2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

അർജ്ജുനന്റെ പത്തു നാമങ്ങൾ


അർജ്ജുനന്റെ പത്തു നാമങ്ങൾ
പേടിസ്വപ്നം കണ്ടാലോ, രാത്രികാലസഞ്ചാരത്തിനിടയിൽ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാർ കുട്ടികളോട് പറയുമായിരുന്നു "അർജുനന്റെ പത്ത് നാമങ്ങൾ ചൊല്ലിയാൽ മതി"യെന്ന്..
പഞ്ചപാണ്ഡവരിൽ മൂന്നാമനും വില്ലാളിവീരനും ഭഗവാന് ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അർജുനന്റെ പത്തുപേരുകൾ യഥാക്രമം..
1 : അർജ്ജുനൻ
2 :
ഫൽഗുനൻ
3 :
പാർത്ഥൻ
4:
കിരീടി
5 :
വിജയൻ
6 :
ശ്വേതാശ്വൻ
7:
ജിഷ്ണു
8 :
ധനഞ്ജയൻ
9:
സവ്യസാചി
10:
ബീഭത്സു
ഋജുബുദ്ധിയുള്ളതിനാൽ 'അർജ്ജുനൻ' എന്നും ഫാൽഗുനമാസത്തിൽ ഫാൽഗുന നക്ഷത്രത്തിൽ(ഉത്രം) ജനിച്ചതിനാൽ 'ഫൽഗുനൻ 'എന്നും പൃഥ (കുന്തി)യുടെ പുത്രനായതിനാൽ 'പാർത്ഥൻ ' എന്നും അസുരനാശം വരുത്തിയപ്പോള് പിതാവായ ഇന്ദ്രൻ ദേവകിരീടം ശിരസ്സിൽ അണിയിച്ചതിനാൽ 'കിരീടി 'എന്നും എപ്പോഴും വിജയം വരിക്കുന്നതിനാൽ 'വിജയൻ' എന്നും വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാൽ 'ശ്വേതാശ്വൻ'എന്നും ഖാണ്ഡവദാഹത്തിൽ ജിഷ്ണു (ഇന്ദ്രൻ)വിനെ ജയിച്ചതിനാൽ 'ജിഷ്ണു' എന്നും അശ്വമേധയാഗത്തിന് ഉത്തരദിക്കിൽനിന്നും ധാരാളം ധനം കൊണ്ടുവന്നതിനാൽ 'ധനഞ്ജയൻ'എന്നും രണ്ടുകൈകൾകൊണ്ടും അസ്ത്രങ്ങൾ അയയ്ക്കാൻ സമർത്ഥനായിരുന്നതിനാൽ 'സവ്യസാചി ' എന്നും യുദ്ധത്തിൽ ഭീകരനായതിനാൽ 'ബീഭത്സു'എന്നും അർജ്ജുനനു പേര് ലഭിച്ചു ...
അർജുനൻ, ഫൽഗുനൻ, പാർഥൻ, വിജയനും വിശ്രുതമായ പേർ പിന്നെ കിരീടിയും, ശ്വേതശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യ ഭയങ്ങൾ അകന്നു പോം നിർണ്ണയം