2020, ഡിസംബർ 13, ഞായറാഴ്‌ച

കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം എറണാകുളം ജില്ല മഞ്ഞപ്ര

 


കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം


സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ?

ഇല്ലെങ്കിൽ അറിഞ്ഞോളൂ , നാദസ്വരൂപനായ മഹാദേവൻ കുടികൊള്ളുന്ന മഞ്ഞപ്ര കർപ്പിള്ളി ശിവക്ഷേത്രത്തിൽ തന്നെയാണത് ...

എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലാണ് ഭാരതത്തിലെ അതിപ്രധാനമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അങ്കമാലിയിൽ നിന്ന്‌ ഏകദേശം അഞ്ചുകിലോമീറ്റർ കിഴക്കോട്ട്‌ പോകണം. തെക്ക്‌ കാലടി, വടക്ക്‌ മൂക്കന്നൂർ, പടിഞ്ഞാറ്‌ തുറവൂർ, കിഴക്ക്‌ അയ്യമ്പുഴയും മലയാറ്റൂരും ഇവയാണ്‌ മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം ജങ്ക്ഷനില്‍ നിന്ന്‍ ആലുവ-അങ്കമാലി-തുറവൂര്‍-മഞ്ഞപ്ര അല്ലെങ്കില്‍ ആലുവ-ചൊവ്വര-കാലടി-മാണിക്കമംഗലം-മഞ്ഞപ്ര വഴി ഏകദേശം 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാവുന്നതാണ്.ഏറ്റവും അടുത്തുള്ള ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം 20 കിലോമീറ്റര്‍. റെയില്‍വേ വഴി വരുന്നവര്‍, ആലുവയില്‍ നിന്നുള്ള ബസ് റൂട്ട് മാര്‍ഗ്ഗ നിര്‍ദ്ദേശം ശ്രദ്ധിക്കുക.കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന്‍ കാലടി-മഞ്ഞപ്ര റോഡ്‌ വഴി ക്ഷേത്രത്തിലേക്കുള്ള ദൂരം 11 കിലോമീറ്ററാണ് .ക്ഷേത്ര ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ
ആദ്യകാലങ്ങളില്‍ ശ്രീ പാര്‍വതി ദേവിയുടെ പ്രതിഷ്ഠയോട് കൂടിയ ക്ഷേത്രമായിരുന്നു ഇവിടുണ്ടായിരുന്നത്. ഒരിക്കൽ കാർത്തവീരാർജ്ജുനൻ ഇവിടെ ദേവീ ദർശനത്തിനായെത്തിയെന്നും തത്സമയം ദേവിയുടെ സാന്നിധ്യം അനുഭവപ്പെടാതിരുന്നതിനാല്‍ യഥാവിധി ശിവപ്രതിഷ്ഠ നടത്തുകയും അതിന് ശേഷം ക്ഷേത്രത്തിനു വടക്കു ഭാഗത്തായി ഒരു ഗുഹയുണ്ടാക്കി, അവിടെ ശിവ ധ്യാനനിമഗ്നനായി നിരവധി കാലം തപസ്സു ചെയ്യുകയും, തപസില്‍ സംപ്രീതനായ ഭഗവാന്‍ ശ്രീ ശങ്കരിയോടൊപ്പം പ്രത്യക്ഷപ്പെട്ട് തന്‍റെയും ശ്രീ പാര്‍വതിയുടേയും സാന്നിധ്യം ഇനി മുതല്‍ എന്നും ഇവിടെയുണ്ടാകുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തുവെന്നുമാണ് ഐതീഹ്യം. ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാണിക്കമംഗലം ഗ്രാമത്തിലുള്ള പാനയില്‍ പാഴൂര്‍ മനക്കാര്‍ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തി പൂജകളും വഴിപാടുകളും തുടങ്ങിയെന്നാണ് ചരിത്രം. പിന്നീട് 1992-ല്‍ (ഏപ്രില്‍ 8 മുതല്‍ 18 വരെ) ക്ഷേത്രത്തില്‍ നവീകരണ കലശവും നടന്നിരുന്നു. ക്ഷേത്രമൂർത്തിയായ ഭഗവാൻ ശിവന്‍റെ പ്രതിഷ്ഠ പടിഞ്ഞാറ് ഭാഗത്തേക്കാണുള്ളത് എന്നത് ക്ഷേത്രത്തിന്‍റെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകതയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാർത്തവീര്യാർജ്ജുനനാണ് കിരാതമൂർത്തി ഭാവത്തിലുള്ള ഭഗവാന്‍ പരമശിവന്‍റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. വൈക്കം മഹാദേവക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് പോലെ കർപ്പിള്ളിക്കാവ് മഹാദേവനും അങ്കമാലിയിലുള്ള കുമരക്കുളം സുബ്രഹ്മണ്യ സ്വാമിയും തമ്മിലഭേദ്യ ബന്ധമുണ്ടെന്നാണ് മറ്റൊരു വിശ്വാസം. നാദസ്വരൂപനായ മഹാദേവന് സംഗീതാര്‍ച്ചന വളരെ വിശേഷപ്പെട്ടതായി കണക്കാക്കിയിട്ടുള്ളതിനാല്‍ സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും കാര്‍പ്പിള്ളി മഹാദേവ ക്ഷേത്രത്തിനുണ്ട്. തിരുനടയിലുള്ള സപ്തസ്വര മണികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. പരമശിവന്‍റെ കിരാത മൂര്‍ത്തി സങ്കല്‍പത്തിലുള്ള പ്രധാന പ്രതിഷ്ഠയോടൊപ്പം, ദേവീ സാന്നിധ്യവും അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, മഹാവിഷ്ണു സാന്നിധ്യമുള്ള സാളഗ്രാമം, ഭുവനേശ്വരി എന്നീ ഉപദേവതകളെ പ്രധാന ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശ്രീകോവിലില്‍ ഒന്നിച്ച് പ്രതിഷ്ടിച്ചിരിക്കുന്നു. ദേവി പാർവതി, ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, സാളഗ്രാമം, ഭുവനേശ്വരി, രക്ഷസ്, സര്‍പ്പം ഇവയൊക്കെ ഉപദേവതകളാണ് .ക്ഷേത്രപ്രതിഷ്ഠ നടത്തിയത് സന്ധ്യാസമയത്ത് ആയതിനാലാണെന്ന്‍ വിശ്വസിക്കപ്പെടുന്നു, ക്ഷേത്രത്തിലെ പ്രദോഷ പൂജകൾ എല്ലാ ദിവസവും അതീവ പ്രാധാന്യത്തോടെയാണ് നടത്തുന്നത്. മകരമാസത്തിലാണ് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കർപ്പിള്ളിക്കാവ് ഉത്സവം കൊടിയേറുന്നത്. ഈ ദിവസങ്ങളിൽ ഭഗവാനെ കണ്ടു വണങ്ങുന്നത് ഏറെ ഉത്തമമാണെന്ന് പറയപ്പെടുന്നു. ഈ എട്ടു ദിവസങ്ങളിൽ ഭഗവാൻ പരമശിവൻ ഏറെ സന്തുഷ്ടനും ഉത്സാഹവാനുമായിരിക്കുമത്രേ. ഈ എട്ടുദിവസങ്ങിൽ ഒരുദിവസമെങ്കിലും കർപ്പിള്ളിക്കാവ് ശിവനെ ദർശിച്ചാൽ ഇഷ്ടകാര്യസാദ്ധ്യം കൈവരുമത്രെ.പൂരത്തിൽ എഴുഗജവീരന്മാരാണ് എഴുന്നുള്ളിപ്പിൽ പങ്കെടുക്കുന്നത്.കൂടാതെ ധനുമാസത്തെ തിരുവാതിരയും, മണ്ഡലകാലവും, വിദ്യാരംഭവും അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വിഷു ദിനത്തിൽ, അതായത് മേടമാസത്തിലെ ഉത്രം നക്ഷത്രത്തിനാണ് ക്ഷേത്ര പ്രതിഷ്ഠാ ദിനം. അന്നേദിവസവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. നിറപുത്തരിയും രാമായണമാസവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റാഘോഷങ്ങൾ.തിരുവാതിര കേരളത്തിലെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത ഉത്സവമാണ്. പ്രധാനമായും സ്ത്രീകളാണ് ഇത് ആഘോഷിക്കുക. വിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവിന്‍റെ നെടുമാംഗല്യത്തിന് വേണ്ടി തിരുവാതിരയുടെ തലേ ദിവസമായ മകയിരം നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ഉപവാസവും, കന്യകമാര്‍ ഇഷ്ടപ്പെട്ട വരനെ ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിവസവും ഭാഗികമായ ഉപവാസം അനുഷ്ടിക്കുന്നു.ക്ഷേത്രദർശനം രാവിലെ 5.00 മുതല്‍ 9.30 വരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുമാണ് .ക്ഷേത്രം തന്ത്രി കരുമാല്ലൂർ വേഴപ്പറമ്പ് മനക്കാരാണ്.കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്ര സേവ സമിതിയുടെ കീഴിലാണ് ഈ ക്ഷേത്രം.