2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം തിരുവനന്തപുരം ജില്ല

 

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം


============================================


ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം


തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.


ഐതിഹ്യം 


പ്രശസ്ത താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ പറവൂർ ശ്രീധരൻ തന്ത്രികൾ നടത്തിയ ദേവപ്രശ്നത്തിൽ ഏകദേശം 5000 വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ബ്രഹ്മജ്ഞാനിയായിരുന്ന ഒരു സന്ന്യാസിയുടെ സമാധിസ്ഥാനത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും പിന്നീട് ഏതോ ഒരു കാലത്ത് ആ ക്ഷേത്രം നശിച്ചുപോയതാണെന്നും പ്രശ്നവിധിയിൽ പറയുകയുണ്ടായി. പിന്നീട്, ഇപ്പോഴത്തെ ക്ഷേത്രം ഉയർന്നുവരുന്നത് 1960-കളിലാണ്. അതിന് നിമിത്തമായി ഭവിച്ചത് കൃഷ്ണൻകുട്ടി എന്ന് പൂർവ്വാശ്രമത്തിൽ പേരുണ്ടായിരുന്ന സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ്. ആ കഥ ഇങ്ങനെ:


ചെങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജ്ഞാനപ്രകാശം-ചെല്ലമ്മാൾ ദമ്പതികളുടെ മകനായി 1954 നവംബർ 16-ന് പൂയം നക്ഷത്രത്തിൽ ജനിച്ച കൃഷ്ണൻകുട്ടി, മൂന്നുവയസ്സുള്ളപ്പോൾ മുതൽ വീടിന് തെക്കുപടിഞ്ഞാറുഭാഗത്തുപോയി ധ്യാനിച്ചിരിയ്ക്കുക പതിവായിരുന്നു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലത്തിനടുത്ത് ഒരു പുറ്റ് വളർന്നുവലുതായി. ഈയവസരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പലതവണ അത് തകർക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം പൂർവ്വാധികം ശക്തിയോടെ അത് വളർന്നുവലുതാകുകയായിരുന്നു. ഒരിയ്ക്കൽ ഇത് തകർക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നൊരു പാമ്പ് പുറത്തേയ്ക്കുവന്നതായും കഥയുണ്ട്. അതേത്തുടർന്ന് പ്രശ്നം വച്ചപ്പോൾ പുറ്റിൽ ശിവപാർവ്വതീസാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുറ്റിന് നിത്യപൂജ നടത്തുന്നത് പതിവാക്കി.


വർഷങ്ങൾക്കുശേഷം കൃഷ്ണൻകുട്ടി തന്നെ അവിടെയൊരു ക്ഷേത്രം പണിയുകയും ശിവപാർവ്വതിമാരെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. നിരവധിയാളുകൾ ഈ കഥയറിഞ്ഞ് ക്ഷേത്രത്തിൽ വരാനും പ്രാർത്ഥിയ്ക്കാനും തുടങ്ങി. ഒരു തെക്കത് (ശ്രീകോവിൽ മാത്രമുള്ള ചെറിയ ക്ഷേത്രം) മാത്രമായിരുന്നു അന്നത്തെ ക്ഷേത്രം. കാലാന്തരത്തിൽ അത് വളർന്നുവലുതാകുകയും ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ ഉപപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. 1986 ജൂലൈ ഒന്നിനായിരുന്നു പ്രതിഷ്ഠാകർമ്മം. തുടർന്നും അദ്ദേഹം ഭക്തിയോടുകൂടി ശിവപൂജ തുടർന്നുപോരുകയും ക്ഷേത്രത്തിൽ നിരവധി ഭക്തർ എത്തിച്ചേരുകയും ചെയ്തു.


2011 ഫെബ്രുവരിയിൽ കൃഷ്ണൻകുട്ടിയ്ക്ക് വീണ്ടും ഒരു അരുളപ്പാടുണ്ടായി. കേരളീയ വാസ്തുശൈലിയ്ക്കനുസരിച്ച്, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കി ക്ഷേത്രത്തെ ഉയർത്താനായിരുന്നു ആ അരുളപ്പാട്. അതിനുശേഷമാണ് ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.


നിർമ്മണ രീതി 


കൃഷ്ണശിലയും തടിയും മാത്രം ഉപയോഗിച്ച് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.


കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.


70 തൂണുകളിലെ നമസ്കാര മണ്ഡപം 


ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ ഏറെ ആകർഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം. എഴുപത് തൂണുകളിലായി ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളെ ഇവിടെ കൊത്തിവെച്ചിരിക്കുന്നു. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. കൊടിമരം, വലിയ ബലിക്കൽപ്പുര, ഗംഗാതീർഥ കിണർ,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാർത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്. 


മഹാശിവലിംഗം 


ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് 111 അടിയാണ് ഉയരം. ഈ ശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്. 


ഗിന്നസ് റെക്കോർഡിലേയ്ക്ക് 


നിലവിൽ 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള റെക്കോർഡ്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്. 111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ നിർമ്മാണം.


കടപ്പാട്‌

ശംഭോ മഹാദേവാ