2018, ജനുവരി 21, ഞായറാഴ്‌ച

അഗസ്ത്യഹൃദയം തേടി





അഗസ്ത്യഹൃദയം തേടി
പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം ഉണര്‍വേകുന്നത് മനസ്സിനും ശരീരത്തിനും ഒന്നാകെയാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനത്തിനും ഒരു സമയവും കാലവുമുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന് മകരവിളക്കോടെ സമാപനമാവുമ്പോള്‍ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കമാവും. മകരവിളക്ക് നാള്‍ മുതല്‍ ശിവരാത്രി വരെയുള്ള 42 ദിവസമാണ് അഗസ്ത്യ സന്നിധിയിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് അനുമതിയുള്ളത്.
പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തിയാകും. പര്‍വത മുകളിലെ ഈശ്വര സാന്നിധ്യം തേടിയുള്ള വിശ്വാസികളുടെ തീര്‍ത്ഥയാത്ര അവിടെ അവസാനിക്കുന്നില്ല. ജനനിബിഡമായ ശബരിമലയില്‍ നിന്ന് വിജനമായ അഗസ്ത്യ മലമുകളിലേക്ക് മകരവിളക്ക് നാള്‍ മുതല്‍ ശിവരാത്രി ദിവസം വരെ തീര്‍ത്ഥാടനം തുടങ്ങുകയായി. പ്രകൃതിയെ തൊട്ടറിഞ്ഞ് കാനന സൗന്ദര്യം ആസ്വദിച്ച് തികച്ചും സാഹസികമായൊരു തീര്‍ത്ഥാടനം.

സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗിരിശൃംഗമാണ് അഗസ്ത്യാര്‍കൂടം. അപൂര്‍വയിനം പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രം. ജൈവ വൈവിധ്യങ്ങളുടേയും ഔഷധ സസ്യങ്ങളുടേയും കലവറയാണ് പശ്ചിമ ഘട്ടത്തിലെ ഈ മലനിരകള്‍. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കൊടുമുടി. നാഗരികത ഇനിയും കടന്നുവന്നിട്ടില്ലാത്ത, തീര്‍ത്ഥാടകരെ ഔഷധ കാറ്റിനാല്‍ രോഗമുക്തരാക്കുന്ന ദേവഭൂമി. അതാണ് അഗസ്ത്യ മുനിയുടെ ഈ പര്‍ണ്ണശാല. അഗസ്ത്യ വന്ദനം പ്രകൃതി വന്ദനമാക്കുന്ന വിശ്വാസികള്‍ വ്രതശുദ്ധിയുടെ പവിത്രതയുമായി മലകയറുന്ന അപൂര്‍വതയാണ് അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തെ വേറിട്ടുനിര്‍ത്തുന്നത്.