2020, ജനുവരി 15, ബുധനാഴ്‌ച

ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?


ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?
==============================================
ഈ കല്പത്തിലെ നാലാമത്തെ മന്വന്തരത്തില്‍ നടന്ന സംഭവമാണ് ഗജേന്ദ്രമോക്ഷം. ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ് അഗസ്ത്യാശാപത്താല്‍ ആനയായിത്തീര്‍ന്നതും, ഹൂഹൂ എന്ന ഗന്ധര്‍വന്‍ ശാപംമൂലം മുതലയായി വന്ന് ആനയുടെ കാലില്‍ പിടികൂടിയതും മഹാവിഷ്ണു ഗരുഡാരൂഢനായി വന്ന് ആദ്യം ഹൂഹൂവിനും പിന്നെ ഭക്തനായ ഇന്ദ്രദ്യുമ്‌നനും മുക്തി നല്‍കി. ഈ ഭാഗവത കഥ എല്ലാവര്‍ക്കുമറിയാം. രണ്ടു ഭക്തന്മാരും വൈകുണ്ഠം പ്രാപിച്ചപ്പോള്‍ ആനയുടെയും മുതലയുടെയും ഭീമാകാരമായ ശവങ്ങള്‍ തടാകക്കരയില്‍ ശേഷിച്ചു.

ഗരുഡഡന്റെ വിശപ്പ് തിര്ക്കാനായി പിതാവായ കശ്യപ പ്രജാപതി ആ ശവങ്ങള്‍  ഭക്ഷിക്കുവാൻ അനുവാദം നൽകി. ഗരുഡന് നല്ലൊരു ഭക്ഷണം വെറുതെകിട്ടുന്നതു കളയുന്നതെന്തിന്?
പര്‍വത തുല്യങ്ങളായ ആനയുടെയും മുതലയുടെയും ശവങ്ങളും കൊത്തിയെടുത്ത് ഗരുഡന്‍ പറന്നുയര്‍ന്നു. എവിടെ കൊണ്ടു വച്ചാണിത് തിന്നുക? തന്നെയും ഈ ശവങ്ങളെയും താങ്ങാന്‍ ശക്തിയുള്ള വൃക്ഷം എവിടെയുണ്ട്? പാലാഴിയുടെ മധ്യത്തില്‍ ജാംബൂനദം എന്നുപേരുള്ള വലിയൊരു വൃക്ഷമുണ്ട്. പര്‍വതത്തോളം വലിപ്പമുണ്ട്. അതിന്റെ ശിഖരങ്ങള്‍ക്ക് മാത്രമല്ല അതുമുഴുവന്‍ സ്വര്‍ണമാണ്.

ഗരുഡന്‍ ആനയേയും മുതലയേയും അതിന്റെ ഒരു കൊമ്പില്‍ കൊണ്ടുവച്ച് കൊത്തിത്തിന്നാന്‍ തുടങ്ങി. അതാ ഭാരംകൊണ്ട് മരക്കൊമ്പ് പടപടാ ഒടിയുന്നു. ഗരുഡന്‍ ഒടിയുന്ന മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന് ബാലഖില്യന്മാര്‍ എന്ന വിരലടയാളം വലുപ്പമുള്ള എണ്‍പത്തെണ്ണായിരം മുനിമാര്‍ തപസ്സുചെയ്യുന്നതു ശ്രദ്ധിച്ചു. മരക്കൊമ്പ് താഴെ വീണാല്‍ അവര്‍ ശപിക്കും. ഗരുഡന്‍ ആകെ വെട്ടിലായി. ആനയെ വിടണോ മുതലയെ വിടണോ, മഹര്‍ഷിമാരെ രക്ഷിക്കണോ? എന്തായാലും ഒടിഞ്ഞ വൃക്ഷക്കൊമ്പ് കാലിലും രണ്ടു ശവങ്ങള്‍ കൊക്കിലും ഒതുക്കിയെടുത്തുകൊണ്ട് പറന്നുയര്‍ന്നു. എവിടെയോ ഇവയൊക്കെ ഒന്നിറക്കിവയ്ക്കുക?

മകന്റെ ഈ ബുദ്ധിമുട്ട് കശ്യപ മഹര്‍ഷി കണ്ടു. നീ വിഷമിക്കണ്ട മകനേ, തെക്കേ സമുദ്രത്തിനു മദ്ധ്യ ത്രികുടം എന്നൊരു പര്‍വതമുണ്ട്. അതിനു മൂന്നു ശിഖരങ്ങളുണ്ട്. ഒടിഞ്ഞകൊമ്പ് അതില്‍ ഒരു ശിഖരത്തില്‍ വയ്ക്കാം. മറ്റു രണ്ടു ശിഖരങ്ങളില്‍ ഈ ശവങ്ങളും വച്ച് ഭക്ഷിച്ചോളൂ എന്ന് മുനി തന്റെ മകനെ ഉപദേശിച്ചു. ഗരുഡന്‍ അപ്രകാരം ത്രികുടാചലത്തിലെത്തി. ബാലഖില്യന്മാര്‍ തപസ്സുചെയ്യുന്ന മരക്കൊമ്പ് മെല്ലെ ഒരു കൊടുമുടിയില്‍വച്ചു. ശവങ്ങള്‍ മറ്റേ കൊടുമുടികളിലുംവച്ച് സുഖമായി തിന്നുതീര്‍ന്നു. വിശപ്പുമാറിയപ്പോള്‍ ഗരുഡന്‍ പറന്നുപോയി. തപസ്സു തീര്‍ന്നപ്പോള്‍ മുനിമാരും സ്ഥലം വിട്ടു. ജാംബൂനദത്തിന്റെ സ്വര്‍ണശിഖരം ത്രികൂടാചലത്തില്‍ ഉറച്ചു. വിശ്വകര്‍മ്മാവ് ലങ്കാനഗരം പണികഴിപ്പിക്കുമ്പോള്‍ ഈ പര്‍വതശിഖരത്തില്‍ നിന്നാണ് സ്വര്‍ണം എടുത്തത്.

ഹനുമാന്‍ ലങ്ക ചുട്ടെരിച്ചു. സ്വര്‍ണ ഭവനങ്ങളെല്ലാം ഉരുകി. ത്രികൂടാചലത്തില്‍നിന്നും സ്വര്‍ണം ഉരുകി. അങ്ങനെ ലങ്കയില്‍ വീണ്ടും സ്വര്‍ണമയമായിത്തീര്‍ന്നു. ഹനുമാന്‍ ചുട്ടുനശിപ്പിച്ച ലങ്കയെ വീണ്ടും പണിതത് മണ്ഡോദരിയുടെ പിതാവും അസുരശില്പിയുമായ മയനാണ്.


ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?
ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?

ബ്രഹ്മപുത്രനായ പുലസ്ത്യന്‍ തപസ്സു ചെയ്യാന്‍ മേരു പര്‍വതത്തിലെത്തി. അവിടെ തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുമ്പോള്‍ പെണ്‍കുട്ടികളുടെ ആട്ടവും പാട്ടും കൊണ്ട് സഹിക്കവയ്യാതെ പുലസ്ത്യമഹര്‍ഷി ''ആരാണോ ഈ ആശ്രമത്തില്‍ വന്ന് എന്റെ തപസ്സുണര്‍ത്തുന്നത് അവള്‍ ഗര്‍ഭിണിയായിത്തീരട്ടെ'' എന്നു ശപിച്ചു.
ഇതറിയാതെ തൃണബിന്ദു മഹര്‍ഷിയുടെ പുത്രി ഇഡവിഡ അവിടെ വരുകയും ഗര്‍ഭിണിയാവുകയും ചെയ്തു. പിന്നീട് തൃണബിന്ദു മഹര്‍ഷി അവളെ പുലസ്ത്യന് വിവാഹം ചെയ്തു കൊടുത്തു. അവര്‍ക്ക് ജനിച്ച കുട്ടിയാണ് വിശ്രവസ്സു മഹര്‍ഷി.
ഭരദ്വാജ മഹര്‍ഷി വിശ്രവസ്സിന്റെ വൈഭവം കണ്ടറിഞ്ഞ് തന്റെ മകളെ വിശ്രവസ്സിന് വിവാഹം ചെയ്തു കൊടുത്തു. അവളില്‍, ബ്രഹ്മാവിന്റെ വരദാനത്താല്‍ ധനാധ്യക്ഷനായിത്തീര്‍ന്ന വൈശ്രവണന്‍ എന്നൊരു പുത്രനുണ്ടായി. വിശ്രവസ്സിന്റെ പുത്രനായിരുന്നു കുബേരനെന്ന വൈശ്രവണന്‍.
ആരാലും ആക്രമിക്കപ്പെടാന്‍ സാധ്യമല്ലാത്ത വാസസ്ഥാനം ആവശ്യപ്പെട്ട വൈശ്രവണന് ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ലങ്ക ലഭിച്ചു. വിഷ്ണുഭഗവാനെ ഭയന്ന് രസാതലത്തിലേക്ക് പോയ അസുരന്മാരുടേതായിരുന്നു ആ ലങ്ക!
ഒരിക്കല്‍ അസുരരാജാവായ സുമാലി, രാക്ഷസന്മാര്‍ക്ക് ജയിക്കാനുള്ള ഉപായമെന്തെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ഒരു വൈശ്രവണന്‍ തന്റെ പുഷ്പക വിമാനത്തില്‍ പോകുന്നതുകണ്ടു. തന്റെ പുത്രിയായ കൈകസിയോട്, വിശ്രവസ്സിന്റെ അടുക്കല്‍ ചെന്ന് തനിക്ക് പുത്രന്മാരെ നല്‍കാന്‍ സുമാലി ഉപദേശിച്ചു.
അതിന്‍പ്രകാരം, കൈകസി വിശ്രവസ്സിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം വേദാധ്യയനം ചെയ്യുകയായിരുന്നു. അപ്പോള്‍ സന്ധ്യാസമയവുമായിരുന്നു. ആ സമയത്ത്, ഈശ്വരഭജനം ചെയ്യുന്നതിന് പകരം പുത്രോല്‍പ്പാദനത്തിന് ആഗ്രഹിച്ചതിനാല്‍ കൈകസിക്ക് വിശ്രവസ്സില്‍ ജനിച്ച രാവണനും കുംഭകര്‍ണനും രാക്ഷസരായിത്തീര്‍ന്നു. വിശ്രവസ്സിന്റെ വേദാധ്യയനം കേള്‍ക്കമൂലം വിഭീഷണനെന്ന പരമഭക്തനും സാത്വികനുമായ മറ്റൊരു പുത്രനും കൈകസിയില്‍ ജനിച്ചു. വിഭീഷണന്‍ മിതാഹാരിയും സ്വാധ്യായശീലനും നിത്യകര്‍മപരായണനുമായിരുന്നു.
പത്തുകഴുത്തും മഹാദംഷ്ട്രയും ചെഞ്ചുണ്ടും വന്‍മുഖവും ഇരുപത് കൈകളും ഉളളവനായ ദശഗ്രീവന്‍ (പത്തുതലയോടുകൂടിയവന്‍) അവന്‍ അന്യരെ കരയിക്കുന്നവനാകയാല്‍ രാവണനെന്ന് ശ്രീപരമേശ്വരന്‍ അവന് പേരും നല്‍കി.
കുംഭകര്‍ണന്‍ വലിയ കാതുള്ളവന്‍ എന്നര്‍ത്ഥം അവന്റെ ആകൃതിയേക്കാള്‍ വലിയ ആകൃതി മറ്റാര്‍ക്കുമില്ല. അസുരന്റെ ലക്ഷണം നീണ്ട പല്ലുകള്‍, വലിയ കാതുകള്‍, തുറിച്ച കണ്ണുകള്‍ (അതായത് ഇന്ദ്രിയങ്ങളെ പുറത്തേക്കിടുന്നവന്‍) സുമാലി, തന്റെ മകള്‍ കൈകസിയുടെ പുത്രനായ രാവണന്റെ അച്ഛന്‍ വിശ്രവസ്സിന്റെ പുത്രനും തന്മൂലം തന്റെ ജ്യേഷ്ഠനുമായ വൈശ്രവണന്റെ വൈഭവങ്ങള്‍ പറഞ്ഞ് അസൂയ വര്‍ധിപ്പിച്ചു.
വൈശ്രവണന്റെ ലങ്കാരാജ്യവും പുഷ്പകവിമാനവും കണ്ടും മുത്തച്ഛന്‍ സുമാലിയുടെയും അമ്മ കൈകസിയുടെയും വാക്കുകള്‍ കേട്ടും രാവണനില്‍ വൈശ്രവണനോട് അസൂയയും ക്രോധവും വര്‍ധിച്ചു.
എങ്ങനെയാണ് വൈശ്രവണനേക്കാള്‍ വലിയവനാകേണ്ടതെന്ന രാവണന്റെ ചോദ്യത്തിന് ബ്രഹ്മാവാണ് വൈശ്രവണന്റെ ഈ ഐശ്വര്യത്തിന് കാരണമെന്നറിഞ്ഞു. അങ്ങനെ രാവണനും സഹോദരന്മാരും ബ്രഹ്മാവിനെ തപസ്സു ചെയ്തു.
രാവണന്‍ പിന്നീട് വൈശ്രവണനോട്, യുദ്ധം ചെയ്യാന്‍ ചെന്നു. അതുകണ്ട് ഭയന്ന വൈശ്രവണന്‍ തന്റെ പിതാവായ വിശ്രവസ്സ് മഹര്‍ഷിയോട് എന്തു ചെയ്യണമെന്ന് ചോദിച്ചു. മഹര്‍ഷിയാകട്ടെ ''സ്വന്തം സഹോദരന് അവയാണ് (ലങ്കയും പുഷ്പകവിമാനവും) ആവശ്യമെങ്കില്‍ അവനവ വിട്ടുകൊടുക്കുക. സഹോദരര്‍ ഒരിക്കലും വഴക്കു കൂടരുത്. അതാണ് സഹോദരധര്‍മം'' എന്നുപറഞ്ഞു.
അതുകേട്ട വൈശ്രവണന്‍ ലങ്കയും പുഷ്പകവിമാനവും രാവണന് വിട്ടുകൊടുത്തു.


കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതും കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ (എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷിയായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യം എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.

അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.

ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.