തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം.
==============================================
ബലി തര്‍പ്പണ വിശ്വാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. പരശുരാമന്‍റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകത മാത്രമല്ല, ക്ഷേത്രത്തിനുള്ളില്‍ ബലിതര്‍പ്പണ സൗകര്യമുള്ള ഒരേയൊരു ക്ഷേത്രം കൂടിയാണിത്. തിരുവല്ലം ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും ഇവിടുത്തെ ബലി തര്‍പ്പണത്തിന്‍റെ പ്രാധാന്യവും വായിക്കാം
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം അത്യപൂര്‍വ്വമായ വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, സാധാരണ കണ്ടു വരുന്ന പ്രതിഷ്ഠയില്‍ നിന്നുപോലും വ്യത്യാസങ്ങളുള്ള ഒരു ക്ഷേത്രമാണിത്. കീര്‍ത്തി കാരണം ദൂരദേശങ്ങളില്‍ നിന്നു പോലും വിശ്വാസികള്‍ എത്തുന്ന ഈ ക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
പത്മനാഭ ക്ഷേത്രവും തിരുവല്ലവും തിരുവല്ലം ക്ഷേത്രത്തിന് പ്രസിദ്ധമായ പത്മനാഭ സ്വാമി ക്ഷേത്രവുമായി അഭേദ്യമായ ചില ബന്ധങ്ങളുണ്ട്. പത്മനാഭ സ്വാമിയുടെ തലഭാഗം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് എന്നാണ് വിശ്വാസം. തിരുവല്ലം എന്ന പേരു ക്ഷേത്രത്തിന് ലഭിച്ചത് ഇങ്ങനെയാണ് എന്നാണ് വിശ്വസിക്കുന്നത്. ഉടല്‍ സ്ഥിതി ചെയ്യുന്നത് അനന്തന്‍ കാട്ടിലും പാദങ്ങള്‍ തൃപ്പപ്പൂര്‍ എന്ന സ്ഥലത്തും ആണെന്നാണ് വിശ്വാസം
വില്വമംഗലം സ്വാമിയോ ശങ്കരാചാര്യരോ? ക്ഷേത്ര പ്രതിഷ്ഠ
നടത്തിയത് ആരാണെന്ന കാര്യത്തില്‍ പല ഐതിഹ്യങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. തന്‍റെ മാതാവിന്റെ പിതൃതര്‍പ്പണവുമായി ബന്ധപ്പെട്ട് ഇവിടെയെത്തി. ബലിയിട്ടതിമു ളേഷം നദിയില്‍ മുങ്ങിയ ശങ്കരാചാര്യര്‍ മണലെടുത്ത് ഒരു പരശുരാമ വിഗ്രഹം നിര്‍മ്മിക്കുകയും അതിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. മറ്റൊരു കഥയനുസരിച്ച് വില്വാമംഗലം സ്വാമിയാരാണത്രെ ക്ഷേത്രം സ്ഥാപിച്ചത്.
മഴുവേന്തിയ വിഷ്ണു പരശുരാമനെ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ വിഷ്ണുവിന്റെ കയ്യിലെ താമരയ്ക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണ് കാണാന്‍ സാധിക്കുക.
rരണ്ടുകൊടിമരങ്ങളുള്ള ക്ഷേത്രം ദ്രാവിഡ നിര്‍മ്മാണ ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ ആണ് നിര്‍മ്മിതി.പത്മനാഭ സ്വാമിക്ക് അഭിമുഖമായാണ് പരശുരാമനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രണ്ടു കൊടിമരങ്ങള്‍ ഇവിടെ കാണാം. മഹാഗണപതി, മഹാദേവന്‍, ബ്രഹ്മാവ്, പരശുരാമന്‍, ശാസ്താവ്, ശ്രീകൃഷ്ണന്‍ , കന്നിമൂല ഭഗവതി, സുബ്രഹ്മണ്യന്‍, വേദവ്യാസന്‍, മത്സ്യമൂര്‍ത്തി, മഹിഷാസുര മര്‍ധിനി, നാഗരാജാവ്, ഉടയവർ, ഉടയവരമ്മ എന്നീ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്
ക്ഷേത്രത്തിനകത്തെ ബലിതര്‍പ്പണം ക്ഷേത്രത്തിനുള്ളില്‍ തന്നെ ബലിതര്‍പ്പണം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.
അമ്മയുടെ ബലിയിടുവാന്‍ സ്വന്തം പിതാവിന്റെ വാക്കുകള്‍ അനുസരിച്ച് തന്റെ അമ്മയെ പരശുരാമന്‍ വധിച്ചിരുന്നതായി ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. ആ പാപത്തില്‍ നിന്നും മോചനം ലഭിക്കുവാനായി അദ്ദേഹം ഇവിടെയെത്തിയാണത്രെ ബലിതര്‍പ്പണം നടത്തിയത്. ശിവനോട് പ്രാര്‍ത്ഥിച്ച് അദ്ദേഹത്തില്‍ നിന്നും ലഭിച്ച ഉപദേശമനുസരിച്ചാണ് ഇവിടെ ബലി തര്‍പ്പണം നടത്തിയത്.
ത്രിമൂര്‍ത്തികളുടെ സാന്നിധ്യം ത്രിമൂര്‍ത്തികളുടെ സാന്നിധ്യവും ക്ഷേത്രത്തിലുണ്ടെന്നാണ് വിശ്വാസം. ശങ്കരാചാര്യര്‍ ബലിതര്‍പ്പണം നടത്തിയ ശേഷം പ്രതിഷ്ഠ നടത്തിയ സമയത്ത് ബ്രഹ്മാവ്, പരശുരാമൻ, പരമശിവൻ എന്നിവര്‍ ഇദ്ദേഹത്തിന് ദര്‍ശനം നടത്തുകയും അദ്ദേഹം അവരെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ത്രീമൂര്‍ത്തികളുടെ സാന്നിധ്യത്തില്‍ ബലി അര്‍പ്പിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പാണെന്നാണ് വിശ്വാസം.
ഒരിക്കല്‍ ബലി അര്‍പ്പിച്ചാല്‍ ഒരിക്കല്‍ തിരുവല്ലം ക്ഷേത്രത്തിലെത്തി ബലി അര്‍പ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ ബലി അര്‍പ്പിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നിരവധി ആളുകള്‍ ഇവിടെ ബലി അര്‍പ്പിക്കുവാന്‍ എത്തുന്നു, കേരളത്തിൽ എല്ലാ ദിവസവും ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളുള്ള ക്ഷേത്രവും ഇതുതന്നെയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത് എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
കടപ്പാട്