രാമപ്പ ക്ഷേത്രം ( രാമലിംഗേശ്വര ക്ഷേത്രം)
=============================================================
കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇന്നത്തെ വാറങ്കലിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെങ്കട്പൂർ മണ്ഡലിലെ പാലംപേട്ട് ഗ്രാമത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കാകതീയ രാജാക്കന്മാരുടെ നിർമ്മാണ വൈദഗ്ദ്യത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായാണ് ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. രാമലിംഗേശ്വര ക്ഷേത്രമെന്നാണ് പേരെങ്കിലും രാമപ്പ ക്ഷേത്രമെന്ന് ഇതറിയപ്പെടുന്നതിനു പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്.
ശില്പിയുടെ പേരിലറിയപ്പെടുന്ന ക്ഷേത്രം സാധാരണ ക്ഷേത്രങ്ങൾ മുഖ്യപ്രതിഷ്ഠയുടെ പേരിൽ അറിയപ്പെടുമ്പോൾ ഇവിടെ ഒരു വ്യത്യാസമുണ്ട്. ഒരു പക്ഷേ, ഇന്ത്യയിൽ തന്നെ മറ്റൊരു ക്ഷേത്രങ്ങൾക്കും അവകാശപ്പെടുവാനില്ലാത്ത ഒരു പ്രത്യേകത. രാമപ്പ എന്നത് ഈ ക്ഷേത്രം നിർമ്മിച്ച ശില്പിയുടെ പേരാണ്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കാകതീയ രാജാവായിരുന്ന കാകതി ദേവയുടെ ഭരണത്തിൻകീഴിൽ മുഖ്യ സൈന്യാധിപനായിരുന്ന രുദ്ര സമാനിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ക്ഷേത്ര നിർമ്മാണം പൂര്‍ത്തിയാക്കിയത്. എഡി 1213 കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ
ഈ ക്ഷേത്രം പൂർത്തിയാക്കുവാൻ 40 വര്‍ഷമെടുത്തു എന്നു കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും രാമപ്പ ക്ഷേത്രം കണ്ടാൽ അത് മാറും. ഇത്രയും പൂർണ്ണതയിൽ, ഒരു കുറവുകളുമില്ലാതെ , തീർത്തും വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്‍റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. നക്ഷത്രാകൃതിയിലുള്ള തറയാണ് ക്ഷേത്രത്തിന്‍റെ മറ്റൊരു ആകർഷണം. ആറടിയാണ് ഈ തറനിരപ്പിന്‍റെ ഉയരം,.
കൊത്തുപണികൾ നിർമ്മാണരീതിയുടെ അസാധാരണമായ, അനുകരിക്കുവാൻ സാധിക്കാത്ത ഒരു മാതൃകയാണ് രാമപ്പ ക്ഷേത്രമെന്ന് നിസംശയം പറയാം. പ്രകാശത്തെയും ഇടത്തെയും ഏറ്റവും ബുദ്ധിപൂർവ്വമായ രീതിയിലാണ് ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ചുവരുകളും ഏറെയുണ്ടിവിടെ. സംഗീതജ്ഞര്‍, നൃത്തം ചെയ്യുന്ന സ്ത്രീകൾ, പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ തൂണുകളിൽ കൊത്തിവെച്ചിട്ടുണ്ട്.
ക്ഷേത്രങ്ങൾക്കിടയിലെ താരം ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ തന്‍റെ ഭാരത സന്ദർശനത്തിനിടെ ഇവിടെയും എത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളങ്ങി നിൽക്കുന്ന ക്ഷേത്രമെന്നാണ് അദ്ദേഹം രാമപ്പ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്,
വെള്ളത്തിൽ പൊങ്ങിക്കിടക്കു ഇഷ്ടികകൾ സാങ്കേതിക വിദ്യയും നിർമ്മാണ രീതികളും പരിധിയില്ലാതെ വളർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തു പോലും ചിന്തിക്കുവാൻ കഴിയാത്ത തരത്തിലുള്ള പ്രത്യേകതകൾ ഈ ക്ഷേത്രത്തിൽ കാണാം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടി കളാണത്രെ ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തൂവലിനോളം ഭാരമുള്ളതാണ് ഈ ഇഷ്കികകൾ എന്നൊരു പ്രത്യേകതയും കൂടി ഇതിനുണ്ട്.
ഭൂമികുലുക്കമുണ്ടായാല്‍ പോലും തകർന്നു വീഴാത്ത തരത്തിലുള്ള രീതിയും ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സാൻഡ് ബോക്സ് ടെക്നോളജി എന്നാണിതിന്‍റെ പേര്. ഫൗണ്ടേഷന്‍റെ കുഴികളിൽ പ്രത്യേക രീതിയിൽ മണൽ ചേർക്കുന്നതാണിത്. അങ്ങനെ ചെയ്യുമ്പോൾ ഈ കുഴികൾ ഒരു കുഷ്യനെപ്പോലെ വർത്തിച്ച് ഭൂകമ്പത്തിലോ ഭൂമികുലുക്കത്തിലോ ഒക്കെ നിന്ന് ക്ഷേത്രം തകരുന്നത് തടയും എന്നാണ് കരുതുന്നത്.
ക്ഷേത്രസമയവും സന്ദർശിക്കുവാൻ യോജിച്ച സമയവും. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.
എത്തിച്ചേരുവാൻ തെലങ്കാനയിലെ വാറങ്കലിലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും 209 കിലോമീറ്ററും മുളുഗു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഹൈദരാബാദിൽ നിന്നും വരുന്നവർക്ക് വാറങ്കിൽ വഴിയും അല്ലാതെയും പോകുവാന്‍ സാധിക്കും. വാറങ്കൽ വഴിയല്ലെങ്കിൽ ഹനാംകോണ്ട എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് ഇവിടേക്ക് വരാം.
കടപ്പാട്