ഐതിഹ്യമാല/കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട്
കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് | അമ്മന്നൂർ പരമേശ്വരച്ചാക്യാർ→ |
അമാനുഷപ്രഭാവനായിരുന്ന ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി കേരളത്തിലാരും തന്നെ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ആ തിരുമേനി പ്രവർത്തിച്ചിട്ടുള്ള കടുംകൈകളെക്കുറിച്ച് കേട്ടാൽ അവിടുന്ന് നീതിയും മര്യാദയുമില്ലാത്ത ക്രൂരനും അക്രമിയുമായിരുന്നു എന്ന് ഇക്കാലത്തുള്ള ചില പരിഷ്കാരികൾക്ക് തോന്നിയേക്കാം. എന്നാൽ വാസ്തവം അങ്ങനെയല്ല. അവിടുന്ന് രാജ്യത്തു നീതി നടക്കണമെന്നും അക്രമമൊന്നും ഉണ്ടാകരുതെന്നും ജനങ്ങൾ സദാ സമാധാനത്തോടുകൂടി സ്വൈരമായി വസിക്കണമെന്നും ആർക്കും ഒരു വിധത്തിലും യാതൊരു സങ്കടവും നേരിടരുതെന്നും വളരെ നിർബന്ധമുള്ള ആളായിരുന്നു. ആ നിർബന്ധത്തെ പാലിക്കാനായി അവിടുന്നു ചിലപ്പോൾ ചില കഠിനപ്രവൃത്തികൾ ചെയ്തിട്ടില്ലെന്നില്ല. എന്നാൽ അതെല്ലാം ദുഷ്ടന്മാരോട് മാത്രമാണ്. സാധുക്കളെ അവിടുന്ന് ഒരു വിധത്തിലും സങ്കടപ്പെടുത്തീട്ടില്ല. ദുഷ്ടന്മാരെ ശിക്ഷിക്കയും ശിഷ്ടന്മാരെ രക്ഷിക്കയുമാണല്ലോ രാജധർമ്മം. അതിനുവേണ്ടി ചില കഠിനക്കൈകൾ പ്രയോഗിച്ചാലും അത് ഒരിക്കലും അനീതിയായി വരുന്നതല്ലല്ലോ. പിന്നെ അക്കാലത്തു ജനങ്ങൾക്ക് ഇപ്പോഴത്തെപ്പോലെ വിദ്യാഭ്യാസമോ രാജഭക്തിയോ വിവേകമോ ഒന്നുമുണ്ടായിരുന്നില്ല. കേവലം മൂഢന്മാരും അക്രമികളും അവിവേകികളുമായവരോടു ധർമശാസ്ത്രപ്രകാരം പ്രവർത്തിച്ചുകൊണ്ടിരുന്നാൽ രാജ്യത്തു നീതിനടത്താനും സമാധാനമുണ്ടാക്കാനും സാധിക്കയില്ലല്ലോ. അതിനാൽ അവിടുന്ന് കാലമറിഞ്ഞ് പ്രവർത്തിച്ചിരുന്നു എന്നു മാത്രമേ വിചാരിക്കാനുള്ളൂ.
ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തരുളിയത് കൊല്ലം 926-ആമാണ്ട് കർക്കടകമാസം 10-ആം തീയതി വ്യാഴാഴ്ചയും പൂയം നക്ഷത്രവും അമാവാസി തിഥിയും കൂടിയ സമയത്തായിരുന്നു. അക്കാലത്ത് കൊച്ചിരാജകുടുംബത്തിലുള്ളവർ താമസിച്ചിരുന്നത് വെള്ളാരപ്പിള്ളിയിലുള്ള കോവിലകത്തായിരുന്നതിനാൽ അവിടെവച്ചായിരുന്നു തിരുമനസ്സിലെ തിരുവവതാരം. ആ കോവിലകം ഇപ്പോഴുമുണ്ട്.
തിരുമനസ്സിലെ തിരുവവതാരസമയം ജ്യോതിശ്ശാസ്ത്രപ്രകാരം അത്ര ശുഭപ്രദമല്ലായിരുന്നു. അതിനാൽ അവിടെയെല്ലാവർക്കും വിശേഷിച്ച് അമ്മത്തമ്പുരാട്ടിക്കും വളരെ മനസ്താപമുണ്ടായി. അക്കാലത്ത് അവിടെ സമീപത്തുള്ള ഒരു ക്ഷേത്രത്തിൽ ദിവ്യനായ ഒരു സന്യാസി താമസിച്ചിരുന്നു. അമ്മത്തമ്പുരാട്ടി തന്റെ പുത്രനു കഷ്ടാരിഷ്ടതകളെല്ലാം നീങ്ങി മേലിൽ ഗുണം സിദ്ധിക്കുന്നതിലേക്ക് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരണമെന്ന് ഒരു പ്രതിപുരുഷൻ മുഖാന്തരം ആ സന്യാസിയോടപേക്ഷിച്ചു. ആ സന്യാസി കുറേ പൂവെടുത്തു ജപിച്ച് "ഈ പൂവു കൊണ്ടുപോയി രാജകുമാരനെ കിടത്തിയിരിക്കുന്ന കിടക്കയുടെ ചുവട്ടിലിട്ടാൽ മതി, സകല ദോഷങ്ങളും നീങ്ങി രാജകുമാരൻ മേലിൽ കെങ്കേമനായിത്തീരും" എന്നു പറഞ്ഞു കൊടുത്തയയ്ക്കുകയും ആ പ്രതിപുരുഷൻ ആ പൂവു കൊണ്ടുപോയി രാജകുമാരന്റെ മെത്തയുടെ ചുവട്ടിൽ ഇടുവിക്കുകയും ചെയ്തു.
ശക്തൻ തിരുമനസ്സിലെ തിരുവവതാരം പൂയം രണ്ടാം കാലിൽ (അമ്മ കാലിൽ) ആയിരുന്നതുകൊണ്ടോ എന്തോ അവിടേക്ക് ഏകദേശം മൂന്നു വയസ്സായപ്പോഴേക്കും അമ്മത്തമ്പുരാട്ടി തീപ്പെട്ടുപോകയാൽ പിന്നീടു തിരുമേനിയെ വേണ്ടതുപോലെ പരിചരിച്ചുവളർത്തിയത് അവിടുത്തെ ചിറ്റമ്മത്തമ്പുരാട്ടിയായിരുന്നു. തിരുമനസ്സുകൊണ്ട് ആ ചിറ്റമ്മയെ ആജീവനാന്തം പെറ്റമ്മയെപ്പോലെ വിചാരിക്കുകയും ചെയ്തിരുന്നു.
യഥാകാലം വേണ്ടതുപോലെ വിദ്യാഭ്യാസവും ആയുധാഭ്യാസവും ചെയ്യിക്കുകയാൽ, ബുദ്ധിശാലിയായിരുന്ന ശക്തൻ തിരുമനസ്സുകൊണ്ട് ചെറുപ്പത്തിൽത്തന്നെ നല്ല വിദ്വാനും യുദ്ധവിദഗ്ദ്ധനുമായിത്തീർന്നു. ധീരതയും ശൂരതയും അവിടേക്കു പ്രകൃത്യാതന്നെ ഉണ്ടായിരിക്കുകയും ചെയ്തു. 930-ാമാണ്ടിനുശേഷം രാജകുടുംബത്തിലുള്ളവരെല്ലാം സ്ഥിരവാസം വെള്ളാരപ്പിള്ളിയിൽനിന്ന് മാറ്റി തൃപ്പൂണിത്തുറെ ആക്കിയതിനാൽ ശക്തൻ തിരുമനസ്സിലെ വിദ്യാഭ്യാസവും മറ്റും തൃപ്പൂണിത്തുറവച്ചു തന്നെയായിരുന്നു. അവിടേക്കു പത്തു തിരുവയസ്സായപ്പോഴേക്കും നാലാം കൂറെന്ന സ്ഥാനം സിദ്ധിച്ചു. അപ്പോൾ മുതൽക്കുതന്നെ തിരുമനസ്സിലെ ധീരതയും ശൂരതയും കുറേശ്ശെ വെളിപ്പെട്ടുതുടങ്ങുകയും അവിടേക്കു പതിനാറു തിരുവയസ്സായപ്പോഴേക്കും "ശക്തൻ" എന്നുള്ള തിരുനാമധേയം ചില കാരണങ്ങളാൽ പ്രസിദ്ധമായിത്തീരുകയും ചെയ്തു. ഒരിക്കൽ ഒരു നമ്പൂരി കുറെ പണവും കൊണ്ട് തൃപ്പൂണിത്തുറെനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടു. വഴിക്കുവെച്ച് ചില മാപ്പിളമാർകൂടി പണം തട്ടിപ്പറിച്ചു കൊണ്ടുപോവുകയാൽ നമ്പൂരി വ്യസനാക്രാന്തനായി തൃപ്പൂണിത്തുറയ്ക്കു തന്നെ മടങ്ങുകയും വലിയ തമ്പുരാൻ തിരുമനസ്സിലെ തിരുമുമ്പാകെച്ചെന്ന് വിവരമെല്ലാം തിരുമനസ്സറിയിക്കുകയും ചെയ്തു. വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു വർത്തമാനമെല്ലാം കേട്ടതിന്റെ ശേഷം "സൂക്ഷിച്ചു നടക്കേണ്ടതായിരുന്നു. അതിനിപ്പറഞ്ഞതുകൊണ്ടു പ്രയോജനമില്ലല്ലോ. ആട്ടെ, ഉണ്ണിയുടെ അടുക്കൽ വിവരമറിയിക്കൂ. എന്തെങ്കിലും നിവൃത്തിയുണ്ടാക്കും" എന്നാണ് അരുളിച്ചെയ്തത്. (വലിയതമ്പുരാൻ തിരുമനസ്സുകൊണ്ട് ശക്തൻ തിരുമേനിയെ "ഉണ്ണി" എന്നാണ് വിളിച്ചിരുന്നത്). കൽപ്പന കേട്ട് നമ്പൂരി, ശക്തൻ തിരുമനസ്സിലെ തിരുമുൻപാകെ വിവരമറിയിച്ചു. അപ്പോൾ ശക്തൻ തിരുമനസ്സുകൊണ്ട് കളിക്കോട്ടയുടെ (ഇപ്പോൾ തമ്പുരാക്കന്മാരുടെ ഇംഗ്ലീഷ് സ്കൂളായി ഉപയോഗിച്ചുവരുന്ന കെട്ടിടത്തിന്റെ) മുറ്റത്തു പന്തുകളിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. നമ്പൂരി വിവരമെല്ലാമറിയിച്ചുകഴിഞ്ഞപ്പോൾ "അമ്മാവന്റെ അടുക്കൽ അറിയിക്കാമായിരുന്നല്ലോ" എന്നു കൽപ്പിച്ചു. ഉടനെ നമ്പൂരി 'അവിടെ അറിയിച്ചിട്ട് ഇവിടെ അറിയിക്കാനാണ് കൽപ്പിച്ചത്" എന്നറിയിച്ചു. "എന്നാൽ നമ്പൂരി ഇവിടെ നിൽക്കൂ. ഞാൻ അമ്മാവന്റെ തിരുമുമ്പിലൊന്നു പോയിവരാം" എന്നരുളിച്ചെയ്തിട്ടു ശക്തൻ തിരുമനസ്സുകൊണ്ട് അവിടെ നിന്നെഴുന്നള്ളി വലിയ തമ്പുരാൻ തിരുമനസ്സിലെ തിരുമുമ്പിലെത്തി. അപ്പോൾ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് "എന്താ ഉണ്ണീ, നമ്പൂരിയുടെ വർത്തമാനമെല്ലാം കേട്ടില്ലേ? വലിയ കഷ്ടമായിപ്പോയി. ഇനി മേലാലെങ്കിലും വഴിക്ക് ഇപ്രകാരമുള്ള അക്രമങ്ങളും മറ്റും നടക്കാതെയിരിക്കുന്നതിനു വേണ്ടുന്ന മാർഗമാലോചിക്കണം. ഉണ്ണി എന്താ ഒന്നും മിണ്ടാത്തത്?"
ശക്തൻ തമ്പുരാൻ: അമ്മാവന്റെ തിരുവുള്ളമുണ്ടെങ്കിൽ എന്തെങ്കിലും നിവൃത്തിമാർഗമുണ്ടാക്കാൻ ശ്രമിച്ചുനോക്കാം.
വലിയ തമ്പുരാൻ: ഉണ്ണി ചെയ്യുന്നതൊക്കെ എനിക്ക് സമ്മതമാണ്. എന്തെങ്കിലും ചെയ്തുകൊള്ളൂ. എല്ലാം ഞാൻ അനുവദിച്ചിരിക്കുന്നു. ഉണ്ണി കുറച്ചു ദിവസം എറണാകുളത്തു പോയി താമസിക്കണം. എന്നാൽ മതിയെന്നാണ് തോന്നുന്നത്. എന്താ അതിനു വിരോധമുണ്ടോ?
ശക്തൻ തമ്പുരാൻ: ഒരു വിരോധവുമില്ല. കല്പനപോലെ ചെയ്യാം.
വലിയ തമ്പുരാൻ: എന്നാൽ നാളെത്തന്നെ പോകണം. അവിടെത്താമസിക്കുന്നതിനു വേണ്ടതെല്ലാം ഇപ്പോൾതന്നെ ചട്ടംകെട്ടിയേക്കാം. നമ്പൂരിക്കു പോയ പണവും കൊടുത്തയച്ചേക്കാം.
ശക്തൻ തമ്പുരാൻ: നമ്പൂരിക്കു പോയ പണം കൊടുത്തയയ്ക്കാൻ ഞാൻ പോയി വന്നിട്ടുമതി. അതുവരെ ഇവിടെ താമസിക്കട്ടെ.
വലിയ തമ്പുരാൻ: എന്നാൽ ഇഷ്ടം പോലെയാവട്ടെ.
ശക്തൻ തിരുമനസ്സുകൊണ്ട് വലിയ തമ്പുരാൻ തിരുമനസ്സിലെ തിരുമുൻപിൽ നിന്ന് പിരിഞ്ഞതിന്റെ ശേഷം നമ്പൂരി കുറച്ചുദിവസം തൃപ്പൂണിത്തുറെത്തന്നെ താമസിക്കുന്നതിന് ചട്ടംകെട്ടീട്ടു പിറ്റേദിവസം തന്നെ എറണാകുളത്ത് എഴുന്നള്ളി താമസം തുടങ്ങി. അതിന്റെ പിറ്റേദിവസംതന്നെ അവിടെ സമീപത്തുള്ള പള്ളികളിലേക്കെല്ലാം കൽപ്പനയയച്ചു. "സമീപസ്ഥന്മാരായ മാപ്പിളമാരെല്ലാം അടുത്ത ദിവസം രാവിലെ ഓരോ വലിയ കുടവും ഒരു മാറു നീളമുള്ള ഓരോ കയറുംകൊണ്ട് എറണാകുളത്തു കായൽവക്കത്ത് എത്തിക്കൊള്ളണം" എന്നായിരുന്നു കൽപ്പനയുടെ സാരം. കൽപ്പനപോലെ അടുത്ത ദിവസം രാവിലെ ഏകദേശം അഞ്ഞൂറോളം മാപ്പിളമാർ കുടവും കയറും കൊണ്ടു നിശ്ചിതസ്ഥല ത്തെത്തി. ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് അവിടെ എഴുന്നള്ളി. "മൂന്നു നാലു ദിവസം മുൻപ് ഒരു നമ്പൂരിയുടെ ഏതാനും പണം തട്ടിപ്പറിച്ചുകൊണ്ടുപോയത് നിങ്ങളിൽ ആരെല്ലാം കൂടിയാണ്? സത്യം പറയണം. അകൃത്യം പ്രവർത്തിച്ചവർ കുറ്റം ഏറ്റു പറയുന്നപക്ഷം വലിയ ശിക്ഷ കൂടാതെകഴിക്കാം. ശേഷമുള്ളവർക്കു സുഖമായി തിരിയെപ്പോവുകയും ചെയ്യാം. സത്യം വെളിപ്പെടുത്താത്തപക്ഷം നിങ്ങൾ എല്ലാവർക്കും വലിയ കഷ്ടത അനുഭവിക്കേണ്ടി വരും" എന്നു അരുളിച്ചെയ്തിട്ട് മാപ്പിളമാരിലാരും മറുപടി പറയായ്കയാൽ "ഇവരെയെല്ലാം ഉടനെ മനയ്ക്കൽ കൊണ്ടുപോയി ആക്കട്ടെ" എന്നു കല്പിച്ചു. ആ ക്ഷണത്തിൽ രാജഭടന്മാർ മാപ്പിളമാരെ എല്ലാം വലിയ വഞ്ചികളിൽ കയറ്റിക്കൊണ്ടുപോയി കഴുത്തിൽ കുടങ്ങൾ കെട്ടി "കിഴവനച്ചാ"ലിൽ താഴ്ത്തി (കൊചിക്കായലിലുള്ള കപ്പൽചാലിനെ "കിഴവനച്ചാൽ" എന്നാണ് പേരു പറഞ്ഞിരുന്നത്. ആ സ്ഥലത്ത് "കിഴവന" എന്നു പേരായിട്ട് ഒരു നമ്പൂരിയുടെ ഇല്ലമുണ്ടായിരുന്നു എന്നും അതിനാലാണ് ഈ പേരുണ്ടായതെന്നുമാണ് ഐതിഹ്യം. നമ്പൂരിയുടെ ഇല്ലമുണ്ടായിരുന്ന സ്ഥലമാകയാൽ അതിനു "മനയ്ക്കൽ" എന്നും പറയാറുണ്ട്.)
ശേഷമുള്ള മാപ്പിളമാരെല്ലാം അതിനടുത്ത ദിവസം കുടവും കൊണ്ടു ഹാജരാകുന്നതിനു വീണ്ടും ഒരു കല്പനയയച്ചു. തലേ ദിവസം നടന്ന സംഗതികളെല്ലാം അറിഞ്ഞിരുന്നതിനാൽ വീണ്ടും കല്പന കണ്ടപ്പോൾ മാപ്പിളമാരെല്ലാം ഭയവും വ്യസനവുംകൊണ്ട് ഏറ്റവും പരവശരായിത്തീർന്നു. എല്ലാ പള്ളികളിൽനിന്നും പ്രമാണികളായിട്ടുള്ള മാപ്പിളമാരെല്ലാം കുറേശ്ശെ പണവുംകൊണ്ട് തിരുമുമ്പാകെയെത്തി തിരുമുൽക്കാഴ്ച വച്ചു വന്ദിച്ചുകൊണ്ട്, "അടിയങ്ങളെ കല്പിച്ചു രക്ഷിക്കണം. അടിയങ്ങളിലാരും അടിയങ്ങളുടെ അറിവോടുകൂടിയും യാതൊരു ദുഷ്കൃത്യവും പ്രവർത്തിച്ചിട്ടില്ല. കഥയില്ലാത്ത വികൃതികളിലാരോ ആണ് ഈ അകൃത്യം പ്രവർത്തിച്ചിട്ടുള്ളത്. അവർ ഇന്നലത്തെ ശിക്ഷയിലകപ്പെട്ടിട്ടുണ്ടായിരിക്കണം. ഇനി മേലാൽ അടിയങ്ങളുടെ ജാതിക്കാരിലാരും ഇങ്ങനെയുള്ള ദുഷ്കൃത്യങ്ങൾ യാതൊന്നും ചെയ്യുന്നതല്ല. അഥവാ അടിയങ്ങളുടെ ജാതിയിലുള്ളവരിൽ ആരെങ്കിലും ഇങ്ങനെ വല്ലതും പ്രവർത്തിച്ചതായി തിരുമനസ്സറിയുന്നതിനിടയായാൽ അന്ന് അടിയങ്ങളെയെല്ലാം കായലിൽക്കെട്ടിത്താഴ്ത്തുന്നത് അടിയങ്ങൾക്കെല്ലാം പൂർണ്ണസമ്മതമാണ്" എന്നു തിരുമനസ്സറിയിച്ചു. "ഇനിമേലാൽ നിങ്ങളുടെ ജാതിക്കാരിൽ നിന്നു യാതൊരു ശല്യവുമുണ്ടാകയില്ലെന്നു നല്ല നിശ്ചയമുണ്ടെങ്കിൽ നിങ്ങൾക്കെല്ലാം ഇപ്പോൾ പോകാം. ഇനി ആളയയ്ക്കുമ്പോൾ വന്നാൽ മതി" എന്നരുളിച്ചെയ്തു മാപ്പിളമാരെ മടക്കിയയച്ചിട്ടു ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് അപ്പോൾത്തന്നെ തൃപ്പൂണിത്തുറെയ്ക്ക് എഴുന്നള്ളുകയും വലിയ തമ്പുരാൻ തിരുമനസ്സിലെ തിരുമുമ്പിലെത്തി തിരുമുൽക്കാഴ്ചയായി ലഭിച്ച പണം തിരുമുമ്പിൽവച്ച് വന്ദിച്ചിട്ട്, "കള്ളന്മാരുടെ ശല്യം മേലാലുണ്ടാകാതെയിരിക്കത്തക്കവണ്ണം വേണ്ടതുപോലെ ശട്ടം കെട്ടീട്ടുണ്ട്. ഈ പണം ചില മാപ്പിളമാർ കാഴ്ച വച്ചതാണ്" എന്നു തിരുമനസ്സറിയിച്ചു. അതുകേട്ട് വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് "സന്തോഷമായി. ഈ പണം ഉണ്ണിതന്നെ എടുത്തുകൊള്ളൂ" എന്നരുളിചെയ്തു. അപ്പോൾ ശക്തൻ തിരുമനസ്സുകൊണ്ട് "എനിക്കാവശ്യമുണ്ടാകുമ്പോൾ ഞാൻവാങ്ങിച്ചുകൊള്ളാം. ഇപ്പോൾ ഈ പണം ഇവിടെത്തന്നെ ഇരിക്കട്ടെ" എന്നരുളിച്ചെയ്തിട്ട് അവിടെനിന്ന് എഴുന്നള്ളി.
വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് കള്ളന്മാരാൽ ആക്രമിക്കപ്പെട്ട നമ്പൂരിയെ തിരുമുമ്പാകെ വരുത്തി ആ പണമെല്ലാം അദ്ദേഹത്തിനു കൊടുത്തു. അതു കള്ളന്മാർ തട്ടിപ്പറിച്ചുകൊണ്ടുപോയതിൽ വളരെ അധികമുണ്ടായിരുന്നതിനാൽ നമ്പൂരി ഏറ്റവും സന്തോഷിച്ചു യാത്രയറിയിച്ചുകൊണ്ടു പോയി. ശക്തൻ തിരുമനസ്സിലെ കടുംകൈ പ്രയോഗങ്ങളിൽ ഇത് ഒന്നാമത്തേതാണ്.
951-ആമാണ്ടു കന്നി മാസം 9-ആം തീയതി ശക്തൻ തിരുമനസ്സിലേക്കു "വീരകേരള" (മൂന്നാംകൂർ) തമ്പുരാൻ എന്ന സ്ഥാനം ലഭിച്ചു. അവിടേക്കു മുപ്പതു തിരുവയസ്സു തികഞ്ഞതിന്റെ ശേഷം 957-ആമാണ്ടിടയ്ക്ക് ഒരു നൈത്യാരമ്മയെ ഉണ്ടാക്കണമെന്നു തോന്നുകയും വലിയ തമ്പുരാൻ തിരുമനസ്സിലെ അനുവാദത്തോടുകൂടി തൃശ്ശിവപേരൂരിൽനിന്ന് ഒരു യുവതിയെ വരുത്തി നൈത്യാരമ്മയാക്കുകയും നൈത്യാരമ്മയ്ക്കു വേണ്ടതെല്ലാം അന്വേഷിച്ചും ചട്ടം കെട്ടിയും കൊടുക്കുന്നതിനു ചെറുപറമ്പത്തു കുഞ്ഞിട്ടിമേനോൻ എന്ന ആളെ കല്പിച്ചു നിയമിക്കുകയും ചെയ്തു. ഈ മേനോനു ചെറുപ്പം മുതൽ തിരുമനസ്സിലേക്കൂടെ താമസിച്ച് ഏറ്റവും പരിചയവും വിശ്വസ്തതയും സ്വാമിഭക്തിയും സിദ്ധിച്ചിട്ടുള്ളതിനാൽ തിരുമനസ്സിലേക്കും നൈത്യാരമ്മയ്ക്കും തൃപ്തിയാകുംവണ്ണം വേണ്ടതെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുകയും അധികം കാലതാമസംകൂടാതെ തിരുമനസ്സിലേക്ക് ആ നൈത്യാരമ്മയിൽ നിന്ന് ഒരു സ്ത്രീസന്താനം ജനിക്കുകയും ചെയ്തു.
അനന്തരം കുറച്ചുകാലം കഴിഞ്ഞപ്പോൾ കുഞ്ഞിട്ടിമേനോന്റെ നടപടികളെപ്പറ്റി തിരുമനസ്സിലേക്കു ചില സംശയങ്ങൾ തോന്നിത്തുടങ്ങുകയും സൂക്ഷ്മാന്വേഷണങ്ങൾ നടത്തിയപ്പോൾ സംഗതി വാസ്തവമാണെന്നു ബോദ്ധ്യപ്പെടുകയും ചെയ്കയാൽ തിരുമനസ്സുകൊണ്ട് ഒരു ദിവസം കുഞ്ഞിട്ടിമേനോനെ തിരുമുൻപാകെ വരുത്തി നിർത്തിക്കൊണ്ട് "കുഞ്ഞിട്ടിയ്ക്ക് ഇയ്യിടെ എന്നെക്കാണാതിരുന്നാൽ കൊള്ളാമെന്ന് തോന്നിത്തുടങ്ങീട്ടുണ്ട്, ഇല്ലേ? എന്നാൽ എന്റെ വിചാരം എപ്പോഴും കുഞ്ഞിട്ടിയെക്കണ്ടുകൊണ്ടിരിക്കണമെന്നാണ്. അതിനാൽ കുഞ്ഞിട്ടിക്ക് എന്നെ ഒരിക്കലും കാണാൻവയ്യാതെയും എനിക്കു കുഞ്ഞിട്ടിയെ എല്ലായ്പോഴും കാണുന്നതിനു വിരോധമില്ലാതെയും ഇരിക്കത്തക്കവണ്ണമുള്ള ഒരു കൗശലം ചെയ്യുന്നതിന് ഞാൻനിശ്ചയിച്ചിരിക്കുന്നു" എന്നരുളി ചെയ്തിട്ടു കുറച്ചുറക്കെ "ആരവിടെ" എന്നു കല്പിച്ചുചോദിക്കുകയും ഉടനെ രണ്ടു രാജഭടന്മാർ തിരുമുമ്പിലെത്തുകയും ചെയ്തു. അപ്പോൾ തിരുമനസ്സുകൊണ്ട് അവരോട് "നിങ്ങൾ കുഞ്ഞിട്ടിയുടെ കണ്ണു രണ്ടും തുരന്നെടുത്ത് എന്റെ മുൻപിൽ വയ്ക്കണം. ക്ഷണത്തിലാവട്ടെ, ഒട്ടും താമസിക്കരുത്" എന്നരുളിച്ചെയ്തു. അതുകേട്ട് കുഞ്ഞിട്ടിമേനോൻ വ്യസനസമേതം പലവിധത്തിൽ സങ്കടമറിയിക്കുകയും ക്ഷമായാചനം ചെയ്കയുമുണ്ടായി. എങ്കിലും തിരുമനസ്സുകൊണ്ട് അതൊന്നും കൈക്കൊള്ളായ്കയാൽ രാജഭൃത്യന്മാർ ഉടനെ കല്പന നടത്തി. അതിന്റെ ശേഷം തിരുമനസ്സുകൊണ്ട് മേനോനോട് "കുഞ്ഞിട്ടിയോട് എനിക്ക് ഒട്ടും വിരോധമില്ല. ഇനിയും സുഖമായി ഇവിടെത്തന്നെ താമസിച്ചുകൊള്ളൂ. വേണ്ടതെല്ലാം ഞാൻ തന്നുകൊള്ളാം" എന്നും അരുളിച്ചെയ്തു.
വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ സംഗതികളെല്ലാമറിഞ്ഞു കുഞ്ഞിട്ടിമേനോനെ തിരുമുമ്പാകെ വരുത്തി, "എന്താ, കുഞ്ഞിട്ടീ, ഉണ്ണി സാഹസം പ്രവർത്തിച്ചു, അല്ലേ? ആട്ടെ, ഒട്ടും വ്യസനിക്കേണ്ടാ. കുഞ്ഞിട്ടിയുടെ ആഗ്രഹമെന്താണെന്നു പറഞ്ഞാൽ അതുപോലെ ചെയ്യുന്നതിനു ഞാൻ ചട്ടംകെട്ടാം" എന്നരുളിച്ചെയ്തു. ഇതിനു മറുപടിയായിട്ടു മേനോൻ, "തിരുമേനികളെക്കാണാതെ ജീവിച്ചിരിക്കുന്ന കാര്യം അടിയനു പരമ സങ്കടമാണ്. അതിനാൽ അടിയന്റെ പേരിൽ തിരുവുള്ളമുണ്ടെങ്കിൽ ക്ഷണത്തിൽ അടിയന്റെ പ്രാണനെ കല്പിച്ചു കളയിക്കണം. ഇതിലധികമായി അടിയനു മറ്റൊരാഗ്രഹമില്ല" എന്നു തിരുമനസ്സറിയിക്കുകയും വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു മേനോന്റെ ആഗ്രഹംപോലെ ഉടനെ അദ്ദേഹത്തെ വെടിവയ്പിച്ചു കൊല്ലിക്കുകയും ചെയ്തു.
ചില കാരണങ്ങളാൽ ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്കു നൈത്യാരമ്മയുടെ പേരിലും വിരസത ഭവിക്കുകയാൽ കല്പിച്ചു വേറെയൊരു സ്ഥലമുണ്ടാക്കിച്ചു നൈത്യാരമ്മയെ അങ്ങോട്ടു മാറ്റി ത്താമസിപ്പിക്കുകയും ചെയ്തു.
965-ആമാണ്ടു കർക്കിടകമാസം 23-ആം തീയതി വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടും അതിനു മുമ്പേ തന്നെ ഇളയ തമ്പുരാൻ തിരുമനസ്സുകൊണ്ടും തീപ്പെട്ടു പോവുകയാൽ ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു തന്റെ മാതുലന്മാരുടെ സംസ്കാരാദികളും തിരുവന്തളി (പിണ്ഡ) അടിയന്തിരവും യഥായോഗ്യം ഭംഗിയായും കേമമായും നടത്തുകയും പള്ളിദീക്ഷ ആരംഭിക്കുകയും ചെയ്തു.
രാജ്യകാര്യങ്ങൾ സംബന്ധിച്ചു ചില പരിഷ്കാരങ്ങൾ ചെയ്യണമെന്നുള്ള വിചാരം ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്കു മുമ്പേതന്നെ ഉണ്ടായിരുന്നു. എങ്കിലും തിരുമൂപ്പു സിദ്ധിക്കുന്നതുവരെ അതിനൊന്നും അവിടേക്കിടയായില്ല. സിംഹാസനാരോഹണാനന്തരം അവിടുന്നു കല്പിച്ചു ചില ഏർപ്പാടുകൾ ചെയ്തുതുടങ്ങി. ആദ്യം തന്നെ രാജ്യരക്ഷാർഥം തൃപ്പൂണിത്തുറെയും തൃശ്ശിവപേരൂരും ഓരോ കോട്ടയും കിടങ്ങുമുണ്ടാക്കിക്കുകയാണ് അവിടുന്ന് ചെയ്തത്. തൃശ്ശിവപേരൂരുണ്ടാക്കിച്ച വലിയ കോട്ടയുടെ മധ്യത്തിങ്കലായി ഒരു കോവിലകം പണികഴിപ്പിക്കുകയും അതിന്റെ ചുറ്റും ഒരു ചെറിയ കോട്ടകൂടി കെട്ടിക്കുകയും ആ കോട്ടയുടെ ഉപരിഭാഗത്ത് ഒരു വലിയ കൊടിമരം നാട്ടിച്ചു കൊടി തൂക്കിക്കുകയും ചെയ്തു. വലിയ കോട്ടയുടെ ചുറ്റും കാവൽ നിൽക്കുന്നതിനായി ഏതാനും ഈഴവരെയും അവരുടെ തലവനായി ഒരു തണ്ടാനെയും കല്പിച്ചു നിയമിച്ചു. നായന്മാരുടെ സകലഗൃഹങ്ങളിൽനിന്നും യൗവനയുക്തന്മാരായിട്ടുള്ളവരിൽ ഓരോരുത്തർ പട്ടാളത്തിൽച്ചേർന്നുകൊള്ളണമെന്ന് ഒരു കല്പന പ്രസിദ്ധപ്പെടുത്തുകയും അതനുസരിച്ച് ഏകദേശം പതിനായിരത്തോളം നായന്മാർ പട്ടാളത്തിൽച്ചേരുകയും അവരുടെ മേലധികാരികളായി നാലു കുമുദാന്തികളെയും അവരുടെ മേലാവായി പണിക്കരു വലിയ കപ്പിത്താൻ എന്നൊരു ഉദ്യോഗസ്ഥനെയും കല്പിച്ചു നിയമിക്കുകയും ചെയ്തു. ആ പണിക്കർ വലിയ കപ്പിത്താൻ "കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി" എന്നുള്ളതുപോലെ ശക്തൻ തിരുമനസ്സിലേക്കു ചേർന്ന ഉദ്യോഗസ്ഥനായിരുന്നു. ആ മനുഷ്യനെപ്പോലെ ശൂരതയും ധീരതയും പരാക്രമവും ഗാംഭീര്യവും ഉള്ളവർ അക്കാലത്തെന്നല്ല, ഇക്കാലത്തും എങ്ങുമുണ്ടെന്നു തോന്നുന്നില്ല.
ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടു ഗതാഗതസൌകര്യം, ശുചീകരണം മുതലായ വിഷയങ്ങളിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവിടുന്നു സ്വരാജ്യത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചാരസൗകര്യത്തിനു വിസ്താരത്തിൽ വെട്ടുവഴികളുണ്ടാക്കിക്കുകയും വഴികളുടെ ഇരുവശങ്ങളിലും ഛായാവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് ഏർപ്പാടു ചെയ്യുകയും വഴികളുടെ ഇരുവശങ്ങളിലുമുള്ള വസ്തുക്കളുടെ ഉടമസ്ഥർ അവരുടെ അതിർത്തി വരെയുള്ള വഴികൾ ദിവസവും അടിച്ചുവാരി വൃത്തിയാക്കിയിട്ടുകൊള്ളണമെന്നും കല്പനകൊടുക്കുകയും അപ്രകാരമെല്ലാം ശരിയായി നടത്തിക്കുകയും ചെയ്തു. തൃപ്പൂണിത്തുറെ ക്ഷേത്രത്തിന്റെ കിഴക്കേ നടമുതൽ കിഴക്കേ കോട്ടവാതിൽവരെയുള്ള മാർഗത്തിലും അഞ്ചെട്ട് അരയാൽ വൃക്ഷങ്ങൾ അവിടുന്നു നട്ടുപിടിപ്പിക്കുകയും അവയിൽനിന്ന് ഒരിലപോലും യാതൊരുത്തരും പൊട്ടിച്ചുപോകരുതെന്നു പ്രത്യേകം കല്പിക്കുകയും ചെയ്തിരുന്നു.
തിരുമനസ്സുകൊണ്ട് തന്റെ മാതുലന്മാരുടെ പള്ളിദീക്ഷ ഒരു സംവത്സരം യഥാവിധി ആചരിക്കുകയും തിരുമാസമടിയന്തിരം ഭംഗിയായും കേമമായും നിർവ്വഹിക്കുകയും ചെയ്തതിന്റെ ശേഷം സ്വകീയപ്രിയപുത്രിയുടെ താലികെട്ടുകല്യാണം ആഘോഷപൂർവം നടത്തിക്കുകയും ചെയ്തു. ആ കല്യാണം ഏകദേശം ഒരു ലക്ഷം രൂപ കല്പിച്ചു ചെലവു ചെയ്തു. ഏറ്റവും കേമമായി നടത്തപ്പെട്ട ആ അടിയന്തിരത്തിൽ തൃശ്ശിവപേരൂരുള്ള പ്രധാനപ്പെട്ട സകല നായർകുടുംബാംഗങ്ങളും സംബന്ധിച്ചിരുന്നു. ആ കൂട്ടത്തിൽ "കരിമ്പറ്റെ ചുമ്മുക്കുട്ടിയമ്മ"യും സന്നിഹിതയായിരുന്നു. സൗന്ദര്യം, സൗശീല്യം മുതലായ സകലസദ്ഗുണങ്ങളും പരിപൂർണമായിട്ടുണ്ടായിരുന്ന ആ തരുണീമണിയെ തിരുമനസ്സുകൊണ്ട് നൈത്യാരമ്മയായി സ്വീകരിക്കുകയും ചെയ്തു.
അന്നത്തെ ഇളയതമ്പുരാൻ തിരുമനസ്സിലെ വകയായി നാലഞ്ച് ആടുകളുണ്ടായിരുന്നു. അവയ്ക്കു തിന്നാൻ കൊടുക്കുന്നതിനായി ഇളയ തമ്പുരാൻ തിരുമനസ്സിലെക്കൂടെ താമസിച്ചിരുന്ന ചെറുപറമ്പത്തു കുഞ്ഞികൃഷ്ണമേനോൻ കിഴക്കേനടയിൽ ശക്തൻ തമ്പുരാൻ തിരു മനസ്സിലെ കല്പനപ്രകാരം വച്ചുപിടിപ്പിച്ചിരുന്ന അരയാൽ വൃക്ഷങ്ങളിൽ നിന്നു കുറെ ഇല പറിച്ചെടുത്തു. ഈ കുഞ്ഞികൃഷ്ണമേനോൻ ഇളയതമ്പുരാൻ തിരുമനസ്സിലെ സേവകനും ഇഷ്ടനും വിശ്വസ്തനും കുഞ്ഞിട്ടിമേനവന്റെ അനന്തരവനുമായിരുന്നു. എങ്കിലും അരയാൽ വൃക്ഷങ്ങളിൽനിന്ന് ഇല പറിച്ചെടുത്തുവെന്നുള്ള വർത്തമാനം കേട്ട ക്ഷണത്തിൽ ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് അയാളെ പിടിച്ചുവരുത്തി, കുടുമയ്ക്കു ചുറ്റിപ്പിടിച്ചുകൊണ്ട് വാളെടുത്ത് അയാളുടെ കഴുത്തുവെട്ടാൻ ഭാവിച്ചു. ആ സമയം ഇളയ തമ്പുരാൻ തിരുമനസ്സുകൊണ്ട് അവിടെ ഓടിയെത്തുകയും "എന്നെക്കൊന്നിട്ടു കുഞ്ഞികൃഷ്ണനെക്കൊന്നോളൂ" എന്നരുളിച്ചെയ്തുകൊണ്ട് ശക്തൻ തമ്പുരാൻ തിരുമനസ്സിലെ അരയ്ക്കു കെട്ടിപ്പിടിക്കുകയും ചെയ്തു. ഉടനെ ശക്തൻ തിരുമനസ്സുകൊണ്ട് "ഇവന്റെ കാലത്താണ് ഈ രാജ്യം അന്യാധീനപ്പെട്ടുപോകുന്നത്" എന്നരുളിചെയ്ത് വാൾ നിലത്ത് വലിച്ചെറിയുകയും "പോ, നിന്നെ എന്റെ മുമ്പിൽ കാണരുത്" എന്നു കല്പിച്ചു കുഞ്ഞികൃഷ്ണമേനവനെ വിട്ടയയ്ക്കുകയും ഇളയ തമ്പുരാൻ തിരുമനസ്സുകൊണ്ട് അയാളെ കൂട്ടിക്കൊണ്ട് അവിടെനിന്ന് എഴുന്നള്ളുകയും ചെയ്തു.
തൃശ്ശിവപേരൂരുള്ള സകല നായർസ്ത്രീകളും പ്രതിദിനം വടക്കുന്നാഥക്ഷേത്രത്തിൽച്ചെന്നു ദർശനം കഴിച്ചുപോവുകയെന്നുള്ളതു പണ്ടേക്കുപണ്ടേയുള്ള ഒരു പതിവാണ്. വലിയ കോട്ടയ്ക്കു പുറത്തു താമസിച്ചിരുന്ന ഒരു നായർ സ്ത്രീയും ആ പതിവനുസരിച്ച് ദിവസം പ്രതി വടക്കുന്നാഥദർശനം നടത്തിപ്പോന്നിരുന്നു. കല്പനപ്രകാരം കോട്ടയ്ക്കു കാവലായി നിറുത്തപ്പെട്ടിരുന്ന ഈഴവരുടെ തലവനായ തണ്ടാൻ സർവ്വാംഗസുന്ദരിയും യൗവനയുക്തയുമായ ഈ സ്ത്രീയെ ഒരു ദിവസം കാണുന്നതിനിടയായി. ആ സ്ത്രീരത്നത്തിന്റെ ദർശനമാത്രയിൽത്തന്നെ തണ്ടാൻ തണ്ടാർശരപരവശനായിത്തീരുകയും ആ വിധത്തിൽ കുറച്ചു ദിവസം വളരെ പണിപ്പെട്ടു കഴിച്ചുകൂട്ടിയതിന്റെ ശേഷം അവൻ തന്റെ അഭിലാഷത്തെ ആ തരുണീമണിയെ ധരിപ്പിക്കുകയും ചെയ്തു. "വാച്യാവാച്യ വിചാരമാർഗ്ഗവിമുഖോ ലോകേഷു കാമീ ജനഃ" എന്നുണ്ടല്ലോ.
തണ്ടാൻ ശക്തൻ വലിയ തമ്പുരാൻ തിരുമനസ്സിലെ ഇഷ്ടനും പ്രബലനുമായിരുന്നതിനാൽ അവന്റെ ഇഷ്ടത്തെ അനുസരിക്കാതിരുന്നാൽ അവൻ ആപത്തു വല്ലതുമുണ്ടാക്കിത്തീർത്തെങ്കിലോ എന്നുള്ള ഭയവും സ്വകുലാചാര വിരുദ്ധമായ അകൃത്യം പ്രവർത്തിക്കുന്നതിലുള്ള സങ്കടവും നിമിത്തം ആ അബല അത്യന്തം പരവശയായിത്തീർന്നു. എങ്കിലും ബുദ്ധിശാലിനിയായ ആ യുവതി തന്റെ പാരവശ്യം പുറത്തു കാണിക്കാതെയും അവനെ വെറുപ്പിക്കാതെയും തത്ക്കാലം ചില ഒഴിവുകഴിവുകൾ പറഞ്ഞു പിരിഞ്ഞു പോയി. തണ്ടാന്റെ നിർബന്ധം പിന്നെയും ക്രമേണ വർദ്ധിച്ചുതുടങ്ങി. അതിനതിന് ആ മനസ്വിനി ഓരോ പ്രതിബന്ധങ്ങൾ പറഞ്ഞു കഴിച്ചുകൂട്ടിക്കൊണ്ടുമിരുന്നു.
ഇങ്ങനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെ ശേഷം ഒരു ദിവസം തണ്ടാൻ ഈ സ്ത്രീ കോട്ടയ്ക്കകത്തേക്കു പോകുന്ന സമയമറിഞ്ഞു കോട്ടവാതിൽക്കലെത്തി കാത്തുനിന്നു. സ്ത്രീ അടുത്തു ചെന്നപ്പോൾ തണ്ടാൻ, "എന്താ, ഇങ്ങനെ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞുതന്നെ കഴിച്ചുകൂട്ടാമെന്നാണോ വിചാരിക്കുന്നത്? ഇതു നല്ല പന്തിയാകുമെന്നു തോന്നുന്നില്ല. വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് എന്റെ കൈയിലാണെന്നു നല്ല ഓർമ്മ വേണം. ആളറിയാതെയാണ് കളിക്കുന്നത്. ഇന്നു തിരികെ വരുമ്പോൾ തീർച്ച പറയണം. അല്ലെങ്കിൽ പിന്നെയുണ്ടാകുന്ന ഫലം അനുഭവംകൊണ്ടറിയാം" എന്നു പറഞ്ഞു. ആ സ്ത്രീ ഇതു കേട്ടിട്ട് ഒന്നും ഉത്തരം പറയാതെ അകത്തേക്കു കടന്നുപോയി. "എന്റെ വടക്കുന്നാഥാ, ഈ ആപത്തിൽനിന്നൊഴിയുന്നതിന് എന്തെങ്കിലും മാർഗ്ഗമുണ്ടാക്കിത്തരണേ! ഞാൻ പതിവായി ഭഗവദ്ദർശനം നടത്തുന്നതിന്റെ ഫലം എനിക്കിങ്ങനെയാണല്ലോ വന്നു ചേർന്നത്" എന്നിങ്ങനെ ഓരോന്നു വിചാരിക്കുകയും പതുക്കെപ്പതുക്കെ പറയുകയും ചെയ്തുകൊണ്ട് ആ സാധ്വി വ്യസനത്തോടുകൂടിപ്പോയി കുളിയും ദേവദർശനവും കഴിക്കുകയും വീണ്ടും വിചാരമഗ്നയായിത്തീരുകയും ചെയ്തു. "ഈശ്വരാ, എന്താണ് ചെയ്യേണ്ടത്? കോട്ടവാതിൽക്കൽച്ചെല്ലുമ്പോൾ ആ ദുഷ്ടനോട് എന്താണ് പറയേണ്ടത്? ഇനി ഒഴിവുകഴിവുകൾ പറഞ്ഞാൽ അവൻ സമ്മതിക്കുമെന്നു തോന്നുന്നില്ല. ഒരു നിവൃത്തിയുമില്ലാതെയായല്ലോ. ഏതെങ്കിലും ഈ ധർമ്മസങ്കടം വലിയ തമ്പുരാൻ തിരുമനസ്സിലെ തിരുമുമ്പാകെ ഒന്നറിയിച്ചു നോക്കാം. തണ്ടാൻ അവിടുത്തെ ഇഷ്ടനായിരിക്കുന്ന സ്ഥിതിക്ക് കല്പനയുണ്ടാകുന്നത് ഏതു പ്രകാരമായിരിക്കുമോ, എന്തോ? എങ്ങനെയെങ്കിലുമാകട്ടെ. "നിവേദ്യതേ രക്ഷ്യജനേന ദുഃഖം തതഃ പരസ്താൽ പ്രഭവഃ പ്രമാണം" എന്നുണ്ടല്ലോ. അതിനാൽ പറയാനുള്ളതു പറയേണ്ടുന്ന സ്ഥലത്തു പറയുക. പിന്നെ വിധിപോലെ അനുഭവിക്കുക. അല്ലാതെ നിവൃത്തിയില്ലല്ലോ. ദുഷ്ടനിഗ്രഹവും ശിഷ്ടപരിപാലനവുമാണല്ലോ രാജധർമ്മം. തിരുമനസ്സുകൊണ്ട് നിതിമാനാണെന്നുള്ളതിനു സംശയമില്ല. അവിടേയ്ക്കും സ്വരാജ്യത്ത് ഈ അനീതി നടക്കുന്നതിനു സമ്മതമാണെങ്കിൽ ഇതെന്റെ കർമ്മമാണെന്നു തീർച്ചയാക്കാം. അവിടുന്ന് ഇപ്പോൾ ഇവിടെ എഴുന്നള്ളി താമസിക്കുന്ന സ്ഥിതിക്ക് ഇതറിയിക്കാതെയിരിക്കുന്നതു ശരിയല്ല. ഏതായാലും ഒന്നറിയിച്ചുനോക്കുക തന്നെ" എന്നിങ്ങനെ വിചാരിച്ചു നിശ്ചയിച്ചിട്ട് ആ സ്ത്രീ കോവിലകത്തു മുറ്റത്തു ചെന്നു വിഷാദത്തോടുകൂടി അങ്ങനെ നിന്നു. അകസ്മാൽ ആ സ്ത്രീ അവിടെച്ചെന്നു നിന്നതുകണ്ടിട്ട് "എന്തിനാണ് വന്നു നിൽക്കുന്നത്" എന്നു തിരുമനസ്സുകൊണ്ട് കല്പിച്ച് ഒരാളെ അയച്ചു ചോദിപ്പിക്കുകയും "ഒരു സങ്കടം തിരുമനസ്സറിയിക്കാനാണ്" എന്ന് ആ സ്ത്രീ മറുപടി പറഞ്ഞയയ്ക്കുകയും ചെയ്തു. ഉടനെ തിരുമനസ്സുകൊണ്ട് ആ അബലയെ തിരുമുൻപാകെ വരുത്തി "സങ്കടമെന്താണ്?" എന്നു കല്പിച്ചു ചോദിച്ചു. സ്ത്രീ സംഗതികളെല്ലാം വിവരമായി തിരുമനസ്സറിയിച്ചു.
തിരുമനസ്സുകൊണ്ട്: അവനങ്ങനെ ആഗ്രഹമുണ്ടെങ്കിൽ അതു സാധിപ്പിച്ചുകൊടുക്കേണ്ടതാണ്. അതിനെന്താ വിരോധം?"
സ്ത്രീ: ഇങ്ങനെ കല്പനയാകുന്നതു സങ്കടമാണ്.
തിരുമനസ്സുകൊണ്ട്: ഇതിൽ സങ്കടപ്പെടാൻ എന്താണുള്ളത്? ഒന്നുമില്ല. കാര്യം ഇന്നുതന്നെ നടക്കട്ടെ. ജനസഞ്ചാരം നിന്നിട്ട് അവനവിടെ വന്നാൽ മതി. പത്തു നാഴിക രാച്ചെന്നതിനുശേഷം അവൻ അവിടെ എത്തിക്കൊള്ളുന്നതിനു പറഞ്ഞേക്കണം. ആട്ടെ, പൊയ്ക്കോ. ഇനി ഇവിടെ നിന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. നാം കാര്യം തീർച്ചപ്പെടുത്തിക്കഴിഞ്ഞു.
ഈ കല്പന കേട്ട് ആ സ്ത്രീ അത്യന്തം വ്യസനാക്രാന്തയായി കരഞ്ഞുംകൊണ്ട് അവിടെനിന്ന് ഇറങ്ങിപ്പോവുകയും സിംഹത്തിന്റെ അടുക്കൽ മാൻപേട എന്ന പോലെ വിറച്ചുകൊണ്ട് തണ്ടാന്റെ അടുക്കൽ എത്തുകയും ചെയ്തു. അപ്പോൾ തണ്ടാൻ, "എന്താ നിശ്ചയിച്ചത്? തീർച്ച പറയണം" എന്നു പറയുകയും ആ സ്ത്രീ തിരുമനസ്സിലെ കല്പന പ്രകാരമെല്ലാം സമ്മതിച്ചു പറഞ്ഞിട്ട് സ്വഗൃഹത്തിലേക്കു പോവുകയും അവിടെ എത്തിയതിന്റെ ശേഷവും വ്യസനംനിമിത്തം ജലപാനം പോലും കഴിക്കാതെ ആപന്നിവാരണാർത്ഥം ഭക്തിപൂർവ്വം ഈശ്വരനെത്തന്നെ ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു.
ആ സുന്ദരി സമ്മതിച്ചു പറഞ്ഞതുകൊണ്ട് തണ്ടാൻ സന്തോഷസാഗരവീചികളിൽ മുഴുകി നീന്തിത്തുടിച്ചുകൊണ്ടു തന്റെ വാസസ്ഥലത്തെത്തി പകലിന്റെ ദുസ്സഹമായ ദൈർഘ്യത്തെ ശപിച്ചുകൊണ്ടിരുന്നു.
ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടു യഥാകാലം നിത്യകർമ്മാനുഷ്ഠാനാദികളെയും അത്താഴമമൃതേത്തും കഴിച്ചതിന്റെ ശേഷം വലിയ കപ്പിത്താനെ തിരുമുമ്പാകെ വരുത്തി, "ഇന്ന് ചില നേരമ്പോക്കുകളും ദീപക്കാഴ്ചയുമൊക്കെ വേണമെന്നു നിശ്ചയിച്ചിട്ടുണ്ട്. അതിലേക്കു കുറെ എണ്ണയും തിരിതുണിയും നാലഞ്ചു പന്തവും കൊണ്ട് ചില പട്ടാളക്കാരോടുകൂടി പത്തുമണി കഴിയുമ്പോഴേക്ക്..... എത്തണം. ഞാൻ ഇപ്പോൾത്തന്നെ പോകുന്നു" എന്ന് അരുളിചെയ്തു കപ്പിത്താനെ അയച്ചിട്ടു രണ്ടുമൂന്നു ഭൃത്യന്മാരോടുകൂടി പുറത്തേക്ക് എഴുന്നള്ളി, ആ സ്ത്രീയുടെ വീട്ടിന്നടുക്കലെത്തി ഒരു ഗൂഢസ്ഥലത്ത്, ഭീമസേനൻ കീചകന്റെ വരവിനെ കാത്തു നൃത്താഗാരത്തിലെന്നപോലെ, തണ്ടാന്റെ ആഗമനത്തെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ തണ്ടാൻ അത്തർ, പുഴു, കളഭം, കസ്തൂരി, പനിനീർ മുതലായ സുഗന്ധവർഗങ്ങളാലും സുരഭിലകുസുമങ്ങളാലും വിശേഷപ്പെട്ട വസ്ത്രങ്ങളാലും മറ്റും അലംകൃതശരീരനായി, തന്നാൽ ആഗ്രഹിക്കപ്പെട്ട യുവതിയാലും ചേതോവഞ്ചകനായ പഞ്ചബാണനാലും അധർമ്മിഷ്ഠമർമ്മഭേദിയായ ധർമ്മരാജാവിനാലും നിർദ്ദിഷ്ടമായ സങ്കേതസ്ഥലത്തേക്ക് ഈശ്വരവിധിയാൽ നയിക്കപ്പെട്ടു. തണ്ടാൻ ആ സ്ത്രീയുടെ വീടിന്റെ പടിക്കകത്തേക്കു കടന്നപ്പോൾ ആസന്നമരണന്റെ പിന്നാലെ അന്തകനെന്നപോലെ തിരുമനസ്സുകൊണ്ടു ഗൂഢമായിട്ടുകടന്നു. തണ്ടാൻ വീട്ടിനകത്തേക്കു കടക്കാനായി ഭാവിച്ചപ്പോൾ തിരുമനസ്സുകൊണ്ട് അവന്റെ കുടുമ്മയ്ക്ക് ചുറ്റിപ്പിടിക്കുകയും "അങ്ങോട്ടല്ല, ഇങ്ങോട്ട്" എന്ന് അരുളിച്ചെയ്തുകൊണ്ട് പിന്നാക്കം ഒന്നു വലിക്കുകയും അതോടുകൂടി തണ്ടാൻ നിലംപതിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് തണ്ടാനെ അവിടെയിട്ട് അമർത്തിപ്പിടിച്ചുകൊണ്ട് "ആരവിടെ? സാമാനങ്ങളൊക്കെ കൊണ്ടുവരട്ടെ. പന്തം കൊളുത്തട്ടെ. ഇവന്റെ ദേഹം മുഴുവനും തിരിത്തുണി ചുറ്റട്ടെ. എണ്ണ ഒഴിച്ചു നനയ്ക്കട്ടെ. തീ കൊളുത്തട്ടെ. ഇവന്റെ ആർത്തനാദം പുറത്തുകേൾക്കാതെയിരിക്കത്തക്കവണ്ണം ഭേരി കൊട്ടിഗ്ഘോഷിക്കട്ടെ" എന്നിങ്ങനെ അരുളിച്ചെയ്ത ക്ഷണത്തിൽ സകലസാധനങ്ങളുംകൊണ്ട് വലിയകപ്പിത്താൻ മുതലായവർ അവിടെ എത്തുകയും കല്പനപോലെയെല്ലാം നടത്തുകയും തണ്ടാന്റെ ശരീരം മാത്രനേരം കൊണ്ടു ഭസ്മാവശേഷമായിത്തീരുകയും തിരുമനസ്സുകൊണ്ട് അപ്പോൾത്തന്നെ കോവിലകത്തേക്കെഴുന്നള്ളുകയും കപ്പിത്താൻ മുതലായവരും അവരവരുടെ വാസസ്ഥലങ്ങളിലേക്കു മടങ്ങിപ്പോവുകയും ചെയ്തു.
ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് ഒരിക്കൽ എറണാകുളത്ത് എഴുന്നള്ളിത്താമസിച്ചിരുന്നപ്പോൾ അവിടെനിന്നു രണ്ടുമൂന്നു നമ്പൂരിമാർ തൃശ്ശിവപേരൂർക്കായി പുറപ്പെട്ടു. അവർ എറണാകുളത്തുനിന്ന് വഞ്ചി കയറി കരൂപ്പടന്നെ ഇറങ്ങി. അവർ അവിടെയെത്തിയപ്പോൾ ഏകദേശം രണ്ടു നാഴിക പകലുണ്ടായിരുന്നു. അതിനാൽ അത്താഴത്തിനു വെള്ളാങ്ങല്ലൂരോ മറ്റോ വല്ലയിടത്തുമെത്താമെന്നു വിചാരിച്ച് അവർ അവിടെനിന്നും കാൽനടയായി പുറപ്പെട്ടു. കുറച്ചു നടന്നതിന്റെ ശേഷം അവർ മദ്ധ്യേമാർഗ്ഗം ഒരു സ്ഥലത്തു മുറുക്കാനായിട്ടിരുന്നു. അപ്പോഴേക്കും നേരം ഏകദേശം സന്ധ്യയായിത്തുടങ്ങി. അവർ വെറ്റില മുറുക്കു കഴിഞ്ഞ് അവിടെ നിന്നു പുറപ്പെടാൻ ഭാവിച്ചപ്പോൾ രണ്ടു ജോനകമാപ്പിളമാർ അവിടെയെത്തി. അവർ ആ നമ്പൂരിമാരോട് "നമ്പൂരിശ്ശന്മാർ എങ്ങോട്ടാണ് പുറപ്പെട്ടിരിക്കുന്നത് അസമയത്ത് സഞ്ചരിക്കാൻ നിങ്ങൾക്ക് ഭയമില്ലയോ" എന്നു ചോദിച്ചു. അപ്പോൾ നമ്പൂരിമാർ "ഇപ്പോൾ ശക്തൻ തിരുമനസ്സിലെ കാലമല്ലേ? ഇക്കാലത്ത് ആരെ ഭയപ്പെടണം" ഇപ്പോൾ ആർക്കും എവിടെയും ഏതുസമയത്തും നിർഭയമായി സഞ്ചരിക്കാമല്ലോ" എന്നു പറഞ്ഞ്. അതുകേട്ട് മാപ്പിളമാർ, "ശക്തൻ രാജാവിന്റെ ശക്തി കരൂപ്പടന്നയ്ക്ക് വടക്കോട്ടു ഫലിക്കയില്ല. ഇവിടെ ഞങ്ങളുടെ ശക്തിയേ നടക്കുകയുള്ളൂ. സംശയമുണ്ടെങ്കിൽ കാണിച്ചുതരാം. നിങ്ങളുടെ കയ്യിലുള്ളതൊക്കെ ഇങ്ങോട്ടു തന്നേക്കുക. തന്നില്ലെങ്കിൽ കുത്തി കമഴ്ത്തിക്കളയും" എന്നു പറഞ്ഞ് അരയിൽ തിരുകിയിരുന്ന ഉറയിൽനിന്നു കത്തി ഊരിയെടുത്തു. അതുകണ്ട് നമ്പൂരിമാർ ഭയപ്പെട്ട് അവരുടെ കൈയിലുണ്ടായിരുന്ന മോതിരങ്ങളും പണമടിശ്ശീലകളുമെല്ലാം മാപ്പിളമാരുടെ മുമ്പിൽ വച്ചുകൊടുത്തു. മാപ്പിളമാർ അവയെടുത്തുകൊണ്ട് അവരുടെ വഴിക്കുപോയി. നമ്പൂരിമാർ തിരിയെ കരൂപ്പടന്നെച്ചെന്നു വഞ്ചികയറി എറണാകുളത്തേക്കും പുറപ്പെട്ടു. പിറ്റെ ദിവസം രാവിലെ നമ്പൂരിമാർ എറണാകുളത്തെത്തി, ശക്തൻ തിരുമനസ്സിലെ മുമ്പാകെ ചെന്നു തലേദിവസം വഴിക്കുവച്ചുണ്ടായ സംഗതികളെല്ലാം വിവരമായി അറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് വലിയ കപ്പിത്താനെ തിരുമുമ്പാകെ വരുത്തി, "ഈ നമ്പൂരിമാരുടെ പണവും പണ്ടങ്ങളും തട്ടിപ്പറിച്ചുകൊണ്ടു പോയ കള്ളന്മാരെ പിടിച്ചു കളവുമുതലുകളോടുകൂടി നാളെ രാവിലെ ഇവിടെ കൊണ്ടുവരണം. ഇപ്പോൾത്തന്നെ കരൂപ്പടന്നയ്ക്ക് പുറപ്പെട്ടോളൂ" എന്നരുളിച്ചെയ്തു. കല്പന കേട്ട മാത്രയിൽത്തന്നെ വലിയ കപ്പിത്താൻ അവിടെ നിന്നു പുറപ്പെട്ടു. അന്നുതന്നെ കരൂപ്പടന്നയെത്തി, കൌശലത്തിൽ അന്വേഷിച്ചറിഞ്ഞ്, ആ കള്ളന്മാരെ പിടികൂടി പിറ്റേ ദിവസം രാവിലെ അവരെ തിരുമുമ്പാകെ കൊണ്ടുചെല്ലുകയും ചെയ്തു. ഉടനെ ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് ആ നമ്പൂരിമാരെ തിരുമുമ്പാകെ വരുത്തി, ആ മാപ്പിളമാരെയും കളവുമുതലുകളും കാണിച്ചിട്ട്, "ആ മാപ്പിളമാർ ഇവർ തന്നെയോ, നിങ്ങളുടെ മോതിരങ്ങളും മടിശ്ശീലകളും ഇവതന്നെയോ?" എന്നു കല്പിച്ചു ചോദിച്ചു. അതുകേട്ട് നമ്പൂരിമാർ സൂക്ഷിച്ചുനോക്കീട്ട്, "ആ മാപ്പിളമാർ ഇവർ തന്നെയാണെന്നാണ് തോന്നുന്നത്; മോതിരങ്ങളും മടിശ്ശീലകളും ഇവ തന്നെ, സംശയമില്ല" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ട് ആ മോതിരങ്ങളും പണമടിശ്ശീലകളും നമ്പൂരിമാർക്ക് കൊടുത്ത് അവരെ സന്തോഷിപ്പിക്കുകയും "ഇനി എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സഞ്ചരിക്കാം. ലേശം പോലും ഭയപ്പെടേണ്ടാ" എന്ന് അരുളിച്ചെയ്ത് അയയ്ക്കുകയും ആ കള്ളന്മാരെ "മനയ്ക്കൽ" ത്തന്നെ കൊണ്ടുപോകുന്നതിന് വലിയകപ്പിത്താനു കല്പന കൊടുക്കുകയും ചെയ്തു. വലിയ കപ്പിത്താൻ ഉടനെ ആ മാപ്പിളമാരെ വഞ്ചികളിൽക്കയറ്റിക്കൊണ്ടുപോയി കപ്പൽച്ചാലിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു.
ശക്തൻ വലിയ തമ്പുരാൻ തിരുമനസ്സിലെ കൂടെത്താമസിച്ചിരുന്ന വരിൽ അവിടുത്തെ പ്രീതിക്കു പ്രത്യേകം പാത്രീഭവിച്ചിരുന്നത് കോട്ടപ്പുറത്തു കുഞ്ഞൻ തിരുമുൽപ്പാടെന്നും മാളിയയ്ക്കൽ വലിയ യജമാനൻ എന്നും രണ്ടുപേരായിരുന്നു. വലിയ യജമാനന് ആഭിജാത്യം സ്വല്പം കുറവായതിനാൽ കിരിയം, ഇല്ലം മുതലായ ഉയർന്നതരം നായന്മാർ അദ്ദേഹത്തിന്റെ ഗൃഹത്തിൽപ്പോയി ഭക്ഷണം കഴിക്കുകയും മറ്റും പതിവില്ലായിരുന്നു. അതു നിമിത്തം യജമാനനു വളരെ കുണ്ഠിതമായിരുന്നു. ആ വിവരം തിരുമനസ്സുകൊണ്ട് അറിയുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കുന്ന കാലത്ത് യജമാനന്റെ വീട്ടിൽ ഒരു താലികെട്ടുകല്യാണമുണ്ടായി. ആ അടിയന്തിരത്തിന് ആ ദേശത്തുള്ള സകല നായന്മാരും അവരുടെ സ്ത്രീകളും യജമാനന്റെ വീട്ടിൽച്ചെന്ന് അടിയന്തിരം വേണ്ടതുപോലെ നടത്തിക്കൊടുക്കണമെന്നു കല്പനയുണ്ടാവുകയും കല്പനപ്രകാരം എല്ലാവരും പോവുകയും ചെയ്തു. മുഹൂർത്തസമയമായപ്പോൾ തിരുമനസ്സുകൊണ്ട് അവിടെ എഴുന്നള്ളുകയും ചെയ്തു. താലികെട്ടു കഴിഞ്ഞയുടനെ സദ്യയ്ക്ക് ഇലവയ്ക്കാൻ കല്പനയായി. ഇല വച്ച് സകലവിഭവങ്ങളും വിളമ്പിക്കഴിഞ്ഞപ്പോൾ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഭക്ഷണത്തിനിരിക്കാൻ കല്പിച്ചു. എല്ലാവരും ഇരുന്നയുടനെ തിരുമനസ്സുകൊണ്ടുതന്നെ രണ്ടു മൂന്നിലയ്ക്ക് ചോറു വിളമ്പുകയും ശേഷമിലകളിലെല്ലാം യജമാനനെക്കൊണ്ടു ചോറു വിളമ്പിക്കയും ചെയ്തു. അപ്പോൾ ഉണ്ടുതുടങ്ങാതെ എല്ലാവരും സംശയിച്ചിരുന്നു. അതുകണ്ടിട്ട് ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് "ഒട്ടും സംശയിക്കേണ്ട, എല്ലാവർക്കും ഊണു കഴിക്കാം; മാളിയയ്ക്കൻ ഇന്നു മുതൽ നായരായിരിക്കുന്നു" എന്ന് അരുളിച്ചെയ്തിട്ട് വാളും ഊന്നിപ്പിടിച്ചുകൊണ്ട് അവിടെത്തന്നെ എഴുന്നള്ളി നിന്നു. ആ കല്പനപോലെതന്നെ ഇന്നും നടന്നുവരുന്നു. വലിയ യജമാനന് ആ യജമാനസ്ഥാനം ശക്തൻ തിരുമനസ്സുകൊണ്ട് കല്പിച്ചുകൊടുത്തതാണെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. അതുകൂടാതെ അദ്ദേഹത്തിനു നെടിയ കുട, ചങ്ങല വട്ടക മുതലായ പദവികളും തറവാട്ടേക്കു മേനവസ്ഥാനവുംകൂടി കല്പിച്ചു കൊടുത്തു. മാളിയയ്ക്കൽ വലിയ യജമാനന്റെ വീടു തൃപ്പൂണിത്തുറയ്ക്കു സമീപം എരവൂർ എന്ന ദേശത്താണ്. മാളിയയ്ക്കൽ വലിയ യജമാനന്റെ പേരിൽ ശക്തൻ തമ്പുരാൻ മനസ്സിലേക്കു വളരെ കരുണയും വാത്സല്യവുമുണ്ടായിരുന്നുവെങ്കിലും അവിടുന്ന് യജമാനന് അധീനനായിരുന്നുവെന്ന് ആരും വിചാരിച്ചുപോകരുത്. തിരുമനസ്സിലെ ഇഷ്ടംപോലെയല്ലാതെ യജമാനന്റെ ഇഷ്ടംപോലെ അവിടുന്ന് ഒരു കാര്യവും കല്പിച്ചു ചെയ്തിരുന്നില്ല.
ഒരിക്കൽ ധനവാനായ ഒരീഴവൻ ഒരു കുറ്റം (ഒരു നമ്പൂരിയെ തീണ്ടുകയോ മറ്റോ) ചെയ്തതിന് അവനെപ്പിടിച്ചു തടവിൽ വയ്ക്കുവാൻ തിരുമനസ്സുകൊണ്ട് കല്പന കൊടുത്തു. ഈഴവനെ കല്പനപ്രകാരം പിടിച്ചു തടവിൽ വച്ചയുടനെ അവന്റെ ബന്ധുക്കൾ ചെന്നു കുറെ പണവും കാഴ്ചവച്ചു വലിയ യജമാനനെക്കണ്ടു സങ്കടം പറയുകയും ഏതു വിധവും അവനെ തടവിൽനിന്നു വിടുവിച്ചു കൊടുക്കണമെന്നു പ്രത്യേകം അപേക്ഷിക്കുകയും ചെയ്തു. "ആകട്ടെ, വല്ലതും കൌശലമുണ്ടാക്കാമോ എന്നു നോക്കാം" എന്നു പറഞ്ഞു യജമാനൻ ആ കാഴ്ചദ്രവ്യം സ്വീകരിച്ചുകൊണ്ട് അവരെ അയച്ചു. ഈ സംഗതി തിരുമനസ്സുകൊണ്ട് എങ്ങനെയോ ഉടൻ അറിയുകയും വലിയ കപ്പിത്താനെ തിരുമുൻപാകെ വരുത്തി, "തടവിലാക്കിയിരിക്കുന്ന ആ ഈഴവനെ നാളെ മാളിയയ്ക്കൽ എന്റെ അടുക്കൽ വരുന്ന സമയം വെടിവച്ചു കൊന്നേക്കണം" എന്നു കല്പിക്കുകയും ചെയ്തു. ഇതൊന്നും അറിയാതെ വലിയ യജമാനൻ പിറ്റേദിവസം രാവിലെ തിരുമുൻപിലെത്തി, ആ ഈഴവനെ തടവിൽനിന്നു വിടുവിക്കേണ്ടുന്ന കാര്യത്തെപ്പറ്റി തിരുമനസ്സറിയിച്ചുകൊണ്ടുനിന്നപ്പോൾ ഒരു വെടിയുടെ ശബ്ദം കേട്ടിട്ടു തിരുമനസ്സുകൊണ്ട് അവിടെ പാറാവുനിന്നിരുന്ന ശിപായിയോട്, "എന്താണ് ആ കേട്ടത്?" എന്നു കല്പിച്ചു ചോദിച്ചു.
ഉടനെ ശിപായി, "ഇന്നലെ കല്പനപ്രകാരം തടവിലാക്കിയിരുന്ന ആ ഈഴവനെ വലിയ കപ്പിത്താൻ യജമാനൻ വെടിവച്ചു കൊന്നു. ആ വെടിയുടെ ശബ്ദമാണ്" എന്നു തിരുമനസ്സറിയിച്ചു. അതുകേട്ടു തിരുമനസ്സു കൊണ്ട് "ഓ! ശരി തന്നെ, അവനെ ഇന്നു രാവിലെ വെടിവച്ചു കൊല്ലുന്നതിനു നാം ഇന്നലെതന്നെ ചട്ടംകെട്ടീട്ടുണ്ടായിരുന്നു. അവനെ വിട്ടയയ്ക്കണമെന്നു മാളിയേയ്ക്കലിനഭിപ്രായമുണ്ടായിരുന്നുവെങ്കിൽ ഇന്നലെ എന്നോടു പറയാമായിരുന്നില്ലേ? എന്നാൽ അങ്ങനെ ചെയ്യാമായിരുന്നു. ഇനി അതു പറഞ്ഞതുകൊണ്ട് പ്രയോജനമില്ലല്ലോ?" എന്നരുളിച്ചെയ്തു. അതുകേട്ടു വലിയ യജമാനൻ ഏറ്റവും കുണ്ഠിതത്തോടുകൂടി തിരുമുമ്പിൽനിന്നു പോവുകയും ചെയ്തു. ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടു സേവകന്മാരുടെ ഇഷ്ടപ്രകാരം യാതൊന്നും പ്രവർത്തിച്ചിരുന്നില്ലെന്നുള്ളതിലേക്കു ദൃഷ്ടാന്തമായി ഇങ്ങനെ പല സംഗതികൽ പറയുവാനുണ്ട്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ വിവരിക്കണമെന്നു വിചാരിക്കുന്നില്ല.
ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്ക് ചിറ്റമ്മയുടെ പുത്രന്മാരായിട്ടുണ്ടായിരുന്ന സഹോദരന്മാർ രണ്ടുപേരും (ഇളയ തമ്പുരാനും വീരകേരള മൂന്നാംകൂർ തമ്പുരാനും) ശാസ്ത്രജ്ഞന്മാരായിരുന്നു. അവർക്കു വേദാന്ത ശാസ്ത്രം കൂടി ഗ്രഹിച്ചാൽ കൊള്ളാമെന്ന് ഒരാഗ്രഹം ജനിക്കുകയാൽ അതു പഠിപ്പിക്കുന്നതിനു വേദാന്തികളായ പല മലയാളബ്രാഹ്മണരോടും ആവശ്യപ്പെട്ടതിൽ "വേദാന്തം ക്ഷത്രിയർക്ക് അർഹമായിട്ടുള്ളതല്ല" എന്നു പറഞ്ഞതല്ലാതെ ആരും പഠിപ്പിച്ചില്ല. അതിനാൽ ആ തമ്പുരാക്കന്മാർ തൃശ്ശിവപേരൂർ എഴുന്നള്ളിത്താമസിച്ചുകൊണ്ട് തുളു എമ്പ്രാന്മാരുടെ സ്വാമിയാരായ ഒരു വേദാന്തിയെ അവിടെ വരുത്തിത്താമസിപ്പിക്കുകയും അദ്ദേഹത്തിന്റെ അടുക്കൽ വേദാന്തശാസ്ത്രം പഠിച്ചുതുടങ്ങുകയും അതോടുകൂടി വിഷ്ണുമുദ്ര ധരിക്കുകയും വിഗ്രഹാരാധന മുതലായ ചില കർമ്മങ്ങൾ ആചരിച്ചുതുടങ്ങുകയും ചെയ്തു. എന്നു മാത്രമല്ല, ആ തമ്പുരാക്കന്മാർക്കു ക്രമേണ വിഷ്ണുമതത്തിൽ പ്രതിപത്തി വർദ്ധിച്ചു വരികയാൽ തുളു എമ്പ്രാന്മാരുടെ ആചാരനടപടികളെ അവർ മിക്കവാറും സ്വീകരിക്കയും ചെയ്തു. ഇത്രയുമൊക്കെ ആയതിനുശേഷം ആ തമ്പുരാക്കന്മാരെ പഠിപ്പിക്കുന്നതിന് തന്റെ ശിഷ്യന്മാരിലൊരാളെ തൃശ്ശിവപേരൂർ താമസിപ്പിച്ചിട്ട് ആ സ്വാമിയാർ സ്വദേശത്തേക്കു പോയി.
അക്കാലത്ത് ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് എഴുന്നള്ളി ത്താമസിച്ചിരുന്നതു തൃപ്പൂണിത്തുറെയായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ സഹോദരന്മാർ വേദാന്തശാസ്ത്രം പഠിച്ചുതുടങ്ങുകയും വിഷ്ണുമുദ്ര ധരിക്കുകയും വിഗ്രഹാരാധന മുതലായ ചില കർമ്മങ്ങൾ ആചരിച്ചു തുടങ്ങുകയും തുളു എമ്പ്രാന്മാരുടെ ആചാരനടപടികളെ മിക്കാവാറും സ്വീകരിക്കുകയും ചെയ്തിരിക്കുന്നതായി അവിടേക്ക് അറിവു കിട്ടി. ആ സഹോദരന്മാരുടെ പ്രവൃത്തികൾ തിരുമനസ്സിലേക്ക് ഒട്ടും രസിച്ചില്ല. എങ്കിലും താൻ അവർക്കു വിരോധമായി വല്ലതും പ്രവർത്തിച്ചാൽ ചിറ്റമ്മയ്ക്കു മനസ്താപമുണ്ടായെങ്കിലോ എന്നു വിചാരിച്ചു തത്ക്കാലം അവിടുന്ന് ഒന്നും ചെയ്തില്ല. അങ്ങനെയിരിക്കുന്ന കാലത്ത് ഇളയ തമ്പുരാനും വീരകേരള തമ്പുരാനുകൂടി തങ്ങൾക്കു ചെലവിനുവച്ചിരിക്കുന്ന സംഖ്യ ഒട്ടും മതിയാകുന്നില്ലെന്നും അതിനാൽ കുറച്ചുകൂട്ടിക്കൊടുക്കണമെന്നും ശക്തൻ വലിയതമ്പുരാൻ തിരുമനസ്സിലെ അടുക്കലേക്ക് ഒരപേക്ഷ അയച്ചു. അതിനു ശക്തൻ തിരുമനസ്സുകൊണ്ട്, "ക്രമപ്രകാരമുള്ള ചെലവിന് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സംഖ്യകൊണ്ടു മതിയാകും. സ്വകീയാചാരവിരുദ്ധങ്ങളായ നടപടികൾക്കായി കൂടുതൽ സംഖ്യ അനുവദിക്കുന്നതല്ല" എന്നു മറുപടി കൊടുത്തു. ഈ മറുപടി ആ അനുജൻ തമ്പുരാക്കന്മാർക്ക് ഒട്ടും രസിച്ചില്ലെന്നു മാത്രമല്ല, അന്നുമുതൽ അവർക്ക് ശക്തൻ തിരുമനസ്സിലെ പേരിൽ വൈരം വർദ്ധിച്ചുവരുകയും ചെയ്തു. അതിനാൽ ആ തമ്പുരാക്കന്മാർ ശക്തൻ തിരുമനസ്സിലെ നടപടിദോഷങ്ങളെ സവിസ്തരം വിവരിച്ച് ഒരെഴുത്തെഴുതി അക്കാലത്ത് ഇംഗ്ലീഷ്കാരുടെ പ്രതിനിധിയായി (റസിഡന്റായി) വന്നുതാമസിച്ചിരുന്ന മെക്കാളിസ്സായ്പിന്റെ പേർക്കയച്ചു. സായ്പ് ആ എഴുത്ത് ശക്തൻ തിരുമനസ്സുകൊണ്ട് കാണുന്നതിനായി അവിടേക്കയച്ചുകൊടുത്തു. ആ എഴുത്തു കണ്ടപ്പോൾ ശക്തൻ തിരുമനസ്സിലേക്കുണ്ടായ കോപം അതിദുസ്സഹമായിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലോ. എഴുത്തുകണ്ട ക്ഷണത്തിൽ തിരുമനസ്സുകൊണ്ട്, ആ എഴുത്തുംകൊണ്ട് ചിറ്റമ്മത്തമ്പുരാട്ടിയുടെ തിരുമുമ്പാകെ എഴുന്നള്ളി, അപ്പോൾ തമ്പുരാട്ടി, "കുഞ്ഞിപ്പിള്ള ഈ മദ്ധ്യാഹ്നസമയത്ത് ഇത്ര ബദ്ധപ്പെട്ടുവന്നത് എന്തിനാണ്?" എന്നു കല്പിച്ചു ചോദിച്ചു. (അന്നു വലിയ തമ്പുരാട്ടിയായിരുന്ന ചിറ്റമ്മത്തമ്പുരാട്ടി ശക്തൻ തിരുമേനിയെ ഓമനപ്പേരായി കുഞ്ഞിപ്പിള്ള എന്നാണു വിളിച്ചുവന്നിരുന്നത്). ഉടനെ ശക്തൻ തിരുമനസ്സുകൊണ്ട്, "വിശേഷിച്ചൊന്നുമില്ല; ചിറ്റമ്മയുടെ പുത്രന്മാരുടെ പ്രവൃത്തികളെക്കുറിച്ച് സ്വല്പം തിരുമനസ്സറിയിക്കാനുണ്ട്. അതിനായിട്ടാണ് ഞാനിപ്പോൾ വന്നത്. അത് അവരെക്കൂടി ഇവിടെ വരുത്തീട്ടാണ് നല്ലതെന്നു തോന്നുന്നു" എന്നു തിരുമനസ്സറിയിച്ചു. ആ തമ്പുരാക്കന്മാർ അപ്പോൾ തൃപ്പൂണിത്തുറെത്തന്നെയുണ്ടായിരുന്നതിനാൽ തമ്പുരാട്ടി ഉടനെ ആളയച്ച് അവരെ അവിടെ വരുത്തി. അപ്പോൾ ശക്തൻ തിരുമനസ്സുകൊണ്ട് ആ എഴുത്തു വായിച്ചു കേൾപ്പിച്ചിട്ട് ഇതു ചിറ്റമ്മയുടെ പ്രിയപുത്രന്മാരായ ഇവർ മെക്കാളിയുടെ പേർക്കയച്ചിട്ട് ഞാൻ കാണാനായി അയാൾ എനിക്കയച്ചുതന്നിട്ടുള്ളതാണ് എന്നരുളിച്ചെയ്തു. അതു കേട്ടിട്ട് തമ്പുരാട്ടി "ഇവരുടെ കാര്യമൊന്നും എന്നോടു പറയേണ്ടാ. കുഞ്ഞിപ്പിള്ളയുടെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്തോളൂ. എനിക്കു യാതൊരു വിരോധവുമില്ല" എന്നരുളിച്ചെയ്തു. അപ്പോൾ തിരുമനസ്സു കൊണ്ട് "ഇതിനൊക്കെ പകരം ചെയാനും ഇവരെ നല്ലശീലം പഠിപ്പിച്ചു മര്യാദയ്ക്കു നടത്താനും എനിക്കു വയ്യായ്കയില്ല. ഞാൻ വല്ലതും പ്രവർത്തിച്ചാൽ അതു ചിറ്റമ്മയ്ക്കു വ്യസനകരമായിത്തീരുമല്ലോ എന്നു മാത്രം വിചാരിച്ചു ഞാൻ ഇതുവരെ ക്ഷമിച്ചു പോന്നതാണ്. ചിറ്റമ്മയെ വിചാരിച്ചു ഞാൻ ഈ പ്രാവശ്യംകൂടി ക്ഷമിക്കുന്നു. ഇവർ ഇനിയും ഇപ്രകാരം വല്ലതും പ്രവർത്തിച്ചാൽ അതിന്റെ ഫലം അപ്പോളറിയാം" എന്നരുളിച്ചെയ്തിട്ട് അവിടെനിന്നെഴുന്നള്ളി. ഉടനെ അനുജൻ തമ്പുരാക്കന്മാരും പേടിച്ചുവിറച്ചുംകൊണ്ട് അവിടെ നിന്ന് എഴുന്നള്ളി.
ഒരിക്കൽ ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് തൃശ്ശിവപേരൂരെഴുന്നള്ളി താമസിച്ചിരുന്നപ്പോൾ വടക്കുന്നാഥക്ഷേത്രത്തിന്റെ നാലുവശത്തും തേക്കുങ്കാടു നിറഞ്ഞിരിക്കുന്നതായും തന്നിമിത്തം അവിടെക്കൂടി ഗതാഗതം ചെയ്യുന്നതിന് ജനങ്ങൾക്ക് വളരെ ഭയവും അസൗകര്യവും ഉള്ളതായിട്ടും കാണുകയാൽ ആ കാടെല്ലാം വെട്ടിമാറ്റിച്ചു ക്ഷേത്രത്തിനു ചുറ്റും വിസ്താരത്തിൽ പ്രദക്ഷിണവഴി ഉണ്ടാക്കിക്കണമെന്നു നിശ്ചയിച്ചു. ഒരു ദിവസം തിരുമനസ്സുകൊണ്ടുകൂടി എഴുന്നള്ളി നിന്നു കാടുവെട്ടിച്ചു തുടങ്ങിയപ്പോൾ "പാറമേൽക്കാവ്" എന്നു പ്രസിദ്ധമായ അവിടെയുള്ള ഭഗവതീക്ഷേത്രത്തിലെ വെളിച്ചപ്പാടു വാളും ചിലമ്പും ധരിച്ചു തുള്ളിക്കൊണ്ടു തിരുമുമ്പാകെ ചെന്ന്, "ഇതെന്റെ അച്ഛന്റെ ജടയാണ്; ഇതിങ്ങനെ വെട്ടിക്കളയാൻ പാടില്ല" എന്നു കോപഭാവത്തോടുകൂടി പറഞ്ഞു. അപ്പോൾ തിരുമനസ്സുകൊണ്ട് "ഞാനിതൊക്കെ വെട്ടിക്കളയിച്ച് ഇവിടം വെടിപ്പും വൃത്തിയും വരുത്തി ഇടുവിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. അനാവശ്യമായി ഒന്നും പറയാതെ പൊയ്ക്കോ, അതാണ് നല്ലത്. ടിപ്പു സുൽത്താൻ വന്ന് ക്ഷേത്രത്തിൽ കടന്ന് വടക്കുന്നാഥന്റെ ബിംബം ഇളക്കിപ്പറിച്ചു പുറത്തുകളഞ്ഞപ്പോൾ നീയും നിന്റെ അച്ഛനും എവിടെപ്പോയിരുന്നു?" എന്ന് അരുളിചെയ്തു. ഇതുകേട്ടപ്പോൾ വെളിച്ചപ്പാടിനു കോപം കുറച്ചുകൂടി വർദ്ധിച്ചു. തുള്ളൽ ഒന്നുകൂടി കടുത്തു. "ആഹാ, ഉണ്ണി എന്നോടു കളിക്കുന്നു, അല്ലേ? അനുഭവം കാണിച്ചുതരാം" എന്നു പറഞ്ഞുകൊണ്ട് അയാൾ തലവെട്ടിപ്പൊളിക്കാൻ തുടങ്ങി. വെളിച്ചപ്പാടിന്റെ വാൾ മൂർച്ചയില്ലാത്തതായിരുന്നതുകൊണ്ട് തല നല്ലപോലെ മുറിഞ്ഞില്ല. അപ്പോൾ തിരുമനസ്സുകൊണ്ട്, "നീ വിചാരിചൽ നമ്മോട് എന്തു ചെയ്വാൻ കഴിയും? ആ വാളിനു മൂർച്ചയില്ലെങ്കിൽ മൂർച്ചയുള്ള വാൾ എന്റെ കയ്യിലുണ്ട്. ഇതായിരിക്കും നല്ലത്" എന്നരുളിച്ചെയ്തിട്ടു തിരുമനസ്സിലെ തൃക്കൈയിലിരുന്ന പള്ളിവാൾ തിരുമനസ്സുകൊണ്ടുതന്നെ വെളിച്ചപ്പാടിന്റെ ശിരസ്സിൽവച്ചു ചിലമ്പുകൊണ്ടു മുട്ടിയിറക്കി. ആ വാൾ നല്ലപോലെ മൂർച്ചയുള്ളതായിരുന്നതിനാൽ വെളിച്ചപ്പാടിന്റെ ശരീരം ക്ഷണത്തിൽ രണ്ടായി പിളർന്നു നിലത്തു പതിച്ചു. അതിന്റെ ശേഷം തിരുമനസ്സുകൊണ്ട് അവിടെയുണ്ടായിരുന്ന കാടുകളെല്ലാം വെട്ടിക്കളയിച്ചു വെടിപ്പാക്കിച്ചു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണവഴി ഉണ്ടാക്കിച്ചു. അതിനാൽ അവിടെ ജനങ്ങൾക്കു ഗതാഗതസൗകര്യവും നിർഭയതയും സിദ്ധിച്ചു.
ചുമ്മുക്കുട്ടിയമ്മ നൈത്യാരമ്മയ്ക്ക് അക്കാലംവരെ അവർ പ്രസവിച്ചു സന്തതിയുണ്ടാകാതെയിരുന്നതിനാൽ അത്യന്തം മനസ്താപത്തോടുകൂടി "സന്തത്യർത്ഥമായി വല്ലതും ചില സൽക്കർമ്മങ്ങൾ ചെയ്താൽ കൊള്ളാമായിരുന്നു" എന്ന് അവർ തിരുമനസ്സറിയിച്ചു. അതുകേട്ട് ശക്തൻ തിരുമനസ്സുകൊണ്ട്, "അതിനെന്താ വിരോധം? ചുമ്മു വിന്റെ ഇഷ്ടംപോലെയൊക്കെ ചെയ്യാമല്ലോ" എന്ന് അരുളിച്ചെയുകയും അവരുടെ ഇഷ്ടപ്രകാരം പലവിധത്തിലുള്ള ദാനഹോമാദിസൽക്കർമ്മങ്ങളും ബ്രാഹ്മണർക്കു പരക്കെ സദ്യയും പ്രതിഗ്രഹവുമെല്ലാം തൃശ്ശിവപേരൂർവച്ചുതന്നെ നടത്തിക്കുകയും ചെയ്തു.
ഇവയെല്ലാം നടത്തിയതിന്റെ ശേഷം കുറച്ചുദിവസം കഴിഞ്ഞിട്ടു ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് തൃപ്പൂണിത്തുറയ്ക്കെഴുന്നള്ളി. ഒരു ദിവസം അവിടുന്ന് ചിമ്മുത്തമ്പുരാട്ടിയുടെ തിരുമുമ്പാകെ എഴുന്നള്ളിയ സമയം തമ്പുരാട്ടി, "കുഞ്ഞിപ്പിള്ള പാറമേൽക്കാവിലെ വെളിച്ചപ്പാടിനെ കൊന്നു എന്നു കേട്ടു. ഭഗവതിയോട് ഇങ്ങനെ ചെയ്യാമോ? ഇനി ഇതു നിമിത്തം എന്തെല്ലാമനർത്ഥങ്ങളാണാവോ ഉണ്ടാവുന്നത്? ഈശ്വരന്മാരോടും മറ്റും കളിക്കുന്നത് ഒട്ടും നല്ലതല്ല" എന്നരുളിച്ചെയ്തു. അതിനു മറുപടിയായി ശക്തൻ തിരുമനസ്സുകൊണ്ട്, "ഞാൻ ഭഗവതിയോട് യാതൊന്നും ചെയ്തില്ല. ഞാൻ കൊന്നത് കോമരത്തെയാണ്. അവൻ അനാവശ്യമായി തുള്ളിക്കൊണ്ടുവന്നു ചില അസംബന്ധങ്ങൾ പറയുകയും ചില ധാർഷ്ട്യങ്ങൾ കാണിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത്. അതു നിമിത്തം ഭഗവതിക്ക് എന്നോട് ഒരു വിരോധവും തോന്നുകയുമില്ല. ഇവിടെ ഒരനർത്ഥവും സംഭവിക്കുക യുമില്ല."
തമ്പുരാട്ടി: ആട്ടെ, ഇനി മേലാൽ ഇങ്ങനെയുള്ള സാഹസമൊന്നും പ്രവർത്തിക്കരുത്. ഇതിന്റെയൊക്കെ ഫലം എന്നെങ്കിലും ഒരിക്കൽ അനുഭവിക്കേണ്ടതായിവരും.
ശക്തൻ തിരുമനസ്സുകൊണ്ട്: ഈശ്വരവിരോധം വരത്തക്കവണ്ണം ഞാനൊരിക്കലും യാതൊന്നും പ്രവർത്തിക്കുകയില്ല. ഇതുവരെ പ്രവർത്തിച്ചിട്ടുമില്ല. ക്ഷേത്രത്തിൽ ചുറ്റുമുണ്ടായിരുന്ന കാട് കളയിച്ചു പ്രദക്ഷിണവഴി ഉണ്ടാക്കിച്ചതുകൊണ്ട് ഈശ്വരപ്രസാദമല്ലാതെ ഈശ്വരവിരോധം ഒരിക്കലുമുണ്ടാകാനിടയില്ലല്ലോ.
തമ്പുരാട്ടി: ചുമ്മൂനു സന്തതിയുണ്ടാകാനായിട്ടു കുഞ്ഞിപ്പിള്ള വളരെ സൽക്കർമ്മങ്ങൾ ചെയ്യിച്ചുവെന്നു കേട്ടുവല്ലോ. ഇവിടെ നമുക്കും സന്തതി ചുരുക്കമായിട്ടല്ലേ ഇരിക്കുന്നത്? അതിനായിട്ടൊന്നും ചെയ്യിച്ചില്ലല്ലോ. ഇതിനൊന്നും ചെയ്യിക്കാതെ മറ്റേതു നടത്തിച്ചതു നന്നായില്ല. നമ്മുടെ കാര്യം കഴിഞ്ഞിട്ടല്ലേ മറ്റെല്ലാം വേണ്ടത്?
ശക്തൻ തിരുമനസ്സുകൊണ്ട്: ചിറ്റമ്മ ഇങ്ങനെ അന്യഥാ ശങ്കിക്കരുത്. ആ സൽക്കർമ്മങ്ങളെല്ലാം ഞാൻ ചെയ്യിച്ചതുകൂടിയായിരുന്നു. പക്ഷേ ചുമ്മുവിനു സന്തതിയുണ്ടാകാനായിട്ടാണെന്നു ചുമ്മുവും ജനങ്ങളും വിചാരിച്ചിരിക്കാം. അതുകൊണ്ടു നമുക്കെന്താണ്? നമ്മുടെ മുതൽ ചെലവു ചെയ്തു ചെയ്യിക്കുന്ന സൽക്കർമ്മങ്ങളുടെ ഫലം അന്യന്മാർക്ക് അനുഭവിക്കാൻ കഴിയുമോ? "പൊരുൾ പോകുന്നിടത്തു പുണ്യം" എന്നല്ലേ അഭിജ്ഞവചനം? വൃക്ഷത്തിന്റെ ചുവട്ടിൽ നനച്ചാൽ ഫലമുണ്ടാകുന്നതു മുകളിലല്ലേ? അതുപോലെ ചുമ്മുവിനു വേണ്ടി എന്നു പറഞ്ഞു ചെയ്യിച്ച സൽക്കർമ്മങ്ങളുടെ ഫലമുണ്ടാകുന്നത് ഇവിടെയായിരിക്കും.
ഇങ്ങനെ അരുളിച്ചെയ്തു ചിറ്റമ്മത്തമ്പുരാട്ടിയെ സമ്മതിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ട് അവിടുന്ന് തിരുമുമ്പിൽനിന്ന് എഴുന്നള്ളുകയും ചെയ്തു.
ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് നായാട്ടിനായി ഒരിക്കൽ ഒരു വനത്തിൽ എഴുന്നള്ളിയ സമയം ഒരു പുലി തിരുമനസ്സിലെ നേരെ ചാടിച്ചെന്നു. തിരുമനസ്സുകൊണ്ടു തത്ക്കാലം അല്പമൊന്നു പരിഭ്രമിച്ചു. എങ്കിലും ഉടൻ ധൈര്യത്തെ അവലംബിക്കുകയും തൃക്കൈയിലുണ്ടായിരുന്ന ഇരട്ടക്കുഴൽ തോക്കിൽ നിന്ന് ഒരു നിറ ഒഴിക്കുകയും ആ വെടിയേറ്റു പുലി തൽക്ഷണം നിലത്തു വീഴുകയും ചെയ്തു. തിരുമനസ്സിലെ സഹായത്തിനായി വേറൊരു വെടിക്കാരൻ കൂടെയുണ്ടായിരുന്നു. പുലിയെ കണ്ടമാത്രയിൽ അവനെ കാണാതായി. പുലിയെ കൊന്നതിന്റെ ശേഷം തിരുമനസ്സുകൊണ്ട് അവൻ എവിടേക്ക് പോയി ഒളിച്ചുവെന്ന് അറിയാനായിട്ട് നാലുവശത്തേക്കും നോക്കി. അപ്പോൾ അവൻ ഒരു മരത്തിന്റെ മുകളിൽനിന്ന് ഇറങ്ങിവരുന്നതുകണ്ടു. തന്റെ ദേഹരക്ഷയ്ക്കായി താൻ കൊണ്ടുവന്നവൻ അതു നോക്കാതെ സ്വദേഹ രക്ഷയെ മാത്രം കരുതി പ്രവർത്തിച്ചതിനാൽ തിരുമനസ്സിലേക്ക് അവന്റെ പേരിൽ വളരെ അപ്രീതിയും കോപവുമുണ്ടായി. അതിനാൽ തിരുമനസ്സു കൊണ്ട് തന്റെ തോക്കിന്റെ മറ്റേക്കുഴലിലുണ്ടായിരുന്ന നിറ അവന്റെ നേരെ ഒഴിക്കുകയും അവനും ചത്തു നിലത്തു വീഴുകയും ഉടനെ തിരുമനസ്സു കൊണ്ട് നായാട്ടു മതിയാക്കി കോവിലകത്തേക്ക് എഴുന്നള്ളുകയും ചെയ്തു.
973-ആമാണ്ടു നാടുനീങ്ങിയ തിരുവിതാംകൂർ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് ഒരിക്കൽ ആലുവാ കൊട്ടാരത്തിൽ എഴുന്നെള്ളിത്താമസിച്ചിരുന്നപ്പോൾ ഒരു ദിവസം മദ്ധ്യാഹ്നസമയത്ത്, കയ്യിൽ ഒരു പീലിക്കുന്തവും ചുമലിൽ ഒരു വലിയ ഭാണ്ഡവും വഹിക്കുകയും ധാരാളമായി വളർന്നിരുന്ന തലമുടി കെട്ടിവയ്ക്കുകയും ചെയ്തിരുന്ന ഒരു മനുഷ്യൻ അവിടെ സമീപത്തുള്ള ഒരു മലയിൽനിന്ന് ഇറങ്ങി പുഴയിലേക്ക് വരുകയും കൊട്ടാരത്തിനു വടക്കുവശത്തുള്ള മണൽപ്പുറത്ത്, പീലിക്കുന്തവും ഭാണ്ഡവുംവച്ചിട്ടു കുളിയും നിത്യകർമ്മാനുഷ്ഠാനാദികളും കഴിച്ചതിന്റെ ശേഷം ആ മണൽപ്പുറത്തു തന്നെ ഒരടുപ്പുകൂട്ടി, ഭാണ്ഡത്തിൽ നിന്ന് അരിയും വിറകും പാത്രവുമെടുത്ത് സ്വയംപാകവും ഉപ്പും മുളകും മാത്രം കൂട്ടി ഭക്ഷണവും കഴിച്ചിട്ടു പാത്രം തേച്ച് മുക്കി ഭാണ്ഡത്തിൽവച്ചുകെട്ടി ആ ഭാണ്ഡവും പീലിക്കുന്തവുമെടുത്തുകൊണ്ട് വന്ന വഴിയെ തന്നെ പോവുകയും ചെയ്തു. രാമവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇതെല്ലാം കണ്ടുകൊണ്ടാണ് കൊട്ടാര ത്തിൽ എഴുന്നള്ളിയിരുന്നത്. ആ മനുഷ്യൻ തിരിച്ചുപോയിക്കഴിഞ്ഞപ്പോൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് അടുക്കൽ നിന്നിരുന്ന കേശവപ്പിള്ള ദിവാൻജിയോട്, "ആ മണൽപ്പുറത്ത് അരിവച്ച് ഊണുകഴിച്ചുപോയ മനുഷ്യൻ ആരാണെന്ന് മനസ്സിലായോ?" എന്നു കല്പിച്ചു ചോദിച്ചു. "അടിയനു മനസ്സിലായില്ല" എന്നു ദിവാൻജി തിരുമനസ്സറിയിച്ചപ്പോൾ തിരുമനസ്സുകൊണ്ട്, "അതു നമ്മുടെ പെരുമ്പടപ്പിൽ മൂപ്പീന്നാണ്. അവിടത്തേക്കു വയ്യാത്ത കാര്യം ഒന്നുമില്ല. ഇങ്ങനെ ഒരു നേരം കഴിച്ചുകൂട്ടാൻ എന്നാൽ സാധ്യമല്ല. ഇനിയൊരു ദിവസം ഇങ്ങോട്ടും വരവുണ്ടായേക്കാം. അതിനി എന്നാണാവോ? എല്ലാവരും കരുതിയിരുന്നു കൊള്ളണം. ആളറിയാതെ അബദ്ധമൊന്നും പറ്റാനിടയാകരുത് എന്നരുളി ച്ചെയ്തു. പിന്നെ നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട്, ആലുവാക്കൊട്ടാരത്തിലെഴുന്നള്ളി, രാമ വർമ്മ മഹാരാജാവു തിരുമനസ്സിലെ കാണുകയും കുറച്ചുനേരം പരസ്പരം സംഭാഷണം ചെയ്തിരുന്നതിന്റെ ശേഷം തിരിയേ എഴുന്നള്ളുകയും ചെയ്തു.
ഒരാണ്ടിൽ ഇടവപ്പാതിയില്ല, മിഥുനപ്പാതി കഴിഞ്ഞിട്ടും മഴപെയ്യാതിരുന്നതിനാൽ തൃശ്ശിവപേരൂർ മുതലായ സ്ഥലങ്ങളിലുള്ള ജനങ്ങൾ കൂടി ശക്തൻ തിരുമനസ്സിലെ അടുക്കൽ സങ്കടമറിയിച്ചു. ഉടനെ തിരുമനസ്സു കൊണ്ട് തൃശ്ശിവപേരൂരെഴുന്നള്ളി വാധ്യാൻ നമ്പൂരി മുതലായ മഹാ ബ്രാഹ്മണരെ തിരുമുമ്പാകെ വരുത്തി, "മഴ പെയ്യിക്കാൻ വല്ലതും മാർഗമുണ്ടോ?" എന്നു കല്പിച്ചു ചോദിച്ചു. "ജലജപം തുടങ്ങിയാൽ പന്ത്രണ്ടു ദിവസത്തിനകം മഴ പെയ്യും" എന്നവർ തിരുമനസ്സറിയിച്ചു. വരുന്ന ബ്രാഹ്മണർക്കൊക്കെ അതികേമമായിട്ടു സദ്യയും ദക്ഷിണയുമായിട്ടു പിറ്റേ ദിവസം തന്നെ ജലജപം കല്പിച്ചു തുടങ്ങിച്ചു. അങ്ങനെ പതിനൊന്നു ദിവസം കഴിഞ്ഞിട്ടും മഴ പെയ്തില്ല. പന്ത്രണ്ടാം ദിവസം ജലജപത്തിനുള്ള സമയമായപ്പോൾ തിരുമനസ്സുകൊണ്ട് വാളുമൂരിപ്പിടിച്ചു ജലജപസ്ഥലത്ത് എഴുന്നള്ളുകയും നമ്പൂരിമാരെ കല്പിച്ചു വിളിച്ച് "ജലജപം തുടങ്ങീട്ട് ഇന്ന് പന്ത്രണ്ടാം ദിവസമായിരിക്കുന്നു. ഇതുവരെ മഴ പെയ്തില്ല. ഇന്നും മഴ പെയ്യാത്തപക്ഷം നിങ്ങളെയാരെയും വെറുതെ വിട്ടയയ്ക്കുകയില്ല. എല്ലാവരും നല്ലപോലെ കരുതിക്കൊള്ളണം" എന്നരുളി ചെയ്കയും ചെയ്തു. കല്പന കേട്ടപ്പോഴേക്കും നമ്പൂരിമാർക്കു ഭയവും വ്യസനവും പരിഭ്രമവും കലശലായി. ശക്തൻ തമ്പുരാൻ തിരുമനസ്സു കൊണ്ട് കോപം വന്നാൽ കഴുത്തു വെട്ടിക്കളയാനും മടിക്കുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നതുകൊണ്ട് നമ്പൂരിമാരെല്ലാവരും ഭക്തിയോടുകൂടി ഈശ്വരനെ സ്മരിച്ചുകൊണ്ട് മനസ്സിരുത്തി ജലജപം തുടങ്ങി. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും കാർമേഘം കൊണ്ട് ആകാശമണ്ഡലം നിറയുകയും അതികേമമായി മഴപെയ്തു തുടങ്ങുകയും ചെയ്തു. തിരുമനസ്സുകൊണ്ട് സന്തോഷിച്ച് അന്നു നമ്പൂരിമാർക്കെല്ലാവർക്കും പതിവിലിരട്ടി ദക്ഷിണ കഴിച്ച് അവരെ സന്തോഷിപ്പിക്കുകയും അന്നു മുതൽ മുടക്കം കൂടാതെ ധാരാളമായി മഴ പെയ്തു തുടങ്ങുകയും ചെയ്തു.
ഒരാട്ടത്തിരുനാൾ ദിവസം ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് പതിവു സമയത്ത് അമൃതേത്തിന് എഴുന്നള്ളാതെയിരുന്നതിനാൽ വലിയ (ചിറ്റമ്മ) തമ്പുരാട്ടിയും മറ്റുള്ള തമ്പുരാക്കന്മാരും കാത്തിരുന്നു. അങ്ങനെ വളരെ നേരം കഴിഞ്ഞപ്പോൾ ശക്തൻ തിരുമനസ്സുകൊണ്ട് എഴുന്നള്ളുകയും അവിടുന്നും മറ്റുള്ള തമ്പുരാക്കന്മാരും അമൃതേത്തിനിരിക്കുകയും ചെയ്തു. ഉടനെ പതിവുപോലെ ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്ക് വിളമ്പിക്കൊടുത്തിട്ട് വലിയ തമ്പുരാട്ടിയും അമൃതേത്തിനിരുന്നു. പിന്നെ വലിയ തമ്പുരാട്ടി "കുഞ്ഞിപ്പിള്ള ഇന്നിത്ര താമസിച്ചതെന്താണ്?" എന്നു ചോദിച്ചു.
ശക്തൻ: ഇന്നു രാവിലെ ഞാൻകുളിക്കാനായിട്ടു പുറപ്പെട്ടപ്പോൾ ഒരു മാപ്പിള ഒരു പശുവിനെ അറത്തു എന്നു കേട്ടു. എന്നാൽ അവന്റെ കഥ കഴിച്ചിട്ടാവാം കുളി എന്നു വിചാരിച്ച് ഉടനെ പോയി, അന്വേഷിച്ച് അവനെ പിടികൂടി കൊന്നതിന്റെ ശേഷമാണ് കുളിചത്. അതുകൊണ്ട് സ്വല്പം താമസം പറ്റിപ്പോയി.
തമ്പുരാട്ടി: കഷ്ടം! ഇന്ന് ആട്ടപ്പുറന്നാളായിട്ട് ഇങ്ങനെ ചെയ്തത് ഒട്ടും നന്നായില്ല. സൽക്കർമ്മം ചെയ്യേണ്ടുന്ന ദിവസം ദുഷ്ക്കർമ്മം ചെയ്യാമോ? നരഹത്യ തന്നെ കഷ്ടം! വിശേഷിച്ച് ജന്മനക്ഷത്രദിവസം അതു മഹാകഷ്ടം തന്നെ.
ശക്തൻ: ജന്മനക്ഷത്രദിവസം ഗോഹത്യ ചെയ്യുന്നതു നല്ലതാണോ? അതു നല്ലതാണെങ്കിൽ ഞാൻ ചെയ്തതു തെറ്റുതന്നെ.
തമ്പുരാട്ടി: അവൻ ചെയ്തതു നന്നായില്ല. എങ്കിലും അതിന്റെ പാപം അവനല്ലേ അനുഭവിക്കുന്നത്?
ശക്തൻ: ചിറ്റമ്മേ, അതിനു കുറച്ചു ഭേദമുണ്ട്. അവൻ ചെയ്ത പാപമവനനുഭവിക്കുമായിരിക്കാം. എങ്കിലും അതു കേട്ടിട്ട് ഞാനൊന്നും ചെയ്യാതിരുന്നാൽ അതും പാപമല്ലേ? അതു ഞാൻ അനുഭവിക്കേണ്ടതായി വരുമല്ലോ. യഥാക്രമം ശിക്ഷാരക്ഷകൾ ചെയ്ത് ഈ രാജ്യത്തു നീതി നടത്താനുള്ള ചുമതല എനിക്കാണ്. അതു ഞാൻ ചെയ്യാതിരുന്നാൽ പരലോകത്തു ചെല്ലുമ്പോൾ അതിനെക്കുറിച്ച് എന്നോടു ചോദിക്കാൻ ആളുണ്ടല്ലോ. അതുകൊണ്ട് എന്റെ കാലത്ത് ഇപ്രകാരമുള്ള ദുഷ്കൃത്യം രാജ്യത്ത് ആരും ചെയ്‌വാൻ ഞാൻ സമ്മതിക്കില്ല. ഇങ്ങനെ അരുളിച്ചെയ്തുകൊണ്ട് അമൃതേത്തും കഴിച്ച് അവിടുന്ന് അവിടെനിന്ന് എഴുന്നള്ളി.
പ്രസിദ്ധനായ തൃശ്ശിവപേരൂർ പൂരം ശക്തൻ തമ്പുരാൻതിരുമനസ്സിലെക്കാലത്ത് അവിടുത്തെ കല്പനപ്രകാരം ഉണ്ടാക്കിയതാണ്. അതിനു മുമ്പ് അവിടെ അങ്ങനെ ഒരാഘോഷമുണ്ടായിരുന്നില്ല. ഒരിക്കൽ തിരുമനസ്സുകൊണ്ട് തൃശ്ശിവപേരൂരെഴുന്നള്ളി താമസിച്ചിരുന്നപ്പോൾ ആ ദേശക്കാരെയെല്ലാം തിരുമുമ്പാകെ വരുത്തി, "ഇവിടെ ആണ്ടുതോറും മേടമാസത്തിൽ പൂരം ഒരാഘോഷദിവസമായി കൊണ്ടാടണം; അതിനു നാട്ടുകാർ തിരുവമ്പാടി, പാറമേക്കാവ് ഇങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞു ശാസ്താവു മുതലായ ദേവന്മാരെയും എഴുന്നള്ളിച്ചു വടക്കുന്നാഥക്ഷേത്ര സന്നിധിയിൽ കൊണ്ടുവരണം; അവയിൽ തിരുവമ്പാടിയിൽനിന്നും പാറമേക്കാവിൽനിന്നുമുള്ള എഴുന്നള്ളത്തുകൾ പ്രധാനങ്ങളായിരിക്കണം' ഈ വകയ്ക്കു വേണ്ടുന്ന പണം ജനങ്ങൾ വീതിച്ചെടുത്തു ചെലവു ചെയ്യണം; പിന്നെ വേണ്ടുന്ന സഹായങ്ങളെല്ലാം നാം ചെയ്തുതരുകയും ചെയ്യാം" എന്നരുളിച്ചെയുകയും എഴുന്നള്ളത്തു സംബന്ധിച്ചും മറ്റും വേണ്ടുന്ന മുറകളും ചടങ്ങുകളുമെലാം പ്രത്യേകം പ്രത്യേകം കല്പിക്കു കയും ചെയ്തു. ജനങ്ങളെല്ലാവരും ആ കല്പനയെ സമ്മതിക്കുകയും ആ ആണ്ടിൽത്തന്നെ പൂരമഹോത്സവം തുടങ്ങുകയും ചെയ്തു. തൃശ്ശിവപേരൂർ പൂരത്തിന് ഇപ്പോഴും തുടർന്നുവരുന്ന ചട്ടവട്ടങ്ങളെല്ലാം ശക്തൻ തിരുമനസ്സുകൊണ്ട് അന്നു കല്പിച്ചു നിശ്ചയിച്ചിട്ടുള്ളവയാണ്. പൂരം തുടങ്ങിയ കാലം മുതൽ ആജീവനാന്തം അവിടുന്നുകൂടി എഴുന്നള്ളിയിരുന്നാണ് ആ മഹോത്സവം നടത്തിയിരുന്നത്.
തിരുമനസ്സുകൊണ്ട് പൂരം സംബന്ധിച്ചുള്ള ശ്രമങ്ങളും ചട്ടംകെട്ടുകളും ചെയ്തുകൊണ്ട് രണ്ടുമൂന്നു മാസത്തോളം തൃശ്ശിവപേരൂർതന്നെ എഴുന്നള്ളിത്താമസിച്ചു പോയതുകൊണ്ട് അക്കാലത്ത് അമ്മത്തമ്പുരാൻ കോവിലകത്തേക്കു ചെലവിനുള്ള പണം അയച്ചുകൊടുക്കുന്നതിന് അവിടേക്കു സാധിച്ചില്ല. അതിനാൽ വലിയ തമ്പുരാട്ടി തന്റെ പുത്രിമാരോട്, "കുഞ്ഞിപ്പിള്ള നമ്മുടെ കാര്യം മറന്നുപോയിരിക്കുമോ? ചെലവിനുള്ള പണം ഇതുവരെ അയച്ചുതന്നില്ലല്ലോ. ഇനി എവിടെ നിന്നെങ്കിലും കുറച്ചു പണം കടം വാങ്ങുകതന്നെ; അല്ലാതെ നിവൃത്തിയില്ലല്ലോ" എന്നരുളിച്ചെയ്തു. അപ്പോൾ കൊച്ചുതമ്പുരാട്ടിമാർ, "അമ്മയ്ക്ക് ഇങ്ങനെതന്നെ പറ്റണം. അമ്മ ഓപ്പയെ ക്രമത്തിലധികം വാൽസല്ലിച്ച് എടുത്തു തലയിൽ വയ്ക്കുന്നതിന്റെ ഫലമാണിത്" എന്നു തിരുമനസ്സറിയിച്ചു. അതുകേട്ട് വലിയ തമ്പുരാട്ടി, "അതു ശരിയാണ്. ആട്ടെ, ഇനി കുഞ്ഞിപ്പിള്ള ഇവിടെ വന്നാൽ ഞാൻ മിണ്ടുകപോലുമില്ല, നിശ്ചയം തന്നെ" എന്നും അരുളിച്ചെയ്തു. പൂരം കഴിഞ്ഞതിന്റെ ശേഷം ശക്തൻതിരുമനസ്സിലേക്ക് ഈ സംഗതി (പണം അയച്ചു കൊടുത്തില്ല എന്നുള്ളത്) ഓർമ്മവരുകയും ഉടനെ തൃപ്പൂണിത്തുറയ്ക്ക് എഴുന്നള്ളുകയും തൽക്ഷണം വലിയ തമ്പുരാട്ടിയുടെ തിരുമുമ്പാകെ എത്തി, ഒരു കുടന്ന സ്വർണ്ണപുഷ്പം (സ്വർണ്ണംകൊണ്ടുണ്ടാക്കിയ പൂവ്) തൃപ്പാദത്തിങ്കൽ ചൊരിഞ്ഞു സാഷ്ടാംഗമായി നമസ്കരിച്ചിട്ട്, "ചിറ്റമ്മേ, എനിക്കു കുറച്ചൊരു അന്ധാളിത്തം പറ്റിപ്പോയി, അത് അവിടുന്ന് സദയം ക്ഷമിക്കണം. ചെലവിനുള്ള പണം പലിശയോടുകൂടി കൊണ്ടുവന്നിട്ടുണ്ട്" എന്നരുളിച്ചെയുകയും പണം തിരുമുമ്പാകെ വയ്ക്കുകയും ചെയ്തു. അപ്പോൾ തമ്പുരാട്ടി, "എനിക്കു കുഞ്ഞിപ്പിള്ളയോടു യാതൊരു രസക്കേടുമില്ല. പണത്തിനു തൽക്കാലമുണ്ടായ ബുദ്ധിമുട്ടുകൊണ്ടും എന്റെ ശുദ്ധഗതികൊണ്ടും സ്വല്പമായി വല്ലതും മനസ്സിൽ തോന്നിയിരുന്നുവെങ്കിലും കുഞ്ഞിപ്പിള്ളയെക്കണ്ടപ്പോൾത്തന്നെ അതെല്ലാം തീർന്നുപോയി" എന്നരുളിച്ചെയ്തു. ശക്തൻതമ്പുരാൻ അതുകേട്ടു സന്തോഷിക്കുകയും ഉടനെ തിരുമുമ്പാകെനിന്ന് എഴുന്നള്ളുകയും ചെയ്തു.
ശക്തൻ തമ്പുരാൻ തിരുമനസ്സിലെക്കാലത്ത് തിരുവിതാംകൂർ രാജ്യം വാണിരുന്നത് 973-ആമാണ്ടു നാടുനീങ്ങിയ രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നു എന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. അവിടുത്തെ ദിവാനായിരുന്ന കേശവപിള്ള ഒരിക്കൽ ആ മഹാരാജാവു തിരുമനസ്സിലെ അടുക്കൽ, "വല്ല പ്രകാരവും കൊച്ചിരാജ്യം കൂടി പിടിച്ചടക്കിയാൽക്കൊള്ളമെന്ന് അടിയന് ആഗ്രഹമുണ്ട്" എന്നറിയിച്ചു. അപ്പോൾ മഹാരാജാവുതിരുമനസ്സുകൊണ്ട്, "ഇപ്പോഴത്തെ പെരുമ്പടപ്പിൽ മൂപ്പിലെ കാലത്ത് അത് അസാധ്യംതന്നെയാണ്. സംശയമുണ്ടെങ്കിൽ കേശവൻ കൊച്ചിയിലോളം പോയി അവിടുത്തെ സ്വഭാവം ആകപ്പാടെ ഒന്ന് അറിഞ്ഞുപോരൂ" എന്നരുളിച്ചെയ്തു. അന്നുതന്നെ കേശവപിള്ള ദിവാൻജി കൊച്ചിയിലേക്കു പുറപ്പെട്ടു. തൃപ്പൂണിത്തുറെയെത്തി, ശക്തൻതിരുമനസ്സിലെ ഒന്നു കണ്ടാൽകൊള്ളാമെന്ന് അവിടുത്തെ സേവകന്മാരിലൊരാൾ മുഖാന്തരം തിരുമനസ്സറിയിക്കുകയും തിരുമുൻപാകെ ചെല്ലാൻ കല്പനയാവുകയും ചെയ്തു. കേശവപിള്ള ദിവാൻജി കാണാനായി ചെന്ന സമയം ശക്തൻ തിരുമനസ്സുകൊണ്ട് തൃക്കയ്യിൽ വാളുമൂരിപ്പിടിച്ചു കളിക്കോട്ടയിൽ ലാത്തിക്കൊണ്ടിരിക്കുകയായിരുന്നു. തിരുമനസ്സിലെ കണ്ടപ്പോൾത്തന്നെ ദിവാൻജിയുടെ ദേഹം വിയർക്കുകയും വിറച്ചുതുടങ്ങുകയും ചെയ്തു. അടുത്തുചെല്ലാൻ ഭയം തോന്നുകയാൽ അകലെ നിന്നു വന്ദിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട് "എന്താ ദൂരെ നിൽക്കുന്നത്? അടുത്തുവരൂ" എന്ന് അരുളിച്ചെയ്യുകയാൽ കേശവപിള്ള വളരെ ഭയത്തോടുകൂടി അടുത്തു ചെല്ലുകയും തിരുമനസ്സുകൊണ്ട് കുശലപ്രശ്നാനന്തരം "കേശവനെ കണ്ടാൽക്കൊള്ളാമെന്നു നാം വളരെ നാളായി വിചാരിക്കുന്നു. ഇപ്പോൾ കാണാൻ സംഗതിയായതു സന്തോഷമായി. കേശവനെ നാം നമ്മുടെ സ്വന്തമാളായിട്ടാണു വിചാരിക്കുന്നത്" എന്നരുളിച്ചെയ്യുകയും തൃക്കൈയിലിരുന്ന വാളും രണ്ടു കൈയ്ക്കും വീരശൃംഖലയും ഒരു കുത്തു പാവുമുണ്ടും കല്പിച്ചു കൊടുത്തു യാത്രയയയ്ക്കുകയും ചെയ്തു. കേശവപിള്ള സന്തോഷത്തോടും ഭയത്തോടും കൂടിയാണ് സമ്മാനങ്ങൾ വാങ്ങിക്കൊണ്ടു തിരുമുൻപിൽനിന്നു പോയത്. അദ്ദേഹം തിരുവനന്തപുരത്തെത്തി മഹാരാജാവുതിരുമനസ്സിലെ തിരുമുൻപാകെ ചെന്നപ്പോൾ, "എന്തെല്ലാമാണ് കേശവൻ പോയിട്ടുള്ള വർത്തമാനങ്ങൾ. കേശവന്റെ ആഗ്രഹം ഫലിക്കുമോ. എന്തു തോന്നുന്നു?' എന്നു കല്പിച്ചു ചോദിച്ചു. "ആ തിരുമനസ്സിലെ കാലത്ത് അസാദ്ധ്യം തന്നെയാണ്" എന്നു കേശവപിള്ള തിരുമനസ്സറിയിക്കുകയും "അതു ഞാൻ മുൻപേ തന്നെ പറഞ്ഞിരുന്നില്ലേ? അദ്ദേഹത്തിന്റെ അടുക്കൽ കേശവന്റെ വിദ്യയൊന്നും പറ്റുകയില്ല. അദ്ദേഹം ഒരു രാജസിംഹമാണ്" എന്ന് അരുളിച്ചെയ്യുകയും ചെയ്തു.
അനന്തരം കുറച്ചുകാലം കഴിഞ്ഞപ്പോൾ വലിയമ്മത്തമ്പുരാൻ തീപ്പെട്ടു. ആ വലിയ തമ്പുരാട്ടി ചിറ്റമ്മ ആയിരുന്നുവെങ്കിലും പെറ്റമ്മയെപ്പോലെതന്നെയാണ് ശക്തൻ തിരുമനസ്സുകൊണ്ടു വിചാരിച്ചുപോന്നത്. അതിനാൽ ശവസംസ്കാരം മുതലായതിന് അവിടുന്നുകൂടി കൂടുകയും തിരുവന്തളി (പിണ്ഡം) അടിയന്തിരം കേമമായി നടത്തുകയും ചെയ്തു. ഒരു കൊല്ലത്തെ പള്ളിദീക്ഷ ശക്തൻ തിരുമനസ്സുകൊണ്ടും യഥാവിധി ആചരിച്ചു. തിരുമാസമടിയന്തിരം എറണാകുളത്തുവച്ചു വളരെ ഭംഗിയായും കെങ്കേമമായുമാണ് കല്പിച്ചു നടത്തിയത്. ഇങ്ങനെ കേമമായിട്ടൊരു തിരുമാസം ഇതുനുമുമ്പുണ്ടായിട്ടില്ലെന്ന് അന്നവിടെ കൂടിയിരുന്ന സകല ജനങ്ങളും സമ്മതിച്ചു. എങ്കിലും ആ തിരുമാസത്തിനു സ്വല്പമായിട്ട് ഒരാക്ഷേപം വന്നുകൂടി. സദ്യവകയ്ക്കു വേണ്ടുന്ന പഞ്ചസാരയ്ക്ക് ഏല്പിച്ചിരുന്നത് കൊച്ചിയിൽ ഒരു വലിയ കച്ചവടക്കാരനായിരുന്ന ദേവരേശക്കിണി എന്നൊരു കൊങ്ങിണിയെ ആയിരുന്നു. അയാൾ പഞ്ചസാര യഥാകാലം എത്തിച്ചുകൊടുക്കാതെയിരുന്നതിനാൽ സദ്യയ്ക്കു പഞ്ചസാര വിളമ്പാൻ സ്വല്പം താമസം വന്നുപോയി. വിളമ്പിയപ്പോൾ ധാരാളം വിളമ്പിയെങ്കിലും അതു വേണ്ടുന്ന സമയത്തായില്ല എന്നു ചില ബ്രാഹ്മണർ ആക്ഷേപം പറഞ്ഞു. ആ ആക്ഷേപം തീർക്കുന്നതിനായി ശക്തൻതിരുമനസ്സുകൊണ്ടു നമ്പൂരിപ്പാടന്മാർക്കു നാലും നമ്പൂരിമാർക്കു മൂന്നും, എമ്പ്രാന്മാർ, തിരുമുല്പാടന്മാർ മുതലായവർക്കു രണ്ടും പരദേശബ്രാഹ്മണർക്ക് ഒന്നും അമ്പലവാസികൾക്ക് അരയും രൂപാവീതം പ്രതിഗ്രഹംകൊടുത്തു. പ്രതിഗ്രഹം പതിവിൽ കൂടുതൽ കിട്ടിയപ്പോൾ എല്ലാവർക്കും വളരെ സന്തോഷമായി. മുമ്പേ ആക്ഷേപിച്ചിരുന്നവർ തന്നെയും പിന്നെ സ്തുതിച്ചുതുടങ്ങി. തൃശ്ശിവപേരൂർ വാധ്യാൻനമ്പൂരി, വൈദികന്മാർ, പ്രഭുക്കന്മാർ മുതലായി തിരുമാസമടിയന്തിരത്തിന്നു വന്നു കൂടിയിരുന്ന യോഗ്യന്മാർക്കെല്ലാം പിറ്റേ ദിവസം വൻമുറി സദ്യകഴിഞ്ഞ തിന്റെ ശേഷം തിരുമനസ്സുകൊണ്ട് യഥാക്രമം സമ്മാനങ്ങളും കല്പിച്ചു കൊടുത്തു സന്തോഷിപ്പിച്ച് അവരെയും യാത്ര അയച്ചു. അന്ന് അത്താഴമമൃതേത്തു കഴിഞ്ഞു പള്ളിക്കുറുപ്പിന് എഴുന്നള്ളാറായപ്പോൾ പണിക്കരു വലിയകപ്പിത്താനെ തിരുമുൻപാകെ വരുത്തി, "ദേവരേശൻ പഞ്ചസാര സമയത്തിന് എത്തിച്ചുതന്നിരുന്നില്ലെന്നുള്ള വിവരം പണിക്കരും അറിഞ്ഞിരിക്കുമല്ലോ. അവന്റെ പാർപ്പു കൊച്ചിയിൽ കോട്ടയ്ക്കകത്താകയാൽ നമ്മെ കൂട്ടാക്കീട്ട് എന്തു വേണമെന്നു വിചാരിച്ചായിരിക്കണം അവൻ അങ്ങനെ ചെയ്തത്. അതിനാൽ നാളെ രാവിലെ ഞാനുണരുമ്പോൾ കണി കാൺമാൻ തക്കവണ്ണം അവന്റെ തല എന്റെ മുൻപിൽ കൊണ്ടുവരണം. കൊച്ചിയിൽ കോട്ടവാതിൽ അടയ്ക്കുന്നതിനു മുൻപ് അകത്തു കടക്കണം. അതിനാൽ ഇപ്പോൾത്തന്നെ പൊയ്ക്കോളൂ. ഞാൻ ഉറങ്ങാൻ പോകുന്നു" എന്നരുളിച്ചെയ്തിട്ടു പള്ളിക്കുറിപ്പിനെഴുന്നള്ളി.
ഇവിടെ കൊച്ചീക്കോട്ടയുടെയും ദേവരേശക്കിണിയുടെയും സ്ഥിതിയെപ്പറ്റി സ്വല്പം വിവരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ബ്രിട്ടീഷുകൊച്ചി എന്നു പറയപ്പെടുന്ന സ്ഥലം പണ്ടു കൊച്ചീരാജാവിന്റെ വകയായിരുന്നു. പോർത്തുഗീസ്സുകാർ ആദ്യം കൊച്ചിയിൽ വന്ന സമയം അവരുടെ അപേക്ഷപ്രകാരം ആ സ്ഥലം രാജാവ് അവർക്കു കൊടുക്കയും രാജാവിന്റെ അനുമതിയോടുകൂടി അവിടെ ഒരു കോട്ട കെട്ടിക്കുകയും ചെയ്തു. കോട്ടയുടെ പടിഞ്ഞാറുവശം സമുദ്രവും വടക്കുവശം അഴിയും (തുറുമുഖവും) കിടങ്ങുമുണ്ടാക്കിക്കുകയും രണ്ടുമൂന്നു കോട്ടവാതിലുകളുണ്ടാക്കിച്ചു കോട്ടവാതിൽക്കലെല്ലാം പട്ടാളക്കാരുടെ കാവലേർപ്പെടുത്തുകയും ചെയ്തിരുന്നു. പത്തുമണിമുതൽ നാലുമണിവരെ കോട്ടവാതിലുകൾ അടച്ചിടുക പതിവായിരുന്നതിനാൽ ആ സമയത്ത് ആർക്കും കോട്ടയ്ക്കകത്തുനിന്നു പുറത്തേക്കും അകത്തേക്കും ഗതാഗതങ്ങൾ ചെയ്‌വാൻ നിവൃത്തിയില്ലായിരുന്നു. കോട്ടവാതിലുകൾ അടച്ചിരുന്ന സമയങ്ങളിൽ കോട്ടയ്ക്കകത്തും പട്ടാളക്കാരുടെ കാവലുണ്ടായിരുന്നു. പോർത്തുഗീസുകാർ അവിടം വിട്ടുപോയതിന്റെ ശേഷം ആ സ്ഥലം ലന്തക്കാർ കൈവശപ്പെടുത്തി. അവരും ഏകദേശം ആറു കൊല്ലത്തോളം പോർത്തുഗീസുകാരെപ്പോലെ സൈന്യസമേതം അവിടെപ്പാർത്തിരുന്നു. ലന്തക്കാർ അവിടെനിന്നു പോയതിന്റെ ശേഷമാണ് ആ സ്ഥലം ഇംഗ്ലീഷുകാരുടെ കൈവശമായിത്തീർന്നത്. തദനന്തരം കോട്ട നശിച്ചു പോവുകയും ആ സ്ഥലത്തിനു "ബ്രിട്ടീഷുകൊച്ചി" എന്നു നാമം സിദ്ധിക്കുകയും ചെയ്തു. ഇപ്രകാരമാകുന്നു ബ്രിട്ടീഷുകൊച്ചിയുടെ ചരിത്രം. ഇനി ദേവരേശക്കിണിയെക്കുറിച്ചു പറയാം.
ദേവരേശക്കിണി വലിയ ധനവാനും പല സ്ഥലങ്ങളിൽ കച്ചവടം നടത്തി വന്നിരുന്ന ആളും കൊങ്ങിണികളുടെ പ്രധാനപ്പെട്ട ദേവസ്ഥലമായ തിരുമലദേവസ്വത്തിലെ അധികാരിയുമായിരുന്നു. എന്നുമാത്രമല്ല, സകല കൊങ്ങിണികളും അയാളുടെ വരുതിയിലുമായിരുന്നു. അയാളുടെ ശമ്പളത്തിൽ കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും ഗുമസ്തന്മാരും ശേവുകക്കാരും മറ്റുമായി അനേകം പേരുമുണ്ടായിരുന്നു. അയാളുടെ പ്രധാനപ്പെട്ട കച്ചവടസ്ഥലവും ഭവനവും കൊച്ചിയിൽ കോട്ടയ്ക്കകത്തായിരുന്നതിനാൽ അയാൾക്കു കൊച്ചീരാജാവിനെപ്പോലും ഭയവും ബഹുമാനവും ഉണ്ടായിരുന്നില്ല. അക്കാലത്തു കോട്ട ലന്തക്കാരുടെ കൈവശമായിരുന്നതിനാൽ അവരെക്കുറിച്ചുമാത്രമേ അയാൾക്കു സ്വല്പം ബഹുമാനമുണ്ടായിരുന്നുള്ളൂ. ഇപ്രകാരമായിരുന്നു ദേവരേശന്റെ സ്ഥിതി. ഇനി പ്രകൃതത്തിൽ പ്രവേശിക്കാം.
കല്പന കേട്ടമാത്രയിൽ വലിയകപ്പിത്താൻ തന്റെ അരവാളും കുറച്ചു പണവും എടുത്തുകൊണ്ട് ഒരു വഞ്ചിയിൽ കയറി കൊച്ചിയിൽ ഇറങ്ങുകയും കോട്ടവാതിൽ അടയ്ക്കുന്നതിനുമുമ്പു കോട്ടയ്ക്കകത്തു കടക്കുകയും ചെയ്തു. കപ്പിത്താൻ പാണ്ടികശാലയിൽ ചെന്നപ്പോൾ ദേവരേശൻ അന്നത്തെ പിരിവിന്റെയും വരവുചെലവുകളുടെയും കണക്കുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദേവരേശൻ കപ്പിത്താനെ കണ്ടയുടനെ (ഒരു കസേര ചൂണ്ടിക്കാണിച്ചിട്ട്) "യജമാനൻ ഇവിടെ ഇരിക്കാമല്ലോ. എന്താ ഈ രാത്രിയിൽ ഇങ്ങോട്ടു പുറപ്പെട്ടത്? വിശേഷിച്ചു വല്ല കാര്യവുമുണ്ടോ?" എന്നു ചോദിച്ചു.
കപ്പിത്താൻ: കുറച്ചു പട്ടിന് അത്യാവശ്യമായിട്ടാണ് ഞാൻവന്നത്.
ദേവരേശൻ: ഇതിനു യജമാനൻതന്നെ ബുദ്ധിമുട്ടി വരണമെന്നില്ലായിരുന്നു. ഒരാളെ അയച്ചാൽ വേണ്ടുന്ന സാമാനങ്ങളുംകൊണ്ടു ഞാനങ്ങോട്ടു വരുമായിരുന്നല്ലോ.
കപ്പിത്താൻ: ഞാൻതന്നെ വന്നു വാങ്ങിക്കൊണ്ടു ചെല്ലണമെന്നാണ് കല്പന. വല്ലവരെയുമയച്ചാൽ ശരിയാവുകയില്ലെന്നാണ് തിരുമനസ്സിലെ വിചാരം. ഉടനെ വേണമെന്നും ഞാൻതന്നെ വേണമെന്നുമാണ് കല്പിച്ചത്. കല്പനയായതും ഇപ്പോളാണ്. അതിനാലാണ് ബദ്ധപ്പെട്ടു ഞാൻതന്നെ പോന്നത്. ആട്ടെ, പട്ടെടുക്കൂ, നോക്കട്ടെ.
ദേവരേശൻ: താഴ്ന്നതരം പട്ടുകൾ മാത്രമേ ഇവിടെ ഇരിക്കുന്നുള്ളൂ. മേൽത്തരം പട്ടുകളെല്ലാം മാളികയുടെ മുകളിലാണിരിക്കുന്നത്.
കപ്പിത്താൻ: അധികം വേണ്ടതു മേൽത്തരത്തിലാണ്. താഴ്ന്ന തരത്തിലും കുറച്ചു വേണം.
ഉടനെ ദേവരേശൻ താഴ്ന്നതരം പട്ട് കപ്പിത്താൻ പറഞ്ഞിടത്തോളം മുറിച്ചുകൊടുത്തിട്ടു മേത്തരം പട്ടെടുക്കുന്നതിനായി കപ്പിത്താനോടുകൂടി മാളികയുടെ മുകളിലത്തെ നിലയിലേക്കു പോയി. അവിടെ ചെന്നയുടനെ ദേവരേശൻ വിശേഷപ്പെട്ട ചില പട്ടുതരങ്ങളെടുത്തു മേശപ്പുറത്തു വയ്ക്കുകയും രണ്ടുപേരും ഓരോ കസാലയിലിരുന്നുകൊണ്ടു സംഭാഷണമാരംഭിക്കുകയും ചെയ്തു.
ദേവരേശൻ: പഞ്ചസാരയെത്തിക്കാൻ സ്വല്പം താമസം വന്നുപോയതുകൊണ്ട് എന്റെ പേരിൽ തിരുവുള്ളക്കേടായിരിക്കും. അല്ലേ? എന്റെ ജോലിത്തിരക്കുകൾകൊണ്ടു ഞാനക്കാര്യം അന്ധാളിച്ചുപോയി. ഓർമ്മ വന്നയുടനെ കൊടുത്തയയ്ക്കുകയും ചെയ്തു.
കപ്പിത്താൻ: തിരുവുള്ളക്കേടൊന്നും സാരമില്ല. നിങ്ങളൊന്നു തിരുമുമ്പാകെ ചെന്നാൽ അതൊക്കെ തീരും.
ദേവരേശൻ: എന്റെ താമസം ആ തമ്പുരാന്റെ രാജ്യത്തായിരുന്നെങ്കിൽ എന്റെ കഥ ഇപ്പോൾ കഴിയുമായിരുന്നു. ഈ കോട്ടയ്ക്കകത്തായതുകൊണ്ട് ഒട്ടും ഭയം തോന്നുന്നില്ല.
ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കപ്പിത്താൻ ഉപായത്തിൽ അരവാളെടുത്ത് ദേവരേശന്റെ കഴുത്തിന് ഒരു വെട്ടു കൊടുത്തു. തൽക്ഷണം തല മുറിഞ്ഞ് താഴെ വീണു. കപ്പിത്താൻ ആ തല ഒരു പട്ടിൽ പൊതിഞ്ഞെടുത്തുകൊണ്ടുപോയി താഴത്തേക്കു പോന്നു. ദേവരേശൻ താഴത്തേക്ക് ഇറങ്ങിവരാതിരുന്നതിനാലും രാത്രി വളരെ അധികമായിരുന്നതുകൊണ്ടും അയാൾ മാളികയുടെ മുകളിൽ കിടന്നുറങ്ങുകയായിരിക്കുമെന്നു വിചാരിച്ച് അയാളുടെ ഭൃത്യന്മാരും മറ്റും താഴത്തു കിടന്നുറങ്ങി. കപ്പിത്താൻ ദേവരേശന്റെ തലയുംകൊണ്ട് അപ്പോൾത്തന്നെ അവിടെ നിന്നിറങ്ങി. കോട്ടവാതിലിനു സമീപം ഒരു സ്ഥലത്തു ചെന്നിരുന്നു. നാലുമണിക്കു കോട്ടവാതിൽ തുറന്ന ഉടനെ പുറത്തിറങ്ങി, അങ്ങോട്ടു പോയ വഞ്ചിയിൽത്തന്നെ കയറി കപ്പിത്താൻ എറണാകുളത്തെത്തുകയും കോവിലകത്തു ചെന്നപ്പോൾ തിരുമനസ്സു കൊണ്ടു പള്ളിക്കുറുപ്പുണർന്നിട്ടില്ലായിരുന്നതിനാൽ ദേവരേശന്റെ തല പട്ടിൽനിന്നെടുത്തു പള്ളിയറവാതിൽക്കൽ കെട്ടി തൂക്കീട്ട് പള്ളിക്കുറുപ്പുണരാനായി കാത്തുനിൽക്കുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞപ്പോൾ തിരുമനസ്സുകൊണ്ടു പള്ളിക്കുറുപ്പുണർന്നു പള്ളിയറവാതിൽ തുറന്നു. ആ സമയം തിരുമനസ്സു കൊണ്ട് ആദ്യം ദേവരേശന്റെ തലയും രണ്ടാമതു വലിയ കപ്പിത്താനെയുമാണ് കണി കണ്ടത്. തിരുമനസ്സുകൊണ്ട് ഏറ്റവും സന്തോഷിച്ചു കപ്പിത്താനോട്, "പണിക്കർ കുറച്ചു ബുദ്ധിമുട്ടിയിരിക്കും, എങ്കിലും വിചാരിച്ച കാര്യം സാധിച്ചുവല്ലോ; വളരെ സന്തോഷമായി. പണിക്കർ വലിയ ധീരനും നല്ല ശൂരനുംതന്നെ സംശയമില്ല" എന്നരുളിച്ചെയ്തു.
കപ്പിത്താൻ: ഇതൊന്നും അടിയന്റെ ധീരത്വവും ശൂരത്വവും സാമർത്ഥ്യവും മറ്റും കൊണ്ടു സാധിക്കുന്നതല്ല. തിരുമനസ്സിലെ കല്പനയുടെ ശക്തികൊണ്ടു മാത്രം. കല്പനയുണ്ടെങ്കിൽ ഇതിലെക്കാൾ വലിയ കാര്യങ്ങൾ സാധിക്കുന്നതിനും ആർക്കും കഴിയും.
തിരുമനസ്സുകൊണ്ട്: ആട്ടെ, പണിക്കർ ഇന്നലെ ഒട്ടും ഉറങ്ങിയിരിക്കയില്ലല്ലോ. പോയിക്കിടന്നു കുറച്ചുറങ്ങൂ. എന്റെ കുളിയും ഊണും കഴിയുമ്പോൾ പണിക്കരെ ഇവിടെ കാണണം. ഇപ്പോൾ പൊയ്ക്കോളൂ.
കല്പന കേട്ടയുടനെ കപ്പിത്താൻ തിരുമുമ്പാകെ നിന്നു പോവുകയും തിരുമനസ്സുകൊണ്ട് ദേവരേശന്റെ തല ഉടനെ കായലിൽ കെട്ടിത്താഴ്ത്തിച്ചിട്ടു നീരാട്ടുകുളി, അമൃതേത്തു മുതലായതിന് എഴുന്നള്ളുകയും ചെയ്തു.
തിരുമനസ്സുകൊണ്ട് അമൃതേത്തു കഴിഞ്ഞ് എഴുന്നള്ളിയപ്പോഴേക്കും വലിയ കപ്പിത്താൻ തിരുമുമ്പാകെ എത്തി. കപ്പിത്താനെക്കണ്ടയുടനെ തിരുമനസ്സുകൊണ്ട് "പണിക്കർ കുറച്ചുകൂടി ബുദ്ധിമുട്ടേണ്ടിയിരിക്കുന്നു. ദേവരേശന്റെ പ്രാഭവവും പ്രതാപവും നിമിത്തം കൊച്ചിയിലുള്ള കൊങ്ങിണികളെല്ലാവരും തന്നെ ഏറ്റവും ഗർവ്വിഷ്ഠന്മാരായിത്തീർന്നിട്ടുണ്ട്. അതിനാൽ കൊച്ചിയിൽ പോയി സകല കൊങ്ങിണികളുടെയും അവരുടെ ദേവസ്വത്തിന്റെയും സകല ജംഗമസ്വത്തുക്കളും കൊള്ളയിട്ടു കുത്തിവാരി ഇവിടെ കൊണ്ടുവരണം. ഇതിലേക്ക് ആവശ്യമുള്ള സൈന്യങ്ങളെക്കൂടെ കൊണ്ടുപൊയ്ക്കോളൂ" എന്നരുളിച്ചെയ്തു. വലിയ കപ്പിത്താൻ ഉടനെ സൈന്യസമേതം കൊച്ചിയിലെത്തി കൊങ്ങിണികളുടെ സ്വന്തവും ദേവസ്വംവകയുമായുള്ള സകല സ്വത്തുക്കളും കൊള്ളയിട്ടു കുത്തിവാരിത്തുടങ്ങിയപ്പോൾ കൊങ്ങിണികളെല്ലാം പരവശരായിത്തീരുകയും അവരുടെ വിഗ്രഹം കൂടി കപ്പിത്താൻ ഇളക്കിയെടുത്തു കൊണ്ടു പോയേക്കുമെന്നു ശങ്കിച്ച് അവരിൽ ചിലർ ആ വിഗ്രഹമിളക്കിയെടുത്തും കൊണ്ടു തിരുവിതാംകൂറിലെത്തി അഭയം പ്രാപിക്കുകയും ചെയ്തു. കപ്പിത്താൻ അവരുടെ ഭരണിപാത്രങ്ങളും പൊൻവെള്ളിപ്പണ്ടങ്ങളും പണവും രത്നവുമെല്ലാം കൊണ്ടുപോയി തിരുമുമ്പാകെവച്ചു. ഉടനെ തിരുമനസ്സുകൊണ്ട്, "ഇവയെല്ലാം നമ്മുടെ ഈടുവയ്പിൽ കൊണ്ടുപോയി സൂക്ഷിക്കട്ടെ" എന്നു കല്പിക്കുകയും കപ്പിത്താൻ അവയെല്ലാം ഈടുവയ്പിൽ ഏല്പിക്കുകയും ചെയ്തു. "തിരുമല ദേവസ്വം വക" എന്നു പേരുവെട്ടീട്ടുള്ള പാത്രങ്ങളും മറ്റും ഇപ്പോഴും തൃപ്പൂണിത്തുറ ഈടു വയ്പിൽ കാണുന്നുണ്ട്.
ഒരിക്കൽ ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടു തിരുവനന്തപുരം പട്ടണവും രാമവർമ്മമഹാരാജാവുതിരുമനസ്സിലെയും ഒന്നു കാണണമെന്നു നിശ്ചയിച്ച് അഞ്ചെട്ടു ഭൃത്യന്മാരോടുംകൂടി അങ്ങോട്ടെഴുന്നെള്ളി. അവിടുന്ന് തിരുവനന്തപുരത്തെത്തിയത് ഒരു ദിവസം വെളുപ്പാൻകാലത്തായിരുന്നു. ആദ്യംതന്നെ മഹാരാജാവിനെ കണ്ടുകളയാമെന്നു നിശ്ചയിച്ചു വലിയ കൊട്ടാരത്തിലേക്കെഴുന്നള്ളി. അപ്പോൾ, മഹാരാജാവു തിരുമനസ്സുകൊണ്ടു പള്ളിക്കുറുപ്പുണർന്നു പുറത്തേക്കെഴുന്നള്ളിയില്ലെന്നും അതിന് ഏകദേശം രണ്ടു നാഴികകൂടി താമസമുണ്ടായേക്കാമെന്നും തവണക്കാരൻ പറയുകയാൽ മഹാരാജാവു പള്ളിക്കുറുപ്പുണരുമ്പേഴേക്കും ചില സ്ഥലങ്ങൾ കണ്ടിട്ടു തിരിച്ചുവരാമെന്നു നിശ്ചയിച്ച് ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് ഉടനെ അവിടെനിന്നു പുറപ്പെട്ടു. അവിടുന്ന് ഓരോ സ്ഥലങ്ങൾ കണ്ട് ക്രമേണ കുതിരലായത്തിൽ ചെന്നെത്തി. അപ്പോൾ ലക്ഷണയുക്തങ്ങളായ ചില ഒന്നാം തരം കുതിരകൾ വളരെ ചടച്ചും ക്ഷീണിച്ചുമിരിക്കുന്നതായി കണ്ടു. "ലായം വിചാരിപ്പുകാരനെവിടെ?" എന്നു കല്പിച്ചു ചോദിച്ചു. ഉടനെ ചില കുതിരക്കാർ "വിചാരിപ്പുകാരനങ്ങുന്ന് ഇതാ വരുന്നു" എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു. വിചാരിപ്പുകാരൻ അടുത്തപ്പോൾ തിരുമനസ്സുകൊണ്ട് "ഈ കുതിരകൾ ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നതെന്താണ്?" എന്നു കല്പിച്ചു ചോദിച്ചു.
വിചാരിപ്പുകാരൻ: ചിലത് അങ്ങനെയിരിക്കും അത് അവയുടെ സ്വഭാവമാണ്.
ശക്തൻ തിരുമനസ്സുകൊണ്ട്: ഇതു സ്വാഭാവികമായിട്ടുള്ള ക്ഷീണമാണെന്നു തോന്നുന്നില്ല. ശരിയായി പുല്ലും മുതിരയും മറ്റും കൊടുത്താൽ ഇവ ഇങ്ങനെ ക്ഷീണിക്കുന്നവയല്ല.
വിചാരിപ്പുകാരൻ: എന്നാൽ അങ്ങനെയായിക്കൊള്ളട്ടെ. അതു കൊണ്ടു തനിക്കു നഷ്ടമൊന്നുമില്ലല്ലോ.
ശക്തൻ: എടാ സ്വാമിദ്രോഹീ, എനിക്കു നഷ്ടമൊന്നും ഉണ്ടായിട്ടല്ല. ഈ കുതിരകളെ വേണ്ടതുപോലെ നോക്കി രക്ഷിക്കുന്നതിനായി നിയമിക്കപ്പെട്ടിരിക്കുന്ന നീ ആ വകയ്ക്കുള്ള ശമ്പളം വാങ്ങി സാപ്പാടു കഴിച്ചിട്ടു നിന്റെ ജോലി നീ ശരിയായി ചെയ്യാത്തതെന്താണെന്നാണ് ചോദിച്ചത്?
വിചാരിപ്പ്: ഇതു ചോദിക്കാൻ തനിക്കെന്തധികാരമാണ്? താനെന്റെ മേലാവാണോ?
ശക്തൻ: മേലാവല്ലെങ്കിലും അന്യായമായ പ്രവൃത്തി കണ്ടാൽ ആർക്കും ചോദിക്കാം. കുതിരകളുടെ തീറ്റിസ്സാമാനങ്ങൾക്കു പതിവുള്ള പണം വാങ്ങി അപഹരിക്കുകയും ഈ മിണ്ടാപ്രാണികളെ പട്ടിണിയിടുകയുമല്ലേ നീ ചെയ്യുന്നത്? സ്വാമിദ്രാഹീ! നിന്നോടു ചോദിച്ചാൽ മതിയോ? നിന്റെ ദുഷ്പ്രവൃത്തിക്കുള്ള സമ്മാനം ഇതാ പിടിച്ചോ.
എന്നരുളിച്ചെയ്തിട്ടു വിചാരിപ്പുകാരന്റെ ചെകിടത്തു തൃക്കൈ കൊണ്ടുതന്നെ ഒരടിവച്ചുകൊടുത്തു. അടി കൊണ്ട ക്ഷണത്തിൽ വിചാരിപ്പുകാരൻ നിലത്തു പതിച്ചു. ഉടനെ തിരുമനസ്സുകൊണ്ടു ഭൃത്യസമേതം അവിടെനിന്ന് എഴുന്നള്ളുകയും ചെയ്തു. ഒരു നാഴിക കഴിഞ്ഞപ്പോൾ വിചാരിപ്പുകാരനു ബോധം വീണു. ഉടനെ അയാൾ ഒരു വിധത്തിൽ അവിടെനിന്നെണീറ്റു സങ്കടമറിയിക്കാനായി കരഞ്ഞുകൊണ്ടു വലിയ കൊട്ടാരത്തിലെത്തി. അപ്പോൾ മഹാരാജാവു തിരുമനസ്സുകൊണ്ടു പള്ളിയറയിൽനിന്നു പുറത്തെഴുന്നള്ളിയതിനാൽ വിചാരിപ്പുകാരൻ തിരുമുമ്പിൽച്ചെന്നു രാവിലെ ഉണ്ടായ സംഗതികളെല്ലാം തിരുമനസ്സറിയിച്ചു.
വിചാരിപ്പുകാരൻ: ഇവിടെ അടിയങ്ങളെയൊക്കെ ശിക്ഷിക്കാനും രക്ഷിക്കാനും അധികാരമുണ്ട്. കല്പിച്ച് എന്തുചെയ്താലും അതൊക്കെ അടിയങ്ങൾ സഹിക്കണം. അതിനു സങ്കടമില്ല. വല്ലവരുമൊക്കെ ഇവിടെ വന്ന് അടിയങ്ങളെ ഇങ്ങനെയൊക്കെ ചെയ്യുന്നതു വലിയ സങ്കടമാണ്. ഇതിനെക്കുറിച്ച് കല്പിച്ചന്വേഷിച്ചു വേണ്ടതുപോലെ ചെയ്യണം.
മഹാരാജാവ്: ആ മനുഷ്യൻ ആരായിരിക്കും? അയാളുടെ വേഷം എങ്ങനെയിരിക്കുന്നു?
വിചാരിപ്പുകാരൻ: ഒരു നമ്പൂരിയാണെന്നാണ് തോന്നുന്നത്. പൂണൂലുണ്ട്. തലമുടി വളർത്തീട്ടുണ്ട്. കയ്യിൽ ഒരു വാളുമുണ്ട്. അയാളുടെ കൂടെ ഭൃത്യന്മാരുമുണ്ട്.
മഹാരാജാവ്: എന്നാൽ പെരുമ്പടപ്പു മൂപ്പീന്നായിരിക്കണം. അല്ലാതെയാർക്കും ഇവിടെവന്ന് ഇങ്ങനെ പ്രവർത്തിക്കാൻ ധൈര്യമുണ്ടാകുമെന്നു തോന്നുന്നില്ല. ആട്ടെ, നീ പൊയ്ക്കോ, ഞാൻ ഇതിനെക്കുറിച്ച് അന്വേഷിക്കാം.
ഇങ്ങനെ അരുളിച്ചെയ്തു വിചാരിപ്പുകാരനെ അയച്ചു. അപ്പോഴേക്കും ശക്തൻ തിരുമനസ്സുകൊണ്ട് കൊട്ടാരത്തിലെഴുന്നള്ളി. തിരുമനസ്സിലെ കണ്ട ക്ഷണത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ട് അഭ്യുത്ഥാനം ചെയ്തു തൃക്കയ്യും പിടിച്ചുകൊണ്ടുപോയി, ആസനസൽക്കാരം ചെയ്തിരുത്തീട്ട് തിരുമനസ്സുകൊണ്ടും ഇരുന്ന് കുശലപ്രശ്നാദികൾ ചെയ്തു. പരസ്പരം കുറഞ്ഞൊന്നു സ്വൈരസല്ലാപം ചെയ്തതിന്റെ ശേഷം ശക്തൻ തിരുമനസ്സുകൊണ്ട്, "ഇന്നു ഞാൻ ഇവിടെ ഒരു സാഹസം പ്രവർത്തിച്ചു. അത് അവിടെ അറിഞ്ഞിരിക്കുമല്ലോ. ലക്ഷണയുക്തങ്ങളായ ആ ഒന്നാന്തരം കുതിരകളുടെ കഷ്ടസ്ഥിതി കണ്ടപ്പോൾ എനിക്കു കുറച്ചു കോപം വന്നുപോയി. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
മഹാരാജാവ്: അവിടുത്തെ പ്രവൃത്തി വളരെ ഉചിതമായി. ഇതു ഞാൻ ചെയ്യേണ്ടതായിരുന്നു. ജോലിത്തിരക്കുകളും ഔദാസീന്യവും നിമിത്തം ഈ വക കാര്യങ്ങളിൽ ദൃഷ്ടിവയ്ക്കാൻ എനിക്കു സാധിക്കുന്നില്ല. അതിനാൽ ഈ കള്ളന്മാരൊക്കെ വല്ലാതെ മൂത്തുപോയി. ഇവരുടെ കള്ളത്തരത്തിന് ഇങ്ങനെയൊക്കെ ചിലപ്പോൾ ചെയ്യേണ്ടതാണ്. അല്ലെങ്കിൽ അതു ക്രമത്തിലധികം വർദ്ധിച്ചുപോകുമല്ലോ. ആട്ടെ, അവിടുന്ന് ഇങ്ങോട്ടു പുറപ്പെടുന്ന വിവരം മുൻകൂട്ടി എന്നെ അറിയിക്കാഞ്ഞതെന്താണ്? ഇവിടെ എപ്പോൾ എത്തി? വന്നയുടനെ ലായത്തിലേക്കായിരിക്കുമോ പോയത്?
ശക്തൻ: ഞാൻ അരുണോദയമായപ്പോൾ ഇവിടെയെത്തി. അപ്പോൾ ഇവിടെ ഉറക്കമുണർന്നിട്ടില്ലായിരുന്നതിനാൽ ഉണർന്നു പുറത്തു വരുമ്പോഴേക്കും ചില സ്ഥലങ്ങളൊക്കെ നോക്കിക്കണ്ടു വരാമെന്നു വിചാരിച്ചു പുറപ്പെട്ടു. ആ വഴി ലായത്തിലും കയറാനിടയായി. ആ കുതിരകളുടെ പാരവശ്യം കണ്ടിട്ട് എനിക്കൊട്ടും സഹിച്ചില്ല. അതുകൊണ്ടാണ് വിചാരിപ്പുകാരനെ പ്രഹരിക്കാനിടയായത്. ഞാൻ ഇങ്ങോട്ടു പുറപ്പെടണമെന്നു മുൻകൂർ വിചാരിച്ചിരുന്നില്ല. ഒരു ദിവസം അങ്ങനെ തോന്നി. ഉടനെ പുറപ്പെടുകയും ചെയ്തു. അതാണ് മുൻകൂട്ടി അറിയിക്കാതിരുന്നത്.
മഹാരാജാവ്: ഇവിടെ വന്നിട്ടെങ്കിലും കാണണമെന്നു തോന്നിയല്ലോ. അതും കൂടാതെ കഴിച്ചുകളയാമെന്നു വിചാരിക്കാഞ്ഞതു തന്നെ ഭാഗ്യം. ആട്ടെ, ഇനി നമുക്കു കുളി മുതലായതു കഴിക്കാൻ പോകാം. നേരം അധികമായിരിക്കുന്നു.
ഇങ്ങനെ കുറച്ചുനേരം പരസ്പരസംഭാഷണം കഴിഞ്ഞതിന്റെ ശേഷം നീരാട്ടു കുളി, അമൃതേത്ത് മുതലായതിനായി രണ്ടു തിരുമേനിമാരും എഴുന്നള്ളി. ശക്തൻ തിരുമനസ്സിലേക്ക് എഴുന്നള്ളിത്താമസിക്കുന്നതിനു പ്രത്യേകമൊരു കൊട്ടാരം ഒഴിഞ്ഞുകൊടുത്തിരുന്നു. എങ്കിലും അമൃതേത്തു രണ്ടു തിരുമേനിമാർക്കും ഒരുമിച്ചു ഒരു സ്ഥലത്തുതന്നെയായിരുന്നു. രാമവർമ്മമഹാരാജാവു തിരുമനസ്സിലെ ആതിഥ്യം സ്വീകരിച്ചു കൊണ്ടു ശക്തൻതിരുമനസ്സുകൊണ്ട് സുഖമായി നാലു ദിവസം തിരുവനന്തപുരത്ത് എഴുന്നള്ളിത്താമസിച്ചു. അതിനിടയ്ക്കു രണ്ടു തിരുമേനിമാരും ഒരുമിച്ചെഴുന്നള്ളി തിരുവനന്തപുരത്തുള്ള പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിച്ചു.
ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം രണ്ടു തിരുമേനികളും കൂടി കരുവേലപ്പുര മാളികയുടെ മുകളിൽ ഓരോ സംഗതികളെക്കുറിച്ചു സംഭാഷണംചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്ക് രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട്, "ഈ മാളികയുടെ മുകളിൽ നിന്നു താഴത്തേക്കു ചാടാൻ ആരെങ്കിലുമുണ്ടാകുമോ?" എന്നു കല്പിച്ചു ചോദിച്ചു "ഓഹോ, ഉണ്ടാവും" എന്നു ശക്തൻതിരുമനസ്സുകൊണ്ട് അരുളിചെയ്തു. അതു കേട്ട മഹാരാജാവു തിരുമനസ്സുകൊണ്ട് തന്റെ അടുക്കൽ നിന്നിരുന്ന ഭൃത്യന്മാരോട് "എന്താ ചാടാമോ?" എന്നു കല്പിച്ച് ചോദിച്ചു. അവർ ഓരോരുത്തരും മുകളിൽനിന്നു താഴേക്കു നോക്കീട്ടു പ്രയാസമാണെന്നുള്ള ഭാവത്തിൽ പിന്മാറി നിന്നു. അപ്പോൾ ശക്തൻതിരുമനസ്സുകൊണ്ടു തന്റെ ഭൃത്യന്മാരുടെ നേരെ ഒന്നു കല്പിച്ചു നോക്കി. അവരെല്ലാവരും ഉടനെ താഴത്തേക്കു ചാടി. എല്ലാവർക്കും ഓരോ തരത്തിൽ പരിക്കുകൾ പറ്റി. ചിലർ ബോധരഹിതരാവുകയും ചെയ്തു. ഉടനെ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട്, "അവരെ എടുത്തു കൊണ്ടുപോയി ചികിത്സിക്കട്ടെ. കഴിയുന്നതും വേഗത്തിൽ അവരെ സുഖപ്പെടുത്തണം" എന്നരുളിച്ചെയ്തു. കല്പന കേട്ട മാത്രയിൽ ചിലർ വന്ന് അവരെ എടുത്തു കൊണ്ടുപോവുകയും ചെയ്തു.
ശക്തൻ തിരുമനസ്സുകൊണ്ട് നാലു ദിവസം കഴിഞ്ഞു തിരിച്ചെഴുന്നള്ളത്തായപ്പോൾ ആ യാത്രയ്ക്കു വേണ്ടുന്ന സകലസൗകര്യങ്ങളും കാര്യങ്ങളുമെല്ലാം രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ടു പ്രത്യേകം കല്പിച്ചു ചട്ടംകെട്ടിയതിനാൽ വഴിക്കു യാതൊരു ബുദ്ധിമുട്ടിനുമിടയാകാതെ ശക്തൻ തിരുമനസ്സുകൊണ്ട് സസുഖം തിരിയെ തൃപ്പൂണിത്തുറെ എഴുന്നെള്ളി. ആ എഴുന്നള്ളത്തുവകയ്ക്കു വേണ്ടിവന്ന ചെലവു മുഴുവനും മഹാരാജാവു തിരുമനസ്സുകൊണ്ടാണ് ചെയ്തത്.
മാളികയുടെ മുകളിൽനിന്നു ചാടി പരിക്കുകൾ പറ്റി ചികിത്സയിൽ തിരുവനന്തപുരത്തു താമസിച്ചിരുന്നവർ ഒരു മാസംകൊണ്ട് സുഖക്കേടെല്ലാം മാറി പൂർവ്വസ്ഥിതിയെ പ്രാപിച്ചു. അനന്തരം മഹാരാജാവുതിരുമനസ്സു കൊണ്ട് അവരെ തിരുമുൻപാകെ വരുത്തി, "നിങ്ങൾ എന്തു വിചാരിച്ചാണ് മാളികയുടെ മുകളിൽനിന്നു ചാടിയത്?" എന്നു കല്പിച്ച് ചോദിച്ചു. അപ്പോൾ അവർ, "അടിയങ്ങൾ അപ്പോൾ ചാടിയില്ലെങ്കിൽ അടിയങ്ങളുടെ കഥ അപ്പോൾത്തന്നെ കഴിയും; ചാടിയാൽ ഒരു സമയം ജീവിച്ചുവെന്നും വരാമല്ലോ എന്നു വിചാരിച്ചിട്ടാണ് ചാടിയത്" എന്നു തിരുമനസ്സറിയിച്ചു. അതു കേട്ടു തിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും അവരുടെ സ്വാമിഭക്തിയെക്കുറിച്ച് ഏറ്റവും പ്രശംസിക്കുകയും അവർക്കു പലവിധ സമ്മാനങ്ങൾ കല്പിച്ചു കൊടുത്തു സന്തോഷിപ്പിച്ചയയ്ക്കുകയും ചെയ്തു.
ശക്തൻതിരുമനസ്സുകൊണ്ട് തൃപ്പുണിത്തുറെ എഴുന്നള്ളിയതിന്റെ ശേഷം അധികം താമസിയാതെ തൃശ്ശിവപേരൂർക്കെഴുന്നള്ളുകയും രണ്ടു മാസത്തോളം അവിടെ താമസിക്കുന്നതിനു നിശ്ചയിക്കുകയും ചെയ്തു. ആ കാലത്ത് അനുജൻ തമ്പുരാക്കന്മാർ തങ്ങളുടെ ഉപദേഷ്ടാവായ തുളുനാടൻസ്വാമിയാരെ തൃപ്പൂണിത്തുറെ വരുത്തുകയും കുറച്ചുദിവസം സൽക്കാരപൂർവ്വം താമസിപ്പിച്ചതിന്റെ ശേഷം ഗുരുദക്ഷിണയും മറ്റും കഴിച്ചു സന്തോഷിപ്പിച്ചയയ്ക്കുന്നതിനു നിശ്ചയിക്കുകയും ചെയ്തു. ഈ സംഗതി എങ്ങനെയോ ശക്തൻ തിരുമനസ്സുകൊണ്ട് അറിയുകയും " ഞാൻ കൂടി തൃപ്പൂണിത്തുറെ വന്നു വന്ദിച്ച് അനുഗ്രഹം വാങ്ങിയല്ലാതെ സ്വാമിയാരെ യാത്രയയയ്ക്കരുത്" എന്നൊരു തിരുവെഴുത്ത് ഇളയതമ്പുരാന്റെ പേർക്കു തൃപ്പൂണിത്തുറയ്ക്കു അയയ്ക്കുകയും ചെയ്തു. തിരുവെഴുത്തു കണ്ട് ഇളയ തമ്പുരാൻ വളരെ സന്തോഷിക്കുകയും "ജേഷ്ഠന് ഈ കാര്യത്തിൽ തൃപ്തിയില്ലെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. തിരുവെഴുത്തു കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. അവിടേക്കും സ്വാമിയെക്കുറിച്ചു വളരെ ഭക്തിയും ബഹുമാനവുമുണ്ടെന്നു തിരുവെഴുത്തുകൊണ്ട് സ്പഷ്ടമാകുന്നുണ്ട്" എന്ന് അവിടുത്തെ അനുജനായ വീരകേരളതമ്പുരാനോട് അരുളിച്ചെയുകയും സ്വാമിയാരെ അയയ്ക്കാതെ അവിടെ താമസിപ്പിക്കുകയും ചെയ്തു.
അനന്തരം പത്തു ദിവസം കഴിഞ്ഞപ്പോൾ ശക്തൻ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ട് തൃപ്പുണിത്തുറെ എഴുന്നള്ളുകയും ഉടനെ സ്വാമിയെ ചെന്നു കാണുകയും കാഴ്ചകൾവച്ചു വന്ദിച്ചു കുശലപ്രശ്നാദികൾ ചെയ്തു യാത്രയയയ്ക്കുകയും ചെയ്തു. സ്വാമിയാരെ ഡോലിയിൽ (മേനാവിൽ) ക്കയറ്റി വാദ്യഘോഷങ്ങളോടുകൂടിയാണ് അയച്ചത്. കോട്ടവാതിൽവരെ ശക്തൻതിരുമനസ്സുകൊണ്ടു അനുയാത്രയായി എഴുന്നള്ളുകയും അവിടെയെത്തിയപ്പോൾ സ്വാമിയാരെ ഇറക്കിയെഴുന്നള്ളിച്ചു താഴെയിരുത്തുകയും "എമ്പ്രാന്മാർക്കും ഭസ്മം കുറിയിടുക വളരെ നിന്ദ്യമാണല്ലോ; അതുകൊണ്ടു ധാരയാവട്ടെ" എന്ന് അരുളിച്ചെയുകയും ശക്തൻതിരുമനസ്സിലെ കല്പനപ്രകാരം ഒരു വഞ്ചി നിറച്ചു ചാരം കൊഴുക്കെ കലക്കി അവിടെ വച്ചിരുന്നതു മുഴുവനും സ്വാമിയാരുടെ ശിരസ്സിൽ അഭിഷേകം കഴിച്ച് അവിടെനിന്ന് അയയ്ക്കുകയും ചെയ്തു. ഇതു കണ്ടിട്ട് അനുജൻ തമ്പുരാക്കന്മാർക്കു സഹിക്കാൻവയ്യാതെ വ്യസനവും കോപവുമുണ്ടായി. എങ്കിലും ശക്തൻ തിരുമസ്സിലെക്കുറിച്ചുള്ള ഭയം നിമിത്തം അവർ എല്ലാം സഹിച്ചു മൗനത്തെ അവലംബിച്ചുകൊണ്ടു തന്നെ നിന്നു. ആ സ്വാമിയാർ അന്നു പോയിട്ടു പിന്നെ ശക്തൻതിരുമനസ്സിലെ കാലം കഴിയുന്നതുവരെ കൊച്ചീരാജ്യത്തു കടന്നിട്ടില്ല.
ഒരിക്കൽ ശക്തൻതിരുമനസ്സുകൊണ്ട് എറണാകുളത്തുനിന്നു തൃശ്ശിവപേരൂർക്ക് ഒരു ഓടിവഞ്ചിയിൽക്കയറി എഴുന്നള്ളിയപ്പോൾ ഇടയ്ക്കുവച്ചു വടക്കുനിന്ന് ഒരു വഞ്ചി വരുന്നതു കണ്ടു. ആ വഞ്ചി അടുത്തു വന്നപ്പോൾ അതിലിരുന്നിരുന്ന ഒരു സോമയാജി (ചോമാതിരി) "ഇന്നിടത്ത് ഇന്ന ചോമാതിരി ഇന്നു രാവിലെ മരിച്ചുപോയിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള പട്ടത്താനം എനിക്കാക്കിത്തരണം" എന്നു തിരുമനസ്സറിയിച്ചു. ഒരു ചോമാതിരി മരിച്ചാൽ ആ വർത്തമാനം ആദ്യം ചെന്ന് തിരുമനസ്സറിയിക്കുന്ന ആൾക്കാണ് മരിച്ച ആൾക്ക് പതിവുള്ള പണക്കിഴിയുടെ അവകാശം. അങ്ങനെ ആദ്യം ചെന്ന് അറിയിക്കുന്നതിന്റെ പേർ "വീഴില്ലം പറയുക" എന്നാണ്. ചോമാതിരി വീഴില്ലം പറഞ്ഞയുടനെ തിരുമനസ്സുകൊണ്ട്, "ആട്ടെ അതങ്ങനെ ചെയ്യാം. ചോമാതിരി ഈ വഴി ഇനി തിരുവനന്തപുരത്തേക്കാണെങ്കിൽ എന്റെ ഈ ഓടിവഞ്ചിയിൽക്കയറി പോയ്ക്കോളൂ. എന്നാൽ വേഗത്തിലെത്താം. ഞാൻ ചോമാതിരിയുടെ വഞ്ചിയിലും പൊയ്ക്കൊള്ളാം" എന്ന് അരുളിച്ചെയുകയും അപ്രകാരം പരസ്പരം വഞ്ചി മാറുകയും ചെയ്തിട്ടു വഞ്ചിക്കാരോട്, "നാളേ ഉദിക്കുന്നതിനുമുമ്പേ നിങ്ങൾ ചോമാതിരിയെ കുലശേഖരപ്പെരുമാളുടെ മുമ്പിലെത്തിക്കണം" എന്നുകൂടി അരുളിച്ചെയ്തയയ്ക്കുകയും തിരുമനസ്സുകൊണ്ടു ചോമാതിരിയുടെ വഞ്ചിയിൽത്തന്നെ എഴുന്നള്ളുകയും ചെയ്തു. അന്ന് അർദ്ധരാത്രിയായപ്പോൾ ഓടിവഞ്ചി 'ഇടവ' എന്ന സ്ഥലത്തെത്തി. അവിടെനിന്നു തിരുവനന്തപുരത്തേക്കു വഞ്ചിക്കു പോകുവാൻ അക്കാലത്തു മാർഗ്ഗമില്ലാതിരുന്നതിനാൽ വഞ്ചിക്കാർ ചോമാതിരിയെ കെട്ടിയെടുത്തും കൊണ്ട് ഓടി. ഒരു വിധത്തിൽ നേരം വെളുത്തപ്പോഴേക്കും അവർ ചോമാതിരിയെ തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിലെത്തിച്ചു. മഹാരാജാവുതിരുമനസ്സുകൊണ്ടു പള്ളിക്കുറുപ്പുണർന്നു പുറത്തെഴുന്നള്ളിയ ഉടനെ ചോമാതിരി, "ഇന്നിടത്ത് ഇന്ന ചോമാതിരി ഇന്നലെ രാവിലെ മരിച്ചിരിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള പട്ടത്താനങ്ങൾ എന്റെ പേരിൽ പതിച്ചുതരുന്നതിനു കൽപ്പനയുണ്ടാകണം" എന്നു തിരുമനസ്സറിയിച്ചു. അതു കേട്ടപ്പോൾ, ആറു ദിവസത്തെ വഴിക്കപ്പുറത്തുണ്ടായ ഒരു വർത്തമാനം അറുപതു നാഴിക കഴിയുന്നതിനു മുമ്പ് ഒരാൾ ഇവിടെ വന്നു പറയണമെങ്കിൽ ശക്തൻതിരുമനസ്സിലെ സഹായം കൂടാതെ സാധിക്കുകയില്ലെന്നു തിരുമനസ്സിൽ തോന്നുകയാൽ മഹാരാജാവു തിരുമനസ്സുകൊണ്ട് ചോമാതിരിയോട്, "പോരുന്ന വഴിക്കു പെരുമ്പടപ്പിൽമൂപ്പിലെ കാണുകയുണ്ടായോ? എന്നു കൽപ്പിച്ചു ചോദിച്ചു. ഉടനെ ചോമാതിരി, "കണ്ടു; എന്നുമാത്രമല്ല, അവിടുന്ന് അവിടുത്തെ ഓടി വഞ്ചിയിൽക്കയറ്റി എന്നെ ഇന്ന് ഉദിക്കുന്നതിനു മുമ്പേ ഇവിടെയെത്തിക്കണമെന്നു വഞ്ചിക്കാരോടു പ്രത്യേകം ചട്ടംകെട്ടി അയയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഞാൻ ഇത്ര വേഗത്തിൽ ഇവിടെ എത്തിയത്. എങ്കിലും മൂത്രവിസർജ്ജനത്തിനു കരയ്ക്കിറക്കാതെ വഞ്ചിക്കാർ എന്നെ വളരെ ബുദ്ധിമുട്ടിച്ചു" എന്നറിയിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട്, "ആട്ടെ, ചോമാതിരി ഇവിടെത്താമസിക്കൂ. ആ ബുദ്ധിമുട്ടിനിടയാകാതെ ഞാൻ അയച്ചുകൊള്ളാം. ചോമാതിരി പോകുമ്പോൾ പറഞ്ഞേ പോകാവൂ. ഇപ്പോൾ വന്നിട്ടുള്ള വഞ്ചിക്കാർ മടങ്ങിപ്പോയ്ക്കൊള്ളട്ടെ" എന്നു കല്പിക്കുകയാൽ ആ വഞ്ചിക്കാർ മടങ്ങിപ്പോവുകയും ചോമാതിരി തിരുവനന്തപുരത്തു താമസിക്കുകയും ചെയ്തു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ചോമാതിരി യാത്രയറിയിച്ചു. ഉടനെ മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപ്പിച്ചു ചോമാതിരിയെ ഒരു വഞ്ചിയിൽക്കയറ്റി, പിറ്റേദിവസം അദ്ദേഹത്തെ തൃശ്ശിവപേരുരെത്തിക്കണമെന്നും വഴിക്കു കാണുന്ന കടവുകളിലെല്ലാമിറക്കി മൂത്രവിസർജ്ജനം കഴിപ്പിക്കണമെന്നും പ്രത്യേകം കൽപ്പിചയച്ചു. കൽപ്പനപ്രകാരം വഞ്ചിക്കാർ ചോമാതിരിയെയും കൊണ്ടു പുറപ്പെട്ടു. വഴിക്കു കടവുകണ്ട സ്ഥലങ്ങളിലെല്ലാം അവർ ചോമതിരിയെ കരയ്ക്കിറക്കി മൂത്രമൊഴിപ്പിച്ചു. ചോമാതിരിക്കു മൂത്രവിസർജ്ജനം വേണ്ടെന്നു പറഞ്ഞാലും വഞ്ചിക്കാർ സമ്മതിക്കുകയില്ല. കൽപ്പന ലംഘിക്കാൻ പാടില്ലെന്നു പറഞ്ഞ് അവർ ചോമാതിരിയെപ്പിടിച്ചു കരയ്ക്കിറക്കി മൂത്രമൊഴിപ്പിക്കാതെ ഒരു കടവും കടന്നുപോയില്ല. ഒട്ടും വേണ്ടെന്നു ചോമാതിരി പറഞ്ഞാലും വഞ്ചിക്കാർ നിർബന്ധിച്ച് അദ്ദേഹത്തെക്കൊണ്ട് കുറച്ചെങ്കിലും മൂത്രമൊഴിപ്പിക്കും. അങ്ങനെ കൊണ്ടുപോയി അവർ അദ്ദേഹത്തെ പിറ്റേദിവസം തന്നെ തൃശ്ശിവപേരൂരെത്തിച്ചു. ചോമാതിരി ശക്തൻതിരുമനസ്സിലെ തിരുമുമ്പാകെ ച്ചെന്നപ്പോൾ "എന്താ ചോമാതിരീ, സുഖമായി പോയിപോന്നു, ഇല്ലേ" എന്നു കൽപ്പിച്ചു ചോദിച്ചു. അപ്പോൾ ചോമാതിരി, "അങ്ങോട്ടു പോയപ്പോൾ മൂത്രവിസർജ്ജനത്തിനു കരക്കിറക്കാതെയും ഇങ്ങോട്ടു പോന്നപ്പോൾ എനിക്കു വേണ്ടെങ്കിലും നിർബന്ധിച്ചും വഞ്ചിക്കാർ എന്നെ വളരെ ബുദ്ധിമുട്ടിച്ചു. അതല്ലാതെ വിശേഷമൊന്നുമുണ്ടായില്ല" എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട്,"ചോമാതിരിക്ക് ഒരു പ്രാവശ്യം കൂടി തിരുവനന്തപുരത്തോളം പോയിവരാമോ" എന്നു കൽപ്പിച്ചു ചോദിച്ചു. അതിനു മറുപടിയായി ചോമാതിരി,"നിങ്ങൾ തമ്മിൽ മത്സരിക്കുന്നതിനൊക്കെ ബുദ്ധിമുട്ടാൻ ഞാൻവേണമോ? അതു കൂടാതെ കഴിച്ചാൽക്കൊള്ളാം" എന്നുണർത്തിച്ചു. ഉടനെ തിരുമനസ്സുകൊണ്ട്, "ബുദ്ധിമുട്ടാണെന്നുണ്ടെങ്കിൽ വേണമെന്നില്ല" എന്നരുളിച്ചെയ്തു ചോമാതിരിയെ അയച്ചു.
ശക്തൻതിരുമനസ്സുകൊണ്ട് അവിടുത്തെ നൈത്യാരമ്മയ്ക്ക് ഒരു വീടു പണിയിച്ചു കൊടുത്തു. പുരപണി കുറ തീർന്നു പാലുകാച്ച് അടുത്തപ്പോൾ നൈത്യാരമ്മ, "പാലുകാച്ചടിയന്തിരം ഒരുവിധം കേമമായും ഭംഗിയായും നടത്തിയാൽക്കൊള്ളമെന്ന് അടിയന് ആഗ്രഹമുണ്ട്. ദേശക്കാരെയെല്ലാം ക്ഷണിച്ച് ഒരു സദ്യ നടത്തിയാൽക്കൊള്ളമെന്നാണ് അടിയന്റെ ആഗ്രഹം" എന്നു തീരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട്, "അതിനെന്താ വിരോധം? ചുമ്മുവിന്റെ ഇഷ്ടംപോലെയാകാമല്ലോ. സദ്യയ്ക്ക് വേണ്ടുന്ന വട്ടങ്ങൾക്കു ചുമ്മുതന്നെ ഒരു വര്യോല എഴുതിത്തന്നേക്കൂ. അപ്രകാരമെല്ലാം ചട്ടംകെട്ടിയേക്കാം" എന്നരുളിച്ചെയ്തു. നൈത്യാരമ്മ വേണ്ടുന്ന സാമാനങ്ങൾക്കെല്ലാം ഒരു വര്യോല എഴുതിക്കൊടുക്കുകയും ആ വര്യോലപ്രകാരമെല്ലാം കൽപ്പിച്ചു ചട്ടംകെട്ടി വട്ടംകൂട്ടിക്കുകയും ചെയ്തു. സദ്യയുടെ വട്ടമൊക്കെ വളരെ കേമമായിരുന്നു. അരിമാത്രം വര്യോലയിലെഴുതാൻ നൈത്യാരമ്മ മറന്നുപോയിരുന്നതിനാൽ അതുമാത്രമില്ലായിരുന്നു. അടിയന്തിരദിവസം കറിക്കുവെട്ടും ദേഹണ്ഡവുമെല്ലാം കഴിഞ്ഞു. സദ്യയ്ക്കു കൽപ്പനപ്രകാരം ദേശക്കാരെയൊക്കെ ക്ഷണിച്ചിരുന്നതിനാൽ അവരെല്ലാവരും വന്നു. സദ്യയ്ക്ക് ഇലവയ്ക്കുകയും എല്ലാവരും ഉണ്ണാനിരിക്കുകയും സകല വിഭവങ്ങളും വിളമ്പുകയും ചെയ്തു. ചോറുമാത്രമില്ല. അപ്പോഴാണ് ചോറുണ്ടാക്കീട്ടില്ലെന്നു നൈത്യാരമ്മ അറിഞ്ഞത്. കൽപ്പനപ്രകാരം വട്ടംകൂട്ടി നടത്തുന്ന അടിയന്തിരമാകയാൽ എല്ലാം മുറക്കു നടക്കുമെന്നു വിചാരിച്ച് നൈത്യാരമ്മ ഇടയ്ക്കൊന്നും അന്വേഷിച്ചിരുന്നില്ല. എല്ലാവരും ഉണ്ണാനിരുന്നുകഴിഞ്ഞിട്ടറിഞ്ഞാൽ പിന്നെ നിവൃത്തിയൊന്നുമില്ലല്ലോ. എല്ലാവരും ചോറു കൂടാതെ സദ്യയൂണും കഴിച്ചുപോയി. ഇതു നൈത്യാരമ്മയ്ക്കു വലിയ അപമാനത്തിനും കുണ്ഠിതത്തിനും കാരണമായി. നൈത്യാരമ്മ തിരുമുമ്പാകെച്ചെന്ന് ഇതിനെക്കുറിച്ചു വളരെ മനസ്താപത്തോടുകൂടി സങ്കടമറിയിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട്,
"ചുമ്മു വര്യോലയിൽ അരി എഴുതിയിരുന്നില്ലായിരിക്കും. അതാണ് ചോറില്ലാതെയിരുന്നത്. അത് ഇനി പറഞ്ഞതുകൊണ്ടു പ്രയോജനമൊന്നുമില്ലല്ലോ" എന്നരുളിച്ചെയ്തു.
പണ്ടു കൊച്ചിരാജ്യത്തു പണിക്കർ, കയ്മൾ, കർത്താവ് ഇങ്ങനെ പല നാടുവാഴികളുമുണ്ടായിരിന്നു. അവരെല്ലാവരും വലിയ ധനവാന്മാരും ഗർവ്വിഷ്ഠന്മാരുമായിരുന്നു. അവരിൽ ചിലർ മാത്രമേ രാജഭോഗം കൊടുത്തും രാജകല്പന അനുസരിച്ചും നടന്നിരുന്നുള്ളു. മിക്കവരും രാജഭോഗം കൊടുക്കാതെയും രാജകല്പന അനുസരിക്കാതെയും നടക്കുന്ന മുഷ്ക്കരന്മാരായിരുന്നു. അപ്രകാരമുള്ള ധിക്കാരികളെയെല്ലാം ശക്തൻ തിരുമനസ്സുകൊണ്ട് പിടിച്ചമർത്തുകയും അവരുടെ സർവ്വസ്വവും കൊള്ളചെയ്തു കുത്തിവാരി അപഹരിക്കുകയും ചെയ്തു. എന്നാൽ രാജഭോഗം ശരിയായി കൊടുക്കുകയും കല്പനയനുസരിച്ചു നടക്കുകയും ചെയ്തിരുന്നവരെ തിരുമനസ്സുകൊണ്ടു വേണ്ടതുപോലെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു.
മേൽപറഞ്ഞ നാടുവാഴികളുടെ കൂട്ടത്തിൽ "മുരിയാടത്തു നമ്പ്യാർ" എന്നൊരളുണ്ടായിരുന്നു. അയാൾ ജാതിയിൽ നായരായിരുന്നു. നമ്പ്യാർ എന്നുള്ളതു കല്പിച്ച് കൊടുത്ത ഒരു സ്ഥാനപ്പേരായിരുന്നു. അയാളുടെ ഭവനത്തിൽ സന്തതിയില്ലാതെ ഒടുക്കം ഒരു വൃദ്ധ മാത്രം ശേഷിച്ചു. അതിനാൽ ആ സ്ത്രീ തന്റെ കുടുംബത്തിലേക്കു ചിലരെ ദത്തെടുക്കണമെന്നു നിശ്ചയിക്കുകയും ആ വിവരം ശക്തൻതിരുമനസ്സിലെ അടുക്കൽ അറിയിക്കുകയും ചെയ്തു. ആ കുടുംബം ഏറ്റവും ധനപുഷ്ടിയുള്ളതായിരുന്നതിനാൽ അവരുടെ വസ്തുവകകളെല്ലാം കൈവശപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി ശക്തൻതിരുമനസ്സുകൊണ്ട് ആ സ്ത്രീയുടെ പേർക്ക്, "ദത്തിനു വേണ്ടുന്നതെല്ലാം വട്ടംകൂട്ടി, ദിവസവും മുഹൂർത്തവും നിശ്ചയിച്ചു വിവരമറിയിച്ചാൽ ദത്തെടുക്കാനുള്ളവരെയും കൊണ്ടു ഞാനവിടെ വന്നുകൊള്ളം. ഞാൻ കൊണ്ടുവരുന്നവരെ അല്ലാതെ വേറെ ആരെയും ദത്തെടുത്തുപോകയുമരുത്" എന്നൊരു കല്പനയയച്ചു.
ആ സ്ത്രീ അപ്രകാരം ദത്തിനു വേണ്ടുന്നതെലാം വട്ടംകൂട്ടി മുഹൂർത്തവും നിശ്ചയിച്ചു വിവരം തിരുമനസ്സറിയിച്ചു. മുഹൂർത്തസമയമായപ്പോൾ പുരുഷനും സ്ത്രീയുമായിട്ടുള്ള രണ്ടു കുട്ടികളെയുംകൊണ്ട് ശക്തൻതിരുമനസ്സുകൊണ്ട് ആ സ്ഥലത്തെഴുന്നള്ളി. ആ കുട്ടികൾ ഒരു തമ്പാന്റെ കോവികലത്തേതായിരുന്നു. കുട്ടികൾ തമ്പാന്റെ ജാതിയിലുള്ള വരാണെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീക്കു സീമാതീതമായ സന്തോഷമുണ്ടായി. ഉടനെ ദത്തിന്റെ ക്രിയകളും ചടങ്ങുകളുമൊക്കെ മുറയ്ക്കു നടത്തുകയും അവ കഴിഞ്ഞതിന്റെ ശേഷം സദ്യ ആരംഭിക്കുകയും ചെയ്തു. സദ്യ അതികേമമായിട്ടുണ്ടായിരുന്നു. അപ്പോൾത്തന്നെ ദത്തെടുക്കപ്പെട്ട കുട്ടികളെയും ഭക്ഷണത്തിനിരുത്തി. അവർക്ക് ആ വൃദ്ധ തന്നെ ചോറു വിളമ്പിക്കൊടുത്തു. അവർ ഉണ്ണാതെ വിഷാദഭാവത്തോടുകൂടിയിരുന്നതു കണ്ടിട്ട് വൃദ്ധ തിരുമുമ്പാകെച്ചെന്ന് "അടിയന്റെ അവകാശികളാക്കി ദത്തെടുക്കപ്പെട്ടവർ അടിയൻ വിളമ്പിക്കൊടുത്ത അന്നം ഭക്ഷിക്കാതെയിരിക്കുന്നതെന്താണ്? ഇത് അടിയനു വളരെ സങ്കടകരമാണ്" എന്നുണർത്തിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് കുട്ടികളോടു, "ആട്ടെ, ഊണുകഴിക്കുന്നതിനു വിരോധമില്ല. പിന്നീടു ഞാൻനോക്കിക്കൊള്ളാം" എന്ന് അരുളിച്ചെയ്യുകയും കുട്ടികൾ മനസ്സോടുകൂടിയല്ലെങ്കിലും ഭക്ഷണം കഴിക്കുകയും ചെയ്തു. ദത്തുസംബന്ധിച്ചുള്ള സദ്യ മുതലായവയെല്ലാം കഴിഞ്ഞതിന്റെ ശേഷം ആ കുട്ടികളെ അവിടെത്തന്നെ താമസിപ്പിച്ചിട്ടു തിരുമനസ്സുകൊണ്ടു കോവിലകത്തേക്കെഴുന്നള്ളി. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ സ്ത്രീ മരിക്കുകയും അവരുടെ ശേഷക്രിയകൾ ആ കുട്ടികളെക്കൊണ്ടുതന്നെ ചെയ്യിക്കുകയും ചെയ്തു.
അനന്തരം ശക്തൻതിരുമനസ്സുകൊണ്ട് വൈദികന്മാർ മുതലായവരെ വരുത്തി, നായരുടെ അന്നം ഭക്ഷിച്ച ഈ ക്ഷത്രിയക്കുട്ടികളെ ഏതു സ്ഥിതിയിലാണ് ഇരുത്തേണ്ടതെന്ന് ആലോചിച്ചു. കുട്ടികൾ കല്പനയെ നിരസിക്കാൻ നിവൃത്തിയില്ലാതെ വരുകയാൽ മനസ്സുകൂടാതെ ഭക്ഷിച്ചതാകയാൽ അവർക്കു ഭ്രഷ്ടു കല്പിക്കാൻ പാടില്ലെന്നും അവരെ ഒരു പ്രത്യേകജാതിക്കാരായി ഇരുത്തേണ്ടതാണെന്നും അവരുടെ ആചാരങ്ങളെല്ലാം ക്ഷത്രിയരെപ്പോലെ ആയിരിക്കേണ്ടതാണെന്നും ക്രിയാദികൾ മന്ത്രം കൂടാതെ ബ്രാഹ്മണർ നടത്തിക്കൊടുക്കേണ്ടതാണെന്നും ഉപനയനം പൂണൂലിടാതെ നടത്തണമെന്നും അവരെ ദേവാലയവും ബ്രാഹ്മണാലയവുമില്ലാത്തതായ ഒരു ദേശത്ത് ഒരു നദീത്തീരത്തു താമസിപ്പിക്കേണ്ടതാണെന്നും മഹാബ്രാഹ്മണർ കൂടിയാലോചിച്ചു വിധിച്ചു. അതിനാൽ തിരുമനസ്സുകൊണ്ട് "മലയാറ്റൂർ" എന്ന ദേശത്ത് അവർക്കൊരു ഭവനം പണികഴിപ്പിച്ചു കൊടുക്കുകയും അവരെ അവിടെത്താമസിപ്പിക്കുകയും അവരുടെ ചിലവിനു പതിവായി സർക്കാരിൽനിന്നു കൊടുക്കുന്നതിനു കല്പിച്ച് ഏർപ്പാടുചെയ്യുകയും ചെയ്തു. ആ സ്ഥലത്ത് ആ കുട്ടികളുടെ വംശ്യന്മാർ ഇപ്പോഴും താമസിക്കുന്നുണ്ട്. അവരുടെ ചെലവിന് ഇപ്പോഴും കൊച്ചിസർക്കാരിൽനിന്നാണ് കൊടുത്തുവരുന്നത്. അവർ ആദ്യം തമ്പാക്കന്മാരായിരുന്നതിനാൽ അവരെ നായന്മാർ മുതലായവർ ഇപ്പോഴും വിളിച്ചുവരുന്നതു തമ്പാക്കന്മാരെന്നു തന്നെയാണ്. എന്നാൽ നമ്പ്യാരുടെ കുടുംബത്തിൽ ദത്തു കേറിയവരായതുകൊണ്ട് ബ്രാഹ്മണരും മറ്റും അവരെ ഇപ്പോഴും നമ്പ്യാന്മാരെന്നാണു പറഞ്ഞുവരുന്നത്. ആ കുടുംബത്തിൽ ഒടുക്കം ശേഷിച്ചിരുന്ന സ്ത്രീ മരിച്ചതിന്റെ ശേഷം അവരുടെ സർവ്വസ്വവും കൊച്ചിസർക്കാരിലേക്കു ചേർത്തു. പാത്രങ്ങളും പണ്ടങ്ങളുമെല്ലാം വരുത്തി തിരുമനസ്സുകൊണ്ട് ഈടുവെയ്പിൽ വെയ്പ്പിച്ചു.
നമ്പ്യാരുടെ പാത്രങ്ങളിന്മേലും മറ്റും പേരു വെട്ടിയിരുന്നത് "മുകുന്ദപുരം" എന്നായിരുന്നു. അങ്ങനെ പേരുവെട്ടീട്ടുള്ള പണ്ടങ്ങളും പാത്രങ്ങളും തൃപ്പൂണിത്തുറെ ഈടുവെയ്പ്പിൽ ഇപ്പോഴും കാണുന്നുണ്ട്.
തിരുവനന്തപുരത്തെ മുറജപത്തിന്റെ വട്ടങ്ങളും കേമത്തങ്ങളും മറ്റും ചില നമ്പൂരിമാർ പറഞ്ഞുകേട്ടിട്ട് ശക്തൻതിരുമനസ്സുകൊണ്ട് അതൊക്കെ ഒന്നു പോയി കണ്ടും അനുഭവിച്ചും മനസ്സിലാക്കണമെന്നും നിശ്ചയിച്ച് ഒരു മുറജപക്കാലത്ത് അങ്ങോട്ടുപുറപ്പെട്ടു. പരിവാരങ്ങളൊന്നും കൂടാതെ ഏറ്റവും ഗൂഢമായിട്ടായിരുന്നു ആ എഴുന്നള്ളത്ത്. ഒരു കട്യാവുഭാണ്ഡവും ഒരോലക്കുടയും ഒരു വടിയുമായി ഒരു നമ്പൂരിയുടെ മട്ടിലാണ് എഴുന്നള്ളിയത്. മുറജപകാലത്തു വഴിക്ക് ഓരോ സ്ഥലങ്ങളിലും നമ്പൂരിമാർക്കു ഭക്ഷണത്തിനു സർക്കാരിൽനിന്നു കേമമായി വട്ടംകൂട്ടിയിരിക്കുമല്ലോ. തിരുമനസ്സുകൊണ്ട് ആ സ്ഥലങ്ങളിലൊക്കെയിറങ്ങി നമ്പൂരിമാരുടെ കൂട്ടത്തിൽ അമൃതേത്തു കഴിച്ചുകൊണ്ടാണ് എഴുന്നെള്ളിയത്. എങ്കിലും ഈശ്വരാനുകൂല്യംകൊണ്ട് വഴിക്ക് അറിയുന്നവരാരും കണ്ടില്ല. അങ്ങനെ ക്രമേണ തിരുവനന്തപുരത്തെത്തി. പത്മതീർത്ഥത്തിൽ ഒരൊതുങ്ങിയ സ്ഥലത്തിറങ്ങി, കുടയും വടിയും ഭാണ്ഡവും കരയ്ക്കുവച്ചിട്ടു നീരാട്ടുകുളിയും നിത്യകർമ്മാനുഷ്ടാനാദികളും കഴിച്ചു ശീവേലിപ്പുരയിൽച്ചെന്ന് അമൃതേത്തും കഴിച്ചു. അപ്പോഴും ആരും കണ്ടറിഞ്ഞില്ല. അമൃതേത്തു കഴിഞ്ഞു കൈ കഴുകാനായി നേരത്തെ നീരാട്ടുകുളി കഴിച്ച കടവിൽത്തന്നെ ചെന്നിറങ്ങി കൈ കഴുകി. ആ സമയം രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു കരുവേലപ്പുര മാളികയുടെ മുകളിലിരുന്നുകൊണ്ടു കാണുകയും കണ്ടയുടനെ ആളറിയുകയും ചെയ്തു. എങ്കിലും അവിടുന്ന് അപ്പോൾ അറിഞ്ഞതായി ഭാവിക്കുകയും ഒന്നും പ്രവർത്തിക്കുകയും ചെയ്തില്ല. രാത്രിയായപ്പോൾ പത്മതീർത്ഥക്കരയിലെല്ലാം കല്പനപ്രകാരം തീവെട്ടി (ദീപയ ഷ്ടി) കൊളുത്തിപ്പിടിക്കുകയും തിരുമനസ്സുകൊണ്ട് കരുവേലപ്പുരമാളികയുടെ മുകളിലേക്കെഴുന്നള്ളി നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ നമ്പൂരിമാർ അത്താഴം കഴിഞ്ഞു കൈ കഴുകാനായി പത്മതീർത്ഥത്തിൽ വന്നിറങ്ങിത്തുടങ്ങി. ആ കൂട്ടത്തിൽ ശക്തൻതിരുമനസ്സുകൊണ്ടു കൈ കഴുകാനിറങ്ങിയത് രാവിലെ നീരാട്ടുകുളി കഴിച്ച കടവിൽത്തന്നെയായിരുന്നു. അപ്പോഴും അവിടുത്തെ തൃക്കയ്യിൽ ഓലക്കുടയും വടിയും കട്യാവുഭാണ്ഡവുമുണ്ടായിരുന്നു. അവിടുന്നു കടവിൽ വന്നിറങ്ങിയ ഉടനെ രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ടു രണ്ടു പട്ടക്കാരെ വിളിച്ച് "വടക്കേക്കരയിലുള്ള ആ ഇടുക്കുകടവിലിറങ്ങി കൈ കഴുകുന്ന ആ കട്യാവുഭാണ്ഡക്കാരനെ വിളിച്ച് ഇവിടെ കൊണ്ടുവരണം. ഞാൻപറഞ്ഞു എന്നു പറഞ്ഞാൽ അദ്ദേഹം വരും. നിങ്ങൾ ബലം പ്രയോഗിച്ചു കൊണ്ടുവരണമെന്നില്ല" എന്നു കല്പിച്ചയച്ചു. പട്ടാളക്കാർ ഓടിച്ചെന്ന് "കരുവേലപ്പുരമാളികയിൽ ചെല്ലാൻ കല്പനയായിരിക്കുന്നു" എന്നു പറഞ്ഞു. "അദ്ദേഹം ആളറിഞ്ഞുകഴിഞ്ഞു. ഇനി ഇവിടെ മടിക്കുകയും ഒളിക്കുകയും ചെയ്യുന്നതു യുക്തമല്ല" എന്നു വിചാരിച്ചു ശക്തൻ തിരുമനസ്സുകൊണ്ടു നേരെ കരുവേലപ്പുരമാളികയിലേക്കുതന്നെ എഴുന്നള്ളി. എഴുന്നള്ളത്തു കോവണിച്ചുവട്ടിലായപ്പോൾ രാമവർമ്മ മഹാരാജാവുതിരുമനസ്സുകൊണ്ട് താഴെ എഴുന്നള്ളി തൃക്കൈയ്ക്കു പിടിച്ച് മുകളിലേക്കു കൊണ്ടുപോയി. ആസനസൽക്കാരം ചെയ്തിതിരുത്തീട്ട് അവിടുന്നും ഒരു കസാലയിലിരിക്കുകയും ഉടനെ സംഭാഷണമാരംഭിക്കുകയും ചെയ്തു.
രാമവർമ്മ: ഇതെന്തൊരു നേരംപോക്കാണ്? ഈ ഗൂഢസഞ്ചാരത്തിന്റെ ഉദ്ദേശ്യമെന്താണ്?
ശക്തൻ: ഇങ്ങനെയായാലല്ലാതെ ഈ ഘോഷങ്ങളൊക്കെ വേണ്ടതുപോലെ കാണാനും മറ്റും സാധിക്കയില്ലല്ലോ. നമ്പൂരിമാരുടെ ബഹളങ്ങളും മറ്റും കാണുകയും ആ കൂട്ടത്തിൽച്ചെന്നു സദ്യയുണ്ടുനോക്കുകയും മറ്റും ചെയ്യുന്നതിന് ഇങ്ങനെയായാലല്ലാതെ സാധിക്കുമോ?
രാമവർമ്മ: അതില്ല. ഞാൻ അത് ഊഹിക്കാതിരുന്നില്ല. ഞാൻ രാവിലെതന്നെ അവിടുത്തെക്കണ്ടു. ആഗ്രഹം സാധിച്ചുകഴിയട്ടെ എന്നു വിചാരിച്ചാണ് ഇതുവരെ ക്ഷമിച്ചത്. ഇതൊക്കെ അവിടേക്കല്ലാതെ സാധിക്കയില്ല.
ശക്തൻ: ഈവക കളവുകൾ കണ്ടുപിടിക്കാൻ അവിടേക്കും.
രാമവർമ്മ: കൂടെ വേറെ ആരുണ്ട്?
ശക്തൻ: ഇതാ ഈ കുടയും വടിയും ഭാണ്ഡവും മാത്രം.
രാമവർമ്മ. അതും അത്ഭുതം തന്നെ. ഭൃത്യന്മാരാരും കൂടാതെ വേണ്ടുന്ന കാര്യങ്ങളൊക്കെ സ്വയമേവ സാധിക്കുന്ന അവിടുത്തെ, ജനങ്ങൾ ശക്തനെന്നു പറയുന്നതു യഥാർത്ഥംതന്നെ. ശക്തൻ എന്നു പോരാ, സർവ്വശക്തൻ എന്നുതന്നെ പറയേണ്ടതാണ്. ആട്ടെ, ആ വടിക്കകത്തു വാളായിരിക്കുമല്ലോ.
ശക്തൻ: അതങ്ങനെതന്നെ. അതും ഇല്ലാതെ തനിച്ചു സഞ്ചരിക്കുന്നതു ചിലപ്പോൾ ആപൽക്കരമായി വന്നേക്കുമല്ലോ.
രാമവർമ്മ: എന്നെ അറിയിക്കാതെ മടങ്ങിപ്പോകണമെന്നായിരിക്കുമൊ വിചാരിച്ചത്?
ശക്തൻ: സാധിച്ചുവെങ്കിൽ അങ്ങനെ വേണമെന്നുതന്നെയായിരുന്നു വിചാരം. സാധിക്കുന്ന കാര്യം അസാധ്യമാണെന്നും വിചാരിക്കാതെയിരുന്നില്ല.
രാമവർമ്മ. ആട്ടെ. കാണാൻ സാധിച്ചുവല്ലോ; സന്തോഷമായി. ഇനി മുറജപം കഴിഞ്ഞിട്ട് പോയാൽ മതി.
ശക്തൻ: അതിനു നിവൃത്തിയില്ല. ഇന്നുതന്നെ തിരിയെ മടങ്ങണമെന്നാണ് വിചാരിച്ചത്. അതു തെറ്റിയല്ലോ. നാളെയെങ്കിലും പോകണം.
രാമവർമ്മ: ആട്ടെ,അതു നാളെ നിശ്ചയിക്കാം. ഇപ്പോൾ നമുക്കു കിടക്കാൻ ശ്രമിക്കാം. നേരം രാത്രി അധികമായി.
ഇങ്ങനെ സംഭാഷണം അവസാനിപ്പിച്ചതിന്റെ ശേഷം രണ്ടു തിരുമേനികളും പള്ളിക്കുറുപ്പിനെഴുന്നള്ളി.
കുലശേഖരപ്പെരുമാൾ തിരുമനസ്സിലെ നിർബന്ധം നിമിത്തം ശക്തൻതിരുമനസ്സുകൊണ്ട് ആ പ്രാവശ്യവും നാലു ദിവസം തിരുവനന്തപുരത്ത് എഴുന്നള്ളിത്താമസിച്ചു. രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ടു വേണ്ടുന്ന ഭൃത്യന്മാരെയും മറ്റും ഏർപ്പെടുത്തിക്കൊടുത്തു. രാജപദവിയോടുകൂടിത്തന്നെയാണ് ശക്തൻതിരുമേനിയെ അവിടെ താമസിപ്പിച്ചിരുന്നത്. തിരിച്ചെഴുന്നള്ളിയ സമയം വഴിക്കു വേണ്ടുന്ന സൗകര്യങ്ങളെല്ലാം കല്പനപ്രകാരം ചട്ടം കെട്ടിയിരുന്നു എന്നുമാത്രമല്ല, തിരുവനന്തപുരത്തുനിന്നു ബോട്ടിൽക്കയറ്റിയാണ് തൃപ്പൂണിത്തുറെ എത്തിച്ചത്.
ശക്തൻതിരുമനസ്സുകൊണ്ട് ആരുമറിയാതെ തിരുവനന്തപുരത്തു വന്നുപോകണമെന്നു വിചാരിച്ചുവല്ലോ. അതിനു പകരമൊന്നു പറ്റിക്കണമെന്ന് രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നിശ്ചയിച്ചു. എന്നാൽ അത് ആരോടും കല്പിച്ചില്ലതാനും. ഒരിക്കൽ തിരുമനസ്സുകൊണ്ട് അഷ്ടമിദർശനത്തിനായി വൈക്കത്തെഴുന്നള്ളുകയും അവിടെ ഏതാനും ദിവസം താമസിക്കുകയും ചെയ്തു. അനന്തരം തിരിയെ എഴുന്നള്ളത്തു നിശ്ചയിച്ച് ഒരു ദിവസം അത്താഴമമൃതേത്തു കഴിഞ്ഞു ബോട്ടിലെഴുന്നള്ളി. ബോട്ടു നീക്കാറായപ്പോൾ തൃപ്പൂണിത്തുറയ്ക്കു പിടിക്കട്ടെ എന്നും നിശ്ശബ്ദമായിരിക്കണമെന്നും ബോട്ടു തൃപ്പുണിത്തുറെ ക്ഷേത്രത്തിനു പടിഞ്ഞാറുവശത്തുള്ള തോട്ടുകടവിലടുക്കണമെന്നും കല്പിച്ചു. അപ്രകാരം ബോട്ട് അവിടെ അടുത്ത ഉടനെ തിരുമനസ്സുകൊണ്ട് ഒരു സാധാരണ മനുഷ്യനെപ്പോലെ ഒരു മുണ്ടും ഒരു തോർത്തുമുണ്ടും മാത്രമുടുത്തുകൊണ്ട് കരയ്ക്കിറങ്ങി നേരെ കിഴക്കോട്ടു കാൽനടയായി എഴുന്നള്ളി. അമ്പലക്കുളത്തിലെത്തി നീരാട്ടുകുളി കഴിച്ച്, ആ ഈറൻ തന്നെ ധരിച്ചുകൊണ്ട് അമ്പലത്തിലെഴുന്നള്ളി. ഒരു ശരപ്പൊളിമാലയും പതക്കവും നടയ്ക്കുവച്ചു സ്വാമിദർശനം കഴിച്ചു പുറത്തിറങ്ങി. ക്ഷണത്തിൽ ബോട്ടിലെഴുന്നള്ളി തിരിയെ എഴുന്നെള്ളുകയും ചെയ്തു. അപ്പോൾ അവിടെ ഉത്സവമായിരുന്നു എന്നുതന്നെയല്ല, അന്നു തൃക്കേട്ട പുറപ്പാടുമായിരുന്നു. വിളക്കിനെഴുന്നള്ളിച്ചു പടിഞ്ഞാറേ നടയിൽ മേളം പൊടിപൊടിച്ചിരുന്ന സമയത്താണ് തിരുമനസ്സുകൊണ്ട് സ്വാമിദർശനം കഴിച്ച് എഴുന്നള്ളിയത്. അതിനാൽ ആരും കണ്ടറിയുന്നതിനിടയായില്ല. തിരുമനസ്സുകൊണ്ട് തിരിയെ എഴുന്നള്ളി കുറച്ചുകഴിഞ്ഞപ്പോൾ അപരിചിതനായ ഒരാൾ അമ്പലത്തിൽ വന്നു വളരെ വില പിടിപ്പുള്ളതായ ഒരു ശരപ്പൊളിമാലയും പതക്കവും നടയ്ക്കുവച്ചു സ്വാമിദർശനം കഴിച്ചു പോയതായി ശക്തൻതിരുമനസ്സിലേക്ക് അറിവുകിട്ടി. മാലയും പതക്കവും വരുത്തി പരിശോധിച്ചപ്പോൾ പതക്കത്തിന്റെ പുറകുവശത്ത് "തിരുവിതാംകൂർ രാമവർമ്മ" എന്നു പേരുവെട്ടിയിരിക്കുന്നതായിക്കണ്ടു. ഉടനെ ആളുകളെ അയച്ച് അന്വേഷിച്ചപ്പോൾ കുറച്ചു സമയം മുമ്പേ പടിഞ്ഞാറെ ബോട്ടുകടവിൽ ഒരു ബോട്ട് അടുത്തു കിടന്നിരുന്നുവെന്നും അതു വിട്ടുപോയിട്ട് ഏകദേശം നാലു നാഴിക കഴിഞ്ഞിരിക്കുന്നുവെന്നും അറിവുകിട്ടി. ഈ വന്നുപോയത് ഇന്നാരാണെന്നും ഇതു തന്നെ പറ്റിക്കുകയാണ് ചെയ്തതെന്നും ശക്തൻതിരുമനസ്സുകൊണ്ടു മനസ്സിലാക്കിയെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലൊ. രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ട് പിറ്റേദിവസം രാവിലെ അമ്പലപ്പുഴെ എത്തുകയും ആ വഴി തിരുവനന്തപുരത്തിന് എഴുന്നള്ളുകയും ചെയ്തു.
രാമവർമ്മമഹാരാജാവു തിരുമനസ്സിലെ പ്രത്യേക പ്രീതിക്കു പാത്രീഭവിച്ചവരായി കേശവപിള്ള ദിവാൻജിയെ കൂടാതെ, കുഞ്ചിക്കുട്ടി, കുതിരപ്പക്ഷി, വൈക്കം പത്മനാഭപിള്ള ഇങ്ങനെ മൂന്നുപേരുകൂടിയുണ്ടായിരുന്നു എന്നു മാത്രമല്ല,പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരിനമ്പിയുടെ അടുക്കൽ ശിഷ്യപ്പെട്ട് ഉപദേശം വാങ്ങീട്ടുള്ള വലിയ മന്ത്രവാദികളുമായിരുന്നു. അവർക്കു ശത്രുക്കളുടെ ആയുധമേറ്റു മരണം സംഭവിക്കാതെയിരിക്കുന്നതിനായി തേവലശ്ശേരിനമ്പി അവരെ രക്ഷ ധരിപ്പിക്കുകയും ചെയ്തിരുന്നു. സ്വർണ്ണത്തകിടിൽ രക്ഷയെഴുതി അവരുടെ തുടകീറി തുടയ്ക്കകത്താണ് നമ്പി രക്ഷ സ്ഥാപിച്ചിരുന്നത്. അവരുടെ അത്ഭുത കർമ്മങ്ങളും മറ്റും വിവരിക്കുന്നതിന് ഓരോരുത്തരെക്കുറിച്ചും പ്രത്യേകം പ്രത്യേകം ഓരോ ഉപന്യാസങ്ങൾ വേണ്ടിയിരിക്കുന്നതിനാൽ അതിനായി ഇപ്പോൾ ഉദ്യമിക്കുന്നില്ല. ഇവിടെ പ്രകൃതം ശക്തൻതമ്പുരാൻ തിരുമനസ്സിലെ ചരിത്രമാണല്ലോ. അതിനാൽ ആ തിരുമേനിയുമായി കൂടിക്കാണാൻ സംഗതിയായിട്ടുള്ള കുഞ്ചിക്കുട്ടിയെക്കുറിച്ചുമാത്രം സ്വൽപ്പം പറഞ്ഞുകൊള്ളുന്നു. കുഞ്ചിക്കുട്ടി തിരുവനന്തപുരത്തു വലിയ കൊട്ടാരം സർവ്വാധികാര്യക്കാരായിരുന്നതിനാൽ അദ്ദേഹത്തെ എല്ലാവരും സാധാരണയായി പറഞ്ഞുവന്നിരുന്നത് "കുഞ്ചിക്കുട്ടി സർവ്വാധികാര്യക്കാർ" എന്നായിരുന്നു.
ഒരിക്കൽ കൊച്ചിയും തിരുവിതാംകൂറും തമ്മിൽച്ചേർന്നതായ അതിർത്തി സ്ഥലത്ത് ഒരാന കുഴിയിൽ വീണു. അതറിഞ്ഞ് ആ ആനയെ കുഴിയിൽനിന്നു കയറ്റിക്കൊണ്ട് പോകാനായി കുഞ്ചിക്കുട്ടി സർവ്വാധികാര്യക്കാർ പോയിരുന്നു. കുഞ്ചിക്കുട്ടി സ്ഥലത്തെത്തിയപ്പോഴേക്കും കൊച്ചീസർക്കാരിൽനിന്നു താപ്പാനകളെയും മറ്റുംകൊണ്ട് ആളുകൾവന്ന് ആനയെ കുഴിയിൽനിന്നു കയറ്റി അതിർത്തി കടത്തിക്കഴിഞ്ഞിരുന്നു. കുഞ്ചിക്കുട്ടി അടുത്തുചെന്നു തന്റെ മന്ത്രശക്തികൊണ്ട് ആനയെ പുറകോട്ടു നടത്തി തിരിച്ചു കൊണ്ട് വന്ന് ആനക്കൂട്ടിലാക്കിയടച്ചു. ഇണക്കവും പരിചയവും വരാത്ത കാട്ടാനയെ പിടിക്കാനോ തടുക്കാനോ അതിന്റെ അടുക്കൽച്ചെല്ലാനോ ആർക്കും സാധ്യമല്ലല്ലോ. അതിനാൽ കൊച്ചിയിൽനിന്നു വന്നവർ ഒന്നും ചെയ്യാതെ നോക്കിക്കൊണ്ടു നിന്നതേയുള്ളു.
ഈ വർത്തമാനം കേട്ടു ശക്തൻതിരുമനസ്സുകൊണ്ടു തിരുവിതാംകൂർ മഹാരാജാവു തിരുമസ്സിലെപ്പേർക്ക് "അവിടെ സർവ്വാധിയായിരിക്കുന്ന കുഞ്ചിക്കുട്ടിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുണ്ട്. അതിനാൽ സൗകര്യംപോലെ അവനെ ഇങ്ങോട്ടയച്ചാൽകൊള്ളാം" എന്നൊരു തിരുവെഴുത്തെഴുതിയയച്ചു. തിരുവെഴുത്തു കണ്ടയുടെനെ മഹാരാജാവു തിരുമനസ്സുകൊണ്ടു സർവ്വാധികാര്യക്കാരെ തിരുമുൻപിൽ വരുത്തി, "കുഞ്ചിക്കുട്ടിയെ ഒന്നു കാണാനായിട്ടു തൃപ്പൂണിത്തുറയ്ക്ക് അയച്ചാൽ കൊള്ളാമെന്നു പെരുമ്പടപ്പിൽ മൂപ്പിലെ എഴുത്തു വന്നിരിക്കുന്നു. എന്താ, ഒന്നു പോയിവരാൻ വയ്യേ" എന്നു കല്പിച്ചു ചോദിച്ചു. "കൽപ്പനയുണ്ടെങ്കിൽ വിടകൊള്ളാം" എന്നു സർവ്വാധികാര്യക്കാർ ഉണർത്തിക്കുകയും "ആട്ടെ, ഒന്നു പോയി വരൂ. സൂക്ഷിച്ചു വേണം. അദ്ദേഹം ഒരു ശുദ്ധാത്മാവാണ്. എങ്കിലും മുൻകോപം കലശലാണ്. ദേഷ്യം വന്നാൽ എന്തും പ്രവർത്തിക്കും. അങ്ങനെയാണ് സ്വഭാവം. ആളറിഞ്ഞു പെരുമാറിക്കൊണ്ടാൽ മതി'എന്നു കൽപ്പിക്കുകയും ചെയ്തു. സർവ്വാധികാര്യക്കാർ മഹാരാജാവു തിരുമേനിയെ വന്ദിച്ചുകൊണ്ട് അന്നുതന്നെ പുറപ്പെട്ടു. നാലാം ദിവസം തൃപ്പൂണിത്തുറെയെത്തി. സേവകന്മാർ മുഖാന്തരം അനുവാദം വാങ്ങിക്കൊണ്ടു തിരുമുൻപാകെചെന്നു. ആ സമയം ശക്തൻ തിരുമനസ്സുകൊണ്ട് കളിമാളികയുടെ വരാന്തയിൽ ഒരു കസാലയിൽ എഴുന്നള്ളിയിരിക്കുകയായിരുന്നു. തൃക്കൈയിൽ ഒരു വാളുമുണ്ടായിരുന്നു. സർവ്വാധികാര്യക്കാർ അടുത്തു ചെന്നു വന്ദിച്ചു. അപ്പോൾ ശക്തൻ തിരുമനസ്സുകൊണ്ട്, "കുഞ്ചിക്കുട്ടിയെക്കുറിച്ച് ധാരാളമായി കേട്ടിട്ടുണ്ട്. കാണാൻ കഴിഞ്ഞിട്ടില്ല. ഒന്നു കണ്ടാൽ കൊള്ളാമെന്നു ഞാൻവിചാരിച്ചു തുടങ്ങീട്ടു വളരെ ദിവസമായി. ഇന്നു കണ്ടുവല്ലോ; സന്തോഷമായി."'
സർവ്വാധി: ഇവിടെ വിടകൊണ്ടു തൃപ്പാദം കണ്ടു വന്ദിച്ചാൽകൊള്ളാമെന്ന് അടിയനും വിചാരിക്കാറുണ്ട്. അതിനുള്ള വിധി ഇന്നേ അടിയനു ലഭിച്ചുള്ളു.
ശക്തൻ: (തൃക്കയ്യിലിരിക്കുന്ന വാൾ കാണിച്ചുകൊണ്ട്) കുഞ്ചിക്കുട്ടി ഇതു കണ്ടുവോ?
സർവ്വാധി: എറാൻ, ചെറുതായിട്ടൊന്ന് അടിയന്റെ കൈയിലുമുണ്ട്. (എന്നു പറഞ്ഞ് അരയിൽ ഒളിച്ചുവച്ചിരുന്ന അരവാളെടുത്തു കാണിച്ചു.)
ശക്തൻ: കാണട്ടെ, അതിങ്ങൊട്ടൊന്നു തരു.
സർവ്വാധി: തൃക്കൈലിരിക്കുന്നതു ഇങ്ങോട്ടു കൽപ്പിച്ചുതന്നാൽക്കൊള്ളാം.
(ശക്തൻതിരുമനസ്സുകൊണ്ടു തൃക്കൈയിലിരുന്ന വാൾ കല്പിച്ചു കൊടുക്കുകയും സർവ്വാധികാര്യക്കാർ താണു തൊഴുതിട്ടു രണ്ടു കൈയും നീട്ടി വാങ്ങുകയും ചെയ്തതിന്റെ ശേഷം)
ശക്തൻ: ഇനി അതിങ്ങോട്ടു തരരുതോ?
സർവ്വാധി: നിവൃത്തിയില്ല. ഇതു തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് അടിയനു കല്പിച്ച് തന്നിട്ടുള്ളതാണ്. ഇത് അടിയന്റെ ജീവനുള്ളപ്പോൾ താഴെ വയ്ക്കുകയോ മറ്റൊരാളുടെ കയ്യിൽ കൊടുക്കുകയോ ചെയ്യുകയില്ല.
ശക്തൻ: എന്നാൽ ഞാൻ തന്നത് ഇങ്ങോട്ടു തന്നേക്കു.
സർവ്വാധി: അടിയന് ഇവിടുത്തെക്കുറിച്ചും ഭക്തി ഒട്ടു കുറവില്ല. അവിടുന്ന് അടിയനു കൽപ്പിച്ചുതന്നത് അടിയൻ തിരിച്ചുതരുന്നതു മര്യാദയല്ലല്ലോ. അതും അടിയൻ അടിയന്റെ ജീവനുള്ളപ്പോൾ താഴെ വയ്ക്കുകയോ മറ്റൊരാളുടെ കൈയിൽ കൊടുക്കുകയോ ചെയ്കയില്ല. അടിയനു കല്പിച്ചുതന്നതു തിരിച്ചു വാങ്ങുന്നതു ഇവിടെക്കു യുക്തവുമല്ലല്ലോ.
ശക്തൻ: എടാ, സമർത്ഥാ! നീ കുഞ്ചിക്കുട്ടിയല്ല, ആനക്കുട്ടിയാണ്.
സർവ്വാധി: ഇവിടെ വിചാരിച്ചാൽ അടിയനെ ആനക്കുട്ടിയാക്കാനും പൂനക്കുട്ടിയാക്കാനും കഴിയും.
ശക്തൻ: ആട്ടെ, സന്തോഷമായി. കുലശേഖരപ്പെരുമാളുടെ ആളുകളെല്ലാം നമ്മുടെ സ്വന്തമാണ്. എന്ന് അരുളിച്ചെയുകയും ഒരു കുത്തു പാവുമുണ്ടും ഒരു വീര ശൃംഖലയുംകൂടി സമ്മാനമായി കൽപ്പിച്ചുകൊടുത്തു. സർവ്വാധികാര്യക്കാരെ അയയ്ക്കുകയും ചെയ്തു.
കുഴിയിൽ വീണ ആനയെ തിരിച്ചുകൊണ്ടുപോന്നതിനെക്കുറിച്ചു വല്ലതും കൽപ്പിച്ചുചോദിക്കുമോ എന്നുള്ള വിചാരം സർവ്വാധികാര്യക്കാരുടെ മനസ്സിൽ സാമാന്യത്തിലധികമുണ്ടായിരുന്നു. ഈശ്വരകൃപകൊണ്ട് അതിനെപ്പറ്റി യാതൊന്നും കൽപ്പിച്ചു ചോദിച്ചില്ല. തിരുമനസ്സിലെ ആയുധമേറ്റു മരിക്കാനിടയാവുകയില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നുവെങ്കിലും തിരുമുൻപാകെനിന്നു പിരിഞ്ഞുപോന്നതിന്റെ ശേഷമേ സർവ്വാധികാര്യക്കാരുടെ മനസ്സിനു സമാധാനമുണ്ടായുള്ളു. സർവ്വാധികാര്യക്കാർ തൃപ്പൂണിത്തുറനിന്ന് അന്നുതന്നെ പുറപ്പെടുകയും യഥാകാലം തിരുവനന്തപുരത്തെത്തി തൃപ്പൂണിത്തുറെ ചെന്നിട്ടുണ്ടായ സംഗതികളെല്ലാം വിവരമായി തിരുമനസ്സറിയിക്കുകയും ചെയ്തു.
ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടു ചൊവ്വര എന്ന ദേശത്തു പുഴവക്കത്തായി ഒരു കോവിലകം പണികഴിപ്പിക്കുകയും ആ കോവിലകത്തിന്റെ തെക്കുവശം പുഴയായിരുന്നതിനാൽ ശേഷം മൂന്നു വശങ്ങളിലും കിടങ്ങുണ്ടാക്കിക്കുകയും അവിടെ ഒരു കൊടിമരം സ്ഥാപിച്ചു കൊടി തൂക്കിക്കുകയും ചെയ്തതിന്റെ ശേഷം ഏതാനും ദിവസം അവിടെ എഴുന്നള്ളിത്താമസിച്ചിരുന്നു. അക്കാലത്ത് ഒരു ശിവരാത്രിനാൾ തിരുമനസ്സുകൊണ്ട് ആ കോവിലത്തിന്റെ മുറ്റത്തിറങ്ങി ലാത്തികൊണ്ട് നിന്നപ്പോൾ ചില നമ്പൂരിമാർ ഒരു തോണിയിൽക്കയറി പുഴയിൽക്കൂടി പോകുന്നതു കണ്ടിട്ട്, "ഇവിടെ ഒന്നിറങ്ങീട്ടു പോകണം" എന്നു വിളിച്ചരുളിച്ചെയ്തു. ഉടനെ നമ്പൂരിമാർ തോണി അവിടെ അടുപ്പിച്ചു കരയ്ക്കിറങ്ങി തിരുമുമ്പാകെച്ചെന്നു. ആ സമയത്ത് ഒരു മാപ്പിളയുടെ മൂക്കു തുളച്ചു കയറു കോർത്തുപിടിച്ചുകൊണ്ട് വാദ്യഘോഷങ്ങളോടുകൂടി രണ്ടു ഭടന്മാർ അവനെ തിരുമുമ്പാകെ കൊണ്ടുചെന്നു. ഉടനെ തിരുമനസ്സു കൊണ്ട് എന്തോ ഒരു ഭാഷയിൽ ഒരു വാക്ക് ആ ഭടന്മാരോട് അരുളിച്ചെയുകയും അവർ ആ മാപ്പിളയെയുംകൊണ്ടു പോവുകയും ചെയ്തു. ഇതു കണ്ടപ്പോൾ ഇതിന്റെ കാരണവും ഉദ്ദേശ്യവുമൊന്നും മനസ്സിലാകായ്കയാൽ നമ്പൂരിമാർ വല്ലാതെ പരിഭ്രമിച്ചുവശായി. അതു കണ്ടപ്പോൾ തിരുമനസ്സുകൊണ്ട്,
"നിങ്ങൾ പരിഭ്രമിക്കുകയും അന്ധാളിക്കുകയും ഒന്നും വേണ്ടാ. നിങ്ങളെല്ലാവരുംകൂടി എങ്ങോട്ടായിട്ടാണ് പുറപ്പെട്ടിരിക്കുന്നത്? അതു പറയുക" എന്നു അരുളിച്ചെയ്തു. അപ്പോൾ നമ്പൂരിമാർ, "ഇന്നു ശിവരാത്രിയാണല്ലോ, ഞങ്ങൾ ഉറക്കമൊഴിക്കാൻ ആലുവാ മണൽപ്പുറത്തേക്കു പോവുകയാണ്" എന്നുണർത്തിച്ചു. ഉടനെ തിരുമനസ്സുകൊണ്ട്, "എന്നാൽ നിങ്ങൾക്ക് ഇപ്പോൾ പോകാം. നാളെ രാവിലെ കുളിക്കാൻതക്കവണ്ണം നിങ്ങളെല്ലാവരും ഇവിടെ വരണം" എന്ന് അരുളിച്ചെയ്യുകയും "അങ്ങനെയാവാം" എന്നു സമ്മതിച്ചു നമ്പൂരിമാർ അപ്പോൾത്തന്നെ തോണിയിൽക്കയറി പോവുകയും ചെയ്തു.
പിറ്റേദിവസം രാവിലെ തിരുമനസ്സിലെ നീരാട്ടുകുളിയും നിത്യ കർമ്മാനുഷ്ഠാനാദികളും കഴിഞ്ഞപ്പോഴേക്കും നമ്പൂരിമാരും ചൊവ്വരയെത്തി, കുളിയും മറ്റും കഴിച്ചുകൊണ്ടു തിരുമുമ്പാകെച്ചെന്നു. ഉടനെ തിരുമനസ്സുകൊണ്ട് അവർക്ക് ഓരോ പവൻ ദാനംചെയ്തു. പിന്നെ അവരുടെ ഭക്ഷണവും തിരുമനസ്സിലെ അമൃതേത്തും മറ്റും കഴിഞ്ഞതിന്റെ ശേഷം നമ്പൂരിമാർ വീണ്ടും തിരുമുമ്പാകെ ചെന്നപ്പോൾ "ഇന്നലെ ഒരു മാപ്പിളയെപ്പിടിച്ച് ഇവിടെ കൊണ്ടുവന്നതു നിങ്ങളും കണ്ടുവല്ലോ. അവൻ ഇന്നലെ രാത്രി ഒരു പശുവിനെ അറുത്തതായിക്കേട്ടു. ഇങ്ങനെയുള്ള ദുഷ്കൃത്യം നമ്മുടെ രാജ്യത്തു നടക്കുകയാണെങ്കിൽ ഞാൻ ശിവരാത്രി വ്രതം അനുഷ്ഠിച്ചതുകൊണ്ട് എന്തു ഫലമാണുള്ളത്? അതിനാൽ അവനെ ഇന്നലെത്തന്നെ വെടിവച്ചു കൊല്ലിച്ചു. ഇന്നലെ ശിവരാത്രിയായിട്ട് ആ ദുഷ്കൃത്യം നടന്നതായി കേട്ടതിന്റെ ദോഷം തീരാനായിട്ടാണ് ഞാനിന്നു ദാനം ചെയ്തത്. ഇനി ബദ്ധപ്പാടു വല്ലതുമുണ്ടെങ്കിൽ നിങ്ങൾക്കു പോകാം. അതൊന്നുമില്ലെങ്കിൽ കുറച്ചുദിവസം ഇവിടെത്താമസിച്ചിട്ടു പോയാൽ മതി. ഇഷ്ടംപോലെയാവാം" എന്നരുളിച്ചെയ്യുകയും നമ്പൂരിമാർ അപ്പോൾത്തന്നെ യാത്രയറിയിച്ചുകൊണ്ടു പോവുകയും ചെയ്തു.
അതിന്റെ ശേഷം നാലു ദിവസം കഴിഞ്ഞപ്പോൾ തിരുവിതാംകൂർ രാമവർമ്മ മഹാരാജാവുതിരുമനസ്സുകൊണ്ടു നാടുനീങ്ങിയതായിക്കേട്ട് ശക്തൻതിരുമനസ്സുകൊണ്ടു വളരെ വ്യസനിക്കുകയും "എന്റെ വലതുകൈ പോയി" എന്നു സഗദ്ഗദം അരുളിച്ചെയുകയും ചെയ്തു. രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടു നീങ്ങിയത്, "കൊല്ലം തൊള്ളായിര ത്തിൽപ്പരമൊരെഴുപതും മൂന്നുമാം കുംഭമാസേ നല്ലേരാറാംദിനേ ചേർന്നിയലിന ബുധവാരത്തിൽ" ആണെന്നുള്ളതു പ്രസിദ്ധമാണല്ലോ.
തദനന്തരം ശക്തൻതിരുമനസ്സിലെ പ്രധാനശ്രമം കണ്ടുകൃഷിവസ്തുക്കളുണ്ടാക്കാനായിട്ടായിരുന്നു. തിരുമനസ്സുകൊണ്ട് ഓരോ സ്ഥലങ്ങളിലെഴുന്നള്ളി "ഇന്നിടം മുതൽ ഇന്നിടംവരെ നമ്മുടെ തനതുവസ്തുക്കളാണ്" എന്നരുളിച്ചെയ്യുകയും അവിടുന്നുകൂടി എഴുന്നള്ളിനിന്നു കന്നു പൂട്ടിക്കുകയും (ഉഴവു നടത്തിക്കുകയും) ചെയ്താൽപിന്നെ ആ വസ്തുക്കൾ ആരുടെ വകയായിരുന്നാലും തിരുമനസ്സിലെ വകയായി. അവയിൽ പിന്നെ ആർക്കും പ്രവേശിക്കാൻ പാടില്ല. ഇങ്ങനെയാണ് ശക്തൻ തിരുമനസ്സുകൊണ്ട് കണ്ടുകൃഷിവസ്തുക്കളുണ്ടാക്കിയത്. ചില പാവപ്പെട്ട വസ്തു ഉടമസ്ഥന്മാർക്കു കുറേശ്ശ വില കല്പിച്ചുകൊടുക്കയും ചെയ്തു. ഇങ്ങനെ തിരുമനസ്സുകൊണ്ട് മുന്നൂറ്ററുപത്തഞ്ചു കണ്ടുകൃഷിസ്ഥലങ്ങളും അവിടങ്ങളിലൊക്കെ ഓരോ കുളങ്ങളും തോപ്പുകളും ഉണ്ടാക്കിച്ചു.
ഒരിക്കൽ തിരുമനസ്സിലെ സേവകനായ ഒരാൾ തിരുമനസ്സിലെ അടുക്കൽ "ഇവിടെ സർക്കാരിലേക്കു ധാരാളം മുതലെടുപ്പുണ്ടല്ലോ. പിന്നെ ഈ കണ്ടുകൃഷികൂടി ഉണ്ടാക്കുന്നതെന്തിനാണ്" എന്നു ചോദിച്ചതിനു മറുപടിയായി തിരുമനസ്സുകൊണ്ട്, "നമ്മുടെ അനന്തരവരൊക്കെ കേവലം ഭോഷന്മാരും കാര്യശേഷിയില്ലാത്ത വരുമാകയാൽ അവരുടെ കാലത്ത് ഈ രാജ്യം അന്യാധീനപ്പെട്ടുപോയേക്കാനെളുപ്പമാണ്. അങ്ങനെ വന്നാലും നമ്മുടെ കുടുംബത്തിലുള്ളവർ പട്ടിണിയായിപ്പോകരുതെന്നു വിചാരിച്ച് ഇങ്ങനെ ചെയ്തതാണ്. പതിവായി ഓരോ കണ്ടുകൃഷി സ്ഥലങ്ങളിൽ നിന്നും നെല്ലും തോപ്പുകളിൽ നിന്നും കറിസ്സാമാനങ്ങളും നാളികേരം മുതലായവയും കിട്ടിക്കൊണ്ടിരുന്നാൽ അവർക്ക് പട്ടിണികൂടാതെ കഴിച്ചു കൂട്ടാമല്ലോ" എന്നരുളിച്ചെയ്തു. കണ്ടുകൃഷിയുണ്ടാക്കുന്നതിനു തിരുമനസ്സു കൊണ്ടു ജന്മികളായ ചില നമ്പൂരിമാരുടെ വസ്തുക്കൾകൂടി അപഹരിച്ചതിനാൽ അവർക്കു തിരുമനസ്സിലെപ്പേരിൽ വളരെ അതൃപതിയുണ്ടായി. എങ്കിലും തിരുമനസ്സുകൊണ്ട് അവരുടെ വിരോധത്തെ ഒട്ടും വകവച്ചില്ല.
ഒരിക്കൽ തിരുമനസ്സുകൊണ്ട് ഒരു ഡോലിയിൽക്കയറി തൃശ്ശിവപേരുരിൽനിന്നു പട്ടിക്കാട്ടേക്കു പുറപ്പെട്ടു. മൂർക്കാടെന്ന സ്ഥലത്തെത്തിയപ്പോൾ ആ ദിക്കിൽ താമസിച്ചിരുന്ന ഇരിങ്ങാലക്കുടക്കാരായ ചില നമ്പൂരിമാർ അടുത്തുചെന്ന് അസഭ്യം പറഞ്ഞു തിരുമേനിയെ അധിക്ഷേപിക്കുകയും ഡോലിയിലേക്കു ചെളി കുത്തിയെടുത്തെറിയുകയും ചെയ്യുകയാൽ തിരുമനസ്സുകൊണ്ട് ഏറ്റവും കുപിതനായി വാളുമെടുത്തുകൊണ്ടു ഡോലിയിൽനിന്നു ചാടിയിറങ്ങി നമ്പൂരിമാരുടെ നേരെ പാഞ്ഞുചെന്നു. അതു കണ്ട് എഴുന്നള്ളത്തോടുകൂടിയുണ്ടായിരുന്ന പട്ടപ്പുറത്തു കുഞ്ഞൻ തിരുമുൽപ്പാട്, തിരുമനസ്സിലെ അരയ്ക്കു കെട്ടിപ്പിടിച്ചുകൊണ്ട്, "പൊന്നു സ്വാമീ, ബ്രഹ്മഹത്യ ചെയ്യരുതേ" എന്നു പറഞ്ഞു. അപ്പോഴേക്കും നമ്പൂരിമാരെല്ലാം ഭയവിഹ്വലരായി ഓടിയൊളിച്ചുകഴിഞ്ഞു. അപ്പോൾ തിരുമനസ്സു കൊണ്ട്, "ആട്ടെ, കുഞ്ഞനായിപ്പോയല്ലോ. അതുകൊണ്ടു ഞാൻ ക്ഷമിക്കുന്നു" എന്ന് അരുളിച്ചെയ്തിട്ടു വീണ്ടും ഡോലിയിൽക്കയറി എഴുന്നള്ളുകയും ചെയ്തു.
അതിനുശേഷം ശക്തൻതിരുമനസ്സുകൊണ്ടു കുറച്ചുകാലം തൃശ്ശിവപേരൂർ തന്നെ എഴുന്നള്ളിത്താമസിച്ചിരുന്നു. ആയിടയ്ക്ക് അനുജൻ തമ്പുരാക്കന്മാർ വടക്കുനിന്ന് ഒരു ജ്യോൽസ്യൻ വാര്യരെ ഗൂഢമായി തൃപ്പൂണിത്തുറെ വരുത്തി, "ശക്തൻതിരുമനസ്സുകൊണ്ട് ഇനി എത്ര ജീവിച്ചിരിക്കുമെന്നു ഗണിച്ചുനോക്കി സൂക്ഷ്മംപറയണം" എന്നരുളി ച്ചെയ്തു. തിരുമനസ്സിലെ ജനനസമയം മുതലായതും പറഞ്ഞുകൊടുത്തു.
വാര്യർ ഗണിച്ചുനോക്കി തീർച്ചപ്പെടുത്തി. ഇന്നയാണ്ട് ഇന്നമാസം ഇത്രാം തീയതി, ഇന്ന സമയം ചരമഗതിയെ പ്രാപിക്കുമെന്ന് എഴുതിക്കൊടുത്തു. തമ്പുരാക്കന്മാർ സന്തോഷിച്ചു വാര്യർക്കു പല സമ്മാനങ്ങളും മറ്റും കൊടുത്ത് അയയ്ക്കുകയും ചെയ്തു. ഈ വർത്തമാനം ശക്തൻ തിരുമനസ്സുകൊണ്ട്, ചാരർമുഖേന അറിയുകയും ആ വാര്യർ തൃശ്ശിവ പേരൂർകൂടി വടക്കോട്ടു കടന്നുപോകാനായി ചെന്ന സമയം ഭടന്മാരെക്കൊണ്ട് അയാളെ പിടിപ്പിച്ചു തിരുമുമ്പാകെ വരുത്തുകയും "നീ തൃപ്പൂണിത്തുറെപ്പോയി, ഞാൻമരിക്കുന്നത് ഇന്ന ദിവസമാണെന്നു തീർച്ചപ്പെടുത്തി എഴുതിക്കൊടുത്തുവോ" എന്നു കല്പിച്ചു ചോദിക്കുകയും ചെയ്തു. വാര്യർ പേടിച്ചു വിറച്ചുകൊണ്ട് "ഗണിച്ചിട്ടു കണ്ടപ്രകാരം അടിയൻ കുറിച്ചുകൊടുത്തു" എന്നുണർത്തിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട് "നീ നിശ്ചയിച്ചതു ശരിയാകുമെന്നു തോന്നുന്നില്ല. എന്നാൽ നീ ഇന്ന് അസ്തമിക്കുന്നതിനുമുമ്പു മരിക്കുമെന്നു ഞാൻ നിശ്ചയിച്ചിരിക്കുന്നു. അതിനു വ്യത്യാസം വരുകയുമില്ല" എന്ന് അരുളിച്ചെയ്തിട്ടു വലിയ കപ്പിത്താനെ തിരുമുമ്പാകെ വരുത്തി വാര്യരെ ചൂണ്ടിക്കാണിച്ചുകൊണ്ട് "ഇവന്റെ കഥ ഇന്ന് അസ്തമിക്കുന്നതിനുമുമ്പ് കഴിച്ചേക്കണം. ഇവനെ നാലുപേർ കൂടി പിടിച്ചുകെട്ടി അടിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ നാലു രാജഭടന്മാർ വന്നു വാര്യരെ പിടിച്ചുകെട്ടി കൊണ്ടുപോയി വളരെ അടിക്കുകയും അസ്തമിക്കുന്നതിനുമുമ്പേ അയാളുടെ കഥ കഴിക്കുകയും ചെയ്തു.
അതിന്റെ ശേഷം തിരുമനസ്സുകൊണ്ടു വടക്കാഞ്ചേരിക്കോവിലകത്തെഴുന്നള്ളി ഏതാനും ദിവസം അവിടെത്താമസിച്ചു. അക്കാലത്ത് ഒരു ദിവസം അവണപ്പറമ്പു നമ്പൂരി തിരുമുമ്പാകെച്ചെന്ന് ഒരു ദിവസം തിരുമനസ്സിലേക്ക് ഒരു വിരുന്നമൃതേത്തു നടത്തിയാൽക്കൊള്ളാമെന്ന് ആഗ്രഹമുള്ളതിനാൽ ഒരു ദിവസം ഇല്ലത്തേക്കെഴുന്നള്ളിയാൽക്കൊള്ളാമെന്ന് തിരുമനസ്സറിയിച്ചു. തിരുമനസ്സ് അത് കല്പിച്ചനുവദിക്കുകയും ദിവസം നിശ്ചയിച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു. നമ്പൂരി പോയി വിരുന്നമൃതേതിന്നു വേണ്ടുന്നതെല്ലാം വട്ടംകൂട്ടി. അദ്ദേഹം വലിയ ധനവാനായിരുന്നതിനാൽ വട്ടക്കൂട്ടെല്ലാം ഏറ്റവും കേമമായിട്ടായിരുന്നു. തിരുമനസ്സുകൊണ്ട് നിശ്ചിതദിവസം പട്ടാളക്കാർ മുതലായ പരിവാരങ്ങളോടുകൂടി നമ്പൂരിയുടെ ഇല്ലത്തെഴുന്നള്ളി. അപ്പോൾ നമ്പൂരി വെള്ളയും കരിമ്പടവും വിരിച്ചു നിറപറയും വിളക്കുംവച്ച് എല്ലാം തയ്യാറാക്കിയിരുന്നു. തിരുമനസ്സുകൊണ്ട് അകത്തെഴുന്നള്ളി അവിടെ വിരിച്ചു തയ്യാറാക്കിയിരുന്ന കട്ടിലിൽ സ്വല്പസമയം എഴുന്നള്ളിയിരുന്നു വിശ്രമിക്കുകയും അവിടെയുള്ള നമ്പൂരിമാരോടും മറ്റും കുശലപ്രശ്നം ചെയ്യുകയും ചെയ്തതിന്റെശേഷം നീരാട്ടുകുളി, അമൃതേത്തു മുതലായവയും കഴിച്ചു. അമൃതേത്തു മുതൽ പട്ടാളക്കാർ മുതലായവരുടെ ഭക്ഷണംവരെയുള്ള സദ്യയുടെ വട്ടങ്ങളും മറ്റും കെങ്കേമമായിരുന്നു. കുതരികൾക്കൊക്കെ തിന്നുന്നതിനു നെൽക്കതിരു കൊയ്യിച്ചു വരുത്തിയാണ് കൊടുത്തത്. നിറപറവച്ചിരുന്നതു പറകളിൽ വീരരായൻ പണമിട്ടു നിറച്ചായിരുന്നു. ഇവ ആകപ്പാടെ കണ്ടിട്ട് തിരുമനസ്സിലേക്കു ഒട്ടും രസിച്ചില്ല. ഇത്രയൊന്നും ആവശ്യമില്ലായിരുന്നുവെന്നും നമ്പുരിയുടെ ധനത്തിന്റെ തിളപ്പു കുറച്ചധികമാണെന്നും തിരുമനസ്സിൽ തോന്നി. എങ്കിലും അതിനെക്കുറിച്ച് ഒന്നും അരുളിച്ചെയ്തില്ല. അന്ന് അവിടെ എഴുന്നെള്ളിത്താമസിക്കുകയും അവിടെ എല്ലാവർക്കും സമ്മാനങ്ങൾ കല്പിച്ചുകൊടുക്കുകയും ചെയ്തിട്ടു പിറ്റേ ദിവസം രാവിലെ എഴുന്നള്ളത്തു പുറപ്പെടാനായി ഭാവിച്ചപ്പോൾ നമ്പൂരി തിരുമുമ്പാകെ ച്ചെന്ന്, "നാലു ദിവസംകൂടി ഇവിടെ എഴുന്നള്ളിത്താമസിച്ചാൽ കൊള്ളാമെന്നാഗ്രഹമുണ്ട്" എന്നു തിരുമനസ്സറിയിക്കുകയും "അതിനിപ്പോൾ സൗകര്യമില്ല" എന്നരുളിചെയ്തിട്ട് അപ്പോൾത്തന്നെ എഴുന്നള്ളുകയും ചെയ്തു. അടുത്ത ദിവസംതന്നെ നമ്പൂരിയുടെ മിക്ക വസ്തുക്കളും കൽപന പ്രകാരം കണ്ടുകെട്ടി സർക്കാരിൽ ചേർക്കുകയും നമ്പൂരിയുടെ മുഷ്ക്ക് അതോടുകൂടി ശമിക്കുകയും ചെയ്തു.
പിന്നെ തിരുമനസ്സുകൊണ്ട് വടക്കാഞ്ചേരിയിൽനിന്നു വടക്കൻ ദിക്കുകളിലുള്ള പല സ്ഥലങ്ങളിൽ സഞ്ചരിച്ചതിന്റെ ശേഷം തൃശ്ശിവപേരൂർക്കും അവിടെ നിന്ന് എറണാകുളത്തേക്കും എഴുന്നള്ളി. എറണാകുളത്ത് എഴുന്നള്ളിത്താമസിച്ചിരുന്നപ്പോൾ ഒരു ദിവസം അമ്പലത്തിലെഴുന്നള്ളിയ സമയം താടിയും തലയും വളർത്തിയ ഒരു മൂത്തതിനെ അവിടെക്കണ്ടിട്ട് "എന്താ, മൂത്തതിന് അമ്മയുടെ ദീക്ഷയാണോ" എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ മൂത്തത്, "അതല്ല ഗർഭദീക്ഷയാണ്" എന്നു തിരുമനസ്സറിയിച്ചു. അതുകേട്ട് തിരുമനസ്സുകൊണ്ട് "ബ്രാഹ്മണരെപ്പോലെ നിങ്ങൾക്കും ഗർഭദീക്ഷ പതിവുണ്ടോ" എന്നു കല്പിച്ചു ചോദിച്ചതിന് മറുപടിയായി മൂത്തത്, "ബ്രാഹ്മണാചാരങ്ങളിൽ പകുതി ഞങ്ങൾക്കുമുണ്ട്" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സുകൊണ്ട് ക്ഷേത്രത്തിൽനിന്ന് കോവിലകത്ത് എഴുന്നള്ളിയ ഉടനെ മൂത്തതിനെ പിടിച്ചുകൊണ്ടുവരാൻ കല്പിക്കുകയും രാജഭടന്മാർ പോയി മൂത്തതിനെ പിടിച്ചു തിരുമുമ്പാകെ കൊണ്ടു ചെല്ലുകയും ചെയ്തു. കല്പനപ്രകാരം ഒരു ക്ഷരൗക്കാരനെയും അവിടെ വരുത്തി. "മൂത്തതിനു ബ്രാഹ്മണാചാരങ്ങളിൽ പകുതിയുണ്ടെന്നല്ലേ പറഞ്ഞത്? അങ്ങനെയാണെങ്കിൽ താടിയും തലയും മുഴുവൻ വളർത്തീട്ടാവശ്യമില്ല അതിനാൽ ആപാദമസ്തകം ദേഹത്തിൽ പകുതി ഭാഗം ക്ഷൌരം ചെയ്യട്ടെ" എന്നരുളിച്ചെയ്യുകയും അപ്രകാരം ചെയ്യിച്ചു മൂത്തതിനെ വിട്ടയയ്ക്കുകയും ചെയ്തു.
അതിനുശേഷം തിരുമനസ്സുകൊണ്ട് എറണാകുളത്തും തൃപ്പൂണിത്തുറെയും മാറിമാറി എഴുന്നള്ളിതാമസിച്ചിരുന്നു. അക്കാലത്തു തിരു മനസ്സുകൊണ്ട് രാജ്യത്ത് അക്രമങ്ങൾ വല്ലതും നടക്കുന്നുണ്ടോ എന്നും തന്നെക്കുറിച്ചു ജനങ്ങൾ എന്തു പറയുന്നു എന്നും അറിയുന്നതിനായി രാത്രികാലങ്ങളിൽ ഗൂഢമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ തിരുമനസ്സിലെക്കൂടെ രണ്ടോ മൂന്നോ ഭൃത്യന്മാരുമുണ്ടായിരിക്കും. മിക്കപ്പോഴും അവിടുന്ന് ഏകാകിയായിട്ടുതന്നെയാണ് സഞ്ചരിക്കുക പതിവ്. എങ്ങനെയായാലും തൃക്കൈയിൽ ഒരു വാളില്ലാതെയിരിക്കാറില്ല.
ഒരു ദിവസം രാത്രിയിൽ തിരുമനസ്സുകൊണ്ട് ഏകാകിയായി "എളംകുളം" എന്ന സ്ഥലത്തു ചെന്നപ്പോൾ ഒരു മാപ്പിള കൂടെക്കൂടെ പിന്നാക്കം തിരിഞ്ഞുനോക്കിക്കൊണ്ടു ഗൂഢമായിട്ടു പോകുന്നതു കണ്ടു. 'ഇവൻ വല്ല സ്ഥലത്തും കയറി മോഷണം നടത്താനോ മറ്റോ പോവുകയായിരിക്കണം. അങ്ങനെയാണെങ്കിൽ അതു കണ്ടുപിടിക്കണം, എന്നു വിചാരിച്ച് തിരുമനസ്സുകൊണ്ട് ഗൂഢമായിത്തന്നെ അവന്റെ പിന്നാലെകൂടി. ആ മാപ്പിളചെന്നുകയറിയത് ഒരു നമ്പൂരിയുടെ ഇല്ലത്തായിരുന്നു. അവൻ ഇല്ലത്തിന്റെ മുറ്റത്ത് ചെന്നപ്പോൾ അകത്തുനിന്ന് ഒരു വൃഷലി ഇറങ്ങി അവന്റെ അടുക്കൽച്ചെന്ന്, "എല്ലാം ചട്ടംകെട്ടീട്ടുണ്ട്. അകത്തേക്കു കടക്കാം' എന്നു പറഞ്ഞ് അവനെ നാലുകെട്ടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി ഒരു മുറിക്കകത്താക്കീട്ട്, "ആ കട്ടിലിൽക്കയറിക്കിടന്നോളൂ. കുഞ്ചാത്തലെ ഇപ്പോൾ ഇങ്ങോട്ടയച്ചേക്കാം" എന്നു പറഞ്ഞ് പുറത്തേക്കു പോയി. മാപ്പിള അകത്തേക്കു കടന്നതിനോടുകൂടി ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടും നാലുകെട്ടിനകത്തു കടന്നു വാൾ ഊരിപ്പിടിച്ചുകൊണ്ട് ഒരു കോണിൽ ഒളിച്ചിരുന്നു. അപ്പോൾ അവിടത്തെ അന്തർജ്ജനം അത്താഴം കഴിഞ്ഞ് ഒരു കോൽവിളക്കുമായി നാലുകെട്ടിലേക്ക് വന്നു. അപ്പോൾ വൃഷലി, "നേരം പതിവിൽ വളരെയധികമായല്ലോ. ഇന്നു പള്ളിക്കുറുപ്പിന് ഇത്ര അമാന്തമെന്താണ്" എന്നു ചോദിച്ചു. അതിനു മറുപടിയായി അന്തർജ്ജനം, "നമ്പൂരി ഇവിടെയില്ലല്ലോ എന്നു വിചാരിച്ചിട്ടാണ്" എന്നു പറഞ്ഞു. ഉടനെ ദാസി, "ആട്ടെ, ഇനിയെങ്കിലും വേഗമാകട്ടെ. അടിയനു നിലംപൊത്താൻ വൈകി" എന്നു പറഞ്ഞപ്പോൾ അന്തർജ്ജനം "എനിക്കിനി കിടക്കാൻ താമസമൊന്നുമില്ല" എന്നു പറഞ്ഞു കൊണ്ട് ശയനഗൃഹത്തിനകത്തേക്കു കടക്കാനായി ഭാവിച്ചപ്പോൾ കട്ടിലിൽ മാപ്പിള ഇരിക്കുന്നതുകണ്ട് ഭയപ്പെട്ട്, "അയ്യോ, ഇതാരാണ് ഈശ്വരാ! ശക്തൻ രാജാവിന്റെ ശക്തി ഈ ദിക്കിൽ ഫലിക്കയില്ലായിരിക്കുമോ" എന്നു പറഞ്ഞുകൊണ്ട് പിന്നാക്കം മാറിയപ്പോൾ മാപ്പിള കട്ടിലിൽനിന്നെണീറ്റ് അന്തർജ്ജനത്തെക്കടന്നു പിടിക്കാനായി അടുത്തു. അവൻ അന്തർജ്ജനത്തെ തൊട്ടു, തൊട്ടില്ല എന്നായപ്പോൾ ശക്തൻതിരുമനസ്സുകൊണ്ട് മാപ്പിളയെ പിടികൂടി. അവനെ തിരുമനസ്സുകൊണ്ട് പിടിച്ചുവലിച്ചു മുറ്റത്തുകൊണ്ടുപോയി വാൾകൊണ്ട് ചക്ക കൊത്തുന്നതുപോലെ കൊത്തിയരിഞ്ഞിട്ടു. പിന്നെ ദാസിയെ വിളിച്ച് "നമ്പൂരി എവിടെയാണ് പോയിരിക്കുന്നതെ"ന്ന് കല്പിച്ചു ചോദിക്കുകയും "തൃപ്പൂണിത്തുറ യ്ക്കാണ്" എന്ന് അവൾ ഉണർത്തിക്കുകയും ചെയ്തു. ഉടനെ തിരുമനസ്സുകൊണ്ട്, "നീ ചെയ്ത ദുഷ്കൃത്യം വിചാരിക്കുമ്പോൾ നിന്നെയും കൊല്ലേണ്ടതാണ്. എങ്കിലും നീയൊരു സ്ത്രീയായിപ്പോയല്ലോ. അതിനാൽ ഞാൻ കൊല്ലുന്നില്ല. എങ്കിലും നിന്നെ വെറുതെ വിട്ടയയ്ക്കുന്നുമില്ല" എന്നു അരുളിച്ചെയ്ത് അവളുടെ കൈകൾ രണ്ടും മുറിച്ചുകളഞ്ഞു. പിന്നെ തിരുമനസ്സുകൊണ്ട് സമീപസ്ഥന്മാരായ ചില നായന്മാരെയും അവരുടെ സ്ത്രീകളെയും അവിടെ വിളിച്ചുവരുത്തി, "നമ്പൂരി ഇവിടെ വരുന്നതുവരെ നിങ്ങളെല്ലാവരും ഇവിടെ കാത്തു സൂക്ഷിച്ചു നിന്നുകൊള്ളണം" എന്നരുളിചെയ്തിട്ട് അപ്പോൾതന്നെ തൃപ്പൂണിത്തുറയ്ക്ക് എഴുന്നള്ളുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ നമ്പൂരിയെ തിരുമുമ്പാകെ വരുത്തി, "ഇന്നലെ രാത്രിയിൽ നമ്പൂരിയുടെ ഇല്ലത്തു ചില നേരമ്പോക്കുകളൊക്കെയുണ്ടായി. എങ്കിലും തരക്കേടൊന്നും പറ്റിയില്ല. ഏതായാലും നമ്പൂരി വേഗത്തിൽ ഇല്ലത്തേക്കു ചെല്ലേണ്ടതാവശ്യമാണ്" എന്നരുളിച്ചെയ്തു. കുറച്ചു പണവും കൊടുത്തു നമ്പൂരിയെ വേഗത്തിലയച്ചു. പിന്നെ കുറച്ചു കാലം തിരുമനസ്സുകൊണ്ട് തൃപ്പൂണിത്തുറെത്തന്നെ എഴുന്നള്ളിത്താമസിച്ചു.
അനന്തരം തിരുമനസ്സുകൊണ്ട് ചൊവ്വരയ്ക്കെഴുന്നള്ളി. തിരുമനസ്സിലേക്ക് നായാട്ടിൽ വളരെ ഭ്രമമുണ്ടായിരുന്നതുകൊണ്ട് കുറച്ചു ദിവസം അവിടെത്തന്നെ എഴുന്നള്ളിത്താമസിച്ചു. അങ്ങനെ താമസിച്ചിരുന്ന കാലത്തു തിരുമനസ്സുകൊണ്ട് ഒരു ദിവസം ഒരു പീലിക്കുന്തവും ധരിച്ചുകൊണ്ട് നായാട്ടിനെഴുന്നള്ളി. ഒരു മലയിൽചെന്നപ്പോൾ ഒരു പന്നിയെ കാണുകയാൽ അതിനെ കൊല്ലുന്നതിനായി തിരുമനസ്സുകൊണ്ടു കുന്തവുമായി പാഞ്ഞടുത്തു. പന്നി ഭയപ്പെട്ട് ഓടിത്തുടങ്ങി. തിരുമനസ്സു കൊണ്ട് അതിനെ പിന്തുടർന്നു. അങ്ങനെ ചെന്നപ്പോൾ ഐനിക്കാട് എന്നില്ലപ്പേരായി ഒരു നമ്പൂരി ആ വഴിയേ വരുന്നതു കണ്ടിട്ട് "നമ്പൂരി, പിടിച്ചോളൂ, പിടിച്ചോളൂ, വിട്ടുകളയരുത്" എന്ന് ഉറക്കെ വിളിച്ച് അരുളിച്ചെയ്തു. നമ്പുരി അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന കുട മലർത്തിയിട്ടു പന്നിയെ പൊത്തിപ്പിടിക്കുകയും തിരുമനസ്സുകൊണ്ട് ഓടിയെത്തി പന്നിയെ കുത്തിക്കൊല്ലുകയും ചെയ്തു. അതിനുശേഷം തിരുമനസ്സുകൊണ്ട് നമ്പൂരിയോട്, "നമ്പൂരി എവിടെപ്പോകാനായിട്ടാണ് പുറപ്പെട്ടിരിക്കുന്നത്" എന്നു കല്പിച്ച് ചോദിച്ചു.
നമ്പൂരി: ഇല്ലത്ത് വളരെ ദാരിദ്ര്യമാണ്. ഇന്നത്തെ ഉപജീവനത്തിനു തന്നെ അവിടെ യാതൊന്നുമില്ല. അതിനാൽ വല്ലവരോടും യാചിച്ച് കുറെ നെല്ലു വാങ്ങിക്കൊണ്ട് പോകണമെന്നു വിചാരിച്ചു പുറപ്പെട്ടിരിക്കുകയാണ്.
തിരുമനസ്സുകൊണ്ട്: ആട്ടെ, നമ്പൂരി ഇപ്പോൾ ഇല്ലത്തേക്കു തന്നെ മടങ്ങിപ്പോയ്ക്കോളൂ. ഇന്നത്തെ ചെലവിനുവേണ്ടുന്ന നെല്ല് അവിടെയെത്തിച്ചുകൊള്ളാം.
ഇതുകേട്ട് നമ്പൂരി അദ്ദേഹത്തിന്റെ ഇല്ലത്തേക്കു മടങ്ങിപ്പോയി. തിരുമനസ്സുകൊണ്ട് ഉടനെ ചൊവ്വര കോവിലകത്ത് എഴുന്നള്ളുകയും കണ്ടു കൃഷിവകയിൽ നിന്ന് നാൽപതു പറ നെല്ല് ഉടനെ നമ്പൂരിയുടെ ഇല്ലത്ത് എത്തിച്ചുകൊടുക്കുന്നതിന് കല്പിക്കുകയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാർ അപ്രകാരം എത്തിച്ചുകൊടുക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് പിന്നെയും കുറച്ചുകാലംകൂടി ചൊവരെത്തന്നെ എഴുന്നള്ളിത്താമസിച്ചു. അക്കാലത്ത് തൃശ്ശിവപേരൂർ ബ്രഹ്മസ്വംമഠം അഗ്നിബാധയാൽ നശിച്ചുപോയിരിക്കുന്നുവെന്നും തന്നിമിത്തം വേദാദ്ധ്യയനം നടത്താൻ സ്ഥലമില്ലാതെ വന്നിരിക്കുന്നുവെന്നും വാധ്യാൻ നമ്പൂരി ശക്തൻ തിരുമനസ്സിലെ അടുക്കൽ അറിയിച്ചു. അതിനു തിരുമനസ്സു കൊണ്ട്, "ചൊവ്വരെവച്ച് ത്രിസന്ധ നടത്താൻ നിശ്ചയിച്ചിരിക്കുന്നുവെന്നും അതിലേക്ക് വാധ്യാൻ നമ്പൂരിയും മറ്റുള്ള ബ്രാഹ്മണോത്തമന്മാരെല്ലാവരും ഉടനെ ചൊവ്വരെ ചെന്നു ചേരണ"മെന്നുമാണ് മറുപടി അയച്ചത്. അപ്രകാരം വാധ്യാൻ നമ്പൂരി മുതലായവരെല്ലാം ചൊവ്വരെ ചെന്നു ചേരുകയും ഉടനെ ത്രിസന്ധ തുടങ്ങുകയും ചെയ്തു. ത്രിസന്ധയ്ക്കു ബ്രാഹ്മണർ പതിവിലധികമുണ്ടായിരുന്നുവെങ്കിലും രണ്ടുനേരവുമുള്ള സദ്യയുടെ കേമത്തവും പതിവിൽ വളരെ അധികമായിരുന്നു.
ത്രിസന്ധ നടന്നുകൊണ്ടിരുന്ന കാലത്ത് ഒരു ദിവസം തിരുമനസ്സു കൊണ്ട് വലിയ കപ്പിത്താനെ തിരുമുമ്പാകെ വരുത്തി, "ഇവിടെ പതിവായി വേദഘോഷവും മറ്റും നടന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്കു ഈ ക്ഷേത്രത്തിനു സമീപം ഒരു പള്ളിയിരിക്കുന്നതു ഭംഗിയല്ല. അതിനാൽ അത് ഉടനെ പൊളിപ്പിച്ചു പുഴയിൽ തള്ളിക്കളയണം" എന്നു കല്പിച്ചു. കല്പന കേട്ട ക്ഷണത്തിൽ കപ്പിത്താൻ സൈന്യസമേതം ചെന്നു പള്ളിപൊളിക്കാനാരംഭിച്ചു. ഉടനെ പള്ളിയുടെ ഉടമസ്ഥരും കൈസ്ഥാനക്കാരും മറ്റുംകൂടി ഒരു പെട്ടി നിറച്ച് ഉറുപ്പികയുംകൊണ്ട് തിരുമുമ്പാകെ ചെന്ന് പെട്ടി തിരുമുൽക്കാഴ്ചവെച്ച് വന്ദിച്ചുകൊണ്ട് "അടിയങ്ങളെ കല്പിച്ചു രക്ഷിക്കണം. അടിയങ്ങളുടെ പള്ളി വളരെ പുരാതനമായിട്ടുള്ളതാണ്. അത് പൊളിച്ചുകളയുന്നത് അടിയങ്ങൾക്കു വളരെ സങ്കടമായിട്ടുള്ളതാണ്. അത് പൊളിച്ചു കളയാതിരിക്കുവാൻ കല്പനയുണ്ടാകണം" എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് വലിയ കപ്പിത്താനെ തിരുമുമ്പാകെ വരുത്തി,"ഇവരുടെ ആ പള്ളി വളരെ പുരാതനമായിട്ടുള്ളതാണെന്നും അതു പൊളിച്ചുകളയുന്നത് അവർക്കു സങ്കടമാണെന്നും പറയുന്നുവല്ലോ. അതിനാൽ ആ പള്ളി ഇപ്പോൾ പൊളിപ്പിക്കണമെന്നില്ല" എന്നു കല്പിക്കുകയും കപ്പിത്താൻ സൈന്യങ്ങളേയും മറ്റും തിരിയെ വിളിച്ചുകൊണ്ടുപോവുകയും ചെയ്തു.
"ത്രിസന്ധ കഴിയുമ്പോഴേക്കും സർക്കാർ ചെലവിന്മേൽ തൃശ്ശിവ പേരൂർ ബ്രഹ്മസ്വംമഠം പണിതീർന്നിരിക്കണം" എന്നു കല്പന കൊടുത്തിരുന്നതിനാൽ അപ്രകാരം മഠത്തിന്റെ പണി തീർത്തിരുന്നു. ത്രിസന്ധ വളരെ ഭംഗിയായിട്ടു കഴിഞ്ഞുകൂടിയതിനാൽ തിരുമനസ്സുകൊണ്ടു സന്തോഷിച്ചു വാധ്യാൻനമ്പൂരിക്കും മറ്റും യഥായോഗ്യം സമ്മാനങ്ങൾ കല്പിച്ചു കൊടുത്തു സന്തോഷിപ്പിച്ച് അവരെ എല്ലാവരെയും തൃശ്ശിവപേരൂർക്കയയ്ക്കുകയും പിന്നെ അധികം താമസിയാതെ തിരുമനസ്സുകൊണ്ട് തൃപ്പൂണിത്തുറയ്ക്കെഴുന്നള്ളുകയും ചെയ്തു.
തിരുമനസ്സുകൊണ്ട് തൃപ്പൂണിത്തുറെ എഴുന്നള്ളിത്താമസിച്ചിരുന്ന ആ കാലത്ത് അന്നു തിരുവിതാംകൂർ നാടുവാണിരുന്ന ബാലരാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് വൈക്കത്തെഴുന്നള്ളിയിരിക്കുന്നതായി അവിടേക്ക് അറിവു കിട്ടി. ബാലരാമവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് മഹാശുദ്ധനും നിർമ്മല ഹൃദയനും പരമാർത്ഥിയും ആയിരുന്നതുകൊണ്ട് അവിടുത്തെ വൈക്കത്തുവച്ചു ക്ഷണിച്ചു തൃപ്പൂണിത്തുറെ കൊണ്ടുവന്ന് സൽക്കരിച്ചു സന്തോഷിപ്പിച്ചു കരപ്പുറം പന്തിരുകാതവും ആലങ്ങാട്ടും പറവൂരും ഉപായത്തിൽ വീണ്ടെടുക്കാമെന്നു വിചാരിച്ച് ശക്തൻ തിരുമനസ്സുകൊണ്ട് മഹാരാജാവു തിരുമനസ്സിലെ ക്ഷണിക്കുന്നതിനായി ഇളയാമ്പുരാനെയും പാലിയത്തു വലിയച്ചനെയും കൂടി വൈക്കത്തേക്കയച്ചു. ഇളയ തമ്പുരാനും പാലിയത്തച്ചനുംകൂടി വൈക്കത്തെത്തി മഹാരാജാവു തിരുമനസ്സിലെക്കണ്ടു ക്ഷണിച്ചിട്ട് "ഇപ്പോൾ അതിനു സൗകര്യമില്ലാത്തതിനാൽ ഇനിയൊരവസരത്തിലാവാം" എന്നു കല്പിച്ചു മഹാരാജാവു തിരുമനസ്സുകൊണ്ട് അവരെ മടക്കിയയച്ചു. മഹാരാജാവു തിരുമനസ്സിലെ എഴുന്നള്ളത്തോടുകൂടി വേലുത്തമ്പി ദളവയുമുണ്ടായിരുന്നു. വേലുത്തമ്പിയും പാലിയത്തച്ചനും തമ്മിൽ ഏറ്റവും സ്നേഹവും വിശ്വാസവുമുണ്ടായിരുന്നു. വേലുത്തമ്പി പാലിയത്തച്ചനോടു ചോദിച്ച് ശക്തൻ തിരുമനസ്സിലെ അന്തർഗ്ഗതം മനസ്സിലാക്കുകയും അത് മഹാരാജാവു തിരുമനസ്സിലെ അറിയിക്കുകയും തൽക്കാലം തൃപ്പൂണിത്തുറയ്ക്ക് എഴുന്നള്ളരുതെന്നു പറഞ്ഞു വിരോധിക്കുകയും ചെയ്തതി നാലാണ് മഹാരാജാവു തിരുമനസ്സുകൊണ്ട് ക്ഷണം സ്വീകരിക്കാതെയും തൃപ്പൂണിത്തുറയ്ക്ക് എഴുന്നള്ളാതെയുമിരുന്നത്. മഹാരാജാവു തിരുമനസ്സു കൊണ്ട് എഴുന്നള്ളാതെയിരിക്കയില്ലെന്ന വിശ്വാസത്തോടു കൂടി ശക്തൻ തിരുമനസ്സുകൊണ്ട് വിരുന്നുസൽക്കാരത്തിനു വളരെ കേമമായി വട്ടം കൂട്ടുകയും ഇന്നസമയം എഴുന്നെള്ളത്തു തൃപ്പൂണിത്തുറെ എത്തുമെന്ന് നിശ്ചയിച്ച ആ സമയത്ത് മഹാരാജാവു തിരുമനസ്സിലെ എതിരേൽക്കാനായി പരിവാരസമേതം പടിഞ്ഞാറെ കോട്ടവാതിൽക്കൽ കാത്തുനിൽക്കുകയും ചെയ്തു. ആ സമയത്ത് ഇളയ തമ്പുരാൻ തിരുമനസ്സിലെ ബോട്ടു കടവിൽ വന്നടുത്തു. ബോട്ടിൽ മഹാരാജാവു തിരുമനസ്സിലെ കാണായ്കയാൽ ശക്തൻ തിരുമനസ്സുകൊണ്ട് വലിയ ഇച്ഛാഭംഗത്തോടുകൂടി "എന്താ, കുലശേഖരപ്പെരുമാൾ കബളിപ്പിച്ചു, അല്ലേ" എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ ഇളയ തമ്പുരാൻ "അദ്ദേഹത്തിന് ഇപ്പോൾ ഇങ്ങോട്ടു വരാൻ സൗകര്യമില്ലെന്നും ഇനിയൊരിക്കലാകാമെന്നുമാണ് പറഞ്ഞത്" എന്നു തിരുമനസ്സറിയിച്ചു. ഉടനെ ശക്തൻ തിരുമനസ്സുകൊണ്ട് "ഇതെല്ലാം ആ വേലുത്തമ്പിയുടെ കൗശലമാണ്. ആട്ടെ, അവൻ നോക്കിക്കോട്ടേ" എന്നു അരുളിചെയ്തിട്ട് തൃപ്പുണിത്തുറയപ്പന്റെ നടയ്ക്കലെഴുന്നള്ളി നിന്നുകൊണ്ട് "എന്റെ പൂർണ്ണ ത്രയീശ, നാൽപതു ദിവസത്തിനകം ആ വേലുത്തമ്പി എന്റെ കാൽക്കൽ വന്നു വീഴാൻ സംഗതിയാക്കിത്തരണേ" എന്നു പ്രാർത്ഥിക്കുകയും അപ്പോൾത്തന്നെ കളിക്കോട്ടയിലെക്കെഴുന്നള്ളുകയും ചെയ്തു. കളിക്കോട്ടയിലെഴുന്നള്ളിയിരുന്നുകൊണ്ട് പാലിയത്തച്ചനെ തിരുമുമ്പാകെ വരുത്തി വൈക്കത്തു പോയിട്ടുണ്ടായ സംഗതികളെപ്പറ്റി കല്പിച്ചു ചോദിക്കുകയും വലിയച്ചൻ എല്ലാം വിവരമായി തിരുമനസ്സറിയിക്കുകയും ചെയ്തു. തന്റെ അന്തർഗ്ഗതം ഇന്നതാണെന്നു വേലുത്തമ്പിക്കു അറിവുകൊടുത്തത് വലിയച്ചനാണെന്ന് തിരുമനസ്സിലേക്ക് ഊഹമുണ്ടായിരുന്നതുകൊണ്ടു പാലിയത്തച്ചൻ തിരുമുമ്പാകെ നിന്നിരുന്നതു കൈ ഭിത്തിയിന്മേൽ ചാരി വടക്കോട്ടു നോക്കിയായിരുന്നതിനാലും തിരുമനസ്സു കൊണ്ട് രണ്ടർത്ഥമായിട്ട്, "മേനോൻ ഇപ്പോഴത്തേ നില തെക്കോട്ടു ചാരിയാണെന്നു തോന്നുന്നു" എന്നരുളിച്ചെയ്തു. തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തതിലുള്ള ഗൂഢാർത്ഥം മനസ്സിലാക്കിക്കൊണ്ട് വലിയച്ചൻ "നില തെക്കോട്ടു ചാരിയാണെങ്കിലും ദൃഷ്ടി വടക്കോട്ടു തന്നെയാണ്" എന്നു മറുപടി ഉണർത്തിച്ചു. ഈ മറുപടി തിരുമനസ്സിലേക്ക് ഒട്ടും രസിച്ചില്ലെന്നു മാത്രമല്ല, തിരുമനസ്സിൽ കോപാഗ്നിയെ ജ്വലിപ്പിക്കുകയും ചെയ്തു.
അതിനാൽ തിരുമനസ്സുകൊണ്ട്, "എടാ, സ്വാമിദ്രോഹീ! പൊയ്ക്കോ. ഇനിമേൽ നിന്നെ എന്റെ മുമ്പിൽ കാണരുത്" എന്ന് അരുളിച്ചെയ്കയാൽ വലിയച്ചൻ പേടിച്ചുവിറച്ച് ഉടനെ തിരുമുമ്പിൽനിന്നു പോയി. പിന്നെ വലിയച്ചന്റെ താമസം മുള്ളൂർക്കരയായിരുന്നു. ശക്തൻ തിരുമനസ്സിലെ കാലം കഴിയുന്നതുവരെ വലിയച്ചൻ പിന്നെ അവിടെനിന്നു തെക്കോട്ട് ഒരിക്കലും കടന്നിട്ടില്ല.
വേലുത്തമ്പി എഴുന്നള്ളത്തോടുകൂടി തിരുവനന്തപുരത്തെത്തിയതിന്റെ ശേഷം പട്ടാളക്കാരുടെ ശമ്പളത്തിൽ സ്വല്പം കുറവുചെയ്കയും അവർക്കു ഉപദ്രവകരങ്ങളായ ചില നിയമങ്ങൾ ഏർപ്പെടുത്തുകയും മറ്റും ചെയ്യുകയാൽ പട്ടാളക്കാർ ആകപ്പാടെ ക്ഷോഭിച്ചുവശാവുകയും വേലുത്തമ്പിയെ കണ്ടാൽ വെടിവച്ചു കൊല്ലണമെന്ന് തിർച്ചപ്പെടുത്തുകയും ചെയ്തു. ഈ വിവരമറിഞ്ഞു വേലുത്തമ്പി ഭയപ്പെട്ടു തിരുവനന്തപുരത്തു നിന്നു ഗൂഢമായി ഒളിച്ചോടി തൃപ്പൂണിത്തുറെ എത്തുകയും ശക്തൻ തിരുമനസ്സിലെ കണ്ടാൽകൊള്ളാമെന്നു അവിടുത്തെ ഇഷ്ടന്മാർ മുഖാന്തരം തിരുമനസ്സറിയിച്ച് അനുവാദം വാങ്ങിക്കൊണ്ടു തിരുമുൻപാകെ ചെന്ന് ഏതാനും വിൽക്കാശു തിരുമുൽക്കാഴ്ചവച്ചു തൃപ്പാദങ്ങളിൽ വീണു വന്ദിച്ചിട്ട് "അടിയൻ എന്തെങ്കിലും അപരാധം ചെയ്തുപോയിട്ടുണ്ടെങ്കിൽ അവിടുന്ന് അതെല്ലാം സദയം ക്ഷമിച്ച് അടിയനു മാപ്പു തന്ന് രക്ഷിക്കണം" എന്ന് അപേക്ഷിക്കുകയും അവിടുത്തെ ശരണം പ്രാപിക്കാനുണ്ടായ കാരണം തിരുമനസ്സറിയിക്കുകയും ചെയ്തു. ഉടനെ ശക്തൻതിരുമനസ്സു കൊണ്ട്, "ആട്ടെ ഒട്ടും ഭയപ്പെടേണ്ടാ, കൊച്ചിയിൽപ്പോയി താമസിച്ചോളൂ" എന്ന് അരുളിച്ചെയ്യുകയും വേലുത്തമ്പിയെ കൊച്ചിക്കോവിലകത്തു പറഞ്ഞയച്ചു താമസിപ്പിക്കുകയും ചെയ്തു.
താൻ പൂർണ്ണത്രയീശന്റെ അടുക്കൽ പ്രാർത്ഥിച്ചതുപോലെതന്നെ നാൽപ്പതു ദിവസത്തിനകം വേലുത്തമ്പി തന്റെ കാൽക്കൽ വന്നു വീഴാൻ സംഗതിയായതിനാൽ ശക്തൻതിരുമനസ്സുകൊണ്ട് വളരെ സന്തോഷിക്കുകയും വേലുത്തമ്പി തിരുമുൽക്കാഴ്ചവച്ച വിൽക്കാശുരുക്കി ഒരു തലയിൽക്കെട്ടു പണിയിച്ചു പൂർണ്ണത്രയീശനു നടയ്ക്കുവയ്ക്കുകയും ചെയ്തു.
ശക്തൻ തിരുമനസ്സുകൊണ്ട് പിന്നെ കുറച്ചു ദിവസംകൂടി തൃപ്പൂണിത്തുറെ താമസിച്ചതിന്റെ ശേഷം തൃശ്ശിവപേരൂർക്കെഴുന്നള്ളി. അവിടെ താമസിച്ചിരുന്ന കാലത്ത് തിരുമനസ്സിലേക്ക് ഒരു ശീലായ്മ ആരംഭിച്ചു. അതിനു പല ചികിത്സകൾ ചെയ്തുവെങ്കിലും അവയൊന്നും പിടിക്കാതെ ശീലായ്മ ക്രമേണ വർദ്ധിച്ചു തുടങ്ങി. ആ വിവരമറിഞ്ഞ് ഇളയതമ്പുരാൻ അവിടുത്തെ അനുജനോടുകൂടി തൃശ്ശിവപേരൂരെഴുന്നള്ളി. അവർ തിരുമുമ്പാകെ എഴുന്നള്ളിക്കണ്ട സമയം ശക്തൻ തിരുമനസ്സു കൊണ്ട്, "എനിക്ക് ദീനം ക്രമേണ വർദ്ധിച്ചുവരുകയാണ്. ക്ഷീണവും സാമാന്യത്തിലധികമുണ്ട്. ഇനി ഇതു ഭേദമായി ഞാൻ സുഖമായിട്ടിരിക്കുമെന്നു തോന്നുന്നില്ല. അതിനാൽ നിങ്ങൾ ഇവിടെതന്നെ താമസിക്കണം, പൊയ്ക്കളയരുത്. എന്റെ കാലം കഴിഞ്ഞാൽ രാജ്യം മുറപോലെ രക്ഷിച്ചുകൊള്ളണം. വടക്കുന്നാഥക്ഷേത്രത്തിൽ യോഗിയാരെ അവരോധിക്കുക, ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ തച്ചുടകയ്മളെ അവരോധിക്കുക, പാലിയത്തു മേനവനു മന്ത്രിസ്ഥാനം കൊടുക്കുക, ഇംഗ്ലീഷുകാരോടു മത്സരിച്ചു വെടിവയ്ക്കുക ഇങ്ങനെ നാലുകൂട്ടം കാര്യം ഒരിക്കലും ചെയ്യരുത്. ഇവ നാലും ചെയ്താൽ നമ്മുടെ രാജ്യം പൊയ്പോകും" എന്ന് അരുളിച്ചെയുകയും ആ അനുജൻ തമ്പുരാക്കന്മാരെ അവിടെത്തന്നെ താമസിപ്പിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാവിലെ ശക്തൻ തിരുമനസ്സുകൊണ്ട് അമൃതേത്തു കഴിച്ചുകൊണ്ടിരുന്ന സമയം ഇളയ തമ്പുരാക്കന്മാർ അവിടെ എഴുന്നള്ളുകയും അവർ രണ്ടുപേരുംകൂടി, "ജേഷ്ഠന്റെ അമൃതേത്തു കണ്ടിട്ട് രുചിക്ഷയം സാമാന്യത്തിലധികമുണ്ടെന്നു തോന്നുന്നുണ്ട്. വല്ലതിനും രുചി തോന്നുന്നുണ്ടെങ്കിൽ അരുളിച്ചെയ്താൽ അത്താഴമമൃതേത്തിനു തക്കവണ്ണം തയ്യാറാക്കാം" എന്നുണർത്തിച്ചു. അതുകേട്ടിട്ട് ശക്തൻ തിരുമനസ്സുകൊണ്ട് "ഇവർ നമ്മുടെ കാലം കഴിഞ്ഞാൽപിന്നെ രാജ്യം ഭരിക്കേണ്ടുന്നവരാണല്ലോ. അവരുടെ കല്പനാശക്തി എത്രമാത്രമുണ്ടെന്നു ഒന്നു പരീക്ഷിക്കണം" എന്നു തിരുമനസ്സിൽ വിചാരിച്ചിട്ട്, "എനിക്ക് ഒന്നിലും നല്ല രുചി തോന്നുന്നില്ല. എങ്കിലും ചക്ക കൂട്ടാൻ വച്ചാൽ കുറച്ചു കൂട്ടാമെന്നു തോന്നുന്നുണ്ട്" എന്ന് അരുളിച്ചെയ്തു. ഉടനെ ഇളയ തമ്പുരാക്കന്മാർ, അതു വൈകുന്നേരത്തേക്കുണ്ടാക്കാം" എന്നുണർത്തിച്ചിട്ടു തിരുമുൻപാകെ നിന്ന് എഴുന്നള്ളി. ഉടനെ അവർ രണ്ടുപേരും "എവിടെനിന്നെങ്കിലും എന്തു വിലകൊടുത്തിട്ടും വൈകുന്നേരത്തേക്കു ഒരു ചക്ക കൊണ്ടു വരണം" എന്നു കല്പിച്ചു പണവും കൊടുത്തു പല സ്ഥലങ്ങളിലേക്കും ആളുകളെ അയച്ചു. നേരം വൈകിയപ്പോഴേക്കും ചക്കയെങ്ങും കിട്ടിയില്ലെന്നു പറഞ്ഞ് ആ ആളുകളെല്ലാം മടങ്ങി വന്നു. ശക്തൻ തിരുമനസ്സു കൊണ്ട്, "എന്താ ചക്ക കിട്ടിയിലായിരിക്കും, അല്ലേ" എന്നു കല്പിച്ച് ചോദിച്ചു. ഉടനെ തമ്പുരാക്കന്മാർ "കന്നിമാസം കാലമാകയാൽ ചക്ക കിട്ടാൻ വളരെ പ്രയാസമായിട്ടാണിരിക്കുന്നത്. ഞങ്ങൾ പണവും കൊടുത്ത് പല സ്ഥലങ്ങളിൽ ആളുകളെ അയച്ച് അന്വേഷിപ്പിച്ചു. എങ്ങും കിട്ടിയില്ല. ഞങ്ങളുടെ അമാന്തം ഒട്ടുമില്ല. ഞങ്ങൾ കഴിയുന്നത്ര ശ്രമങ്ങളെല്ലാം ചെയ്തുനോക്കി. കാര്യം സാധിച്ചില്ല എന്നേ ഉള്ളൂ. എവിടെ നിന്നെങ്കിലും ഒരു ചക്കയെങ്കിലും വരുത്താനായിട്ടു നാളെയും ശ്രമിച്ചു നോക്കാം" എന്നുണർത്തിച്ചു. അപ്പോൾ ശക്തൻതിരുമനസ്സുകൊണ്ട്, "അയ്യോ, കഷ്ടം! വിഡ്ഢികളേ! ഒരു ചക്ക വരുത്താൻപോലും ശേഷിയില്ലാത്ത നിങ്ങൾ ഇനി മേലാൽ ഒരു രാജ്യം ഭരിക്കുന്നതെങ്ങനെയാണ്?" എന്നരുളിച്ചെയ്തു.
അത്താഴമൃതേത്തു കഴിഞ്ഞതിന്റെ ശേഷം ശക്തൻതിരുമനസ്സു കൊണ്ട് വലിയ കപ്പിത്താനെ തിരുമുമ്പാകെ വരുത്തി, "നാളെ രാവിലെ ബ്രാഹ്മണർക്കു പരക്കെ ഒരു സദ്യയും ചില ദാനങ്ങളും മറ്റും വേണമെന്നു നിശ്ചയിച്ചിരിക്കുന്നു. അതിനാൽ അതിനുവേണ്ടുന്നവയെല്ലാം നേരം വെളുക്കുന്നതിനു മുമ്പ് തയ്യാറാക്കിക്കൊടുക്കണം. സദ്യയ്ക്കു പ്രഥമൻ, എരിശ്ശേരി, ഉപ്പേരി, തോരൻ മുതലായവയെല്ലാം ചക്കകൊണ്ടുതന്നെ വേണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്" എന്നരുളിച്ചെയ്തു. "കല്പന പോലെയെല്ലാം തയ്യാറാക്കിക്കൊള്ളാം" എന്നുണർത്തിച്ചിട്ട് വലിയ കപ്പിത്താൻ അപ്പോൾത്തന്നെ തിരുമുമ്പാകെനിന്നു പോയി. നിശ്ചിത സമയത്തിനു മുമ്പുതന്നെ കപ്പിത്താൻ സകല സാധനങ്ങളും അവിടെ തയ്യാറാക്കി എത്തിച്ചുകൊടുത്തു. നേരം വെളുക്കുന്നതിനു മുമ്പു പഴുത്തതും പച്ചയുമായി അഞ്ഞൂറിലധികം ചക്ക അവിടെ വന്നുചേർന്നു. സദ്യയുടെ ആവശ്യം കഴിഞ്ഞിട്ടും പിന്നെയും വളരെ ചക്ക ശേഷിച്ചു കിടന്നിരുന്നു. സദ്യ ഏറ്റവും കെങ്കേമമായിയെന്നുള്ളതു പറയണമെന്നില്ലല്ലോ. ശക്തൻതിരുമനസ്സുകൊണ്ട് നമ്പൂരിമാർക്കു പരക്കെ പല വിധത്തിലുള്ള ദാനങ്ങളും ചെയ്തു.
പിന്നെയും ശീലായ്മ ക്രമേണ വർദ്ധിച്ചുകൊണ്ടുതന്നെയിരുന്ന തിനാൽ ശക്തൻ തിരുമനസ്സുകൊണ്ടു പിന്നെയും പ്രതിദിനം പലവിധത്തിലുള്ള ദാനങ്ങൾ ചെയ്തുകൊണ്ടുതന്നെയിരുന്നു. കിം ബഹുനാ? 981-ആമാണ്ടു കന്നിമാസം 12-ആം തീയതി ആ രാജകേസരി തൃശ്ശിവപേരൂർ വച്ചുതന്നെ കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു.
തിരുമനസ്സിലെ പള്ളിശ്ശവം ദഹിപ്പിച്ചതു തൃശ്ശിവപേരൂർ കോവിലകത്തിന്റെ തെക്കുവശത്തുള്ള തോപ്പിലാണ്. ആ സ്ഥലത്തിനുചുറ്റും ചെറിയതായി ഒരു മതിൽ കെട്ടിച്ചിട്ടുള്ളത് ഇപ്പോഴും കാൺമാനുണ്ട്. അവിടെ അക്കാലം മുതൽ പതിവായി വിളക്കുവച്ചുവന്നിരുന്നത് ഇപ്പോഴും നടന്നുവരുന്നുണ്ട്. ആകെപ്പാടെ വിചാരിച്ചാൽ ശക്തൻതമ്പുരാൻ തിരു മനസ്സുകൊണ്ട് ഒരമാനുഷപ്രഭാവനായിരുന്നുവെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.