2020, ജനുവരി 11, ശനിയാഴ്‌ച

ബോറാ ഗുഹകൾ








ബോറാ ഗുഹകൾ

മുപ്പത്തി മുക്കോടി ദൈവങ്ങളുടെയും വാസസ്ഥലം...കാലങ്ങളോളം പ്രകൃതി ഒളിപ്പിച്ചുവെച്ച അത്ഭുത പ്രതിഭാസം...വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്ന് കഥകൾ രചിച്ച ബോറാ ഗുഹകൾ ഉള്ളിൽ അത്ഭുതങ്ങളൊളിപ്പിച്ച ഇടമാണ്. ഒരു ക്യാൻവാസിലെ പെയിന്റിംഗുപോലെ, അസ്തമയ സമയത്തെ ചക്രവാളത്തിന്‍റെ ഭംഗി പോലെ മനോഹരമാണ് ഇതിനുള്ളിലെ കാഴ്ചകൾ. കൺമുന്നിൽ കണ്ടാൽ മാത്രം വിശ്വസിക്കുവാൻ സാധിക്കുന്നത്രയും അവിശ്വസനീയമാണ് ബോറ ഗുഹ. ഇന്ത്യയിലെ മറ്റൊരു അത്ഭുതമായി കണക്കാക്കുന്ന ബോറ ഗുഹകളെക്കുറിച്ച് വായിക്കാം...
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്ന് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നായാണ് ആന്ധ്രാ പ്രദേശിൽ വിശാഖപട്ടമം അരാകു വാലിക്ക് സമീപത്തുള്ള ബോറ ഗുഹകൾ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ കൂടിയാണ്. ബോറ ഗുഹാലു എന്നും ഇതിനു പേരുണ്ട്. ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ നീണ്ടു കിടക്കുന്ന ഗുഹയുടെ ഗുഹാമുഖത്തിന് മാത്രം 100 മീറ്റർ വിസ്തൃതിയുണ്ട്. എന്നാൽ 0.35 കിലോമീറ്റർ ദൂരം മാത്രമേ സന്ദര്‍ശകർക്ക് ഉള്ളിലേക്ക് പോകുവാൻ അനുമതിയുള്ളൂ.
ചുണ്ണാമ്പു കല്ലുകളിലെ ഗുഹ സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെയുള്ളത്. ഇതിൽ കൂടുതലും ചുണ്ണാമ്പു കല്ലുകളാലാണ് രൂപം കൊണ്ടിരിക്കുന്നത്. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്‌റ്റൈറ്റ്. ഈ രണ്ടു തരത്തിലുള്ള പാറകളും ചേർന്ന് വ്യത്യസ്ത രൂപങ്ങളാണ് ഈ ഗുഹയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഒരു ക്യാന്‍വാസിൽ നിറങ്ങൾ പരന്നൊഴുകിയിരിക്കുന്നതു പോലെയാണ് ഇതിനുള്ളിൽ പാറകളിലെ രൂപങ്ങൾ ഉണ്ടായിരിക്കുന്നത്.
പ്രകൃതിദത്ത ആരാധനാ കേന്ദ്രം ഹൈന്ദ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വിശ്വാസങ്ങളാൽ നിറഞ്ഞ ഒരിടമാണിത്. ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും ചേർന്നു കിടക്കുന്ന ഒട്ടേറെ സ്റ്റോൺ ഫോർമേഷനുകൾ ഇവിടെ കാണാം. ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ ഈ ഗുഹയ്ക്കുള്ളിൽ പൂജകൾ നടത്തിയിട്ടുണ്ടത്രെ. വിവിധ വലുപ്പത്തിലുള്ള ശിവലിംഗങ്ങൾ, ശേഷനാഗം, ഐരാവതം, ബ്രഹ്മാവിന്റെ വാഹനമായ അരയന്നം തുടങ്ങിയവയുടെ രൂപങ്ങൾ കല്ലിൽ രൂപപ്പെട്ടിരിക്കുന്നത് ഇവിടെ കാണാം. ഇത് കൂടാതെ മനുഷ്യന്റെ തലച്ചോറിൻറെ രൂപം, അമ്മയുടെയും കുഞ്ഞിന്റെയും രൂപം അങ്ങനെ നിരവധി രൂപങ്ങളിലും പാറകൾ രൂപപ്പെട്ടിട്ടുണ്ട്
ഗുഹയ്ക്കുള്ളിലെ ഗുഹ ഇവിടെ ഈ ഗുഹയ്ക്കകത്ത് മറ്റൊരു ചെറിയ ഗുഹയും രൂപം കൊണ്ടിട്ടുണ്ട്. ഇതിനകത്ത് ഒരു ശിവലിംഗവും അതിനോട് ചേർന്ന് മറ്റൊരു പ്രാർഥനാ പീഠവും കാണുവാൻ സാധിക്കും. ഇതിനുള്ളിലെത്തി പ്രാർഥിക്കുവാനായി പ്രാദേശികരായ ഒരുപാടാളുകൾ എത്തുന്നു. ഇത് കൂടാതെ ഗുഹയ്ക്കുള്ളിലെ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുവാൻ ധാരാളം സന്യാസിമാരെയും ഇവിടെ കാണാം.
ശിവലിംഗം വന്ന കഥ ഗുഹയ്ക്കു മുകളിലായി മേഞ്ഞിരുന്ന ഒരു പശു ഇരുന്നുറടി താഴ്ചയുള്ള ഒരു ദ്വാരത്തിലേക്കു വീണത്രെ. പശുവിനെ അന്വേഷിച്ചെത്തിയവര്‍ ഗുഹയ്ക്കുള്ളില്‍ എത്തിയെന്നും അവിടെ ശിവലിംഗത്തിന്റെ ആകൃതിയില്‍ ഒരു കല്ലുകണ്ടുവെന്നും പറയപ്പെടുന്നു. പിന്നീട് ശിവനാണ് പശുവിനെ രക്ഷിച്ചതെന്നു വിശ്വസിച്ച ഗ്രാമവാസികള്‍ ഗുഹയ്ക്കുള്ളില്‍ ഒരു ചെറിയ ക്ഷേത്രം പണിത് ശിവനെ ആരാധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഗുഹയ്ക്കുള്ളിൽ ശിവലംഗം വന്നത് എന്നുമൊരു വിശ്വാസമുണ്ട്.
അവിചാരിതമായ കണ്ടുപിടുത്തം പഠനങ്ങളനുസരിച്ച് ഏകദേശം 150 മില്യൺ വർഷത്തിലധികം പഴക്കം ഈ പാറകൾക്കുണ്ട് എന്നാണ് വിശ്വാസം. എന്നാൽ 1807 ൽ മാത്രമാണ് പുറമേ നിന്നൊരാൾക്ക് ഈ ഗുഹ കണ്ടെത്തുവാനാകുന്നത്. ജിയോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ്‌ ജോർജ് ആണ് വളരെ അവിചാരിതമായി ഈ ഗുഹകൾ കണ്ടെത്തിയത്. മിഡിൽ പാലിയോലിഥിക് സംസ്കാര സമയത്ത് രൂപം കൊണ്ടവയാണ് ഇത് എന്നും ചരിത്രം പറയുന്നു
തണുപ്പ് മാത്രം എത്ര കടുത്ത വേനലിലും ഇവിടെ ഗുഹയ്ക്കുള്ളില്‍ കഠിനമായ തണുപ്പ് മാത്രമായിരിക്കും അനുഭവപ്പെടുക. പുറത്തെ കാലാവസ്ഥ എന്തുതന്നെയായാവും അതൊന്നും ഗുഹയെ ബാധിക്കുകയേയില്ല. സമുദ്ര നിരപ്പിൽ നിന്നും 1400 അടി മുകളിലാണ് ഇവിടമുള്ളത്. നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ യോജിച്ചത്.