2019, ഫെബ്രുവരി 17, ഞായറാഴ്‌ച

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ,മടവൂർ , തിരുവനന്തപുരം

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ,മടവൂർ ,
തിരുവനന്തപുരം

മാണ്ഡവ്യനെന്ന മഹര്ഷി ശിഷ്യന്മാരുമൊത്ത് ദേശാടനത്തിനായി സഞ്ചരിക്കുമ്പോള് ഈ സ്ഥലം കാണുകയും, ഇവിടം മഹര്ഷിക്ക് ചേതോഹരമായി തോന്നുകയാല് ഒരാശ്രമമുണ്ടാക്കി ശിഷ്യന്മാരുമൊത്ത് വസിക്കുവാന് തീരുമാനിച്ചു. അങ്ങനെ ശിവഭക്തനായ മുനി കൈലാസനാഥനെ ധ്യാനിച്ച് ഏറെനാള് തപസ്സാചരിച്ചു. തപസ്സില് സന്തുഷ്ട്നായ ശിവന് പ്രത്യക്ഷപ്പെടുകയും വേണ്ട അനുഗ്രഹം നല്കുകയും ചെയ്തു. അനുഗ്രഹീതനായ മുനി ഇവിടെ ക്ഷേത്രം ഉണ്ടാക്കുകയും ശിവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പ്രദേശത്തുള്ള അഞ്ചുദേശങ്ങള് ദേവന്റെ സമ്പത്തായി പ്രഖ്യാപിച്ച്, നിത്യ പൂജയ്ക്കും ഭരണത്തിനും വേണ്ടി ബ്രാഹ്മണന്മാരെ വരുത്തി ചുമതല ഏല്പ്പിക്കുകയും ചെയ്തു. അങ്ങനെ ഈ സ്ഥലങ്ങള് സംരക്ഷിച്ച് കൃഷി ചെയ്യുന്നതിനുവേണ്ടി ആള്ക്കാരെ പാര്പ്പിച്ച് പാതിവാരമായി നിലങ്ങളും പാട്ടമായി പുരയിടങ്ങളും അവരെ ഏല്പ്പിച്ചു.

ശ്രീകോവിലും മണ്ഡപവും മണ്ഡപത്തില് ശിവന്റെ വാഹനമായ നന്ദിയേയും(കാള) ബലി കല്പുരയും നാലമ്പലവും, കൊടിമരവും, ഗോപുരവും, പടിഞ്ഞാറുഭാഗത്ത് കുളപ്പുരയും (ഭൂതഗണങ്ങളാല് നിര്മ്മിതമായ കുളം) നിര്മിച്ച് ബ്രാഹ്മണരെ അധികാരമേല്പ്പിച്ചു. മാണ്ഡവ്യപുരമെന്ന് പേരും നല്കി. മഹര്ഷി ശിഷ്യന്മാരുമൊത്ത് യാത്രയായി. അഞ്ചു പൂജയും, നവകവും, കലശവും മൂന്ന് ശ്രീബലിയും മുടങ്ങാതെ നടത്തിവന്നു. ഉപദേവന്മാരായ ഗണപതി, ദേവി, വിഷ്ണു ഇവര്ക്കും നിത്യപൂജ നടത്തിവരുന്നു. ഇവിടെ അധികാരികളായ ബ്രാഹ്മണര് പാര്ക്കുന്ന മഠങ്ങള് അധികമായപ്പോള് സ്ഥലത്തിന് മഹര്ഷിയുടെ പേര് വേണ്ടെന്നും മഠവൂര് ആക്കി മാറ്റണമെന്നും, അതനുസരിച്ച് ബ്രാഹ്മണര് മഠവൂരാക്കി. ജ്ഞാനദൃഷ്ടിയാല് മഹര്ഷി ഇതുമനസ്സിലാക്കി ആ ബ്രാഹ്മണരെ ശപിച്ചു. മഹാദേവന്റെ പരിചാരകരായി ഒരു മഠം ഒഴികെ ബാക്കിയെല്ലാം നശിച്ചുപോയി. ആ മഠത്തിന്റെ അധീനതയില് ക്ഷേത്രച്ചടങ്ങുകള് നടത്തുകയും മേടമാസത്തില് ഉതൃട്ടാതിനാളില് കൊടികയറി ഏഴുദിവസം ദേവന്റെ തിരുന്നാള് ഉത്സവമാക്കുകയും ചെയ്തു. ഉത്സവകാലത്ത് അഞ്ച് കരക്കാര്ക്ക് സദ്യയും മൂന്നാം ഉത്സവം മുതല് ആനപ്പുറത്ത് എഴുന്നള്ളത്തും ക്ഷേത്ര കലകള് നടത്തുകയും, കലാകാരന്മാരെ ആദരിച്ചും പോന്നിരുന്നു. അങ്ങനെ മഹത്വം ആര്ജ്ജിച്ച ഈ സ്ഥലത്തിന്റെ നാമധേയം ഉച്ചാരണലോപത്താല് മഠവൂര് മടവൂരായി മാറുകയും ചെയ്തു.

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ എന്നതു ശിവപാർവ്വതിസമേതനായ അർദ്ധനാരീശ്വര 'മഹാദേവർ ' സങ്കൽപം തന്നെയാണ്. മഹാദേവർ കൂടാതെ മറ്റ് ഉപദേവന്മാരായ മഹാവിഷ്ണു, ഗണപതി, ദേവി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവതകളും ചാരത്തായി സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ഒരു പ്രധാന പ്രത്യേകത എന്നത് മുഖമണ്ഡപത്തിൽ സ്ഥിതി ചെയ്യുന്ന 'നന്ദികേശ' പ്രതിഷ്ഠയാണ്. കേരളത്തിൽ തന്നെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രം കണ്ട് പോന്നിട്ടുളള നന്ദികേശപ്രതിഷ്ഠയാണിത്. ഇതിന്റെ പ്രത്യേകത എന്നത് ദേവന്റെ അതേ പ്രധാന്യത്തോട് കൂടിയ നിവേദ്യവും പൂജയും തന്നെയാണ്. ഇത് മറ്റു ക്ഷേത്രങ്ങളിൽ വിരളം ആണ്.