2020, ജൂലൈ 25, ശനിയാഴ്‌ച

ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം


ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം


ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം
[ഹൈന്ദവ പുരാണങ്ങളിലൂടെ - 3]

നമസ്കാരം.

ഏവർക്കും മഹാശിവരാത്രി ആശംസകൾ ...!! 

ഹൈന്ദവ പുരാണങ്ങളിലൂടെ എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണിത്. 

"ശിവക്ഷേത്രങ്ങളിൽ, ഭക്തർ പൂർണ്ണപ്രദക്ഷിണം ചെയ്യാത്തത്, എന്തുകൊണ്ട്?".

നിങ്ങൾക്കും അറിയാവുന്നതുപോലെ, സാധാരണ ക്ഷേത്രദർശന വേളയിൽ ഭക്തർ വിഗ്രഹത്തിന്റെ/മൂർത്തിയുടെ മുൻപിൽ കൈകൂപ്പി  പ്രാർത്ഥിച്ചതിനുശേഷം, ശ്രീകോവിലിന്റെ ഇടതുവശത്തുകൂടി, വലത്തേക്ക് (അതായത് clockwise ആയി), സാവധാനം നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു  നടക്കുന്നു. പ്രദക്ഷിണം പൂർത്തിയായാൽ മൂർത്തിയുടെ മുൻപിൽ നിന്ന്,  ഒരിയ്ക്കൽകൂടി കൈകൂപ്പി പ്രാർത്ഥിച്ചതിന്നു ശേഷം, ക്ഷേത്രത്തിനു പുറത്തേക്കിറങ്ങുന്നു. (ചില ഭക്തർ ഇതേ രീതിയിൽ ഒന്നിൽ കൂടുതൽ തവണയും പ്രദക്ഷിണം ചെയ്യാറുണ്ട് കേട്ടോ).
എന്നാൽ, ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ, പ്രദക്ഷിണത്തിനു ചില മാറ്റങ്ങളുണ്ട്. അവിടെ, വിഗ്രഹത്തെ തൊഴുതശേഷം, സാധാരണ പോലെ ഇടതുവശത്തുകൂടി നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട്,  പ്രദക്ഷിണം ആരംഭിച്ച്,  ശ്രീകോവിലിൽ നിന്നും അഭിഷേകജലം പുറത്തേക്കൊഴുകുന്ന ഓവിനു സമീപം അവസാനിപ്പിക്കും. പിന്നെ, തിരികെ ശ്രീകോവിലിനു മുൻപിൽ എത്തി, വലതു വശത്തുകൂടെ, അഭിഷേകജല ഓവിന്റെ  മറുകരയിൽ എത്തുന്നു. ശേഷം വീണ്ടും തിരിഞ്ഞ്, വന്ന വഴി തന്നെ ശ്രീകോവിലിന്റെ മുൻവശത്തേക്ക് എത്തുന്നു. മൂർത്തിയുടെ മുൻപിൽ  ഒരിയ്ക്കൽകൂടി കൈകൂപ്പി പ്രാർത്ഥിച്ച്, ക്ഷേത്രത്തിനു  പുറത്തേക്കിറങ്ങുന്നു. 

(താഴെ ചേർത്തിരിയ്ക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക)

അതായത്, ഇവിടെ ഭക്തർ ആ അഭിഷേകജല ഓവിനെ മറികടക്കുന്നില്ല, എന്ന് സാരം. 

എന്താണ് ഈ അപൂർണ്ണ പ്രദക്ഷിണത്തിനു കാരണം/ഐതിഹ്യം, എന്ന് പുരാണങ്ങളിൽ അവഗാഹമുള്ള പലരോടും ചോദിച്ചെങ്കിലും, ഒന്നോ രണ്ടോ പേരൊഴികെ അവരിൽ പലരും നൽകിയ മറുപടി അത്ര വ്യക്തമോ, യുക്തിഭദ്രമോ അല്ലായിരുന്നതിനാൽ, പിന്നെ എന്തിനും ഏതിനും ഉത്തരം നൽകുന്ന നമ്മുടെ 'ഗൂഗിളിനെ' കൂടി ശരണം പ്രാപിക്കാൻ തീരുമാനിച്ചു.

എന്നാൽ, 'തിരച്ചിലിൽ' ലഭ്യമായ പല വെബ് സൈറ്റുകളിലും, ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ കണ്ടുവെങ്കിലും, അവയിലൊക്കെ തന്നെ ഈ കാര്യം വളരെ ഉപരിപ്ലവമായി അങ്ങു പറഞ്ഞു പോയിട്ടുണ്ട്, എന്നതല്ലാതെ (ഉദാഹരണത്തിന്: ശിവൻ ആദിയും അനന്തവും ആണ്, അതിനാൽ പൂർണ്ണപ്രദക്ഷിണം പാടില്ല....  എന്ന രീതിയിൽ), അതിലെവിടെയും വ്യക്തമായ കാരണങ്ങളോ, കഥകളോ, ഐതിഹ്യങ്ങളോ  ഒന്നുംതന്നെ നിർഭാഗ്യവശാൽ എനിയ്ക്കു കണ്ടെത്താൻ കഴിഞ്ഞില്ല.

ശ്രീകോവിൽ പോലെ തന്നെ, ശ്രീകോവിലിൽ നിന്നും പുറത്തേയ്ക്കൊഴുകുന്ന അഭിഷേകജലവും പവിത്രമാണ്; അതുകൊണ്ട് ആ ഓവുചാൽ മറികടക്കുന്നത് ശരിയല്ല എന്ന ഒരു കാരണം ചിലയിടങ്ങളിൽ പറയുന്നുണ്ട്. പക്ഷേ, അപ്പോൾ മറ്റു ദേവീദേവന്മാരുടെ ക്ഷേത്രങ്ങളിൽ എല്ലാത്തിലും തന്നെ, ഇതേപോലുള്ള ഓവുചാലുകൾ ഉണ്ടല്ലോ? അതിൽ മിക്ക ക്ഷേത്രങ്ങളിലും അവയെ നമ്മൾ മറികടക്കാറുമുണ്ട്.

അങ്ങിനെ, വീണ്ടും തുടർന്ന അന്വേഷണങ്ങൾക്കൊടുവിൽ, എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞ ഏകദേശ നിഗമനം, താഴെക്കൊടുക്കുന്ന മൂന്ന് കാരണങ്ങളാലാകാം ഭക്തർ ശിവക്ഷേത്രങ്ങളിലെ പൂർണ്ണപ്രദക്ഷിണം ഒഴിവാക്കുന്നത് എന്നാണ്.

ഒന്ന്:
ശിവഭഗവാന്റെ സ്വന്തം ഭൂതഗണങ്ങൾ, സ്വാമി സന്നിധിയിൽ എത്തുന്നതും, പിന്നെ മടങ്ങുന്നതും, മേൽപ്പറഞ്ഞ അഭിഷേകജല ഓവ്  വഴിയാണത്രെ.  അതുകൊണ്ടുതന്നെ, അവരുടെ സ്വതന്ത്രമായ ആ പോക്കുവരവുകളെ തടസ്സപ്പെടുത്തുന്ന രീതിയിൽ, ആരും ആ ഓവ് മുറിച്ചു കടക്കുന്നത് ഭഗവാന് ഒട്ടും ഹിതകരമാവില്ല. 

രണ്ട്:
ശിവഭക്തരുടെ വിശ്വാസപ്രകാരം, ഭഗവാന്റെ മുടിക്കെട്ടിനുള്ളിൽ ആണല്ലോ ഗംഗാദേവി വസിയ്ക്കുന്നത്. ആ മുടിക്കെട്ടിൽ നിന്നും, ഗംഗാദേവി  താഴേയ്ക്കൊഴുകുന്നത്, ഈ അഭിഷേക ഓവു വഴി ആണത്രെ. അതിനാൽ, ഗംഗാദേവിയുടെ സുഗമമായ ആ ഒഴുക്കിന് ഒരു തടസ്സവും വരാതിരിയ്ക്കുന്നതിനു വേണ്ടിയാണ്, ആ ഓവ് മുറിച്ച് കടക്കരുത് എന്നു പറയുന്നത്.

മൂന്ന്:
ഇത് വാസ്തുശാസ്ത്രം, യോഗശാസ്ത്രമനുസരിച്ചുള്ള മനുഷ്യശരീരഘടന, പരമ്പരാഗത ക്ഷേത്ര നിർമ്മാണ രീതി ഇവയൊക്കെയുമായി ബന്ധപ്പെട്ടു  കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ, കുറച്ചേറെ സങ്കീർണ്ണവും. എങ്കിലും,  കഴിയുന്നത്ര ലളിതമായി അതിനെ ഞാനൊന്നു വിശദമാക്കാം. 

യോഗശാസ്ത്രപ്രകാരം മനുഷ്യ ശരീരത്തിൽ മൂലാധാരം മുതൽ ഏറ്റവും മുകളിലെ സഹസ്രാര (അഥവാ സഹസ്രദളപത്മം) വരെ ഏഴു ചക്രങ്ങൾ ആണ് ഉള്ളത്. വേണമെങ്കിൽ നമുക്കീ ചക്രങ്ങളെ  നാഡീസംഗമങ്ങളെന്നും  വിശേഷിപ്പിക്കാം. ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന മൂലാധാരം, അതിനു മുകളിലായി സ്വാധിഷ്ഠാനം, തുടർന്ന് മുകളിലേയ്ക്ക്, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, അവസാനമായി ശിരസ്സിന്റെ  മേൽ ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം വരെയാണ് ഈ ഏഴു ചക്രങ്ങൾ. 



കുണ്ഡലിനി എന്നറിയപ്പെടുന്ന ഊർജ്ജം ഇതിൽ ഏറ്റവും താഴെ ഭാഗത്ത് (മൂലാധാരം) നിവസിയ്ക്കുന്നുവത്രെ. മന്ത്ര, തന്ത്ര, യോഗ, ധ്യാന വിദ്യകളാൽ, ഈ ഊർജ്ജത്തെ ഉത്തേജിപ്പിയ്ക്കുവാൻ അഥവാ ഉണർത്തുവാൻ കഴിയും. അങ്ങിനെ ഉണർത്തപ്പെടുന്ന കുണ്ഡലിനി ഊർജ്ജം, നട്ടെല്ലിലെ സുഷുമ്ന വഴി മുകളിലോട്ട് ഓരോ ചക്രങ്ങളിലേയ്ക്കും സാവധാനം സഞ്ചരിയ്ക്കുന്നു. 

കുണ്ഡലിനി ഊർജ്ജം ഈ പറഞ്ഞ ചക്രങ്ങളിൽ എവിടെയാണോ ഉള്ളത്, അതനുസരിച്ചാകും ആ വ്യക്തിയുടെ ജീവിത/ബൗദ്ധിക/ചിന്താ തലങ്ങൾ. അതായത്, മൂലാധാരം തുടങ്ങിയ താഴെ ഭാഗങ്ങളിൽ ആണ് ഊർജ്ജം കേന്ദ്രീകരിച്ചിരിയ്ക്കുന്നതെങ്കിൽ, ആ വ്യക്തി ലൗകികജീവിതത്തിൽ മുഴുകിയവനായിരിയ്ക്കും. മുകളിലേയ്ക്കുള്ള ഊർജ്ജ സഞ്ചാരം അനുസരിച്ച്, ലൗകിക ആസക്തികൾ കുറയുകയും ബൗദ്ധിക/ആത്മീയ നിലവാരങ്ങൾ ഉയരുകയും ചെയ്യുന്നു, എന്നർത്ഥം. 

ഈ ചക്രങ്ങളുടെ അധിപർ ത്രിമൂർത്തികളാകുന്നു എന്നാണ് വിശ്വാസം. ഏറ്റവും താഴെയുള്ള മൂന്നിലൊന്നു ഭാഗം ബ്രഹ്മദേവന്റെ അധീനതയിലും, മധ്യഭാഗം വിഷ്ണുദേവന്റെ അധീനതയിലും, ഏറ്റവും മുകൾഭാഗം ശിവഭഗവാന്റെ അധീനതയിലും വരുന്നുവത്രെ. [ശബരിമല ക്ഷേത്രത്തിലെ പതിനെട്ടു പടികളുടെ പിന്നിലും, ഇതേ ഐതിഹ്യമാണെന്നും ചിലയിടങ്ങളിൽ പ്രതിപാദിച്ചുകാണുന്നുണ്ട്. ആറു പടികൾ  വീതം ഉൾക്കൊള്ളുന്ന മൂന്ന് ഭാഗങ്ങൾ ചേർന്നതത്രെ ശബരീശന്റെ ആ പുണ്യ പതിനെട്ടാംപടി].

ഇനി, ഒരു ക്ഷേത്രത്തിന്റെ നിർമ്മാണ ഘടന നോക്കിയാൽ, അതും ഇപ്പോൾ നമ്മൾ പറഞ്ഞ മനുഷ്യ ശരീരത്തിലെ ആ ഏഴു ചക്രങ്ങൾക്ക് സമാനമാണെന്നു കാണാം. മൂലാധാര സ്ഥാനത്ത് ക്ഷേത്രത്തിന്റെ കൊടിമരം വരുന്നു. പിന്നെ ബലിപീഠം, മഹാമണ്ഡപം അങ്ങിനെ തുടങ്ങി,  ശ്രീകോവിൽ അഥവാ പ്രതിഷ്ഠസ്ഥാനം വരെ ഉള്ള ക്ഷേത്രഘടന, മുൻപ് കണ്ട ഏഴു ചക്രങ്ങൾക്കു സമാനമാണെന്ന് ചുരുക്കം. 


[ചിത്രം കാണുക]



നേരത്തെ നമ്മൾ പറഞ്ഞ കുണ്ഡലിനി ഊർജ്ജത്തെ, അസാമാന്യമായ മന്ത്ര, തന്ത്ര, യോഗ, ധ്യാന വിദ്യകൾ വഴി ഉണർത്തി വേണമല്ലോ, ഒരു മനുഷ്യന് അവസാന ചക്രമായ സഹസ്രാരം വരെ എത്തിയ്ക്കുവാൻ. അതാകട്ടെ അത്രയധികം കഠിനവും, ഒരു പക്ഷെ സാധാരണഗതിയിൽ അസാധ്യവുമാണ്. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, സഹസ്രാരം വരെ എത്തുന്ന ആൾ, എല്ലാ ഇന്ദ്രിയങ്ങളെയും ജയിച്ചവനും, സംപൂർണ്ണമായ അറിവിനെ സ്വായത്തമാക്കിയവനും ആകുന്നു എന്നർത്ഥം. 

ഇനി സഹസ്രാരവും കഴിഞ്ഞ് പോകാനായാലോ? അങ്ങിനെ ആയാൽ, അയാൾ സ്വയം പരബ്രഹ്മത്തിലേയ്ക്ക് അലിഞ്ഞു ചേരുന്നവനാകും എന്നാണ് വിശ്വാസം. 

ഇതിൽ നിന്നു തന്നെ നമുക്കറിയാം, ലൗകിക ജീവിതം നയിയ്ക്കുന്ന ഇന്നത്തെ ഒരു സാധാരണ മനുഷ്യന്, ഈ രീതിയിൽ കുണ്ഡലിനി ശക്തിയെ ഉണർത്തുവാനും, സഹസ്രാരവും കടന്ന് നേരെ പരബ്രഹ്മത്തിൽ ലയിയ്ക്കുവാനും സാധ്യമല്ല എന്ന്. അല്ലേ?

ശിവക്ഷേത്രങ്ങളിൽ പ്രതിഷ്ഠ വരുന്നത്, മേൽപ്പറഞ്ഞ ചക്ര ഘടനയിൽ ഏറ്റവും അവസാനത്തെ ഭാഗത്താണ്. അതായത് സഹസ്രാര ഭാഗത്ത്. അങ്ങിനെ വരുമ്പോൾ, അതിനെ മറികടന്നു പോകുക എന്നുള്ളത് ഒരു സാധാരണ മനുഷ്യന് സാധ്യമല്ലല്ലോ.

അതുകൊണ്ടത്രേ, കേവല മനുഷ്യരായ ഭക്തർ, ശിവപ്രതിഷ്ഠയെ പൂർണ്ണമായി വലം വയ്ക്കാതിരിയ്ക്കുന്നത്.

ഓം ...നമ ശിവായ ....!
***********

കടപ്പാട് 


ബിനു മോനിപ്പള്ളി