2020, ജൂലൈ 14, ചൊവ്വാഴ്ച

തിരുവട്ടാർ ആദികേശവ ക്ഷേത്രം =================================





തിരുവട്ടാർ ആദികേശവ ക്ഷേത്രം
=================================
പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ് തിരുവട്ടാർ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചൊഴുകുന്ന പയസ്വിനി നദിയിൽ സ്നാനം ചെയ്ത് ആദികേശവ ഭഗവാനെ ദർശനം നടത്തി പ്രസാദം സ്വീകരിച്ചാൽ ആദികേശവ ഭഗവാനെ വലംവച്ചു കൊണ്ടുള്ള ഈ ശിവാലയ ഓട്ട തീർത്ഥാടനത്തിന് പൂർണ്ണത ലഭിക്കുന്നു.
ശിവാലയ ഓട്ടത്തിൽ ഈ ക്ഷേത്രത്തിനുള്ള പ്രാധാന്യത്തെ വിളിച്ചോതുന്ന ഐതിഹ്യമാണ് രണ്ടാമത്തെ പുരാവൃത്തത്തിൽ ഉള്ളത്. ഒരിക്കൽ മഹാവിഷ്ണുവും കേശാസുരനുമായി അതിഘോരമായ യുദ്ധം നടന്നു. യുദ്ധത്തിൽ തളർന്ന അസുരനെ ഭഗവാൻ അനന്തനാൽ വരിഞ്ഞു കെട്ടി നിലം പതിപ്പിച്ച ശേഷം, ഭഗവാൻ അനന്തനു മുകളിൽ ശയിച്ചു. ഈ സമയത്തെ ആദികേശവനെ കേശീ മഥനൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശയനാനന്തരം അസുരൻ തന്റെ സ്വതന്ത്രമായ പന്ത്രണ്ട് കൈകൾ കൊണ്ട് ഭഗവാനെ ശല്യപ്പെടുത്താൻ തുടങ്ങി. ഇതു നിമിത്തം ഭഗവാൻ തന്നെ അസുരന്റെ ഒരോ കൈപ്പത്തിയിലും ഒരോ ശിവലിംഗ പ്രതിഷ്ഠ നടത്തി. അത് കാലക്രമത്തിൽ പന്ത്രണ്ട് ശിവാലയങ്ങളായി മാറി. ഇത് കൂടതെ അസുരന്റെ പന്ത്രണ്ട് ദുജസന്ധികളിൽ പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും ഭുജങ്ങളുടെ മേൽ ഭാഗത്ത് പന്ത്രണ്ട് സർപ്പകാവുകളും സ്ഥാപിച്ചു. ഇങ്ങനെ രൂപപ്പെട്ടതാണ് ഈ ശിവാലയ ഓട്ട ക്ഷേത്രങ്ങളും, ഇതിനു അകം പരിധികളിൽ വരുന്ന പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും സർപ്പക്കാവുകളും എന്നാണ് ഐതിഹ്യം പറയുന്നത്.
തിരുനട്ടാലത്ത് നിന്ന് 12 കി.മി സഞ്ചരിച്ചാൽ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഇവിടെ പയസ്വിനി നദിയിൽ സ്നാനം ചെയ്ത ശേഷം തറനിരപ്പിൽ നിന്ന് ഏതാനും പടവുകൾ കേറി ക്ഷേത്ര കവാടത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും കൊടിമരത്തേയും ശ്രീബലിക്കൽ പീഠത്തേയും കടന്ന് പടിഞ്ഞാറു തുറക്കുന്ന തിരുനടകളിൽ കൂടി ശയന മൂർത്തിയായ ആദികേശവ പെരുമാളിനെ ദർശിക്കാം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേതു പോലെ അനന്തശയന രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കില്‍ ഇവിടുത്തേത് പടിഞ്ഞാറു ദിശയിലേക്കാണെന്നത് ഒരു പ്രധാന വ്യത്യാസമാണ്.
18- അടി നീളമുള്ള തിരുസ്വരൂപം അനന്തശായിയായ സാക്ഷാൽ ഭഗവാൻ വിഷ്ണുവിന്റെതാണ്. ഇവിടെ അനന്തൻ മുന്ന് മടക്കുകളുള്ള മെത്തയായി ശയനമൂർത്തിയെ താങ്ങിയിരിക്കുന്നു. അനന്തന് അഞ്ച് ശിരസ്സുകൾ വൃത്താകാരമായി നിർമിക്കപ്പെട്ടിരിക്കുന്നു. സമശയന രൂപത്തിലാണ് ദേവന്റെ കിടപ്പ്. തിരുമുഖം സ്വല്പ്പം മേലോട്ടു നോക്കുന്നത് പോലെ കാണപ്പെടുന്നു. വലതു കൈ മടക്കി മുഖത്തിനു നേരെ സിംഹകർണമുദ്ര കാണിക്കുന്നു. ഇടത് കൈ തളിരിലകൾ പോലെ തൂക്കിയിട്ടിട്ടിരിക്കുന്നു. ഇവിടെ കിരീടമകുടം മുതൽ തൃപ്പാദങ്ങൾ വരെയുള്ള തിരുവുടൽ സർപ്പേന്ദ്ര ശയ്യയിൽ മുഴുവനായി ശയന രൂപത്തിൽ കാണപ്പെടുന്നു. മൂന്ന് തിരു നടകളിലൂടെ ആദികേശവ പെരുമാളിന്റെ ശയനരൂപം കണ്ടുതൊഴുത് പ്രസാദം സ്വീകരിക്കുന്നതോടെ ഈ ശിവാലയ ഓട്ടം അതിന്റെ പൂർണ്ണതയിൽ എത്തിച്ചേരുന്നു.
അങ്ങനെ മഹാശിവരാത്രിയിലെ ശിവാലയ ഓട്ടത്തിലൂടെ ഭക്തര്‍ക്ക് ലഭിച്ച പന്ത്രണ്ട് ശിവാലയങ്ങളിലെ ദര്‍ശന പുണ്യവുമായി തങ്ങളുടെ ഗൃഹങ്ങളിലേക്കോരു മടക്കയാത്ര.