2020, ഡിസംബർ 13, ഞായറാഴ്‌ച

ഉളിയന്നൂർ ശിവക്ഷേത്രം എറണാകുളം ജില്ല

 



ഉളിയന്നൂർ ശിവക്ഷേത്രം

വിവാഹം വേഗം നടക്കാനും, ഇഷ്ട കാര്യ ആഗ്രഹസാഫല്യത്തിനും ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രമത്രേ ശരണം.

പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ആലുവയിലുള്ള ഉളിയന്നൂർ ശിവക്ഷേത്രം.രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തോട് ചേർന്ന് തന്നെ പരശുരാമനാൽ പ്രതിഷ്ഠിതമായ അതിപുരാതനമായ മറ്റൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .അതാണ് മാടത്തിലപ്പൻ ശ്രീ മഹാദേവ ക്ഷേത്രം .ഈ ക്ഷേത്രത്തിന്റെ പഴക്കം കേരള ചരിത്രം തുടങ്ങിയത് എന്ന് വിശ്വസിക്കുന്ന കാലം മുതലേയുള്ളതാണ്. പെരുന്തച്ചൻ നിർമിച്ച ക്ഷേത്രത്തിൽ ശിവൻ കിഴക്കോട്ടും പിന്നിൽ പാർവതി പടിഞ്ഞാറോട്ടും ദർശനമായാണ് പ്രതിഷ്ഠ. അന്നപൂർണേശ്വരി ദേവി ഇവിടെ ഉപദേവതയാണ്.

കല്യാണം നടക്കാനായി ക്ഷേത്രത്തിൽ സ്വയംവര പുഷ്പാഞ്ജലിയും പട്ടും താലിയും ചാർത്തുകയും ചെയ്യുന്നത് നല്ലതാണ്. 12 തിങ്കളാഴ്ച മുടങ്ങാതെ വന്ന് തൊഴുതാൽ ഉടനെ വിവാഹം നടക്കും എന്നത് പലർക്കും അനുഭവമാണ്. എല്ലാ മാസവും മൂന്ന് ദിവസം ഇവിടെ മുറജപം നടക്കുന്നു. അതിന് ശേഷം ആട്ടിയ നെയ്യ് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഈ നെയ്യ് രാവിലെ കുളിച്ചു വന്ന് ശുദ്ധിയോടെ ഭക്തി പുരസ്സരം സേവിക്കുന്നത് പഠിക്കുന്ന കുട്ടികൾക്കും ഗർഭിണികൾക്കും അതി വിശേഷമാണ്. വരവിൽ കൂടുതൽ എന്നും ചിലവാകുമെന്നാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആയം - വ്യയം കണക്കിൽ വ്യയം അധികമായ അവസ്ഥയിലുള്ള ക്ഷേത്രമാണിത്. അതിനാൽ ചെലവ് കഴിഞ്ഞ് ഒരിക്കലും നീക്കിയിരുപ്പ് ഉണ്ടാകില്ല. പെരുന്തച്ചൻ ക്ഷേത്രം
നിർമ്മിച്ച കാലത്ത് തന്നെ ഇവിടെ ഈ പോരായ്മക്ക് പരിഹാരമായി കുബേരനെയും പ്രതിഷ്ഠിച്ചിരുന്നു. വ്യത്താകൃതിയിൽ ഉള്ള ഇത്തരം ശ്രീകോവിലുകൾ വളരെ കുറച്ചു മാത്രമേ കേരളത്തിലുള്ളൂ. അങ്ങനെ ഉള്ള ഈ വട്ട ശ്രീകോവിലിന് മുകളിൽ വീഴുന്ന വെള്ളം നടയ്ക്ക് മുൻപിൽ വീഴാതെ
വലത്തോട്ട് ഓടിന് മുകളിലൂടെ തന്നെ ഒഴുകി തീർഥ സ്ഥാനത്ത് തന്നെ പതിക്കത്തക്ക രീതിയിലാണ് ഓടുകൾ നിരത്തിയിരിക്കുന്നത്.
സാധാരണ വാസ്തു ശാസ്ത്രമനുസരിച്ച് ഒരു കോൽ എന്നത് 72 സെന്റിമീറ്ററാണ്. എന്നാൽ ഈ ക്ഷേത്രത്തിന് 70 സെ മി ആണ് പെരുംന്തച്ചൻ കണക്കാക്കിയിരിക്കുന്നത്.ക്ഷേത്രം രാവിലെ അഞ്ചുമണിക്ക് തുറക്കും. പത്തിന് നട അടയ്ക്കും. വൈകിട്ട് അഞ്ചു മുതൽ 7.30 വരെ നട തുറന്നിരിക്കും. വളരെ വലിയ ബലിക്കല്ലാണ് ക്ഷേത്രത്തിന് മുമ്പിലുള്ളത്. അതിനാൽ പുറത്ത് നിന്നാൽ ഭഗവാനെ കാണാൻ കഴിയില്ല. നാടൻ കാളയുടെ വലിപ്പത്തിലുള്ളതാണ്
നന്തിയുടെ പ്രതിമ. ടിപ്പുവിന്റെ ആക്രമണ സമയത്ത് നന്തി കാളയായി ചെന്ന് ആക്രമിച്ചെന്നും നന്തിയുടെ പ്രതിമയിലുള്ള മൂന്ന് പാടുകൾ അന്ന് വെട്ടുകൊണ്ട പാടുകൾ ആണ് ദേഹത്തുള്ളത് എന്നും വിശ്വാസമുണ്ട്.
പെരുന്തച്ചൻ നിർമ്മിച്ച ശ്രീകോവിലിൽ നിന്നും ഇറങ്ങുമ്പോൾ തല മുട്ടുമോ എന്ന് ശങ്കിച്ച് തല കുനിച്ചാൽ നിശ്ചയമായും ഉത്തരത്തിൽ തല
ഇടിക്കും. എന്നാൽ തല കുനിക്കാതെ നിവർന്ന് തന്നെ ഇറങ്ങിയാൽ തല മുട്ടുകയും ഇല്ല. എന്നതും പെരുന്തച്ചന്റെ ഒരു വിശിഷ്യ വാസ്തു വിദ്യയാണ്. പെരുന്തച്ചൻ നിർമ്മിച്ച പ്രസിദ്ധമായ പുരാതന ക്ഷേത്രകുളം ഇന്നില്ല. അത് റെയിൽവെ വന്നപ്പോൾ മൂടിപ്പോയി. ക്ഷേത്രത്തിന് മുന്നിലൂടെ ഇന്നൊഴുകുന്ന പെരിയാറിന്റെ കൈവഴി പെരുന്തച്ചന്റെ മകൻ നിർമ്മിച്ചതാണത്രേ. ക്ഷേത്രാവശ്യങ്ങൾക്കുള്ള കല്ലുവെട്ടി എടുത്ത സ്ഥലമാണ് നദിയായി വികസിച്ചത്. ആ കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ മതിൽ കെട്ട് നിർമ്മിച്ചിരിക്കുന്നതും.

ചിങ്ങത്തിലെ ഇല്ലം നിറ പുത്തരി, വിനായക ചതുർഥി, നവരാത്രി, വൃശ്ചിക അഷ്ടമി ധനുമാസത്തിലെ തിരുവാതിര മകരത്തിലെ തിരുവുത്സവം, കുംഭത്തിലെ ശിവരാത്രി മേടത്തിലെ വിഷു, പ്രതിഷ്ഠാദിനം (മിഥുനത്തിൽ) എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ ആയി ആഘോഷിക്കുന്നത്. മകരത്തിൽ ചതയം മുതൽ 10 ദിവസം ആണ് ഇവിടെ ഉത്സവം.

ആലുവ റയിൽവേ സ്റ്റേഷനിലേക്ക് 3 കിലോമീറ്ററോളവും നെടുമ്പാശേരി എയർപോർട്ടിലേക്ക് 10 കിലോമീറ്ററും ആലുവ മണൽപ്പുറത്തേക്ക് രണ്ടര കിലോമീറ്ററുമാണ് ദൂരം . ഈ ക്ഷേത്രം ഇപ്പോൾ ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്. ട്രസ്റ്റി പ്രസിഡന്റ് പി എൻ ഡി നമ്പൂതിരിയാണ്. ക്ഷേത്ര ത്തിലെ തന്ത്രി
ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ്. മേൽശാന്തിയാകട്ടെ ജയപ്രകാശ് ആണ്. പെരുന്തച്ചൻ ഉളി എറിഞ്ഞ് മകനെ കൊന്നത് ഈ ക്ഷേത്രം നിർമിക്കുമ്പോൾ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.