2019, മേയ് 14, ചൊവ്വാഴ്ച

ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം








ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

ഗുരുവായൂരപ്പൻ...മലയാളി വിശ്വാസികൾക്ക് വിശ്വാസത്തോളം തന്നെ വലുതാണ് അയ്യപ്പനും ഗുരുവായൂരപ്പനും പറശ്ശിനിക്കടവ് മുത്തപ്പനുമെല്ലാം. അതുകൊണ്ടു തന്നെ മലയാളികൾ എവിടെയുണ്ടോ അവിടെ അയ്യപ്പനും ഗുരുവായൂരപ്പനുമെല്ലാം കാണുകയും ചെയ്യും. അതിനുദാഹരണമാണ് ഡെൽഹിയിലെ ഗുരുവായൂർ ക്ഷേത്രം. ഡെൽഹി മയൂർ വിഹാറിൽ സ്ഥിതി ചെയ്യുന്ന ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.

എവിടെയാണിത് ഈസ്റ്റ് ഡെൽഹിയിലെ മയൂർ വിഹാറിലാണ് പ്രശസ്തമായ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഡെൽഹിയിലെ ക്ഷേത്രം ഗുരുവായൂരപ്പൻ ക്ഷേത്രമായ കഥ നമ്മുടെ സ്വന്തം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഈ ക്ഷേത്രം ഉത്തര ഗുരുവായൂർ ക്ഷേത്രം എന്നറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്. ഡെൽഹി മലയാളികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.

അല്പം ചരിത്രം അല്പം നീണ്ട ചരിത്രമാണ് ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റേത്. ഡെൽഹിയിലെ ഒരുകൂട്ടം വിശ്വാസികൽ ചേർന്ന് 1975 ൽ രൂപീകരിച്ച ആർഷ ധർമ്മ പരിഷത്തിനോടൊപ്പമാണ് ഇതിന്റെ ചരിത്രം തുടങ്ങുന്നത്. ഡെൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്നും ക്ഷേത്രം നിർമ്മിക്കുവാനായി അതേ വർഷം തന്നെ ഇവർക്ക് കുറച്ച് ഭൂമി ലഭിച്ചു.എന്നാൽ ജാനകിപുരിയിൽ അതിനായി അനുവദിച്ച സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുവാൻ ഇവർക്ക് സാധിച്ചില്ല. പിന്നീട് അവർ കണ്ടെത്തിയ ഇടമാണ്മയൂർ വിഹാർ ഫേസ് 1. ശ്രീ കൃഷ്ണ മന്ദിർ സമാജത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ഭൂമി ലഭിച്ചതും ക്ഷേത്രം നിർമ്മിച്ചതും. 1

ഭഗവാന്റെ ആഗ്രഹം പോലെ വിശ്വാസികൾ പറയുന്നതനുസരിച്ച് ഇവിടെ ക്ഷേത്രം വേണമെന്നത് ഭഗവാന്റെ ആഗ്രഹമായിരുന്നുവത്രെ.യമുനയുടെ തീരങ്ങളെ നോക്കി നിൽക്കുന്നതാണ് ഈ ക്ഷേത്രം. പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമുള്ള അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിനു സമാനമാണ് ഇവിടുത്തേതും. 1986 ഒകാടോബർ രണ്ടിനാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തുന്നത്.

ഗുരുവായൂരപ്പൻ മാത്രമല്ല ഗുരുവായൂരപ്പനെ മാത്രമല്ല ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ചോറ്റാനിക്കര ഭഗവതി, ശിവൻ, ഗണപതി, അയ്യപ്പൻ, നാഗദേവതാ തുടങ്ങിയവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

പൂജാ സമയം ഡെൽഹിയിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്താണ് ക്ഷേത്രത്തിന്റെ പൂജാ സമയം കണക്കാക്കുന്നത്. വേനൽക്കാലങ്ങളിൽ രാവിലെ 5.30 മുതൽ 11.00 വരെയും വൈകുന്നേരം 6.00 മുതൽ 9.00 വരെയുമാണ് പൂജാ സമയം. ശൈത്യ കാലത്ത് രാവിലെ 5.30 മുതൽ 11.00 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയുമാണ് പൂജാ സമയം.

ആഘോഷങ്ങൾ അഷ്ടമി രോഹിണി. ജന്മാഷ്ടമി, തിരുവോണം, ചോറ്റാനിക്കര മകം, മഹാ ശിവരാത്രി, വിനായക ചതുർഥി,പൈൻഗുനി ഉത്രം, മേയ് പത്ത് മുതൽ 17 വരെയുള്ള ക്ഷേത്രോത്സവം, മണ്ഡല മഹോത്സവം, മേയ് 17 പ്രതിഷ്ഠാ ദിനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

എത്തിച്ചേരുവാൻ ഡെൽഹിയിൽ മയൂർ വിഹാർ ഫേസ് 1 ൽ പോക്കറ്റ്-3, കൃഷ്ണ മാർഗ്ഗിസാണ് ഉത്തര ഗുരുവായൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മയൂർ വിഹാർ ഫേസ് 1 മെട്രോ സ്റ്റേഷനാണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഒരു കിലോ മീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം.