2020, ജൂലൈ 25, ശനിയാഴ്‌ച

കാലനേമി - രാവണന്റെ മാതുലനായ രാക്ഷസൻ.




കാലനേമി - രാവണന്റെ മാതുലനായ രാക്ഷസൻ.


പേരുകേൾക്കുമ്പോൾ തന്നെ ഒരുമാതിരി ഭീതിജനകം. അല്ലേ?
കാലരൂപം പൂണ്ട ഒരു അജാനബാഹു. എല്ലാ ക്രൂരതകളുടെയും വിളനിലമായ ഒരു രാക്ഷസൻ. അതല്ലേ, നമ്മുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന ഒരു രൂപം?

എന്നാൽ, അതാണോ കാലനേമി? നമുക്കൊന്ന് നോക്കാം.

യുദ്ധത്തിൽ, ഇന്ദ്രജിത്തിന്റെ ബ്രഹ്‌മാസ്‌ത്രപ്രയോഗമേറ്റ്, വാനരപ്പട ഏതാണ്ട് പൂർണ്ണമായും മോഹാലസ്യപ്പെട്ട് കിടക്കുന്നു. മൃതസഞ്ജീവനി തേടി ഹനുമാൻ ഋഷഭാദ്രിയിലേയ്ക്ക് യാത്ര പുറപ്പെടുകയും ചെയ്യുന്നു. ഇതറിഞ്ഞ രാവണൻ,  ആ യാത്രയ്ക്ക് കാലവിളംബം ഉണ്ടാക്കുവാൻ, തന്റെ മാതുലനായ കാലനേമിയുടെ സഹായം തേടിയെത്തുന്നു.

എന്നാൽ കാലനേമിയാകട്ടെ, മറുപടിയായി രാവണന് നൽകുന്നത് നീ‌ണ്ട ഒരു സാരോപദേശം തന്നെയാണ്.

അതിൽ ക്രുദ്ധനായ രാവണൻ, കാലനേമിയെ വധിയ്ക്കാൻ ഒരുമ്പെടുന്നു. അതിനോടുള്ള കാലനേമിയുടെ പ്രതികരണം നോക്കുക.

"അല്ലയോ ദുഷ്ടനായ രാക്ഷസരാജാവേ, നീ ക്രുദ്ധനാകേണ്ടതില്ല. നിന്റെ ആജ്ഞ ഞാൻ നിറവേറ്റുന്നതാണ്. കാരണം അതെനിയ്ക്ക്, എന്റെ
സദ്ഗതിയ്ക്കുള്ള മാർഗം കൂടിയാണ്...".

ഇവിടെ കാലനേമി അറിയുന്നു, ഈ യാത്ര തന്റെ മരണത്തിലേക്കാണ് എന്ന്. എന്നാൽ, അത് മോക്ഷമാർഗം കൂടിയാണ് എന്നതുകൊണ്ടു തന്നെ, ആ മാർഗം സ്വീകരിയ്ക്കാൻ സന്തോഷത്തോടെ ആ രാക്ഷസൻ  തയ്യാറാവുകയും ചെയ്യുന്നു.

ശേഷം, ഹനുമാന്റെ മാർഗ്ഗമധ്യേ ഒരു മായാ ആശ്രമം തന്നെ സൃഷ്ടിച്ച്, താപസരൂപത്തിൽ അവിടെ താമസിയ്ക്കുകയും, സാരോപദേശം നൽകുവാൻ എന്ന വ്യാജേന, ഹനുമാനെ അവിടെ തങ്ങാൻ നിർബന്ധിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ദുർവ്വാസാവിന്റെ ശാപത്താൽ പണ്ടൊരിയ്ക്കൽ മുതലായി മാറേണ്ടി വന്ന, ധന്യമാലി എന്ന അപ്സരസ്സിൽ നിന്നും സത്യാവസ്ഥ അറിഞ്ഞ ഹനുമാൻ, കോപിഷ്ടനാകുകയും, ആ മുഷ്ടിപ്രഹരത്താൽ കാലനേമി ഉടൻ യമലോകം പൂകുകയും ചെയ്യുന്നു.

വിശകലനം/വ്യാഖ്യാനം:
രാവണന്റെ നിർദേശത്തോടുള്ള തന്റെ മറുപടിയുടെ ആദ്യ ഭാഗത്ത്, കാലനേമി പറയുന്നത് യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെ പറ്റിയാണ്. ഒരുവൻ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെടുത്തി, ഒരു യുദ്ധത്തിലൂടെ നേടുന്നത് എന്താണ്? എന്നതാണ് കാലനേമി ഉന്നയിയ്ക്കുന്ന ചോദ്യം. അഥവാ, അങ്ങിനെ എന്തെങ്കിലും നേടിയാൽ തന്നെ, അതുകൊണ്ടെന്ത് ഗുണം? ഇനി, ആ ഒരുവൻ ഒരു രാജാവാണെങ്കിൽ, ആ യുദ്ധത്തിൽ തന്റെ രാജ്യത്തിനും, പ്രജകൾക്കും, രാജ്യസമ്പത്തിനുമൊക്കെ  വൻനാശമുണ്ടാക്കിയിട്ട്, ആ രാജൻ എന്തു നേടും, എന്നും ചോദിയ്ക്കുന്നു, കാലനേമി.

ഇവിടെ നാം കാണുന്നത്, ഒരു ചിന്തകനെയും ഒരു രാജ്യതന്ത്രജ്ഞനേയുമല്ലേ?

ശേഷം, കാലനേമി രാവണനെ ഉപദേശിയ്ക്കുകയാണ്.

"...അതിനാൽ നീ സീതയെ രാമന് തിരികെ നൽകി, രാജ്യം സഹോദരനെ ഏൽപ്പിച്ച്, വനവാസം നടത്തുക. താപസജീവിതത്തിലൂടെ മനഃശുദ്ധിയും ഇന്ദ്രിയജയവും കരസ്ഥമാക്കുക..."

രാമായണത്തിന്റെ ഈ ഭാഗത്ത്, വളരെ വിശദമായി തന്നെ കാലനേമി പ്രകൃതിയെയും, ലൗകിക ജീവിതത്തിന്റെ സുഖാസക്തിയെയും, വിഷയാസക്തിയേയും, പിന്നെ, ആത്മാവിനെ അതിൽ നിന്നൊക്കെ മോചിപ്പിയ്ക്കേണ്ടതിന്റെ ആവശ്യകതയേയും ഒക്കെ കുറിച്ച്, വളരെ വിശദമായി തന്നെ പറയുന്നുണ്ട്.

അങ്ങ് പരബ്രഹ്മം മുതൽ, ഇങ്ങ് പുൽക്കൊടി വരെ, എന്തൊക്കെയാണോ ഈ ജഗത്തിൽ ഉള്ളത് അവയെല്ലാം ചേരുന്നതാണ് പ്രകൃതി. ആ പ്രകൃതിയെ മായ എന്നും പറയാം. കാമക്രോധാദികൾ ആ മായയുടെ പുത്രന്മാരും, തൃഷ്ണ, ഹിംസ തുടങ്ങിയവ പുത്രിമാരുമാകുന്നു.

അങ്ങിനെയുള്ള മായ, കർത്തൃത്വം, ഭോക്‌തൃത്വം തുടങ്ങിയവകളെ ആത്മാവായ ഈശ്വരനിൽ തന്നെ ആരോപിച്ച്, തദ്വാരാ ആ ഈശ്വരനെ തന്നെ തന്റെ വശത്താക്കുന്നു. അങ്ങിനെ മായയാൽ വ്യാമോഹിതനായ ഒരുവൻ, തന്റെ ആത്മാവിനെ തന്നെ മറക്കുവാൻ ഇടയാകുന്നു.

ഇവിടെ കാലനേമി ഒരു കാര്യം കൂടി സൂചിപ്പിയ്ക്കുന്നു. ഉത്തമനായ ഒരു ഗുരുവിനെ ലഭിയ്ക്കുമെങ്കിൽ, ഒരുവന് ഇത്തരത്തിലുള്ള മായയുടെ ആ സ്വാധീനത്തിൽ നിന്നും മുക്തനാകാൻ കഴിയുന്നതാണ്.

ശേഷം, കാലനേമി വിഷ്ണുഭഗവാനെ കുറിച്ച് വിശദമായി തന്നെ രാവണന് വർണ്ണിച്ചു കൊടുക്കുന്നു.

ശ്രീരാമചരിതം നിരന്തരം കേൾക്കുകയും, 'രാമ, രാമ' എന്ന് നിരന്തരം പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നവർക്ക്, പിന്നെ ഈ ഭൂമിയിൽ തന്നെ ജന്മമെടുക്കേണ്ടതായി പോലും വരുന്നതല്ല. അവർ മുജ്ജന്മ പാപങ്ങളിൽ നിന്ന് കൂടി മോചിതരാകുന്നതാണ്.

കാലനേമി തന്റെ ഉപദേശം ഉപസംഹരിയ്ക്കുന്നത് നോക്കുക.

"വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്‌ 
ശ്രീരാമദേവനെത്തന്നെ ഭജിയ്ക്ക നീ. 
ദേവം പരിപൂർണമേകം സദാ ഹൃദി 
ഭാവിതം ഭാവരൂപം പുരുഷം പരം 
നാമരൂപാദിഹീനം പുരാണം ശിവം 
രാമദേവം ഭജിച്ചീടു നീ സന്തതം."

"അല്ലയോ രാവണാ, അതിനാൽ നീ എല്ലാ വിരോധങ്ങളും വെടിഞ്ഞ്, അതീവ ഭക്തിയോടെ ശ്രീരാമദേവനെ തന്നെ ഭജിയ്ക്കുക. അതിനു ഒരു മാറ്റവും നീ വിചാരിയ്ക്കേണ്ടതില്ല.."
*******
ഇവിടെ വെളിവാകുന്നത്, കാലനേമി എന്ന ആ രാക്ഷസന്റെ നാലു  ഗുണങ്ങളാണ്.

1. മരണമാണ് മുന്നിൽ എന്നറിഞ്ഞിട്ടും, അത് മോക്ഷമാർഗമെന്നറിഞ്ഞ്, ആ പാത തിരഞ്ഞെടുത്ത ധൈര്യശാലി.

2. യുദ്ധത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച്, യുക്തിപൂർവ്വം പറയുന്ന നയ-രാജ്യ-തന്ത്രജ്ഞൻ.

3. പ്രകൃതിയെയും, അതിന്റെ മായയേയും, പിന്നെ ലൗകിക ജീവിതത്തിൽ അതിന്റെ സ്വാധീനത്തെയും കുറിച്ച് വിവരിയ്ക്കുകയും, ആ മായയെ കൈവെടിഞ്ഞ്,‌ ധർമ്മ മാർഗത്തിൽ ചരിയ്ക്കാൻ രാവണനെ ഉപദേശിയ്ക്കുകയും ചെയ്യുന്ന, ഒരു ധർമ്മിഷ്ടൻ.

4. മഹാവിഷ്ണുവിനെ ആരാധിയ്ക്കുന്ന, ആ മാർഗം ആത്മരക്ഷക്കായി ഉപയോഗിയ്ക്കുവാൻ രാവണനെ ഉപദേശിയ്ക്കുന്ന, ഒരു വിഷ്ണു/രാമ-ഭക്തൻ.

ഇനി, വേണമെങ്കിൽ ഒന്നു കൂടി നമുക്കീ നിരയിലേയ്ക്ക് കൂട്ടിച്ചേർക്കാം.

ധർമ്മമാർഗ്ഗമല്ല എന്നറിഞ്ഞിട്ടു കൂടി, ഏറ്റെടുത്ത ആ കർത്തവ്യം (ഹനുമാന് കാലവിളംബം ഉണ്ടാക്കുക എന്ന കർത്തവ്യം), അതീവ ആത്മാർത്ഥതയോടെ തന്നെ ചെയ്യുന്ന ഒരു ആജ്ഞാനുവർത്തി.