ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം,
തിരുവനന്തപുരം ജില്ല
=====================================
തിരുവനന്തപുരം നഗരത്തിൽ പട്ടം എന്ന സ്ഥലത്ത്. . അവിടെ നിന്നും 2 കി.മി ദൂരത്തിൽ തെക്കു പടിഞ്ഞാറു ഭാഗത്തായി നില കൊള്ളുന്ന ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം. ശിവന്റേയും ഗൗരി (പാർവതി)യുടേയും സംഗമഭൂമിയായ ഈ പ്രദേശം ഗൗരീശപട്ടം എന്ന പേരിൽ അറിയപ്പെടുന്നു.
കേരളത്തിന്റെ തനതുവാസ്തു പാരമ്പര്യത്തിൽ ശില്‌പചാതുരിയോടെ പണികഴിച്ച ഈ ക്ഷേത്രത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവായ ശിവനാണ്. ഈ ക്ഷേത്രം ഉൾക്കൊള്ളുന്ന ചെറുകുന്നും (ഗൗരീശപട്ടത്തിന്റെ പഴയ പേരു്) പരിസരവും ഒരു കാലത്ത് കൊടുംകാടായിരുന്നു. രാത്രി കാലങ്ങളിൽ വഴിതെറ്റി കാടിനുള്ളിൽ പ്രവേശിച്ചിരുന്ന യാത്രികർക്ക് ഒരു ദിവ്യ ജ്യോതിസ്സ് വഴിവെളിച്ചം പകർന്നിരുന്നുവത്രേ! ഇതു തിരിച്ചറിഞ്ഞ പ്രദേശവാസികൾ വിധിപ്രകാരം ദേവപ്രശ്നം നടത്തുകയും പ്രശ്നവിധിയിൽ നിർദ്ദേശിച്ചതനുസരിച്ചു കാടുതെളിച്ച് അന്വേഷിക്കുകയും ഒടുവിൽ ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥാനത്തു ഒരു ശിവലിംഗം അവർ കണ്ടെത്തുകയും ചെയ്തു. ക്ഷേത്രപ്രതിഷ്ഠ സ്വയംഭൂവായി അറിയപ്പെടുന്നു.
ചെറുകുന്നിലെ രണ്ടു പ്രധാന തറവാടുകളായിരുന്നു മേലേവാര്യവും, കീഴതിൽ നായർത്തറവാടും. ക്ഷേത്രത്തിന്റെ നേർ തെക്കുഭാഗത്തായിട്ടാണ് വാര്യം സ്ഥിതിചെയ്യുന്നത്. വാര്യർ സമുദായം ശൈവ സമ്പ്രദായത്തോട് ബന്ധപ്പെട്ടു നിൽക്കുന്നവരാണ്. പ്രശ്നവിധിയിൽത്തെളിഞ്ഞപ്രകാരം അവരുടെ കുലപരദേവതയായിട്ടാണ് സ്വയംഭൂ വെളിപ്പെട്ടിരിക്കുന്നത്. അക്കാരണത്താൽ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങളുടെ ചുമതല പൂർണമായും മേലേവാര്യത്തെ കാരണവർക്കായിരുന്നു. അങ്ങനെയിരിയ്ക്കെ, കീഴതിൽ നായർത്തറവാട്ടിൽ നടന്ന ചില അവിചാരിതസംഭവങ്ങൾ നിമിത്തം ദേവപ്രശ്നം നടത്തുകയുണ്ടായി. പ്രസ്തുത തറവാട്ടിൽ കുടിയിരുത്തി പൂജിയ്ക്കുന്ന ഗൗരിയെ (പാർവതിയെ) ഈ ക്ഷേത്രത്തിൽ ശിവനോടൊപ്പം പ്രതിഷ്ഠിയ്ക്കണം എന്ന് ആ പ്രശ്നവിധിയിൽ നിർദേശിച്ചു. ദേവിയെ മഹാദേവനോടൊപ്പം പ്രതിഷ്ഠിച്ചു. ശിവപ്രതിഷ്ഠ കിഴക്കോട്ടും ഗൗരി പടിഞ്ഞാറു ഭാഗത്തേയ്ക്കും ദർശനമായിരിയ്ക്കുന്നു ഈ ക്ഷേത്രം ഉമാമഹേശ്വര സാന്നിധ്യമുള്ള അപൂർവക്ഷേത്രങ്ങളിൽ ഒന്നാണ്. അങ്ങനെ ശിവപാർവതിമാരുടെ സംഗമരംഗവേദിയായ ചെറുകുന്ന് അന്നുമുതൽ ഗൗരീശപട്ടം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി.
കാലാന്തരത്തിൽ ഗൗരീശപട്ടണ ത്തോട് ചേർന്നു കിടക്കുന്ന പൊട്ടക്കുഴിയിലെ, പേഷ്ക്കാർ ശർമ്മസ്വാമിയുടെ വീട്ടുവളപ്പിൽ പ്രതിഷ്ഠിച്ചിരുന്ന നാഗർപ്രതിഷ്‌ഠയെ ഗൗരീശപട്ടം ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരികയും ക്ഷേത്രത്തിന്റെ അഗ്നികോണിലായി (കിഴക്ക്-തെക്കേ മൂലയിൽ) ആൽച്ചുവട്ടിൽ കുടിയിരുത്തുകയും ചെയ്തു (ആൽച്ചുവട്ടിലെ നാഗപ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യം ഉണ്ട്). നാഗരുടെ തിരുമുൻപിലായി വലിയൊരു നാഗഗന്ധി വൃക്ഷമുണ്ട്. ഈ നാഗഗന്ധിയിൽ തൊട്ടിലിടുന്നവർക്ക് അതിവേഗം സന്താനസൗഭാഗ്യം ലഭിക്കും എന്ന് പഴമക്കാർ പറയുന്നു. എന്നാൽ, പിന്നീട് വന്ന ഭരണനേതൃത്വം ആൽത്തറയിൽ നിന്നും നാഗരെ സിമന്റ് കൂടാരത്തിലേയ്ക്ക് മാറ്റിപ്രതിഷ്ഠിച്ചു. തുടർന്നു സംഭവിച്ച അനിഷ്ടങ്ങൾ നിമിത്തം നടത്തിയ പ്രശ്നവിധിയിൽ നാഗരെ പൂർവസ്ഥാനത്ത് തന്നെ പ്രതിഷ്ഠിയ്ക്കണം എന്ന് നിർദ്ദേശിച്ചിരിയ്ക്കുന്നു.
കൊല്ലവർഷം 1072 (1896 AD)യിൽ മേലേവാര്യത്തെ കാരണവർ തിരുവിതാംകൂർ രാജകുടുംബത്തിന്റെ മേൽനോട്ടത്തിലേയ്ക്കായി ക്ഷേത്രം വിട്ടുകൊടുത്തു. ആദ്യകാലത്തു ശ്രീകോവിൽ മാത്രമായി നിലകൊണ്ടിരുന്ന ക്ഷേത്രത്തെ ഇന്നുകാണുന്ന നിലയിൽ പണികഴിപ്പിച്ചത്, അന്നത്തെ ഭരണാധികാരിയായിരുന്ന ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവ് തിരുമനസ്സാണ്. അന്നത്തെ കൊട്ടാരം ജ്യോത്സ്യൻ പ്രസിദ്ധ ജ്യോതിഷി മേലേവാര്യത്തെ മാധവ വാര്യർ ആയിരുന്നു. അദ്ദേഹത്തിന്റെ ജ്യോതിഷ വിധിയിലെ കൃത്യത പലപ്പോഴും രാജാവിനേപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. 1896-97 കാലഘട്ടത്തിൽ ശ്രീമൂലംതിരുനാൾ രാമവർമ്മ തിരുമനസ്സിന് നേരിടേണ്ടിവന്ന ഭരണപരമായ പ്രതിസന്ധികളെ തരണംചെയ്യാൻ സാധിയ്ക്കാതെ വന്നഘട്ടത്തിൽ രാജാവ് ദൈവജ്ഞ മതത്തിനായി മാധവവാര്യരുടെ കവടികളെ ആശ്രയിച്ചു. മാധവവാര്യരുടെ മേൽനോട്ടത്തിൽ നടന്ന പ്രശ്നവിധിയിൽ പരിഹാരമായിത്തെളിഞ്ഞത് പ്രസ്തുത ക്ഷേത്രമേറ്റെടുക്കലും പുനരുദ്ധാരണവും ആയിരുന്നു. തുടർന്നുവന്ന രാജതീരുമാനത്തിൽ അതിവേഗം ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടപ്പിലാക്കി. ദൈനംദിന പൂജകളും വഴിപാടുകളും വിഘ്നം കൂടാതെ തുടരുകയും ചെയ്തു. 1950-ൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ രൂപീകരണത്തോടുകൂടി ഗൗരീശപട്ടം ക്ഷേത്രം ബോർഡിന്റെ അധീനതയിലായി.
ആദ്യകാലത്ത് ശ്രീകോവിലിനോടു ചേർന്നുതന്നെയായിരുന്നു ഗണപതി പ്രതിഷ്ഠയും ശാസ്താ പ്രതിഷ്ഠയും. എന്നാൽ പിൽക്കാലത്ത് നടന്ന ദേവപ്രശ്നവിധി പ്രകാരം ശാസ്താവിനെ നാലമ്പലത്തിന്റെയുള്ളിൽ തെക്ക് പടിഞ്ഞാറു കോണിലായി മാറ്റി പ്രതിഷ്ഠിച്ചു. ക്ഷേത്രമതിലിനു പുറത്ത് കിഴക്ക് ഭാഗത്തായി 15 സെന്റ് സമചതുരത്തിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ക്ഷേത്രാചാരങ്ങൾക്ക് മാത്രമായി ഉപയോഗിയ്ക്കുന്ന ഈ കുളത്തിൽ നിറയെ വർണ്ണമത്സ്യങ്ങളും ആമകളും വസിയ്ക്കുന്നു. സ്വർണനിറത്തിലും വർണ്ണസങ്കരങ്ങളോടും കൂടിയ ആമകൾ കുളത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂട്ടുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഇവർക്ക് മലരും അവിലും സമർപ്പിയ്ക്കുക പതിവാണ്.
ക്ഷേത്രത്തിന്റെ നേർതെക്കുഭാഗത്തായി മറ്റൊരു കുളം കൂടിയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണവേളയിൽ ജ്യോതിഷവിധിപ്രകാരം ക്ഷേത്രം തറനിരപ്പിൽനിന്നും 20 അടി പൊക്കത്തിൽ ഉയർത്തി പ്രതിഷ്ഠിക്കണമെന്നു വിധി ഉണ്ടായി. ക്ഷേത്രം ഉയർത്തുന്നതിലേക്കായി മണ്ണ് സമർപ്പിച്ചത് വാര്യത്തുനിന്നായിരുന്നു. അതിനായി മണ്ണെടുത്ത കുഴി പിന്നീട് കുളമായി പരിണമിയ്ക്കുകയും ക്ഷേത്രത്തിലെ പൂജാപാത്രങ്ങൾ കഴുകുന്നതിലേക്കായി വാര്യത്തെ കാരണവർ (കഴകം) കാലങ്ങളോളം ഉപയോഗിച്ചുപോന്നു. ക്ഷേത്രഭരണം ദേവസ്വംബോർഡിന്റെ അധീനതയിലായതോടുകൂടി കഴകപ്രവൃത്തിയിൽനിന്നും വാര്യത്തെ ക്രമേണ ഒഴിവാക്കുകയും കുളം നാട്ടുകാരുടെ കുളിസങ്കേതമായി മാറുകയും ചെയ്തു. പിൽക്കാലത്തു വാര്യത്തെ അന്തേവാസികൾക്കു താമസസ്ഥലം തികയാതെ വന്നപ്പോൾ അവർ സ്വയം പണം ചിലവാക്കി മണ്ണിറക്കി കുളം നികത്തി അവിടം താമസയോഗ്യമാക്കി തീർത്തു.
മംഗല്യസൗഭാഗ്യത്തിനും ദീർഘ സുമംഗലീയോഗത്തിനും ദാമ്പത്യ ഐക്യത്തിനും ഈ ക്ഷേത്രത്തിൽ നടത്തുന്ന ഉമാമഹേശ്വരപൂജ വളരെ പ്രസിദ്ധമാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ഇതിലേയ്ക്കായി ദിവസവും ഭക്തർ എത്തിച്ചേരുന്നു. അതുപോലെ വിശേഷപ്പെട്ട മറ്റൊന്നാണ് ക്ഷേത്രത്തിലെ നിത്യശ്രീബലി തൊഴൽ. ഇഷ്ടസാഫല്യത്തിന് ഇത് വഴിയൊരുക്കുമെന്ന് പറയപ്പെടുന്നു. ശിവപാർവതിമാർ കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ പ്രദോഷദിനത്തിലെ ശ്രീബലിതൊഴാൻ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. അന്നേദിവസം ശിവപാർവതിമാർ ഭൂതഗണങ്ങളോടൊപ്പം സസന്തോഷം വന്നുചേർന്ന് മനുഷ്യരുടെ പാപങ്ങളെ സംഹരിച്ച് സ്വർഗ്ഗീയപുണ്യത്തെ പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. മഹാദേവനും ഗൗരിയും കുടികൊള്ളുന്ന ഇവിടെ തിങ്കളാഴ്ച്ചകളിൽ നടത്തുന്ന സ്വയംവരാർച്ചനയും ജലധാരയും മംഗല്യതടസ്സം നീങ്ങാനും കുടുംബത്തിൽ സമാധാനം ലഭിയ്ക്കാനും ഏറെ ഉതകുന്നതായി അനുഭവസ്ഥർ പറയുന്നു.
മകരമാസത്തിലെ ചതയംനക്ഷത്രം മുതൽ തിരുവാതിരനക്ഷത്രം വരെയുള്ള ദിനങ്ങളിലാണ് ക്ഷേത്രത്തിലെ തൃക്കൊടിയേറ്റുമഹോത്സവം നടക്കുന്നത്. ചതയം നാളിൽ തൃക്കൊടിയേറി തിരുവാതിരയിൽ തൃക്കൊടിയിറക്കം. പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവബലിയാഘോഷങ്ങൾ! ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തുന്ന നാഗരുടെ കളമെഴുത്തും പാട്ടും ഏറെ വിശേഷപ്പെട്ട ഒരു വഴിപാടാണ്. ക്ഷേത്രത്തിലെ പൂജകളിൽ നാഗർ തൃപ്തനാണെങ്കിൽ കളത്തിലിറങ്ങിയാടും എന്ന് പഴമക്കാർ പറയുന്നു.
ഒരിയ്ക്കൽ നാഗരുടെ തിരുമുൻപിലുള്ള ക്ഷേത്രമതിൽ പൊളിച്ച് അതുവഴി ക്ഷേത്രത്തിലെ മലിന ജലം ഒഴുക്കാനായി ഓട നിർമിയ്ക്കാൻ ശ്രമിച്ചു. പണിയാളർ വന്ന് മതിൽ പൊളിക്കാൻ ആരംഭിച്ചപ്പോഴാണ് വാര്യത്തെ അന്നത്തെ മൂത്തകാരണവർ (ശ്രീ കെ.ജി.വാര്യർ) കാരണമറിയുന്നത്. അദ്ദേഹവും പത്നിയും നിരവധിതവണ മതിൽ പൊളിയ്ക്കരുത് എന്ന് പറഞ്ഞിട്ടും ക്ഷേത്രജീവനക്കാരും പണിയാളരും പിന്മാറിയില്ല. അവർ വാശിയോടെ മതിൽ പൊളിക്കൽ തുടർന്നു. അല്പസമയത്തിനകം പൊളിച്ച മതിൽക്കകത്ത് മണിനാഗം പ്രത്യക്ഷമായി ഇരിപ്പുറപ്പിച്ചു. അത് കണ്ടു ഭയന്ന പണിയാളർ ആയുധമുപേക്ഷിച്ച് സ്ഥലംവിട്ടു.
ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കഥകളി, പാഠകം ആദിയായ കലകളെല്ലാം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറുക പതിവാണ്. കുട്ടികളുടെ അരങ്ങേറ്റം തുടങ്ങിയ ചടങ്ങുകൾ ക്ഷേത്രമതിൽക്കെട്ടിനകത്തെ സ്റ്റേജിലും ഇതര രംഗാവതരണങ്ങൾ മതിൽക്കെട്ടിനുപുറത്തെ സ്റ്റേജിലുമായാണ് അവതരിപ്പിയ്ക്കുന്നത്.
ഗൗരീശപട്ടത്ത് നാനാജാതിമതസ്ഥർ ഐകമത്യത്തോടെയും സമഭാവനയോടെയും ജീവിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ റസിഡൻസ് അസോസിയേഷനാണ് GRA (ഗൗരീശപട്ടം റസിഡൻസ് അസോസിയേഷൻ). ഔദ്യോഗികമായി ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ, അദ്ധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി പണ്ഡിതന്മാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ സമസ്ത ഐശ്വര്യങ്ങൾക്കും കാരണം ക്ഷേത്രചൈതന്യമാണ് എന്ന് ഇവിടുത്തുകാർ വിശ്വസിയ്ക്കുന്നു. അതുകൊണ്ടു തന്നെ ജാതിമതഭേദമെന്യേ എല്ലാവരും ഒരേ മനസ്സോടെ ദേവനെ പൂജിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്നു.
നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന്റെ ചുറ്റുവട്ടത്തിൽ 3 കി.മീ. ദൂരത്തിൽ മെഡിക്കൽ കോളേജ്, നിയമസഭാകാര്യാലയം, സെക്രട്ടേറിയേറ്റ്, തമ്പാനൂർ ബസ്ടെർമിനൽ, എയർപോർട്ട് എന്നിവയും, കേരള സർവകലാശാല യുടെ ആസ്ഥാനമന്ദിരം, പ്രശസ്ത കലാലയമായ യൂണിവേഴ്സിറ്റി കോളേജ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയവയെല്ലാം വിളിപ്പാടകലത്തിലും സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണഭംഗി തുളുമ്പുന്ന ഈ സ്ഥലത്തിന്റെ ജനസാന്ദ്രതയ്ക്ക് കാരണവും ഇതുതന്നെയാണ്.
മണ്ണിനും മനുഷ്യനും ഉണർവേകി ഉന്മുഖീഭൂതരാക്കി കർമോത്സുകരാക്കി കനിവോടെ കാത്തു പരിപാലിയ്ക്കുന്ന ശിവശക്തികൾ പ്രകൃതിപുരുഷലീനത്വത്തിൽ അധിവസിയ്ക്കുന്ന ഈ ഗൗരീശങ്കരനിലയം ലോകത്തിന് മാതൃകയാവട്ടേ.