2020, ഡിസംബർ 13, ഞായറാഴ്‌ച

മുനിക്കൽ ഗുഹാലയക്ഷേത്രം ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറി ചെങ്ങമനാട്

 


മുനിക്കൽ ഗുഹാലയക്ഷേത്രം

===========================================

തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ രൂപം പോലെയാണ് മലയുടെ മുകളിലുള്ള പാറ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്‌. ഈ പാറയുടെ മുകളിലുള്ള സ്വയംഭൂ ആയി ഗണേശ ഭഗവാന്‍ , ഗുഹക്കകത്തോ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ച ബാലസുബ്രഹ്മണ്യൻ.
.
എറണാകുളത്തു നിന്നും ഏകദേശം 30 കി.മി. ദൂരത്തിൽ , ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറിയാണ് ചെങ്ങമനാട് ഗ്രാമം.ഏതാണ്ടു 100 അടി ഉയരത്തില്‍ ഉള്ള ഒരു വലിയ പാറയുടെ മുകളില്‍ ആണ് ശ്രീ മുനിക്കൽ ഗുഹാലായ ക്ഷേത്രം. ജംഗമൻ എന്ന മുനിയുടെ തപോവനമായിരുന്നു ഇവിടമെന്നും ‘ജംഗമനാട്’ ലോപിച്ചാണ് ചെങ്ങമനാടായതെന്നുമാണ് ഐതിഹ്യം. ചെങ്ങമനാട് ജംഗ്ഷനിൽ നിന്ന് ഉദ്ദേശ്യം നൂറുമീറ്റർ പടിഞ്ഞാറ് റോഡിനോട് ചേന്നാണ് മുനിക്കൽ ഗുഹാലയ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിൽ ആവാഹിച്ചിരിക്കുന്ന ബാലമുരുകനാണ് ഇവിടത്തെ പ്രതിഷ്ഠ.കൂടാതെ സ്വയംഭൂവായ ഗണപതിയും ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരുടെ ചൈതന്യത്തോടെ ധർമ്മശാസ്താവും സർപ്പചൈതന്യങ്ങളും ആരാധനാമൂർത്തികളായുണ്ട്. ക്ഷേത്രം കരിമ്പാറകളുടെ മുകളിലാണ് നിർമ്മിച്ചി രിക്കുന്നത്. പടിഞ്ഞാട്ട് ദർശനം. വർഷങ്ങൾക്ക് മുൻപ് നിബിഡവനമായിരുന്ന ഈ സ്ഥലത്താണ് ജംഗമൻ എന്ന ഒരു ഋഷിവര്യൻ തപസ് അനുഷ്ടിച്ചിരുന്നതെന്നാണ് പുരാണം. തപസ്സിന് തടസ്സം വരുത്തിയ കാട്ടാനകളെ മുനി ശപിച്ച്‌ കല്ലാക്കിയെന്നും ഐതിഹ്യം. ഈ പാറകൾക്കുള്ളിൽ അഞ്ച് ഗുഹകളുണ്ട്.അതുകൊണ്ട് ‘ഗുഹാലയം’ എന്നും മുനി തപസ് ചെയ്ത സ്ഥലമായതുകൊണ്ട് മുനിക്കൽ ഗുഹാലയം എന്നും ഐതിഹ്യം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വിശ്വകർമ്മ സമുദായത്തിൽപെട്ട കൊച്ചാപ്പുപണിക്കൻ എന്നയാളുടെ കൈവശമായിരുന്നു ഈ ക്ഷേത്ര സ്ഥലം. കൊച്ചാപ്പു പണിക്കൻ അവിവാഹിതനും ഭക്തനുമായിരുന്നു. ക്ഷേത്രസ്ഥലത്തിനു ചുറ്റും അന്ന് വിശ്വകർമ്മജർ കുടുംബമായി താമസിച്ചിരുന്നു.കൊച്ചാപ്പു പണിക്കന്റെ മേൽനോട്ടത്തിലും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ സാന്നിധ്യത്തിലും നിർദേശത്തിലും 1898 ൽ ബാലമുരുകനെ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് പഴമക്കാർ പറയുന്നത്. ആ സ്ഥലമാണ് ശ്രീബാലമുരുകന്റെ ശ്രീകോവിൽ ആയി സ്ഥിതിചെയ്യുന്നത്. ഗുഹന്‍ എന്നത് സുബ്രമണ്യ സ്വാമിയുടെ മറ്റൊരു നാമമാണ്,അതു കൊണ്ടു തന്നെ മുനിക്കല്‍ ഗുഹാലയം എന്ന പേരും അന്വര്‍ത്ഥമാണ് .കൊച്ചാപ്പു പണിക്കന്റെ കാലശേഷം വിശ്വകർമ്മ സമുദായ അംഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യനിദാനകർമ്മങ്ങൾ നടത്തിപ്പോന്നിരുന്നത്. അന്നത്തെ ക്ഷേത്ര നടത്തിപ്പുകാരായിരുന്ന കാഞ്ഞിരക്കാട്ട് കുഞ്ഞുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവർ ക്ഷേത്രത്തിലെ പ്രധാന പ്രവർത്തകരായിരുന്നു. കാലക്രമേണ ക്ഷേത്രം ജീർണാവസ്ഥയിലായി. നിത്യനിദാന പൂജകൾക്കുള്ള വകകൾ ഇല്ലാതായതോടെ ക്ഷേത്രം ഹൈന്ദവ യൂണിയന്റെ കീഴിലാകുകയും ചെയ്തു. 1953 മുതൽ ഹൈന്ദവ യൂണിയന്റെ കീഴിലായി എന്നാണോർമ്മ. അന്ന് കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ പങ്കെടുത്ത നാട്ടുകാരുടെയും എ.ആർ. നാരായണൻ,എൻ.കെ. കൃഷ്ണൻ, കരുണാകര പിള്ള, കെ.സി. നാരായണൻ മാസ്റ്റർ, ഇ.കെ. കൃഷ്ണപിള്ള, കാഞ്ഞിരക്കാട്ട് കുഞ്ഞുകുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവരുടെയും മറ്റ് വിശ്വകർമ്മ സമുദായ അംഗങ്ങളുടെയും ഹൈന്ദവ സമുദായത്തിൽപ്പെട്ട ആളുകളുടെയും നേതൃത്വത്തിൽ ക്ഷേത്രം ഏറ്റെടുത്ത് പ്രവർത്തിച്ചു തുടങ്ങി.അതിനുശേഷമാണ് ഈ ക്ഷേത്രം അഭിവൃദ്ധിയിലേക്ക് ഉയർന്നത്. ശിവന്‍റെ പ്രതിഷ്ടയും ശ്രീ സുബ്രമണ്യന്‍റെ പ്രതിഷ്ടയും ഒരേ സ്ഥാനത്ത് വരുന്നു എന്നത് ഇവിടത്തെ ഒരു പ്രധാന പ്രത്യേകതയാണ്.മകര മാസത്തിലെ പൂയം ഇവിടത്തെ പ്രധാന വിശേഷ ദിവസമാണ്.അന്നേ ദിവസം ഇവിടത്തെ തിരുവുത്സവമായി ആചരിക്കപ്പെടുന്നു, എല്ലാ മാസവുമുള്ള ഷഷ്ടിയും ഷഷ്ടി ഊട്ടും ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
ബാലമുരുകൻ പ്രധാന പൂജ ഏറ്റുവാങ്ങുന്ന മാസമാണ് തുലാമാസം .തുലാമാസത്തിൽ സ്ത്രീ ഭക്‌തർ ഒരാഴ്ചത്തെ വൃതശുദ്ധിയോടെ ഭഗവാനെ തൊഴുന്നുതു അതിവിശേഷമെന്നാണ് വിശ്വാസം.
ഗോപുര സമീപം ആല്‍,മാവ്,പ്ലാവ് ത്രയം കാണപ്പെടുന്നു.മാഞ്ഞാലി ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഭാവിയില്‍ ഒരു ആത്മീയ തീര്‍ഥാടന കേന്ദ്രമായി വളരുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.ഈ ക്ഷേത്രം ‘കേരള പഴനി’ എന്ന പേരിലും അറിയപ്പെടുന്നു.

ഈ ക്ഷേത്രദർശനം എന്തുകൊണ്ടും വേറിട്ടൊരു അനുഭൂതിയേകും ,തീർച്ച.