ഐതിഹ്യമാല/ആലത്തൂർ നമ്പി
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി ആലത്തൂർ നമ്പി | വയസ്കര ചതുർവേദിഭട്ടതിരിയും യക്ഷിയും→ |
ആലത്തൂർ നമ്പിയുടെ ഇല്ലം ബ്രിട്ടീഷുമലബാറിൽ പൊന്നാനിത്താലൂക്കിൽ തൃക്കണ്ടിയൂരംശത്തിൽ ആലത്തൂർ ദേശത്താണ്. ഇതു കൂടാതെ അവിടേക്കു കൊച്ചി സംസ്ഥാനത്തു തലപ്പള്ളിത്താലൂക്കിൽ ചൂണ്ടൽ പ്രവൃത്തിയിൽ തായങ്കാവുദേശത്തും ഒരില്ലമുണ്ട്. അതു രണ്ടാമതുണ്ടായതാണ്. ആ ദേശത്തു പണ്ടു ചൂണ്ടൽ മൂസ്സ് എന്നൊരഷ്ട വൈദ്യനുണ്ടായിരുന്നു. ആ ഇല്ലത്ത് ഒരു കാലത്ത് പുരുഷന്മാരാരുമില്ലാതെ ഒരു വിധവയും ഒരു കന്യകയും മാത്രമായിത്തീർന്നു. ആ കന്യകയേ ആലത്തൂർ നമ്പിമാരിലൊരാൾ സർവസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തു കയറി. അതിനാലാണ് അവിടെയും ഒരില്ലം അവിടേക്കു ണ്ടായത്. ചൂണ്ടൽ മൂസ്സിന്റെ ഇല്ലം വകയായിട്ടുണ്ടായിരുന്ന ഏതാനും വസ്തുവകകളും നമ്പിക്കു കിട്ടി. ഏതാനും വസ്തുക്കളും ഒരു ദേവസ്വവും അന്യാധീനപ്പെട്ടുപോയിട്ടുമുണ്ട്.
ആലത്തൂർ നമ്പിയുടെ ഇല്ലത്ത് ഒരിക്കൽ പുരുഷന്മാരാരുമില്ലാതെ ഒരു കന്യക മാത്രമായിത്തീർന്നു. അന്ന് ആ കന്യകയെ സർവസ്വദാനമായി വിവാഹം കഴിച്ച് അവിടെ ദത്തുകയറിയത് കറുത്തപാറ നമ്പൂരിയുടെ ഇല്ലത്തുനിന്നൊരാളാണ്. അതിനാൽ കറുത്തുപാറ നമ്പൂരിയും ആലത്തൂർ നമ്പിയും പരസ്പരം പുലയുള്ളവരായിത്തീർന്നു. അജാമിളമോക്ഷം, ധ്രുവ ചരിതം മുതലായവയുടെ നിർമ്മാതാവായ കറുത്തുപാറ ദാമോദരൻ നമ്പൂരി മരിച്ചിട്ട് അധികം കാലമായില്ലല്ലോ. ആ ദാമോദരൻ നമ്പൂരി മരിച്ചപ്പോഴും ആലത്തൂർ നമ്പിമാർ പുല ആചരിച്ചിരുന്നതായിട്ടാണ് അറിയുന്നത്. അതിനാൽ ഇപ്പോൾ ആലത്തൂർ നമ്പിയുടെ ഇല്ലത്തുള്ളവർ കറുത്തു പാറ നമ്പൂരിയുടെ സന്താനപരമ്പരയിലുൾപ്പെട്ടവരാണെന് വിശേഷിച്ചു പറയണമെന്നില്ലല്ലോ.
ആലത്തൂർ നമ്പിമാരുടെ ചികിത്സയ്ക്ക് അനിതരസാധാരണമായ ഒരു വിശേഷമുണ്ടെന്നുള്ളതു പ്രസിദ്ധമാണ്. അതിനുള്ള കാരണങ്ങളെ സ്സംബന്ധിച്ചു പല ഐതിഹ്യങ്ങളുമുണ്ട്.
ആലത്തൂർ നമ്പിയുടെ ഇല്ലത്തിനു സമീപം "വൈദ്യൻ തൃക്കോവിൽ" എന്നു പ്രസിദ്ധമായിട്ട് ഒരു ശിവക്ഷേത്രമുണ്ട്. പണ്ടൊരു കാലത്തുണ്ടായിരുന്ന ഒരു നമ്പി പതിവായി രണ്ടുനേരവും ആ ശിവക്ഷേത്രത്തിൽപ്പോയി ദർശനം കഴിച്ചുവന്നിരുന്നു. നമ്പി അമ്പലത്തിലേക്കു പോകുമ്പോൾ വഴിക്കുണ്ടായിരുന്ന ഒരാലിന്മേലിരുന്നു രണ്ടു പക്ഷികൾ "കോരുക്ക്, കോരുക്ക്" എന്നു ശബ്ദിക്കുകയും പതിവായിരുന്നു. ഒരു ദിവസം നമ്പി ആ പക്ഷികൾ മേല്പറഞ്ഞപ്രകാരം ശബ്ദിചപ്പോൾ തിരിഞ്ഞുനിന്ന് ആ പക്ഷികളെ നോക്കി,
-
- "കാലേ ഹിതമിതഭോജീ കൃതചംക്രമണഃ ക്രമേണ വാമശയഃ
- അവിധൃതമൂത്രപുരീഷഃ സ്ത്രീഷു യതാത്മാ ച യോ നരഃ സോരുക്ക്"
എന്നു പറഞ്ഞിട്ട് ഇല്ലത്തേക്കു പോയി. അതിൽപ്പിന്നെ ആ പക്ഷികളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ഉണ്ടായിട്ടില്ല. "കോരുക്ക്" എന്നുള്ളതിന് കഃ അരുക്ക്? (രോഗമിലാത്തവനാര്?)" എന്നാണല്ലോ അർത്ഥം. ആ ചോദ്യത്തിനു നമ്പിയുടെ മറുപടി, വേണ്ടുന്നകാലത്തു ഹിതമായും മിതമായും ഭക്ഷിക്കുന്നവനും, ഊണു കഴിഞ്ഞാൽ കുറച്ചു നടക്കുകയും ഇടതുവശം ചെരിഞ്ഞുകിടക്കുകയും ചെയ്യുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന സമയത്തു വിസർജിക്കുന്നവനും സ്ത്രീകളിൽ അത്യാസക്തിയില്ലാത്ത (അടക്കമുള്ള) വനുമായിരിക്കുന്നത് ആരോ ആ മനുഷ്യൻ അരോഗിയായിരിക്കും എന്നാണല്ലോ. ഇത് അവർക്ക് സമ്മതമായതിനാലായിരിക്കാം ആ പക്ഷികൾ പിന്നെ വരാഞ്ഞത്.
പക്ഷികളെ കാണാതായതിന്റെ ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ രണ്ടു ബ്രാഹ്മണകുമാരന്മാർ നമ്പിയുടെ അടുക്കൽ ചെന്നു തങ്ങളെക്കൂടെ അവിടെ താമസിപ്പിച്ചു വൈദ്യശാസ്ത്രം പഠിപ്പിക്കണമെന്ന് അപേക്ഷിക്കുകയും നമ്പി സമ്മതിക്കുകയും അവർ അന്നു തന്നെ പഠിച്ചുതുടങ്ങുകയും ചെയ്തു. ആ കുട്ടികൾ മഹാവികൃതികളായിരുന്നു വെങ്കിലും അത്യന്തം ബുദ്ധിമാന്മാരുമായിരുന്നതിനാൽ നമ്പിക്ക് അവരെക്കുറിച്ച് വിരോധമല്ല, ഏറ്റവും സ്നേഹവും വാത്സല്യവുമാണുണ്ടായത്. അവർ എന്തെല്ലാം കുസൃതികൾ കാട്ടിയാലും പറഞ്ഞാലും നമ്പി അവരെ ശാസിക്കാറില്ല. അതിനതിന് അവരുടെ ദുസ്സാമർഉു015ന്ധ്യങ്ങൾ വർദ്ധിച്ചുകൊണ്ടു തന്നെ ഇരുന്നു. പഠിക്കുന്ന സമയം നമ്പി പറഞ്ഞുകൊടുക്കുന്നതൊന്നും അവർ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുകയില്ല. നമ്പി ഒരു വിധത്തിൽ ഒരു വാക്യത്തിന് അർഉു015ന്ധം പറഞ്ഞുകൊടുക്കുമ്പോൾ അവർ അതിനു വേറെ നാലു വിധത്തിൽ അർഉു015ന്ധം പറഞ്ഞ് അങ്ങനെയായാലെന്താ, ഇങ്ങനെയായാലെന്താ എന്നു ചോദ്യം തുടങ്ങും. അവയെല്ലാം ചേരുന്നവയും മറ്റാരും വിചാരിക്കുകയും ധരിക്കുകയും ചെയ്തിട്ടില്ലാത്തവയുമായിരിക്കും. അതിനാൽ ആ സമയങ്ങളിലും നമ്പിക്കു സന്തോഷവും അത്ഭുതവുമല്ലാതെ അവരോടു കോപമോ വിരോധമോ ഉണ്ടായില്ല. ഒടുക്കം നമ്പി അവരെ പഠിപ്പിക്കുന്നത് അവരിൽനിന്ന് അനേകവിധത്തിലുള്ള വിശേഷാർഥങ്ങൾ കേട്ടു ധരിക്കാനായിത്തീർന്നുവെന്നു പറഞ്ഞാൽ മതിയല്ലോ.
ഒരു ദിവസം നമ്പി ഇല്ലത്തില്ലാതിരുന്ന സമയം ഈ ബ്രാഹ്മണ കുമാരന്മാർ അവിടെയുണ്ടായിരുന്ന പടിപ്പുരമാളികയ്ക്കു തീ വെച്ചു ചുട്ട് അതു ഭസ്മാവശേഷമാക്കിക്കളഞ്ഞു. നമ്പി തിരിച്ചുവന്നപ്പോൾ സംഗതി മനസ്സിലായി. എങ്കിലും അതിനെക്കുറിച്ച് അവരോടൊന്നും ചോദിക്കുക പോലും ചെയ്തില്ല.
ഒരു ദിവസം നമ്പിയുടെ അച്ഛന്റെ ശ്രാദ്ധമായിരുന്നു. ബലിക്കു കുളിക്കാനായി നമ്പി പോയിരുന്ന സമയം ചില നായാടികൾ (വേടന്മാർ) പടിക്കൽ വന്നു ഭിക്ഷയ്ക്കായി വിളിച്ചു. ഈ ബ്രാഹ്മണബാലന്മാർ ഈ അടുക്കളയിൽ കടന്നു ബലിക്കായി വെച്ചുവെച്ചിരുന്ന കവ്യൻ (ചോറ്) എടുത്തുകൊണ്ടുപോയി നായാടികൾക്കു കൊടുത്തു. നമ്പി കുളിച്ചുവന്നപ്പോൾ ഈ വിവരമറിഞ്ഞു. എങ്കിലും വേറെ കവ്യൻ വെച്ചുണ്ടാക്കി ശ്രാദ്ധം നടത്തിയതല്ലാതെ ഇതിനെക്കുറിച്ചും ആ ബ്രാഹ്മണ ബാലന്മാരോട് ഒന്നും ചോദിച്ചില്ല.
പിന്നെയൊരിക്കൽ നമ്പി ഈ ബ്രാഹ്മണകുമാരന്മാരോടുകൂടി ഒരു രോഗിയെ കാണുന്നതിനായി ഒരു സ്ഥലത്തേക്കുപോയി. അപ്പോൾ മധ്യേ മാർഗം ഒരു ചെറിയ നദിയുണ്ടായിരുന്നു. മൂന്നുപേരുംകൂടി അവിടെയുണ്ടായിരുന്ന പാലത്തിന്മേൽ ചെന്നു കയറി. ഏകദേശം മധ്യത്തിങ്കലായപ്പോൾ ഈ ബാലന്മാർ നമ്പിയെ പിടിച്ചു പുഴയിലേക്കു തള്ളിയിട്ടു. നമ്പി നീന്തി അക്കരെയെത്തി. പിഴിഞ്ഞുടുത്തു തയ്യാറായി. അപ്പോഴേക്കും ബ്രാഹ്മണ ബാലന്മാരും അവിടെയെത്തി. പിന്നീട് മൂന്നുപേരും ഒരുമിച്ചുതന്നെ പോയി. ഇതിനെക്കുറിച്ചും നമ്പി അവരോടൊന്നും ചോദിച്ചില്ല.
ഒരു തലവേദനക്കാരൻ തലവേദന കലശലാകുമ്പോൾ നമ്പിയുടെ അടുക്കൽ ചെന്നു പറയുകയും നമ്പി വല്ലതും ചികിത്സ പറഞ്ഞയയ്ക്കുകയും അതുകൊണ്ടു കുറച്ചു ദിവസത്തേക്കു സുഖമായിരിക്കുകയും പിന്നെയും തലവേദന വരികയും സഹിക്കാൻ വയ്യാതെയാകുമ്പോൾ നമ്പിയുടെ അടുക്കൽ ചെന്നു പറയുകയും പതിവായിരുന്നു. ആ പതിവു പോലെ ഒരിക്കൽ അയാൾ ചെന്നപ്പോൾ നമ്പി അവിടെ ഉണ്ടായിരുന്നില്ല. തലവേദന ദുസ്സഹമായിത്തീരുകയാൽ അയാൾ "അയ്യോ! ഞാനിനി എന്താണ് വേണ്ടത്? ഞാൻഇവിടെ കിടന്നു മരിക്കും" എന്നു പറഞ്ഞ് ആ മുറ്റത്തു കിടന്നു നിലവിളിച്ചു. അപ്പോൾ ആ ബ്രാഹ്മണകുമാരന്മാർ അവിടെനിന്നിറങ്ങി പുരയിടത്തിലേക്കു പോയി. രണ്ടു കൂട്ടം പച്ചിലകൾ പറിച്ചുകൊണ്ട് തിരിച്ചുവന്ന്, ആ തലവേദനക്കാരനെ വിളിച്ചുംകൊണ്ട് ഒരു മുറിക്കകത്തേക്ക് കയറിപ്പോയി. അകത്തു കടന്നയുടനെ വാതിലടച്ചു സാക്ഷയിട്ടു. നമ്പിയുടെ പുത്രന്മാരായ ചെറിയ ഉണ്ണികൾ ഇവരെന്താണ് ചെയ്യുന്നതെന്നു കാണാനായി ആ മുറിയുടെ നിരയ്ക്കുണ്ടായിരുന്ന ചെറിയ ദ്വാരത്തിൽക്കൂടി ഒളിഞ്ഞുനോക്കിക്കൊണ്ടു നിന്നു. അകത്തു കടന്ന ബ്രാഹ്മണകുമാരന്മാർ ഒരുകൂട്ടം പച്ചമരുന്നു തിരുമ്മിപ്പിഴിഞ്ഞു രോഗിയുടെ തലയിൽ പുരട്ടി. ഉടനെ തലയുടെ തൊലി ആകപ്പാടെ രോമത്തോടുകൂടി പൊങ്ങിവന്നു. ബ്രാഹ്മണബാലന്മാർ ആ തൊലിയെടുത്തു മാറ്റിവെച്ചിട്ടു തലയോട്ടിയിൽ പറ്റിയിരുന്ന ഒരുതരം ചെറുപ്രാണികളെ തൂത്തുകളയുകയും തൊലിയെടുത്തു വീണ്ടും തലയിൽ പതിക്കുകയും പിന്നെ ഒരു കൂട്ടം മരുന്നുകൂടെ ഉണ്ടായിരുന്നത് തിരുമ്മിപ്പിഴിഞ്ഞു നീരെടുത്തു തലയിൽ പുരട്ടുകയും തൊലി യഥാപൂർവം ഒട്ടിപ്പിടിക്കുകയും ചെയ്തു. രോഗിക്കു തലവേദന മാറി സുഖമാവുകയാൽ വാതിൽ തുരന്നു പുറത്തേക്കിറങ്ങിയയുടനെ യാത്ര പറഞ്ഞ് അയാൾ പോയി. ബ്രാഹ്മണകുമാരന്മാർ പുറത്തിറങ്ങിയപ്പോൾ നമ്പിയുടെ ഉണ്ണികളെ കണ്ടിട്ട് "ഇങ്ങനെ നോക്കിയാൽ കോങ്കണ്ണുണ്ടാകും" എന്നു പറയുകയും ഉള്ളങ്കയ്യിൽ പറ്റിയിരുന്ന മരുന്ന് അങ്കണത്തിന്റെ തൂണിന്മേൽ തേച്ചുകളയുകയും അതിന്റെ പിശിട് ആരും കാണാതെ അവർ എവിടെയോ കളയുകയും ചെയ്തു.
നമ്പി മടങ്ങിയെത്തി കുളി കഴിഞ്ഞ് അകത്തു ചെന്നു പുത്രന്മാരോടുകൂടി ഉണ്ണാനിരുന്നു. ഉണ്ടുകൊണ്ടിരിക്കുമ്പോൾ ആ ഉണ്ണികൾ തലവേദനക്കാരൻ വന്നതു മുതൽ ഉണ്ടായ സകല സംഗതികളും നമ്പിയോടു പറഞ്ഞു. ആ സമയം മറ്റേ ബ്രാഹ്മണകുമാരന്മാർ നമ്പിയുടെ അടുക്കൽച്ചെന്ന്, "ഞങ്ങൾക്ക് ഇനി ഇവിടെ താമസിക്കാൻ നിവൃത്തിയില്ല. പോകാനുള്ള സമയമായിരിക്കുന്നു. ഞങ്ങൾ ഇവിടെത്താമസിച്ചു പഠിക്കുകയും അങ്ങേ പലവിധത്തിൽ ഉപദ്രവിക്കുകയും ചെയ്തു. അതിനൊക്കെ തക്കതായ പ്രതിഫലം തരുന്നതിനു ഞങ്ങളുടെ കൈവശമൊന്നുമില്ല. എങ്കിലും ഇതിരിക്കട്ടെ" എന്നു പറഞ്ഞ് ഒരു ചെറിയ ഗ്രന്ഥം നമ്പിയുടെ നേരെ നീട്ടിക്കൊടുത്തു. നമ്പി ഉണ്ടുകൊണ്ടിരിക്കുകയായിരുന്നതിനാൽ ഇടതുകൈ നീട്ടി അതു മേടീച്ചു. അപ്പോൾ ബ്രാഹ്മണകുമാരന്മാർ "ഒരു നിവൃത്തിയുമില്ലാതെ മുട്ടുന്ന സമയം ഈ ഗ്രന്ഥമഴിച്ചു നോക്കിയാൽ ഇതിൽ എന്തെങ്കിലും സമാധാനം കാണും. ഈ ഗ്രന്ഥം ഈ ഇല്ലത്തുള്ളവരല്ലാതെ മറ്റാരും കാണാനിടയാകരുത്" എന്നു പറഞ്ഞ് യാത്രയായി. നമ്പി വലതു കൈ മടക്കിപ്പിടിച്ചുകൊണ്ട് അനുയാത്രയായി അവരുടെ പിന്നാലെ ചെന്നു. അവർ മുറ്റത്തിറങ്ങിന്നതിനിടയ്ക്കു നമ്പിയും അവരും തമ്മിൽ ഒരു ചെറിയ സംഭാഷണം നടന്നു.
നമ്പി: നിങ്ങൾ ആരാണ്?
ബ്രാഹ്മണകുമാരന്മാർ: അതറിഞ്ഞിട്ട് എന്തു വേണം?
നമ്പി: ഒന്നും വേണ്ടീട്ടല്ല. നിങ്ങൾ
കേവലം മനുഷ്യരല്ലെന്നു തോന്നി. അതുകൊണ്ട് ചോദിച്ചതാണ്.
ബ്രാഹ്മണകുമാരന്മാർ: എന്നാൽ ഞങ്ങൾ പക്ഷികളോ ദേവന്മാരോ ആണെന്നു വിശ്വസിച്ചുകൊള്ളണം.
നമ്പി: നിങ്ങൾ ഇവിടെ വന്നതെന്തിന്?
ബ്രാഹ്മണകുമാരന്മാർ: ആയുർവേദചികിത്സയ്ക്കു പ്രസിദ്ധിയും ഫലസിദ്ധിയും പ്രചാരവും വർദ്ധിപ്പിക്കാൻ.
നമ്പി: നിങ്ങൾ എന്റെ പടിപ്പുരയ്ക്ക് തീവെചതോ?
ബ്രാഹ്മണകുമാരന്മാർ:
ആ സമയം ഇവിടെ ഇല്ലത്തിന് അഗ്നിബാധയുണ്ടാകാനുള്ള ഒരു യോഗമുണ്ടായിരുന്നു. അതിങ്ങനെ തീരട്ടെ എന്നു വിചാരിച്ചാണ്. എങ്കിലും അത് ഇനിയൊരു കാലത്തുണ്ടാകും.
നമ്പി: ശ്രാദ്ധത്തിനുവെച്ച കവ്യൻ എടുത്തു നായാടികൾക്കു കൊടുത്തതെന്തിനാണ്?
ബ്രാഹ്മണകുമാരന്മാർ: അവ!ർ വാസ്തവത്തിൽ നായാടികളല്ല. പിതൃക്കളാണ്. ശ്രാദ്ധത്തിനു സമയം അതിക്രമൈച്ചതിനാൽ അവർ ഈ രൂപത്തിൽ വന്നു വിളിച്ചതാണ്. അപ്പോൾ അതെടുത്തു കൊടുത്തില്ലെങ്കിൽ അവർ ശപിക്കുകയും ഇവിടെ സന്തതിയും സമ്പത്തും നശിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ വരരുതെന്നു വിചാരിച്ച് അപ്രകാരം ചെയ്തതാണ്.
നമ്പി: എന്നെ പുഴയിൽ ഉരുട്ടിയിട്ടതെന്തിനാണ്?
ബ്രാഹ്മണകുമാരന്മാർ: ആ സമയത്ത് ആ പുഴയിൽ ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. അപ്പോൾ അവിടെ സ്നാനം ചെയ്താൽ ത്രിവേണീസംഗമസ്നാനത്തിന്റെ ഫലം സിദ്ധിക്കുമായിരുന്നു. അത് അങ്ങേക്ക് സിദ്ധിക്കാനായിട്ടാണ് അങ്ങനെ ചെയ്തത്.
ഇത്രയും പറഞ്ഞപ്പോഴേക്കും അവർ മുറ്റത്തിറങ്ങുകയും അവിടെയുള്ള ആൽത്തറയിൽ കയറുകയും അവിടെവെച്ച് അവർ അദൃശ്യരായി ഭവിക്കുകയും ചെയ്തു.
ബ്രാഹ്മണകുമാരന്മാരുടെ ആ സംഭാഷണം നിമിത്തം അവർ അശ്വിനീദേവന്മാരായിരുന്നുവെന്നും
അവർ തന്നെയാണ് തന്നെ പരീക്ഷിക്കാനായി ആലിന്മേൽ വന്നിരുന്നു "കോരുക്ക്" എന്നു ചോദിച്ചതെന്നും നമ്പിക്കു മനസ്സിലായി. അശ്വിനീദേവന്മാർ അന്തർദ്ധാനം ചെയ്ത ആ ആൽത്തറയിൽവെച്ച് ഇപ്പോഴും ആണ്ടുതോറും പത്മമിട്ട് അശ്വിനീ ദേവന്മാരെ പൂജിച്ചുപോരാറുണ്ട്. ആലത്തൂർ നമ്പിമാർക്കു ചികിത്സാവിഷയത്തിൽ അനിതരസാധാരണമായ പ്രചാരവും പ്രസിദ്ധിയും സിദ്ധിച്ചത് ആ ഇല്ലത്തു അശ്വിനീദേവന്മാരുടെ സാന്നിദ്ധ്യമുണ്ടായതുകൊണ്ടാണെന്നു ഇനി വിശേഷിച്ചു പറയണമെന്നില്ലല്ലോ. അശ്വിനീദേവന്മാർ അവരുടെ കയ്യിന്മേൽ പറ്റിയ മരുന്നു തേച്ച തൂണു ചുരണ്ടി സ്വല്പം പൊടിയെടുത്തു വെള്ളത്തിൽ കുഴച്ചു നെറ്റിയ്ക്കു പുരട്ടിയാൽ ഏതു തലവേദനയും തൽക്ഷണം മാറുമായിരുന്നു. അതു പലർക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. എങ്കിലും അന്നത്തെ ആ ഇലം അന്നുതന്നെ ആ ദേവ വൈദ്യന്മാർ പറഞ്ഞിരുന്നതുപോലെ ഏതാനും കാലത്തിനുമുമ്പ് അഗ്നി ഭഗവാന് അഹാരമായിത്തീരുകയും അതോടുകൂടി ആ തൂണു ഭസ്മാവശേഷമായിപ്പോവുകയും ചെയ്തു. അശ്വിനീദേവന്മാർ കൊടുത്ത ഗ്രന്ഥം ഇടതുകൈകൊണ്ട് വാങ്ങിയതിനാൽ ആലത്തൂർ നമ്പിമാർ ഇപ്പോഴും മരുന്നുകളോ മരുന്നിനു കുറിച്ചതോ ഇടതുകൈകൊണ്ട് കൊടുത്താൽ അധികം ഫലം കാണുമെന്നാണ് ജനവിശ്വാസം. ഇനി ആ ഇല്ലത്തുള്ളവർ ചികിത്സാവിഷയമായി ചെയ്തിട്ടുള്ള ചില അത്ഭുത കർമങ്ങളെപ്പറ്റിക്കൂടി സ്വല്പം പറഞ്ഞുകൊള്ളുന്നു.
സർപ്പശ്രഷ്ഠനായ സാക്ഷാൽ തക്ഷകൻ ഒരിക്കൽ ഒരു ഉദരരോഗം നിമിത്തം അവശനായിത്തീരുകയാൽ ഒരു ബ്രാഹ്മണന്റെ രൂപം ധരിച്ച് അന്നു ഗൃഹസ്ഥനായിരുന്ന നമ്പിയുടെ അടുക്കൽ ചെന്നു തന്റെ രോഗത്തിന്റെ വിവരമറിയിക്കുകയും തന്റെ ദീനം ഭേദമാക്കി അയയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നമ്പി ഒരു മരുന്നു ചുക്കുവെള്ളത്തിൽ കലക്കി, ആ ബ്രാഹ്മണനെ അവിടെ കിടത്തീട്ടു വായിൽ ഒരു കുഴൽ വെച്ചു വലതുകൈകൊണ്ടു പിടിച്ചുകൊണ്ട് ഇടതുകൈകൊണ്ട് മരുന്ന് കുഴലിലൂടെ ഒഴിച്ചുകൊടുത്തു. ആ മരുന്നു സേവിച്ച ക്ഷണത്തിൽത്തന്നെ വയറ്റിൽ വേദന മാറി അദ്ദേഹം പൂർണ്ണസുഖത്തെ പ്രാപിക്കുകയും അദ്ദേഹത്തോടു നമ്പി, "ഇനി പോകാം, ഇനി ഈ ദീനം ഒരിക്കലുമുണ്ടാവുകയില്ല" എന്നു പറയുകയും ചെയ്തു. അപ്പോൾ ആ ബ്രാഹ്മണൻ "എന്റെ രോഗം ശമിപ്പിച്ചു കഷ്ടപ്പാടു നീക്കിയ മഹാനായ അങ്ങേ വഞ്ചിക്കുന്നത് എനിക്കു വിഹിതമല്ലല്ലോ. അതിനാൽ ഞാനെന്റെ സത്യസ്ഥിതി അറിയിച്ചുകൊള്ളുന്നു. വാസ്തവത്തിൽ ഞാനൊരു മനുഷ്യ നല്ല ഞാൻതക്ഷകനെന്നു പറയപ്പെടുന്ന സർപ്പമാണ്. അവിടുന്ന് എന്റെ രോഗം ശമിപ്പിച്ചതിൽ എനിക്കുള്ള അപാരമായ സന്തോഷം നിമിത്തം ഇതാ ഞാൻഅനുഗ്രഹിക്കുന്നു: ഈ ഇല്ലത്തു ജനിക്കുന്നവരെ ആരെയും ഒരു കാലത്തും സർപ്പങ്ങൾ ദംശിക്കുകയില്ല. അഥവാ ദംശിച്ചാലും വിഷം വ്യാപിക്കുകയില്ല. ഈ ഇല്ലപ്പുരയിടത്തിനകത്തുവെച്ച് അന്യന്മാരെയും അപ്രകരംതന്നെ. എനിക്ക് ഇടതുകൈകൊണ്ട് മരുന്നൊഴിച്ചുതന്നാണല്ലോ എന്റെ ദീനം ഭേദമാക്കിയത്. അതിനാൽ ഈ ഇല്ലത്തുള്ളവർ ഇടതുകൈ കൊണ്ടു കൊടുക്കുന്ന മരുന്നിനും മറ്റും കൂടുതൽ ഫലമുണ്ടായിരിക്കും. എന്നും അവിടെ ഒരാൾക്കെങ്കിലും സർപ്പദൃഷ്ടിയുണ്ടായിരിക്കുകയും ചെയ്യും" എന്നു പറഞ്ഞിട്ട് ബ്രാഹ്മണവേഷധാരിയായ തക്ഷകൻ അവിടെ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അശ്വിനീദേവന്മാരുടെയും തക്ഷകന്റെയും അനുഗ്രഹം നിമിത്തം ഇപ്പോഴും കോങ്കണ്ണോ സർപ്പദൃ ഉു0ന്ധ08ിയോ ഇല്ലാത്ത ആരും ഉണ്ടാകാറില്ല. തക്ഷകന്റെ അനുഗ്രഹം കൂടി സിദ്ധിചപ്പോൾ ഇടതുകയിന്റെ മാഹാത്മ്യം ഒന്നുകൂടി വർദ്ധിക്കുകയും ചെയ്തു. നമ്പിയുടെ ഇലപ്പുരയിടം ഏകദേശം നാലേക്കറോളം വിസ്താരമുള്ളതാണ്. അതിന്റെ നാലു മൂലയ്ക്കും ഓരോ സർപ്പക്കാവുണ്ട്. ആ ഇല്ലത്തുള്ളവരെയും ആ പുരയിടത്തിൽവെച്ച് അന്യന്മാരെയും ഇപ്പോഴും പാമ്പു കടിക്കുകയോ കടിച്ചാലും വിഷം വ്യാപിക്കുകയോ ചെയ്യാറില്ല.
ഒരിക്കൽ പാമ്പുമ്മേക്കാട്ടു നമ്പൂതിരിമാർ ഒരാൾക്കു ദീനമായിട്ടു ചികിത്സയ്ക്കായി അന്നുണ്ടായിരുന്ന ഒരാലത്തൂർ നമ്പിയെ വരുത്തിയിരുന്നു. ഒരു ദിവസം ഉച്ച തിരിഞ്ഞ സമയം മേക്കാട്ടുനമ്പൂരിയും നമ്പിയും കൂടി വെടി പറഞ്ഞുകൊണ്ടിരുന്ന സമയം അതിഭയങ്കരാകൃതിയായ ഒരു സർപ്പം അവരുടെ അടുക്കലേക്ക് ഇഴഞ്ഞുചെന്നു. അതു കണ്ട് നമ്പി ഭയപ്പെട്ട് എണീറ്റോടാൻ ഭാവിച്ചു. അപ്പോൾ നമ്പൂരി, "ഭയപ്പെടുകയും പരിഭ്രമിക്കുകയും ഒന്നും വേണ്ടാ. ഇവർ ഉപദ്രവിക്കുന്നവരല" എന്നു} പറഞ്ഞു. എന്നിട്ടും നമ്പിക്ക് ഉറപ്പു വന്നില്ല. സർപ്പം ഇഴഞ്ഞുചെന്ന് നമ്പൂരിയുടെ മടിയിൽ കയറിക്കിടന്നു. അതുകണ്ട് നമ്പൂരിക്ക് ഒരിളക്കവുമുണ്ടായില്ലെന്നു പറയേണ്ടതില്ലല്ലോ. അതു കണ്ടപ്പോൾ നമ്പിക്ക് ഒരു സമാധാനമായതിനാൽ യഥാപൂർവം നമ്പൂരിയുടെ അടുക്കൽത്തന്നെ ചെന്നിരുന്നു. അപ്പോൾ ആ സർപ്പം നമ്പിയുടെ അടുക്കലേക്കു തല നീട്ടി. അതു കണ്ടപ്പോൾ നമ്പി വീണ്ടും പരിഭ്രമിച്ച് എണീക്കാൻ ഭാവിച്ചു. അപ്പോഴും നമ്പൂരി, "വേണ്ടാ, അവിടെത്തന്നെ ഇരിക്കാം. ഭയപ്പെടേണ്ടാ, അത് ഉപദ്രവിക്കാനല്ല; അതിന്റെ തലയ്ക്ക് എന്തോ സുഖക്കേടുള്ളതിനാൽ അതു നമ്പിയെ കാണിക്കാനായിട്ടു തല നീട്ടിയതാണ്" എന്നു പറഞ്ഞു. നമ്പി സൂക്ഷിച്ചുനോക്കിയപ്പോൾ ആ സർപ്പത്തിന്റെ തലയിൽ സ്വല്പം നീര് ഉരുണ്ടുകൂടിയിരിക്കുന്നതായിക്കണ്ടു. നമ്പി നമ്പൂരിയുടെ വാക്കു വിശ്വസിച്ച് ഒരു വിധം ധൈര്യത്തെ അവലംബിച്ചുകൊണ്ട് ഒരു കത്തിയെടുത്ത് ആ നീരു കീറുകയും അതിനകത്ത് ഒളിഞ്ഞിരുന്ന ഇല്ലിമുള്ള് എടുത്തുകളയുകയും അവിടെ ഒരു മരുന്നു പുരട്ടുകയും സർപ്പം പതുക്കെ ഇറങ്ങി വന്ന വഴിയേ പോവുകയും ചെയ്തു.
ഏതാനും ദിവസംകൊണ്ട് പാമ്പുമ്മേക്കാട്ടു നമ്പൂരിക്കു ദീനം മാറി സുഖമാവുകയാൽ നമ്പൂരി നമ്പിക്കു പലവിധ സമ്മാനങ്ങളും മറ്റും കൊടുത്തു യാത്രയാക്കി. നമ്പി പോകാനായിട്ട് ഇറങ്ങിയപ്പോൾ അനുയാത്രയായി നമ്പൂരിയും പിന്നാലെ ചെന്നു. ആ സമയം മുമ്പു നമ്പി മുള്ളെടുത്തുകളഞ്ഞുവിട്ട സർപ്പം അവിടെ വന്നു. നമ്പി നോക്കിയപ്പോൾ നീരെല്ലാം പോയി, വ്രണമുണങ്ങി സർപ്പത്തിനു നല്ല സുഖമായിരിക്കുന്നതായി കണ്ടു. ഉടനെ ആ സർപ്പം വായിൽനിന്ന് ഒരു മാണിക്യക്കല്ല് നമ്പിയുടെ മുൻപിൽ ഇട്ടുകൊടുത്തു. നമ്പി അതു കണ്ട് സംശയിച്ചു നിന്നപ്പോൾ നമ്പൂരി "ഒട്ടും സംശയിക്കേണ്ടാ, നമ്പി ദീനം ഭേദമാക്കിയതിനാൽ സന്തോഷിച്ചു സർപ്പം അതു നമ്പിക്കു സമ്മാനമായി തന്നതാണ്. എടുത്തുകൊണ്ടു പോകാം" എന്നു പറഞ്ഞു. നമ്പി ആ മാണിക്യക്കല്ലുമെടുത്തുകൊണ്ടു പോവുകയും ചെയ്തു. ആ നാഗ മാണിക്യം ഇപ്പോഴും ആലത്തൂർ നമ്പിയുടെ ഇല്ലത്ത് ഇരിക്കുന്നുണ്ടെന്നാണ് കേൾവി.
നവയൗവനയുക്തനും നല്ല സുന്ദരനും രസികനുമായ ഒരു നമ്പൂരി കുഷ്ഠരോഗബാധിതനായിത്തീരുക നിമിത്തം പല വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിച്ചിട്ടും ഒരു ഫലവുമില്ലായ്കയാൽ ഒടുക്കം ആലത്തൂർ നമ്പിയുടെ അടുക്കൽ ചെന്നു വിവരങ്ങളെല്ലാം പറഞ്ഞു. നമ്പി സ്വല്പനേരം മനസ്സിരുത്തി വിചാരിച്ചതിന്റെ ശേഷം, "ഒരു മുന്നാഴി പെരുമ്പാമ്പിൻ നെയ്യ് സേവിക്കാമെങ്കിൽ ഞാൻഈ ദീനം ഭേദമാക്കാം. അല്ലാതെ ഞാനെന്നല്ല, ആരു വിചാരിച്ചാലും ഇതു ഭേദപ്പെടുത്താൻ സാധിക്കയില്ല" എന്നാണ് പറഞ്ഞത്. അതു കേട്ടപ്പോൾ നമ്പൂരിക്ക് വ്യസനം സഹിക്കവയ്യാതെയായി. എന്തായാലും പെരുമ്പാമ്പിൻ നെയ്യ് സേവിക്കുന്ന കാര്യം പ്രയാസം തന്നെ എന്നു തീർച്ചപ്പെടൂത്തി. ആലത്തൂർ നമ്പി തന്നെ ഇങ്ങനെ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് പിന്നെ വൈദ്യന്മാരെ കണ്ടതുകൊണ്ട് പ്രയോജനമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ഉടനെ ചമ്രവട്ടത്തെത്തി ഭജനം തുടങ്ങി.
-
- "അരുവി ചിതറി വീഴും നല്ല പേരാറുതന്റെ'
- വടകരെ മരുതിൻകീൾച്ചെന്നു ചേർന്നോരു ദൈവം
- അമരകൾ പലവട്ടം കൈതൊഴും ചമ്രവട്ടം
- വിലസിന കുലദൈവം താങ്ങുവോനാകയെന്നെ"
എന്നുള്ള പ്രാർഥനയോടുകൂടി അദ്ദേഹം പന്ത്രണ്ടു ദിവസം അവിടെ ഭജിച്ചതിനുശേഷം ഒരു ദിവസം രാത്രിയിൽ അദ്ദേഹം അമ്പലത്തിൽ കിടന്ന് ഉറങ്ങിയിരുന്നപ്പോൾ ആരോ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, "പതിവായി രാവിലെ പുഴയിൽച്ചെന്ന് കുളിക്കുമ്പോൾ സന്ധ്യാവന്ദനം കഴിഞ്ഞാലുടനെ പുഴയിൽനിന്നു മൂന്നു കുടന്ന (രണ്ടു കയ്യും നിറച്ചു) വെള്ളം എടുത്തു കുടിക്കണം. അങ്ങനെ നാല്പതു ദിവസം ചെയ്താൽ ദീനം ഭേദമാകും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഇതു ചമ്രവട്ടത്തു ശാസ്താവ് അരുളിച്ചെയ്തതുതന്നെയാണെന്നു വിശ്വസിച്ചു നമ്പൂരി പിന്നെ പതിവായി അങ്ങനെ ചെയ്തുകൊണ്ടു ഭജിച്ചു. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോഴേക്കും ദീനമൊക്കെ ഭേദമായി നമ്പൂരി സ്വസ്ഥശരീരനായിത്തീർന്നു.
അനന്തരം നമ്പൂരി ആലത്തൂർ നമ്പിയുടെ അടുക്കൽച്ചെന്ന്, "പെരുമ്പാമ്പിൻ നെയ്യ് സേവിക്കാതെ തന്നെ എന്റെ ദീനം ഭേദമായി" എന്നു പറഞ്ഞു. അപ്പോൾ നമ്പി, "പിന്നെ എന്തു സേവിച്ചു?" എന്നു ചോദിച്ചപ്പോൾ നമ്പൂരി "ഞാൻചമ്രവട്ടത്തയ്യപ്പനെ സേവിച്ചു. അല്ലാതെ ഒന്നും സേവിച്ചില്ല" എന്നു പറഞ്ഞു. പിന്നെ നമ്പി ഉണ്ടായ സംഗതികളെല്ലാം വിവരമായി പറയാൻ പറഞ്ഞപ്പോൾ നമ്പൂരി ഭജനത്തിന്റെ വിവരവും അതിനിടയ്ക്കു തനിക്കു ദർശനമുണ്ടായതും പുഴയിൽനിന്നു വെള്ളം കോരിക്കുടിച്ചിരുന്നതുമെല്ലാം വിസ്തരിച്ചു പറഞ്ഞു. ഉടനെ, നമ്പി "എങ്ങനെയെങ്കിലും നമ്പൂരിക്കു സുഖമായല്ലോ, അതു സന്തോഷം തന്നെ. എങ്കിലും എനിക്ക് ആ സ്ഥലമൊന്നു കാണണം. നമ്പൂരി കൂടെ വരണം" എന്നു പറഞ്ഞു. പിന്നെ അവർ രണ്ടുപേരുംകൂടിപ്പോയി ചമ്രവട്ടത്തെ അമ്പലക്കടവിൽനിന്നു പുഴവക്കത്തൂടെ കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ ഒരു വലിയ പെരുമ്പാമ്പു ചത്തു ചീഞ്ഞളിഞ്ഞു കിടക്കുനന്തും മഴവെള്ളത്തോടുകൂടി അതിന്റെ നെയ്യ് പുഴയിലേക്ക് ഒഴുകിച്ചേരുന്നതും കണ്ടിട്ടു നമ്പി നമ്പൂരിയോട്, "ഇതാ, ഇതു കണ്ടുവോ? ഈ നെയ്യോടു കൂടിയ വെള്ളമാണ് നമ്പൂരി പതിവായി കുടിച്ചിരുന്നത്. മുന്നാഴി നെയ്യു സേവിക്കണമെന്നേ ഞാൻ പറഞ്ഞുള്ളൂ. ഇപ്പോൾ മൂന്നിടങ്ങഴിയിലധികം നെയ്യ് നമ്പൂരി സേവിച്ചിരിക്കും" എന്നു പറയുകയും ശരി തന്നെയെന്നു നമ്പൂരി സമ്മതിക്കുകയും ചെയ്തു. ഇന്ന രോഗത്തിന് ഇന്നതു ചെയ്യാതെ ആ രോഗം ഭേദമാവുകയില്ലെന്നു ഇതുകൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ.
പണ്ടൊരിക്കൽ ഒരാലത്തൂർ നമ്പി കല്പനപ്രകാരം വളരെക്കാലം തിരുവനന്തപുരത്തു താമസിച്ചിരുന്നു. അക്കാലത്തു കിളിമാന്നൂർ കൊട്ടാരത്തിൽ അന്നത്തെ മൂത്ത കോയിത്തമ്പുരാന് ഒരു ദീനമുണ്ടായി. ദീനം തണ്ണീർദാഹമായിരുന്നു. അതു വർദ്ധിച്ച് എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത നിലയിലായി. അങ്ങനെ കണക്കില്ലാതെ വെള്ളം കുടിക്കുന്നത് ശരിയല്ലല്ലോ എന്നു വിചാരിച്ച് കഞ്ഞി മുതലായവ പ്രതിദിനം നൂറ്റൻപത് ഇളനീരിന്റെ വെള്ളം കൂടി കുടിക്കുക എന്നൊരു പതിവുവെച്ചു. അതുകൊണ്ട് മതിയായിട്ടല്ല. എങ്കിലും ഒരു കണക്കു വേണമല്ലോ എന്നു വിചാരിച്ച് അങ്ങനെ നിശ്ചയിച്ചതാണ്.
അങ്ങനെയിരിക്കുമ്പോൾ കോയിത്തമ്പുരാൻ "എന്റെ ഈ ദാഹം ആരെങ്കിലും മാറ്റിയാൽ മാറ്റുന്നവർക്ക് ഞാൻആയിരം രൂപ കൊടുത്തേക്കാം" എന്നു പറഞ്ഞു തുടങ്ങി. അങ്ങനെ പല ദിവസം കേട്ടപ്പോൾ കിളിമാനൂർ കൊട്ടാരത്തിൽ ഒരു തമ്പുരാട്ടിയുടെ ഭർത്തവായി താമസിക്കുന്ന ആളും തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിലെ ഒരു പൂജക്കാരനും നമ്പിയുടെ സ്നേഹിതനുമായ ഒരു നമ്പൂരി കോയിത്തമ്പുരാന്റെ ഒരാളെന്ന നിലയിൽ തിരുവനന്തപുരത്തു ചെന്ന് നമ്പിയെ വിവരമെല്ലാം പറഞ്ഞു ക്ഷണിച്ചു കിളിമാനൂർക്കു കൊണ്ടുപോയി. അവിടെ എത്തിയ ദിവസം തന്നെ നമ്പി കോയിത്തമ്പുരാനെ കാണുകയും ഒരു മരുന്നു കൊടുത്തു സേവിപ്പിക്കുകയും ചെയ്തു. പിറ്റേ ദിവസമായപ്പോൾ നൂറ്റിനാല്പതു കരികുക് (ഇളനീർ) കൊണ്ടു മാതിയായി. അടുത്ത ദിവസമായപ്പോൾ ഇളനീർ പത്തുകൂടി കുറഞ്ഞു. അങ്ങനെ ദിവസംകൊണ്ട് ഒരു ഇളനീരായാൽ മതിയെന്നുള്ള സ്ഥിതിയിലായി. അപ്പോൾ നമ്പി "ഇപ്പോൾ ഇങ്ങനെയിരിക്കട്ടെ. ഇനി ഞാൻനാട്ടിലേക്ക് ഒന്നു പോയി വരാം. ഇല്ലത്തു നിന്നു പോയിട്ട് വളരെ നാളായി" എന്നു പറഞ്ഞ് യാത്രയായി. കോയിത്തമ്പുരാൻ നമ്പിക്ക് നൂറു രൂപ കൊടുത്തു. നമ്പി ഒന്നും മിണ്ടാതെ സന്തോഷസമേതം കൊടുത്തതു വാങ്ങിക്കൊണ്ടു പോവുകയും ചെയ്തു.
നമ്പി പോയതിന്റെ പിറ്റേ ദിവസം മുതൽ കോയിത്തമ്പുരാന്റെ ദാഹം വർദ്ധിച്ചു. പതിനഞ്ചു ദിവസംകൊണ്ട് പൂർവസ്ഥിതിയിൽ നൂറ്റൻപതു കരിക്കിന്റെ വെള്ളം കുടിച്ചാലും മതിയാവുകയില്ല എന്നായി. കോയിത്തമ്പുരാൻ നമ്പിയെ വിളിച്ചുകൊണ്ടുവന്ന നമ്പൂരിയെ വിളിച്ചു നമ്പിയെ ഒരിക്കൽകൂടി കൊണ്ടുവരണമെന്നു പറഞ്ഞപ്പോൾ, നമ്പൂരി "അതു പ്രയാസമാണ്. ഒരിക്കൽ ഞാൻ വിഡ്ഢിയായി. ഇനി അതിനു തയ്യാറില്ല. അല്ലെങ്കിൽ ഇപ്പോൾ കൊടുത്തിട്ടുള്ളതുകൂടാതെ മുൻപു പറഞ്ഞിട്ടുള്ളതുപോലെ ആയിരം രൂപ തികചു കൊടുക്കണം. അങ്ങനെ ചെയ്യാമെന്നു നിശ്ചയമുണ്ടെങ്കിൽ ഞാൻപോയി നമ്പിയെ കൊണ്ടുവരാം. ആ സംഖ്യ നമ്പി വന്നാലുടനെ കൊടുക്കുകയും വേണം" എന്നു പറഞ്ഞു. നമ്പൂരിയുടെ അഭിപ്രായം പോലെ ചെയ്യാമെന്ന് കോയിത്തമ്പുരാൻ സമ്മതിക്കുകയും നമ്പൂരി പോയി വീണ്ടും നമ്പിയെ കൊണ്ടുവരികയും ഉടനെ കോയിത്തമ്പുരാൻ ആയിരം രൂപ കെട്ടിക്കൊടുക്കുകയും നമ്പി ചികിത്സിച്ചു ദീനം ഭേദപ്പെടുത്തുകയും ചെയ്തു.
ആലത്തൂർ നമ്പിയുടെ ഇലത്ത് അപ്ഫന്മാരാണ് വൈദ്യത്തിൽ അധികം വിദഗ്ദ്ധന്മാരും പ്രസിദ്ധന്മാരുമായിത്തീരുക പതിവ്. അച്ഛൻ നമ്പിമാർക്കു സ്വല്പമൊരു കമ്പച്ഛായ ഉണ്ടായിരിക്കുക പതിവാണ്. എങ്കിലും ഗുരുത്വത്തിനും കൈപ്പുണ്യത്തിനും ആർക്കും കുറവുണ്ടായിരിക്കാറില്ല. ഇക്കഴിഞ്ഞ 1092-ആമാണ്ടു കഴിഞ്ഞുപോയ അപ്ഫൻനമ്പി തന്നെ ഏറ്റവും വിദഗ്ദ്ധനും പ്രസിദ്ധനുമായിരുന്നുവല്ലോ.
1092-ൽ കഴിഞ്ഞുപോയ അപ്ഫൻ നമ്പിയുടെ ജ്യേഷ്ഠനായി ഒരാൾ ഉണ്ടായിരുന്നു. അവിടേക്കു പഠിപ്പും പ്രസിദ്ധിയും വളരെ കുറവായിരുന്നു. സ്വല്പമായ ഉന്മാദ¢ായയുമുണ്ടായിരുന്നു. ഒരിക്കൽ അവിടുന്ന് ഒറ്റപ്പാലത്തിനു സമീപം ഒരു സ്ഥലത്തുപോയി മടങ്ങിവരുമ്പോൾ കുതിരവട്ടത്തു വലിയ നായരുടെ ചില ഭൃത്യന്മാർ കണ്ടുകൂടി. വലിയനായർക്ക് അതി കലശലായി ഒരു വയറ്റിൽവേദനയായിട്ട് ഇളയ നമ്പിയെ കൂട്ടിക്കൊണ്ടു ചെല്ലാനായി അവരെ പറഞ്ഞയച്ചിരിക്കുകയായിരുന്നു. അവർ മൂത്ത നമ്പിയെക്കണ്ടപ്പോൾ ഇളയ നമ്പിയാണെന്ന് തെറ്റിദ്ധരിച്ചു കൂട്ടിക്കൊണ്ടു പോയി. വലിയനായർ വേദനയുടെ കാഠിന്യം നിമിത്തം ആഹാരം കഴിക്കാനും ഇരിക്കാനും കിടക്കാനും വയ്യാതെയായിട്ടു മുകളിൽ ഒരു കയറുകെട്ടി അതിന്മേൽ പിടീച്ചുകൊണ്ട് നിന്ന് നിലവിളിക്കുകയായിരുന്നു. നമ്പി അവിടെ എത്തിയ ഉടനെ "എനിക്കു ദാഹം കലശലായിരിക്കുന്നു. അതിനു വല്ലതും വേണം" എന്നു പറഞ്ഞീട്ട് കുളിക്കാൻ പോയി. നമ്പി കുളി കഴിഞ്ഞു വന്നപ്പോൾ അഞ്ചാറു കരിക്കും പത്തു പതിനഞ്ചു പൂവൻ പഴവും കൊണ്ടുചെന്നു കൊടുത്തു. നമ്പി അതിൽ രണ്ടു കരിക്കെടുത്തു തുളച്ചു വെള്ളം തലയിൽ ഒഴിച്ചു. ഒരു കരിക്കിന്റെ വെള്ളം കുടിച്ചു. രണ്ടു പഴവും തിന്നു. പിന്നെ രോഗിയോട് "കുറച്ചു പഴം തിന്നാമോ?" എന്നു ചോദിച്ചു. "വയ്യാ" എന്നു വലിയ നായർ പറഞ്ഞപ്പോൾ നമ്പി "എങ്കിലും പരീക്ഷിച്ചു നോക്കൂ" എന്നു പറഞ്ഞ് ഒരു പഴമെടുത്ത് ശകലം
മുറിച്ചുകൊടുത്തു തീറ്റി. അതു തിന്നു കഴിഞ്ഞപ്പോൾ നമ്പി "ഇപ്പോൾ വേദന എങ്ങനെയിരിക്കുന്നു" എന്നു ചോദിച്ചു. "കുറച്ചു കുറവുണ്ടോ എന്നു സംശയം" എന്നു നായർ പറഞ്ഞു. നമ്പി കുറേശ്ശെ കുറേശ്ശെയായി ഒരു പഴം മുഴുവനും തീറ്റീട്ട് "ഇപ്പോൾ എങ്ങനെയിരിക്കുന്നു" എന്നു ചോദിച്ചു. "വളരെ ഭേദമുണ്ട്" എന്നു നായർ സമ്മതിച്ചു. പിന്നെ നമ്പി അവിടെയിരുന്ന് "ഒരു പഴവും കൂടി തിന്ന് ഒരു കരിക്കിന്റെ വെള്ളവുംകൂടി കുടിക്കൂ" എന്നു പറഞ്ഞു. അത്രയും കൂടി കഴിഞ്ഞപ്പോൾ വലിയനായർ "ഇപ്പോൾ വേദന ഒട്ടുമില്ല. എനിക്കു നല്ല സുഖമായി" എന്നു പറഞ്ഞു. നമ്പി അപ്പോൾത്തന്നെ അവിടെനിന്ന് ഇറങ്ങിപ്പോയി. വലിയ നായർക്ക് പിന്നെ മരിക്കുന്നതുവരെ വയറ്റിൽവേദന ഉണ്ടായില്ല. മേല്പറഞ്ഞ സംഗതിയുണ്ടായത് ഒരു മീനമാസത്തിലാണ്. മദ്ധ്യാഹ്നസമയത്താണ് നമ്പി പോയത്. കുറച്ചുനടന്നപ്പോഴേക്കും വെയിലിന്റെ ചൂടുകൊണ്ട് നടക്കാൻ വയ്യാതെയാവുകയാൽ നമ്പി വഴിക്കു കണ്ട ഒരു പടിപ്പുരയിൽ കയറിയിരുന്ന് വിശ്രമിച്ചു. അതു വലിയ ധനവാനായ ഒരു നായരുടെ വീടിനുള്ള പടിപ്പുരയായിരുന്നു. ആ വീട്ടിലെ കാരണവർ കണ്ടാലും കാര്യത്തിനും വളരെ യോഗ്യനും ചെറുപ്പക്കാരനുമായിരുന്നു. എങ്കിലും അയാൽ കുറച്ചു നാളായി ബധിരനായിത്തീർന്നു. അതിനു ചികിത്സകളൊക്കെ ചെയ്തു നോക്കീട്ടും യാതൊരു ഗുണവും കാണായ്കയാൽ അയാളും വീട്ടിലുള്ള മറ്റാളുകളും അത്യന്തം വ്യസനിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് നമ്പി അവിടെ ചെന്നു കയറിയത്. നമ്പിയെ അറിയുന്നവരായി ആ വീട്ടിലാരുമുണ്ടായിരുന്നില്ല. അപ്പോൾ നമ്പിയുമായി പരിചയമുള്ള ഒരാൾ ദൈവഗത്യാ അവിടെ വന്നുചേരുകയും ആ മനുഷ്യൻ ഈ വന്നിരിക്കുന്നത് ഇന്നാളാണെന്ന് ആ വീട്ടുകാരെ ഗ്രഹിപ്പിക്കുകയും ചെയ്തു. "അനേകം വൈദ്യന്മാർ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ഒരു ഗുണവുമുണ്ടാകാത്താ സ്ഥിതിക്കു വിശേഷിച്ചു ഫലമൊന്നും ഉണ്ടാവുകയില്ലായിരിക്കാം, എങ്കിലും ഇതുകൂടി ഒന്നു പരീക്ഷിച്ചു നോക്കിക്കളയാം" എന്നു വിചാരിച്ചു വീട്ടുകാർ ആ പരിചിതൻ മുഖാന്തിരം വിവരം നമ്പിയെ അറിയിക്കുകയും ആ ബധിരനെ കൊണ്ടുചെന്നു കാണിക്കുകയും ചെയ്തു. നമ്പി ഉടനെ കുറച്ചു കൊട്ടെണ്ണ (വിളക്കിലൊഴിക്കുന്ന ഒരു മാതിരി എണ്ണ) വരുത്തി രോഗിയുടെ തലയിൽ തേപ്പിച്ചു വെയിലത്തു പിടിച്ചു നിറുത്തി. തീപോലെയുള്ള വെയിലത്തു കുറച്ചു നേരം നിന്നപ്പോഴേക്കും രോഗി വല്ലാതെ വിഷമിച്ചു. അയാളുടെ കഷ്ടപ്പാട് കണ്ട് വീട്ടിലുള്ളരെല്ലാം കരച്ചിലും പിഴിച്ചിലും അലയും മുറയും തുടങ്ങി. ഒടുക്കം രോഗിയുടെ അമ്മ നമ്പിയുടെ അടുക്കൽ ചെന്ന് "എന്റെ പ്രിയപ്പെട്ട ഏക പുത്രൻ ഇങ്ങനെ വെയിലത്തു നിന്നു പൊരിയുന്നതു കണ്ടു സഹിക്കാൻ എനിക്കു ശക്തിയില്ല. രണ്ടു നാഴികയിലധികവും നേരമായല്ലോ അവൻ കഷ്ടപ്പെടുന്നു; ഇനിയെങ്കിലും കയറിപ്പോകാനനുവദിച്ചാൽ കൊള്ളാം" എന്നു വ്യസനസമേതം കരഞ്ഞുകൊണ്ടു പറഞ്ഞു. ഉടനെ നമ്പി രോഗിയുടെ അടുക്കൽ ചെന്നു രണ്ടു ചെകിടത്തും ഓരോ "വീക്കു" വെച്ചു കൊടുത്തു. അതു കണ്ട് വീട്ടൂകാർ പൂർവ്വധികം ഉറക്കെ നിലവിളിച്ചു. എങ്കിലും തല്ലുകൊണ്ടതിനോടുകൂടി രോഗിക്കു ചെവി കേൾക്കാറായി. ഉടനെ നമ്പി അവിടെ നിന്നു പോവുകയും ചെയ്തു.
ഒരിക്കൽ കോട്ടയ്ക്കൽ താമസിച്ചിരുന്ന ഏറാൾപ്പാടു തമ്പുരാൻ ക്ഷയരോഗബാധിതനായിത്തീരുകയാൽ ചികിത്സയ്ക്കായി അനുജൻ നമ്പിയെ കൊണ്ടു പോയിരുന്നു. നമ്പി അവിടെയെത്തി കണ്ടപ്പോൾതന്നെ രോഗം അസാദ്ധ്യമെന്നു തീർച്ചപ്പെടുത്തി. എങ്കിലും അതു പറയുകയോ ഭാവിക്കുകയോ ചെയ്യുന്നതു ശരിയല്ലല്ലോ എന്നു വിചാരിച്ചു ചില ചികിത്സകൾ ചെയ്തുകൊണ്ട് അവിടെ താമസിച്ചു. രോഗം പ്രതിദിനം വർദ്ധിച്ചുകൊണ്ടിരുന്നു. തമ്പുരാനു രുചി ലവലേശമില്ലാതെയായി. ഭക്ഷണം കുറഞ്ഞതിനോടുകൂടി ക്ഷീണവും കലശലായി. "രുചിയോടുകൂടി ഒരുരുള ചോറുണ്ടിട്ട് അപ്പോൾ തന്നെ മരിച്ചാലും സങ്കടമില്ല. അതിനു വല്ലതും നിവൃത്തിയുണ്ടോ?" എന്നു തമ്പുരാൻ നമ്പിയോടു ചോദിച്ചു. "രുചിയുണ്ടാക്കാം" എന്നു നമ്പി മറുപടിയും പറഞ്ഞു. അങ്ങനെയല്ലാതെ പറയരുതല്ലോ എന്നു വിചാരിച്ചാണ് അന്മ്പി അങ്ങനെ പറഞ്ഞത്. പറഞ്ഞു കഴിഞ്ഞപ്പോൾ "ഇനി എന്താ നിവൃത്തി" എന്നു വിചാരിച്ചിട്ട് നമ്പിക്കു മാർഗമൊന്നും തോന്നിയില്ല. അപ്പോൾ ജ്യേഷ്ഠൻ അവിടെ സമീപം "അചിപ്ര" എന്ന ദേശത്തു ചെന്നിട്ടുണ്ടെന്നു കേട്ട് ഉടനെ ആളയച്ചു കോട്ടയ്ക്കൽ വരുത്തി വിവരമെല്ലാം പറഞ്ഞു. ജ്യേഷ്ഠൻ നമ്പി തമ്പുരാനെ ചെന്നു കണ്ട് "എന്തു ഭക്ഷിക്കാനാണ് അവിടേക്കു രുചി തോന്നുന്നത്?" എന്നു ചോദിച്ചു. "എനിക്ക് ഒന്നിനും രുചി തോന്നുന്നില്ല. എന്നാൽ ഒരുരുളച്ചോറെങ്കിലും രുചിയോടുകൂടി ഉണ്ടാൽ കൊള്ളാമെന്നു മോഹമുണ്ട്. രുചിയില്ലതാനും; പിന്നെ എന്താ ചെയ്ക" എന്നു തമ്പുരാൻ മറുപടി പറഞ്ഞു. ഉടനെ നമ്പി ഒരു വലിയ സദ്യയ്ക്കുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കുവാൻ പറഞ്ഞു. ക്ഷണത്തിൽ എല്ലാം തയ്യാറായി. ഇലവെച്ചു തമ്പുരാനെ പിടിച്ചെണീപ്പിച്ച് അവിടെയിരുത്തി. ജ്യേഷ്ഠൻ നമ്പി എന്തോ ഒരു മരുന്ന് കയ്യിലിട്ട് തിരുമ്മി ഒരു ചെറിയ ഗുളികപോലെയാക്കി തമ്പുരാന്റെ വായിൽ ഇട്ടുകൊടുത്തിട്ട് ഇറക്കാൻ പറഞ്ഞു. അത് ഇറക്കിയ ഉടനെ നെയും പരിപ്പുംകൂട്ടി ഒരുരുള ചോറ് കൊടുത്തു. അത് ഉണ്ടു കഴിഞ്ഞപ്പോൾ മുൻപിലത്തെപ്പോലെ ഒരു പ്രാവശ്യം കൂടി മരുന്നു കൊടുത്തു. "ഇപ്പോൾ രുചി തോന്നുന്നുണ്ടോ?" എന്നു നമ്പി ചോദിച്ചു. "കുറചുകൂടി ഉണ്ണാമെന്നു തോന്നുന്നുണ്ട്" എന്നു തമ്പുരാൻ പറഞ്ഞു.
പിന്നെ കാളൻ മുതലായവയും മോരുംകൂട്ടി ഏകദേശം നാഴിയരിയുടെ ചോറും കുറെ പ്രഥമനും കഴിച്ചു. തമ്പുരാനു വളരെ സന്തോഷമാവുകയും ചെയ്തു. ജ്യേഷ്ഠൻ നമ്പി അന്നവിടെത്തന്നെ താമസിച്ചു. പിറ്റേ ദിവസം രാവിലെ യാത്രയായപ്പോൾ "അനുജൻ ഇന്നു വരുന്നുവോ?" എന്നു ചോദിച്ചതിനു "ഞാൻനാലു ദിവസം കഴിഞ്ഞു വരാം" എന്നു അനുജൻ നമ്പി മറുപടി പറഞ്ഞപ്പോൾ ജ്യേഷ്ഠൻ നമ്പി "അതു വേണ്ടാ, ഇന്നില്ലെങ്കിൽ നാളെ രാവിലെ പോരൂ" എന്നു പറഞ്ഞിട്ടു പോയി. അന്നു രാത്രിയിൽ തമ്പുരാൻ തീപ്പെടുകയും ചെയ്തു.
ആ ജ്യേഷ്ഠൻ നമ്പിക്ക് പഠിപ്പ് അധികമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, കുറേശ്ശെ കമ്പച്ഛായയുമുണ്ടായിരുന്നു. എങ്കിലും കൈപ്പുണ്യം മറ്റാർക്കും അത്രയുമുണ്ടായിരുന്നില്ല. ചികിത്സ അപ്പോഴപ്പോൾ തോന്നുന്ന തുപോലെയാണ് ചെയ്ക; ശാസ്ത്രപ്രകാരമൊന്നുമായിരിക്കില്ല. എങ്കിലും ഫലിക്കാതെ വരാറില്ല. എണ്ണ കാച്ചി തേച്ചിട്ട് ഒരെണ്ണയും പിടിക്കാതെയാകുമ്പോൾ ആരെങ്കിലും ചെന്നു പറഞ്ഞാൽ ജ്യേഷ്ഠൻ നമ്പി കുളിക്കുന്നതിനു മുമ്പാണെങ്കിൽ എന്തെങ്കിലും കുറെ എണ്ണയെടുത്ത് ഇടതുകൈകൊണ്ട് അവരുടെ തലയിൽ തേപ്പിച്ചയയ്ക്കും. കുളി കഴിഞ്ഞിട്ടാണെങ്കിൽ എണ്ണയവരുടെ തലയിൽ ഒഴിച്ചുകൊടുക്കും. പിന്നെ അവർക്കു പച്ചെണ്ണ തേച്ചാൽ മതി. ഒരു ദീനവുമുണ്ടാവില്ല.
ഈ ജ്യേഷ്ഠൻ നമ്പി ഒരു കുട്ടഞ്ചേരി മൂസ്സിന്റെ അവതാരമാണെന്നുകൂടി ജനങ്ങളുടെ ഇടയിൽ ഒരു വിശ്വാസമുണ്ടായിരുന്നു. അതിന്റെ കാരണമായി ഒരൈതിഹ്യമുണ്ട്.
ആലത്തൂർ നമ്പിമാർ വൈദ്യശാസ്ത്രം പഠിക്കുക കുട്ടഞ്ചേരി മൂസ്സിന്റെ അടുക്കലാണ് പതിവ്. ആ പതിവനുസരിച്ച് ഈ ജ്യേഷ്ഠൻ നമ്പിയുടെ മുത്തശ്ശനും അവിടെച്ചെന്നു പഠിച്ചു താമസിച്ചിരുന്നു. അന്നുണ്ടായിരുന്ന കുട്ടഞ്ചേരി മൂസ്സ് വൈദ്യസംബന്ധമായി ഭൂലോകത്തിലുള്ള സകലഗ്രന്ഥങ്ങളും നോക്കീട്ടുണ്ടായിരുന്നുവത്ര. അദ്ദേഹം ഒരു ദിവസം ശിഷ്യനായ നമ്പിയോട്, "ഞാൻ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, ചരകം, സുശ്രുതം മുതലായി ഭൂലോകത്തിലുള്ള സകലവൈദ്യഗ്രന്ഥങ്ങളും നോക്കീട്ടുണ്ട്. ഇനി ഒരാഗ്രഹമേ ഉള്ളൂ. നമ്പിയുടെ ഇല്ലത്ത് അശ്വിനീദേവന്മാർ കൊടുത്ത ഒരു ഗ്രന്ഥമുണ്ട് എന്നു കേട്ടിട്ടുണ്ട്. അതുകൂടി ഒന്നു നോക്കിയാൽ കൊള്ളാമെന്നാണ് ആഗ്രഹം. അതിനെന്താ നിവൃത്തി?" എന്നു ചോദിച്ചു. അതിനു മറുപടിയായി നമ്പി, "അതിനെന്താ പ്രയാസം? അവിടെച്ചെന്നൊന്നു ജനിച്ചാൽ മതിയല്ലോ" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് മൂസ്സിന് വളരെ സന്തോഷമാണുണ്ടായത്. ഉടനെ മൂസ്സ് "മറുപടി വളരെ ഭംഗിയായി. ഇങ്ങനെ തന്നെയാണ് പറയേണ്ടത്. ഇങ്ങനെ എല്ലാ വിഷയത്തിലും എലായ്പോഴും ഉചിതമായതു തോന്നട്ടെ" എന്നു പറഞ്ഞ് നമ്പിയുടെ ശിരസ്സിൽ രണ്ടു കയ്യും വച്ച് അനുഗ്രഹിക്കുകയും പെട്ടെന്ന് അവിടെക്കിടന്ന് മരിക്കുകയും ചെയ്തു. ആ കുട്ടഞ്ചേരി മൂസ്സ് ഇവിടെ വന്നു ജനിച്ച ആളാണ് ജ്യേഷ്ഠൻ നമ്പി എന്നാണ് ജനശ്രുതി.
ആലത്തൂർ നമ്പിയുടെ ഇല്ലത് അടുത്ത കാലത്തുണ്ടായിരുന്നവരിൽ പ്രസിദ്ധനും യോഗ്യനുമായിരുന്നത് 92-ൽ മരിച്ചുപോയ അച്ഛൻ നമ്പി തന്നെയായിരുന്നു. അവിടുന്നു കീർത്തിയും വിത്തസമ്പത്തും ശിഷ്യ സമ്പത്തും ധാരാളമായി സമ്പാദിച്ചു. ഇപ്പോൾ ആ ഇല്ലത്തുള്ള മൂന്നു നമ്പിമാരെയും വൈദ്യശാസ്ത്രം പഠിപ്പിച്ചത് അവിടുന്നുതന്നെയാണ്. പരേതനായ രാമവർമ്മത്തു ചന്ദ്രശേഖരൻ പിള്ള, ഇപ്പോൾ തൃശ്ശിവപേരൂർ പട്ടണത്തിൽ ഒരു വൈദ്യശാല സ്ഥാപിച്ചു ചികിത്സ നടത്തിവരുന്ന രാമൻ പിള്ള അവർകൾ മുതലായി അനേകം വൈദ്യന്മാർ അവിടുത്തെ ശിഷ്യവർഗത്തിൽപ്പെട്ടവരാണല്ലോ.
മരിച്ചുപോയ നമ്പിയുടെ അനുജനായിട്ടും ഒരു നമ്പിയുണ്ടായിരുന്നു. അദ്ദേഹത്തിനു പ്രസവചികിത്സയിലാണ് അധികം പ്രസിദ്ധിയുണ്ടായിരുന്നത്. ഒരിക്കൽ കോഴിക്കോട് സാമൂതിരി കോവില കത്ത് ഒരു തമ്പുരാട്ടിക്ക് പ്രസവവേദന തുടങ്ങീട്ട് അഞ്ചാറു ദിവസമായിട്ടും പ്രസവിക്കായ്കയാൽ അനേകം ഡോക്ടർമാരെ വരുത്തിക്കാണിച്ചു. എല്ലാവരും അസാദ്ധ്യമെന്നു പറഞ്ഞ് ഒഴിഞ്ഞതിന്റെ ശേഷം ഈ നമ്പി ചില വിദ്യകൾ പ്രയോഗിച്ച് തള്ളയ്ക്കും പിള്ളയ്ക്കും യാതൊരു ദോഷവും പറ്റാതെ പ്രസവം നടത്തിയതിൽ സാമൂതിരിപ്പാടു തമ്പുരാൻ സന്തോഷിച്ചു നമ്പിക്ക് വീരശൃംഖല സമ്മാനിച്ചയച്ചു. ഇങ്ങനെ ആലത്തൂർ നമ്പിമാരെ സംബന്ധിച്ചു പറയുകയെന്നുവെച്ചാൽ ഇനിയും അനേകം സംഗതികളുണ്ട്. വിസ്താരഭയത്താൽ ചുരുക്കുന്നു.
ആലത്തൂർ നമ്പിമാരിൽ ചികിത്സാവിഷയത്തിൽ അധികം പ്രസിദ്ധിയും പ്രാചാരവും സിദ്ധിക്കുക അപ്ഫന്മാർക്കാണ് പതിവെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ പാരമ്പര്യക്രമമനുസരിച്ച് ഇപ്പോൾ ആ സ്ഥാനം വഹിച്ചിരിക്കുന്നത് മൂന്നാമൻ നമ്പിയാണ്. അവിടേക്കു ചികിത്സാ വിഷയത്തിൽ സിദ്ധിച്ചിട്ടുള്ള പ്രസിദ്ധിയും പ്രചാരവു ഒട്ടും ചില്ലറയല്ല. അവിടുത്തെക്കുറിച്ചു പ്രത്യേകമൊരുപന്യാസമെഴുതേണ്ടതാകയാൽ അതിനിയൊരവസരത്തിലായിക്കൊള്ളാമെന്നു കരുതി ഈ ലേഖനം ഇത്രയുംകൊണ്ട് അവസാനിപ്പിച്ചുകൊള്ളുന്നു.