2020, ജൂലൈ 10, വെള്ളിയാഴ്‌ച

നൂറായുസ്സാ. ഇപ്പോൾ പറഞ്ഞതേയുള്ളൂ. ഇടക്കാലത്തു മരണമില്ല




നൂറായുസ്സാ. ഇപ്പോൾ പറഞ്ഞതേയുള്ളൂ. ഇടക്കാലത്തു മരണമില്ല

ഒരാളെപറ്റി നാം സംസാരിച്ചു നിൽക്കുന്നതിനിടയിൽ അയാൾ ആകസ്മികമായി വന്നു കയറിയാൽ നാം അയാളോടു പറയുന്ന വാചകമാണിത്.
കേൾക്കുന്നയാൾക്ക് ഇതു സന്തോഷത്തിനു വക നൽകും. താൻ ദീർഘായുഷ്മാനായിരിക്കുമെന്ന് മൂന്നാമതൊരാളിൽ നിന്ന് കേൾക്കുമ്പോൾ ആർക്കാണ് സന്തോഷം തോന്നാത്തത് രണ്ടുപേർക്കിടയിൽ പറഞ്ഞുവെന്നു കരുതി നീളുന്ന ഒന്നാണോ ആയുർദൈർഘ്യമെന്ന് സ്വാദാവികമായും ഒരു ചോദ്യമുണ്ടാകും.
ഒരുവനെപറ്റിയുള്ള നല്ല കാര്യമോ പരദൂഷണമോ ആണെങ്കിൽകൂടി തന്നെപറ്റി അവർ ചിന്തിക്കുന്നുണ്ടല്ലോ എന്നു കേൾക്കുന്നത് ഏതൊരാൾക്കും സന്തോഷം തന്നെ. പറയാൻ ആ ഉള്ളവർക്ക് ആപത്തിൽ സഹായിക്കാനും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടാകും. അതുകൊണ്ടാണ് ആയുസ്സ് നീളുമെന്നു പറയുന്നത്. ഇങ്ങനെ ഒരു വ്യാഖ്യാനിക്കുന്നതിൽ കാര്യമുണ്ടെങ്കിലും രണ്ടുപേർ തമ്മിൽ കൈമാറിയ രഹസ്യം ബന്ധപ്പെട്ട കക്ഷി കേൾക്കാൻ ഇടയായതോടെ അയാളുടെ ആയുസ്സ് ദീർഘിച്ചു കിട്ടിയ  പഴയ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്.

രണ്ടു സുഹൃത്തുക്കൾ തമ്മിൽ അവരുടെ തന്നെ കച്ചവടത്തിലെ പങ്കാളിയായ മൂന്നാമത്തെ സുഹൃത്തിനെ ചതിച്ചു കൊല്ലാൻ പദ്ധതിയിട്ടു. എന്നാൽ ആകസ്മികമായി അവിടേക്കു കടന്നുവന്ന മൂന്നാമൻ സംഭാഷണം നേരിൽ കേട്ടതോടെ ചതിയിൽ അകപ്പെടാതെ രക്ഷപ്പെട്ട് ആയുസ്സ് നീട്ടിക്കിട്ടിയവനായി കഴിഞ്ഞുവെന്ന് പഴങ്കഥ.
കാര്യം മുഴുവൻ ഒളിഞ്ഞുനിന്ന് കേട്ട മൂന്നാമൻ സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ മാറ്റി മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ കഥയുടെ അടിസ്ഥാനത്തിലാണ് ഈ ചൊല്ല് നിലവിൽ വന്നത് എന്നും വിശ്വസിക്കപ്പെടുന്നു.