2020, ജൂൺ 12, വെള്ളിയാഴ്‌ച

കാഞ്ഞിരങ്ങാട്ടു വൈദ്യനാഥേശ്വര ക്ഷേത്രം

കാഞ്ഞിരങ്ങാട്ടു  വൈദ്യനാഥേശ്വര ക്ഷേത്രം 
==========================================
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്താണ് ഈ ക്ഷേത്രം.
പ്രധാന പ്രതിഷ്ഠ "വൈദ്യനാഥൻ" (ശിവൻ ). ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം. കിഴക്കോട്ട് ദർശനമേകി മരുവുന്ന ദേവൻ സർവർക്കും ആശ്വാസമരുളി അധിവസിക്കുന്നു.

ഞായറാഴ്ചയാണ് ഇവിടെ പ്രധാനം. ഈ ദിനം വ്രതം അനുഷ്ഠിച്ച് ദർശനം ചെയ്യുന്നത് രോഗശാന്തിക്ക് കൂടുതൽ ഫലപ്രദമാകുന്നു.

സർവ്വരോഗങ്ങൾക്കും ആശ്വാസം പകരുന്നതിന് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥൻ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ജലധാരയും ക്ഷീരധാരയും വഴിപാടുകഴിച്ച് നിശ്ചിതദിവസം ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ കണ്ണുരോഗവും ത്വക്ക് രോഗവും മാറുമെന്നാണ് വിശ്വാസം. കുന്തീദേവി തന്റെ ഭർത്താവിന്റെ പാണ്ഡുരോഗം മാറാൻ വൈദ്യനാഥനെ ഭജിച്ച് ദർശനം ചെയ്തിട്ടുണ്ടെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ ആലിനും കാഞ്ഞിര മരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഞായറാഴ്ച വൈദ്യനാഥനിൽ സൂര്യതേജസ്സ് കൂടി ഉണ്ടെന്നാണ് വിശ്വാസം. ജാതകപ്രകാരം ആദിത്യദശാകാലങ്ങളിൽ ദോഷത്തിന്റെ കാഠിന്യമനുസരിച്ച് കൂടുതൽ ഞായറാഴ്ചകൾ വ്രതമനുഷ്ഠിക്കുന്നതും ഉത്തമമാകുന്നു.

ഉപദേവതകൾ -ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാകുന്നു. ധനുമാസത്തിലെ തിരുവാതിര വിശേഷദിവസമാണ്. മലയാളമാസത്തിൽ ആറാം തീയതി ഞായർ വന്നാൽ അന്ന് ദർശനം അതിവിശേഷമാണ്. അന്നാണ് ദേവപ്രതിഷ്ഠ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

കാഞ്ഞിരങ്ങാട്ടപ്പാ വൈദ്യനാഥേശ്വരാ
നിൻപാദം ഞാനിതാ കൈതൊഴുന്നൻ
കാഞ്ഞിരങ്ങാടായ പുണ്യക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ തൊഴുന്നേൻ
നിൻകഥ ചൊല്ലി സ്തിക്കുവാനായിട്ട്
കൂടെ അരുളുകവേണമെന്നും
പണ്ടൊരുകാലത്ത് ഉള്ള വിശേഷങ്ങൾ
ചൊല്ലുവാനായി കരുണ നൽകൂ
പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായിരുന്ന വിശേഷങ്ങളും
അന്നൊരുനാളിലായി കാളകൂടവിഷം
കൈലാസനാഥനും ഭക്ഷിച്ചുപോൽ
അപ്പൊഴേ രോഗം ബാധിച്ചത് കാരണാൽ രോഗത്താൽ ശാന്തി വരുത്തിടുവാൻ
പ്രത്യക്ഷമാക്കി പോൽ കൈലാസനാഥനും
ആയ്മാവിനാലെ ശിവലിംഗവും
വൈദ്യനാഥനായും പാർവ്വതീദേവിയാൽ
ഉള്ള ശിവലിംഗം ആയിരുന്നു
ഈയൊരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും നിശ്ശേഷം ശാന്തമായി.....

സൂര്യഭഗവാനും വാങ്ങി ശിവലിംഗം
പുണ്യസ്ഥലത്ത് പ്രതിഷ്ഠിച്ചുപോൽ കാഞ്ഞിരങ്ങാടായ പുണ്യസ്ഥലത്തുമെ
വെച്ച് പൂജിച്ചുപോൽ സൂര്യദേവൻ
ഇങ്ങനെ നാളുകളേറെ കഴിഞ്ഞപ്പോൾ
രോഗവും നിശ്ശേഷം ശാന്തമായി
ഇങ്ങനെയുള്ള ശിവലിംഗം തന്നെയാ
കാഞ്ഞിരങ്ങാട്ടുള്ള ക്ഷേത്രത്തിങ്കൽ
ഈയൊരു ശിവലിംഗമാഹാത്മ്യത്താലെന്നും
രോഗത്താൽ ശാന്തി വരുത്തിടുന്നു
കാഞ്ഞിരങ്ങാടായ പുണ്യ ക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ കൈതൊഴുന്നൻ...

പിന്നെയുമുണ്ടു വിശേഷങ്ങൾ ചൊല്ലുവാൻ
എന്നിൽ കരുണയുണ്ടാവേണമേ
സൂര്യഭഗവാനും മന്ദത ഭവിക്കയാൽ
എന്തിനി വേണ്ടതെന്നോർക്കുമ്പോഴെ
അപ്പൊഴേ തന്നെ ഗരുഡനാം പക്ഷിയും
സൂര്യനോടോരോന്നായ് ചൊല്ലിപോലും
പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായ കാളകൂടവിഷവും
എല്ലാമെ കൈലാസനാഥൻ ഭുജിക്കയാൽ
രോഗവും തന്നെ പിടിപെട്ടുപോൽ
അന്നൊരു നാളിലായി കൈലാസനാഥനാൽ
ഉണ്ടായിരുന്ന ശിവലിംഗവും
ആ ഒരു ശിവലിംഗം കൈലാസനാഥനും
വെച്ച് പൂജിക്കയും ചെയ്തനേരം
കൈലാസനാഥന്റെ രോഗത്താൽ ശാന്തിയു-
മുണ്ടായിയെന്നൊരു വാർത്തയോതി
ഇങ്ങനെയുള്ള ശിവലിംഗം തന്നെയു
മുണ്ടായിരുന്നുപോൽ കൈലാസത്തിൽ
ആ ഒരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും ശാന്തിയായി വന്നീടുമേ
ഗരുഡനാം പക്ഷിയും വാർത്തകളോരോന്നേ
ചൊല്ലി കേൾപ്പിച്ചുപോൽ സൂര്യനോടായി
എല്ലാമെ കേട്ടു ഗ്രഹിച്ചൊരു നേരത്ത്
ചൊല്ലിപോൽ കൈലാസനാഥനോടായ്
എന്നിലുണ്ടായ രോഗശാന്തിക്കായി
എന്തിനി വേണ്ടുമെ എന്ന് ചൊല്ലി
അതിനുമെതന്നെ പ്രയാസവുമില്ലല്ലൊ
രോഗത്താൽ ശാന്തി വരുത്തിടുവാൻ
ഈയൊരു ശിവലിംഗം പുണ്യ സ്ഥലത്തിങ്കൽ
വെച്ച് പൂജിക്കയും വേണമെന്നും......