2020, ജനുവരി 8, ബുധനാഴ്‌ച

സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം


സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം  ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം










സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം  ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം



കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നിപ്പിക്കുന്ന പല ക്ഷേത്രങ്ങളും ആചാരങ്ങളും നമ്മുടെ നാട്ടിലുണ്ട്. ലോട്ടറി തുക ഉപയോഗിച്ച് പണിത ക്ഷേത്രവും ദുരാത്മാക്കളെയും ബാധകളെയും മോചിപ്പിക്കുന്ന ക്ഷേത്രവും മാത്രമല്ല, എലിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വരെ ഇവിടെ കാണാം. എന്നാൽ അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഛത്തീസ്ഗഡിലെ ഈ ക്ഷേത്രത്തിന്റെ കഥ. ഇവിടെ ആരാധിക്കുന്നത് ഹനുമാനെ ആണെങ്കിലും അതിനു ഒരു പ്രത്യേകതയുണ്ട്. മരുത്വാമലയും ചുമലിലേറ്റി നിൽക്കുന്ന ഹനുമാമ്‍റെ രൂപം പ്രതീക്ഷിച്ചെത്തിയാൽ അതായിരിക്കില്ല ഇവിടെ വിശ്വാസികളെ കാത്തിരിക്കുന്നത്. ഒരു സ്ത്രീയുടെ വേഷവിധാനങ്ങളിൽ, സ്ത്രീയായി ആരാധിക്കുന്ന ഹനുമാനാണ് ഈ ക്ഷേത്രത്തിലുള്ളത്.... ക്ഷേത്ര വിശേഷങ്ങളിലേക്ക്.

ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം ഛത്തീസ്ഗഡിലെ എണ്ണം പറഞ്ഞ ഹനുമാൻ ക്ഷേത്രങ്ങളിലൊന്നാണ് രത്തൻപൂർ ജില്ലയിലെ ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം. ഇന്ത്യയിലെന്നല്ല, ലോകത്തിൽ തന്നെ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത വിധത്തിലുള്ള ഇവിടുത്തെ പ്രതിഷ്ഠ ഒട്ടേറെ വിശ്വാസികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഒരു സ്ത്രീയുടെ വേഷത്തിലാണ് ഇവിടെ ക്ഷേത്രത്തിൽ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആഞ്ജനേയനായി ഹനുമാനെ ആരാധിക്കുന്ന നൂറു കണക്കിന് ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ടെങ്കിലും സ്ത്രീ രൂപത്തിലുള്ള ഹനുമാൻ എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം.

വിളിച്ചാൽ വിളിപ്പുറത്ത് ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹങ്ങളും ആവശ്യങ്ങളും പോലും ഒരുതവണ ഇവിടെയെത്തി പ്രാർഥിച്ചാൽ നടക്കും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഛത്തീസ്ഗഡിൽ നിന്നും മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്. ഇത് കൂടാതെ, രാമനെ ഇടതു തോളിലും സീതയെ വലതു തോളിലും വഹിച്ചു കൊണ്ടു നിൽക്കുന്ന മറ്റൊരു ഹനുമാൻ രൂപവും ഈ ക്ഷേത്രത്തിൽ കാണാം.

ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ഇവിടെ വന്നതിനെപ്പറ്റി പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസിക്കപ്പെടുന്നതും രത്തൻപൂരിലെ രാജാവായിരുന്ന പൃഥ്വി ദേവ്ജുവിന്റെ കഥയാണ്. കടുത്ത ഹനുമാൻ ഭക്തനായിരുന്നുവത്രെ ഈ രാജാവ്. ഊണിലും ഉറക്കത്തിലും സദാ ഹനുമാനെ സ്മരിച്ചിരുന്ന അദ്ദേഹം തന്റെ എല്ലാ വിധ നേട്ടങ്ങൾക്കും പിന്നിലെ ശക്തി ഹനുമാനാണെന്നാണ് അടിയുറച്ച് വിശ്വസിച്ചിരുന്നത്. ഒരിക്കൽ രാജാവിന് കുഷ്ഠരോഗം പിടിപെടുകയുണ്ടായി. എത്ര ചികിത്സകൾ നടത്തിയിട്ടും മാറാത്ത രോഗം മാറുവാൻ അദ്ദേഹം ഹനുമാനോട് പ്രാർഥിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം സ്വപ്നത്തിൽ വന്ന ഹനുമാൻ രാജാവിനോട് തന്റെ പേരിൽ ഒരു ക്ഷേത്രം നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തു. പണി ഏകദേശം പൂർത്തിയാകാറായപ്പോൾ ഹനുമാൻ വീണ്ടും സ്വപ്നത്തിലെത്തുകയും സമീപത്തെ മഹാമയ തടാകത്തിൽ നിന്നും ലഭിക്കുന്ന വിഗ്രഹം വേണം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാനെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹനുമാൻ എന്താവശ്യപ്പെട്ടാലും നടത്തിക്കൊടുക്കുവാൻ തയ്യാറായി നിന്നിരുന്ന രാജാവ് അവിടെയെത്തി. തിരച്ചിലുകൾക്കൊടുവിൽ അദ്ദേഹത്തിന്റെ ആളുകൾ കുളത്തിൽ നിന്നും കണ്ടെത്തിയത് അപ്രതീക്ഷിതമായ ഒന്നായിരുന്നു. സ്ത്രീ രൂപത്തിലുള്ള ഹനുമാന്റെ ഒരു വിഗ്രഹമാണ് അവർക്ക് കുളത്തിൽ നിന്നും ലഭിച്ചത്. എന്നാൽ അത് കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം പ്രതിഷ്ഠ നടത്തുകയാണുണ്ടായത്. പ്രതിഷ്ട കഴിഞ്ഞപ്പോഴേയ്ക്കും രാജാവിന്റെ കുഷ്ഠ രോഗം മാറുകയും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തീരുകയും ചെയ്തുവത്രെ. ഇതു മാത്രമല്ല, പ്രാർഥിച്ചാൽ എന്താഗ്രഹവും സാധിക്കുന്ന ക്ഷേത്രമായി മാറിയതിനു പിന്നിലും ഒരു കഥയുണ്ട്. പ്രതിഷ്ഠ നടത്തിയതിനു ശേഷം രാജാവ് ഹനുമാനോട് പ്രാര്‍ത്ഥിച്ചത് ഇവിടെ എത്തുന്ന ജനങ്ങള്‍ എന്താഗ്രഹവുമായാണോ വരുന്നത്, അത് സാധിച്ചു കൊടുക്കണം എന്നായിരുന്നു. അങ്ങനെയാണ് ഇവിടെ വിശ്വാസികൾക്ക് ആഗ്രഹങ്ങൾ സാധ്യമാകുന്നത് എന്നാണ് വിശ്വാസം.
സന്ദർശിക്കുവാൻ പറ്റിയ സമയം വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് പോകാമെങ്കിലും ചൂട് കാലത്തുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇവിടുത്തെ ചൂട്, കേരളത്തിൽ നിന്നുള്ളവർക്ക് അസഹനീയമായിരിക്കും. ഏപ്രിൽ,മേയ് മാസമാണ് ഇവിടുത്തെ ചൂടുകാലം. തണുപ്പു സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാൻ തിരഞ്ഞെടുക്കാം
എത്തിച്ചേരുവാൻ 

ഛത്തീസ്ഗഡിലെ റത്തൻപൂരിലെ ഗിര്‍ജബന്ധിലാണ് ഈ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളമാണ്. ഇവിടെ നിന്നും 104 കിലോമീറ്റർ അകലെയാണ് രത്തൻപൂർ. രത്തൻപൂരിന് അടുത്തുള്ള പ്രധാന പട്ടണം ബിലാസ്പൂരാണ്. ബിലാസ്പൂരിൽ നിന്നും 28 കിലോമീറ്റർ ദൂരമുണ്ട് രത്തൻപൂരിലേക്ക്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും ബിലാസ്പൂരിലാണുള്ളത്