2020, ജൂൺ 12, വെള്ളിയാഴ്‌ച

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര ഗ്രാമത്തിൽ തിരുവൈരൂരപ്പൻ - സർവ്വംസ്വയംഭൂ മഹേശ്വരൻ




ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര ഗ്രാമത്തിൽ 

തിരുവൈരൂരപ്പൻ - സർവ്വംസ്വയംഭൂ മഹേശ്വരൻ

സ്വയംഭൂ എന്നാൽ സ്വയം ഉൽഭവിച്ചത് എന്നാണ് അർത്ഥം. അതായത് ദേവചൈതന്യം സ്വയം പ്രകടമായ ക്ഷേത്രങ്ങൾ ആണ് സ്വയംഭൂ ക്ഷേത്രങ്ങൾ. സ്വയംഭൂ എന്ന വിശേഷണവുമായി ധാരാളം ക്ഷേത്രങ്ങൾ ഭാരതത്തിൽ ഉണ്ടെങ്കിലും അവയിൽനിന്നും തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് സർവ്വംസ്വയംഭൂ എന്ന വിശേഷണമാണ്.

പ്രധാന ദേവത സ്വയംഭൂവായി പ്രകടമായ ക്ഷേത്രങ്ങളാണ് സാധാരണയായി ഉള്ളത്. എന്നാൽ ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഉപദേവതകളും യഥാസ്ഥാനത്ത് സ്വയംഭൂവായി ഉത്ഭവിച്ചിട്ടുള്ളതാണ് എന്നുള്ളതാണ്. അതായത് ഭഗവാൻ ശ്രീപരമേശ്വരൻ പരിവാരസമേതം സ്വയംഭൂവായി പ്രത്യക്ഷമായ പുണ്യഭൂമിയാണ് ചുനക്കര.

ശുനക മഹർഷി തപസ്സ് ചെയ്തു മഹാദേവനെ പ്രത്യക്ഷപ്പെടുത്തിയ പ്രദേശമായതിനാൽ -ശുനക കര- ചുനക്കര ആയി പരിണമിച്ചു എന്നാണ് ഐതിഹ്യം. ഏതൊരു സ്വയംഭൂ ഐതിഹ്യകഥയിലെ പോലെയും ഇവിടെയും കുറവ സമുദായത്തിൽ പെട്ട ഒരു അമ്മൂമ്മ പുല്ലു പറിക്കാൻ പോയ സമയം അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ശിലയിൽ ഉരസിയപ്പോൾ രക്തം പൊടിഞ്ഞു. അമ്മൂമ്മ അപ്പോൾ തന്നെ ഭഗവത് പദം പ്രാപിക്കുകയും ചെയ്തു. ഭഗവത് ചൈതന്യം പ്രത്യക്ഷമായ പ്രദേശം പുണ്യഭൂമിയായി കരുതുകയും ചെയ്തു.

ഇന്നു കാണുന്ന പൂർണ്ണ അംഗോപാഗംങ്ങളോടു കൂടിയ ക്ഷേത്ര സമുച്ചയത്തിന് ഏകദേശം 1500 ൽ പരം വർഷം പഴക്കം ഉണ്ടെന്ന് ചരിത്രകാരൻമാർ പറയുന്നു. ഒരിക്കൽ ഐരൂർ തമ്പുരാൻ കായംകുളം രാജാവിനെ കാണുവാൻ പോകുന്നവേളയിൽ ചുനക്കര പ്രദേശത്ത് എത്തി. അഷ്ടമി ദിവസമായ അന്ന് ശിവപൂജ ചെയ്യുന്നതിന് സാഹചര്യം തിരക്കിയ തമ്പുരാന് അടുത്തുള്ള ദേവസ്ഥാനത്തെ പറ്റി അറിയുവാൻ കഴിഞ്ഞു.

ഭഗവത് സാന്നിധ്യമുള്ള കുന്നിൻ മുകളിലേക്ക് പരിസരവാസിയായ കുടുംബത്തിലെ കാരണവർ തമ്പുരാന് വഴി കാട്ടുകയും ചെയ്തു. തമ്പുരാൻ ശിവ പൂജ ചെയ്ത് ഭഗവാനെ നമസ്കരിച്ചു. അന്ന് തമ്പുരാന് ശിവപൂജ ചെയ്യുവാൻ പാൽ കൊടുത്ത കുടുംബക്കാർ പാലത്തിട്ട എന്നും കരിമ്പ് കൊണ്ടുവന്നവർ കുരുമ്പോലിൽ എന്നും നിവേദിക്കാൻ ചേന കൊണ്ടുവന്നവർ ചേനങ്കര എന്നും മുൻപേ നടന്നു വഴി കാട്ടിയ കുടുംബം നുമ്പട എന്നും അറിയപ്പെടുന്നു. ഇന്നും കുംഭമാസത്തിലെ അഷ്ടമി ദിവസം ഈ കുടുംബക്കാർ അവരുടെ കർത്തവ്യം മുറതെറ്റാതെ നടത്തിവരുന്നു. അഷ്ടമി ദിവസം നിവേദിക്കുന്ന ചേന ചേർന്ന അഷ്ടമികറി സർവരോഗസംഹാരിയാണ്.

ഐരൂർ തമ്പുരാൻ കായംകുളം രാജാവിന്റെ അനുമതിയോടെ ഐരൂരിൽ നിന്ന് ശില്പികളെ കൊണ്ടുവന്ന് ഭഗവാന് അതിബൃഹത്തായ ഒരു ക്ഷേത്രം ഇവിടെ നിർമ്മിക്കുകയും തിരുവൈരൂർ എന്ന് നാമകരണം നടത്തുകയും ചെയ്തു. ക്ഷേത്രകാര്യങ്ങൾ നോക്കാൻ ഒരു വാര്യർകുടുംബത്തെ തമ്പുരാൻ ഏൽപ്പിക്കുകയും ചെയ്തു.

ഇപ്പോൾ  6 കരകളിൽ നിന്നുള്ള അംഗങ്ങൾ ചേർന്ന ഭരണ സമതി ആണ്

ദേവശില്പികൾ മനുഷ്യരൂപം പൂണ്ട് നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന ഇവിടുത്തെ ശ്രീകോവിലും തടിയിൽ തീർത്ത ദാരുശില്പഭംഗിയും അതിമഹത്തരമാണ്. തടിയിൽ കടഞ്ഞെടുത്ത രാമായണ മഹാഭാരത കഥകൾ ശില്പകലയുടെ വൈദഗ്ദ്യം വിളിച്ചോതുന്നവയാണ്. കൊത്തുപണികളാൽ അലംകൃതമായ ഇവിടുത്തെ ശ്രീകോവിൽ ഭാരതീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.

ചുനക്കര - ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നിലകൊള്ളുന്ന ചുനക്കര എന്ന ഗ്രാമത്തിലെ ദേശദേവനാണ് ശ്രീ തിരുവൈരൂരപ്പൻ. ഭഗവാൻ ശ്രീപരമേശ്വരൻ സർവ്വദേവീദേവസാന്നിധ്യത്തോടെ വാണരുളുന്ന തിരൂവൈരൂരിൽ ദർശനം നടത്തുന്നത് എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതിന് തുല്യമാണ് എന്ന് കരുതപ്പെടുന്നു. സർവ്വ ഐശ്വര്യങ്ങൾക്കും നിദാനമായി നിലകൊള്ളുന്ന തിരുവൈരൂരപ്പൻ സർവ്വാഭീഷ്ടപ്രദായകനുമാണ്. സർവ്വദേവ സംപ്രീതിക്ക് തിരുവൈരൂരിലെ ദർശനം മാത്രം മതിയാകുന്നതാണ്.
ഓം നമ:ശിവായ: