2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ആരാണ് അസുരന്‍



ആരാണ് അസുരന്‍
ഇതിഹാസമായ രാമായണം ബഹുവിധ മാനങ്ങളുടെ ഒരു കൃതിയാണ്. അതിലെ രാമന്‍, സീത, ലക്ഷ്മണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ദൈവങ്ങളായി ആരാധിക്കപ്പെടു ന്നവരാണ്. ഭാരതമതസാഹിത്യത്തില്‍ വളരെ ഉയര്‍ന്ന സ്ഥാനമാണ് രാമായണ ത്തിനുളളത്. പാപനിവാരണത്തിനായി പാരായണം ചെയ്യുന്ന രാമായണത്തിനു കല്പിച്ചുകൊടുത്തിരിക്കുന്ന വിശുദ്ധിക്കുതുല്യം നില്ക്കുന്ന കൃതി ഭഗവദ് ഗീതമാത്രമാണ്. ഒരു സാഹിത്യകൃതി എന്ന നിലയിലും സര്‍ഗഭാവനയുടെ അത്യുന്നതങ്ങളിലാണ് രാമായണത്തിന്റെ സ്ഥാനം. വാല്മീകി മഹര്‍ഷി, അമ്പേറ്റു വീണ ഇണപക്ഷിയുടെ വേദന അനുഭവിച്ചറിഞ്ഞ് അതില്‍ നിന്ന് കൊരുത്തെടുത്തതാണീ മഹാകാവ്യം. അതുകൊണ്ടുതന്നെ മാനുഷികതയുടെ ഉള്‍കാമ്പ് ഈ കൃതിയില്‍ തുടിച്ചുനില്ക്കുന്നു.
അങ്ങിനെയുളള രാമായണം ചരിത്രപരമായ വിധിതീര്‍പ്പുകളിലൂടെ സഞ്ചരിച്ച് ഇന്നെത്തിനില്‍ക്കുന്നത് ഒരു ആര്യന്‍ അധിനിവേശത്തിന്റെ കഥപറയുന്ന ഇതിഹാസകാവ്യം എന്ന തലത്തിലും കൂടിയാണ്. ഏതാണ്ട മൂവായിരത്തഞ്ഞൂറു വര്‍ഷം മുമ്പ് ഭാരത്തിലേക്കു കടന്നു എന്നു പറയപ്പെടുന്ന ഒരു ജനവിഭാഗം ആചാരപരമായും ഭാഷാപരമായും തനതായ സംസ്‌ക്കാരത്താലും 'ആര്യന്‍' എന്ന വിശേഷണത്തോടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. അവരും തദ്ദേശവാസികളോ അല്ലെങ്കില്‍ മറ്റൊരു കുടിയേറ്റക്കാരോ ആയവരുമായി നിലനിന്ന സംഘര്‍ഷം ദക്ഷിണേന്ത്യയിലേക്കു വ്യാപിച്ചതിന്റെയും വിജയം നേടിയതിന്റെയും ഒരു ചരിത്രസാക്ഷ്യം രാമായണത്തില്‍ നിന്നും കണ്ടെടുക്കാന്‍ സാധിക്കും. അങ്ങിനെ ആര്യന്‍ അധിനിവേശം ദക്ഷിണേന്ത്യ ഉള്‍പ്പെടെയുളള ഭാരതത്തില്‍ പൂര്‍ത്തിയായി. അവരുടേതായ സംസ്‌ക്കാര മുദ്രകള്‍ ജനജീവിതത്തിന്റെ സമസ്തമമണ്ഡലങ്ങളേയും കീഴടക്കി പ്രാമുഖ്യം നേടി. രാമായണത്തില്‍ ആ ആര്യന്‍ വിജയത്തിന്റെ പ്രതിനിധിയാണു രാമന്‍. പരാജയപ്പെട്ടതു രാവണന്‍. രാവണന്‍ മറ്റൊരു സംസ്‌കാരത്തെ ഉപജീവിച്ച ഒരു ജനതതിയുടെ പ്രതിനിധിയായിരുന്നു. മൂവായിരത്തഞ്ഞൂറു വര്‍ഷം മുമ്പ് ആര്യന്‍ ജനത ഭാരതത്തിലേക്കു കടന്നുവരുമ്പോള്‍ സിന്ധുനദീതടത്തില്‍ ജീവിച്ചിരുന്ന ആ ജനസംസ്‌ക്കാര സഞ്ചയത്തെ അസുരന്മാരെന്നു വിളിക്കാം. ആ അസുര സംസ്‌ക്കാര ത്തിന്റെ പ്രതിനിധിയായിരുന്നു രാവണന്‍. അവര്‍ നിതാന്തശത്രുക്കളായിരുന്നു. മൂവായിരത്തഞ്ഞൂറാണ്ടുകള്‍ക്കു മുമ്പ് രണ്ടു ജനതകള്‍ തമ്മില്‍ സിന്ധുനദിയുടെ തീരത്തു തുടങ്ങിയപോരാട്ടം ഭാരതത്തില്‍ ഭൂമിശാസ്ത്രപരമായി അവസാനം കണ്ടത് രാവണന്റെ തോല്‍വിയോടുകൂടി ലങ്കയിലാണ്. അങ്ങിനെയാണ് ആര്യന്‍ സംസ്‌ക്കാരത്തില്‍ നിന്നു വ്യത്യസ്ഥതകളുളള അസുര സംസ്‌ക്കാരത്തിന്റെ പതനവും ആര്യന്‍ സംസ്‌ക്കാരത്തിന്റെ വിജയവും.
ഭാരതത്തില്‍ ആര്യന്‍ സംസ്‌ക്കാരം നടപ്പുസംസ്‌ക്കാരമായിരുന്നതുകൊണ്ട് നമുക്കി ന്നതിനെക്കുറിച്ച് പൂര്‍ണ്ണമായും അറിയാം. എന്നാല്‍ അസുര സംസ്‌ക്കാരത്തെക്കുറിച്ച് പൂര്‍ണമായ അറിവില്ല. അസുര സംസ്‌ക്കാരത്തേയും അസുരന്റെ പ്രത്യേകതകളെയും പരാമര്‍ശിച്ചുകൊണ്ട് രാമായണത്തിലെ പ്രതിനായകനായ രാവണനെ മുഖ്യകഥാ പാത്രമാക്കി ശ്രീ. ആനന്ദ നീലകണ്ഠന്‍ രചിച്ച കൃതിയാണ് 'രാവണന്‍ പരാജിതരുടെ ഗാഥ' ശ്രീ ആനന്ദ നീലകണ്ഠന്‍ ഇംഗ്ലീഷിലെഴുതിയ ASURATALE OF THE VANQUISHED എന്ന കൃതി ശ്രീ. എന്‍. ശ്രീകുമാര്‍ മലയാളത്തിലേക്കു പരിഭാഷപ്പെടു ത്തിയതാണ് ഈ കൃതി, മാതൃഭൂമി ബുക്ക്‌സാണ് പ്രസിദ്ധീകരിച്ചരിക്കുന്നത്.
ഈ കൃതിയില്‍ അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ ഭരണകാലവും ഭരണരീതികളും എടുത്തു കാട്ടിയുണ്ട്. ആര്യന്‍മാര്‍ മഹാബലിയെ പരാജയപ്പെടു ത്തുന്നതും രാവണന്റെ യൗവനകാലത്ത് മഹാബലിയുടെ രീതികളില്‍ നിന്നു പ്രചോദനം നേടുന്നതും അസുരന്റെ സാമ്രാജ്യം എന്ന വലിയ ലക്ഷ്യം ഒന്നുമില്ലാത്ത രാവണന്‍ സ്വപ്‌നം കാണുന്നതും എല്ലാം വായിക്കാം. രാമായണത്തിന്റെ കഥാഘടനയെ പിന്തുടര്‍ന്നാണ് നോവല്‍ പുരോഗമിക്കുന്നത്. രാവണന്റെ മാനസിക വ്യാപാരങ്ങള്‍ രാവണന്റെ തന്നെ ആത്മഗതത്തിലൂടെയാണു വിവരിക്കുന്നത്. രാമരാവണയുദ്ധത്തിന്റെ അന്ത്യത്തില്‍ പരാജിതനായി മരണം കാത്ത് യുദ്ധഭൂമിയില്‍ വീണുകിടക്കുന്ന രാവണന്‍ കഴിഞ്ഞുപോയ സംഭവങ്ങളിലൂടെ മനസ്സു നടത്തുന്നു. ഒരു ഇതിഹാസകഥാപാത്രം എന്നതിലുപരി, സാധാരണ മനുഷ്യനായി, ഉയര്‍ച്ചകളും വീഴ്ചകളും സാധാരണ ചിന്തകളും ഉളള സാധാരണ മനുഷ്യനായി, ഉയര്‍ച്ചകളും വീഴ്ചകളും സാധാരണ ചിന്തകളും ഉളള സാധാരണ മനുഷ്യനായി രാവണനെ ചിത്രീകരിക്കാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. സീത രാവണന്റെ പുത്രിയാണ്. കാട്ടില്‍ അലയുന്ന നാഗരികനല്ലാത്ത രാമനില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ വേണ്ടിയാണ് രാവണന്‍ സീതയെ അപഹരിച്ചു ലങ്കയില്‍ കൊണ്ടു വന്നത് എന്നു നോവലിസ്റ്റ് മറ്റൊരാളുടെ ഭാര്യയെ അപഹരിക്കുക എന്ന രാവണന്റെ ഏറ്റവും വലിയ തെറ്റിന്ഒരു ന്യായീകരണം കൊടുക്കാനുണ്ട്. പക്ഷേ ആ യുക്തി വേണ്ടത്ര വിശ്വാസ്യമാക്കാന്‍ നോവലിസ്റ്റിനു സാധിച്ചിട്ടില്ല.
നോവലിന്റെ സൗന്ദര്യാത്മകവശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആര്യന്‍ വിജയകഥയായ രാമായണത്തിലെ പ്രതിനാ യകനെ (രാവണനെ) കേന്ദ്രകഥാപാത്രമാക്കി, രാവണന്റെ ചെയ്തികള്‍ക്ക് ന്യായീകരണം നല്‍കികൊണ്ട് ഒരു നോവലെഴുതുമ്പോള്‍ ആ കൃതി സുവ്യക്തമായ ഒരു ലക്ഷ്യം വിളംബരം ചെയ്യുന്നുണ്ട്. പരാജിതരായ അസുര വംശത്തിന്റെ ന്യായ യുക്തികളെ മുഖ്യ വിചാരധാരയില്‍ കൊണ്ടുവരാനുളള പ്രയത്‌നമാണ് ആ ധര്‍മ്മം. ആ പ്രയത്‌നത്തില്‍ ഈ കൃതി വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാനാകും. എന്താണ് അസുരന്മാരെക്കുറിച്ചുളള ആ ന്യായയുക്തിയുടെ അടിസ്ഥാനം ? ആരാണ് അസുരന്‍ ? എന്താണവന്റെ ചരിത്രം ?
അസുരനെ കണ്ടെത്താന്‍ ചരിത്രത്തില്‍ തിരയണം. ഇന്നു പാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട സിന്ധുനദിയുടെ തീരത്ത് ഒരു മഹാസംസ്‌ക്കാരം ഉദയം ചെയ്തു. ഹാരപ്പന്‍ സംസ്‌ക്കാരം, സിന്ധുനദീതട സംസ്‌ക്കാരം എന്നൊക്കെ വിളിക്കുന്ന ആ സംസ്‌ക്കാരത്തെക്കുറിച്ചു പഠിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ലിവിയുജിയോസന്‍ 30-5-2012 ല്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ ഹാരപ്പന്‍ സംസ്‌ക്കാരം ഉയര്‍ന്നത് 5200 വര്‍ഷം മുമ്പാണെന്നു പറഞ്ഞിരിക്കുന്നു. 3900 - 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആ സംസ്‌ക്കാരം ഇല്ലാതായി. അതായത് ക്രിസ്തുവിനു മുമ്പ് 1900 വര്‍ഷങ്ങളില്‍ ആ സംസ്‌ക്കാരത്തിന്റെ നാശം തുടങ്ങി എന്നു കാണാം. സിന്ധുനദിയുടെ തീരത്തെ ഈ സംസ്‌ക്കാരത്തെ സൈന്ധവസംസ്‌ക്കാരം എന്നു വിളിക്കാം. സൈന്ധവസംസ്‌ക്കാരം ദ്രാവിഡ സംസ്‌ക്കാരമായിരുന്നു. കറുത്ത തൊലിക്കാരനായ ദ്രാവിഡനാണ് ആ സംസ്‌ക്കാരം കെട്ടിപ്പൊക്കിയതും കൊണ്ടു നടത്തിയതും. സൈന്ധവ സംസ്‌ക്കാരം നിലനിന്നിരുന്ന മേഖലകളില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത തെളിവുകള്‍ ആ ജനതയുടെ നിറത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമൊക്കെ വിശദമായി നമുക്കു തെളിവു തരുന്നുണ്ട്.
എന്നാല്‍ 'അസുരന്‍' എങ്ങിനെ രൂപപ്പെട്ടു ? സൈന്ധവനാഗരികതയുടെ പതനശേഷം ആര്യന്മാര്‍ ഭാരതത്തിലേക്കു കടന്നു വരുന്നതിനു മുന്‍പ് മറ്റൊരു വിദേശവര്‍ഗം സിന്ധുതടത്തിലേക്കു പ്രവേശിച്ചിരിക്കാനുളള സാധ്യത സാഹചര്യ ത്തെളിവുകളില്‍ നിന്നു കാണുന്നു. ബി.സി. 1900 നോടു ബന്ധപ്പെട്ട കാലയളവില്‍ ഇന്നത്തെ പശ്ചിമേഷ്യയായ മെസോപ്പൊട്ടേമിയയിലെ അസുര്‍ ദേശത്ത് ഭരണം നടത്തിയിരുന്നവര്‍ സിന്ധുതടനിവാസികളെ ആക്രമിക്കാനോ അല്ലെങ്കില്‍ സിന്ധുതടത്തിലേക്കു കുടിയേറ്റം നടത്താനോ ശ്രമിച്ചിട്ടുണ്ട്. സിന്ധുതടത്തിലെത്തിയ ഈ അസുര്‍ ദേശക്കാരായിരിക്കണം ആദിമ അസുരന്മാര്‍. ക്ഷീണിതരായ സൈന്ധ വരെ കീഴടക്കി അസുരഭരണം നടപ്പാക്കാന്‍ ഈ അസുരന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ടാവണം. കാലക്രമേണ അസുരന്മാര്‍ ശക്തരായി. തല്‍ഫലമായി തദ്ദേശവാസികളായ സിന്ധുനദീതടവാസികള്‍ക്ക് സൈന്ധവര്‍ എന്ന മേല്‍വിലാസം നഷ്ടപ്പെട്ടു. അസുരന്മാര്‍ എന്ന പേരു വീണിട്ടുണ്ടാവണം. അങ്ങിനെ പില്‍ക്കാലത്തെ സൈന്ധ വരും വന്ന അസുരന്മാരും കൂടിക്കലര്‍ന്ന് 'അസുരന്മാര്‍' എന്ന ജനവിഭാഗം ഉദയം ചെയ്തിട്ടുണ്ടാവാം.
ബി.സി. 1700 നു ശേഷം ആര്യന്മാരുടെ കടന്നുവരവ് സിന്ധുനദിതടത്തിലേക്കു ണ്ടാവുമ്പോള്‍ അവര്‍ക്കു നേരിടേണ്ടി വന്ന എതിരാളികള്‍ സൈന്ധവരും അസുരന്മാരും ഇടകലര്‍ന്ന ഈ 'അസുര' ന്മാരാകാനാണു സാധ്യത. ഹിന്ദുമത സാഹിത്യങ്ങളില്‍ പ്രത്യേകിച്ചു പുരാണങ്ങളില്‍ വിവരിക്കുന്ന ദേവാസുരയുദ്ധങ്ങള്‍ ദേവന്മാര്‍ എന്ന പേരു വീണ ആര്യന്മാരും അസുരന്മാരും തമ്മില്‍ നടന്ന യുദ്ധങ്ങളാണ്. അതുകൊണ്ട് മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവു ലഭിക്കുന്നു.
തദ്ദേശവാസികളായിരുന്ന സൈന്ധവര്‍ വളരെ ഉയര്‍ന്ന സംസ്‌ക്കാരിക നിലവാരം പുലര്‍ത്തുന്നവരും രണ്ടും മൂന്നും നിലകളുളള ഇഷ്ടികവീടുകളില്‍ വസിച്ചിരുന്നവരും നഗരവല്‍ക്കരണം സാധ്യമാക്കിയവരുമായിരുന്നെന്ന് ഖനന വസ്തുതകള്‍ തെളിവുതരുന്നു. അസുര്‍ ദേശക്കാരും അത്രതന്നെ ഉന്നമനം പ്രാപിച്ചവരായിരുന്നു. മെസോപ്പൊട്ടേമിയയില്‍ കാലങ്ങള്‍ക്കു മുമ്പു തന്നെ നിലകളുളള വീടുകളും കോട്ടകൊത്തളങ്ങളും പണികഴിപ്പിച്ചിരുന്നു. രണ്ടുകൂട്ടരും ധാന്യങ്ങള്‍ വലിയ തോതില്‍ കൃഷി ചെയ്യുന്ന കൃഷിക്കാരായിരുന്നു. ഗോതമ്പ്, ബാര്‍ലി മുതലായ ധാന്യങ്ങള്‍ അവര്‍ കൃഷി ചെയ്തിരുന്നു.
എന്നാല്‍ ആര്യന്മാര്‍ പശു, ആട്, കുതിരവളര്‍ത്തല്‍കാര്യം ഇടയന്മാരുമായിരുന്നു. ദേശങ്ങള്‍ താണ്ടിയുളള അലച്ചില്‍ അവരുടെ രീതിയായിരുന്നു. അവര്‍ കുടിലുകെട്ടി താമസിച്ചിരുന്നു. സിന്ധുതടത്തിലേക്കുളള കടന്നുവരവില്‍ സിന്ധുതടനിവാസികളുമായി പോരടിച്ചപ്പോള്‍ ആര്യന്മാര്‍ക്ക് അവരുടെ കോട്ടകള്‍ പൊളിക്കാന്‍ പാടുപെടേണ്ടി വന്നു. ആര്യന്മാരുടെ നേതാവായിരുന്നു ഇന്ദ്രന് 'പുരന്ദരന്‍ അഥവാ കോട്ട പൊളിക്കുന്നവന്‍' എന്ന ബിരുദം കിട്ടുകയുണ്ടായി. സൈന്ധവരും അസുരന്മാരും ഇടകലര്‍ന്ന 'അസുരന്മാര്‍' ആര്യന്മാരാല്‍ കീഴടക്കപ്പെട്ടു. ചരിത്രത്തിലെ വലിയപാലായനങ്ങള്‍ അന്നു നടന്നിരിക്കണം. തോറ്റ 'അസുരുന്മാര്‍' സിന്ധുനദികടന്ന് ഭാരതത്തിന്റെ ഹൃദയഭൂമിയായ ഗംഗാസമതലത്തിലേക്കു പാലായനം ചെയ്തു. അല്ലെങ്കില്‍ സമുദ്രം ഉള്‍പ്പെടെയുളള ജലമാര്‍ഗ്ഗേണ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പാലായനം നടന്നു. ഭാരതത്തിന്റെ ഹൃദയഭൂമിയിലേക്കുളള പാലായനം അവിടെയും നില്‍ക്കാതെ ദക്ഷിണ ഇന്ത്യയിലേക്കും കിഴക്കേ ഇന്ത്യയിലേക്കും തുടര്‍ന്നു. അങ്ങിനെയാണ് അസുര ജനത ദക്ഷിണേന്ത്യയില്‍ എത്തപ്പെടുന്നത്. നൂറ്റാണ്ടുകള്‍ എടുത്തു നടന്ന ഈ പാലായനവും തുടര്‍ ആക്രമണവും അസുര വംശത്തിന്റെ ദക്ഷിണേന്ത്യയിലെ പരാജയവുമാണ് രാമായണത്തിലെ നമുക്കു കിട്ടുന്നത്. തോറ്റോടിയ അസുരന്മാര്‍ ചെന്നുപെട്ട ദിക്കിലൊക്കെ ആര്യന്മാര്‍ കടന്നു കയറി അവിടെയും അവരെ തോല്‍പിച്ചു എന്നു ചുരുക്കം. ഭാരതത്തില്‍ പൂര്‍ണ്ണമായും ശ്രീലങ്കയിലും ഇതര ദ്വീപുകളിലും ആര്യന്‍ ആധിപത്യം വ്യവസ്ഥാപിതമായത് അങ്ങിനെയാണ്. ഭാരതത്തില്‍ ജാതിയും ഉപജാതിയും അസ്പര്‍ശ്യരായ അടിമജാതിയുമുള്‍പ്പെടെ ആര്യന്‍ വ്യവസ്ഥ സാങ്കേതികമായി. 1947 ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടും വരെ തുടര്‍ന്നു. പരോക്ഷമായി ഇന്നും ആ വ്യവസ്ഥയുടെ പിന്‍തുടര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ മതസാഹിത്യത്തില്‍ അഥവാ ഹൈന്ദവമതസാഹിത്യത്തില്‍ എടുത്തുപറ യേണ്ടുന്ന ഒരു വൈരുദ്ധ്യം നിലനില്‍ക്കുന്നതായി കാണാം. അവയില്‍പെട്ട വേദങ്ങളില്‍ പലയിടത്തും ചാതുര്‍വര്‍ണ്യം സൂചിതമാകുന്നുണ്ട്. ഈ വേദങ്ങളുടെ അന്ത്യഭാഗമായി ചേര്‍ക്കപ്പെട്ടിരിക്കുന്ന ഉപനിഷത്താശയങ്ങള്‍ ചാതുര്‍വര്‍ണ്യ ആശയങ്ങളുടെ നേര്‍വിപരീതമാണ്. ഉപനിഷത്താശയങ്ങള്‍ സത്യം, സമത്വം, സ്വാതന്ത്ര്യം, അഹിംസ എന്നീ അത്യന്തികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ചാതുര്‍വര്‍ണ്യം അടിമത്തത്തെ, ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങിനെയുളള ആധിപത്യആശയമായിരുന്നു ആര്യന്മാരുടെ സാമൂഹ്യക്രമം. ആ സാമൂഹ്യക്രമം പിന്‍തുടരുകയും നടപ്പിലാക്കുകയും ചെയ്തവര്‍ തങ്ങളുടെ വേദങ്ങളുടെ വാലായി സമത്വദര്‍ശം (ഉപനിഷത്താശയങ്ങള്‍) കൂട്ടിച്ചേര്‍ത്തതെങ്ങിനെ ?
ഒരു ജനതയെ കീഴടക്കി മറ്റൊരു ജനത ആധിപത്യം ഉറപ്പിക്കുമ്പോള്‍ തോറ്റവരില്‍ നിന്ന് പലതും ഉള്‍ക്കൊളളാറുണ്ട്. അപ്പോള്‍ മൂല്യങ്ങളുടെ ഈ മൂലാശയങ്ങള്‍ (ഉപനിഷത്താശയങ്ങള്‍) തോറ്റുപോയ സൈന്ധവരുള്‍പ്പെടുന്ന അസുരവിഭാഗ ത്തിന്റേതായിരിക്കണം. അവരില്‍ നിന്ന് കടം പറ്റിയതായിരിക്കണം ഉപനിഷ ത്തിന്റെ മൂലാശയങ്ങള്‍. ഭാരതത്തില്‍ ആധിപത്യങ്ങളുടെ ജാതി ചിന്ത പടര്‍ത്തിയ ആര്യന്മാര്‍ തങ്ങളുടെ മതാശയങ്ങളുടെ കൂടെ സമത്വത്തിന്റെ ആശയവും കൊണ്ടു നടന്നു. പക്ഷേ അതു നടപ്പാക്കിയില്ല. കറുത്ത തൊലിക്കാരായിരുന്ന സൈന്ധവര്‍ ആര്യന്മാരേക്കാള്‍ എത്രയ്ക്കും സംസ്‌ക്കാര ചിത്തരായിരുന്നു എന്ന് ഉപനിഷത്താശ യങ്ങളുടെ ഉപജ്ഞാതാക്കള്‍ എന്ന നിലയില്‍ അവരെ പരിഗണിക്കുമ്പോള്‍ നമുക്കു കണ്ടെത്താനാവുന്നു.
ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കു താഴെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാല്‍ ദോഷമുളളവരുമായിത്തീര്‍ന്ന അസ്പൃശ്യരുടെ പൂര്‍വ്വികര്‍ ആരായിരുന്നു. അവര്‍ എങ്ങിനെ ആസ്ഥിതിയില്‍ ആയിത്തീര്‍ന്നു. ദളിതന്റെ ഈ ദുര്‍വിധി എങ്ങിനെ വന്നുപെട്ടു.
ആര്യന്മാരാല്‍ കീഴടക്കപ്പെട്ട ദ്രാവിഡരായ സൈന്ധവര്‍ ആണ് ആ പൂര്‍വ്വികര്‍ എന്നു നിരീക്ഷിക്കാനാണ് സാധ്യത കാണുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളു മായിരുന്ന സിന്ധുനദീതടവാസികളെ (സൈന്ധവരെ) ആര്യന്മാര്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലും പെടുത്താതെ ചണ്ഡാലന്മാരായി പരിഗണിച്ചു. അവരെ സമൂഹധാര യില്‍ നിന്നു ബഹിഷ്‌ക്കരിച്ചു. അവരുടെ വാസസ്ഥലങ്ങള്‍ നദീതീരത്തും വയല്‍ക്ക രയിലും ചെളിത്തട്ടിലുമാക്കി കല്‍പ്പിച്ചു. അവര്‍ക്കു വിദ്യാഭ്യാസം നിരോധിച്ചു. ദൃഷ്ടിയില്‍ പെടാതിരിക്കാന്‍ അവര്‍ ഒളിച്ചും പതുങ്ങിയും ജീവിക്കേണ്ടി വന്നു. വിലക്കുകളാല്‍ അവരെ ബന്ധിതരാക്കി. മാത്രമല്ല അസുരന്മാരെന്നു വിളിച്ച് അവരെ അടിച്ചിരുത്തേ ണ്ടവരുടെ ഗണത്തില്‍പെടുത്തി അടിമകളാക്കി. ചരിത്രം കടന്നുപോയ മൂവായിര ത്തിഞ്ഞൂറാണ്ടുകളില്‍ ഈ ചണ്ഡാലര്‍ ഭാരതത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കു കയ്യും കണക്കുമുണ്ടോ. വെറും പുഴുക്കളായി അവര്‍ ചവിട്ടി അരക്കപ്പെട്ടു. വയലേലകളിലും പണിയിടങ്ങളിലും പണിയെടുത്ത് നടുവൊടിഞ്ഞ് അവര്‍ ചത്തൊടുങ്ങി. ഈ അധ:കൃതര്‍ ഭാരതത്തിന്റെ എല്ലായിടത്തുമുണ്ട്. ആര്യന്മാര്‍ കടന്നു ചെന്നിടത്തൊക്കെ പണിയെടുക്കുന്നവനെ ഇങ്ങനെ ചണ്ഡാലരാക്കി ത്തീര്‍ത്തിരുന്നു.
ഇന്ന് 2016 ല്‍ എത്തിനില്‍ക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും എന്താണു ചണ്ഡാലന്റെ, അധ:കൃതന്റെ സ്ഥിതി. ഉണര്‍ന്നെണീറ്റ് അഭിമാന ബോധത്താല്‍ അവര്‍ സമരം ചെയ്യുകയാണ് മനുഷ്യരായി പരിഗണിക്കാന്‍ വേണ്ടി. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടംകിട്ടാന്‍ വേണ്ടി. എന്നാല്‍ അതിലൊക്കെ പരാജയപ്പെട്ട് അവര്‍ കൊല ചെയ്യപ്പെടുന്നു. ചുട്ടുകൊല്ലപ്പെടുന്നു. വിദ്യാഭ്യാസരംഗത്തെ ഉന്നതശ്രേണികളില്‍ എത്തിപ്പെടുന്ന അപൂര്‍വ്വം ചിലര്‍ രോഹിത് വെമുലയെപ്പോലെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഇന്നത്തെ വക്താക്കള്‍ അവരെ പരിഹസിക്കുകയാണ്. പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. ജാതിയുടെ മാഞ്ഞു തുടങ്ങിയ ചരടുകള്‍ ഏച്ചുകെട്ടി മനുഷ്യനെ പകുക്കുന്ന, അധമനാക്കുന്ന പണി നിര്‍ബാധം തുടരുകയാണവര്‍. ഈ സാഹചര്യത്തില്‍ ആനന്ദ്, നീലകണ്ഠന്റെ 'രാവണന്‍' ഉയര്‍ത്തുന്ന പ്രസക്തി വളരെ വലുതാണ്. അത് ആര്യന്റെ പിന്‍തുടര്‍ച്ച ക്കാരുടെ, ഇന്നതെ അഭിനവ ആര്യന്റെ നേര്‍ക്ക് ഉയര്‍ത്തുന്ന പ്രതിരോധമാണ്. ചരിത്രത്തില്‍ അവര്‍ ചെയ്തു കൂട്ടിയ നെറികേടിന്റെയും അന്യായത്തിന്റെയും നേര്‍ക്ക് ഉയര്‍ത്തുന്ന ചൂണ്ടുവിരലാണ്.
ഭാരതത്തെ ജാതിക്കെട്ടുകളില്‍ കുടുക്കി ഭ്രാന്താലയമാക്കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്‌ക്കെതിരെ ഈ നോവല്‍ പ്രതികരിക്കുന്നു. ഇന്ത്യന്‍ ദാരിദ്യത്തിന്റെ മൂലകാരണമായ അധ:കൃതന്റെയും പിന്നോക്കക്കാരുടെയും അടിമത്തത്തിലേയ്ക്ക് ഈ കൃതി പരോക്ഷമായി വിരല്‍ ചൂണ്ടുന്നു. രാമന്‍ രാവണനെ കീഴടക്കുന്നതിനു മുന്‍പ് ഈ അധ:കൃതര്‍ രാജ്യഭാരം നടത്തിയിരുന്നു. രാവണനായിരുന്നു അവരുടെ രാജാവ്. രാമന്റെ വരവോടെ ചാതുര്‍വര്‍ണ്യ പ്രകാരം ദക്ഷിണേന്ത്യയില്‍ അവര്‍ ചണ്ഡാലരാക്കപ്പെട്ടു. പരാജയപ്പെടുന്ന രാവണന്‍ ആരുടെ പ്രതിനിധിയാണ് ? പിന്നോക്കക്കാരുടെയും അധ:കൃതന്റെയും പ്രതിനിധിയാണു രാവണന്‍. ആരാണ് അസുരന്‍ ? ഇന്ത്യയിലെ പിന്നോക്കവിഭാഗക്കാരും അധ:കൃതരുമായ ജനതതിയാണ് അസുരര്‍. അവര്‍ എന്നത്തേയും പോലെ പരാജിതരായിക്കൊണ്ടേയിരിക്കുന്നു.
അറിവുകൾക്കായ് പിൻതുടരുക
കടപ്പാട്:-
കാളിയാർ മഠം ഒരു ആദ്ധ്യാത്മിക ഗ്രൂപ്പാണ്