മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
===================================
കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായാണ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. ആയിരത്തി മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് വിശ്വാസികളുടെ ഇടയില്‍ പ്രത്യേക സ്ഥാനമാണുള്ളത്. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനായ നവനീത കൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ രികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് ഇവിടുത്തെ കൃഷ്ണനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്.
ആശ്രയിച്ചാൽ കൈവിടില്ല
കൃഷ്ണ പ്രതിഷ്ഠകളിൽ അത്ര സാധാരണമല്ലാത്ത നവനീത കൃഷ്ണന്‍ തന്നെയാണ് ഇവിടുത്തെ ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കണ്ട് സങ്കടം പറയുവാനും പ്രാര്‍ഥിക്കുവാനും ഒക്കെ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് കൃഷ്ണനെ ഇവിടുള്ളവർ പറയുന്നത്.
1300 വർഷം പഴക്കം ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഇല്ലെങ്കിലും കഥകൾ ധാരാളമുണ്ട് ഇതിനെക്കുറിച്ച് പറയുവാൻ. നൂറ്റാണ്ടുകള്‍ക്കു മുൻപ് ഇടശ്ശേരി കുടുംബത്തിന്റെ വകയായിരുന്നുഈ ക്ഷേത്രം. ഒരിക്കൽ ഈ ഭൂമി വൃത്തിയാക്കുമ്പോൾ അവിടുത്തെ പണിക്കാരിലൊരാൾ ഭൂമിക്കടിയിൽ നിന്നും ഒരു പ്രതിമ കണ്ടെത്തി. അയാളുടെ കൈ തട്ടി അതിൽ നിന്നും രക്തം ഒലിക്കുന്നത് കണ്ടപ്പോൾ പ്രതിമയുമെടുത്ത് അയാൾ വേഗം ഇടശ്ശേരി കുടുംബത്തിലേക്ക് പോയി. പിന്നീട് ഇതിന്റെ കഥ തിരഞ്ഞപ്പോൾ ജ്യോതിഷികൾ ഇത് വെണ്ണയ്ക്കായി കൈ നീട്ടി നിൽക്കുന്ന കൃഷ്ണന്റെ രൂപമാണെന്നു തീർച്ചപ്പെടുത്തി. കൂടാതെ അതൊരു ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കണമെന്നും തീരുമാനമായി. പിന്നീട് അവിടുത്തെ രാജാവിന്റെ സഹായത്തോടെ ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് കൃഷ്ണനെ അവിടെ പ്രതിഷ്ഠിച്ചു. ആ വിഗ്രഹം ഭൂമിക്കടിയിൽ നിന്നും കണ്ടെത്തിയ ആദിച്ചൻ എന്നയാളെ കേരളാദിച്ചൻ എന്ന പട്ടവും കരമൊഴിവാക്കിയ ഭൂമിയും ഒക്കെ നല്കി ആദരിക്കുകയും ചെയ്തു. ഊരാളശ്ശേരി എന്നാണ് അദ്ദേഹത്തിന്റെ കുടുംബം അറിയപ്പെടുന്നത്. 1300 ൽ അധികം വർഷം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം നൂറ്റാണ്ടുകൾക്കു മുൻപ് ഇടശ്ശേരി കുടുംബം വക ആയിരുന്നു. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം.
പടയാളികൾ കാവൽ നിൽക്കുന്ന സ്തംഭം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായി പ്രത്യേക സവിഷേതകൾ ഉള്ള സ്തംഭ വിളക്ക് സ്ഥിതി ചെയ്യുന്നു. വിളക്കിനു ചുറ്റുമായി ആയുധധാരികളായ പടയാളികൾ കാവൽ നിൽക്കുന്ന രീതിയിലാണ് വിളക്ക് നിർമിച്ചിരിക്കുന്നത്. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഉണ്ടാക്കിയ സമാധാന - സൗഹൃദ ഉടമ്പടി ഒപ്പ് വെച്ചത് മാവേലിക്കരയിൽ വെച്ചായിരുന്നു. "മാവേലിക്കര ഉടമ്പടി" എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ ഉടമ്പടിയോടനുബന്ധിച്ചു പണികഴിപ്പിക്കപ്പെട്ടിട്ടുള്ളതാണ് കിഴക്കേ നടയിലെ ഈ സ്തംഭവിളക്ക്. AD 1753 ഓഗസ്റ്റ് 15 ന് ആയിരുന്നു ചരിത്ര പ്രസിദ്ധമായ ഈ ഉടമ്പടി. ഗരുഡ വാഹന എഴുന്നള്ളത്തു കേരളത്തിൽ ഗരുഡ വാഹനത്തിൽ ഭഗവാൻ എഴുന്നള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വാകച്ചാർത്തു നടക്കുന്ന ഏക ക്ഷേത്രം ആണിത്. കൂടാതെ ഗരുഡ വാഹന എഴുന്നള്ളത്തു നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്.
ക്ഷേത്രത്തിനു പുറത്തെ ബുദ്ധൻ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്കേ നടയിൽ ക്ഷേത്രത്തിന് പുറത്ത് ശ്രീ ബുദ്ധന്റെ വലിയ വിഗ്രഹം ഉണ്ട്. ഇരിക്കുന്ന രീതിയിൽ ഉള്ളതും ഇത്രയും വലിപ്പം ഉള്ളതുമായ ബുദ്ധ വിഗ്രഹം കേരളത്തിൽ അപൂർവമാണ്. ഇത്രയും വലുപ്പത്തിലുള്ള ധ്യാനവിഗ്രഹം കേരളത്തിൽ മറ്റൊരിടത്തും കാണാൻ സാധിക്കില്ല. മാവേലിക്കരക്കാർക്ക് ബുദ്ധൻ പുത്രച്ചൻ ആണ്. ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു.
വിഷ്ണുവിന്റെ സാന്നിധ്യമുള്ള കോട്ടയ്ക്കകം രാമയ്യൻ ദളവയുടെ ഭരണകാലത്തു മാവേലിക്കരയിൽ ഒരു കോട്ട നിർമിച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ കോട്ടക്കുള്ളിലാവുകയും ഈ സ്ഥലത്തിന് കോട്ടയ്ക്കകം എന്ന പേര് വരികയും ചെയ്തു. AD 1809 ൽ മെക്കാളെ ഈ കോട്ട തകർക്കുകയുണ്ടായി. കോട്ട തകർക്കപ്പെട്ടെങ്കിലും ഈ പ്രദേശം ഇപ്പോഴും കോട്ടയ്ക്കകം എന്നാണ് അറിയപ്പെടുന്നത്. അമ്പലം ഉൾപ്പെടുന്ന കോട്ടയ്ക്കകം പ്രദേശം വിഷ്ണു സാന്നിധ്യമുള്ള പുണ്യ ഭൂമിയായി കണക്കാക്കപ്പെടുന്നു. ആയിരം ആളുകൾക്കുള്ള ഊട്ടുപുര ആയിരം ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിനുള്ളതാണ് ഇവിടുത്തെ ഊട്ടുപുര. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപത്തിനായി പോകുന്ന ബ്രാഹ്മണ പണ്ഡിതന്മാർക്കായി രാജഭരണ കാലത്ത് നിർമിച്ചതാണ് ഈ ഊട്ടുപുര.
ഗുരുവായൂരപ്പനും മാവേലിക്കരയും ശ്രീ ഗുരുവായൂരപ്പന് കുറച്ചു കാലങ്ങളോളും ആതിഥ്യം നല്കിയ നാടുകളിലൊന്നു കൂടിയാണിത്. AD 1789 ൽ ടിപ്പുവിന്റെ ആക്രമണങ്ങളിൽ നിന്നും ഗുരുവായൂരപ്പന്റെ വിഗ്രഹത്തെ സംരക്ഷിക്കാൻ സാമൂതിരി രാജാവിന്റെ നിർദേശപ്രകാരം വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിലേക്കും തുടർന്ന് അവിടെ നിന്നും മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും മാറ്റുകയുണ്ടായി. മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചു താൽക്കാലിക ക്ഷേത്രം നിർമ്മിച്ചാണ് ഗുരുവായൂരപ്പന് പ്രതിഷ്ഠ നടത്തിയത്. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഗുരുവായൂരപ്പന്റെ വിഗ്രഹം മാവേലിക്കര നിന്നും ഗുരുവായൂരിന് കൊണ്ടുപോയെങ്കിലും ഈ ഗുരുവായൂരപ്പ ക്ഷേത്രം പ്രധാന ക്ഷേത്രത്തോട് ചേർന്ന് ഇന്നും ഇവിടെയുണ്ട്. ക്ഷേത്ര മതിലിനു പുറത്തായി ആണ് ഗുരുവായൂരപ്പൻ ക്ഷേത്രം. ഇതിന് സമീപമായി സന്താന ഗോപാല മൂർത്തി ക്ഷേത്രവും ഉണ്ട്(ഈ രണ്ടു ക്ഷേത്രങ്ങളും ദേവസ്വം ബോർഡ് ന്റെ അധീനതയിൽ അല്ല ). ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗണപതി, നവഗ്രഹങ്ങൾ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.
എത്തിച്ചേരുവാൻ