2021, ഫെബ്രുവരി 21, ഞായറാഴ്‌ച

തെക്കേ കാനപ്രം മന കണ്ണൂർ ജില്ല


 തെക്കേ കാനപ്രം മന കണ്ണൂർ ജില്ല

================================

കണ്ണൂർ ജില്ലയിലെ കൈതപ്രത്താണു പ്രസിദ്ധ നമ്പൂതിരി പരമ്പരയായ തെക്കെ കാനപ്രം മന സ്ഥിതി ചെയ്യുന്നത്‌.നൂറ്റാണ്ടുകൾ പഴക്കമുള്ള തെക്കെ കാനപ്രം പരമ്പരയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം

ഏകദേശം 500 കൊല്ലം മുൻപേ കർണ്ണാടകത്തിൽ നിന്ന് കോലത്ത്‌ നാട്ടിലെ കൈതപ്രത്തേക്ക്‌ വന്ന ജ്യേഷ്ഠാനുജന്മാരുടെ പരമ്പരയിൽ ഒരു പരമ്പരയാണു തെക്കെ കാനപ്രം മന പരമ്പര. (വടക്കെ കാനപ്രം ആണു മറ്റൊരു പരമ്പര ).യജുർവേദികളാണിവർ. അറിവിനും പാണ്ഡിത്യത്തിനും പേരു കേട്ടവർ. വൈഷ്ണവരാണിവർ.തളിപ്പറമ്പപ്പൻ ആണു ഇവരുടെ ഗ്രാമദേവത .പെരിഞ്ചല്ലൂർ ഗ്രാമവും. വേണംഎന്ന് വച്ചാൽ കൈതപ്രത്തിനെ ഒരു ഉപ നമ്പൂതിരി ഗ്രാമം എന്ന് വിളിക്കാം .കാരണം വൈദിക പാരമ്പര്യ പെരുമയുള്ള അനവധി ഇല്ലക്കാർ ഇവിടുണ്ട്‌. സൂര്യോദയത്തിനുമുമ്പ് മുങ്ങിക്കുളിച്ച് നിത്യാനുഷ്ഠാനങ്ങൾചെയ്ത് പടിഞ്ഞാറ്റയ്ക്കുമുന്നിൽ വന്നു തേവാരം കഴിച്ച് തീർഥം സേവിച്ചാണ് ഇവിടത്തുകാരുടെ ഒരു ദിനം തുടങ്ങുന്നത്. അത്രയ്ക്ക്‌ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നവരുടെ ഗ്രാമമാണു കൈതപ്രം ഗ്രാമം.
തെക്കെ കാനപ്രം പരമ്പര ജന്മി പരമ്പരയായിരുന്നു. ചെറുവച്ചേരി, ചെങ്ങളം, കാനായി,പെരുന്തട്ട , എന്നീ ഭാഗങ്ങളിൽ ഇവർക്ക്‌ നോക്കെത്താ ദൂരത്തോളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു.
150 ഓളം വർഷം പഴക്കം കാണും തെക്കെ കാനപ്രം മനയ്ക്ക്‌. നാലുകെട്ടാണു . വെട്ടുകല്ലാൽ വെട്ടിത്തിളങ്ങുന്ന മണി മന്ദിരം. അതാണീ തറവാട്‌ . വണ്ണാത്തിപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു മനോഹര സൗധമാണു തെക്കെ കാനപ്രം മന . വാസ്തുവിദ്യയുടെ ആചാര്യന്മാരുടെ കരവിരുതു കാണാം നമുക്കിവിടെ . 40 ഓളം മുറികളും , മനോഹരമായ നടുമുറ്റവും, കൊത്തുപണികൾ ഉള്ള തട്ടും പടിപ്പുര മാളികയും, എല്ലാം മനയ്ക്ക്‌ ഭംഗി കൂട്ടുന്നു. എനിക്കേറ്റവും അത്ഭുതമായി തോന്നിയത്‌ വല്യ അടുക്കളയിൽ ഉള്ള സ്ലൈഡിംഗ്‌ ജനാലകളും , മനയുടെ പിൻ വശത്തുള്ള അഴിക്കൂടുള്ള വാതിലുമാണു. അഴിക്കൂട്‌ തുറന്നാലെ വാതിൽ തുറക്കാൻ പറ്റൂ .വാതിൽ തുറന്നു അഴിക്കൂട്‌ ഇട്ടാൽ സുരക്ഷയും വെളിച്ചവും വായുവും ആവോളം ലഭിക്കും . കൈതപ്രത്തെ ഇല്ലങ്ങളിൽ ഈ കാഴ്ച സുലഭമാണ് . ജയേട്ടന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പോസ്റ്റിൽ കണ്ടിരുന്നു അഴിക്കൂടിനെ കുറിച്ചു .ആലോചിച്ചു നോക്കൂ അന്നത്തെ കാലത്തെ വാസ്തുവിദ്ഗ്ദ്ധന്മാരുടെ കഴിവു. വായുസഞ്ചാരത്തിനായി ധാരാളം ജനലുകൾ കാണാമിവിടെ.അളവുകൾ കിറുകൃത്യമെന്ന് നമുക്ക്‌ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ പറ്റാവുന്ന ജനലുകൾ. . തെക്കെ കാനപ്രം മനയിലെ കുളം ഒരത്ഭുതമാണു . മനോഹരമായി പടുത്ത പടവുകളും വല്യ കുളപ്പുരയും കൂടിയ കുളം.ഒരു വ്യക്തി എട്ടുവർഷമെടുത്തു കെട്ടിയുണ്ടാക്കിയതാണെന്ന് ഇല്ലത്തെ താളിയോലയിൽ എഴുതിവെച്ചിട്ടുണ്ട്. തച്ചുശാസ്ത്രവിധിപ്രകാരം 30 സെന്റിലധികം സ്ഥലത്തായാണ് കുളം. ഒരുപട നിരപ്പ് ഒരുവർഷം നിർമിച്ചശേഷം ഉറപ്പും മറ്റും നോക്കി കാത്തിരിക്കും. അങ്ങനെ എട്ടുവർഷം കൊണ്ട് എട്ടുപടനിരപ്പ്. നിരവധി സിനിമാ സീരിയലുകളിലടക്കം സ്ഥാനം പിടിച്ച ഈ കുളം നിരവധിയാളുകൾ സന്ദർശിക്കാറുണ്ട്..ഏറ്റവും മനോഹരമായി പടുത്ത കുളങ്ങൾ ഉള്ള ഗ്രാമമാണു കൈതപ്രം ഗ്രാമം . ജലാശയങ്ങൾക്ക്‌ പേരു കേട്ട ഗ്രാമം. ഏത്‌ വേനലിലും തെളിനീർ ലഭിക്കുന്ന ഗ്രാമം.
ആചാരനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ മുൻ പന്തിയിലാണിവർ. പടിഞ്ഞാറ്റയിൽ ( പൂജമുറി) പീഠത്തിൽ സാളഗ്രാമവും, വിഷ്ണു , ശിവൻ സങ്കൽപ്പങ്ങളുമുണ്ട്‌. നിത്യേന തേവാരവും, സാളഗ്രാമപൂജയുമുണ്ട്‌. തറവാട്ടിലെ ധർമ്മദൈവങ്ങളായി ശാസ്താവ്‌, വീരഭദ്രൻ, നാഗം, ശിവഭൂതം എന്നിവർ നിലകൊള്ളുന്നു.സർപ്പക്കാവിൽ ആയില്യത്തിനു പൂജയുണ്ട്‌. കർക്കിടകം മൂന്നു ദിവസം മനയിൽ ഭഗവത്‌ സേവ പതിവുണ്ട്‌.സ്ഥല ദേവതയായ ഭദ്രകാളിയ്ക്ക്‌ ഗുരുതി പൂജ പതിവുണ്ട്‌. , മതിലകം ശ്രീകൃഷ്ണ ക്ഷേത്ര ഊരാളന്മാരാണിവർ.

വേദങ്ങൾ, ഉപനിഷത്തുക്കൾ, വൈദിക ഗ്രന്ഥങ്ങൾ , വാസ്തു, ജ്യോതിഷം എന്നിവയുടെ അമൂല്യശേഖരമായ നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ മനയിലുണ്ട്‌ .വേദപണ്ഡിതനായിരുന്ന കാനപ്രം ശ്രീ ഈശ്വരൻ നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനും പ്രസിദ്ധ ജ്യോതിഷ- തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്ന കാനപ്രം ശ്രീ നാരായണൻ നമ്പൂതിരി (അദ്ദേഹത്തിന്റെ ദേശമിത്രം പഞ്ചാംഗം പ്രസിദ്ധാണു) യജുർവേദ പണ്ഡിതനായിരുന്ന കാനപ്രം ശ്രീ ഈശ്വരൻ നമ്പൂതിരി , സാത്വികനും, ഭാഗവത സപ്താഹ ആചാര്യനും, അധ്യാത്മിക കാര്യങ്ങളിൽ പണ്ഡിതനുമായ കാനപ്രം ശ്രീ കേശവൻ നമ്പൂതിരി, അദ്ദേഹത്തിന്റെ പുത്രനും, അധ്യാപകനുമായ , പിതാവിന്റെ പാത പിന്തുടർന്നു വരുന്ന ശ്രീ കാനപ്രം ഈശ്വരൻ നമ്പൂതിരി, മാധ്യമ പ്രവർത്തകനായ കാനപ്രം ശ്രീ ശങ്കരൻ നമ്പൂതിരി , എന്നിവർ മനയുടെ നാമത്തിനു പ്രസിദ്ധിയേകിയവർ ആണു .
കൈതപ്രം ഗ്രാമത്തിനു പേരും പെരുമയും നൽകിയതിൽ കാനപ്രം മനയ്ക്കുള്ള പങ്ക്‌ വലുതന്നെയാണു.ഉദിച്ചുയർന്ന സൂര്യനെ പോൽ പെരും പുഴയുടെ തീരത്ത്‌ എന്നും തലയുയർത്തി നിൽക്കും തെക്കെ കാനപ്രം മന .
മന ചുറ്റിക്കാണുന്നതിനിടയിൽ ആണു പഴുത്ത മാങ്ങയുടെ മണം മൂക്കിലേക്ക്‌ ആഞ്ഞടിച്ചു .നോക്കുമ്പോൾ നടുമുറ്റത്തിനോട്‌ ചേർന്ന് ഒരു വസ്തു ഉണക്കാനിട്ടിരിക്കുന്നു . രണ്ടും കൽപിച്ച്‌ എന്താ സംഭവം എന്ന് ചോദിച്ചു . അതാണു മാങ്കാച്ചി/ അഥവാ മാങ്ങാത്തിര എന്ന സംഭവം. പഴുത്ത്‌ മാങ്ങയുടെ പൾപ്പ്‌ എടുത്ത്‌ ഉണക്കി വയ്ക്കുന്ന സംഭവമാണു. ദിവങ്ങളോളം കേടുവരാതിരിക്കും കൊട്ടതേങ്ങയും മാങ്കാച്ചിയുമാണു കോമ്പിനേഷൻ . ഞാൻ ആദ്യമായിട്ടാണു ഇത്‌ കാണണെ എന്ന് പറഞ്ഞപ്പോഴെക്കും , ശങ്കരേട്ടന്റെ അമ്മ എനിക്കുള്ള മാങ്ങാത്തിരയുമായി വന്നു . കഴിച്ചു നോക്കി . ഹാ എന്താ രുചി സ്വർഗ്ഗീയം തന്നെ. . ആ ഭാഗങ്ങളിൽ ഇത്‌ സ്ഥിരം വിഭവം ആണ് . കാലത്തിനനുസരിച്ച്‌.
കാനപ്രം മനയിലേക്ക്‌ എന്നെ കൂട്ടികൊണ്ട്‌ പോയ പ്രിയപ്പെട്ട ജയേട്ടനും, തറവാട്‌ ചുറ്റിക്കാണിക്കുകയും,കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്യുകയും ചെയ്ത ശങ്കരേട്ടൻ , ചരിത്രം പറഞ്ഞു തന്ന കാനപ്രം ശ്രീ കേശവൻ നമ്പൂതിരി അദ്ദേഹം , മാങ്കാച്ചി എന്ന സ്വർഗ്ഗീയ വിഭവം എനിക്ക്‌ കഴിക്കുവാൻ തന്നെ ശങ്കരേട്ടന്റെ അമ്മയ്ക്കും ന്റെ നന്ദി രേഖപ്പെടുത്തുന്നു.

കടപ്പാട്