2020, ജൂലൈ 25, ശനിയാഴ്‌ച

ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാത്തതെന്ത്?



ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാത്തതെന്ത്?

....

ഇത്തവണ നമുക്ക് ഹൈന്ദവ പുരാണവുമായി ബന്ധപ്പെട്ട ഒരു കഥയായാലോ?

ഒരുപക്ഷേ നിങ്ങളിൽ ആരെങ്കിലുമൊക്കെ, ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവും, ത്രിമൂർത്തികളിൽ ഒരാളായിട്ടുപോലും, എന്തുകൊണ്ടാണ് ബ്രഹ്മദേവന്റെ ക്ഷേത്രങ്ങൾ കേരളത്തിലും, ഭാരതത്തിലും, എന്തിന് ഈ ലോകത്തിൽ തന്നെയും, വളരെ വളരെ കുറവായിരിയ്ക്കുന്നത് എന്ന്. ഈ ജഗത്തിലെ സകല ജീവജാലങ്ങളുടെയും സൃഷ്ടികർത്താവായിരുന്നിട്ടും,  എന്തുകൊണ്ട് ബ്രഹ്മദേവനെ മാത്രം ആരും ആരാധിയ്ക്കുന്നില്ല എന്ന്?

അല്ലേ? 

അതിനു കാരണമായി പറഞ്ഞു കേൾക്കുന്ന ഒരു ഐതിഹ്യമുണ്ട്. 

ഒരിക്കൽ മഹാവിഷ്ണുവും ബ്രഹ്മദേവനും തമ്മിൽ, തങ്ങളിൽ ആരാണ് കൂടുതൽ വലിയവൻ, കൂടുതൽ ശ്രേഷ്ഠൻ എന്നുള്ള ഒരു വലിയ തർക്കം ഉടലെടുത്തു. അവസാനം, പ്രശ്നപരിഹാരത്തിനു വേണ്ടി അവർ സാക്ഷാൽ മഹാദേവനെ ശരണം പ്രാപിച്ചു. 

ത്രിമൂർത്തികളിൽ രണ്ടുപേർ തമ്മിലുള്ള തർക്കമല്ലേ? അത് ഉടൻ തന്നെ  പരിഹരിച്ചില്ലെങ്കിൽ ആകെ കുഴപ്പമാകുമല്ലോ. പാവം മഹാദേവൻ തലപുകഞ്ഞാലോചിച്ചു. തുടർന്ന്, തർക്കപരിഹാരത്തിനു വേണ്ടി അദ്ദേഹം തന്റെ ജ്യോതിർലിംഗ വിശ്വരൂപമെടുക്കുകയും, ശേഷം ആ രൂപത്തിന്റെ ആദിയും അന്തവും കണ്ടുവരാൻ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ആവശ്യപ്പെടുകയും ചെയ്തു. ആരാണോ ആദ്യം തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത്, അയാളായിരിയ്ക്കും വിജയി അഥവാ കൂടുതൽ ശ്രേഷ്ഠൻ. അതായിരുന്നു തീർപ്പ്.

ഉടൻ തന്നെ, വരാഹരൂപമെടുത്ത് വിഷ്ണുദേവൻ ജ്യോതിർലിംഗത്തിന്റെ താഴ്ഭാഗത്തേയ്ക്കും (അന്തം), ഹംസ രൂപമെടുത്ത് ബ്രഹ്മദേവൻ മുകൾഭാഗത്തേയ്ക്കും (ആദി) യാത്ര തുടങ്ങി. ആ യാത്രയാകട്ടെ, സംവത്സരങ്ങളോളം നീണ്ടു.

അവസാനം, പരിക്ഷീണനായ വിഷ്ണുദേവന് ഒരു കാര്യം മനസ്സിലായി. ആ ജ്യോതിർലിംഗത്തിന്റെ അന്തം കാണുക എന്നുള്ളത്, തന്നാൽ തികച്ചും അസാധ്യമായ കാര്യമാണെന്ന്. അദ്ദേഹം സ്വയം പരാജയം സമ്മതിയ്ക്കാൻ തയ്യാറായി. യാത്ര മതിയാക്കി തിരിച്ചു പോരുകയും ചെയ്തു. 

എന്നാൽ ബ്രഹ്മദേവനാകട്ടെ, പെട്ടെന്നൊന്നും ഒരു പരാജയം സമ്മതിയ്ക്കാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു.

അങ്ങിനെ ഒരു ദിവസം, യാത്രയ്ക്കിടയിൽ തന്റെ അടുത്തുകൂടി താഴേയ്ക്ക് പതിച്ചുകൊണ്ടിരുന്ന,  മനോഹരമായ ഒരു കേതകീപുഷ്പത്തെ കാണുകയും, അതിനെ തന്റെ ചുണ്ടുകളാൽ തടുത്തു നിർത്തുകയും ചെയ്തു. 

"അരുത് .. ദയവായി എന്നെ തടയരുത് .. ഞാൻ ജ്യോതിർലിംഗത്തിന്റെ ആദിയിൽ നിന്നും വരുന്ന ദിവ്യപുഷ്പമാണ്.." ആ പൂവ് പറഞ്ഞു.

ഇതു കേട്ടതും ബ്രഹ്മദേവന് വളരെ സന്തോഷമായി. ഇതാ, താൻ തന്റെ ലക്ഷ്യത്തോട് വളരെ അടുത്തിരിയ്ക്കുന്നു.

ഉത്സാഹത്തോടെ, അദ്ദേഹം ചോദിച്ചു.

"അല്ലയോ കേതകീപുഷ്പമേ .. ഇനിയും എത്ര ദൂരമുണ്ട് ഈ ജ്യോതിർലിംഗത്തിന്റെ ആദിയിലേയ്ക്ക്... ഞാൻ അങ്ങോട്ടുള്ള യാത്രയിൽ ആണ് "

ചിരിച്ചു കൊണ്ട്, കേതകീപുഷ്‌പം പറഞ്ഞു.

"അല്ലയോ ഹംസമേ ..നീ കളി പറയുകയാണോ? ഞാൻ ഈ യാത്ര തുടങ്ങിയിട്ട് കാലങ്ങൾ എത്രയായിയെന്ന് എനിയ്ക്കു തന്നെ അറിയില്ല. എന്നെ വേഗം മോചിപ്പിയ്ക്കൂ. എനിയ്ക്ക് എത്രയും വേഗം അങ്ങു താഴെ ആ ശിവപാദങ്ങളിൽ പോയി സ്വയം അർപ്പിതമാകേണ്ടതുണ്ട് ..."

ബ്രഹ്മദേവൻ ഒട്ടു നിരാശനായി. എന്നാൽ, അപ്പോഴും തോൽവി സമ്മതിയ്ക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മാത്രവുമല്ല, തന്റെ വിജയത്തിനായി 
ഒരൽപ്പം വളഞ്ഞവഴി തന്നെ സ്വീകരിയ്ക്കാൻ തയ്യാറാകുകയും ചെയ്തു. 

"ശരി, ഞാൻ നിന്നെ മോചിപ്പിയ്ക്കാം. പക്ഷെ, നീ എനിയ്ക്കൊരു ഉപകാരം ചെയ്യണം. എനിയ്ക്കു വേണ്ടി ഒരു സാക്ഷ്യം പറയണം.....അത്രയേ വേണ്ടൂ..."

"എന്താണത് ?" പൂവ് ചോദിച്ചു.

"നോക്കൂ, ഞാൻ ബ്രഹ്മദേവനാണ്. ഞാൻ ഈ ജ്യോതിർലിംഗത്തിന്റെ ആദിയിലെത്തിയിരുന്നുവെന്നും, നമ്മൾ തമ്മിൽ കണ്ടത് അവിടെ വച്ചായിരുന്നു എന്നും, നീ വിഷ്ണുദേവന്റെ അടുത്ത് പറയണം.."

ആദ്യമൊന്നും അത് സമ്മതിച്ചില്ല എങ്കിൽ തന്നെയും, അവസാനം കേതകീപുഷ്‌പം  ആ നിബന്ധന സമ്മതിച്ചു. തനിയ്ക്ക് തന്റെ യാത്ര തുടരണമല്ലോ. മാത്രവുമല്ല, തന്നെ നിർബന്ധിയ്ക്കുന്നത്, സാക്ഷാൽ സൃഷ്ടികർത്താവുമാണല്ലോ.

അങ്ങിനെ, രണ്ടുപേരും കൂടി തിരികെ വിഷ്ണുദേവന്റെയടുത്തെത്തി. പരാജിതനായി നിൽക്കുന്ന വിഷ്ണുദേവനെ നോക്കി, അമർത്തിച്ചിരിച്ചു കൊണ്ട് ബ്രഹ്മദേവൻ പറഞ്ഞു.

"അല്ലയോ വിഷ്ണുദേവാ.... നോക്കൂ ഞാനിതാ വിജയിയായി തിരിച്ചെത്തിയിരിയ്ക്കുന്നു. ഇതാ, ഈ കേതകീപുഷ്‌പം ജ്യോതിർലിംഗത്തിന്റെ ആദിയിൽ നിന്നും എനിയ്ക്കു കിട്ടിയതാണ്".

"അതേ ... വളരെ ശരിയാണ് ബ്രഹ്മദേവൻ പറഞ്ഞത് .." കേതകീപുഷ്‌പം അതു പിന്താങ്ങി.

വിഷ്ണുദേവൻ മറുപടി എന്തെങ്കിലും പറയുന്നതിന് മുൻപേ, മഹാദേവൻ തന്റെ യഥാർത്ഥരൂപത്തിൽ അവിടെ പ്രത്യക്ഷനായി. ബ്രഹ്മദേവന്റെ ആ കള്ളത്തരത്തിൽ അതീവക്രുദ്ധനായ അദ്ദേഹം, ബ്രഹ്മദേവനെ ശപിച്ചു.

"അല്ലയോ ബ്രഹ്മദേവാ, അങ്ങീ ലോകത്തിന്റെ തന്നെ സൃഷ്ടികർത്താവായിട്ടും, വെറുമൊരു പന്തയം ജയിയ്ക്കാൻ വേണ്ടി ഈ മോശം മാർഗം സ്വീകരിച്ചത് ഒട്ടും ഉചിതമായില്ല. അങ്ങിതിനു തക്കതായ ശിക്ഷ അർഹിയ്ക്കുന്നു. അതിനാൽ, ഇന്നു മുതൽ മൂന്നു ലോകങ്ങളിലും, ഒരാളും അങ്ങയെ ആരാധിയ്ക്കാതെ പോകട്ടെ...!!" 

ഈ ശാപശേഷവും അണയാതെ നിന്ന തന്റെ രോഷമടക്കാനാകാതെ, മഹാദേവൻ അതുവരെ തനിയ്ക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന, കേതകീപുഷ്‌പത്തെ നോക്കി.

"...ഹും ... ഈ കള്ളത്തരത്തിനു കൂട്ടുനിന്ന നീയും, കഠിന ശിക്ഷയ്ക്കർഹയാണ്. അതിനാൽ, ഇന്നു മുതൽ ഞാനുമായി ബന്ധപ്പെട്ട യാതൊരുവിധ  പൂജാദികർമ്മങ്ങൾക്കും, ആളുകൾ നിന്നെ ഉപയോഗിയ്ക്കാതെ പോകട്ടെ.....!!".

ഈ ശാപം മൂലമാണത്രെ, മുപ്പാരിടങ്ങളിൽ ഒരിടത്തും ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാതെ പോയത്. അതു മുതൽ ആണത്രേ, സുഗന്ധവാഹിനിയായിരുന്നിട്ടും കേതകീപുഷ്പത്തെ ദേവപൂജകൾക്ക് എടുക്കാതായത്.

***
പ്രിയ വായനക്കാരെ,

ഇതൊരു കഥയായിരിയ്ക്കാം, വിശ്വാസമായിരിയ്ക്കാം, അതുമല്ലെങ്കിൽ ഒരു ഐതിഹ്യമായിരിയ്ക്കാം. അതെന്തുതന്നെ ആയാലും ശരി, ഇതു നമുക്ക് മുൻപിൽ ഉയർത്തുന്ന, ഒരു വലിയ ചോദ്യമുണ്ട്.

എന്താണെന്ന് അറിയാമോ?

വെറുമൊരു പന്തയം ജയിക്കാൻ വേണ്ടി പറഞ്ഞ ഒരു ചെറിയ കള്ളത്തിന്, ഈ ജഗത്തിന്റെ തന്നെ സൃഷ്ടികർത്താവായ ബ്രഹ്മദേവനു ലഭിച്ച ശിക്ഷ ഇതാണെങ്കിൽ, ഇത്ര കഠിനമാണെങ്കിൽ......

ഒരുപാട് കള്ളങ്ങൾ പറയുന്ന, അല്ലെങ്കിൽ പറയേണ്ടി വരുന്ന, കേവല മനുഷ്യരായ നമുക്കൊക്കെ വേണ്ടി, കാലം കാത്തുവച്ചിരിയ്ക്കുന്നത് എന്തുതരം ശിക്ഷകൾ ആയിരിയ്ക്കും?

ആലോചിയ്ക്കേണ്ടതും, ഉത്തരം കണ്ടെത്തേണ്ടതും, ആവശ്യമെങ്കിൽ അതിനനുസരിച്ചു സ്വയം മാറേണ്ടതും, നിങ്ങളാണ്.

അല്ല, നമ്മൾ ഓരോരുത്തരും ആണ്.

ഓർക്കണം ..... ഓർമ്മകൾ ഉണ്ടായിരിയ്ക്കണം ...എന്നും ... എപ്പോഴും !!

ബ്രഹ്മപുരാണം ഇഷ്ടമായി എന്ന വിശ്വാസത്തോടെ,
കടപ്പാട് 

,
ബിനു മോനിപ്പള്ളി

പിൻകുറിപ്പ്: മേൽപ്പറഞ്ഞ ഐതിഹ്യകഥ, പല തരത്തിൽ, പല പുരാണങ്ങളിൽ, (പല നാടുകളിൽ) പ്രചാരത്തിലുണ്ട്.  കൂടെ ഒരുപാട് ഉപകഥകളും. ഇത്തരം ചില ഉപകഥകളിൽ, ശിവഭഗവാൻ ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ബ്രഹ്മദേവന്റെ അഞ്ചാമത്തെ ശിരസ്സ് ഛേദിച്ചത് എന്നും പറയുന്നുണ്ട്. ചില കഥകളും ഉപകഥകളും ആകട്ടെ വാമൊഴിയായി മാത്രമാണ് ലഭ്യമായിട്ടുള്ളതും. അതിനാൽ തന്നെ, എല്ലാ ഉപകഥകളും ഒഴിവാക്കി, കഴിയുന്നത്ര ലളിതമായി സാധാരണ വായനക്കാർക്ക് മനസിലാകുന്ന രീതിയിൽ, ആ ബ്രഹ്മശാപകഥ പറയാനാണ് മുകളിൽ ശ്രമിച്ചിരിയ്ക്കുന്നത്. അതുകൊണ്ട്, അതിനെ ഒരു സ്വതന്ത്ര വ്യാഖ്യാനമായി മാത്രം കാണുക.