2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ശ്രീവില്വാദ്രിനാഥക്ഷേത്രം:


ശ്രീവില്വാദ്രിനാഥക്ഷേത്രം:
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും അനന്തന്റെ അവതാരമായ ലക്ഷ്മണനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിൽ ഒന്നുമാണിത്.
ക്ഷേത്രത്തിൽ, പരസ്പരം അനഭിമുഖമായ രണ്ട് ശ്രീകോവിലുകളിലാണ് ശ്രീരാമലക്ഷ്മണന്മാർ സാന്നിദ്ധ്യമരുളുന്നത്. ചതുർബാഹു മഹാവിഷ്ണുവിഗ്രഹങ്ങളിലാണ് ഇരുവരുടെയും തേജസ്സുകൾ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമായി ശ്രീരാമസ്വാമിയും കിഴക്കോട്ട് ദർശനമായി ശ്രീലക്ഷ്മണസ്വാമിയും വാഴുന്നു. ശ്രീരാമലക്ഷ്മണന്മാർ അനുഗ്രഹവർഷം ചൊരിയുന്ന സന്നിധിയിൽ അവരുടെ നിത്യദാസനായ ഹനുമാൻസ്വാമിയും സാന്നിദ്ധ്യമരുളുന്നുണ്ട്. മഹാഗണപതി, ധർമ്മശാസ്താവ്, ശ്രീ മഹാദേവൻ, പാർവ്വതീദേവി, നാഗദൈവങ്ങൾ, ശ്രീഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പ്രത്യേകം തന്ത്രിമാരും ശാന്തിക്കാരുമുണ്ട്.
ഐതിഹ്യങ്ങൾ :
ക്ഷേത്രത്തിന്റെ അടിഭാഗം വലിയൊരു ഗുഹയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അവിടെ ഒരു സ്വർണ്ണവില്വമരം (കൂവളം) ഉണ്ടെന്നും വിശ്വാസമുണ്ട്. തന്മൂലം സ്ഥലത്തിന് 'വില്വമല' എന്ന പേര് വന്നു. പിന്നീട് വില്വമലയിൽ ദേവസാന്നിദ്ധ്യമുണ്ടായപ്പോൾ 'തിരു' കൂട്ടിച്ചേർത്തു. 'തിരുവില്വമല' കാലാന്തരത്തിൽ തിരുവില്വാമലയായി മാറി. തിരുവില്വാമല സംസ്കൃതീകരിച്ച് 'വില്വാദ്രി'യാക്കി. തുടർന്ന്, പ്രതിഷ്ഠ വില്വാദ്രിനാഥൻ എന്നും അറിയപ്പെട്ടു.
അതേ സമയം, 'വിണ്ടമല'യാണ് വില്വമലയായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രമിരിയ്ക്കുന്ന കുന്നാണ് വാസ്തവത്തിൽ വില്വാദ്രി. എന്നാൽ, അടുത്തുള്ള മൂരിക്കുന്ന്, ഭൂതന്മല എന്നീ മലകളെയും ഇതിനോടൊപ്പം ചേർത്ത് വില്വാദ്രിയായി കണ്ടുവരുന്നുണ്ട്. പണ്ട്, ഇതെല്ലാം ഒറ്റമലയായിരുന്നുവെന്നും, പിന്നീട് വിള്ളലുണ്ടായപ്പോൾ പ്രത്യേകമലകളായതാണെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള സരസ്വതിക്കുണ്ടിലും മറ്റും കാണുന്ന വിള്ളലുകൾ ഇതിന്റെ സൂചനയാണെന്നാണ് പറയപ്പെടുന്നത്.