നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ശ്രീ നാഗച്ചേരി ഭഗവതി ക്ഷേത്രം
============================================
അള്ളട സ്വരൂപത്തിൽ തളിയിലപ്പൻറെ അമര ഭൂമിക്കകത്ത് മാടത്തിൻ കീഴിൽ ക്ഷേത്രപാലകന്റെ പരിധിയിൽ വരുന്ന ക്ഷേത്രമാണ് പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം. വരീക്കര കാവിൽ പോയ പുതിയടതീയ്യന്റെ വെള്ളോല മെയ്ക്കുട ആധാരമായി എഴുന്നള്ളിയ വരീക്കര ഭഗവതിയാണ് ഇവിടെ മുഖ്യദേവത. നാഗങ്ങൾ അധിവസിക്കുന്ന നാഗച്ചേരി കാവിൽ നിലയുറപ്പിച്ച ദേവിയെ നാഗച്ചേരി ഭഗവതി എന്ന് വിളിച്ച് ആരാധിച്ചു. നവനാഗപ്രതിഷ്ഠ കൊണ്ട് പുകൾപെറ്റ നാഗച്ചേരി കാവിൽ ധനു മാസത്തിൽ നടക്കുന്ന ആയില്യ പൂജയ്ക്ക് സർപ്പ ദോഷം തീർക്കാൻ ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്നു. പുതിയടത്ത് തീയന്റെ വെള്ളോലക്കുടയിൽ വന്നതുകൊണ്ട് ഈ ക്ഷേത്രത്തിലെ പ്രധാന അവകാശങ്ങളും, അന്തിത്തിരി,സ്ഥാനികൻ,വിളക്കും തളിക, മണിക്കുട,അടിച്ചുതളി എന്നിവ നിർവഹിക്കേണ്ടത് മേൽ തറവാട്ടുകാരാണ്. വെള്ള കുടയും വെള്ളോട്ടു കുടയും എഴുന്നള്ളിക്കുന്നത് പ്രത്യേകം നിശ്ചയിക്കുന്ന സമുദായാംഗങ്ങളാണ്. ക്ഷേത്രനിർമാണത്തിൽ സജീവ പങ്കാളിത്തം വഹിച്ച കേളച്ചൻ വീട്ടുകാരാണ് 2 കാർന്നോർപാടും നിർവഹിച്ചത്. ഒഴിഞ്ഞവളപ്പ് വീട്ടുകാർ പൊന്തയ്കയും(മകുടം), മൂലപ്പള്ളി കൊല്ലൻ ആയുധവും,പുതുക്കൈ കണിയാർ വീട്ടുകാർ വെള്ളകുടയും, മടുപ്പിൽ തറവാട്ടുകാർ കലശവും വെച്ച് ദേവിയെ ആരാധിക്കുന്നു. ഇന്ന് ക്ഷേത്രഭരണം നടത്തുന്നത് നീലേശ്വരം, പടിഞ്ഞാറ്റം കൊഴുവൽ,തീർത്ഥങ്കര, ഒഴിഞ്ഞവളപ്പ്,ഞാണിക്കടവ്,അനന്ദംപള്ള, പടന്നക്കാട്,കണിച്ചിറ,കൊട്രച്ചാൽ,കരുവളം എന്നിവിടങ്ങളിലെ സമുദായാംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലാണ്. ഇവിടത്തെ പൂരവും പൂരക്കളിയും പൂരവിളക്കും കളിയാട്ടവും പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. പുത്തരിയും മറുപുത്തരിയും 12 സംക്രമങ്ങളും,കർക്കിടകം 18,നിത്യദീപം എന്നിവ നടത്തിവരുന്നു. എല്ലാവർഷവും വൃശ്ചികമാസത്തിൽ കളിയാട്ട മഹോത്സവം നടക്കുന്നു. നാഗച്ചേരി ഭഗവതി,പാടാർകുളങ്ങര ഭഗവതി,രക്തചാമുണ്ഡി,പൂമാരുതൻ വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. നീലേശ്വരം അഞ്ഞൂറ്റാൻ, കിണാവൂർ നേണിക്കം,പാലായി പരപ്പേൻ എന്നിവർക്കാണ് കോലം ധരിക്കാനുള്ള അവകാശം.