2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

മേജർ പത്തിയൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

 



മേജർ പത്തിയൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം 



 ഐതീഹ്യം


ഇതിഹാസങ്ങളുടെ കാലത്തോളം പഴക്കമുള്ളതും പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതും , ഭാരതത്തിലെ പ്രസിദ്ധമായ 108 ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് "മേജർ പത്തിയൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം". ഭയഭക്തി വിശ്വാസത്തോടെ കൂടി ഭജിച്ചാൽ ആയുരാരോഗ്യവും സമ്പത്സമൃദ്ധിയും മനഃശ്ശാന്തിയും പ്രദാനം ചെയ്യുന്ന ക്ഷിപ്രപ്രസീദയായ ദേവിയാണ് ഭക്തജനങ്ങൾക്ക് ദർശനമരുളി ശ്രീകോവിലിൽ കുടികൊള്ളുന്നത്..

മഹാഭാരതത്തിലെ ഖാണ്ഡവ ദഹനം കഥയുമായി ബന്ധപ്പെട്ടതാണ് പത്തിയൂർ ക്ഷേത്രത്തിന്റെ ഉൽപ്പത്തി.. അഗ്നി ഭഗവാൻ ബ്രാഹ്മണ വേഷധാരിയായി കാളീതീരത്തു താമസിക്കുന്ന അർജുനന്റെ മുന്നിൽ വന്ന് കഠിനമായ വിശപ്പ് മൂലം അവശനായ തനിക്ക് മതിയാവോളം ഭക്ഷണം നൽകണമെന്ന് അഭ്യർത്ഥിച്ചു. വിശന്നു വന്ന ബ്രാഹ്മണന് ഭക്ഷണം നൽകേണ്ടത് തന്റെ കടമയാണെന്ന് തോന്നിയ അർജ്ജുനൻ സസന്തോഷം ഭക്ഷണം നൽകാമെന്ന് സമ്മതിച്ചു. ഖാണ്ഡവ വനമാണ് അഗ്നി ഭഗവാൻ ഭക്ഷണമായി ആവശ്യപ്പെട്ടത്... തക്ഷകന്റെ ആവാസ സ്ഥലമായ അവിടെ എപ്പോളും മഴ പെയ്യുന്നതിനാൽ ദിവ്യ അസ്ത്രങ്ങളെകൊണ്ട് ഒരു ശരകുടമുണ്ടാക്കി തന്റെ ആഗ്രഹം സാധിച്ചു തരണമെന്നും അഗ്നി ഭഗവാൻ പറഞ്ഞു. അർജ്ജുനന്റെ അപേക്ഷ പ്രകാരം ശ്രീകൃഷ്ണ ഭഗവാൻ ദിവ്യ അസ്ത്രങ്ങളെയ്തു ശരകുടം ഉണ്ടാക്കുകയും അഗ്നിദേവന്റെ ആഗ്രഹം സഭലമാക്കുകയും ചെയ്തു. ദിവ്യ അസ്ത്രങ്ങൾ എയ്ത ഊര് ഏവൂർ എന്ന് പിൽക്കാലത്തറിയപ്പെട്ടു. അഗ്നി കത്തിയ ഊര് കത്തിയൂരായി.. കത്തിയൂർ ക്രമേണ പത്തിയൂർ ആയിത്തീർന്നു. തെക്കേയറ്റത്തു പത്തിയൂരും വടക്ക് കുമാരനെല്ലൂരും ശക്തിസ്വരൂപിണിയായ കാർത്യായനീദേവിയുടെ പ്രതിഷ്ഠകൾ നടത്തപ്പെട്ടതിനാൽ അഗ്നി അതിനുള്ളിൽ മാത്രമായി നിന്നു.. ഈ രണ്ടു ദേവീ ക്ഷേത്രങ്ങളും ഒരേ ദിശയിലാണു സ്ഥിതി ചെയ്യുന്നത്. പിൽക്കാലത്ത് ഈ ക്ഷേത്രത്തിനു ചുറ്റും ധാരാളം വനങ്ങൾ ഉണ്ടായിരുന്നുവെന്നും ഖാണ്ഡവദഹനത്തിൽ പെട്ടുപോയതുമാണെന്നുള്ളതിന്റെ തെളിവാണ് ക്ഷേത്ര സമീപത്തെ പല ഭാഗങ്ങൾ കുഴിക്കുമ്പോൾ മണ്ണിനടിയിൽനിന്ന് കിട്ടുന്ന കത്തിയ വന്മരങ്ങളുടെ അവശിഷ്ടങ്ങൾ.

എണ്ണൂറോളം വർഷങ്ങൾക്കുമുൻപ് ക്ഷേത്രത്തിനു അഗ്നിബാധയുണ്ടായി. വിഗ്രഹങ്ങൾ ഇളക്കിയെടുത്തു രക്ഷിക്കുന്നതിനായി തന്ത്രിയും പൂജാരിയുമുൾപ്പടെ നാല് ബ്രാഹ്മണർ ശ്രീകോവിലിനുള്ളിൽ കയറി ശ്രമിച്ചെങ്കിലും ബിംബം ഇളകി വന്നില്ല. ഇതുകണ്ട സമീപ വാസിയായ ഒരാളും ശ്രീകോവിലിലേക്ക് ഓടിക്കയറി. ഇവർ അഞ്ചുപേരും അഗ്നിയിൽപ്പെട്ടു മരിച്ചു. ഇളക്കിയെടുക്കുവാനുള്ള ശ്രമത്തിനിടയിൽ വൈകല്യം സംഭവിച്ച വിഗ്രഹം മാറ്റി 1139 കുംഭം 12 തീയതി തന്ത്രി മുഖ്യൻ തിരുവല്ല പറമ്പൂരില്ലത്ത് ചിങ്ങൻ നാരായണൻ ഭട്ടതിരിയുടെ പ്രധാന കാർമികത്വത്തിൽ പുനഃപ്രതിഷ്ഠ ചെയ്തു. അഗ്നിയിൽപെട്ടു മരിച്ച അഞ്ചുപേരെയും ഇതോടൊപ്പം നാലമ്പലത്തിനു പുറത്ത് രക്ഷസുകളായും പ്രതിഷ്ഠിച്ചു.

ചെമ്പു മേഞ്ഞ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ടു ദർശനമായി ഉദ്ദേശം മൂന്നരയടി പൊക്കമുള്ള ദുർഗ്ഗാഭഗവതിയുടെ ചതുർബാഹുക്കളോടുകൂടിയ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നമസ്കാര മണ്ഡപം ചുറ്റമ്പലം ബലിക്കൽപ്പുര കൊടിമരം സേവപ്പന്തൽ ഗോപുരം ക്ഷേത്രകുളങ്ങൾ മുതലായ ക്ഷേത്ര ഭാഗങ്ങളുണ്ട്. നമസ്കാര മണ്ഡപവും ബലിക്കൽപ്പുരയുടെ മച്ചും കമനീയമായ ദാരുശില്പങ്ങളാൽ അലംകൃതമാണ്. കായംകുളം രാജകുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന ശ്രീ കളീക്കൽ പണിക്കാരായിരുന്നു പഴയ കൊടിമരവും ഊട്ടുപുരയും പണികഴിപ്പിച്ചത്. ജീർണിച്ച കൊടിമരം മാറ്റി പഞ്ചലോഹ നിർമ്മിതമായ പുതിയ കൊടിമരം പ്രതിഷ്ഠിച്ചത് 1129 കുംഭം 13 ന് ആയിരുന്നു.

ഭഗവതിക്ക് പുറമെ നാലമ്പലത്തിനുള്ളിൽ ഗണപതി ശിവൻ ഹനുമാൻ എന്നീ ഉപദേവതമാരെയും, നാലമ്പലത്തിനു പുറത്ത് ശ്രീ കൃഷ്ണൻ, ശാസ്താവ്, രക്ഷസുകൾ, നാഗരാജാവ്, നാഗയക്ഷി, യക്ഷിയമ്മ, ശിവൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.


പറയ്ക്കെഴുന്നള്ളത്ത്


കുംഭമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച കൊണ്ടവസാനിക്കുന്നതായിരുന്നു ആദ്യകാല പറയ്ക്കെഴുന്നള്ളത്ത്. എന്നാൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഭക്തരുടെ അഭ്യർത്ഥനപ്രകാരം ഒൻപതു ദിവസങ്ങളിലായാണ് ഇപ്പോഴത്തെ പറയ്ക്കെഴുന്നള്ളത്ത്. കരകളിൽ മാത്രമുള്ള പറയെടുപ്പ് നടത്തിയിട്ടും വർഷംതോറും പറസമർപ്പണത്തിന്റെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നതിനാൽ ഇനിയും പറയെടുപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കേണ്ട അവസ്ഥയാണ്.


തിരുഃ ഉത്സവം


മീനമാസത്തിലെ മകം നക്ഷത്രത്തിൽ സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷമുള്ള തൃക്കൊടിയേറ്റോടുകൂടിയാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സാവാഘോഷങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ഉത്സവദിനമായ പൂരം നാൾമുതലുള്ള ആറാട്ടുകടവിലെ രാവിലത്തെ പൂരംകുളിയും നാലാം നാൾമുതൽ തിരുഃആറാട്ടുവരെ ആറാട്ടുകടവിൽ നിന്നു വരും വഴി സഹോദരി കുടികൊള്ളുന്ന കുറ്റിക്കുളങ്ങര ക്ഷേത്രത്തെയും പിന്നീട ദേവി ആദ്യം കുടി കൊണ്ട ഇല്ലത്തേയും നോക്കിയുള്ള യാത്രാമൊഴി, ഉത്സവത്തിന്റെ അഞ്ച്, ഏഴ് ദിവസങ്ങളിൽ രാവിലെയും ആറാട്ടു ദിവസം സന്ധ്യയ്ക്കും ഇല്ലത്തുള്ള ഇറക്കിപൂജയും , ഏഴാം തിരുഃഉത്സവ ദിവസം കൂട്ടം കൊട്ടുകഴിഞ്ഞുവരുന്ന കന്യകയായ ദേവിയുടെ അഭൗമ സൗന്ദര്യത്തിൽ ആകൃഷ്ടനായി ദേവിയെ പാണീഗ്രഹണം ചെയ്യുവാനുള്ള ആഗ്രഹത്തോടെ നദീ തീരത്തു നിൽക്കുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിയെക്കണ്ട് ദേവി ആറാട്ടുകടവിലേക്ക് തിരിഞ്ഞോടുന്നതും , ആറാട്ടുകുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തിയ ദേവി ഒറ്റയ്ക്ക് തിരിച്ചെഴുന്നള്ളുവാനുള്ള ഭയംമൂലം മറ്റു ദേവിമാരുടെ അകമ്പടിയോടുകൂടി ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചെഴുന്നള്ളുന്നതും ദേവസ്വം വക അൻപൊലി സ്വീകരിച്ചു ദേവി സംതൃപ്തയാകുന്നതും തിരുഃഉത്സവ ദിനങ്ങളെ ധന്യമാക്കുന്ന ആചാരങ്ങളാണ്. തിരുഃആറാട്ടു ദിവസം രാവിലെ കൊടിയിറക്കിനു ശേഷമുള്ള ദർശനം പിൻ വാതിലിലൂടെയാണ്. അസ്തമയ സൂര്യനെ സാക്ഷിയാക്കിയന്ന് കാരനാഥന്മാരും ഭക്തജനങ്ങളും ദേവിക്ക് പാട്ടും വളയും നടയ്ക്കു വയ്ക്കുന്നു. കൂടാതെ ചിങ്ങമാസത്തിലെ മകം നക്ഷത്രത്തിലും പട്ടും വളയും നടയ്ക്കുവയ്ക്കുന്നുണ്ട്. ദുരിത-രോഗ നിവാരണത്തിനും മംഗല്യയോഗത്തിനും സത്പുത്രലബ്ധിക്കുമായി ഭക്തജനങ്ങൾ ആറാട്ടുദിവസം ആറാട്ടുകടവിൽ സൂര്യാസ്തമയത്തിനു ശേഷം നടത്തുന്ന പൊങ്കാലയും ഈ ക്ഷേത്രത്തിൽ മാത്രമുള്ള ആചാരങ്ങളാണ്.


വിശേഷ ദിവസങ്ങൾ


ചിങ്ങമാസത്തിലെ തിരുവോണം, വൃശ്ചികത്തിലെ തൃക്കാർത്തിക എന്നീ ദിവസങ്ങളിൽ ദേവിയെ ജീവതയിൽ പുറത്തെഴുന്നള്ളിക്കുകയും വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യാറുണ്ട്. വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ ഭക്തർ ദേവിക്ക് ക്ഷേത്രസന്നിധിയിൽ വയ്ച്ചു പൊങ്കാല സമർപ്പിക്കുന്നു. മണ്ഡലകാലം, രാമായണ മാസം എന്നിവയും സമുചിതമായി ആചരിച്ചുപോരുന്നു.നാദസ്വര വിദ്വാൻ ശ്രീ. തിരുവിഴ ജയശങ്കറിനെപ്പോലെയുള്ള അനുഗ്രഹീത കലാകാരന്മാർ അരങ്ങേറ്റം കുറിച്ച ഈ തിരുനടയിൽ ദേവീഭക്തരുടെ സഹായ സഹകരണങ്ങളാൽ നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവവും കൊടിയേറ്റുത്സവത്തേക്കാൾ പ്രൗഢ ഗംഭീരമായി നടത്തുന്നു. നവാഹ ദിനത്തിൽ ചെട്ടികുളങ്ങര അമ്മയുടെ സാന്നിദ്ധ്യമുണ്ടായതും ദേവപ്രശ്നത്തിൽ ഇക്കാര്യം പരാമർശിക്കപ്പെട്ടതും നവാഹ ദിനങ്ങളെ കൂടുതൽ ധന്യമാക്കുന്നു.


സമീപക്ഷേത്രങ്ങളുമായുള്ള ബന്ധം


1. പത്തിയൂരമ്മയേയും ഭക്തരെയും പരിഹസിക്കുന്നവർക്ക് അർഹമായ ശിക്ഷ ഉടനടി നൽകി അവരെ അമ്മയുടെ അഭയാർത്ഥിയായി പത്തിയൂരമ്മയുടെ തിരുമുമ്പിലെത്തിക്കുവാൻ പെറ്റിക്ഷേത്രമായ കുറ്റിക്കുളങ്ങരയിലമരുന്ന ശ്രീ ഭദ്രകാളിയ്ക്ക് സഹോദരി സ്ഥാനമാണുള്ളത്.


2. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കരക്കാരായ മേനാമ്പള്ളികാര , മുൻപ് പത്തിയൂർ ക്ഷേത്രക്കരയിൽ ഉൾപ്പെട്ടതായിരുന്നു. അതിന്റെ ഓർമ്മയ്ക്കായി മേനാമ്പള്ളിക്കരയുടെഎതിരേൽപ്പ് ദിവസം രാവിലെ കരക്കാർ വാദ്യഘോഷങ്ങളോടെ പത്തിയൂർ ക്ഷേത്രത്തിലെത്തി വഴുപാട് നടത്തി അനുജ്ഞ മേടിക്കുന്ന കീഴ്പതിവുണ്ട്.


3. കർക്കിടകം ഒന്നിന് സംക്രമവള്ളംകളിയുടെ ഭാഗമായി ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കരനാഥന്മാർ കാഴ്ചവസ്തുക്കളുമായി വഞ്ചിപ്പാട്ടും പാടി ദേവീസന്നിധിയിലെത്തുമ്പോൾ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നു.


4. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുമായുള്ള ഈ ക്ഷേത്രത്തിന്റെ ബന്ധവും സാന്നിദ്ധ്യവും ഈയടുത്തകാലത്തു നടന്ന ദേവപ്രശ്നത്തിലും തെളിയിക്കപ്പെട്ടു. പ്രശ്നമദ്ധ്യേ ഒരു ഭക്തൻ ദേവിക്കുസമർപ്പിക്കുവാൻ നാരങ്ങാമാലയുമായി വന്ന ലക്ഷണം കണ്ടിട്ടാണ് ദൈവജ്ഞൻ ഇക്കാര്യം തിരിച്ചറിഞ്ഞത്.


2008 ലെ ഏഴാം തിരുഃ ഉത്സവ ദിനത്തിൽ ദേവിയ്ക്ക് നീരാട്ടിനാവശ്യമായ ഇഞ്ചയും മഞ്ഞളും കൊണ്ടുചെല്ലുവാൻ ക്ഷേത്ര സംബന്ധികൾ മറന്നുപോയപ്പോൾ, ആർക്കും പരിചയമില്ലാത്തതും, കാഴ്ചയിൽ കുലീനയുമായ ഒരു വൃദ്ധ ഇഞ്ചയും മഞ്ഞളുമായി അവിടെയെത്തുകയും പൂരം കുളി കഴിഞ്ഞപ്പോൾ ഈ വൃദ്ധയെ കാണാതാവുകയും ചെയ്ത അനുഭവം ഭക്തരിൽ വിസ്മയം സൃഷ്ടിച്ചത് ആദരവോടെ ഇത്തരുണത്തിൽ സ്മരിക്കുന്നു.


പ്രധാന വഴിപാടുകൾ


അഭീഷ്ട സിദ്ധിക്കായി ഭക്തർ ദേവിക്ക് "പന്തിരുനാഴി തെരളി" നടത്തുന്നു. 'ചതുർശത നിവേദ്യവും' ഭഗവതി സേവ, കഥകളി എന്നിവയും ദേവിയുടെ ഇഷ്ടവഴിപാടുകളാണ്. ദേവിക്ക് മലർ നിവേദ്യം, മുഴുക്കാപ്പ്, ചുറ്റുവിളക്ക്, ശാസ്താവിന് മകര സംക്രമ സാധ്യ, രക്ഷസിനും ശ്രീകൃഷ്ണനും പാൽപ്പായസം, നാഗങ്ങൾക്ക് മഞ്ഞൾ അഭിഷേകം, യക്ഷിയമ്മക്ക് വറപൊടി, കരിക്കുനിവേദ്യം, കരിവളയണിയിക്കൽ, ഹനുമാൻ സ്വാമിക്ക് അവിൽ നിവേദ്യം,ശിവന് വില്വദളമാല, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ദേവസ്വം വകയായി പാലാഭിഷേകവും മലർനിവേദ്യവും നിത്യേന ദേവിക്ക് നടത്തുന്നുണ്ട്.


ആറാട്ടുകുളം


പത്തിയൂർ ക്ഷേത്രത്തിലെ ആറാട്ട്, ചെട്ടികുളങ്ങര ക്ഷേത്രത്തിനു വടക്കുള്ള പത്തിയൂർ ചിറയിലാണ് പണ്ട് നടന്നിരുന്നത്. ഇന്നീ സ്ഥലം പത്തിച്ചിറ എന്ന പേരിൽ അറിയപ്പെടുന്നു. അവിടെ ഇപ്പോളും ആ കുളം ഭാഗീകമായി സ്ഥിതി ചെയ്യുന്നു. എന്നാൽ പിന്നീട് ക്ഷേത്രത്തിനു ഒരു ഫർലോങ് കിഴക്ക് ആറാട്ടുകുളം നിർമ്മിക്കപ്പെട്ടു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കഥ.

ഇസ്ലാം മത വിശ്വാസിയും ധനികനുമായ ഒരു വ്യാപാരി, വ്യാപാര ശേഷമുള്ള മടക്ക യാത്രയിൽ സന്ധ്യ കഴിഞ്ഞിരുന്നതിനാലും കാൽനടയായുള്ള യാത്രയുടെ ക്ഷീണവും മൂലം ഇപ്പോളത്തെ ആറാട്ടു കുളത്തിന്റെ സ്ഥാനത്തു പണ്ടുണ്ടായിരുന്ന വഴിക്കളിത്തട്ടിൽ വിശ്രമിച്ചു. ക്ഷീണത്താൽ തളർന്നുറങ്ങിപ്പോയ അദ്ദേഹം ഉണർന്നു നോക്കുമ്പോൾ തന്റെ പണമടങ്ങിയ പൊതി കണ്ടില്ല. ദുഃഖിതനായി അവിടെ ഇരിക്കുമ്പോൾ പത്തിയൂരമ്മയുടെ ആറാട്ടു ഘോഷയാത്ര പത്തിച്ചിറയിൽനിന്നും അതുവഴി വന്നു. ഇതിനനുഗമിച്ചിരുന്ന ചില ഭക്തർ ഈ വഴിക്കളിത്തട്ടിൽ വിശ്രമിക്കുകയും യാത്രാക്ലേശത്തെക്കുറിച്ചു പരസ്പരം ചർച്ചചെയ്യുകയും ചെയ്തു. ഇതുകേട്ട വ്യാപാരി തന്റെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടിയാൽ ദേവിക്ക് ആറാട്ടിനുള്ള കുളം ക്ഷേത്ര സമീപത്തു തന്നെ നിർമിച്ചു നൽകാമെന്ന് പ്രാർത്ഥിച്ചു. അന്നുരാത്രി അവിടെത്തന്നെ കഴിഞ്ഞ അദ്ദേഹം പുലർകാലേ ഉണർന്നു നോക്കിയപ്പോൾ രാത്രിയിൽ കളവു പോയ തന്റെ പണമടങ്ങിയ പൊതി തലയ്ക്കരുകിൽ ഇരിക്കുന്ന കാഴ്ചകണ്ടത്ഭുതപ്പെട്ടു. തന്റെ പ്രാർത്ഥന കേട്ട് സഹായിച്ച ദേവിക്ക് ആറാട്ടു വഴി കളത്തട്ടിനു സമീപം തന്നെയുള്ള മൂന്നേക്കർ ഭൂമി വിലക്ക് വാങ്ങി സ്വന്തം ചിലവിൽ ആറാട്ടുകുളം നിർമിച്ചുകൊടുത്തു. പിന്നീട് പൂരംകുളിയും ആറാട്ടുമിവിടെ നടത്തുവാൻ ബന്ധപ്പെട്ടവർ നിശ്ചയിച്ചു.


കരകൾ


പനച്ചോത്തിൽ, പത്തിയൂർ കിഴക്ക്, പത്തിയൂർ പടിഞ്ഞാറ്, പത്തിയൂർക്കാല എന്നീ നാല് കരക്കാർക്ക് ക്ഷേത്രാവകാശം ലഭിച്ചു. മൺറോ സായിപ്പിന്റെ കാലത്താണ് ക്ഷേത്രം ബഹുഃ ദേവസ്വം ബോർഡ് ഏറ്റെടുത്തത്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള മേജർ ക്ഷേത്രമാണ് പത്തിയൂർ ദേവി ക്ഷേത്രം.

കരയിലുള്ള പനച്ചോത്തിൽ കുടുംബക്കാരായിരുന്നു പ്രാചീനകാലത്ത് ക്ഷേത്രത്തിലെ സ്വർണപ്പണിക്കാർ. അതുകൊണ്ടു ആറാം കര പനച്ചോത്തിൽക്കര എന്നറിയപ്പെടുന്നു.

കാലം ക്ഷേത്രിനേൽപ്പിച്ച ജീർണതകൾ പരിഹരിക്കുന്നതിന് ഭക്തജനങ്ങൾ ഒറ്റക്കെട്ടായി ഒരേമനസ്സോടെ പരിശ്രമിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിൻറെ വിജയരഹസ്യം. ദേവിയുടെ പുനഃപ്രതിഷ്ഠ 1182 മേടം 17 (2007 ഏപ്രിൽ 30) തിങ്കളാഴ്ച അത്തം നക്ഷത്രത്തിലും ഉപദേവാലയങ്ങളിലെ പുനഃപ്രതിഷ്ഠ 11-05-2008 (1183 മേടം 26) ഞായറാഴ്ച പൂയം നക്ഷത്രത്തിലും നടത്തുകയുണ്ടായി. ഈ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം തിരുവല്ല പറമ്പൂരില്ലം, കുഴിക്കാട്ടില്ലം എന്നീ രണ്ട് ഇല്ലങ്ങളിലെ ഭട്ടതിരി സഹോദരന്മാർക്കാണ്. തലമുറകളായി കൈമാറി വരുന്ന ഈ അവകാശത്താൽ ഇപ്പോളത്തെ തലമുറയിലെ ബ്രഹ്മശ്രീ രാകേഷ് നാരായണൻ ഭട്ടതിരിയും, നാരായണൻ വാസുദേവ ഭട്ടതിരിയും മാറി മാറി തന്ത്രി സ്ഥാനം വഹിക്കുന്നു.


(കടപ്പാട് :