ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ. ആരോഗ്യമുള്ള
ശരീരവും മനസ്സും ഉണ്ടെങ്കിൽ
മാത്രമേ ജീവിതത്തിൽ സന്തോഷവുമുണ്ടാകൂ. ഈശ്വരവിശ്വാസിക്കും നിരീശ്വരവാദിക്കും സന്തോഷവും സമാധാനവും
ഒരുപോലെ അത്യാവശ്യമുള്ള ഒന്നാണ്.
"
" ഈശ്വര സർവ്വഭൂതാനാം ഹൃദ്ദേശേ തിഷ്ഠതി " (ഭഗവത്ഗീത , ഈശാവാസ്യമിദം സർവ്വം (ഈശാവാസ്യ ഉപനിഷത്ത് ) ഈ പ്രപഞ്ചത്തിൽ സർവ്വത്ര നിറഞ്ഞിരിക്കുന്ന ഒന്നാണ് ഈശ്വര ചൈതന്യം, ഈശ്വരീയമല്ലാത്ത ഒരു വസ്തുപോലും ഈ പ്രപഞ്ചത്തിൽ ഒരിടത്തും ഇല്ല എന്നതാണ് ഋഷിസങ്കല്പം. ഇതാണ് സനാതന ധർമ്മവും.
താൻ ഈശ്വരാംശം ആണെങ്കിലും തനിക്ക് ഈശ്വര അനുഭവം ഇല്ല. ഓരോരോ ജീവിത പ്രതിസന്ധികളിൽ പെട്ട് അസന്തുഷ്ടനായി ആകുലചിത്തനായി ജീവിതം തള്ളി നീക്കിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ, മനഃസമാധാനം ലഭിക്കാനായി പലരും പലവഴിക്കും പരിശ്രമിക്കുന്നു അത്തരം പരിശ്രമങ്ങളിൽ തലമുറകളുടെ അനുഭവസമ്പത്തിന്റെ അംഗീകാരം ലഭിച്ച ഒരു ആധികാരിക മാർഗ്ഗമാണ് ഈശ്വരഭജനം.
എങ്ങും നിറഞ്ഞിരിക്കുന്ന ഈശ്വര ചൈതന്യം തന്നെയാണ് ആർത്തവമുള്ള സ്ത്രീയിലും ( ആർത്തവമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ) ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായ ബിംബത്തിലും കുടികൊള്ളുന്നത്. ആർത്തവ സമയത്തെ തെറ്റായ ജീവിതചര്യകൾ എപ്രകാരം ഒരു സ്ത്രീയുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുമോ അപ്രകാരം തന്നെ ക്ഷേത്രആചാര ലംഘനം ക്ഷേത്രത്തിന്റെ ക്ഷയത്തിൽനിന്നും ത്രാണനം ചെയ്യാനുള്ള ശേഷിയെയും ബാധിക്കും.
വായു എല്ലായിടത്തും നിറഞ്ഞിരിക്കുന്നു പക്ഷേ വായു ചലിക്കുമ്പോൾ മാത്രമേ കുളിർമ അനുഭവപ്പെടുകയുള്ളു. കുളിർമ ഉഷ്ണിച്ചിരിക്കുമ്പോൾ അനുഗ്രഹവും തണുപ്പുള്ളപ്പോൾ അസുഖകരവുമാണല്ലോ. അപ്രകാരം എങ്ങും നിറഞ്ഞിരിക്കുന്ന ഈശ്വരനെ തനിക്ക് അനുഭവപ്പെടുത്തി തരാൻ ക്ഷേത്രമാകുന്ന യന്ത്രത്തിന് സാധിക്കും അതേസമയം ഈശ്വരൻ ഇരിക്കുന്ന സ്ഥലമാണ് ക്ഷേത്രം - ഈശ്വരനെ കാണാൻ ക്ഷേത്രത്തിൽ പോകണം - അവിടെ എനിക്ക് തോന്നുംപടി പോകാം എന്നൊന്നും കരുത്തുകയുമരുത്. ഈശ്വരാംശമായ ദേവതയെ ( ദേവതയും ഈശ്വരനും രണ്ടാണ് ) താന്ത്രികവിധാനത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന സങ്കേതമാണ് കേരളീയ ക്ഷേത്രങ്ങൾ.
അനാരോഗ്യകരമായ ജീവിതരീതികൾമൂലം ഒരു വ്യക്തിയിൽ സംഭവിച്ചുപോയേക്കാവുന്ന ഭൂതാഗ്നിയിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കുവാൻ ദീർഘദർശികളും ജ്ഞാനികളുമായ ഋഷീശ്വരന്മാർ സ്ഥാപിച്ച താന്ത്രികയന്ത്രമാണ് ഓരോ ക്ഷേത്രങ്ങളും. ആശ്രയിക്കുന്ന വ്യക്തിയെ ശാരീരികവും, പ്രാണപരവും, മാനസികവും, ബൗദ്ധികവുമായി ശക്തിപ്പെടുത്തി ആത്മാനുഭവത്തിന് പ്രാപ്തനാക്കുക എന്നതാണ് ക്ഷേത്രസങ്കല്പത്തിന്റെ ഉദ്ദേശം.
ഏറ്റവും പരിശുദ്ധമായ അന്തരീക്ഷത്തിൽ ഏറ്റവും പരിശുദ്ധമായ ദ്രവ്യങ്ങളാൽ ഏറ്റവും പരിശുദ്ധമായ ശരീരവും മനസ്സും ബുദ്ധിയുമുള്ള പുരോഹിതനാൽ ചെയ്യപ്പെടുന്ന താന്ത്രികപൂജാ വിധാനങ്ങളാണ് ക്ഷേത്രമാകുന്ന യന്ത്രത്തെ ചൈതന്യവത്താക്കി നിലനിർത്തുക അത്തരം ക്ഷേത്രങ്ങൾക്ക് മാത്രമാണ് ക്ഷയത്രാണന ശേഷിയും ഉണ്ടാവുക. ക്ഷേത്രയന്ത്രത്തെ ശുശ്രുഷിക്കുന്നവരും ആശ്രയിക്കുന്നവരും ക്ഷേത്രചൈതന്യവർദ്ധനവ് ലക്ഷ്യംവച്ചുകൊണ്ട് ചില നിയമങ്ങൾ പാലിച്ചെങ്കിൽ മാത്രമേ ഈ സംവിധാനം മനുഷ്യരാശിക്ക് ഉപകാരപ്രദമായി നിലകൊള്ളൂ, അത്തരം നിയമങ്ങളിൽ ഒന്നാണ് ആർത്തവസമയത്ത് ക്ഷേത്രദർശനം ഒഴിവാക്കണം എന്നത്.