ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം
രാംനാഥ് ശിവ്ഖേലാ ക്ഷേത്രം ഗുജറാത്തിലെ സൂററ്റിൽ
പുഷ്പങ്ങള്‍, ഫലങ്ങള്‍, മധുരപലഹാരങ്ങള്‍...ഭഗവാന് വിശ്വാസികള്‍ നേര്‍ച്ചയായി സാധാരണ സമര്‍പ്പിക്കുന്ന കാര്യങ്ങളാണിവ. അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ മദ്യവും ക്ലോക്കും മട്ടണ്‍ ബിരിയാണിയും.. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ഗുജറാത്തിലെ സൂററ്റിലെ ശിവ്ഖേലാ ക്ഷേത്രം. ഇവിടെ വിശ്വാസികള്‍ ഭഗവാന് നേര്‍ച്ച നല്കുന്നതിന് വളരെ വ്യത്യസ്ഥമായ ഒരു വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്...
രാംനാഥ് ശിവ്ഖേലാ ക്ഷേത്രം വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഗുജറാത്തിലെ സൂററ്റിനു സമീപം സ്ഥിതി ചെയ്യുന്ന രാംനാഥ് ശിവ് ഖേലാ ക്ഷേത്രം. ഈ പ്രദേശത്തെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ ഇതിന് കഥകളും വിശ്വാസങ്ങളും ധാരാളമുണ്ട്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പാരമ്പര്യങ്ങളും വിശ്വാസങ്ങളും ധാരാളമുണ്ട്.
മകരസംക്രാന്തിയില്‍ എല്ലാ വര്‍ഷവും മകരസംക്രാന്തി നാളിലാണ് ഇവിടുത്തെ വിശേഷകരമായ പൂജ നടക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ ഇവിടെ ഒത്തുചേരും. ജനുവരിയിലെ ആ ആഘോഷത്തില്‍ വിശ്വാസികള്‍ എത്തുന്നത് ജീവനുള്ള ഞണ്ടുകളുമായിട്ടാണ്..
ജീവനുള്ള ഞണ്ടുകള്‍ അന്നേ ദിവസം ഭഗവാന് ജീവനുള്ള ഞണ്ടുകളെ സമര്‍പ്പിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. കുടുംബാംഗങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനാല്‍ കുടുംബമായിട്ടാണ് വിശ്വാസികള്‍ അന്നേ ദിവസം ഇവിടെ എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും വിടുതല്‍ ലഭിക്കുവാനും വിശ്വാസികള്‍ ഞണ്ടുകളെ സമര്‍പ്പിക്കുന്നു.
രാമായണത്തില്‍ നിന്നും ഈ ക്ഷേത്രത്തിന്‍റെ ചരിത്രം തുടങ്ങുന്നത് രാമായണ കാലത്തിലാണ്. സീതയെ അന്വേഷിച്ച് ലങ്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ രാമന്‍ ഇവിടെ എത്തിയിരുന്നുവത്രെ. കടല്‍ കടക്കുവാനുള്ള സമയത്ത് ഒരു ഞണ്ട് രാമന്‍റെ കാലില്‍ കടിച്ചുവത്രെ. ഇതില്‍ സന്തോഷവാനായ രാമന്‍ ഞണ്ടിനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഇവിടെ ആരാധനയുടെ പ്രധാന ഭാഗമായി ഞണ്ട് മാറിയത്രെ. അന്നു മുതല്‍ ഇവിടെ വിശ്വാസികള്‍ ജീവനുള്ള ഞണ്ടുകളെ ഭഗവാന് നേര്‍ച്ചയായി നല്കുന്നു
പിന്നീട് ഞണ്ടുകള്‍ക്ക് സംഭവിക്കുന്നത് വിശ്വാസികള്‍ ഭഗവാന് നേര്‍ച്ചയായി നല്കിയാല്‍ പിന്നീട് ഞണ്ട് ക്ഷേത്രത്തിനു സ്വന്തമാണ്. ഇങ്ങനെ ലഭിക്കുന്ന ഞണ്ടുകളെ ക്ഷേത്രജീവനക്കാര്‍ തിരികെ കടലില്‍ തന്നെ വിടുകയാണ് ചെയ്യുന്നത്. ഒരിക്കലും ഈ ഞണ്ടുകളെ ഉപദ്രവിക്കുവാന്‍ അവര്‍ തയ്യാറാവുകയില്ല.