കല്‍പ്പാളികള്‍ കാണാം. അതിന്റെ മുന്‍ഭാഗത്തേക്കോ വശങ്ങളിലേക്കോ ചെന്ന് സൂക്ഷിച്ചുനോക്കൂ. ശിലകളപ്പോള്‍ വായ് പൊളിച്ച ഒരു ഭീമന്‍ തവളയായി തോന്നും. പ്രകൃതി മായാജാലം കാട്ടുന്ന ഈ ഭാഗത്തിനു തവളപ്പാറയെന്നാണു പേര്.
മദ്ദളപ്പാറ - വളരെ സൂക്ഷിച്ചു വേണം മുകളിലേക്കു കയറാന്‍. ഒരു ഭാഗത്തെത്തുമ്പോള്‍ ചെത്തിമിനുക്കിയതുപോലെയുള്ള കുറെ കൂറ്റന്‍ കല്ലുകള്‍ ചേര്‍ന്നിരിക്കുന്നതു കാണാം. അതിനടുത്തുള്ള ഒരിടം നന്നേ തെളിഞ്ഞുകിടപ്പുണ്ട്. അവിടെ കൈകൊണ്ട് കൊട്ടിനോക്കിയാല്‍ മദ്ദളത്തിന്റെ മുഴക്കം കേള്‍ക്കാം. ആവേശം മൂത്ത ചിലര്‍ ഇവിടെയിരുന്നു പാട്ടുപടി താളമിടാറുണ്ട്.
നിലവറ - ഇരിപ്പിടത്തിന്റെ രൂപത്തിലുള്ള അഞ്ചു കരിമ്പാറകള്‍ ഇവിടത്തെ പ്രധാന കാഴ്‌ചയാണ്. പാണ്ഡവസഹോദരന്മാര്‍ ഇവയിലാണത്രേ ഇരുന്നിരുന്നത്. ഇതിനടുത്തായി കാണുന്ന നിലവറക്കുഴിയില്‍ അവര്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു.
ഭീമന്റെ തല്‍പ്പം - മുകള്‍ത്തട്ടു പരന്ന ആള്‍രൂപത്തിലുള്ള വലിയൊരു പാറ ഇവിടെയുണ്ട്. ഇതിലാണു ഭീമസേനന്‍ കിടന്നിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്തുള്ള ശിലാഖണ്ഡം വെറ്റിലച്ചെല്ലമാണത്രേ. ഈ പാറയില്‍ കാല്‍പ്പാദത്തിന്റേതെന്നു തോന്നുന്ന വിസ്‌തൃതമായ ഒരാകൃതി പതിഞ്ഞുകിടപ്പുണ്ട്. അതും ഭീമന്റേതാണെന്നു കരുതപ്പെടുന്നു.
ഖാണ്ഡവദഹനവുമായി ബന്ധപ്പെട്ടും ചില സ്ഥലനാമങ്ങൾ ഹരിപ്പാടിന്റെ ചുറ്റുപാടുമുണ്ട്.
ഖാണ്ഡവവനം അഗ്നി ഭക്ഷണമാക്കിയപ്പോൾ ആദ്യം തീ കത്തിയ സ്ഥലം കത്തിയ ഊര് കത്തിയൂർ കാലാന്തരത്തിൽ പത്തിയൂർ ആയെന്നും ,അർജ്ജുനൻ ശരകൂടം കെട്ടാൻ ശരം എയ്ത ഊര് എയ്തൂർ ക്രമേണ ഏവൂർ ആയെന്നും സ്ഥലപുരാണം . ഖാണ്ഡവവനം കത്തിയമർന്നപ്പോൾ ഏറ്റവും കൂടുതൽ മണ്ണ് ചൂടുപിടിച്ച് കാഞ്ഞ ഊര് കാഞ്ഞൂർ ആയെന്നും ആദ്യം മണ്ണ് ആദ്യം ആറിയ സ്ഥലം ''മണ്ണാറിയശാല'' മണ്ണാറശാല ആയെന്നും വിശ്വാസം .
ഭീമനുമായി ഏറ്റുമുട്ടിയ വീര്യവാനായ ബകൻ വസിച്ചിരുന്ന ബകപുരം വീയപുര മെന്നും, ബകനേ ഊട്ടിയിരുന്ന സ്ഥലം ഊട്ടുപറമ്പ് എന്നും അറിയപ്പെടുന്നു. ഈസ്ഥലങ്ങളെല്ലാം ഹരിപ്പാടിന്റെ സമീപമാണ്.