2020, ജൂൺ 12, വെള്ളിയാഴ്‌ച

മണക്കാട് ദേവീ ക്ഷേത്രം ആലപ്പുഴ ജില്ല

മണക്കാട് ദേവീ ക്ഷേത്രം  ആലപ്പുഴ ജില്ല

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലുക്കിൽ ഹരിപ്പാടിനു കിഴക്ക് പള്ളിപ്പാട് ഗ്രാമത്തിൻറെ തെക്കേ അതിർത്തിയായ മുട്ടത്തു നിന്നും (നങ്ങ്യാർകുളങ്ങര--മാവേലിക്കര റോഡിൽ പള്ളിപ്പാട് ജങ്ഷനിൽനിന്ന്) ഏകദേശം അര കി.മി. വടക്ക് മാറി തെക്കുംമുറി കരയിൽ ആണ് മണക്കാട്ദേവി ക്ഷേത്രം സ്ഥിതി ചെയുന്നത്. പള്ളിപ്പാട്ടെ തെക്കുംമുറി, കൊട്ടകകം, നടുവട്ടം, തെക്കെകര കിഴക്ക് ദേശക്കാരുടെ സർവസ്വവുമാണ് ശ്രീ മണക്കാട്  ദേവി ക്ഷേത്രം. പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 112, 113, 98, 109 എന്നീ എൻ.എസ്.എസ്. കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം സ്ഥി ഥി ചെയ്യുന്നത്. തന്ത്രകർമ്മങ്ങൾക്ക് അധികാരം താഴമൺ തന്ത്രികൾക്കാണ് .

ദ്വാപരയുഗത്തിൽ ഖാന്ധവദഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിക്കുകയും വിഗ്രഹം ഭൂമിയിൽ മറഞ്ഞു പോകുകയും ചെയ്തു. പിന്നീടുള്ള കാലം ഈ പ്രദേശം വനമായി മാറി. വലിയമണക്കാമണക്കാട്‌കാവ് എന്ന പ്രദേശത്താണ് വിഗ്രഹം മറഞ്ഞു കിടന്നിരുന്നത്. ഇതിനടുത്തുള്ള നെൽപ്പാടത്ത് കൊയ്ത്തിനു വന്ന പുലയ സ്ത്രീ അവിടെ കണ്ട ഒരു ശിലയിൽ തന്റെ അരിവാൾ തേച്ചു. കല്ലിൽ നിന്നും രക്തം വരുന്നത് കണ്ടു ഭയന്ന് പോയ ആ സ്ത്രീ വിവരം പെട്ടെന്ന് വയലിൻറെയും കാവിൻറെയും ഉടമസ്ഥനായ മുട്ടം പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മണനെ അറിയിച്ചു. ഉടനെ അവിടെയെത്തിയ ബ്രാഹ്മണൻ സ്ത്രീ അരിവാൾ തേച്ചത് ദേവി വിഗ്രഹത്തിൽ ആണെന്ന് മനസ്സിലാക്കുകയും, വിഗ്രഹമെടുത്ത്‌ സ്വന്തം ഇല്ലത്ത് കൊണ്ടുവന്ന് വെച്ച് ആരാധിക്കുകയും ചെയ്തു. ആ കാലത്ത് ആരാധിക്കാനും പരദേവതയില്ലാതിരുന്ന പള്ളിപ്പാട്ടെ തെക്കുംമുറി, കോട്ടയ്ക്കകം, നടുവട്ടം, തെക്കേക്കരകിഴക്ക് എന്നീ കരക്കാർ തങ്ങളുടെ ആഗ്രഹവും സങ്കടവും ബ്രാഹ്മണനോട് അറിയിച്ചപ്പോൾ, പുരാതനമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രമുള്ള മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച് ഭഗവതിയെ പ്രതിഷ്ഠ നടത്തി ആരാധിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച കരക്കാർ അവിടെ ക്ഷേത്രം പണിത് വൈക്കത്തെ പ്രശസ്തമായ ചാതുവള്ളി മനയിലെ തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠ നടത്തി. വിഗ്രഹം കാട്ടിക്കൊടുത്ത സ്ത്രീക്ക് മണക്കാട്ട്‌കാവ് ദാനം നല്കി എന്നാണു ചരിത്രം.

ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും പഞ്ചവർഗ്ഗതറയിൽ തടിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഭദ്രഭഗവതിയുടെ ഉത്സവചടങ്ങുകളും, ഭുവനേശ്വരിയുടെ പൂജാവിധികളുമായി പരാശക്തിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ആചാരമാണ് ഇവിടെയുള്ളത്.‍ ഋഷഭമാണ് ഭഗവതിയുടെ വാഹനം. കായംകുളം രാജാവിൻറെയും, തിരുവിതാംകൂർ രാജാവിൻറെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറിൽ പ്രഥമ സ്ഥാനത്തിനു കാരണമായി. താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവര് ആണ് ക്ഷേത്രം തന്ത്രി. പള്ളിപ്പാട് ഗ്രാമത്തിലെ തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം. ഈ കരകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്.

വൃശ്ചികമാസം ഒന്ന് മുതൽ ധനുമാസത്തിലെ പതിനൊന്നു വരെയുള്ള നാല്പ്പതോന്നു ദിനങ്ങൾ മണക്കാട്ട്‌ ദേവി ക്ഷേത്രൽ മണ്ഡല കാലമായി ആഘോഷിക്കുന്നു. വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് ആറാട്ട്‌. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
നവരാത്രി പൂജയും ദുർഗ്ഗാഷ്ടമിയും പൂജവെപ്പും എല്ലാം ആഘോഷിക്കുന്നു. വിജയദശമി ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു.
കർക്കിടക മാസം ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നുവരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതി അന്നദാനവുമുണ്ട്.

എത്തിച്ചേരുവാനുള്ള വഴി

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - കായംകുളം - 7 കിലോമീറ്റർ അകലെ.
കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാന്റ് ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പട്ടണം - ഹരിപ്പാട്