2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

പുനർജ്ജനി ഗുഹ.


പുനർജ്ജനി ഗുഹ.
------------------
ക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റർ തെക്കുകിഴക്കുമാറി ഭൂതന്മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഗുഹയാണ് പുനർജ്ജനി ഗുഹ. 150 മീറ്റർ നീളം വരുന്ന ഗുഹ താണ്ടിക്കടക്കാൻ വളരെ സമയമെടുക്കും. തിരുവില്വാമലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇതെങ്കിലും വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം.
ഐതിഹ്യപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവ് പരശുരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ് ഗുഹ. ഇതിനുപിന്നിലും ഒരു ഐതിഹ്യകഥയുണ്ട്. അതിങ്ങനെ:

മഹാവിഷ്ണുദർശനം കിട്ടിയെങ്കിലും പ്രേതങ്ങൾക്ക് മോക്ഷം ലഭിച്ചില്ല. ഇക്കാരണത്താൽ ദുഃഖിതനായ പരശുരാമൻ പരിഹാരമാരായാൻ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ടു. അദ്ദേഹം പരശുരാമനോട് ഇങ്ങനെ പറഞ്ഞു: 'അല്ലയോ ഭാർഗ്ഗവാ, പ്രേതങ്ങൾ ഒരുപാട് ജന്മങ്ങൾ എടുത്തുകഴിഞ്ഞവരാണ്. കർമ്മം കാരണമാണ് ജന്മമുണ്ടാകുന്നത്. കർമ്മമൊടുങ്ങിയാൽ മാത്രമേ മോക്ഷം കിട്ടൂ.' തുടർന്ന് പരശുരാമൻ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ദേവേന്ദ്രന്നും ബൃഹസ്പതിയ്ക്കുമൊപ്പം വില്വാദ്രിയിലെത്തി. എന്നാൽ, പ്രേതസാന്നിദ്ധ്യം ഒരിയ്ക്കലും ക്ഷേത്രത്തിനടുത്തുണ്ടാകാൻ പാടില്ലെന്ന് പരശുരാമൻ പറഞ്ഞപ്പോൾ വിശ്വകർമ്മാവ് ഉടനെ അനുയോജ്യമായ സ്ഥലമന്വേഷിച്ച് പുറപ്പെട്ടു. അവർ അങ്ങനെ മലയിലെത്തി. തുടർന്ന് ഒരു സ്ഥലത്ത് വിശ്വകർമ്മാവിന് ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം അനുഭവപ്പെടുകയും ബൃഹസ്പതി പൂജകൾ തുടങ്ങുകയും ചെയ്തു. സമയത്ത് ഭൂതന്മലയുടെ അടിവാരത്ത് പരശുരാമൻ വിഘ്നനിവാരണത്തിനായി 'ഗണപതിതീർത്ഥം' നിർമ്മിച്ചു. ഗുഹയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം 'പാപനാശിനി' (ഇതേ പേരിൽ തിരുനെല്ലിയിൽ ചെറിയൊരു നദിയുമുണ്ട്), 'പാതാളതീർത്ഥം' എന്നിങ്ങനെ വേറെയും രണ്ട് തീർത്ഥങ്ങൾ നിർമ്മിച്ചുകഴിഞ്ഞിരുന്നു. ദേവേന്ദ്രൻ അമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിച്ചു. അത് തന്മൂലം 'അമ്പുതീർത്ഥം' എന്ന് അറിയപ്പെടാൻ തുടങ്ങി. ദേവേന്ദ്രന്റെ വാഹനമായ ഐരാവതം തന്റെ കൊമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിയ്ക്കുകയും അത് തന്മൂലം 'കൊമ്പുതീർത്ഥം' എന്ന് അറിയപ്പെടുകയും ചെയ്തു. ശിവശിരസ്സിൽ നിന്നും വിഷ്ണുപാദത്തിൽ നിന്നും ഗംഗാതീർത്ഥം കൊണ്ടുവന്ന് പരശുരാമൻ അവയിൽ നിറച്ചു. തുടർന്ന്, നിർമ്മാണം പൂർത്തിയായ ഗുഹയിലൂടെ പ്രേതങ്ങൾ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.
അതേ സമയം, ഏതാനും ബ്രാഹ്മണരും അവിടെയെത്തി. അവർ പരശുരാമനോട് തങ്ങൾക്കും നൂഴണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പരശുരാമൻ അവരോട് ഇങ്ങനെ പറഞ്ഞു: 'വർഷത്തിൽ ഒരു ദിവസം - വൃശ്ചികമാസത്തിൽ വെളുത്തപക്ഷത്തിലെ ഏകാദശിനാൾ - അന്നുമാത്രമേ ഗുഹയ്ക്കകത്ത് മനുഷ്യർക്ക് പ്രവേശനമുള്ളൂ. മറ്റ് ദിവസങ്ങൾ പ്രേതങ്ങൾക്കുള്ളതാണ്. മാത്രവുമല്ല, നൂഴാൻ വരുന്നവർ വ്രതനിഷ്ഠയോടുകൂടിയായിരിയ്ക്കണം വരേണ്ടത്.' ബ്രാഹ്മണരെത്തിയ ദിവസം പരശുരാമൻ പറഞ്ഞ ദിനം തന്നെയായിരുന്നു! അവർ എല്ലാ നിഷ്ഠകളോടെയാണ് സ്ഥലത്തെത്തിയത്. തുടർന്ന് അവരും ഗുഹയിലൂടെ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.
ഗുഹയെ മഹാഭാരതവുമായി ബന്ധിപ്പിയ്ക്കുന്ന ഒരു ഐതിഹ്യകഥയും പ്രചാരത്തിലുണ്ട്. അതിങ്ങനെ: കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ തങ്ങളുടെ പൂർവ്വികർക്കും യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധുക്കൾക്കും ബലിയിടാനായി തിരുവില്വാമല ദേശത്തുവന്നിരുന്നു. കൂടാതെ, തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി നേടാനായി അവർ പുനർജ്ജനി നൂഴൽ നടത്തുകയും ചെയ്തു. ഒപ്പം, ചില ക്ഷേത്രങ്ങളും ഇവർ നിർമ്മിച്ച് പ്രതിഷ്ഠാകർമ്മങ്ങൾ നടത്തി. അവ ഐവർമഠം ശ്രീകൃഷ്ണക്ഷേത്രവും ('ഐവർ' എന്നാൽ അഞ്ചുപേർ. പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയതെന്ന അർത്ഥത്തിൽ പേരുവന്നു) സോമേശ്വരം, കോതക്കുറുശ്ശി ശിവക്ഷേത്രങ്ങളുമായിരുന്നു.
ഗുരുവായൂർ ഏകാദശിനാളിലെ പ്രസിദ്ധമായ നൂഴൽ മഹോത്സവത്തിന് വളരെ കടുത്ത അനുഷ്ഠാനങ്ങളാണുള്ളത്. നൂഴുന്ന ഭക്തർ തലേദിവസം (ദശമി) തന്നെ ക്ഷേത്രത്തിലെത്തുകയും അന്നേദിവസം വ്രതമനുഷ്ഠിച്ച് ക്ഷേത്രത്തിൽത്തന്നെ കഴിച്ചുകൂട്ടുകയും വേണം. ഏകാദശിനാളിൽ പുലർച്ചെ നാലുമണിയ്ക്ക് ക്ഷേത്രത്തിലെ ശാന്തിക്കാർ വടക്കുഭാഗത്തെ ഭഗവതിച്ചിറയിൽ കുളികഴിഞ്ഞെത്തി നടതുറക്കുകയും തുടർന്ന് ഗുഹാമുഖത്തെത്തി ചില വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. നൂഴൽക്കാർ ക്ഷേത്രദർശനം നടത്തി കിഴക്കേ നടയിലൂടെ പുറത്തുകടന്ന് ഗണപതിതീർത്ഥം വരെ ചെല്ലുകയും അവിടെ കുളിയ്ക്കുകയും വേണം. തുടർന്ന് പാപനാശിനി, പാതാളതീർത്ഥം, അമ്പുതീർത്ഥം, കൊമ്പുതീർത്ഥം എന്നിവയിലും കുളിച്ച് ഈറനോടെ ഗുഹാമുഖത്തെത്തണം. രാമേശ്വരത്തെ ചില തീർത്ഥങ്ങൾ പോലെ ഇവ ചെറുതും വലുതുമായ കിണറുകളാണ്. ഇവയിൽ നിന്ന് വെള്ളം കോരി തലയിലൊഴിച്ചാണ് ഭക്തർ കുളിയ്ക്കാറുള്ളത്. ഗുഹാമുഖത്ത് ഏകദേശം ആറടി ഉയരമുണ്ട്. അതിനാൽ, സാധാരണ ഉയരമുള്ള ഏതൊരാൾക്കും ഇതിനകത്തുകൂടെ നിഷ്പ്രയാസം നടന്നുപോകാം. കുറച്ചുകഴിഞ്ഞാൽ, തലതാഴ്ത്തി നടക്കേണ്ടിവരും. വീണ്ടും കുറച്ചുകൂടിപ്പോയാൽ ഇരുന്നുനിരങ്ങേണ്ട സ്ഥലങ്ങളെത്തും. പിന്നെയും കുറച്ചുപോയാലാണ് ശരിയ്ക്കും നൂഴൽ തുടങ്ങുന്നത്. ചിലയിടങ്ങളിൽ വായുസഞ്ചാരവും വെളിച്ചവും തീരെയില്ല. അതുകൊണ്ട് ഒരാൾക്ക് മുന്നിലും പിന്നിലുമുള്ള ആളുകളുടെ സഹായത്തോടെ മാത്രമേ പോകാൻ കഴിയൂ. അവസാനം, കുറച്ച് പടിക്കെട്ടുകൾ കൂടി കടന്നുകിട്ടിയാൽ ഒരാൾക്ക് പുറത്തുകടന്ന് വീണ്ടും പാപനാശിനിയിൽ കുളിയ്ക്കാൻ പോകാം.
ഭക്തിയോടൊപ്പം അപാരമായ മനഃസാന്നിദ്ധ്യം കൂടിയുണ്ടെങ്കിലേ പുനർജ്ജനി നൂഴ്ന്നുകടക്കാൻ പറ്റൂ. അതിനാൽ, സാധാരണക്കാർ ശ്രമത്തിന് മുതിരാറില്ല. ഗുഹയ്ക്കകത്ത് കടുത്ത ഇരുട്ടും ഭീകരതയുമുണ്ടായിട്ടും ഇഴജന്തുക്കളോ ക്രൂരമൃഗങ്ങളോ ഇല്ലാത്തത് അത്ഭുതമാണ്. കൂടാതെ, ഇതിനകത്തുകിടന്ന് ആരും മരിച്ചതായും കേട്ടിട്ടില്ല. പുരുഷന്മാർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ.
1861- ക്ഷേത്രത്തിൽ ഒരു വൻ അഗ്നിബാധയുണ്ടായി. അതിനുശേഷം ക്ഷേത്രം നവീകരിച്ചപ്പോൾ ഇതേപോലൊരു ഗുഹ പടിഞ്ഞാറേ നടയിലും പ്രത്യക്ഷപ്പെട്ടു. ചിലർ ഇതും നൂഴ്ന്നുകടക്കാൻ ശ്രമിച്ചെങ്കിലും അനന്തമായ പടികളും കൂരിരുട്ടും കാരണം ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇതുവഴിയുള്ള രഹസ്യമാർഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിലെത്താം എന്നൊരു വിശ്വാസമുണ്ട്.