ഭസ്മാസുരനിൽ നിന്നും പരമ ശിവൻ ഓടിയൊളിച്ച യാന ഗുഹകൾ
ചില ചരിത്രകഥകൾ അങ്ങനെയാണ്, ചില സ്ഥലങ്ങളുടെ രൂപത്തെ അങ്ങനെത്തന്നെ മാറ്റിക്കളയും... അത്തരത്തിൽ ഐതിഹ്യങ്ങൾകൊണ്ടും രൂപംകൊണ്ടും സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു പ്രത്യേക ഇടമാണ് യാന. രൂപത്തിൽ മാത്രമല്ല യാന എന്ന പേരിൽ വരെയുണ്ട് ഒരു നിഗൂഢത. കാടിനു നടുവിൽ എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടുള്ള ഇടത്ത് സ്ഥിതി ചെയ്യുന്ന ഈ കന്നഡ ഗ്രാമം വളരെ വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ടും പേരുകേട്ട സ്ഥലമാണ്. സാഹസിക സഞ്ചാരികളെ വെല്ലുവിളിക്കുന്ന, തീർഥാടകരെ ഭക്തിയുടെ നിറവിലെത്തിക്കുന്ന യാനയുടെ കഥകളറിയാം...
എവിടെയാണിത്? പശ്ചിമഘട്ട മലനിരകളില്‍ സഹ്യാദ്രിയോട് ചേർന്ന് കർണ്ണാടകയിലെ ഉത്തര കർണ്ണാടക ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുംത കാടുകൾക്കു നടുവിലാണ് ഇതുള്ളത്. കർവാർ തുറമുഖത്തു നിന്നും 60 കിലോമീറ്ററും സിർസിയിൽ നിന്നും 40 കിലോമീറ്ററും കുംതയിൽ നിന്നും 31 കിലോമീറ്ററുമാണ് യാനയിലേക്ക് എത്തുവാൻ വേണ്ട ദൂരം.
ഭസ്മാസുരനും യാനയും കഥകളും മിത്തുകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഈ സ്ഥലത്തിനു പുരാണങ്ങളിലെ അസുര രാജാവായിരുന്ന ഭസ്മാസുരനുമായി ഒരു ബന്ധമുണ്ട്. തന്റെ കൈകൾ ആരുടെ തലയിൽ വെയ്ക്കുന്നോ അവർ ഭസ്മമായി തീരും എന്ന് പരമ ശിവനിൽ നിന്നും ഭസ്മാസുരന് ഒരു വരം ലഭിച്ചിരുന്നു. വരത്തിന്റെ ശക്തി ശിവനുമേൽ തന്നെ പ്രയോഗിക്കാൻ ഭസ്മാസുരൻ തുനിഞ്ഞപ്പോൾ ശിവൻ രക്ഷ തേടി വിഷ്ണുവിനടുത്തെത്തി. ഭസ്മാസരനെ നശിപ്പിക്കാനായി മോഹിനി എന്ന പേരിൽ വിഷ്ണു രൂപമെടുത്തു. സൗന്ദര്യം കൊണ്ട് ആരെയും വശീകരിക്കുന്ന മോഹിനിയിൽ ഭസ്മാസുരൻ അനുരക്തനായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... അങ്ങനെ മോഹിനി വെല്ലുവിളിച്ച നൃത്തമത്സരത്തിൽ ഭസ്മാസുരൻ പങ്കെടുക്കുകയാണ്. നൃത്തത്തിനിടയിൽ മോഹിനി ബുദ്ധിപൂർവ്വം തന്റെ കരങ്ങളെടുത്ത് ശിരസ്സിൽ വെച്ചു. തനിക്ക് കിട്ടിയ വരത്തേക്കുറിച്ച് ഓർക്കാതെ കൈയ്യെടുത്ത് തലയിൽ വെച്ച ഭസ്മാസുരൻ അപ്പോള്ഡ തന്നെ ചാരമായി മാറി. ഭസ്മാസുരൻ കത്തിയമർന്നപ്പോൾ ഭയാനകമായ അഗ്നിയായിരുന്നുവത്രെ ഉണ്ടായിരുന്നത്. അതുകൊണ്ട്അവിടെയുണ്ടായിരുന്ന കല്ലുകൾ കറുത്ത നിറമായി മാറിയത്രെ. അങ്ങനെയാണ് ഇവിടെ കാണുന്ന കല്ലുകൾ ഉണ്ടായതെന്നാണ് വിശ്വാസം.
ഭൈരവേശ്വര ശിഖരവും മോഹിനി ശിഖരവും വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം. മോഹിനി ശിഖരയ്ക്ക് 80 മീറ്റ്‍ ഉയരവും ഭൈരവേശ്വര ശിഖരയ്ക്ക് 120 മീറ്റർ ഉയരവുമാണുള്ളത്. ഭസ്മാസുരനിൽ നിന്നും ഓടി ഒളിക്കുവാനായി പരമശിവൻ കയറിയ പാറക്കൂട്ടമാണ് ഭൈരവേശ്വര ശിഖര എന്നറിയപ്പെടുന്നത്. വിശ്വാസങ്ങൾ ധാരാളം ഉറങ്ങിക്കിടക്കുന്ന ഇടമായതിനാൽ തീർഥാടകരാണ് ഇവിടെ എത്തുന്നത്. ഭൈരവേശ്വര ഗുഹ ശിവനുമായി ബന്ധപ്പെട്ടതായതിനാൽ നഗ്നപാദരായി മാത്രമേ ഇതിനകത്തു പ്രവേശിക്കുവാൻ കഴിയൂ.. എന്നാൽ സാഹസികതയിൽ താൽപര്യമുള്ളവർക്കിടയിൽ അടുത്ത കാലത്തായി മാത്രം ഈ സ്ഥലം പ്രചാരത്തിൽ വന്നതിനാൽ സഞ്ചാരികൾ ഈ സ്ഥലത്തെക്കുറിച്ച് മനസ്സിലാക്കി വരുന്നതേയുള്ളൂ. അതിനാൽ വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവിടം മികച്ച ഒരു സാഹസിക കേന്ദ്രമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.
ട്രക്കിങിൽ താല്പര്യമുണ്ടെങ്കിൽ സാഹസിക ട്രക്കിങ്ങിൽ താല്പര്യമുള്ള ആളുകൾക്ക് പോയി തങ്ങളുടെ സാഹസികത പരീക്ഷിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് യാന എന്ന കാര്യത്തിൽ സംശയമില്ല. സഹ്യാദ്രി മലനിരകളിലൂടെ കാടിന്റെ സുഖങ്ങൾ അറിഞ്ഞുകൊണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരുകാലത്ത് ഇവിടുത്തെ രണ്ടു പാറക്കെട്ടുകൾക്കും അടുത്തേക്കുള്ള യാത്ര വളരെ പ്രയാസമേറിയതായിരുന്നു. സാഹസികതയും കായിക ശക്തിയും മനോബലവും ഉള്ള ആളുകൾക്കു അന്ന് ഇവിടെ എത്തിപ്പെടുവാൻ പറ്റിയിരുന്നുള്ളു. പിന്നീട് ഇവിടെ എത്തുന്ന തീർഥാടകരുടെയും സഞ്ചാരികളുടെയും എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ മികച്ച റോഡുകളാണ് ഇവിടെയുള്ളത്. സാഹസികരെ സംബന്ധിച്ചെടുത്തോളം അദികം തിരക്കുകളൊന്നും ഇല്ലാത്ത ഒരു മികച്ച ട്രക്കിങ്ങ് സ്പോട്ട് എന്നതു തന്നെയാണ് ഇവിടുത്തെ ആകർഷണം.
യാന ഗുഹകൾ ട്രക്ക് ചെയ്ത് എത്തുന്നിടത്താണ് യാന ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഉയരം കൂടിയ 120 മീറ്റർ ഉയരമുള്ള ഭൈരവേശ്വര ശിഖരയ്ക്ക് സമീപമാണ് ഇവിടുത്തെ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂ രൂപത്തിലുള്ള ഒരു ശിവലിംഗം ഇവിടെ കാണാം. ശിവലിംഗത്തിന്റെ മുകളിലേക്ക് ഗുഹയുടെ മുകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന ജലത്തുള്ളികൾ ഈ പ്രദേശത്തിന്റെ മനോഹരാരിതയും വിശുദ്ധിയും വർധിപ്പിക്കുന്നു. ദുര്‍ഗ്ഗയുടെ അവതാരമായ ചന്ദ്രികാദേവിയുടെ വെങ്കലത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു വിഗ്രഹവും ഇവിടെയുണ്ട്.
വിഭൂതി വെള്ളച്ചാട്ടം യാനയിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട മറ്റൊരിടമാണ് വിഭൂതി വെള്ളച്ചാട്ടം. ഒരു അരുവി പോലെ ശാന്തമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം പ്രദേശത്തിന്റെ മൊത്തത്തിലുള്ള ഭംഗി വർധിപ്പിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. യാനയിലെ റോക്ക് ഫോർമേഷനുകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടത്തിന് വിഭൂതി വെള്ളച്ചാട്ടം എന്ന പേരു ലഭിക്കുന്നത്. സിർസിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിർസിയാണ്.
മഹാശിവരാത്രി ശിവനുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലമായതിനാൽ ഇവിടുത്തെ പ്രധാന ആഘോഷം ശിവരാത്രിയാണ് . പത്തുനാൾ നീണ്ടു നിൽക്കുന്ന ശിവരാത്രിക്കാലത്ത് കർണ്ണാടകയുടെയും ഗോവയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്. ശാസ്ത്രീയ സംഗീതവും, നൃത്തവും കര്‍ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനവും ഒക്കെ പത്തു ദിവസം ഇവിടെ അരങ്ങു തീർക്കാറുണ്ട്
യാന സന്ദർശിക്കുവാൻ പറ്റിയ സമയം ഏതു തരത്തിലുമുള്ള സഞ്ചാരികൾക്കും സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ് ഇവിടം. ജനുവരി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. യാന യാത്രയ്ക്കൊരുങ്ങുമ്പോൾ സമയ ക്രമീകരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ട്രക്കിങ്ങിനും ഭൈരവേശ്വര ശിഖരയിലേക്കും മോഹിനി ശിഖരയിലേക്കുമുള്ള യാത്രയ്ക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. വെയില്‍ തുടങ്ങും മുൻപേ അതിരാവിലെ യാത്രയ്ക്കിറങ്ങുക. ഇത് പൂർത്തിയാക്കിയ ശേഷം മാത്രം സമീപത്തുള്ള സ്ഥലങ്ങൾ കാണാൻ പോകുന്നതായിരിക്കും നല്ലത്.
എത്തിച്ചേരുവാൻ വിമാനത്തിൽ വരുന്നവർക്ക് അടുത്തുള്ള എയർപോർട്ട് 102 കിലോമീറ്റർ അകലെയുള്ള ഹൂബ്ലിയാണ്. മറ്റൊന്ന് 137കിലോമീറ്റർ അകലെയുള്ള ഗോവ ഇന്‍റർനാഷണൽ എയർപോർട്ടാണ്. ബെംഗളുരു എയർപോർട്ടില്‍ നിന്നും 480 കിലോമീറ്റർ അകലെയാണിത്. റെയിൽമാർഗ്ഗം ഉള്ള യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും യാത്രാ ക്ഷീണവുംഅമിത ചിലവും ഒഴിവാക്കാൻ നല്ലത്. എന്നാൽ യാനയിൽ റെയിൽവേ സ്റ്റേഷൻ ഇല്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കുംതാ റെയിൽവേ സ്റ്റേഷൻ, അങ്കോള റെയിൽവേ സ്റ്റേഷൻ, ഹർവാഡാ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ള സ്റ്റേഷനുകൾ. കുംതയിൽ നിന്നം 32 കിലോമീറ്റർ അകലെയാണ് യാനയുള്ളത്. 112 കിലോമീറ്റർ അകലെയുള്ള മഡ്ഗോവ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ.ഗോകർണ്ണത്തു നിന്നും50.4 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.