2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?


എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം
ഏവർക്കും മനസ്സിൽ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്.
ലോകത്തിൽ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും, അവയിൽ മിക്കവാറും എല്ലാം തന്നെ പൂർണ്ണമായും അന്ധവിശ്വാസത്തിൽ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതിൽ പറയുന്ന കാര്യങ്ങളെ നരകത്തിന്റെ പേര് പറഞ്ഞുഭയപ്പെടുത്തിയോ, സ്വർഗ്ഗത്തിൻറെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിർബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിൻറെ നീതിയല്ല, മറിച്ച് ചെകുത്താൻറെ രീതിയാണ്. കാരണം രാവണൻ, ഹിരണ്യകശിപു, അന്ധകാസുരൻ, ത്രിപുരാസുരൻ, മുതലായ അസുരന്മാർ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേർവഴിക്കു നടത്തുവാൻ മാർഗ്ഗമാണ് വേണ്ടത് എന്നാണെങ്കിൽ, വിശ്വാസി എന്നാൽ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികൾ ആണ്, എന്തുകൊണ്ടെന്നാൽ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികൾ'' ആണ്, കൂടാതെ രണ്ടു കൂട്ടർക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാൻ ഒരിക്കലും സാധ്യവുമല്ല.
ഇവിടെയാണ് ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാൻ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയിൽ ഒരിടത്തും ഇല്ല. മറിച്ച് ഇതിൽ പറയുന്ന കാര്യങ്ങളെ "വിമർശിച്ച്" മനസ്സിലാക്കാൻ ശ്രമിക്കണം എന്നാണു പറയുന്നത്. ഒരു വാചകം തന്നെ, ശ്രീമദ് ഭഗവദ് ഗീതയെ പ്രപഞ്ചത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാൻ കഴിയാത്ത രീതിയിൽ അത്യുന്നതിയിൽ നിർത്തുന്നു. ദൈവത്തിൽ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കിൽ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കിൽ മാത്രം, യാതൊരു നിർബന്ധവും ഇല്ല.
പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങൾ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാൻ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയിൽ അധിഷ്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂർണ്ണ നാശത്തിലേക്കും നയിക്കും എന്നത് ഏവർക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഏതെങ്കിലും മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയിൽ പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മിൽ കൊല്ലിച്ച് രസിക്കുവാൻ അല്ല, മറിച്ച് സമ്പൂർണ്ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിൻറെ മുഴുവൻ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവർ ആദ്യം ചുറ്റും നോക്കുക, മതങ്ങളുടെ ക്രൂരത നിങ്ങൾക്ക് നേരിട്ട് കാണുവാൻ കഴിയും. ഇതിൽ നിന്നും മതങ്ങൾ ഒരിക്കലും ദൈവത്തിൻറെ സൃഷ്ടിയല്ല, മറിച്ച് ചെകുത്താൻറെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുവാൻ കഴിയുന്നു. കൂടാതെ, മതങ്ങളുടെയും നന്മ ഏപ്പോഴും "മോഹന വാഗ്ദാനങ്ങളിൽ" മാത്രമായി ഒതുങ്ങുന്നു. സമാധാനം, സാഹോദര്യം, സ്നേഹം, സമത്വം, ദൈവീകം, ഏകദൈവ വിശ്വാസം, സ്വർഗ്ഗം , മുതലായ മോഹന വാഗ്ദാനങ്ങളിൽ പൊതിഞ്ഞു വരുന്ന മാരക വിഷങ്ങൾ ആണ് നാം നമ്മുടെ ചുറ്റും കാണുന്ന ഓരോ മതങ്ങളും..!
നാം സ്വയം നമ്മെ അറിയുന്നതിനേക്കാൾ ശ്രേഷ്ഠമായി, മനുഷ്യന് ഭൂമിയിൽ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിൻറെ പരമമായ ലക്ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അർജ്ജുനൻ ബുദ്ധിയും, ഭഗവാൻ ശ്രീ കൃഷ്ണൻ ആത്മാവിൻറെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തിൽ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കിൽ ജീവിത യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങൾ ഒഴിയും. മറിച്ചായാൽ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മിൽ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാൻ വിഡ്ഢികൾക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാൻ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ചൈതന്യത്തെ അറിഞ്ഞ്, അതിനു മുമ്പിൽ നമ്മുടെ ഇന്ദ്രിയങ്ങൾ ആകുന്ന കുതിരകളെ സമർപ്പിച്ചാൽ, പിന്നെ എല്ലാം ശുഭം. ഇത് കേൾക്കുമ്പോൾ ഒരുപാട് സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉയരും, സംശയങ്ങൾ ആണ് ചോദ്യ രൂപത്തിൽ അർജ്ജുനൻ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാൻ ശ്രീ കൃഷ്ണൻ വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകൾ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേൾക്കുവാൻ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികൾക്കു മാത്രമേ അതിനു കഴിയൂ...!
മനുഷ്യ മനസ്സിൽ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവർ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സിൽ വരുന്ന ആദ്ധ്യാത്മിക ചിന്തകൾ (spiritual thoughts) ആണ് പാണ്ഡവർ . നൂറോളം ചീത്ത ചിന്തകൾ മനസ്സിൽ ഉദിക്കുമ്പോൾ ആണ് അഞ്ചോളം നല്ല ചിന്തകൾ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകൾ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാൽ, നല്ല ചിന്തകൾക്കു മനസ്സിൽ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവർക്ക് സംഭവിക്കുന്നതും. പരമമായ സത്യം പൂർവ്വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോൾ, അവൻറെ മനസ്സിൽ "മഹാഭാരത യുദ്ധ" ത്തിൻറെ ശംഖൊലി മുഴങ്ങുന്നു, ഭഗവാൻ അവന് വിശ്വരൂപ ദർശനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോൾ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തിൽ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മിൽ തന്നെ...!
എത്ര ആശ്ചര്യം ? ഇതിനേക്കാൾ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ...! കോടാനു കോടി ജന്മങ്ങൾ അലഞ്ഞാലും എവിടെയും കിട്ടാൻ പോകുന്നില്ല. ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാൻറെ മുഖ കമലത്തിൽ നിന്നു ഒഴുകിവന്ന അറിവിൻറെ അമൃത ഗംഗയാണ്...!
കടപ്പാട് : സനാതന ധർമ്മം
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ