2020, ജൂലൈ 14, ചൊവ്വാഴ്ച

3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം ===============================







3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം
===============================


തിക്കുറിശ്ശി മഹാദേവനെ തൊഴുത് കഴിഞ്ഞാൽ അവിടെ നിന്നും=മൂന്നാം ശിവാലയത്തിൽ എത്തിച്ചേരാനുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നും ഇരുള്‍ വീണു തുടങ്ങിയ പാതയിലൂടെ ഒരു യാത്ര. അങ്ങനെ ചിതറാല്‍ -അരുമന - കളിയല്‍ വഴി 15 കി.മി സഞ്ചരിച്ചാൽ പ്രകൃതിരമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലമായ തൃപ്പരപ്പിൽ എത്തിച്ചേരാം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്.

12 ശിവാലയങ്ങളിൽ, ശിവഭഗവാൻ പടിഞ്ഞാറ് ദര്‍ശനമരുളുന്ന ഒരേ ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത കോതയാർ നദി മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് ഈ കോതയാറ് 50 അടി താഴ്ചയിലേക്കു പതിച്ച് സൃഷ്ടിക്കുന്ന *തൃപ്പരപ്പ് വെള്ളച്ചാട്ടം* സ്ഥിതി ചെയ്യുന്നത്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം.

ഇവിടെത്തെ മൂർത്തി സങ്കൽപ്പം ജഡാധരൻ ആണ്. ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനതയായ ദേവി ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞതും രോക്ഷാകുലനായ ശിവ ഭഗവാൻ കാളിദേവിയെയും വീരഭദ്രനേയും സൃഷ്ടിച്ച് ദക്ഷന്റെ ശിരസ്സ് മുറിച്ച് മാറ്റുന്നു. ധ്യാനഭംഗത്താൽ ഒടുങ്ങാത്ത കോപവുമായി നിലകൊള്ളുന്ന സങ്കൽപ്പത്തിലാണ് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷേത്രത്തിന് മുന്നിലെ കോതയാറിൽ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ഈ കൽമണ്ഡപത്തെ ആറാട്ടുമണ്ഡപം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂർ രാജാക്കന്മാരും ക്ഷേത്രവും തമ്മിലുള്ള ബന്ധം തൊട്ടറിയാൻ സാധിക്കും.

തൃപ്പരപ്പ് ശ്രീ മഹാദേവനെ തൊഴുതുവണങ്ങി നാലാം ശിവാലയത്തിലേക്കുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നു കുലശേഖരം വഴി 10 കി.മി സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം. ഇരുൾ നിറഞ്ഞ രാത്രിയെ വകവെയ്ക്കാതെ ഒരു യാത്ര. നാലാം ശിവാലയത്തെ ലക്ഷ്യമാക്കിയുള്ള ഈ യാത്രാ ലക്ഷ്യസ്ഥാനത്തിലേക്ക് അടുക്കുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നത് ഒരു ടണൽയാത്രക്കു വേണ്ടിയാണ്. അങ്ങനെ ആറടി ഉയരവും മൂന്നടി വീതിയുമുള്ള ടണലിലേക്ക് പ്രവേശിക്കുമ്പോൾ, ഗോവിന്ദാ ഗോപാലാ ജപമന്ത്രത്തിന്റെ ധ്വനിയും ഇരട്ടിക്കുന്നു. ഈ യാത്രക്കിടയിൽ ടണലിന് മുകളില്‍ ഇരമ്പിപ്പോകുന്ന പേച്ചിപ്പാറ കനാലില്‍ നിന്നും നെറുകയില്‍ ശീതജലം ഊറിവീഴുന്നത് മുന്നോട്ടുള്ള യാത്രക്ക് ഒരു ഉന്മേഷം തന്നെ തരുന്നു. അങ്ങനെ ടണൽ യാത്ര കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിടുമ്പോൾ നാം നാലാം ശിവാലയമായ തിരുനന്ദിക്കരയിൽ എത്തിച്ചേരുന്നു. 12 ശിവാലയങ്ങളിലും തികച്ചും കേരളിയ വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിക്കപ്പെട്ടതാണ് ഈ ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീ പരമേശ്വരന്‍ നന്ദികേശ്വര രൂപത്തിലാണ് വാണരുളുന്നത്. ഇവിടെത്തെ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. ആദ്യ ശിവാലയ ഓട്ടക്കാരൻ ഓടി ഈ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയത്താണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്.

ശിവക്ഷേത്രത്തിനു 50 മീറ്റർ വടക്കുകിഴക്ക് ഭാഗത്തായി ഒരു മലയും അതിൽ ശിവലിംഗ പ്രതിഷ്ഠയോടു കൂടിയ ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഈ മലയെ പൊരിക്കപ്പാറ, ഉളുപ്പൻ പാറ, ഉന്തു പാറ എന്നെല്ലാം വിളിച്ചു വരുന്നു. ഈ പറയ്ക്കുള്ളിലാണ് ഗുഹാക്ഷേത്രം ഉള്ളത്. വടക്ക് ഭാഗത്ത് കൂടി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചാൽ പടിഞ്ഞാറു ഭാഗത്തു കാണുന്ന മറ്റൊരു ഗുഹയിൽ കിഴക്ക് ദർശനമായ ഒരു ശിവലിംഗ പ്രതിഷ്ഠ കാണാൻ സാധിക്കുന്നു. ഈ ഗുഹാക്ഷേത്രം രാജരാജ ചോഴനാൽ നിർമ്മിതമാണ് എന്ന് ചരിത്ര രേഖകൾ പറയുന്നു. *മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിത്തരുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച തിരുനന്തിക്കര ശാസനം ഈ പാറയുടെ ഇരുവശങ്ങളിലും കൊത്തി വച്ചിട്ടുണ്ട്.*
മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം

തുടർന്ന് വായിക്കുക