മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം.ആലപ്പുഴ ജില്ല,പുല്ലുകുളങ്ങര ഗ്രാമം
=================================================================
ദേവീ സങ്കൽപ്പങ്ങൾക്ക് ഹൈന്ദവ ആരാധനാക്രമങ്ങളിൽ വലിയ സ്ഥാനമാണുള്ളത്. അഭയദായിനിയായ അമ്മയായും, ദുഷ്ടശക്തികൾക്ക് മേൽ വിജയം നേടി മനുഷ്യകുലത്തെ പാലിക്കുന്ന കാളിയായും, കന്യകയായും, വിദ്യാസ്വരൂപിണിയായ സരസ്വതിയായും, പ്രകൃതിയെയും പക്ഷി മൃഗാദികളെയും പരിപാലിക്കുന്ന വനദുർഗ്ഗയായും വൈവിധ്യമാർന്ന സങ്കൽപ്പങ്ങളിൽ ഭക്തർ ദേവിയെ ആരാധിക്കുന്നു. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ശൈശവ ഭാവത്തിലുള്ള ദേവി സങ്കല്പത്തെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് സമീപമുള്ള പുല്ലുകുളങ്ങര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം. ഇവിടെ ബാലദുർഗ്ഗാ ഭാവത്തിലാണ് ദേവി കുടികൊള്ളുന്നത്. ഐശ്വര്യ പ്രദായിനിയായി ബാലദുർഗ്ഗ കുടികൊള്ളുന്ന ഈ ക്ഷേത്രം തെക്കൻ കേരളത്തിലെ ഒരു പ്രധാന തീർത്ഥടന കേന്ദ്രമാണിന്ന്. ശിശു സഹജമായ നിഷ്കളങ്കതയോടെ ബാലദുർഗ്ഗാ ഭഗവതി വാണരുളുന്ന ക്ഷേത്രത്തിൽ അതേ പ്രാധാന്യത്തോടെ തന്നെ ഉഗ്ര മൂർത്തിയായ യക്ഷിയെയും ആരാധിച്ചു പോരുന്നു.
ബാല ദുര്‍ഗ്ഗയും യക്ഷിയമ്മയും
ബാലദുര്‍ഗ്ഗാ ഭഗവതിയെയും യക്ഷിയമ്മയെയും തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഴങ്ങോടിക്കാവ്. ഉപദേവതയാണെങ്കിലും പ്രധാന ക്ഷേത്രത്തിലെ ചടങ്ങുകളും വഴിപാടുകളുമെല്ലാം അതെപോലെ തന്നെ യക്ഷിയുടെ നടയിലും നടത്തപ്പെടുന്നു. പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായി കുടികൊള്ളുന്ന യക്ഷിയമ്മയുടെ നടയും അപൂർവതയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും പ്രധാന ദേവതയ്ക്ക് മുൻപിലായി ഉപദേവതയെ കുടിയിരുത്തുന്ന പതിവില്ല. എന്നാൽ മുഴങ്ങോടിക്കാവിൽ അപ്രകാരമായതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ചരിത്രം ഇങ്ങനെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മുഴങ്ങോടിക്കാവ് ക്ഷേത്രത്തിന്. കായംകുളം കായലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം പണ്ടുകാലത്ത് നിബിഢ വനമായിരുന്നത്രെ. വനത്തിൽ ഒരു യക്ഷി വസിച്ചിരുന്നു. പ്രദേശവാസികളെയും വഴിപോക്കരെയും കൊന്നു രക്തംകുടിച്ചിരുന്ന ആ യക്ഷി നാട്ടുകാരുടെ ഉറക്കം കെടുത്തി. യക്ഷിയുടെ ശല്യം ഒഴിപ്പിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പൂജകളും പ്രാർഥനയുമൊക്കെ നടത്തിയെങ്കിലും ഫലം കണ്ടില്ല. അവസാനമവർ ആദിപരാശക്തിയായ ദേവിയെ ഉപാസിക്കുവാൻ തീരുമാനിച്ചു.
ബാലികാ രൂപത്തിൽ വന്ന ദേവി ഒരിക്കൽ നാട്ടുകാട്ടിലൊരാളായ കുറുപ്പ് എന്നയാൾ വള്ളത്തില്‍ യാത്ര ചെയ്യുമ്പോൾ 5-6 വയസു മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ കണ്ടുവത്രെ. യാത്രയിലുടനീളം കുറുപ്പിനെ പിന്തുടർന്ന കുട്ടിയോട് കാരണമാന്വേഷിച്ചപ്പോൾ താനും കൂടെ വന്നോട്ടെ എന്ന മറുചോദ്യമാണ് കുട്ടിയിൽ നിന്നുണ്ടായത്. ആദ്യമൊന്ന് സംശയിച്ചെങ്കിലും കുട്ടികളില്ലാത്ത കുറുപ്പ് ബാലികയെ കൂടെക്കൂട്ടി. അനാഥയായ ബാലികയെ കുറുപ്പും ഭാര്യയും സ്വന്തം മകളെപ്പോലെയാണ് വളര്‍ത്തിയത്. എന്നാല്‍ കുറുപ്പും ഭാര്യയും കാണ്‍കെ ബാലിക ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഇത് ഒരേ സമയം അവരെ വിഷമിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു.. അങ്ങനെയിരിക്കേ ഒരിക്കല്‍ കുറുപ്പ് ഇക്കാര്യത്തിന് ബാലികയെ ശകാരിക്കുകയും അരിശം തീരാഞ്ഞ് വടിയെടുക്കുകയും ചെയ്തു. അപ്പോൾ ബാലിക സമീപത്തെ ബ്രാഹ്മണ ഗൃഹത്തിലേക്ക് ഇറങ്ങിയോടി അവിടുത്തെ നിലവറയിൽ കയറി വാതിലടച്ചു. പിന്നീട് ആ കുഞ്ഞിനെ ആരും കണ്ടില്ല. തുടര്‍ന്ന് ദേവപ്രശ്നം വെച്ചപ്പോള്‍ ബാലികയുടെ രൂപത്തിൽ വന്നത് ബാലദുർഗ്ഗാ ഭഗവതിയാണെന്ന് വെളിപ്പെട്ടു. തനിക്ക് യഥാവിധി ക്ഷേത്രം നിർമിച്ചു നൽകി ആരാധിച്ചാൽ ദേശക്കാരുടെ പേടിസ്വപ്നമായ യക്ഷിയെ താൻ അടക്കി നിർത്തിക്കൊള്ളാമെന്നു ദേവി അരുൾ ചെയ്തു. അങ്ങനെയാണ് ഇന്ന് കാണുന്ന ബാലദുർഗ്ഗാ ക്ഷേത്രവും അതിനു മുന്നിലായി ദേവിയുടെ കണ്മുന്നിൽ യക്ഷിയമ്മയുടെ നടയും പണികഴിപ്പിക്കപ്പെട്ടത്. ബാലികയെ അടിക്കുവാനായി വടിയെടുത്തെ കുറുപ്പിനെ പിന്നീട് കോലെടുത്ത കുറുപ്പ് എന്നു വിളിക്കുകയും കാലക്രമേണ അദ്ദേഹത്തിന്‍റെ കുടുംബം കോലെടുത്ത് കുടുംബം എന്നറിയപ്പെടുകയും ചെയ്തു. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുന്നതിനു മുൻപ് കോലെടുത്തു കുറുപ്പിന്റെ അനുജ്ഞ വാങ്ങുന്നത് പതിവാണ്.
മുഴങ്ങോടിക്കാവ് ബാലദുര്‍ഗ്ഗയോട് പ്രാര്‍ത്ഥിച്ചാല്‍ യക്ഷിയുടെ ശല്യം തീര്‍ക്കുവാനായി വന്ന ബാലദുര്‍ഗ്ഗാ ഭഗവതി നാടിനും നാട്ടുകാർക്കും സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്ഞു വാണരുളുന്നു. ബാലഭാവത്തിലുള്ള മൂർത്തീ സങ്കല്പമായതിനാലാകണം ചെറിയ കുഞ്ഞുങ്ങള്‍ പൂജ കഴിക്കുന്നതാണ് ദേവിക്ക് ഇഷ്ടമെന്നാണ് വിശ്വാസം.സന്താന ഭാഗ്യത്തിനായും പഠന തടസ്സങ്ങള്‍ നീക്കുവാനും കുഞ്ഞുങ്ങള്‍ ബുദ്ധിയും കഴിവും ജ്ഞാനവുമുള്ളവരായി വളരുവാനും മുഴങ്ങോടിക്കാവില്‍ ഭഗവതിയെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. പഠന തടസങ്ങളും പഠന വൈകല്യങ്ങളുമുള്ളവര്‍ ഇവിടെയെത്തി ദേവിയെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചാൽ ഫലം ഉറപ്പ്. അത് കൊണ്ട് തന്നെ വിദ്യാരംഭ സമയത്തും പരീക്ഷാ സമയങ്ങളിലും ഇവിടെ പൊതുവെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ദേവിയെ ദിനവും പ്രാര്‍ത്ഥിക്കുന്നത് വിവാഹ ഭാഗ്യത്തിനും ഉത്തമമാണ്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ദേവിയുടെ അനുഗ്രഹം ഉത്തമമത്രേ.
പ്രധാന ഉത്സവങ്ങള്‍ വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ് ദേവിയുടെ ആട്ടപ്പിറന്നാള്‍. മേടമാസത്തിലെ രേവതിനാളില്‍ പുന:പ്രതിഷ്ഠാ ദിനമായും ആഘോഷിക്കുന്നു.ഇതോടൊപ്പം വര്‍ഷത്തില്‍ മൂന്നു തവണ യക്ഷിക്ക് നിണമൊരുക്കി കുരുതി തര്‍പ്പണവും കളമെഴുത്തും പാട്ടും നടത്തി വരുന്നു. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാൾ , മകര സംക്രമം, മേടസംക്രമം എന്നീ ദിനങ്ങളിലാണ് ഈ ചടങ്ങുകൾ നടത്തപ്പെടുത്തത്. അന്നേ ദിവസം സർവ്വാഭരണ ഭൂഷിതയായി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറത്തേക്കെഴുന്നെള്ളുന്ന ഭഗവതിയെ കണ്ടു തൊഴുന്നത് സർവദോഷങ്ങളും തീർക്കുമെന്നും കുട്ടികൾക്ക് വിദ്യാപുരോഗതിയുംയും ഐശ്വര്യവും സിദ്ധിക്കുമെന്നും ഇന്നാട്ടുകാർ വിശ്വസിക്കുന്നു. ചിങ്ങമാസത്തിലെ പുതുവര്‍ഷാരംഭം, നവരാത്രി തുടങ്ങിയ ഉത്സവങ്ങളും ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്.
എത്തിച്ചേരുവാന്‍ ദേശീയപാത 66 ൽ ആലപ്പുഴയ്ക്കും കൊല്ലത്തിനും ഇടയിൽ കായംകുളത്ത് പുല്ലുകുളങ്ങര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം നിന്നും കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചാരിച്ചാൽ ക്ഷേത്രത്തിലെത്താം.